തിരുവനന്തപുരം: കോവളത്ത് കണ്ടല്‍കാട്ടില്‍ നിന്ന് കണ്ടെത്തിയത് ലിഗയുടെ മൃതദേഹം തന്നെയെന്ന് ഓട്ടോ ഡ്രൈവര്‍. ലിഗയെ കോവളത്ത് എത്തിച്ച ഷാജി എന്ന ഓട്ടോ ഡ്രൈവറാണ് മൃതദേഹത്തിലെ വസ്ത്രം തിരിച്ചറിഞ്ഞത്. എന്നാല്‍ ലിഗ ജാക്കറ്റ് ധരിച്ചിരുന്നില്ലെന്ന് ഷാജി പറഞ്ഞു. ഈ മൊഴിയോടെ ലിഗയുടെ മരണത്തില്‍ ദുരൂഹത വര്‍ദ്ധിക്കുകയാണ്.
മൃതദേഹത്തിലെ ജാക്കറ്റ് ലിഗയുടേതല്ലെന്ന് സഹോദരി ഇലീസും പറഞ്ഞിരുന്നു. ലിഗ അപകത്തില്‍പ്പെട്ടതോ ആത്മഹത്യചെയ്തതോ അല്ല. വിഷം ഉള്ളില്‍ച്ചെന്നതിന് തെളിവില്ലെന്നും അവര്‍ വ്യക്തമാക്കി. ആ സ്ഥലത്ത് ഒരാള്‍ക്ക് തനിച്ചുപോകാനാവില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. ലിഗയ്ക്ക് എന്തുസംഭവിച്ചുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഐ.ജി.മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ 25 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഘത്തെ വിപുലീകരിച്ചിരുന്നു. മൂന്ന് എസിപിമാരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തിന്റെ അംഗബലം 25 ആയാണ് ഉയര്‍ത്തിയത്. മരണം സംബന്ധിച്ച് ലിഗയുടെ ബന്ധുക്കള്‍ ആരോപണമുന്നയിച്ചതോടെയാണ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.
കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി ശ്രീജിത്തിനൊപ്പം അറസ്റ്റിലായ വീടാക്രമണ കേസിലെ പ്രതികള്‍. എസ്ഐ ദീപക് ശ്രീജിത്തിന്റെ അടിയവയറ്റില്‍ ചവിട്ടുന്നതിന് തങ്ങള്‍ സാക്ഷികളാണെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ചവിട്ടേറ്റ് വേദനകൊണ്ട് കരഞ്ഞ ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും പോലീസ് തയ്യാറായിരുന്നില്ല.
എസ്ഐ ദീപക് പോലീസ് സ്റ്റേഷനിലെത്തിലെത്തിയപ്പോള്‍ തന്നെ ലോക്കപ്പിലെത്തി തങ്ങളെ മര്‍ദ്ദിച്ചിരുന്നു. കൂടെയുണ്ടായിരുന്ന ശ്രീജിത്തിനെയും അദ്ദേഹം ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് അവര്‍ പറഞ്ഞു. ആര്‍ടിഎഫുകാര്‍ തങ്ങളെ പിടികൂടിയ സമയത്ത് തന്നെ മര്‍ദ്ദിച്ച് അവശരാക്കിയിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെത്തിയ ശേഷം എസ്‌ഐയും മര്‍ദ്ദിച്ചു.
വയറിലേറ്റ ശക്തമായ ചവിട്ട് കാരണം എണീക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ശ്രീജിത്ത്. ആ സമയത്തും എസ്‌ഐ മര്‍ദ്ദനം തുടര്‍ന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് വരെ ശ്രീജിത്തിന്റെ ശരീരത്തില്‍ മുറിപ്പാടുകളുണ്ടായിരുന്നില്ല. തുടര്‍ന്ന് അവര്‍ മര്‍ദ്ദിച്ചതാവാം മുഖത്തും മറ്റും കണ്ട പാടുകള്‍. അതേസമയം പ്രതികളായ പോലീസുകാരെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കി. കേസില്‍ അറസ്റ്റിലായ മൂന്ന് പോലീസുകാരെയും മരിച്ച ശ്രീജിത്തിന്റെ ഭാര്യ തിരിച്ചറിഞ്ഞിട്ടുണ്ട്. കേസന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മഹാരാഷ്ട്ര – ഛത്തീസ്ഗഡ് അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ നദിയിൽ ഒഴുകി നടക്കുകയാണ്. ഇന്ദ്രാവതി നദിയുടെ തീരത്ത് നിന്നും ഒഴിഞ്ഞ സോപ്പു കൂടും, ഉപയോഗിച്ച സോപ്പുകളും, ടൂത്ത്‌പേസ്റ്റ് ട്യുബുകളും ബ്രഷുകളും പോലെയുള്ള സാധനങ്ങളെല്ലാം കിടന്നിരുന്നു. അതായത് പ്രഭാത കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനിടയില്‍ പോലീസ് ഇവരെ ആക്രമിച്ചിരിക്കാമെന്നാണ് കരുതുന്നത്.
അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച അര്‍ദ്ധനഗ്നരായ നിലയിലാണ് സ്ത്രീകളുടെ മൃതദേഹങ്ങള്‍. കുളിക്കാനോ മറ്റോ ഒരുങ്ങുന്നത് പോലെ. പാതി വെന്ത ഉപ്പുമാവും മറ്റും ചിതറിക്കിടക്കുന്നുണ്ട്. പ്രഭാത ഭക്ഷണം ഒരുക്കുന്നതിനിടെയായിരിക്കാം ആക്രമണം. പാത്രങ്ങളും മരുന്നുകളും ഒരുങ്ങാനുള്ള സാധനങ്ങള്‍, പെന്‍ ഡ്രൈവ് എന്നിവയാണ് മറ്റ് വസ്തുക്കള്‍. ഏറ്റുമുട്ടലിന് പിന്നാലെ പോലീസ് 16 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് ശേഷം ഗാഡ് ചിരോലിയിലെ ഇന്ദ്രാവതി നദിയില്‍ അഴുകിയ നിലയില്‍ 11 മൃതദേഹങ്ങള്‍ കൂടി ഒഴുകി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ മൊത്തം കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 27 ആയി. ഞായറാഴ്ചത്തെ എന്‍കൗണ്ടറിന് ശേഷം കാണാതായ മൃതദേഹങ്ങളായിരിക്കാം ഇതെന്നാണ് സൂചനകള്‍. നക്‌സലൈറ്റുകള്‍ ഉപയോഗിക്കുന്ന തരം തോക്കുകളും ഉപയോഗിക്കാത്ത തിരകളും കിടപ്പുണ്ടായിരുന്നു. നേരത്തേ രണ്ടു കമാന്റര്‍മാരും ഒരു ഡിവിഷണല്‍ കമ്മറ്റി അംഗങ്ങളും ഉള്‍പ്പെടെ 16 മൃതദേഹങ്ങളാണ് പോലീസ് കണ്ടെത്തിയത്.
ഒമ്പതു പുരുഷന്മാരും ഏഴു സ്ത്രീകളും അടങ്ങുന്ന മൃതദേഹങ്ങളായിരുന്നു അവ. ഓപ്പറേഷനില്‍ ജവാന്മാരും ഉള്‍പ്പെട്ടിരുന്നതിനാല്‍ 11 മൃതദേഹങ്ങള്‍ നദിയില്‍ കണ്ടെത്തിയത് പാലായനം ചെയ്തപ്പോള്‍ കയത്തില്‍ വീണിരിക്കാമെന്നാണ് അധികൃതര്‍ പറയുന്നത്.
ഇരുപത്തിയഞ്ചോളം പോൺ സൈറ്റുകള്‍ക്ക് നിരോധനം. ബലാത്സംഗങ്ങളുടെ എണ്ണം കൂടാന്‍ കാരണം പോര്‍ണോ ഗ്രാഫി ആസ്വദിക്കുന്നവരുടെ എണ്ണം കൂടിയതാണെന്ന് കാരണമെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിംഗ് പറഞ്ഞു. 25 ലധികം സൈറ്റുകള്‍ സംസ്ഥാനത്ത് നിരോധിച്ച അദ്ദേഹം പോണ്‍ സൈറ്റുകള്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചു. പ്രായപൂര്‍ത്തിയാകാത്തവരെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കത്തെയും ഭൂപേന്ദ്രസിംഗ് പ്രശംസിച്ചു.
2017 നവംബറില്‍ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ ഇത്തരം ഒരു ബില്‍ അംഗീകരിച്ചിരുന്നു. മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനാണ് ഇത്തരമൊരു നീക്കത്തിന് തുടക്കമിട്ടത്. 12 വയസ്സില്‍ താഴെയുള്ളവരെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനായിരുന്നു പറഞ്ഞിരുന്നത്. അത് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരും അംഗീകരിച്ചു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പോര്‍ണോഗ്രാഫി സംബന്ധിക്കുന്ന കാര്യങ്ങള്‍ എളുപ്പവും യഥേഷ്ടവുമായി കിട്ടുന്നുണ്ടെന്നും അത് കുട്ടികളെ കാര്യമായി സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു .
ഇതിന്റെ ഫലം ലൈംഗിക പീഡനങ്ങളാണ്. മദ്ധ്യപ്രദേശ് ഇതിനകം 25 സൈറ്റുകള്‍ നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ ഇത്തരം സൈറ്റുകളെ നേരിട്ട് നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ കേന്ദ്ര സര്‍ക്കാരിനാണ് ഇത്തരം സൈറ്റുകളെ നിരോധിക്കേണ്ട ബാദ്ധ്യതയെന്നും മന്ത്രി പറഞ്ഞു. രാജ്യത്തുടനീളം ബലാത്സംഗത്തിന് എതിരേ കര്‍ശനമായ നിയമമായി മാറുകയാണ്. അതേസമയം ഇത് ഇക്കാര്യത്തില്‍ ഒരു പരിഹാരമല്ലെന്നും വ്യാപകമായ ബോധവല്‍ക്കരണമാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു.
പൂനെ: ഭീമ കൊറേഗാവ് കലാപത്തിന് ദൃക്‌സാക്ഷിയായ പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂജാ സാകേത് എന്ന പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍ കാണപ്പെടുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസ് റിപ്പോര്‍ട്ട്. അതേസമയം കലാപകാരികള്‍ക്കെതിരായ മൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിക്ക് മേല്‍ സമ്മര്‍ദ്ദങ്ങള്‍ ശക്തമായിരുന്നെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.
സംഭവത്തില്‍ രണ്ട് പുരുഷന്മാരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ദളിത് വിഭാഗക്കാര്‍ക്കെതിരെ സവര്‍ണ്ണ വിഭാഗമായ മറാത്തകള്‍ നടത്തിയ ആക്രമണത്തില്‍ പൂജയുടെ വീടും അഗ്നിക്കിരയായിരുന്നു. കലാപത്തെത്തുടര്‍ന്ന് പുനരധിവസിപ്പിച്ചിരിക്കുന്നവര്‍ താമസിക്കുന്നതിന് സമീപത്തുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
പൂജയ്ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുള്ളതായി വീട്ടുകാര്‍ മുമ്പ് അറിയിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. വൈരാഗ്യമുള്ളവരെ കുടുക്കാന്‍ പെണ്‍കുട്ടിയുടെ മരണം വീട്ടുകാര്‍ ഉപയോഗിക്കുകയാണെന്നും പോലീസ് ആരോപിക്കുന്നു. 1818ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും മറാത്തകളും തമ്മില്‍ നടന്ന യുദ്ധത്തില്‍ ബ്രിട്ടീഷ് സൈന്യം വിജയിച്ചിരുന്നു.
ബ്രിട്ടീഷ് പട്ടാളത്തിലെ ദളിത് സൈനികരായിരുന്നു വിജയത്തിന് കാരണക്കാരായത്. ഈ വിജയത്തിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ ഭീമ കൊറേഗാവിലെത്തിയ ദളിതര്‍ക്കെതിരെ മറാത്ത വിഭാഗക്കാര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഈ സംഘര്‍ഷം പിന്നീട് കലാപമായി മാറുകയും ചെയ്തു.
തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്മീഷന്‍ കമ്മീഷന്റെ പണിയെടുത്താല്‍ മതിയെന്നും മുന്‍കാല രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ പ്രസ്താവന നടത്തരുതെന്നും പിണറായി പറഞ്ഞു. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ്ങ് ചെയര്‍മാന്‍ പി.മോഹന്‍ദാസ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തൃപ്തനല്ലെന്നും അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്നും മോഹന്‍ദാസ് പറഞ്ഞിരുന്നു. റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയതിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. കസ്റ്റഡി മരണത്തില്‍ ഇത്ര വേഗത്തില്‍ നടപടി സ്വീകരിച്ചത് ആദ്യമാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ മറ്റു കാര്യങ്ങള്‍ പറയാന്‍ കഴിയുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇക്കാലത്ത് പുതിയ രീതിയിലുള്ള മാധ്യമ സംസ്‌കാരം രൂപപ്പെട്ടു വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ തോന്നിയത് വിളിച്ചു പറയുന്ന ഈ സംസ്‌കാരം ശരിയായ നിലപാടായി കാണാന്‍ കഴിയില്ലെന്ന് പിണറായി പറഞ്ഞു. അതേസമയം വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കി. കേസില്‍ അറസ്റ്റിലായ മൂന്ന് പോലീസുകാരെയും മരിച്ച ശ്രീജിത്തിന്റെ ഭാര്യ തിരിച്ചറിഞ്ഞിട്ടുണ്ട്.
കൊച്ചി: വിവാഹം സംബന്ധിച്ച തീരുമാനം തെറ്റായിരുന്നുവെന്ന് ഗായിക അമൃത സുരേഷ്. ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് താരം മനസ് തുറന്നത്. തെന്നിന്ത്യന്‍ നടനായ ബാലയുമായുള്ള വിവാഹം നടക്കുമ്പോള്‍ 19വയസ്സേ ഉണ്ടായിരുന്നുള്ളു. പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകേണ്ടി വന്നതുകൊണ്ട് താന്‍ കൂടുതല്‍ കരുത്തയായെന്നും അമൃത പറഞ്ഞു. ദാമ്പത്യ ജീവിതത്തില്‍ ഒരുമിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മനസിലാക്കിയ ബാലയും അമൃതയും നാളുകള്‍ക്ക് മുമ്പാണ് വിവാഹ മോചനം നേടുന്നത്.
വിവാഹ മോചനത്തിന്റെ കാര്യത്തില്‍ താന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. ഒരാള്‍ക്ക് കടന്നുപോകാന്‍ പറ്റുന്നതിലേറെ പ്രശ്‌നങ്ങളിലൂടെയാണ് എന്റെ ജീവിതം കടന്ന് പോയത്. അതെന്നെ കൂടുതല്‍ കരുത്തയാക്കിയിട്ടുണ്ട്. ആരെങ്കിലും കണ്ണുരുട്ടിയാല്‍ കരഞ്ഞ് പോകുന്ന കുട്ടിയായിരുന്നു ഞാന്‍. എന്നാല്‍ ഇപ്പോള്‍ ഒരാള്‍ എന്നോട് അടുത്ത് വന്നാല്‍ എന്താടീ എന്ന് ചോദിച്ചാല്‍ എന്താടാ എന്ന് ചോദിക്കാന്‍ എനിക്ക് ധൈര്യമുണ്ട്. എന്റെ സ്വപ്നങ്ങളെ പിന്തുടരാന്‍ എനിക്ക് ധൈര്യം തന്നത് ജീവിതത്തിലെ അത്തരം ഘട്ടങ്ങിളാണ് അമൃത പറഞ്ഞു.
ബാലയുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായും പക്ഷേ പ്രണയം കാരണം മനസിലായില്ലെന്നും അമൃത പറയുന്നു. ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നത് പാട്ടിനാണ്. അങ്ങനെയിരിക്കുമ്പോഴാണ് എന്റെ ജീവിതത്തില്‍ ഇതെല്ലാം ഉപേക്ഷിച്ച് ഒരു ചുവട് ഞാന്‍ എടുത്തത്. അത് എന്റെ മാത്രം തെറ്റാണ്. പഠിപ്പും, പാട്ടും എല്ലാം ഉപേക്ഷിച്ചാണ് ആ ജീവിതം തെരഞ്ഞെടുത്തതെന്നും അമൃത ചാനല്‍ പരിപാടിയില്‍ പറഞ്ഞു.
കണ്ണൂർ പിണറായി പടന്നക്കരയിൽ ഒരു കുടുംബത്തിലെ നാലുപേർ ദുരൂഹമായി മരിച്ച സംഭവത്തിന് പിന്നിൽ ആസൂത്രിതമായ കൊലപാതകം. വളരെ കരുതലോടെ നടത്തിയ ഗൂഢാലോചനയിൽ കാമുകന്മാരുടെ തന്ത്രമാണ് സൗമ്യ നടപ്പാക്കിയത്. എല്ലാവരേയും വകവരുത്തി തന്നിഷ്ട പ്രകാരം ജീവിക്കാനായിരുന്നു സൗമ്യ ആഗ്രഹിച്ചത്. ഇതിന് വേണ്ടി സംശയം തോന്നത്ത വിധം കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തു. പിണറായി പഞ്ചായത്തില്‍ ഉണ്ടായ മരണ പരമ്പരയിൽ നാട്ടുകാര്‍ ദുരൂഹത ആരോപിച്ചതോടെ സ്ഥലം എംഎഎ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലെത്തി.
സൗമ്യയുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയും വീട്ടിലെ ആണ്‍ സുഹൃത്തുക്കളുടെ സാന്നിധ്യവും നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയതോടെ നാടിനെ നടുക്കിയ പരമ്പര കൊലയുടെ ചുരുളുകൾ അഴിയാൻ തുടങ്ങി. പിന്നീടുണ്ടായ അന്വേഷണത്തിൽ സൂചനകള്‍ പൊലീസിനും കിട്ടിയെന്ന് ഉറപ്പായതോടെ അച്ഛനും അമ്മയ്ക്കും മക്കള്‍ക്കും നല്‍കിയ വിഷം സൗമ്യയും കഴിച്ചത് അന്വേഷ ഉദ്യോഗസ്ഥരെ തെറ്റിധരിപ്പിക്കാനായിരുന്നു. തന്നേയും വകവരുത്താന്‍ ഗൂഡ സംഘം ശ്രമിച്ചുവെന്ന് സ്ഥാപിക്കുകയായിരുന്നു സൗമ്യയുടെ ലക്‌ഷ്യം.
ഇതിനിടെയാണ് കുടുംബത്തിലെ മരിച്ചവരുടെ മരണകാരണം വിഷാംശം ഉള്ളില്‍ ചെന്നതാണെന്ന സൂചനകള്‍ പുറത്തുവന്നത്. മരിച്ചവരുടെ ശരീരത്തില്‍ ഭക്ഷണത്തിലൂടേയോ മരുന്നിലൂടേയോ വിഷാംശം കടന്നുവെന്ന് വ്യക്തമായി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിണറായി പടന്നക്കര വണ്ണത്താന്‍ വീട്ടില്‍ നിന്നും മരിച്ച എട്ട് വയസ്സുകാരി ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു.
ദുരൂഹമായി പിഞ്ചു കുഞ്ഞടക്കം മരിച്ച സംഭവത്തിന് പിന്നിൽ കീടനാശിനികളിലും എലിവിഷത്തിലും ഉപയോഗിക്കുന്ന വിഷവസ്തുവായ അലൂമിനിയം ഫോസ്ഫൈഡ് എന്ന മാരക രാസവസ്തുവാണെന്ന് കണ്ടെത്തിയതോടെ കൊലപാതകമെന്ന് അന്വേഷണ സംഘം ഉറപ്പിക്കുകയായിരുന്നു. കമല (65)യുടെയും ഭർത്താവ് കുഞ്ഞിക്കണ്ണന്റെയും ആന്തരികാവയവങ്ങളിൽ ഇതേ വിശേമിഷം കണ്ടതോടെ കൊലപതകത്തിന്റെ ചുരുളഴിയാൻ തുടങ്ങി.
കീടനാശിനികളിലും എലിവിഷത്തിലും ഉപയോഗിക്കുന്ന വിഷവസ്തുവാണ് ഇത്. പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചു. ഇത് തന്നെയാണ് സൗമ്യയും ചെറിയ അളവില്‍ കഴിച്ചതെന്ന് തെളിഞ്ഞതോടെ വിഷത്തിന്റെ ഉറവിടം സൗമ്യയ്ക്ക് അറിയാമെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അങ്ങനെ പൊലീസിന്റെ കണ്ണില്‍ പൊടിയാടാനുള്ള തന്ത്രങ്ങള്‍ പൊളിഞ്ഞു. ആശുപത്രിയില്‍ നിന്ന് സൗമ്യ പൊലീസ് സ്‌റ്റേഷനിലേക്ക്. അവിടെ ചോദ്യം ചെയ്യലില്‍ എല്ലാം സമ്മതിച്ചു. ഇനി ബുദ്ധി പറഞ്ഞു നല്‍കിയ കാമുകന്മാരേയും ഉടന്‍ അറസ്റ്റ് ചെയ്യും.
തലശേരി സഹകരണ ആശുപത്രിയിലെ ന്യൂറോവിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു സൗമ്യയെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തതും പരമ്പര കൊലയുടെ ചുരുളഴിയുന്നതും.
തിരുവനന്തപുരം: കെസ്ആര്‍ടിസി ബസിന്റെ ഈ കട്ട ആരാധികയുടെ പേരാണ് റോസ്മി. നേരത്തെ ചങ്കായ കെഎസ്ആര്‍ടിസി ബസിനെ തിരികെയെത്തിച്ച ഫോണ്‍കോളിന്റെ ഉടമയെ സോഷ്യല്‍ മീഡിയ ഒന്നടങ്കം അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒറ്റ ഫോണ്‍കോളിലൂടെ താരമായ റോസ്മി ഇന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയെ സന്ദര്‍ശിച്ചു.
ഈരാറ്റുപേട്ട ഡിപ്പോയിലെ ആര്‍എസ്സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലേക്ക് മാറ്റിയതിനെതിരെ പരാതി പറയാന്‍ ഡിപ്പോയിലേക്ക് വിളിച്ചതാണ് റോസ്മിയെ താരമാക്കിയത്. ആരാധികയുടെ അപേക്ഷ പരിഗണിച്ച് അധികൃതര്‍ ചങ്ക് ബസിനെ തിരികെ കൊണ്ടുവരികയും ചെയ്തു. റോസ്മി ഡിപ്പോയിലേക്ക് വിളിച്ച ഫോണ്‍കോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഫോണ്‍കോള്‍ ഇത്രയധികം വൈറലാകുമെന്ന് കരുതിയിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. സ്ഥിരം വീട്ടിലേക്ക് പോകുന്ന ബസ് നഷ്ടപ്പെട്ടാലോയെന്ന ഭയം മൂലമാണ് താന്‍ ഡിപ്പോയിലേക്ക് വിളിച്ചതെന്നും റോസ്മി പറഞ്ഞു. ‘അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാര്‍. എന്തിനാണ് ആ ബസ് ആലുവയിലേക്കു കൊണ്ടുപോയത് ആലുവ ഡിപ്പോയില്‍ ഇത്ര ദാരിദ്ര്യമാണോ’ റോസ്മിയുടെ ഈ വാക്കുകളാണ് ചങ്ക് ബസിനെ തിരികെയെത്തിച്ചത്.
ഇപ്പോള്‍ ബസ് തിരികെ ഈരാറ്റുപേട്ടയിലെത്തി എന്നുമാത്രമല്ല ചങ്ക് എന്ന് പേരും നല്‍കിയിട്ടുണ്ട്. ടോമിന്‍ തച്ചങ്കരിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ പേരുമാറ്റം. കോട്ടയത്ത് പഠിക്കുന്ന റോസ്മി ഈ ബസിലെ സ്ഥിരം യാത്രക്കാരിയാണ്. ഒരു ദിവസം ബസ് പിന്‍വലിച്ചതറിഞ്ഞ് കെസ്ആര്‍ടിസി ഡിപ്പോയിലേക്ക് വിളിച്ച ആരാധികയുടെ സങ്കടം ബോധിപ്പിക്കുകയായിരുന്നു. സ്വന്തം പേര് പോലും വെളിപ്പെടുത്താതെ നടത്തിയ സംഭാഷണത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് അധികൃതരും വ്യക്തമാക്കി.
തിരുവനന്തപുരം: സ്വകാര്യാശുപത്രി നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പളവര്‍ദ്ധനവ് നടപ്പാക്കാനാകില്ലെന്ന് മാനേജ്‌മെന്റുകള്‍. ഇന്നലെ രാത്രിയാണ് ശമ്പള വര്‍ദ്ധനവില്‍ സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറത്തിറക്കിയത്. ഈ സാഹചര്യത്തിലാണ് മാനേജ്‌മെന്റുകള്‍ നിലപാട് വ്യക്തമാക്കിയത്. ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും മാനേജ്മെന്റുകള്‍ക്ക് പദ്ധതിയുണ്ട്.
ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സംഘടനകള്‍ കൊച്ചിയില്‍ മറ്റന്നാള്‍ യോഗം ചേരുന്നുണ്ട്. മുന്‍കാല പ്രാബല്യത്തോടെയുള്ള ശമ്പള വര്‍ധനവാണ് സര്‍ക്കാര്‍ ഇറക്കിയിട്ടുള്ള വിജ്ഞാപനത്തിലുള്ളത്. ഇത് നടപ്പിലാക്കിയാല്‍ ആശുപത്രികള്‍ പൂട്ടേണ്ടിവരും. അതല്ല ചെറിയ രീതിയിലെങ്കിലും നടപ്പാക്കുകയാണെങ്കില്‍ ആശുപത്രി ബില്ലുകളടക്കം വര്‍ധിപ്പിക്കേണ്ടി വരുമെന്നും മാനേജ്മെന്റുകള്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന ലോങ്മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ നഴ്സുമാര്‍ മാറ്റിവെച്ചിരുന്നു. ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ ആശുപത്രികള്‍ക്ക് മുന്നില്‍ സമരം നടത്തുമെന്ന് നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.