എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഇന്നു തുടക്കമാകും. 4,41,103 കുട്ടികളാണ് ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ഉച്ചയ്ക്ക് 1.45-നാണു പരീക്ഷ തുടങ്ങുന്നത്. ഏപ്രില്‍ അഞ്ച് മുതല്‍ 20 വരെ 54 കേന്ദ്രങ്ങളില്‍ മൂല്യനിര്‍ണയം നടക്കും. മൂല്യനിര്‍ണയം പൂര്‍ത്തിയായി ഒരാഴ്ചകൊണ്ട് ഫല പ്രഖ്യാപനത്തിന് സജ്ജമാകും. ഫലം പ്രഖ്യാപിക്കുന്ന തീയതി സര്‍ക്കാര്‍ നിശ്ചയിക്കും. 2935 പരീക്ഷാ കേന്ദ്രങ്ങളാണു സജ്ജമാക്കിയിരിക്കുന്നത്. മലപ്പുറം ജില്ലയിലെ എടരിക്കോട് പി.കെ.എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തുന്നത്. കോഴിക്കോട് ബേപ്പൂര്‍ ജി.ആര്‍.എഫ്.ടി.എച്ച്.എസ് ആന്‍ഡ് വി.എച്ച്.എസില്‍ നിന്നു പരീക്ഷയെഴുതുന്നത് രണ്ടു പേര്‍ മാത്രം.
മരണക്കിണര്‍ അഭ്യാസത്തിനിടയില്‍ ബൈക്ക് ഓടിച്ചിരുന്നയാള്‍ താഴേക്ക് വീണു. നിയന്ത്രണം വിട്ട ബൈക്ക് യുവതിയുടെ നെഞ്ചിലേയ്ക്കു പാഞ്ഞുകയറി ഒരു സ്ത്രീ മരിച്ചു. പട്ടാമ്പി നേര്‍ച്ചയുടെ എക്‌സിബിഷന്‍ ഗ്രൗണ്ടിലെ മരണക്കിണര്‍ അഭ്യാസത്തിനിടയിലാണ് അപകടം ഉണ്ടായത്. ബൈക്ക് ഓടിച്ചിരുന്നയാള്‍ താഴെ വീണതിനെ തുടര്‍ന്നു വാഹനം നിയന്ത്രണം വിട്ടു ട്രക്കിലൂടെ കറങ്ങി മുകളില്‍ നില്‍ക്കുന്ന കാണികള്‍ക്കിടയിലേയ്ക്കു പാഞ്ഞു കയറുകയായിരുന്നു.
സംഭവത്തില്‍ വല്ലപ്പുഴ പാറേങ്ങാട് ആനക്കോട്ടില്‍ വീട്ടില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ സുഹറയാണു മരിച്ചത് (34) ഇവരുടെ നെഞ്ചിലേയക്കാണു ബൈക്ക് പാഞ്ഞു കയറിയത്. സുഹറയെ പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ മൂന്നു കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു.
സിസ്റ്റര്‍ അഭയ കേസില്‍ രണ്ടാംപ്രതി ജോസ് പുതൃക്കയിലിലെ തിരുവനന്തപുരം സി.ബി.ഐ കോടതി ഒഴിവാക്കി. അതേസമയം സിസ്റ്റര്‍ സെഫി, തോമസ് എം കോട്ടൂര്‍ എന്നിവരുടെ വിടുതല്‍ ഹര്‍ജി കോതി തള്ളി. അഭയ കൊല്ലപ്പെട്ടതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നെന്നും പ്രതികളായ വൈദികരെ രാത്രികാലങ്ങളില്‍ പയസ് ടെന്‍ത് കോണ്‍വന്റെ് പരിസരത്ത് കണ്ടിരുന്നതായി നിരവധി സാക്ഷിമൊഴികളുണ്ടെന്നും കേസന്വേഷിക്കുന്ന സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. കോണ്‍വന്റെ് സമീപവാസികളുടെ മൊഴികളാണ് സി.ബി.ഐ ഹാജരാക്കിയത്. സാക്ഷിമൊഴികള്‍ കൃത്രിമമാണെന്ന് പ്രതികള്‍ വാദിച്ചു. ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്ന് സി.ബി.ഐ പറഞ്ഞെങ്കിലും അത് കോടതിയില്‍ ഹാജരാക്കിയോ എന്ന് സംശയമുണ്ട്. പുതൃക്കയിലിനെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ സി.ബി.ഐക്ക് ആയില്ല.
വര്‍ഷങ്ങളായി കേസില്‍ പോരാട്ടം നടത്തുന്ന പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സി.ബി.ഐയുടെ വീഴ്ചയാണ് പ്രതിയെ രക്ഷിച്ചതെന്ന് ആരോപിച്ചു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈ.എസ്.പി കെ.ടി മൈക്കിളിനെ വിചാരണ ചെയ്യണമെന്ന ഉത്തരവ് സ്റ്റേ ചെയ്തിട്ട് അത് വെക്കേറ്റ് ചെയ്യാന്‍ സി.ബി.ഐ ഇതുവരെ തയ്യാറായില്ലെന്നും കഴിഞ്ഞ ദിവസം താന്‍ ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് ഹര്‍ജി നല്‍കിയെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. മാറി മാറി വരുന്ന സി.ബി.ഐ ഉദ്യോഗസ്ഥര്‍ കേസ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നതായും ജോമോന്‍ ആരോപിച്ചു.
പ്രതികളായ തങ്ങള്‍ക്കെതിരെ തെളിവുകളോ ശാസ്ത്രീയ തെളിവുകളോ ഇല്ലായിരുന്നെന്ന് ഫാ.തോമസ് എം. കോട്ടൂര്‍ കോടതിയില്‍ മറുപടി വാദത്തില്‍ പറഞ്ഞു. ഫാ. തോമസ് എം.കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍ എന്നിവര്‍ പയസ് ടെന്‍ത് കോണ്‍വന്റെില്‍ നിരന്തരം സ്‌കൂട്ടറില്‍ പോകറുണ്ടായിരുന്നു. പലതവണ രാത്രികാലങ്ങളില്‍ ഇവര്‍ കോണ്‍വന്റെിന്റെ മതിലുകള്‍ ചാടിക്കടക്കാറുണ്ടായിരുന്നെന്നും സാക്ഷി മൊഴികളുള്ളതായി രേഖാമൂലമാണ് കോടതിയെ സി.ബി.ഐ അറിയിച്ചിരുന്നത്. ഇത്രയേറെ വര്‍ഷം നീണ്ടു പോയ ഒരു കേസ് കേരളത്തിലെ നിയമ ചരിത്രത്തില്‍ അപൂര്‍വമായിരിക്കും.
1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ്10 കോണ്‍വെന്റ് ഹോസ്റ്റലിലെ താമസക്കാരിയും ബി.സി.എം കോളജ് പ്രീഡിഗ്രി വിദ്യാര്‍ഥിയുമായ സിസ്റ്റര്‍ അഭയയെ കാണാതാവുന്നത്. അഭയ രാവിലെ നാലുമണിക്ക് പഠിക്കാനായി എഴുന്നേറ്റതായും വെള്ളം കുടിക്കാനായി അടുക്കളയില്‍ പോയതായും പിന്നീട് വ്യക്തമായി. അടുക്കളയിലെ ഫ്രിഡ്ജിന് സമീപത്തെ തറയില്‍ വെള്ളക്കുപ്പിയും വെള്ളവും ചെരുപ്പില്‍ ഒരെണ്ണവും കിടക്കുന്നത് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റ് വളപ്പിനുള്ളിലെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു.
കോട്ടയം വെസ്റ്റ് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സിസ്റ്റര്‍ അഭയയുടേത് അസ്വാഭാവിക മരണമെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളെജില്‍ ഡോ. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ അഭയയുടെ തലക്ക് പിന്നില്‍ മുറിവും വലത്തെ തോളിലും ഇടുപ്പിലും പോറലും വലത്തെ കണ്ണിന് സമീപം രണ്ട് ചെറിയ മുറിവുകളും കണ്ടെത്തി. പൊലീസിന്റെ നിരവധി സംഘങ്ങള്‍ പല തരത്തിലുള്ള അന്വേഷണങ്ങള്‍ നടത്തിയെങ്കിലും വിശ്വസിക്കാവുന്ന തരത്തിലുള്ള നിഗമനങ്ങളില്‍ എത്തിചേര്‍ന്നില്ല. കൂടാതെ അന്വേഷണ സംഘത്തിലെ ആഭ്യന്തര പ്രശ്‌നങ്ങളും അഴിമതി അട്ടിമറി ആരോപണങ്ങളും സംഘാംഗങ്ങളുടെ നിഷ്പക്ഷതയും വലിയ വാര്‍ത്തകള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കി. ഇതിനിടെ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.
ലോക്കല്‍ പൊലീസ് 17 ദിവസവും െ്രെകംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 മാര്‍ച്ച് 29ന് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. പ്രതികളെ സഹായിക്കാന്‍ വേണ്ടി തെളിവ് നശിപ്പിച്ച കോട്ടയം വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ വി.വി. ആഗസ്റ്റിന്‍, െ്രെകംബ്രാഞ്ച് ഡിവൈ.എസ്.പി കെ. സാമുവല്‍ എന്നിവരെ സി.ബി.ഐ പ്രതിയാക്കി കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍, ഇവര്‍ മരിച്ചതിനാല്‍ ഇപ്പോള്‍ കേസില്‍ മൂന്ന് പ്രതികളാണ്. തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് െ്രെകംബ്രാഞ്ച് മുന്‍ എസ്.പി. കെ.ടി. മൈക്കിളിനെയും കോടതി കേസില്‍ പ്രതി ചേര്‍ത്തിരുന്നു.
എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകളില്‍ സമീപകാലത്തെ അപേക്ഷിച്ച് വന്‍ വര്‍ദ്ധനവാണ് പ്രിസ്‌ക്രിപ്ഷന്‍ രംഗത്ത് ഉണ്ടായിരിക്കുന്നത്. എന്‍എച്ച്എസ് ഫ്രണ്ട്‌ലൈന്‍ സേവനങ്ങളെ സഹായിക്കാന്‍ വേണ്ടിയാണ് പുതിയ താരിഫ് നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇക്കാര്യത്തില്‍ നല്‍കുന്ന വിശദീകരണം. പുതിയ വര്‍ദ്ധനവ് ഇംഗ്ലണ്ടില്‍ മാത്രമാണ് നിലവില്‍ വന്നിരിക്കുന്നത്. സ്‌കോട്ട്‌ലെന്റിലും വെയില്‍സിലും അതുപോലെ നോര്‍ത്തേണ്‍ അയര്‍ലണ്ടിലും എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ നിരോധിച്ചിട്ടുണ്ട്. ആദ്യം ഇംഗ്ലണ്ടില്‍ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ് 7.4 പൗണ്ടായിരുന്നു പക്ഷേ പിന്നീടത് ഏതാണ്ട് 19 ശതമാനത്തോളം വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍ പറയുന്നു. വേതന നിരക്കുകള്‍ വര്‍ദ്ധിക്കുന്നതിനെക്കാള്‍ വേഗത്തിലാണ് ഇഗ്ലണ്ടില്‍ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ വര്‍ദ്ധിച്ചിരിക്കുന്നത്. ഇനിമുതല്‍ ഓരോ പ്രിസ്‌ക്രിപ്ഷനും 8.80 പൗണ്ട് വീതം നല്‍കേണ്ടി വരും. വര്‍ദ്ധിച്ച നിരക്ക് ഏപ്രിലോടെ നിലവില്‍ വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നു.
1952 കാലഘട്ടത്തില്‍ കണ്‍സേര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലിരിക്കുന്ന സമയത്താണ് ആദ്യമായി എന്‍എച്ച്എസുകളില്‍ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ ഏര്‍പ്പെടുത്തുന്നത്. വളരെ ചെറിയ ശതമാനമായിരുന്ന അന്നത്തെ ചാര്‍ജ് നിരക്ക്. എന്‍എച്ച്എസ് മൊത്തം ബഡ്‌ജെറ്റിന്റെ ഒരു ശതമാനം മാത്രമാണ് പ്രിസ്‌ക്രിപ്ഷനിലൂടെ ലഭിക്കുന്ന വരുമാനം. ഏതാണ്ട് 90 ശതമാനം ആളുകളും തങ്ങളുടെ പ്രിസ്‌ക്രിപ്ഷനായി പണം മുടക്കുന്നവരല്ലെന്ന് 2016ല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ എന്‍എച്ച്എസ് പറയുന്നു. 1.1 ബില്ല്യണ്‍ പ്രിസ്‌ക്രിപ്ഷനുകള്‍ നല്‍കിയിരുന്നു. ഇതില്‍ സമീപകാലത്ത് നല്‍കിയ പ്രിസ്‌ക്രിപ്ഷനുകളുടെ എണ്ണം ഏതാണ്ട് 752 മില്ല്യണോളം വരും. ഈ കണക്ക് 2006നോട് ഏറെ സാമ്യം പുലര്‍ത്തുന്നതാണ്. 89.4 ശതമാനം പേര്‍ക്കും പ്രിസ്‌ക്രിപ്ഷന്‍ നല്‍കിയിരിക്കുന്നത് സൗജന്യമായിട്ടാണ്. 16 വയസ്സിനു താഴെയുള്ളവര്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കും പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ നല്‍കേണ്ടതില്ലെന്നതാണ് വസ്തുത. 10ല്‍ 6 പ്രിസ്‌ക്രിപ്ഷനുകളും 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്‍കിയിട്ടുള്ളവയാണ്. മുൻകൂട്ടി മൂന്നു മാസത്തെ ചാർജായ 29.10 പൗണ്ട് അടയ്ക്കുന്നവർക്ക് നിരക്ക് വർദ്ധനയില്ല. വാർഷിക പ്രിസ്ക്രിപ്ഷൻ ചാർജായ 104 പൗണ്ട് നിരക്കിലും വർദ്ധന വരുത്തിയിട്ടില്ല.
16 വയസ്സിനു താഴെയുള്ളവര്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കും മാത്രമല്ല സൗജന്യ സേവനം ലഭ്യമായിട്ടുള്ളത്. 18 വയസ്സിനു താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഈ സേവനം സൗജന്യമാണ്. പക്ഷേ ഏകദേശം എല്ലാ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും ആ സേവനത്തിനായി പണം നല്‍കേണ്ടി വരും. ഗര്‍ഭിണികള്‍ക്കും മാസങ്ങള്‍ പ്രായമായ കുട്ടിയുള്ളവര്‍ക്കും സേവനം സൗജന്യമാണ്. കൂടാതെ കാന്‍സര്‍ രോഗികള്‍ ഇന്‍സുലിന്‍ കുത്തിവെപ്പെടുക്കുന്ന പ്രമേഹ രോഗികള്‍ മറ്റു അപകടം നിറഞ്ഞ രോഗങ്ങള്‍ ഉള്ളവര്‍ എന്നിവരും സൗജന്യ സേവനം ലഭിക്കുന്നവരുടെ കൂട്ടത്തില്‍ വരും. സീസണ്‍ ടിക്കറ്റുകള്‍ ഉപയോഗപ്പെടുത്തുന്നവര്‍ക്കും പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകളില്‍ ഇളവ് ലഭിക്കും. ഒരു മാസത്തില്‍ ഒരു പ്രാവിശ്യമെങ്കിലും പ്രിസ്‌ക്രിപ്ഷന്‍ ആവശ്യമുള്ളയാളാണ് നിങ്ങളെങ്കില്‍ സീസണ്‍ ടിക്കറ്റുകള്‍ ഉപകരിക്കും.
എന്തിനും ഏതിനും സമരം ചെയ്യുന്ന യൂണിയനുകൾ ഏറ്റവും കൂടുതൽ ഉള്ള ഒരു സംസ്ഥാനമാണ് കേരളം. എന്നാൽ യൂണിയൻ ഒന്നും ഇല്ലാത്ത ഒരു വിഭാഗം ജീവനക്കാരുടെ ദുരിത ജീവിതം എന്തെന്നറിയുക. ശരീരം തുറക്കാനും തുന്നി ചേര്‍ക്കാനും ഡോക്ടര്‍മാരെ സഹായിക്കുന്ന മോര്‍ച്ചറി അറ്റന്‍ഡര്‍മാരുടെ ദുരിതജീവിതം വിവരിച്ച് ഫോറന്‍സിക് മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥിനി എഴുതിയ ഫെയ്‌സ്ബുക് കുറിപ്പ് ചര്‍ച്ചയാകുന്നു. ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് ഓരോ മോര്‍ച്ചറി അറ്റന്‍ഡര്‍മാരും ജോലി ചെയ്യുന്നത്. ഒരു മൃതശരീരം പരിശോധനയ്ക്ക് ഡോക്ടര്‍ക്ക് 1000 രൂപ വരെ ലഭിക്കുമ്പോള്‍ വെറും 75 രൂപ മാത്രമാണ് ഒരു അറ്റന്‍ഡര്‍ക്ക് ലഭിക്കുന്നത്.
മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ ഫെയ്‌സ്ബുക് കുറിപ്പ് ഇങ്ങനെ;
ഞാൻ Dr Veena JS
Forensic medicineൽ PG വിദ്യാർത്ഥിനി.
വർഷങ്ങളായി എനിക്ക് നേരിട്ട് അറിയുന്ന ചില മോർച്ചറി അറ്റൻഡർമാരുടെ ബുദ്ധിമുട്ടുകളെകുറിച്ചാണ് ഞാൻ എഴുതാൻ പോകുന്നത്. ഇതിലെ ഓരോ സംഭവങ്ങളും സത്യമാണ്. ദയവു ചെയ്തു അന്വേഷിക്കുക. ഡോക്ടർമാർ അന്വേഷണഅംഗങ്ങൾ ആയിട്ട് യാതൊരു കാര്യവും ഇല്ലാ. ഗവണ്മെന്റ് നേരിട്ട് നടത്തുന്ന അന്വേഷണത്തിൽ മാത്രമേ അറ്റൻഡർമാർ തങ്ങളുടെ ബുദ്ധിമുട്ടുകൾ തുറന്നു പറയുള്ളൂ. ദീർഘനാളുകളായി തങ്ങളുടെ അടിസ്ഥാനമനുഷ്യാവകാശങ്ങളും, തൊഴിലിടങ്ങളിലെ അവകാശങ്ങളും ഹനിക്കപ്പെടുകയും, അവകാശങ്ങൾക്കുവേണ്ടി ശബ്ദിക്കുന്ന ഓരോ നിമിഷവും ശകാരവർഷങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യേണ്ടിവരുന്ന അവസ്ഥയായതിനാൽ, ഗവണ്മെന്റ് നേരിട്ട് നടത്തുന്ന അന്വേഷണമല്ലാതെ മറ്റൊന്നും ഇവർക്ക് സ്വീകാര്യമല്ല എന്ന് വേണം മനസ്സിലാക്കാൻ. അധികാരത്തിലിരിക്കുന്ന ഒരാളെയും ബുദ്ധിമുട്ടിക്കാൻ വേണ്ടിയല്ല ഇതെഴുതുന്നത്. ഒരു മാറ്റം ഉണ്ടാവണം ഇവരുടെ ജീവിതത്തിനു. അതിനുവേണ്ടി മാത്രമാണ്.
പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ദശാബ്ദങ്ങളായി കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ഫോറൻസിക് മെഡിസിൻ വിഭാഗം പ്രവർത്തിക്കുന്നു. എന്നിട്ടും ഇതുവരെ മോർച്ചറി അറ്റൻഡർ എന്നൊരു പോസ്റ്റ് സൃഷ്ട്ടിക്കാൻ ആയിട്ടില്ല ! ( താല്പര്യപൂർവം മാത്രം ചെയ്യേണ്ട ജോലിയാണ് മോർച്ചറിയിലേത് !)
ഗ്രേഡ് ll അറ്റൻഡർ തസ്തികയിലുള്ളവരെ ഈ വിഭാഗത്തിലോട്ട് മാറ്റിയാണ് മോർച്ചറി കൊണ്ടുപോകുന്നത്. എന്നാൽ, ഇത്രയും ഗൗരവതരമായ, അപകടകരമായ ഈ ജോലിചെയ്യാൻ ഉള്ള യാതൊരു വിധ ട്രെയിനിങ്ങും ഇന്നേ വരെ ഇവർക്ക് ലഭിച്ചിട്ടില്ല. പലരും വർഷങ്ങളായി മോർച്ചറിയിൽ തുടരുന്നു. അണുവിമുക്തമാക്കാത്ത ഉപകരണങ്ങൾകൊണ്ട് മുറിവേറ്റാൽ എന്തുചെയ്യണമെന്നും എന്തൊക്കെ സേവനങ്ങൾ ലഭ്യമാക്കണമെന്നും കൃത്യമായ പ്രോട്ടോകോൾ ഉള്ള മെഡിക്കൽ കോളേജുകളിൽ മോർച്ചറി അറ്റന്ററായി പ്രവർത്തിക്കുന്നവർക്ക് മാത്രം യാതൊരുവിധ ട്രെയിനിങ്ങും സഹായവും ലഭിക്കുന്നില്ല. പലരും വാക്‌സിനേഷൻ പോലും എടുത്തിട്ടില്ല ! അതിന് പോലും ഒരു പ്രോട്ടോകോൾ ഇവിടെയില്ലേ ? ആരാണ് ഇതേക്കുറിച്ചു ബോധവൽക്കരണം നടത്തി, വാക്‌സിനേഷൻ നിർബന്ധിതമാക്കേണ്ടത് ?? വർഷങ്ങളായുള്ള വഞ്ചനയല്ലേ ഇത് ? ഇതേപ്പറ്റി ചോദിച്ചപ്പോൾ മോർച്ചറിയിൽ അറ്റൻഡറായ ഒരാളുടെ ഉത്തരം ഇങ്ങനെ ! “ഇവിടെ ജീവിക്കാൻ വലിയ പാടാണ് ! സ്ഥലം മാറ്റം പോലും കിട്ടുന്നില്ല”
മോർച്ചറിയിൽ എന്തൊക്കെ ജോലികൾ അറ്റൻഡർ ചെയ്യുന്നു ? ഭാരമുള്ള മൃതദേഹം കോൾഡ് ചേംബറിൽ നിന്നും പുറത്തെടുത്തു ട്രോളിയിൽ വെക്കുക, അതു വലിച്ചുകൊണ്ടുവന്ന് തൂക്കം നോക്കുന്ന തട്ടിലേക്ക് മാറ്റുക , അവിടെ നിന്നും വീണ്ടും ട്രോളിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം പരിശോധന നടക്കുന്ന ടേബിളിലോട്ട് വെക്കുക , ശരീരം തുറക്കാൻ ഡോക്ടറെ സഹായിക്കുക, പിടിപോലും ഇല്ലാത്ത വാൾ കൊണ്ട് തലയോട്ടി പൊട്ടിക്കുക , ശേഷം സൂചികൊണ്ട് അപകടകരമായ തുന്നൽ പ്രക്രിയ, ശരീരം കുളിപ്പിച്ച് വൃത്തിയാക്കി മുണ്ടുടുപ്പിച്ചു പുതപ്പിച്ചു വീണ്ടും ട്രോളിയിലോട്ട് എടുത്തുമാറ്റി ബന്ധുക്കൾക്ക് കൊടുക്കുക. ഒരു മൃതദേഹത്തിന് ചെയ്യുന്ന ഇതിനെല്ലാത്തിനും കൂടെ ഇവർക്ക് കിട്ടുന്ന കൂലി 75രൂപ
( ഒരു മൃതശരീരപരിശോധനക്ക് മെഡിക്കൽ കോളേജിലെ ഫോറൻസിക് ഡോക്ടർക്ക് 600രൂപയും, മറ്റു സർക്കാർ ആശുപത്രികളിൽ പോസ്റ്റ്മോർട്ടം ചെയ്യുന്ന ഡോക്ടർമാർക്ക് 1000 രൂപയും ലഭിക്കുമ്പോൾ അതിന്റെ മൂന്നിൽ ഒന്ന് പോലും ഇവർക്ക് കിട്ടുന്നില്ല
)
ഈ തുക കൂട്ടാൻ എണ്ണമില്ലാത്തത്ര അവസരങ്ങളിൽ അധികാരികളോട് ഇവർ ആവശ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു !
കോട്ടൺ ഏപ്രണിന്റെ മുകളിൽ പ്ലാസ്റ്റിക് ഏപ്രൺ ഇടാറുണ്ട്. പക്ഷേ, അത് കൈകൾ ഇല്ലാത്തതാണ് ! മൃതദേഹത്തിനുള്ളിലൊക്കെ കൈ ഇടുമ്പോഴേക്കും കോട്ടൺ ഏപ്രൺ രക്തത്തിൽ നനയും
നിരന്തരമായ ട്രൈനിംഗുകളുടെ അഭാവം/അതുണ്ടാക്കുന്ന പ്രോല്സാഹനം ഇല്ലായ്മ എന്നിവ സുരക്ഷിതമാർഗങ്ങൾ സ്വീകരിക്കുന്നതിനുള്ള വിമുഖതയിലേക്ക് നയിക്കുന്നു ! ടിബി വന്ന ജോലിക്കാരും ഉണ്ട്
ഇതിനെല്ലാം പുറമേ, മോർച്ചറി മുഴുവൻ വൃത്തിയാക്കുക, ഡോക്ടർമാർ ഇരിക്കുന്ന മോർച്ചറിയിലെ റൂമും ടോയ്‌ലെറ്റുകളും വൃത്തിയാക്കുക, അലക്കാനുള്ള ഏപ്രണുകൾ അതിനുവേണ്ടിയുള്ള സ്ഥലത്തെത്തിക്കുക, അലക്കിയ തുണികൾ തിരിച്ചെടുക്കുക. ചില ദിവസങ്ങളിൽ ഡിപ്പാർട്മെന്റ് ഡ്യൂട്ടി.
നാട്ടിലൊരു ഡെങ്കിപനി മരണം സ്ഥിരീകരിച്ചാൽ ഉടനെ നാലുപാടേക്കും പടകളെ അയക്കുന്ന COMMUNITY MEDICINE വിഭാഗവും, MICROBIOLOGY വിഭാഗവും മോർച്ചറിയിൽ മാത്രം ഇന്നേ വരെ ഒരു പഠനം പോലും നടത്തിയിട്ടില്ല.
മോർച്ചറി അറ്റൻഡർമാർക്കു ഗവണ്മെന്റ് ആകെ നൽകുന്ന ആനുകൂല്യം വർഷത്തിൽ ഒരിക്കൽ നൽകുന്ന ഒരുജോഡി റബ്ബർ സ്ലിപ്പർ ചെരിപ്പുകളാണ്. ഏത് രാജ്യത്തേക്കു വിദേശയാത്ര പോകാനാണോ എന്തോ ഈ ചെരിപ്പുകൾ !! ബൂട്ടുകൾ ആണ് അവർക്കു വേണ്ടത്. മുട്ടുവരെ മൂടുന്ന ബൂട്ടുകൾ കൊടുക്കണം അവർക്ക്. അവ വൃത്തിയാക്കാനുള്ള സാഹചര്യം ഉണ്ടാവണം. (പുതിയ മോർച്ചറി തുടങ്ങുമ്പോൾ എല്ലാം ശെരിയാവും എന്ന പല്ലവി കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി ഹേ !)
പോസ്റ്റ്മോർട്ടം കഴിഞ്ഞശേഷം ശരീരം തുന്നാൻ ഇന്നും അവർക്കു ലഭിക്കുന്നത് അരിവാള്പോലെ വളഞ്ഞ സൂചി ! Suturing പഠിച്ചവരോ ട്രെയിനിങ് കിട്ടിയവരോ അല്ലാത്ത സാഹചര്യത്തിൽ, ഈ സൂചി മെറ്റൽകൊണ്ട് അടിച്ചു നിവർത്തി നേരെയാക്കിയാണ് അവർ മൃതശരീരങ്ങൾ ഇന്നും തുന്നിക്കൊണ്ടിരിക്കുന്നത് !
രക്തവും വെള്ളവും കലർന്ന വെള്ളം കൃത്യമായ ഇടവേളകളിൽ കഴുകി മാറ്റാൻ നാളിതുവരെ ആയിട്ടും ഒരു machine ഇല്ലാ മോർച്ചറികളിൽ ! ചൂലുകൊണ്ടും കൈകൊണ്ടും ഒക്കെയാണ് എല്ലാ ജോലിയും ! പലപ്പോഴും ഈ വെള്ളത്തിൽ തെന്നിവീണ്, ഭാഗ്യത്തിന് രക്ഷപ്പെട്ടവർ അനവധി. ലഭ്യമാകുന്ന അണുനശീകരണ ലായനികളും സോപ്പുകളും ആവശ്യത്തിന് തികയുന്നുമില്ല.
ആകെ നാലോ അഞ്ചോ അറ്റൻഡർമാരെ വെച്ചാണ് മെഡിക്കൽ കോളേജുകളിൽ മോർച്ചറി നടത്തുന്നത്. വർഷം മൂവായിരത്തിലധികം കേസുകൾ വരെ വരുന്ന അവസ്ഥയിലാണിത് ! മോർച്ചറി അറ്റൻഡർമാർക്കു വർഷം ഇരുപത് casual ലീവുകൾ മാത്രമേ ഉള്ളൂ. ഇരുപത്തിരണ്ട് compensatory ഓഫുകൾ കൂടെ ആവാം. പക്ഷേ, അഞ്ചുപേർ മാത്രം ഉള്ള സാഹചര്യം വരുമ്പോൾ ലഭ്യമായ ഈ ലീവുകൾ പോലും എടുക്കാൻ കഴിയാതെ വരുന്നു ! മോർച്ചറിയിൽ ജോലി ചെയ്യുന്നവർക്ക് “നിർബന്ധിത ഒഴിവു ദിനങ്ങൾ” ലഭ്യമാക്കേണ്ടത് സ്റ്റേറ്റിന്റെ കടമയാണ്. പല രാജ്യങ്ങളും ഇത് നടപ്പിലാക്കുന്നുണ്ട് !
പത്രപ്രവർത്തകർക്കാണെങ്കിൽ, മോർച്ചറി ജീവനക്കാരുടെ “മനക്കരുത്തിനെ” അല്ലെങ്കിൽ “മാനസികവ്യാപാരങ്ങൾ” സംബന്ധിച്ച പഠനങ്ങൾ മാത്രം മതീത്രെ ! നാടിനെ കൊടുമ്പിരി കൊള്ളിച്ച കേസുകൾ റിപ്പോർട്ട് ചെയ്യാൻ മോർച്ചറിയിൽ വരുമ്പോഴെങ്കിലും, നിങ്ങളിൽ ആരെങ്കിലും ഇവരുടെ uniform ഒന്നു ശ്രദ്ധിച്ചിട്ടുണ്ടോ ? കീറിപ്പറിഞ്ഞ ഏപ്രണും, ആ ഏപ്രണിന്റെ കൈഭാഗത്തു പറ്റിപ്പിടിച്ച രക്തവും, പിന്നെ ചെരിപ്പുകളും എന്നെങ്കിലും നിങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ ? ഇനിയും വൈകരുത് !
മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് കേസെടുക്കേണ്ട കാര്യമാണിത് !, ഒരു കോപ്പി അങ്ങോട്ടയക്കുന്നു.
എന്തുകൊണ്ട് ഇവർ സമരങ്ങൾ നടത്തുന്നില്ല ?
അതിനും ഉണ്ട് അവർക്കുത്തരം. കണ്ണ് നിറയും കേട്ടാൽ !
“സമരം ചെയ്യേണ്ടത് ആവശ്യമാണ്. പക്ഷേ, മരണം നടന്ന ആളിന്റെ ബന്ധുക്കൾക്ക് ബുദ്ധിമുട്ടാവില്ലേ ? കുറച്ച് നേരം വൈകിയാൽ അവർ അനുഭവിക്കുന്ന വിഷമത്തിന്റെ ആഴം കൂടും ! നമ്മൾ കാരണം എന്തിനാ മരിച്ചവരുടെ ആളുകളെ വീണ്ടും ബുദ്ധിമുട്ടിക്കുന്നത് ????”
ഒരു വയസ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയുടെ തലയില്ലാത്ത മൃതദേഹം റിസര്‍വോയറില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ പനുമുരു മണ്ഡലത്തിലാണ് സംഭവം. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ചിറ്റൂരിലെ എന്‍.ടി.ആര്‍ വാട്ടര്‍ റിസര്‍വോയറിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിനടുത്ത് നിന്ന് മഞ്ഞളും കുങ്കുമവും കലക്കിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ നരബലിയാണോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. കുങ്കുമവും മഞ്ഞളും നരബലിയ്ക്കായിട്ടാണ് ഉപയോഗിക്കുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കഴിഞ്ഞമാസം ആന്ധ്രയിലെ ഉപ്പലില്‍ ഇതിനു സമാനമായ രീതിയില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയിരുന്നു. മൂന്നരവയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിയേയാണ് നരബലി നല്‍കിയത്. സെക്കന്തരാബാദ് സ്വദേശികളായ ഭവനരഹിതരായ ദമ്പതികളില്‍ നിന്ന് തട്ടിയെടുത്ത കുട്ടിയെയാണ് ഉപ്പലില്‍ നരബലി നല്‍കിയതെന്ന് നിഗമനം.
കൊല്ലപ്പെട്ട കുട്ടിയുടെ ശരീരം കണ്ടെത്താനായിട്ടില്ല. കുട്ടിയെ തിരിച്ചറിയാനും മാതാപിതാക്കളെ കണ്ടെത്താനും പോലീസിന് സാധിച്ചിട്ടില്ല. ഇതിനു പിന്നാലെയാണ് വീണ്ടും നരബലി നല്‍കിയതെന്ന് സംശയിക്കപ്പെടുന്നത്.
ഗുജറാത്തിലെ ഭാവ് നഗര്‍ ജില്ലയില്‍ വിവാഹസംഘം സഞ്ചരിച്ച ട്രക്ക് നിയന്ത്രണം വിട്ട് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. രാജ്‌കോട്ട്-ഭാവ് നഗര്‍ ദേശീയപാതയില്‍ രംഗോളയിലാണ് അപകടം നടന്നത്. 60 പേരാണ് ട്രക്കിലുണ്ടായിരുന്നത്. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവരെ ബോട്ടാഡ്, ഭാവ്‌നഗര്‍ എന്നിവടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
ത്രിപുരയില്‍ ബിജെപി അനുകൂലികള്‍ നടത്തുന്ന അക്രമത്തെ പ്രതിരോധിക്കുമെന്ന് മുന്നറിയിപ്പുമായി പിണറായി വിജയന്‍. മരണ ഭയമുള്ളവരല്ല കമ്യൂണിസ്റ്റുകാരെന്നും എന്തു വിലകൊടുത്തും അക്രമങ്ങളെ പ്രതിരോധിക്കുമെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കമ്മ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷ ജനവിഭാഗങ്ങളെയും ഇന്ത്യയില്‍ നിന്ന് തുടച്ചു നീക്കാനുള്ള ആര്‍ എസ് എസിന്റെ അതിമോഹമാണ് ത്രിപുരയില്‍ അഴിഞ്ഞാടുന്നത്. കമ്യൂണിസ്റ്റുകാരെ തുടച്ചു നീക്കുമെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി ദേശീയ നേതാക്കള്‍ തന്നെ അക്രമത്തിന് ആഹ്വാനം ചെയ്യുന്നത് ദേശീയതല ഗൂഢാലോചനയുടെ ഭാഗമാണ് പിണറായി പറയുന്നു.
ആര്‍ എസ് എസ് ആക്രമണങ്ങളില്‍ 500 ല്‍ അധികം പ്രവര്‍ത്തകര്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്. 1500 ല്‍ അധികം വീടുകള്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. അക്രമം പുറം ലോകത്തോട് വിളിച്ചു പറഞ്ഞ പെണ്‍കുട്ടിയ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി. 25 വര്‍ഷം കൊണ്ട് ത്രിപുരയിലെ ജനത നേടിയ നേട്ടങ്ങള്‍ ഒരു രാത്രി കൊണ്ട് ചുട്ടെരിക്കപ്പെട്ടു. മഹാനായ ലെനിന്റെ പ്രതിമയെ പോലും ഭയന്ന്, ആര്‍ എസ് എസ് സംഘം അത് തകര്‍ക്കുകയും ആനന്ദനൃത്തം ചവിട്ടുകയും ചെയ്യുന്നു. ജനാധിപത്യ ഇന്ത്യയുടെ മുഖം വികൃതമാക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. ഇത് രാജ്യത്തിനുള്ള മുന്നറിയിപ്പാണ്. പണം, അധികാരം, അക്രമം എന്നിവ കൂട്ടിക്കലര്‍ത്തി ജനാധിപത്യത്തിന് പുതിയ നിര്‍വ്വചനം നല്‍കാനാണ് ആര്‍ എസ് എസ് ശ്രമമെന്നും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.
പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം;
കമ്മ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷ ജനവിഭാഗങ്ങളെയും ഇന്ത്യയില്‍ നിന്ന് തുടച്ചു നീക്കാനുള്ള ആര്‍ എസ് എസിന്റെ അതിമോഹമാണ് ത്രിപുരയില്‍ അഴിഞ്ഞാടുന്നത്. കമ്യൂണിസ്റ്റുകാരെ തുടച്ചു നീക്കുമെന്ന് പ്രഖ്യാപിച്ച് ബി ജെ പി ദേശീയ നേതാക്കള്‍ തന്നെ അക്രമത്തിന് ആഹ്വാനം ചെയ്യുന്നത് ദേശീയതല ഗൂഢാലോചനയുടെ ഭാഗമാണ്. ത്രിപുരയില്‍ ആര്‍ എസ് എസ് ആക്രമണങ്ങളില്‍ 500 ല്‍ അധികം പ്രവര്‍ത്തകര്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്. 1500 ല്‍ അധികം വീടുകള്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. അക്രമം പുറം ലോകത്തോട് വിളിച്ചു പറഞ്ഞ പെണ്‍കുട്ടിയ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി.
25 വര്‍ഷം കൊണ്ട് ത്രിപുരയിലെ ജനത നേടിയ നേട്ടങ്ങള്‍ ഒരു രാത്രി കൊണ്ട് ചുട്ടെരിക്കപ്പെട്ടു. മഹാനായ ലെനിന്റെ പ്രതിമയെ പോലും ഭയന്ന്, ആര്‍ എസ് എസ് സംഘം അത് തകര്‍ക്കുകയും ആനന്ദനൃത്തം ചവിട്ടുകയും ചെയ്യുന്നു. ജനാധിപത്യ ഇന്ത്യയുടെ മുഖം വികൃതമാക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. ഇത് രാജ്യത്തിനുള്ള മുന്നറിയിപ്പാണ്. പണം, അധികാരം, അക്രമം എന്നിവ കൂട്ടിക്കലര്‍ത്തി ജനാധിപത്യത്തിന് പുതിയ നിര്‍വ്വചനം നല്‍കാനാണ് ആര്‍ എസ് എസ് ശ്രമം.
ഭരണകൂടത്തിന്റെ കിരാതവാഴ്ചകളെ എതിരിട്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യത്ത് വളര്‍ന്നത്. ഫാസിസ്റ്റ് തേര്‍വാഴ്ചകള്‍ക്കു മുന്നില്‍ നെഞ്ച് വിരിച്ച് നിന്ന് രക്തസാക്ഷിത്വം വരിച്ച ധീരന്‍മാരുടെ മണ്ണാണിത്. അടിച്ചമര്‍ത്തിയാലും കുഴിച്ചുമൂടാന്‍ വന്നാലും പ്രതിരോധിക്കാനും തിരിച്ചുവരാനും ശേഷിയുള്ളവരാണ് കമ്മ്യുണിസ്റ്റുകാര്‍. ത്രിപുരയിലെ ജനങ്ങളെ ആകെ അണിനിരത്തി ഈ ഫാസിസ്റ്റ് നീക്കങ്ങളെ ചെറുക്കേണ്ടതുണ്ട്. പൊരുതുന്ന ത്രിപുരയിലെ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ജനാധിപത്യത്തെ പണാധിപത്യമാക്കിയും അട്ടിമറിച്ചും നേടിയ വിജയത്തിന്റെ ലഹരിയില്‍ ഫാസിസ്റ്റ് വ്യാമോഹം എണ്ണയൊഴിച്ച് കത്തിക്കാമെന്ന് സംഘ പരിവാര്‍ കരുതരുത്. അങ്ങനെ കരുതിയവര്‍ക്കും അഹങ്കരിച്ചവര്‍ക്കും ദയനീയ അന്ത്യമാണ് എക്കാലത്തും സംഭവിച്ചത്.
കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യാമെന്നത് വെറും വ്യാമോഹമാണ്. മതനിരപേക്ഷത പുലരാനും സമാധാനം സംരക്ഷിക്കാനും സ്വജീവന്‍ ബലിയര്‍പ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തവരാണ് കമ്മ്യൂണിസ്റ്റുകാര്‍; അതാണ് പാരമ്പര്യം. വര്‍ഗീയതയുടെയും പണക്കൊഴുപ്പിന്റെയും വിവേകശൂന്യതയുടെയും ചേരുവകള്‍ കൊണ്ട് ഫാസിസ്റ്റ് മോഹങ്ങള്‍ നട്ടു വളര്‍ത്തുന്ന ആര്‍ എസ് എസ് ബുദ്ധികേന്ദ്രങ്ങള്‍ ഇന്നാട്ടിന്റെ സമര പാരമ്പര്യങ്ങളെക്കുറിച്ച് അജ്ഞരാണ്. അതു കൊണ്ടാണ് നാലു പ്രതിമ തകര്‍ത്താല്‍ കമ്മ്യൂണിസ്റ്റുകാര്‍ ഇല്ലാതായിപ്പോകുമെന്ന് അവര്‍ ധരിക്കുന്നത്.
ഹോട്ടലിലെ തന്റെ മുറിയും മറ്റ് വിവരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞുകൊടുത്ത് ഫ്രീ സെക്‌സിന് ക്ഷണിച്ച യുവതിയെ പൊലീസ് പിടികൂടി. 19 കാരിയായ ഖ്യാജിന്‍യെയെ എന്ന പേരുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് 19 കാരി ഏവരെയും ഫ്രീ സെക്‌സിന് ക്ഷണിച്ചത്.
ചൈനീസ് ബ്ലോഗറാണ് ഇത്തരത്തില്‍ വന്‍ ഓഫര്‍ മുന്നോട്ട് വെച്ചത്. സംഭവം വൈറലായതോടെ പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു. മാര്‍ച്ച് ഒന്നിനാണ് സംഭവം. ഓണ്‍ലൈന്‍ വീഡിയോയിലൂടെയായിരുന്നു ബ്ലോഗറിന്റെ ക്ഷണം. താന്‍ താമസിക്കുന്ന ഹോട്ടലിന്റെ വിലാസവും ഫോണ്‍ നമ്പറും വീഡിയോയിലൂടെ യുവതി പറഞ്ഞു.
ബിക്കിനി അണിഞ്ഞാണ് വീഡിയോയില്‍ യുവതി പ്രത്യക്ഷപ്പെട്ടത്. ചൈനീസ് സോഷ്യല്‍ മീഡിയ സൈറ്റുകളായ വീ ചാറ്റിലും, വൈബോയിലുമാണ് യുവതി വീഡിയോ അപ്ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വീഡിയോ കണ്ട ശേഷം നിരവധി പേര്‍ ഹോട്ടലില്‍ നേരിട്ട് എത്തിയെന്നും നിരവധി പേര്‍ ഹോട്ടലിലെ ഫോണിലേക്ക് വിളിച്ചുവെന്നും പൊലീസ് പറഞ്ഞു.
സംഭവം വിവാദമായതോടെ മറ്റൊരു പോസ്റ്റുമായി യുവതി രംഗത്തെത്തി. വീഡിയോ താന്‍ തമാശയ്ക്ക് ചെയ്തതാണെന്നും വീഡിയോ ഇനിയും ആരും ഷെയര്‍ ചെയ്യരുതെന്നും പുതിയ വീഡിയോയിലൂടെ യുവതി പറഞ്ഞു. ഹോട്ടല്‍ ഉടമകളാണ് സംഭവം പൊലീസിനെ അറിയിച്ചത്. ഹോട്ടലില്‍ എത്തി രണ്ട് മണിക്കൂറിനുള്ളിലായിരുന്നു യുവതിയുടെ പോസ്റ്റ്. വ്യഭിചാര കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ത്രിപുരയിലെ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം സിപിഎം പ്രവർത്തകർക്കും ഓഫീസുകൾക്കും നേരേ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. നിങ്ങൾക്ക് ഞങ്ങളുടെ പ്രതിമകൾ തകർക്കാൻ സാധിച്ചേക്കും. എന്നാൽ ഞങ്ങളുടെ മനോവീര്യം തകർക്കാൻ കഴിയില്ല. ഔദ്യോഗിക ട്വീറ്റർ പേജിലൂടെ സിപിഎം പ്രതികരിച്ചു. നിങ്ങള്‍ക്ക് ഞങ്ങളുടെ പ്രതിമകളെ തകര്‍ക്കാം, പക്ഷെ ഞങ്ങളുടെ ചിന്താഗതിയെ തളര്‍ത്താനാകില്ല. നിങ്ങള്‍ക്കു ഞങ്ങളുടെ പ്രതിമകളെ തകര്‍ക്കാം; പക്ഷെ പക്ഷെ ഞങ്ങളുടെ മനോവീര്യത്തെ തകര്‍ക്കാനാകില്ല’ സിപിഎം പ്രതികരിച്ചു.
21 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്നതിന്റെ ഭാഗമായി ബലോണിയയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമയാണ് ബിജെപി പ്രവര്‍ത്തകര്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്തത്. മറിച്ചിട്ട ശേഷം പ്രതിമയുടെ തലതകര്‍ത്തു, പലകഷണങ്ങളായി വിഭജിച്ച് തട്ടിക്കളിക്കുന്ന ദൃശ്യങ്ങളുമുണ്ട്. ഭരണത്തില്‍ പൊറുതിമുട്ടി ജനങ്ങളാണ് പ്രതിമ തകര്‍ത്തതെന്നാണ് ബിജെപിയുടെ വാദം. എന്നാല്‍ പ്രതിമ തകര്‍ത്ത ബുള്‍ഡോസര്‍ വാടകയ്ക്കെടുത്തത് ബിജെപിയാണെന്ന ആരോപണം ശക്തമാണ്.
ലെനിൻ തീവ്രവാദി; പ്രതിമ പാർട്ടി ഓഫീസിൽ മതിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
ത്രിപുരയിൽ സിപിഎം ഓഫീസുകൾക്ക് നേരേ ആക്രമണം രൂക്ഷമാകുന്നതിനിടെ വിവാദ പരമാർശവുമായി ബിജെപി നേതാവ് സുബ്രഹമ്ണ്യൻ സ്വാമി രംഗത്ത്. ലെനിനെ വിദേശിയെന്നും തീവ്രവാദിയെന്നും വിശേഷിപ്പിച്ച സുബ്രഹ്മണ്യൻ സ്വാമി ലെനിന്റെ പ്രതിമ പാർട്ടി ഓഫീസിലാണ് സ്ഥാപിക്കേണ്ടതെന്ന് പരിഹസിച്ചു.
വിവിധ അക്രമങ്ങളിലായി മൂന്നുപേര്‍ അറസ്റ്റിലായി. സിധയിലും കടംതലയിലും സിപിഎം ഓഫിസുകള്‍ കത്തിച്ചു. 240 പേര്‍ക്ക് പരുക്കേറ്റതായി സിപിഎം സംസ്ഥാന സെക്രട്ടറി ഹരിപദ ദാസ് പറഞ്ഞു. 1539 വീടുകളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, സിപിഎം ആക്രമണത്തില്‍ 49 പേര്‍ക്ക് പരുക്കേറ്റതായി ബിജെപി അവകാശപ്പെട്ടു. 17 പേര്‍ ആശുപത്രിയിലാണ്. ഇരുന്നൂറിലധികം പാര്‍ട്ടി ഓഫീസുകള്‍ക്കുനേരെ ബി.ജെ.പി ആക്രമണം നടത്തിയതായി ത്രിപുരയിലെ സി.പി.എം എം.പി ജിതേന്ദ്ര ചൗധരി മനോരമ ന്യൂസിനോട് പറഞ്ഞു അക്രമങ്ങള്‍ തടയണമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ത്രിപുര ഗവര്‍ണറോടും പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടു.
ഫലപ്രഖ്യാപനത്തിന് പിന്നാലെ സി.പി.എം പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ആക്രമണം തുടങ്ങിയെന്നാണ് ആരോപണം. പ്രവര്‍ത്തകരുടെ വീടുകള്‍ തിരഞ്ഞുപിടിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നതായി കിഴക്കന്‍ ത്രിപുരയില്‍ നിന്നുള്ള സി.പി.എം എം.പി ജിതേന്ദ്ര ചൗധരി പറഞ്ഞു. ഫലം വന്നതിനു പിന്നാലെ സംസ്ഥാനത്തുടനീളം ആക്രമണം തുടങ്ങി. ബി.ജെ.പിയുടെ പ്രാദേശിക നേതാക്കളാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. ഇരുന്നൂറിലധികം പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി.
സി.ഐ.ടി.യുവിന്‍റേതുള്‍പ്പെടെ ഓഫീസുകള്‍ പിടിച്ചെടുത്ത് ബി.ജെ.പിയുടെ പതാക ഉയര്‍ത്തിയതായും സി.പി.എം ആരോപിച്ചു. ഭീഷണി കാരണം പല പരാതികളും സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും ജിതേന്ദ്ര ചൗധരി എം.പി പറഞ്ഞു. ആക്രമണങ്ങളെക്കുറിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷനോട് സംസാരിച്ചിരുന്നു. നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും ആക്രമണം തുടരുകയാണ്.ആക്രമണം നടന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും സമ്മതിക്കുന്നുണ്ട്. പ്രവര്‍ത്തകര്‍ക്ക് ശക്തമായനിര്‍ദേശം നല്‍കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും ആക്രമണം വ്യാപിക്കുകയാണുണ്ടായത്.