Latest News

കൊച്ചി: ദുഃഖവെള്ളി ദിനത്തില്‍ എറണാകുളം-അങ്കമാലി അതിരൂപത ബിഷപ്പ് ഹൗസിന് മുന്നില്‍ കര്‍ദിനാളിനെതിരേ പ്രതിഷേധപ്രകടനം. ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള ചര്‍ച്ച് ആക്ഷന്‍ കൗണ്‍സിലാണ് പ്രതിഷേധപ്രകടനം നടത്തിയത്.

നാലു മണിയോടെ ബിഷപ്പ് ഹൗസിനോട് അടുത്തുള്ള സെന്റ് മേരീസ് ബസലിക്കയില്‍ ദുഃഖവെള്ളി പ്രാര്‍ത്ഥനകള്‍ നടക്കുന്നതിനിടെയാണ് ചര്‍ച്ച് ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ പ്രതിഷേധപ്രകടനവുമായെത്തിയത്.

സഭാ ഭൂമിയിടപാടിലെ കുംഭകോണം ആവര്‍ത്തിക്കാതിരിക്കാന്‍ ചര്‍ച്ച് ആക്ട് നടപ്പിലാക്കുക, യേശുവിന്റെ കാരുണ്യദര്‍ശനത്തെ സാക്ഷാത്കരിക്കാന്‍ ചര്‍ച്ച് ആക്ട് നടപ്പിലാക്കുക തുടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് ഇവരെത്തിയത്.

പീഡാനുഭവത്തെ അനുസ്മരിച്ചുള്ള യാത്രയ്ക്ക് സമാനമായി കുരിശേന്തിയ ക്രിസ്തു വേഷമണിഞ്ഞയാളും പ്രതിഷേധക്കാര്‍ക്കൊപ്പം ഉണ്ടായിരുന്നു. പ്രാര്‍ത്ഥന നടക്കുന്ന ബസലിക്ക കടന്ന് ഇവര്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ നിലയുറപ്പിച്ചു.

ബിഷപ്പ് ഹൗസിലും പരിസരത്തും ഉണ്ടായിരുന്ന വിശ്വാസികളും ഇങ്ങോട്ടെത്തിയതോടെ സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥയും ഉണ്ടായി. എന്നാല്‍, ഇവിടെ പോലീസ് നേരത്തേ നിലയുറപ്പിച്ചിരുന്നതിനാല്‍ സംഘര്‍ഷം ഒഴിവായി.

പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും അവര്‍ പിന്‍മാറാന്‍ തയാറായില്ല. ഒടുവില്‍, പള്ളിയില്‍ നിന്നും വിശ്വാസികള്‍ പ്രദക്ഷിണത്തിനായി പുറത്തുവരുന്നതിന് മുമ്പേ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റുചെയ്ത് മാറ്റി.

സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് ചര്‍ച്ച് ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളെ ബിഷപ്പ് ഹൗസിന് മുന്നില്‍നിന്ന് നീക്കിയതെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ലാല്‍ജി പറഞ്ഞു.

പള്ളിയില്‍ നിന്ന് പ്രദക്ഷിണത്തിനായി രണ്ടായിരത്തോളം വിശ്വാസികള്‍ പുറത്തിറങ്ങുമ്പോള്‍ പരിമിതമായ പോലീസുകാരെക്കൊണ്ട് ഇവര്‍ക്ക് സുരക്ഷയൊരുക്കുക പ്രായോഗികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നെഹ്റുകോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി.വി.പുഷ്പജയ്ക്ക്  ആദരാഞ്ജലിയര്‍പ്പിച്ച്  പോസ്റ്റര്‍. സംഭവത്തിനു പിന്നില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെന്ന് ആരോപണം ഉയര്‍ന്നു. എന്നാല്‍ സംഭവത്തില്‍ യാതൊരു ബന്ധവുമില്ലെന്ന് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.മഹേഷ് വ്യക്തമാക്കി. പി.വി.പുഷ്പജ മെയ് 31-നാണ് വിരമിക്കേണ്ടത്.ചില അധ്യാപകര്‍ ഈമാസം 31-ന് വിരമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രണ്ടുമാസം കഴിഞ്ഞ് വിരമിക്കുന്ന പ്രിന്‍സിപ്പലിനും അതിനു മുമ്പേ വിരമിക്കുന്നവര്‍ക്കുമായി  മാനേജ്മെന്റും സ്റ്റാഫും കഴിഞ്ഞദിവസം യാത്രയയപ്പ് നല്‍കിയിരുന്നു.

ഉച്ചഭക്ഷണം കഴിഞ്ഞ് യാത്രയയപ്പ് യോഗം ചേരാനായി കോളേജിലെ ഓപ്പണ്‍ ഓഡിറ്റോറിയത്തിന് മുമ്പിലെത്തിയപ്പോഴാണ് ബോര്‍ഡ് കണ്ടത്.’വിദ്യാര്‍ഥി  മനസില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍…ദുരന്തം ഒഴിയുന്നു..കാമ്പസ് സ്വതന്ത്രമാകുന്നു…’നെഹ്റു’വിന് ശാപമോക്ഷം എന്നാണ് ബോര്‍ഡിലെ വാചകങ്ങള്‍. ഇതേ സമയം കാമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് കേട്ടതായും മധുരവിതരണം നടത്തിയതായി അറിഞ്ഞുവെന്നും  യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ പറഞ്ഞു.

കോളേജില്‍ സി.സി.ടി.വി.ക്യാമറ സ്ഥാപിക്കുന്നത് എതിര്‍ക്കുന്നതില്‍ തുടങ്ങി സെമിനാര്‍ ഹാളില്‍ അനുമതിയില്ലാതെ യൂണിറ്റ് സമ്മേളനം നടത്തിയതുവരെയുള്ള ഒട്ടേറെ സംഭവങ്ങളില്‍ എസ്.എഫ്.ഐക്കെതിരെ പ്രിന്‍സിപ്പല്‍ ശക്തമായ നിലപാട് കൈക്കൊണ്ടിരുന്നു. ഇത് എസ്.എഫ്.ഐ നേതൃത്വത്തെ ചൊടിപ്പിക്കുകയും അതതുസമയത്ത് പ്രിന്‍സിപ്പലിനെതിരെ സമരവുമായി രംഗത്തുവരികയും ചെയ്തിരുന്നു. രണ്ടുവര്‍ഷത്തിനിടെ പലതവണ പ്രിന്‍സിപ്പല്‍-എസ്.എഫ്.ഐ തര്‍ക്കം പോലീസിനുമുമ്പിലേക്കും കോളേജ് അടച്ചിടുന്നതിലേക്കും എത്തിയിരുന്നു

എങ്ങിനെ ഇത്തരത്തില്‍ പ്രവത്തിക്കാന്‍ കഴിയുന്നു?-പ്രിന്‍സിപ്പല്‍

കാഞ്ഞങ്ങാട്: എങ്ങിനെയാണ് വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതെന്ന് നെഹ്റുകോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി.വി.പുഷ്പജ ചോദിച്ചു. 1300-ലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട് ഇവിടെ. വിരലിലെണ്ണാവുന്ന ചിലര്‍ മാത്രമാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത്. രണ്ടുവര്‍ഷമായി പ്രിന്‍സിപ്പള്‍ ആയി സേവനമനുഷ്ഠിക്കുന്നു.

ഇതിനിടയില്‍ കോളേജിലെ ഗവേഷണ സൗകര്യം കൂട്ടാന്‍ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ 1.10 കോടി കിട്ടി. കോളേജിന് നാക്കിന്റെ എ ഗ്രേഡ് ലഭിച്ചു. കണ്ണൂര്‍ സര്‍വകലാശാലക്കു കീഴില്‍ ഏറ്റവും ഉയര്‍ന്ന പോയിന്റ് നേടിയാണ് എ.ഗ്രേഡ് സ്വന്തമാക്കിയത്. പഠനനിലാവരം വലിയതോതില്‍ മെച്ചപ്പെട്ടു. അച്ചടക്കം കൊണ്ടുവന്നു. ഇതേ കോളേജിലാണ് പഠിച്ചത്. അക്കാലത്ത് എസ്.എഫ്.ഐയുടെ പ്രവര്‍ത്തകയായിരുന്നു താനെന്നും പുഷ്പജ പറഞ്ഞു.

എസ്.എഫ്.ഐ ചെയ്തിട്ടില്ല-ജില്ലാ സെക്രട്ടറിയേറ്റ്

കാഞ്ഞങ്ങാട്: നെഹ്റുകോളേജിലെ പ്രിന്‍സിപ്പാള്‍ കൈക്കൊള്ളുന്ന പല നിലപാടുകളിലും ശക്തമായ പ്രതിഷേധമുണ്ടെന്നും എന്നാല്‍ ഈ രൂപത്തില്‍ പ്രിന്‍സിപ്പലിനെതിരെ പ്രതിഷേധം പ്രകടിപ്പിക്കേണ്ട കാര്യം തങ്ങള്‍ക്കില്ലെന്നും എസ്.എഫ്.ഐ ജില്ലാസെക്രട്ടറിയേറ്റ് വിശദീകരിച്ചു. സംഭവുമായി എസ്.എഫ്.ഐക്ക് യാതൊരു ബന്ധവുമില്ല.  ബോര്‍ഡ് തൂക്കിയതായോ പടക്കം പൊട്ടിച്ചതായോ മധുരം നല്കിയതായോ ഉള്ള ഒരു അറിവും എസ്.എഫ്.ഐക്ക് കിട്ടിയിട്ടില്ല.

എന്തെങ്കിലും തരത്തിലുള്ള നോട്ടീസ് പതിക്കുന്നുണ്ടെങ്കില്‍ അതതു കോളേജ് യൂണിറ്റ് ജില്ലാ സെക്രട്ടറിയേറ്റുമായി ബന്ധപ്പെടും. സെക്രട്ടറിയേറ്റിന്റെ സമ്മതമുണ്ടെങ്കിലേ ഏതു നോട്ടീസും പതിക്കുകയുള്ളൂ-സെക്രട്ടറി കെ.മഹേഷ് പറഞ്ഞു. ഉറവിടമില്ലാത്ത വാര്‍ത്തകളെ എസ്.എഫ്.ഐയുടെ മേല്‍ ആരോപിച്ച് സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സംഘടനയുടെ  കാഞ്ഞങ്ങാട് ഏരിയ സെക്രട്ടേറിയേറ്റും പ്രസ്താവനയില്‍ അറിയിച്ചു.

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ യുവനിരയുടെ കടന്നുവരവ്‌. ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളുടെ ചുമതല രാഹുല്‍ യുവ നേതാക്കള്‍ക്ക് നല്‍കി.

ഗുജറാത്തിന്റെ ചുമതല രാജീവ് സത്വക്കും ഒഡീഷയുടെ ചുമതല ജിതേന്ദ്ര സിങിനും നല്‍കി. മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ ബി.കെ.ഹരിപ്രസാദിനെ മാറ്റിയാണ് ഒഡീഷയുടെ ചുമതല മുന്‍ കേന്ദ്ര മന്ത്രിയായ ജിതേന്ദ്ര സിങിന് നല്‍കിയത്. ഒഡീഷയില്‍ കഴിഞ്ഞ വര്‍ഷം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. അടുത്ത വര്‍ഷം ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നുണ്ട്. അതിന് മുന്നോടിയായാണ് പുതിയയാള്‍ക്ക് ചുമതല നല്‍കിയത്‌.

ഗുജറാത്തില്‍ തിരഞ്ഞെടുപ്പില്‍ വിജയത്തിനടുത്തെത്തുന്ന പ്രകടനത്തിലേക്ക് കോണ്‍ഗ്രസിനെ നയിച്ച സംസ്ഥാനത്തിന്റെ ചുമതലക്കാരന്‍ അശോക് ഗെഹ് ലോട്ടിനെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി ഉയര്‍ത്തി. ഗെഹ്ലോട്ടിന് പകരമാണ്‌ ലോക്‌സഭാ എംപിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റുമായ രാജീവ് സത് വയെ നിയമിച്ചത്. മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായ ഗെഹ്‌ലോട്ടിനെ സംഘടനാ ചുമതലുയുള്ള  ജനറല്‍ സെക്രട്ടറിയായി നിയമിച്ചതോടെ വരാനിരിക്കുന്ന രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സച്ചിന്‍ പൈലറ്റായിരിക്കും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് ഉറപ്പായി. ജനാര്‍ദ്ദന്‍ ദ്വിവേദി രാജിവെച്ച ഒഴിവിലേക്കാണ് ഗെഹ്‌ലോട്ടിന്റെ നിയമനം.

ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള വടംവലി രാജസ്ഥാനില്‍ അധികാരം തിരിച്ച് പിടിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പുതിയ നിയമനത്തിലൂടെ ശമനമായി.

കൂടാതെ സേവാദളിന്റെ സംഘടനാ തലവന്‍ മഹേന്ദ്ര ജോഷിയെ മാറ്റി ഗുജറാത്തില്‍ നിന്നുള്ള നേതാവ് ലാല്‍ജി ദേശായിയെ നിയമിച്ചു. വരും ദിവസങ്ങളില്‍ പാര്‍ട്ടി ഘടകങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

 

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് നേതാക്കളെ ചാക്കിട്ടു പിടിക്കാന്‍ നീക്കങ്ങളുമായി ബിജെപി രംഗത്ത്. പല സംസ്ഥാനങ്ങളിലും ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന വിമര്‍ശനം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ നീക്കം. മുന്‍ മന്ത്രിയും നിലവില്‍ എംഎല്‍എയുമായ മല്ലികയ്യ വെങ്കയ്യ ഗുട്ടെഡര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം.

കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി നേരത്തെ അകല്‍ച്ചയിലായിരുന്നു ഗുട്ടെഡര്‍. മന്ത്രി സ്ഥാനം നല്‍കാത്തതുമായി ബന്ധപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വവുമായി പ്രശന്ങ്ങളുണ്ടായിരുന്ന ഗുട്ടെഡര്‍ കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് ബിജെപിയിലേക്ക് ചേരാന്‍ തീരുമാനിക്കുകയായിരുന്നു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവ സാന്നിധ്യമായി കര്‍ണാടകയിലുണ്ട്. മുതിര്‍ന്ന നേതാവിന്റെ മനം മാറ്റം കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് കരുതുന്നത്. ഗുട്ടെഡറുടെ രാജിയോട് സംസ്ഥാന നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. അഫ്സല്‍പൂരില്‍നിന്ന് ആറു തവണ എംഎല്‍എയായിട്ടുള്ള വ്യക്തിയാണ് ഗുട്ടെഡര്‍.

രാജ്യത്തിന്റെ നിയമങ്ങള്‍വെച്ച് കാനോന്‍ നിയമത്തില്‍ ഇടപെടരുതെന്ന് സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വിവാദ ഭൂമിയിടപാട് വിഷയത്തെ പരോക്ഷമായി സൂചിപ്പിച്ച് ചേര്‍ത്തല കോക്കമംഗലം സെന്റ് തോമസ് ദേവാലയത്തില്‍ ദുഃഖവെള്ളി പ്രാര്‍ഥനക്കിടെ നല്‍കിയ സന്ദേശത്തിലാണ് ആലഞ്ചേരിയുടെ പ്രസ്താവന. രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കേണ്ടത് പൗരന്റെ കടമയാണ്. എന്നാല്‍, ദൈവത്തിന്റെ നിയമങ്ങള്‍ക്കാണ് പ്രാമുഖ്യം കൊടുക്കേണ്ടതെന്നും ആലഞ്ചേരി പറഞ്ഞു.

കോടതി വിധി ഉപയോഗിച്ച് സഭയെ നിയന്ത്രിക്കാനാവും എന്ന ധാരണയുള്ള ആളുകള്‍ സഭയ്ക്കുള്ളില്‍ തന്നെയുണ്ടെന്നും അത്തരക്കാരെ ജനം ഹൃദയത്തിലേറ്റില്ലെന്നും ആലഞ്ചേരി ദുഃഖവെള്ളി പ്രാര്‍ഥനക്കിടെ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. സഭ അനുശാസിക്കുന്ന നിയമങ്ങള്‍ക്കാണ് വിശ്വാസിയായ ഒരാള്‍ പ്രാമുഖ്യം നല്‍കേണ്ടതെന്നും ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.

വിവാദ ഭൂമിയിടപാട് കേസില്‍ മാര്‍ ആലഞ്ചേരിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ നടത്തിയിരിക്കുന്ന പ്രസ്താവന ഹൈക്കോടതിക്കുള്ള പരോക്ഷ മറുപടിയാണെന്നാണ് സൂചനകള്‍. കര്‍ദിനാള്‍ രാജാവല്ലെന്നും സഭയുടെ സ്വത്ത് നോക്കിനടത്തുന്നയാള്‍ മാത്രമാണെന്നും സിവില്‍ തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കാന്‍ കോടതികളുണ്ടെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

ശരീരത്തില്‍ ചാട്ടവാറുകൊണ്ടടിച്ച് മുറിവേല്‍പ്പിച്ചും മരക്കുരിശോട് ചേര്‍ത്ത് കൈകളില്‍ ആണിയടിച്ചും ഫിലിപ്പിനോകളുടെ ദുഃഖവെള്ളി ആചരണം. ഏഷ്യയിലെ കത്തോലിക്കാ സഭയുടെ പ്രധാന കോട്ടകളിലൊന്നാണ് ഫിലിപ്പൈന്‍സ്. നിരവധി വിശ്വാസികളാണ് ഇവിടെയുള്ളത്. മരക്കുരിശോട് ചേര്‍ത്ത് കൈകളില്‍ ആണിയടിച്ചും ചാട്ട പോലുള്ള വസ്തുകൊണ്ട് ശരീരത്തിന്മേല്‍ സ്വയം അടിച്ച് മുറിവേല്‍പ്പിച്ചുമുള്ള വിചിത്ര ആചാരം കാലങ്ങളായി നിലനില്‍ക്കുന്നതാണ്.

എന്നാല്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ പാടില്ലെന്ന സഭാനിയമത്തെ ലംഘിച്ചുകൊണ്ടാണ് ഫിലിപ്പീനോകളുടെ ദുഃഖവെള്ളി ആചരണം നടക്കുന്നത്. ശരീരം മുഴുവന്‍ രക്തത്തില്‍ കുളിച്ച് തെരുവിലൂടെ നടക്കുന്ന വിശ്വാസികളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്. യേശുവിന്റെ അവസാന യാത്ര പുനരാവിഷ്‌കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങനൊരു ചടങ്ങ്.

ചിത്രങ്ങള്‍ കാണാം.

പാലക്കാട്: പാലക്കാട് മുണ്ടൂരില്‍ ബസ്സ് തടഞ്ഞ് നിര്‍ത്തി കെഎസ്ആര്‍ടിസി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് സൂചന. പ്രതികളുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കാനാണ് സാധ്യത.

ഇന്നലെയാണ് പാലക്കാട് കോഴിക്കോട് റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തി ഒരു സംഘം ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ ഡ്രൈവറായ അബൂബക്കറിന്റെ മൂക്കിന്റെ പാലം തകര്‍ന്നിട്ടുണ്ട്. ഇയാളെ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവറുടെ മൊഴി എടുത്ത ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന കേസ് അന്വേഷിക്കുന്ന മണ്ണാര്‍ക്കാട് സിഐ മാധ്യമങ്ങളോട് പറഞ്ഞു.

അബൂബക്കറിനെ ഒരു സംഘം അക്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ബസിലേക്ക് ചാടിക്കറിയ അക്രമി പ്രകോപനം ഒന്നും കൂടാതെ അബൂബക്കറിനെ മര്‍ദ്ദിക്കുകയായിരുന്നു. അക്രമിയുടെ കൂടെയുണ്ടായിരുന്നവരില്‍ ചിലര്‍ മര്‍ദ്ദിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല.

 

പിതാവ് ശക്തമായി കുലുക്കിയതിനെത്തുടര്‍ന്ന് കുഞ്ഞ് മരിച്ചു. അലെജാന്ദ്രോ റൂബിം എന്ന ഒന്നര മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. മസ്തിഷ്‌കത്തിനും കണ്ണുകള്‍ക്കും തലക്കുമേറ്റ പരിക്കുകളായിരുന്നു മരണകാരണം. സംഭവത്തില്‍ പിതാവായ പെഡ്രോ റൂബിമിനെ എട്ടര വര്‍ഷം തടവിന് ശിക്ഷിച്ചു. നാല് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് കുഞ്ഞ് മരിച്ചത്. സംഭവം ഹൃദയഭേദകമാണെന്നായിരുന്നു മെറ്റ് പോലീസ് ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ ഡേവിഡ് വെസ്റ്റ് പറഞ്ഞത്. നവജാതശിശുക്കള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ സഹായത്തിന് അഭ്യര്‍ത്ഥിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പിതാവിന്റെ പക്കല്‍ കുട്ടി സുരക്ഷിതനാകേണ്ടതായിരുന്നു. പക്ഷേ സംഭവിച്ചത് മറിച്ചാണെന്നും വെസ്റ്റ് വ്യക്തമാക്കി.

ബൗണ്‍സറില്‍ നിന്ന് കുഞ്ഞ് താഴെ വീണുവെന്നാണ് എന്‍ഫീല്‍ഡില്‍ താമസിക്കുന്ന റൂബിം ആദ്യം പോലീസിനോട് പറഞ്ഞത്. കുഞ്ഞിനെ എടുത്ത താന്‍ അവന് ബോധം വരുത്താനായി കുലുക്കിയെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ശക്തമായ കുലുക്കത്തിലുണ്ടായ മസ്തിഷ്‌ക ക്ഷതവും കണ്ണിനുണ്ടായ ക്ഷതവും മറ്റും പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. കുഞ്ഞിന്റെ ജീവന്‍ പിതാവ് കവരുകയായിരുന്നുവെന്ന് എന്‍എസ്പിസിസി വക്താവും പ്രതികരിച്ചു. കുട്ടികള്‍ക്കുണ്ടാകുന്ന വീഴ്ചകള്‍ക്കും പരിക്കുകള്‍ക്കും സഹായം തേടുകയാണ് വേണ്ടത്. അതിന് എന്‍എസ്പിസിസി ഉപദേശങ്ങളും പിന്തുണയും മാതാപിതാക്കള്‍ക്ക് നല്‍കാറുണ്ടെന്നും വക്താവ് പറഞ്ഞു.

കുട്ടിയുടെ അമ്മ ഡെന്റിസ്റ്റിനെ കാണാന്‍ പോയ സമയത്താണ് അപകടമുണ്ടായത്. പാല്‍ എടുക്കുന്നതിനായി താന്‍ പോയ സമയത്താണ് കുഞ്ഞ് താഴെ വീണതെന്ന് റൂബിം പറഞ്ഞെങ്കിലും മരണകാരണമായത് വീഴ്ചയിലുണ്ടായ ക്ഷതങ്ങളല്ലെന്ന് തെളിഞ്ഞതോടെ ഇയാള്‍ക്ക് കോടതി ശിക്ഷ നല്‍കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്ത ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ഇന്ത്യന്‍ വംശജയെ ആരോ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മാതാപിതാക്കള്‍. ഹാംപ്‌സ്റ്റെഡിലെ ഹെന്റീറ്റ ബാര്‍നെറ്റ് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്ന പതിനാലുകാരി എലേന മോന്‍ഡാലിനെ കഴിഞ്ഞ വര്‍ഷമാണ് തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതിനിടെയില്‍ കണ്ടെത്തിയത്. സ്‌കൂളിന്റെ സമീപത്തുള്ള മരങ്ങള്‍ നിറഞ്ഞ പ്രദേശത്ത് വെച്ചായിരുന്നു സ്‌കൂളിലെ അധ്യാപകന്മാരിലൊരാള്‍ എലേനയെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. എലേനയെ കാണാതായതോടെ പോലീസും സ്‌കൂള്‍ അധികൃതരും സമീപ പ്രദേശങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടന്ന ഈ അന്വേഷണങ്ങള്‍ പോലീസിനെ തെറ്റായ സ്ഥലത്ത് കൊണ്ടെത്തിക്കുകയായിരുന്നു. കൃത്യസമയത്ത് സ്ഥലം കണ്ടുപിടിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ അവളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു.

പഠന കാര്യത്തില്‍ വളരെയധികം മികവ് പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥിനികളില്‍ ഒരാളായിരുന്നു മരിച്ച എലേന മോന്‍ഡാല്‍. മകളുടെ മരണത്തില്‍ അതീവ ദു:ഖിതരാണ് എലേനയുടെ മാതാപിതാക്കളായ ശ്യാമലും മൗഷുമി മോന്‍ഡാലും. തങ്ങളുടെ മകള്‍ മരണപ്പെടുന്നതിന് മുന്‍പ് ആരുടെയെങ്കിലും ഭീഷണിക്കിരയായതായി സംശയമുണ്ടെന്ന് ബാര്‍നെറ്റ് കോറോണേഴ്‌സ് കോടതിയില്‍ നടന്ന വിചാരണയില്‍ ഇവര്‍ വ്യക്തമാക്കി. ദുരന്തം നടന്ന ദിവസം എലേനയുടെ ഫോണ്‍ ആക്ടിവിറ്റികളുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളെക്കുറിച്ച് വിവരിക്കാന്‍ കേസ് അന്വേഷിച്ച പോലീസ് കോണ്‍സ്റ്റബിള്‍ സൈമണ്‍ നോര്‍ത്തിനോട് ഫാമിലി ബാരിസ്റ്റര്‍ ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥിനി മരിക്കുന്ന ദിവസം ഫോണ്‍ വളരെ കുറച്ചു മാത്രമെ ഉപയോഗിച്ചിരുന്നുള്ളുവെന്ന് സൈമണ്‍ നോര്‍ത്ത് കോടതിയെ ബോധിപ്പിച്ചു.

എലേനയുടെ ഫോണില്‍ നിന്ന് മായ്ച്ചു കളഞ്ഞിരിക്കുന്ന സന്ദേശങ്ങള്‍ കണ്ടെത്തുക അസാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫോണില്‍ നിന്ന് ഡാറ്റകള്‍ ഡിലീറ്റ് ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. വിവിധ മാനസിക പ്രശ്‌നങ്ങള്‍ മൂലം എലേന ബുദ്ധിമുട്ടിയിരുന്നതായി കുട്ടിയ ചികിത്സിച്ച സൈക്യാട്രിസ്റ്റ് കോടതിയില്‍ അറിയിച്ചു. ഭക്ഷണത്തോട് വിരക്തിയുണ്ടാവുക സ്വയം ദേഹോപദ്രവം ഏല്‍പ്പിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ മൂലം എലേന ബാര്‍നെറ്റ്‌സ് ചൈല്‍ഡ് ആന്റ് അഡോളസെന്റ് മെന്റല്‍ ഹെല്‍ത്ത് സര്‍വീസില്‍ നിന്ന് കൗണ്‍സലിംഗ് തേടിയിരുന്നു. ഹാംപ്‌സ്റ്റെഡിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലിലും എലേന ചികിത്സ നേടിയിരുന്നു. മറ്റു കുട്ടികളപ്പോലെ ഭാവിയെക്കുറിച്ച് വലിയ ആഗ്രഹങ്ങള്‍ സൂക്ഷിച്ചിരുന്ന മനസ്സായിരുന്നു എലേനയുടേതും. പഠിച്ച് ഡോക്ടറാകണമെന്നായിരുന്നു എലേന സ്വപ്‌നം കണ്ടിരുന്നത്.

ലണ്ടന്‍: 35 അസുഖങ്ങള്‍ക്കുള്ള ചികിത്സ ഒഴിവാക്കാനൊരുങ്ങി എന്‍എച്ച്എസ്. 570 മില്യന്‍ പൗണ്ട് ചെലവാകുന്ന നിസാര രോഗങ്ങള്‍ക്കുള്ള ചികിത്സകളാണ് എന്‍എച്ച്എസ് ഒഴിവാക്കുന്നത്. ഡാന്‍ഡ്രഫ്, വയറിളക്കം തുടങ്ങിയ രോഗങ്ങളാണ് പട്ടികയിലുള്ളത്. ഫാര്‍മസികളില്‍ ഇവയ്ക്ക് ചികിത്സ ലഭ്യമാണ്. ഇവിടെ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുമെങ്കിലോ, നിസാരമെന്ന് സ്ഥിരീകരിച്ചാലോ മാത്രമേ ആശുപത്രികളില്‍ ചികിത്സ നിഷേധിക്കുകയുള്ളു. ഈ നീക്കത്തിലൂടെ എന്‍എച്ച്എസിന്റെ ചെലവില്‍ അഞ്ചിലൊന്ന് കുറവു വരുത്താന്‍ കഴിയുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.

എന്നാല്‍ പാവപ്പെട്ടവര്‍ക്ക് ചികിത്സ നിഷേധിക്കുന്ന നടപടിയാണ് ഇതെന്ന് വിമര്‍ശകര്‍ പറയുന്നു. ഏപ്രില്‍ മുതല്‍ ഈ പരിഷ്‌കാരം നടപ്പിലാകും. കൂടുതല്‍ കാലത്തേക്ക് നീണ്ടു നില്‍ക്കുന്നതോ, മറ്റ് ഗുരുതര രോഗങ്ങളുടെ അനുബന്ധമായുള്ളതോ ആയ രോഗങ്ങള്‍ക്ക് മാത്രമേ ഇന്ി ഡോക്ടര്‍മാര്‍ പ്രിസ്‌ക്രിപ്ഷന്‍ നല്‍കേണ്ടതുള്ളു. റോയല്‍ ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റി ഈ പരിഷ്‌കാരത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ചെറിയ രോഗങ്ങളാണെങ്കിലും പണം നല്‍കാന്‍ സാധിക്കാത്ത സാധാരണക്കാര്‍ക്ക് ചികിത്സ നിഷേധിക്കലായിരിക്കും ഈ നിയമമെന്ന് ആര്‍പിഎസ് പറയുന്നു.

ഇത്തരം നിസാര രോഗങ്ങളുടെ ചികിത്സയിലൂടെ പാഴായിപ്പോകുന്ന പണം തിരിച്ചു പിടിക്കാന്‍ കഴിഞ്ഞാല്‍ അത് ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ ഉള്‍പ്പെടെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു. മെന്റല്‍ ഹെല്‍ത്ത് കെയര്‍ മെച്ചപ്പെടുത്താനും ക്യാന്‍സര്‍ ചികിത്സയിലും ഈ പണം ഉപയോഗിക്കാനാകുമെന്നാണ് വിശദീകരണം. മലബന്ധം, അത്‌ലറ്റ്‌സ് ഫുട്ട്, മൈല്‍ഡ് ആക്‌നെ, ഡാന്‍ഡ്രഫ്, വയറിളക്കം, പേന്‍, കോള്‍ഡ് സോറുകള്‍, ചെവിക്കായം നീക്കല്‍ തുടങ്ങിയവയാണ് എന്‍എച്ച്എസ് ഒഴിവാക്കിയ പട്ടികയിലുള്ളത്.

RECENT POSTS
Copyright © . All rights reserved