കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതി ഒതുക്കാന്‍ സി.എം.ഐ സഭ കുര്യനാട് ആശ്രമത്തിലെ മുതിര്‍ന്ന വൈദികന്‍ ഡോ.ജെയിംസ് ഏര്‍ത്തയില്‍ നടത്തിയ ‘ഓഫര്‍’ ഫോണ്‍വിളിക്ക് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് സൂചന. സി.എം.ഐ സഭ വിട്ട് ബിഷപ്പ് ഫ്രാങ്കോയ്‌ക്കൊപ്പം കൂടിയ ഒരു വൈദികനും ഡല്‍ഹിയില്‍ നിന്നുള്ള രണ്ട് വൈദികരുമാണ് ഈ നീക്കത്തിനു പിന്നിലെന്ന് അവിടെ നിന്നുള്ളവര്‍ പറയുന്നു.
ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ ബലാത്സംഗ പരാതി പിന്‍വലിപ്പിക്കുകയും അതുവഴി ബിഷപ്പിനെ നിയമനടപടിയില്‍ നിന്നും രക്ഷപ്പെടുത്തുകയും മാത്രമല്ല ഈ സംഘത്തിന്റെ ലക്ഷ്യം. ബിഷപ്പ് ഫ്രാങ്കോയുടെയും സംഘത്തിന്റെയും വഴിവിട്ടപോക്കില്‍ വിമര്‍ശനം ഉന്നയിച്ച ചില വൈദികരെ കുടുക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നു. പരാതി പിന്‍വലിപ്പിച്ച ശേഷം കന്യാസ്ത്രീകളെ മാധ്യമങ്ങള്‍ക്കും പോലീസിനും മുന്നിലെത്തിച്ച് ചില വൈദികരുടെ നിര്‍ദേശപ്രകാരമാണ് ബിഷപ്പിനെതിരെ പരാതി നല്‍കിയത് എന്നു പറയിപ്പിക്കാനുമാണ് ഇവര്‍ പദ്ധതിയിട്ടത്. അതിന്റെ ധ്വനി ഫാ. ഏര്‍ത്തയിലിന്റെ ഫോന്‍ണ്‍വിളിയിലുമുണ്ട്. ‘പരാതിക്കു പിന്നില്‍ മറ്റാരെങ്കിലുമാണെന്ന് പറഞ്ഞാല്‍ മതിയെന്ന്’ പറയുന്നതും ഇവിടെ ശ്രദ്ധേയമാണ്.
ബിഷപ്പ് ഫ്രാങ്കോയുടെ ഏകാധിപത്യ ഭരണത്തില്‍ വിമര്‍ശനം ഉന്നയിക്കുന്ന ചില വൈദികരുടെ പേര് കന്യാസ്ത്രീകളെ കൊണ്ട് പറയിച്ച് അവരെ വിശ്വാസികള്‍ക്കു മുന്നില്‍ താറടിച്ച് കാണിക്കാനും അതിന്റെ പേരില്‍ രൂപതയില്‍ നിന്ന് പുറത്താക്കാനുമായിരുന്നു ഇവര്‍ ഉദ്ദേശിച്ചത്. എന്നാല്‍ കന്യാസ്ത്രീകള്‍ സ്വന്തം അപ്പനെപോലെ കരുതുന്ന ഈ വൈദികര്‍ക്കെതിരെ ഒരു വാക്കുപോലും പറയാന്‍ ഇവര്‍ തയ്യാറായില്ലെന്ന് മാത്രമല്ല, നാലു വര്‍ഷത്തോളം അനുഭവിച്ച പീഡനങ്ങള്‍ക്ക് അറുതി വരുത്തിയെ മതിയാകൂ എന്ന തീരുമാനത്തില്‍ ഇവര്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. അതോടെ ബിഷപ്പ് ഫ്രാങ്കോയുടെ സംഘത്തിന്റെ തന്ത്രം പൊളിയുകയായിരുന്നു.
ബിഷപ്പ് ഫ്രാങ്കോയുടെ ഉപദേശക സംഘത്തിലുള്ളയാളാണ് തന്ത്രങ്ങള്‍ മെനയുന്ന ഈ സി.എം.ഐ വൈദികന്‍. ജലന്ധറില്‍ കൂടിയ ഇദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് ബിഷപ്പ് ഫ്രാങ്കോ നല്‍കുന്നത് ഒരു ലക്ഷം രൂപ ശമ്പളവും ഒരു കാറും ഡ്രൈവറുമാണ്. കേരളത്തില്‍ ഒരു സാംസ്‌കാരിക നിലയത്തിന്റെ് ചുമതലയുണ്ടായിരുന്ന ഇദ്ദേഹത്തിന് ജലന്ധറിലും ഒരു സാംസ്‌കാരിക നിലയമെന്ന സ്വപ്‌ന പദ്ധതിയുണ്ട്. ഇതിനായി അമൃത്സറില്‍ 15 ഏക്കര്‍ സ്ഥലം വാങ്ങിയിരുന്നു. നിലയത്തിന്റെ നിര്‍മ്മാണത്തിനായി 500 കോടി രൂപ വായ്പ എടുക്കാനിരിക്കേയാണ് ബിഷപ്പ് കുടുക്കിലായത്. ഡല്‍ഹി രൂപതയില്‍ നിന്നെത്തിയ ഒരു വൈദികനും ഇദ്ദേഹത്തിന് സഹായം ചെയ്യുന്നു. ഡല്‍ഹിയില്‍ വികാരി ഇന്‍ ചാര്‍ജ് ആയി ഇരുന്ന ഇടവകയില്‍ നിന്നും വിശ്വാസികള്‍ക്കിടയില്‍ നടത്തിയ അന്യായ പിരിവിന്റെ പേരില്‍ മേലധികാരി നടപടി എടുത്തതിനെ തുടര്‍ന്നാണ് ഇദ്ദേഹം ജലന്ധറിലേക്ക് പോയത്. ഇദ്ദേഹത്തെ ജലന്ധറിലേക്ക് കൊണ്ടുവന്നതിനു പിന്നിലും ഈ ഉപദേശകന് പങ്കുണ്ട്. ഇവര്‍ രണ്ടു പേരുമാണ് ഫ്രാങ്കോയെ എതിര്‍ക്കുന്ന വൈദികര്‍ക്കെതിരായ സൈബര്‍ ആക്രമണത്തിനു പിന്നിലെന്നും സൂചനയുണ്ട്.
ഡല്‍ഹിയില്‍ നിന്നുള്ള മറ്റൊരു വൈദികനും ബിഷപ്പ് ഫ്രാങ്കോയെ രക്ഷിക്കാന്‍ രാപ്പകല്‍ പണിയെടുക്കുകയാണ്. റോമിലേക്ക് കഴിഞ്ഞ വര്‍ഷം ഉപരിപഠനത്തിന് പോയ ഇദ്ദേഹം അവിടെ ഇരിപ്പുറയ്ക്കാതെ ഇതിനകം രണ്ടു തവണ ഡല്‍ഹിയില്‍ എത്തി തന്ത്രങ്ങള്‍ മെനഞ്ഞു. കോട്ടയം ജില്ല സ്വദേശിയായ ഇദ്ദേഹം ബിഷപ്പ് ഫ്രാങ്കോയും കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുമാണ്. ഉപരിപഠനം കഴിഞ്ഞെത്തുമ്പോള്‍ ഒരു ബിഷപ്പ് പദവിയാണ് ഇദ്ദേഹത്തിന്റെ മോഹം. ഇവരുടെയെല്ലാം ഗൂഢാലോചനയാണ് ഫാ.ജെയിംസ് ഏര്‍ത്തയിലിന്റെ ഫോണ്‍വിളിക്ക് പിന്നില്‍. പദ്ധതി ചീറ്റിപ്പോയി എന്നു മാത്രമല്ല, സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ഒരുപക്ഷേ ഫാ.ഏര്‍ത്തയിലിന് പിടിവീഴുകയും ചെയ്തേക്കും.
അതേസമയം, കന്യാസ്ത്രീയുടെ പരാതിയില്‍ പോലീസ് കേസെടുത്തതോടെ, ജൂലായ് ആദ്യവാരം ചേര്‍ന്ന ജലന്ധര്‍ രൂപതാ വൈദികരുടെ യോഗത്തില്‍ ബിഷപ്പ് ഫ്രാങ്കോ രാജിവച്ച് അന്വേഷണം നേരിടാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദേശം തള്ളിക്കളഞ്ഞ അദ്ദേഹം തന്റെ സൈബര്‍ പോരാളികളെ വച്ച് ഈ വൈദികര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയാണ്. ഭൂരിപക്ഷം രൂപത വൈദികരും രാജി ആവശ്യപ്പെട്ടപ്പോള്‍് ഫ്രാങ്കോയ്ക്ക് ഒപ്പമുള്ള വൈദികരും ഫ്രാങ്കോ സ്ഥാപിച്ച ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസ് (എഫ്.എം.ജെ) എന്ന സന്യാസ സമൂഹത്തിലെ ചില അംഗങ്ങളുമാണ് ഫ്രാങ്കോയ്ക്ക് പിന്തുണ നല്‍കിയിരിക്കുന്നത്.
കേരള പോലീസ് സംഘം ജലന്ധറില്‍ എത്തിയാല്‍ ബിഷപ്പ് ഫ്രാങ്കോയെ മാത്രമല്ല അദ്ദേഹത്തിന്റെ ഉപദേശസംഘത്തേയും എഫ്.എം.ജെയിലെ അംഗങ്ങളെയും ചോദ്യം ചെയ്യണമെന്നും ഇവരുടെ മൊബൈല്‍ ഫോണ്‍വിളികള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിക്കണമെന്നും വൈദികര്‍ ആവശ്യപ്പെടുന്നു. ഫ്രാങ്കോയ്ക്കു വേണ്ടി മധ്യസ്ഥത നടത്തിയ വൈദികരെയും ചോദ്യം ചെയ്യണമെന്നും ഇവര്‍ ഉന്നയിക്കുന്നു.
കുറവിലങ്ങാട് മഠത്തില്‍ കഴിയുന്ന പരാതിക്കാരിയായ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ കഴിയാതെ വന്നതോടെയാണ് സഹപ്രവര്‍ത്തകയായ സിസ്റ്റര്‍ അനുപമയെ സ്വാധീനിക്കാനായി ഫാ.ഏര്‍ത്തയില്‍ ഫോണ്‍ വിളിച്ചത്. കുറവിലങ്ങാട് മഠം ചാപ്പലില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ വന്ന ഇദ്ദേഹം പരാതിക്കാരിക്ക് ഒപ്പമുള്ളവരെ കാണാന്‍ അനുമതി തേടിയെങ്കിലും അവര്‍ വഴങ്ങാതെ വന്നതോടെയാണ് ഫോണില്‍ വിളിച്ചത്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ പരാതി പിന്‍വലിച്ചാല്‍ കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് കീഴിലുള്ള എരുമേലിയിലോ റാന്നിയിലോ പത്ത് ഏക്കര്‍ സ്ഥലവും മഠവും പണിത് ബിഷപ്പിന്റെ അനുഗ്രഹത്തോടെ അവിടെ താമസിപ്പിക്കാമെന്നാണ് ഓഫര്‍ നല്‍കിയത്. പരാതിക്കാരിയുടെ സഹോദരന് മുന്‍പ് അഞ്ചു കോടി രൂപയും കന്യാസ്ത്രീക്ക് ഉന്നത പദവിയും വാഗ്ദാനം ചെയ്ത് ജലന്ധറില്‍ നിന്ന് നേരിട്ട് ദൂതന്‍ എത്തിയയെങ്കിലും അവരും ഒത്തുതീര്‍പ്പിന് വഴങ്ങാതെ വന്നതോടെയാണ് മറ്റു കന്യാസ്ത്രീകളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഈ രണ്ട് ഒത്തുതീര്‍പ്പ് ശ്രമങ്ങളും ജലന്ധര്‍ രൂപത അറിയാതെയാണെന്നും ഇതിനായി ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമാണ് രൂപത ഇറക്കിയ വിശദീകരണക്കുറിപ്പ്.
കൊച്ചി: പെരുമ്പാവൂരില്‍ കോളേജ് വിദ്യാർഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വാഴക്കുളം എംഇഎസ് കോളേജിലെ അവസാന വര്‍ഷ ബിബിഎ വിദ്യാര്‍ഥിനി അന്തിനാട്ട് വീട്ടില്‍ തമ്പിയുടെ മകള്‍ നിമിഷ (19)യാണ് കൊല്ലപ്പെട്ടത്.
മോഷണശ്രമത്തിനിടെയായിരുന്നു കൊലപാതകമെന്നാണ് പ്രാഥമിക സൂചന. സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയായ പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയായ ബിജു പിടിയിലായിട്ടുണ്ട്. ഓടി രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ആക്രമണം ചെറുക്കുന്നതിനിടെ പെണ്‍കുട്ടിയുടെ പിതാവ് തമ്പിക്കും രക്ഷിക്കാന്‍ ശ്രമിച്ച അയല്‍വാസിക്കും തമ്പിയുടെ സഹോദരന്‍ ഏലിയാസിനും പരിക്കേറ്റു.
പെരുമ്പാവൂര്‍ വാഴക്കുളം ഇടത്തിക്കാട് രാവിലെ 10.30 ഓടെയാണ് സംഭവം നടന്നത്. വീട്ടിലെത്തിയ ബിജു നിമിഷയുടെ വല്യമ്മയുടെ മാല പിടിച്ചു പറിക്കാൻ ശ്രമിക്കുകയായിരുന്നു.ഇത് തടയുന്നതിനിടെയാണ് പിടിവലിയുണ്ടായതും നിമിഷയ്ക്ക് നേരെ ആക്രമണമുണ്ടായതും.
വീടിന് സമീപം ജോലി ചെയ്യുകയായിരുന്ന ലോഡിങ് തൊഴിലാളികളാണ് നിമിഷയെ ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിന് വെട്ടേറ്റ നിമിഷ ആശുപത്രിയിലെത്തി അല്പസമയത്തിനകം മരിച്ചു.
താലൂക്കാശുപത്രിയിലാണ് ഇപ്പോള്‍ പെണ്‍കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഉന്നത പോലീസുദ്യോഗസ്ഥരടക്കമുള്ളവര്‍ ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്. ഓട്ടോറിക്ഷാ തൊഴിലാളിയാണ് നിമിഷയുടെ പിതാവ് തമ്പി. സലോമിയാണ് മാതാവ്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ അന്ന സഹോദരിയാണ്.
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെ ചോദ്യം ചെയ്യാന്‍ പോലീസ് സംഘം പഞ്ചാബിലേക്ക്. ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണ് അന്വേഷണ സംഘം പഞ്ചാബിലേക്ക് പോകുന്നത്. സംഘം ബുധനാഴ്ച യാത്ര തിരിക്കും. പഞ്ചാബ് പോലീസിനെ ഇതു സംബന്ധിച്ചുള്ള വിവരം ഔദ്യോഗികമായി അറിയിച്ചു.
ഒരു മാസം നീണ്ട അന്വേഷണത്തിനു ശേഷമാണ് പീഡന പരാതിയില്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. ബിഷപ്പ് കുറവിലങ്ങാട് മഠത്തിലെത്താന്‍ ഉപയോഗിച്ച ബിഎംഡബ്ല്യു കാര്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഈ ആഴ്ച തന്നെ ചോദ്യം ചെയ്യുമെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സാക്ഷികള്‍ ഏറെയും സ്ത്രീകള്‍ ആയതിനാലാണ് കാലതാമസമെന്നും എസ്.പി വ്യക്തമാക്കിയിരുന്നു. ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ പരാതി നല്‍കിയ കന്യാസ്ത്രീയേയും സഹപ്രവര്‍ത്തകയെയും സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ഫോണ്‍ ശബ്ദരേഖയാണ് പുറത്തു വന്നത്. ഇതില്‍ വസ്തുതയുണ്ടെന്ന് തെളിഞ്ഞാല്‍ എര്‍ത്തയിലിനെതിരെയും നടപടിയുണ്ടാകും.
കോട്ടയം: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള പീഡനക്കേസിൽ ഒത്തുതീർപ്പിനു വീണ്ടും നീക്കം. പരാതിക്കാരിയെ പിന്തുണക്കുന്ന കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന മുതിർന്ന വൈദികെൻറ ഫോൺ ശബ്ദരേഖ അവരുടെ ബന്ധുക്കൾ പുറത്തുവിട്ടു. കാഞ്ഞിരപ്പള്ളിയിലോ റാന്നിയിലോ 10 ഏക്കർ സ്ഥലം വാങ്ങി മഠം നിർമിച്ചുനൽകാമെന്നതടക്കം 11 മിനിറ്റ് നീളുന്ന സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. കേസിലെ മുഖ്യസാക്ഷിയായ കുറവിലങ്ങാട് മഠത്തിലെ സിസ്റ്റർ അനുപമക്കാണ് വാഗ്ദാനങ്ങൾ നൽകുന്നത്. കേസ് ഒത്തുതീർക്കാൻ നീക്കങ്ങൾ നടക്കുന്നുവെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനാണ് സി.എം.െഎ സന്യാസി സമൂഹത്തിലെ മുതിർന്ന വൈദികനും മുൻ പ്രോവിൻഷ്യാലുമായ ഫാദര്‍ ജയിംസ് എര്ത്തയിലിെൻറ സംഭാഷണം പുറത്തുവിട്ടതെന്ന് അനുപമയുെട ബന്ധുക്കൾ പറയുന്നു.
അനുനയനീക്കങ്ങൾക്ക് കൂടുതൽ സമയം നൽകാനായി പൊലീസ് അന്വേഷണം വൈകിപ്പിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് പരാതി പിൻവലിപ്പിക്കാൻ പ്രേരിപ്പിക്കുന്ന സംഭാഷണം പുറത്തുവന്നത്. ഫോണിൽ ‘‘അവർ എന്തും ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് അറിയാമേല്ലാ’’യെന്ന് പറയുന്ന വൈദികൻ, ‘‘വീട്ടിലേക്ക് തിരിച്ചുപോയാൽ സ്വീകരിക്കുമെന്നൊക്കെ അവർ പറയുന്നത് ശരിയായിരിക്കാം. എല്ലാവർക്കും അങ്ങനെയായിരിക്കില്ല. ഞാൻ നേരേത്ത ഒരു നിർദേശം പറഞ്ഞിരുന്നില്ലേ, കുറച്ച് സ്ഥലം വാങ്ങി പുതിയൊരു മഠം നിർമിച്ച് സുരക്ഷിതമായി അങ്ങോട്ട് മാറാം. നിങ്ങൾ ഉറച്ചുനിന്നാൽ ഇതിനു കഴിയില്ല. നന്നായി ചിന്തിച്ചുവേണം നീങ്ങാൻ.
നിങ്ങളുടെ സന്യാസിനി സഭയുെട ഭാഗമായി ആന്ധ്രയിലേക്കോ ഒഡിഷയിലേക്കോ പോയാൽ വീണ്ടും ഭീഷണിവരാൻ സാധ്യതയുണ്ട്. വേറെ എവിടെയെങ്കിലും പോയാൽ പ്രശ്നമില്ല. നിങ്ങൾ അങ്ങനെ ചിന്തിക്കണമെന്നാണ് പറയുന്നത്. നിങ്ങൾ പോസ്റ്റിവായി ചിന്തിച്ചാൽ ഞാൻ എനിക്കാവുന്ന സഹായം ചെയ്യാം. ചില നല്ല മനുഷ്യർ സ്ഥലം അടക്കം നൽകാമെന്ന് പറഞ്ഞിട്ടുണ്ട്. എന്നോട് ആരും പറഞ്ഞിട്ടില്ല. എന്നെ ആരും വിളിച്ചിട്ടുമില്ല. ചിലർ പറയുന്നത് കേട്ടു. ബിഷപ്പുമാരുടെ സഹായവും ലഭിക്കും. സുരക്ഷിതമായി കഴിയാം. നാളെ നടക്കുമെന്നല്ല, അതിേൻറതായ സമയമുണ്ടല്ലോ. സ്വതന്ത്രമായി വേറെ നല്ലൊരു നല്ലൊരു കെട്ടിടം സ്ഥാപിച്ച് മുന്നോട്ടുപോകാനാകും.
എതെങ്കിലും തരത്തിൽ പിൻമാറിയാൽ ഇതൊക്കെ നടക്കും. വെറുതെ വിടാനല്ല. ഒരു അരിശം വന്നപ്പോൾ കിണറ്റിൽചാടി, അവിടെ കിടന്ന് എഴുതവണ അരിശെപ്പട്ടിട്ടും തിരിച്ച് കയറാനാകില്ലെന്നല്ലേ പഴഞ്ചൊല്ല്’’ -എന്നും ഒാർമിപ്പിക്കുന്നുണ്ട്. എന്നാൽ, കേസ് പിൻവലിക്കില്ലെന്നും ശക്തമായിട്ട് ആയിട്ട് നിൽക്കുകയാണെന്നുമായിരുന്നു കന്യാസ്ത്രീയുടെ പ്രതികരണം. ഒരാളുെട ജീവിതംെവച്ച് കളിക്കില്ലെന്നും ഇവർ പറയുന്നു.
അതേസമയം, വാഗ്ദാനങ്ങളുമായി കന്യാസ്ത്രീയെ വിളിച്ചത് സ്വന്തം നിലക്കാണെന്നും ആരും പറഞ്ഞിട്ടല്ലെന്നും ഫാ. ജയിംസ് ഏർത്തയില്‍ അറിയിച്ചു. സി.എം.ഐ സഭയിലെ മുൻ പ്രോവിൻഷ്യാലും രാഷ്ട്രദീപികയുടെ മുൻ ചെയർമാനുമാണ് ഫാദര്‍ ജയിംസ് എര്‍ത്തയിൽ. വാഗ്ദാനങ്ങളിൽ വീഴില്ലെന്നും കന്യാസ്ത്രീ മടങ്ങി വരേണ്ട ഗതികേടുണ്ടായാൽ സംരക്ഷിക്കുമെന്നും സിസ്റ്റർ അനുപമയുടെ പിതാവ് വർഗീസും മാധ്യമങ്ങേളാട് പറഞ്ഞു. ശബ്ദരേഖ തെളിവായി പൊലീസിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ കേള്‍ക്കാം
ആരെയും ഒത്തുതീർപ്പിനായി ചുമതലപ്പെടുത്തിയിട്ടില്ല –ജലന്ധർ രൂപത
േകാട്ടയം: ബിഷപ് ഫ്രാേങ്കാ മുളക്കലിനെതിരെയുള്ള പരാതിയിൽ ആരെയും ഒത്തുതീർപ്പിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജലന്ധർ രൂപത. ഇത്തരത്തിൽ ഒരു ശ്രമവും നടത്തിയിട്ടില്ല. കന്യാസ്ത്രീയുമായി സംസാരിച്ച വൈദികന്‍ രൂപതയുമായി ഒരു ബന്ധവുമില്ല. കേസ് നിയമത്തിെൻറ വഴിയിലൂെട തന്നെ മുന്നോട്ട് പോകണമെന്നാണ് സഭയുെട നിലപാടെന്നും രൂപത ചാൻസലർ ഫാ. ജോസ് സെബാസ്റ്റ്യൻ പറഞ്ഞു.
വൈദികനെതിരെ കേസെടുക്കും
കോട്ടയം: ജലന്ധർ ബിഷപ്പിനെതിരെയുള്ള പരാതി പിൻവലിക്കാൻ വാഗ്ദാനങ്ങൾ നൽകിയ വൈദികനെതിരെ കേസെടുേത്തക്കും. വൈദികൻ ഫോണിൽ സംസാരിച്ച സിസ്റ്റർ അനുപമയുടെ മൊഴി ഞായറാഴ്ച അന്വേഷണസംഘം രേഖപ്പെടുത്തി. സ്വാധീനിക്കാൻ ശ്രമിച്ചതായി പരാതിയുണ്ടെന്ന് അന്വേഷണസംഘത്തെ അറിയിച്ച ഇവർ ഭൂമിയടക്കം വാഗ്ദാനം ചെയ്ത് മോനിപ്പള്ളി കുര്യനാട് ആശ്രമത്തിലെ ഫാ. ജയിംസ് എർത്തയിലാണ് ഫോണിൽ സംസാരിച്ചതെന്നാണ് ഇവർ അന്വേഷണസംഘത്തെ അറിയിച്ചിരിക്കുന്നത്. ഫോൺ നമ്പർ അടക്കം വിവരങ്ങളും കൈമാറി. കന്യാസ്ത്രീയുടെ പരാതി തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കുമെന്നും കോടതി അനുമതി നല്കിയാല് വൈദികനെതിരെ കേസെടുക്കുമെന്നും കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു.
ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി-വൈശാഖ് ചിത്രത്തിന് ‘മധുര രാജ’ എന്ന് പേരിട്ടു. മമ്മൂട്ടിയുടെ ഒഫിഷ്യല്‍ പേജിലൂടെയാണ് ടൈറ്റില്‍ പ്രഖ്യാപിച്ചത്. 2010ല്‍ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. പുലിമുരുകന് ശേഷം വൈശാഖ്-ഉദയ കൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ സഖ്യം വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
പോക്കിരിരാജ റിലീസ് ചെയ്ത് 8 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും വൈശാഖും അടുത്ത ചിത്രത്തിനായി ഒരുമിക്കുന്നത്.
പ്രിയരേ …
8 വര്‍ഷത്തെ കാത്തിരിപ്പാണ്,
മമ്മൂക്കയോടൊപ്പം വീണ്ടുമൊരു സിനിമ .
വലിയൊരു സ്വപ്നം കൂടിയായിരുന്നു അത് .
മധുരരാജ August 9 ന് തുടങ്ങുകയാണ് .
എല്ലാവരുടെയും പ്രാര്‍ത്ഥനകളും
അനുഗ്രഹവും ഉണ്ടാവണം .
ഹൃദയപൂര്‍വം,
വൈശാഖ് .
ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് വൈശാഖ് കുറിച്ചു. രണ്ടാഭാഗം പോക്കിരിരാജ എന്ന സിനിമയുടെ തുടര്‍ച്ചയല്ലെന്നും രാജാ എന്ന കഥാപാത്രത്തിന്റെ തുടര്‍ച്ചയാണെന്നും വൈശാഖ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ ആദ്യ ഭാഗത്തിലെ പൃഥ്വിരാജ് അടക്കമുള്ള അഭിനേതാക്കള്‍ ചിത്രത്തിലുണ്ടാകുമോ എന്ന് വ്യക്തമല്ല.
ഇന്ത്യയിലെ തന്നെ മികച്ച സാങ്കേതിക പ്രവര്‍ത്തകരും, വിഎഫ്എക്സ് ടീമും, താരങ്ങളും സഹകരിക്കുന്ന ചിത്രം, മലയാളം , തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരേ സമയം ചിത്രീകരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പോക്കിരിരാജ, രാജാധിരാജ, പുലിമുരുകന്‍, രാമലീല, ഒടിയന്‍ എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാര്‍ തന്നെയാണ് മധുര രാജയുടെയും ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഗോപി സുന്ദറാണ്.
അടുത്ത മാസം 9ന് ചിത്രീകരണം ആരംഭിക്കുന്ന മധുര രാജ നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മ്മിക്കുന്നത്. ചിത്രം വിതരണത്തിന് എത്തിക്കുന്നത് യു.കെ സിനിമാസാണ്.
ന്യൂഡൽഹി: ദളിതുകളുടേയും മതന്യൂനപക്ഷങ്ങളുടേയും ഇടയിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബുദ്ധിഹീനമായ ആക്രമണങ്ങളിൽനിന്നും ഇരകളെ രക്ഷിക്കുക എന്നതും അവർക്ക് പിന്തുണ നൽകുക എന്നതും പാർട്ടിയുടെ കടമയാണെന്നു രാഹുൽ പറഞ്ഞു. എഐസിസി അംഗങ്ങൾക്ക് എഴുതിയ കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
നിരവധി ബിജെപി നേതാക്കളിൽനിന്നും വിദ്വേഷ പ്രസ്താവനകൾ ഉണ്ടായി. പ്രത്യേക സമുദായത്തെ ലക്ഷ്യംവയ്ക്കാൻ നേതാക്കൾ അണികളെ പ്രോത്സാഹിപ്പിക്കുകയുമാണ്. ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യത്തിൽ ആക്രമിക്കാൻ പ്രാദേശിക ഗുണ്ടകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
വിദ്വേഷവും അക്രമവും വ്യാപിപ്പിക്കുന്ന പ്രവർത്തനം നടത്തുന്ന നരേന്ദ്ര മോദി സർക്കാരിനെ രാജ്യത്തെ ജനങ്ങൾ അംഗീകരിക്കുന്നില്ല. ആ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിനെതിരെ എല്ലാവരും നിൽക്കണം. നമ്മുടെ ജീവിതം മുഴുവൻ ഇതിനെതിരായി നിൽക്കണം. നാം അവരെ 2019 ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുമെന്നും രാഹുൽ കത്തിൽ പറഞ്ഞു.
കോഴിക്കോട് ∙ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ അട്ടിമറിക്കുന്ന നിലപാടുകൾ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓർഡിനൻസ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു 30നു രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ഹർത്താൽ നടത്തുമെന്ന് അയ്യപ്പ ധർമസേന ജനറൽ സെക്രട്ടറി ഷെല്ലി രാമൻ പുരോഹിത്, ഹനുമാൻ സേന ഭാരത് സംസ്ഥാന ചെയർമാൻ എ.എം. ഭക്തവൽസലൻ തുടങ്ങിയവർ പറഞ്ഞു. ഹർത്താലിനോടനുബന്ധിച്ചു തിങ്കളാഴ്ച വിവിധ ക്ഷേത്രങ്ങളിൽ പ്രാർഥനകൾ നടത്തും. അവശ്യ സർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു.
അതേസമയം ഹർത്താല്‍ ആഹ്വാനവുമായി തൃശൂരിലെ തിയേറ്ററുകളിൽ ഒരു സംഘം നോട്ടിസുകൾ വിതരണം ചെയ്തു. ഹർത്താൽ വിജയിപ്പിക്കണമെന്ന ആഹ്വാനമാണ് നോട്ടിസിലുള്ളത്. ഹൈന്ദവ സംഘടനാ വേദി കേരളം എന്ന പേരിലുള്ള നോട്ടിസുകളാണ് തൃശൂരിലെ വിവിധ സ്ഥാപനങ്ങളിലെത്തിയത്. സംഭവത്തിൽ തിയേറ്ററുടമ പൊലീസിൽ പരാതി നൽകി.
എന്നാൽ ചില സംഘടനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിനോടു സഹകരിക്കില്ലെന്നും സ്വകാര്യ ബസുകൾ കോട്ടയത്തു പതിവു പോലെ സർവീസ് നടത്തുമെന്നും പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.എസ്.സുരേഷ് അറിയിച്ചു. എംജി സർവകലാശാല പരീക്ഷകൾക്കൊന്നും മാറ്റമില്ല. കെഎസ്ആർടിസി പതിവു പോലെ സർവീസ് നടത്തുമെന്നു കോട്ടയം ഉൾപ്പെടുന്ന സെൻട്രൽ സോണിന്റെ ട്രാഫിക് ഓഫിസർ അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുമെന്നു കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് ബിജു അറിയിച്ചു.
ഹർത്താലുമായി സഹകരിക്കില്ലെന്ന് ആർഎസ്എസ് നേതൃത്വവും അറിയിച്ചിട്ടുണ്ട്. ഹർത്താലിനു ഹിന്ദു ഐക്യവേദിയുടെ പിന്തുണയില്ലെന്നു സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജുവും അറിയിച്ചു. ശബരിമലയുടെ പേരിൽ 30ന് ആഹ്വാനം ചെയ്തിട്ടുള്ള ഹർത്താലിൽ സമുദായത്തിനു പങ്കില്ലെന്ന് അഖില കേരള വിശ്വകർമ മഹാസഭ ഡയറക്ടർ ബോർഡ് യോഗം അറിയിച്ചു. ആയിരക്കണക്കിനു വർഷംകൊണ്ട് ഉയർന്നുവന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇതിനകംതന്നെ ഏറെ ഭേദഗതി ചെയ്യപ്പെട്ട ഭരണഘടനകൊണ്ട് അളന്നുകളയാമെന്നു വിചാരിക്കുന്നതു ചരിത്രവിരുദ്ധമാണെന്നു സംസ്ഥാന പ്രസിഡന്റ് പി.ആർ. ദേവദാസ് പറഞ്ഞു.
ഹർത്താലിനു പിന്നിൽ ആരാണെന്നു കണ്ടെത്താൻ സർക്കാർ അന്വേഷണം നടത്തണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടു. ഹർത്താലുമായി ആർഎസ്എസിനു ബന്ധമില്ല. ചില സംഘടനകൾ ഹിന്ദു സംഘടനകളെന്ന പേരിൽ ഹർത്താൽ പ്രഖ്യാപനം നടത്തിയിരിക്കുകയാണെന്നും പ്രാന്ത കാര്യവാഹക് പി. ഗോപാലൻകുട്ടി അറിയിച്ചു.
ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശന വിഷയം തെരുവിൽ പരിഹരിക്കേണ്ടതല്ല. പ്രശ്‌നം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ക്ഷേത്രവിശ്വാസികളുടെ ഇടയിലെ ബോധവൽക്കരണത്തിലൂടെ അഭിപ്രായ സമന്വയം കണ്ടെത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.
വോളിബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരളത്തിന്റെ അഭിമാന താരം ടോം ജോസഫ്. ഏതാനും വര്‍ഷങ്ങളായി വോളി അസോസിയേഷനിലുള്ളത് അഴിമതിയും, കീശവീര്‍പ്പിക്കലും മാത്രമാണെന്ന് പറഞ്ഞ ടോം ഫെബ്രുവരിയില്‍ നടന്ന ദേശീയ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട കണക്കുകളില്‍ സുതാര്യതയില്ലെന്ന ആരോപണത്തെ ശരിവെക്കുന്ന നിലപാടാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അസോസിയേഷന്‍ തലപ്പത്ത് അഴിമതിക്കാരും രാഷ്ട്രീയസ്വാധീനത്തില്‍ കയറിക്കൂടിയ കള്ളന്മാരുമാണെന്നാണ് താരം ആരോപിച്ചിരിക്കുന്നത്. വോളിബോള്‍ അസോസിയേഷനിലടക്കം നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും നിങ്ങള്‍ കാണാത്തതാണോ കണ്ടില്ലെന്ന് നടിക്കുന്നതാണോയെന്ന് കായിക മന്ത്രിയോടും കായിക കേരളത്തോടും ചോദിക്കുന്ന രീതിയിലാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഫണ്ടില്‍ കയ്യിട്ടു വാരാത്ത പണക്കൊതിയന്മാരായ നല്ല സംഘാടകര്‍ പണ്ട് ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ ഉള്ളവരെല്ലാം അഴിമതി നടത്തുന്നവരാണെന്നും ടോം ആരോപിക്കുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കായിക കേരളത്തോട്.
കായിക ഭരണകർത്താക്കളോട് .
കായിക മന്ത്രിയോട്.
ഒരേയൊരു ചോദ്യം.
നിങ്ങളെന്താണിങ്ങനെ.
അന്ധരായതുകൊണ്ടോ
അന്ധത നടിക്കുന്നതുകൊണ്ടോ …
കളിയാണ് എന്നെ ഞാനാക്കിയത്.
കളിയാണ് എനിക്ക് ജീവിതവും ജോലിയും തന്നത്.
ഉള്ളതു തുറന്നുപറഞ്ഞതുകൊണ്ടാണ് ഞാൻ അനഭിമതനായത്. പറയാനുള്ളത് ഇനിയും പറഞ്ഞു കൊണ്ടേയിരിക്കും.
ഒരിക്കൽ, ഇന്നും.
വോളിമ്പോൾ കായിക കേരളത്തിന്റെ സ്പന്ദനമാണ്.
പപ്പനും, ജിമ്മി ജോർജും, ഉദയകുമാറും,സിറിൾ സി.വള്ളൂരും ഏലമ്മയും, സലോമി രാമുവും, കപിൽദേവുമെല്ലാം ഒരോ വോളി പ്രേമിക്കും സമ്മാനിച്ചത് ഓർമയുടെ ഇടിമുഴക്കങ്ങളാണ്. ആ പ്രതാപകാലം ഉള്ളതുകൊണ്ടു കൂടിയാണ് ഇന്നും ഓരോ വോളി മൈതാനവും കളിയാരവങ്ങളാൽ നിറയുന്നത്.
ആലുവ ടോർപിഡോയും, പാസ് കുറ്റ്യാടിയും, വടകര ജിംഖാനയുമൊക്കെ വോളി പ്രേമികൾ നെഞ്ചേറ്റിയത് കളിമികവുകൊണ്ടും സംഘാടന മികവും കൊണ്ടാണ്.
വോളി അസോസിയേഷന് നല്ലസംഘാടകരുണ്ടായിരുന്നു.
പണകൊതിയൻമാരല്ലാത്ത, ഫണ്ടിൽ കയ്യിട്ടുവാരാത്ത നേതൃത്വവുമുണ്ടായിരുന്നു.
കളിക്കാരുടെ ഉന്നമനത്തിനും വോളിയുടെ വളർച്ചക്കും അവർ നിലകൊണ്ടിരുന്നു.
ഇന്നല്ല.
ഒരു പാട് മുൻപ്.
രാഷ്ട്രീയ നേതൃത്വത്തിന്റെ ബന്ധവും അടുപ്പവും വച്ച്
വോളി അസോസിയേഷന്റെ തലപ്പത്ത് അഴിമതിക്കാരും, കള്ളൻമാരും വരുന്നതിന് മുൻപുള്ള കാലമാണത്.
കളിയെ, കായികത്തെ വീണ്ടെടുക്കേണ്ട കായീക ഭരണാധികാരികൾ എന്തേ ഇതൊന്നും കാണാതെ പോകുന്നത്.
ഏതാനും വർഷങ്ങളായി വോളി അസോസിയേഷനിലുള്ളത് അഴിമതിയും, കീശവീർപ്പിക്കലും മാത്രമാണ്.
നിങ്ങൾ കണ്ടില്ലേ കോഴിക്കോട് നടന്ന ദേശീയ വോളി ചാമ്പ്യൻഷിപ്പിന്റെ കണക്കവതരണം.
അഴിമതി റിപ്പോർട്ടുകൾ.
ആർക്കുവേണ്ടിയായിരുന്നു അത്.
എന്നിട്ടും എന്തെ നടപടി എടുക്കേണ്ടവർ മുഖം തിരിക്കുന്നത്.
അഴിമതിക്കാരെ സംരക്ഷിക്കാനാണെങ്കിൽ,താരങ്ങളെ ചൂഷണം ചെയ്യുന്നവരെ പിന്തുണക്കാനാണെങ്കിൽ.
കീശ വീർപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനാണെങ്കിൽ.
എന്തിനാണ് സർ നമുക്കിങ്ങനെയൊരു വകുപ്പ്.
എന്തിനാണ് സർ നമുക്കിങ്ങനെയൊരു സ്പോട്സ് കൗൺസിൽ.
എന്തിനാണ് സർ
കായികതാരങ്ങളെ,
വോളി കളിക്കാരെ,
കായിക കേരളത്തെ തന്നെ ഇങ്ങനെ പറ്റിക്കുന്നത്….
പട്ന∙ ബിഹാറിലെ മുസഫർപുരിലുള്ള സർക്കാർ അഭയകേന്ദ്രത്തിൽ 34 പെൺകുട്ടികൾ പീഡനത്തിനിരയായ സംഭവം സിബിഐ അന്വേഷിക്കും. ഏഴിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള, സംസാരശേഷിയില്ലാത്ത പെൺകുട്ടികൾ പോലും അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ സംഭവം രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തത്. മാത്രമല്ല, അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട ഒരു പെൺകുട്ടിയെ ജീവനക്കാർതന്നെ കൊന്നു കുഴിച്ചുമൂടിയതായി മറ്റ് അന്തേവാസികൾ മൊഴി നൽകി. ഈ മൊഴിയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി.
അന്തേവാസികളായ പെൺകുട്ടികൾ പീഡനത്തിനിരയാകുന്നതായി പരാതിയുയർന്നതിനെ തുടർന്ന് അഭയകേന്ദ്രം അടച്ചുപൂട്ടിയിരുന്നു. ബ്രജേഷ് താക്കൂർ എന്നയാളുടെ നേതൃത്വത്തിൽ സങ്കൽപ് ഇവാൻ വികാസ് സമിതി എന്ന എൻജിഒയാണ് അഭയകേന്ദ്രം നടത്തിയിരുന്നത്. 2013 ഒക്ടോബറിലാണ് ബിഹാർ സമൂഹ്യക്ഷേമ വകുപ്പ് ഈ അഭയകേന്ദ്രത്തിന്റെ നടത്തിപ്പ് ബ്രജേഷ് താക്കൂറിന്റെ എൻജിഒയ്ക്കു കൈമാറിയത്. അതിനുശേഷം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏതാണ്ട് 470 അന്തേവാസികൾ ഈ അഭയകേന്ദ്രത്തിൽ വന്നിട്ടുണ്ടെന്നാണ് കണക്ക്.
പീഡനവിവരം പുറത്തായതിനെ തുടർന്ന് പൊലീസ് പരിശോധന നടത്തുമ്പോൾ 42 അന്തേവാസികളാണ് ഇവിടെ ഉണ്ടായിരുന്നത്. പൊലീസ് രക്ഷപ്പെടുത്തിയ പെൺകുട്ടികളിൽ 16 പേർ പീഡനത്തിനിരയായതായി ആദ്യഘട്ട വൈദ്യപരിശോധനയിൽ തെളിഞ്ഞിരുന്നു. എന്നാൽ, പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ ആകെ 34 പെൺകുട്ടികൾ പീഡനത്തിന് ഇരയായതായി വ്യക്തമായെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാരും ജില്ലാ ശിശുസംരക്ഷണ ഓഫിസറും ഉൾപ്പെടെ 10 പേർ അറസ്റ്റിലായിട്ടുണ്ട്.
സംരക്ഷകർ തന്നെ വേട്ടക്കാരായി മാറിയ ഞെട്ടിക്കുന്ന കഥയാണ് അഭയകേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടികൾ പ്രത്യേക പോസ്കോ കോടതിക്കു മുന്നിൽ വെളിപ്പെടുത്തിയത്. മയക്കുമരുന്ന് കലർത്തിയ ഭക്ഷണമാണ് മിക്ക ദിവസവും ലഭിച്ചിരുന്നതെന്ന് ഇവർ കോടതിക്കു മുന്നിൽ കണ്ണീരോടെ ഏറ്റുപറഞ്ഞു. ഭക്ഷണശേഷം മയക്കം അനുഭവപ്പെടുന്ന തങ്ങളെ പൂർണ നഗ്നരാക്കിയാണു മിക്ക ദിവസവും കിടത്തിയിരുന്നത്.
ഊഴമനുസരിച്ച് ഓരോരുത്തരെയും ഓരോ മുറിയിലേക്ക് പറഞ്ഞയയ്ക്കുന്ന പതിവുമുണ്ടായിരുന്നു. ‘ഇന്ന് ബ്രജേഷ് സാറിന്റെ മുറിയിൽ കിടക്കാൻ ആന്റിമാർ ഇടയ്ക്ക് പറയും. ചില സന്ദർശകർ വരുമെന്ന് അവർ പരസ്പരം പറയുന്നതു കേൾക്കാം. രാവിലെ എഴുന്നേൽക്കുമ്പോൾ മിക്ക ദിവസവും എന്റെ വസ്ത്രങ്ങൾ ഊരിമാറ്റിയ നിലയിലായിരിക്കും. ദേഹമാകെ വല്ലാത്ത നീറ്റലും’ – പത്തുവയസ്സുകാരിയായ ഒരു പെൺകുട്ടി കോടതിയിൽ വെളിപ്പെടുത്തി.
പീഡനത്തെ എതിർക്കുന്നവരെ അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാർ അതിക്രൂരമായാണ് പീഡിപ്പിച്ചിരുന്നതെന്നും ഇവർ വെളിപ്പെടുത്തുന്നു. ‘തിളച്ച വെള്ളവും എണ്ണയും ദേഹത്തൊഴിച്ച് പൊള്ളിക്കും. വയറ്റിൽ തൊഴിക്കും. വസ്ത്രങ്ങളഴിച്ചുമാറ്റി അതിക്രൂരമായി മർദ്ദിക്കും’ – പെൺകുട്ടികൾ പറയുന്നു. ലൈംഗിക പീഡനം സഹിക്കവയ്യാതെ പൊട്ടിയ കുപ്പിച്ചില്ലുകൾ ഉപയോഗിച്ച് ദേഹത്ത് മുറിവുണ്ടാക്കിയിരുന്ന കാര്യവും ഇവർ കോടതിക്കു മുന്നിൽ കണ്ണീരോടെ ഏറ്റുപറഞ്ഞു.
അതേസമയം, അഭയകേന്ദ്രത്തിൽനിന്ന് പെൺകുട്ടികളുടെ കരച്ചിൽ പതിവായി കേൾക്കാറുണ്ടായിരുന്നെന്നു പേരുവെളിപ്പെടുത്താത്ത, സമീപവാസിയായ സ്ത്രീ ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി. അവിടെ നടക്കുന്നത് എന്താണെന്ന് അയൽക്കാർക്കുപോലും കാര്യമായ ധാരണയുണ്ടായിരുന്നില്ല. അവിടെ നിന്നും കരച്ചിൽ കേട്ടാലും പോയി നോക്കാൻ ഞങ്ങൾക്ക് ഭയമായിരുന്നു. ബ്രജേഷ് താക്കൂറിനോടുള്ള (അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ) ഭയമായിരുന്നു കാരണം – ഇവർ പറയുന്നു.
അഭയകേന്ദ്രത്തിലെ പെൺകുട്ടികളെ പുറത്തുകാണുന്നതുപോലും വിരളമായിരുന്നു. ഇവരെ താമസിപ്പിച്ചിരുന്ന ക്വാർട്ടേഴ്സിന് ജനാലകൾ ഇല്ലായിരുന്നുവെന്നും ചെറിയ വെന്റിലേറ്ററുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും അയൽവാസികൾ ചൂണ്ടിക്കാട്ടി.
മുസാഫര്‍പൂറിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ ഒരു സന്നദ്ധ സംഘടന നടത്തിയ കൗണ്‍സലിങ്ങിലാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂരത മറനീക്കി പുറത്തുവന്നത്. മുസഫര്‍പുരില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രത്തില്‍ 42 കുട്ടികളാണുള്ളത്. ഇതില്‍ ഏഴുവയസുകാരി ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാവാത്ത 34 പെണ്‍കുട്ടികളാണ് ക്രൂരമായ ബലാല്‍സംഗത്തിനും മാനസിക പീഡനത്തിനും ഇരയായത്.
പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സന്നദ്ധ സംഘടനയാണ് പൊലീസിനെയും വനിതാകമ്മിഷനെയും സമീപിച്ചത്. തുടര്‍ന്ന് അഭയകേന്ദ്രത്തിലെത്തിയ സാമുഹ്യക്ഷേമവകുപ്പ് മന്ത്രി മജ്ജു വര്‍മ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. പെണ്‍കുട്ടികളെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കി. പട്ന മെഡിക്കല്‍ കോളജ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 16 പേരും ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായെന്ന് വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടികളുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ട്. മാനസിക അസ്വാസ്ഥ്യം കാണിച്ച പത്തുപെണ്‍കുട്ടികളെ കൂടി വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
അഭയകേന്ദ്രത്തിലെ ചുമതലക്കാരാണ് പീഡനത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതുകൂടാതെ ആവശ്യക്കാരെ അഭയകേന്ദ്രത്തില്‍ വിളിച്ചുവരുത്തി പെണ്‍കുട്ടികളെ കാഴ്ചവയ്ക്കുന്ന രീതിയുമുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും എഫ്ഐആറിലുണ്ട്. ഹോട്ടലുകളിലും വീടുകളിലും പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തതും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂടിയായ ചുമതലക്കാര്‍ തന്നെ. ഇതൊക്കെ നടന്നത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാരുടെ പൂര്‍ണസമ്മതത്തോടെയാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവം വിവാദമായതോടെ അഭയകേന്ദ്രത്തിലെ കൂടുതല്‍ കെടുകാര്യസ്ഥതകള്‍ പുറത്തായി. ചെറിയ തെറ്റുകള്‍ക്കുപോലും പെണ്‍കുട്ടികള്‍ക്ക് ക്രൂരമായ പീഡനം ഏറ്റുവാങ്ങേണ്ടിവന്നിരുവത്രെ. ഇതിനിടെയാണ് അന്തേവാസിയായ പത്തുവയസുകാരിയെ കാണാതാകുന്നത്. രണ്ടാഴ്ച മുമ്പ് കാണാതായെങ്കിലും പൊലീസിനെ അറിയിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. പെണ്‍കുട്ടിയെ ജീവനക്കാര്‍ തന്നെ കൊന്നതാണെന്ന് നാട്ടുകാരും സന്നദ്ധ സംഘടനകളും ആരോപിച്ചു.
ഇതിനെതുടര്‍ന്ന് അഭയകേന്ദ്രത്തില്‍ പൊലീസ് പരിശോധന നടത്തി. മൃതദേഹത്തിനായി പരിസരപ്രദേശങ്ങളില്‍ മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ച് കുഴിച്ചുനോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
കൊച്ചി: മത്സ്യ വില്‍പ്പന നടത്തി ഉപജീവന മാര്‍ഗം തേടിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെതിര സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണവും തെറിവിളിയും നടത്തിയ ഒരാള്‍കൂടി പോലീസ് പിടിയില്‍. ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനാണ് പോലീസ് പിടിയിലായിരിക്കുന്നത്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് സൂചന. ഹനാന്‍ ഒരു സിനിമയുടെ മാര്‍ക്കറ്റിംഗിന് വേണ്ടിയാണ് മത്സ്യ വില്‍പ്പന നടത്തിയതെന്ന വ്യാജ പ്രചരണം നടത്തിയ വയനാട് സ്വദേശി നൂറുദ്ദീനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വ്യാജപ്രചരണം തുടങ്ങിവെച്ച ഫെയിസ്ബുക്ക് പേജുകളെ ആസ്പദമാക്കിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. നൂറുദ്ദീന്‍ എന്ന വയനാട് സ്വദേശിയാണ് ആദ്യമായി വ്യാജ ആരോപണം ഉന്നയിച്ചത്. ഇയാളുടെ ഫെയിസ്ബുക്ക് ലൈവിന് പിന്നാലെ തെറിവിളികളുമായി ചിലര്‍ രംഗത്ത് വരികയായിരുന്നു. ഹനാനെ അപമാനിച്ചനവര്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
നടപടിയുണ്ടാകുമെന്ന് ഉറപ്പായതോടെ പലരും അശ്ലീല പോസ്റ്റുകള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ പിന്‍വലിക്കപ്പെട്ടവ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈബര്‍ സെല്‍. ഉപജീവനമാര്‍ഗത്തിനായി മത്സ്യ വ്യാപാരം ആരംഭിച്ച ഹനാനെക്കുറിച്ച് വന്ന പത്ര വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഹനാന്‍ ജനശ്രദ്ധ നേടാന്‍ വേണ്ടി പെയ്ഡ് ന്യൂസ് ചെയ്യിപ്പിക്കുകയായിരുന്നുവെന്നാണ് പ്രധാന ആരോപണം.