പാഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,000 കോടി രൂപ വായ്പ എടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോഡിയുടെ ഗ്യാരേജില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന ആഢംബര വാഹനങ്ങള്‍ കണ്ടുകെട്ടി. എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ നടത്തിയ റെയിഡിലാണ് കോടികള്‍ വിലമതിക്കുന്ന കാറുകള്‍ പിടിച്ചെടുത്തത്.
അഞ്ചര കോടി രൂപ വില വരുന്ന റോള്‍സ് റോയ്സ് ഗോസ്റ്റ്, ഒന്നര കോടി വിലയുള്ള രണ്ട് ബെന്‍സ് ജിഎല്‍ ക്ലാസ് കാറുകള്‍, രണ്ടു കോടി രൂപ വിലയുള്ള പോര്‍ഷെ പനമെര, ഹോണ്ടയുടെ മൂന്ന് കാറുകള്‍, ടൊയോട്ടയുടെ ഫോര്‍ച്ച്യൂണര്‍, ഇന്നോവ എന്നീ വാഹനങ്ങള്‍ എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തു. പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് നേടിയ പണം തിരിച്ചു പിടിക്കാനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായാണ് മോഡിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത്.
എന്നാല്‍ താന്‍ പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ചിട്ടില്ലെന്നും ബാങ്ക് നടത്തുന്ന കുപ്രചരണങ്ങള്‍ തന്റെ ബ്രാന്റിനെ പ്രതികൂലമായി ബാധിച്ചുവെന്നും ആരോപിച്ച് നീരവ് മോഡി രംഗത്തു വന്നിരുന്നു. അതേസമയം നീരവ് മോഡിയെ ഇന്ത്യയിലെത്തിച്ച് തട്ടിപ്പ് വിവാദത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ സ്വത്ത് സ്വകാര്യ സ്വത്താണെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഹൈക്കോടതിയില്‍ നല്കിയ വിശദീകരണം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. അതിരൂപത ട്രസ്റ്റ് രജിസ്ട്രേഷന് ആണ് നടത്തിയിരിക്കുന്നതെന്ന് തെളിയിക്കുന്ന ആദായ നികുതി വകുപ്പിന്റെ കത്ത് പുറത്തായി. അതിരൂപതയ്ക്ക് ട്രസ്റ്റുകള്‍ക്ക് നികുതിയിളവ് നല്‍കിയിരികുന്ന 12എ രജിസ്ട്രേഷന് അനുവദിച്ചിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു.
അതിരൂപതയുടെ പാന്‍കാര്‍ഡ് വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ട്രസ്റ്റുകള്‍ക്ക് അനുവദിക്കുന്ന പാന്‍കാര്‍ഡ് ആണ് അതിരൂപതയ്ക്കുള്ളതെന്നും ഒരു വാര്‍ത്താ ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിരൂപതയിലെ ഭൂമി വില്പനയുമായി ബന്ധപ്പെട്ട കേസിലാണ് സ്വകാര്യ സ്വത്താണെന്ന നിലപാട് കര്‍ദ്ദിനാള്‍ ഹൈക്കോടതിയില്‍ എടുത്തത്. സഭയുടെ സ്വത്ത് സ്വകാര്യ സ്വത്താണെന്നും അത് കൈമാറ്റം ചെയ്യാന്‍ തനിക്ക് പൂര്‍ണ്ണ അധികാരമുണ്ടെന്നും പണം വന്നോ ഇല്ലയോ എന്ന് മൂന്നാം കക്ഷി അന്വേഷിക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു കര്‍ദ്ദിനാളിന്റെ വിശദീകരണത്തിന്റെ ചുരുക്കം. ഇതിനെതിരെ വിശ്വാസികള്‍ ഇന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് ആസ്ഥാനത്ത് വായ്മൂടിക്കെട്ടി പ്ലാക്കാര്‍ഡുകളുമായി ഇരുന്ന് പ്രതിഷേധിക്കുകയാണ്.
വാഷിംഗ്ടണ്‍: സ്കൂളുകളിലുണ്ടാകുന്ന വെടിവെപ്പ് തടയാന്‍ അധ്യാപകര്‍ക്ക് തോക്കുകള്‍ നല്കിയാല് മതിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്ളോറിഡയില്‍ സ്കൂളിലുണ്ടായ വെടിവെപ്പില്‍ 17 പേര് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ട്രംപിന്റെ പ്രശ്നപരിഹാരം. ഫ്ളോറിഡയിലെ വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളുമായും മരിച്ചവരുടെ മാതാപിതാക്കളുമായും നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ട്രംപ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച വികാരനിര്‍ഭരമായിരുന്നു.
പരിശീലനം ലഭിച്ച അധ്യാപകരും സുരക്ഷാ ജീവനക്കാരുമുണ്ടെങ്കില്‍ സ്കൂളില്‍ കുട്ടികള്‍ തോക്കുമായി എത്തുന്നതും വെടിവെയ്ക്കുന്നതും തടയാനാകുമെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ട്രംപിന്റെ അഭിപ്രായത്തോട് അനുകൂല നിലപാടല്ല മാതാപിതാക്കളുടെയും അധ്യാപകരുടെയും ഭാഗത്തു നിന്നുണ്ടായത്. ഇപ്പോള്‍ത്തന്നെ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ അധ്യാപകര്‍ക്കുണ്ടെന്നും ആയുധപരിശീലനവും സുരക്ഷാച്ചുമതലയും കൂടി ഏല്‍പ്പിച്ച് അവരില്‍ അധിക സമ്മര്‍ദ്ദം ഏല്‍പ്പിക്കരുത് എന്നുമാണ് കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്.
ഫ്ളോറിഡ വെടിവെയ്പ്പിനെത്തുടര്‍ന്ന് അമേരിക്കയിലെമ്പാടും ജനരോഷം ശക്തമാണ്. ഈ സാഹചര്യത്തില്‍ രാജ്യത്ത് തോക്കുപയോഗത്തിന് നിയന്ത്രണം വരുത്താനും തീരുമാനമായിട്ടുണ്ട്. സെമി ഓട്ടോമാറ്റിക് തോക്കുകളെ ഓട്ടോമാറ്റിക് തോക്കുകളാക്കി മാറ്റാന്‍ ഉപയോഗിക്കുന്ന ബംപ് സ്റ്റോക് ഉള്‍പ്പടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ട്രംപ് നീതിന്യായ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അര്‍ത്തുങ്കല്‍ പള്ളി ഹൈന്ദവ ക്ഷേത്രമായിരുന്നുവെന്ന പരാമര്ശത്തിന്മേലുള്ള കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരാകരിച്ചു. ബിജെപി സൈദ്ധാന്തികനും ജനംടിവിയിലെ അവതാരകനുമായ ടി.ജി. മോഹന്‍ദാസാണ് അര്‍ത്തുങ്കല്‍ പള്ളി ക്ഷേത്രമായിരുന്നുവെന്നും ക്രിസ്ത്യാനികള്‍ അത് പള്ളിയാക്കി മാറ്റിയതാണെന്നുമുള്ള പ്രസ്താവന ട്വിറ്ററിലൂടെ നടത്തിയത്.
ഈ പ്രസ്താവന വര്‍ഗീയ കലാപം ലക്ഷ്യമിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടി എഐവൈഎഫ് നേതാവ് ജിസ്മോനാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മോഹന്‍ദാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
കേസില്‍ ശരിയായ അന്വേഷണം നടന്നില്ലെങ്കില്‍ വര്‍ഗീയ കലാപത്തിന് വഴിവെക്കുമെന്നാണ് ജസ്റ്റിസ് കമാല്‍ പാഷയുടെ നിരീക്ഷണം. അര്‍ത്തുങ്കല്‍ പൊലീസിന് അന്വേഷണം തുടരാമെന്നും എന്നാല്‍ മോഹന്‍ദാസിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കരുതെന്നും കമാല്‍ പാഷ പറഞ്ഞു.
പള്ളിയുടെ അള്‍ത്താര, പണിക്കിടയില്‍ പൊളിഞ്ഞുവീണുകൊണ്ടേയിരുന്നുവെന്നും പാതിരിമാര്‍ ജ്യോത്സ്യനെക്കണ്ട് അവിടെ നിന്നുള്ള ഉപദേശപ്രകാരം ശ്രീകോവിലിന്റെ സ്ഥാനത്ത് നിന്ന് അള്‍ത്താര മാറ്റിയെന്നും ടി.ജി മോഹന്‍ദാസ് പറഞ്ഞിരുന്നു. സി.ആര്.പി.സി. 153(എ) വകുപ്പ് പ്രകാരമാണ് ടി.ജി മോഹന്‍ ദാസിനെതിരെ കേസെടുത്തത്.
കൊച്ചി: സീറോ മലബാര്‍ സഭയിലെ ഭൂമി വിവാദത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വിശ്വാസികളുടെ പ്രതിഷേധം. ആലഞ്ചേരി സ്ഥാനമൊഴിയണമെന്ന ആവശ്യവുമായി ഒരു സംഘം വിശ്വാസികള്‍ വിഷപ്പ് ഹൗസിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. ആര്‍ച്ച് ഡയോഷ്യന്‍ മൂവ്മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.
ഹൈക്കോടതിയില്‍ നിലവിലുള്ള ഹര്‍ജികളില്‍ കര്‍ദിനാള്‍ നല്കിയ വിശദീകരണം തൃപ്തമല്ലെന്ന് പ്രതിഷേധം നടത്തിയവര്‍ വ്യക്തമാക്കി. ആവശ്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായി വായമൂടിക്കെട്ടിയാണ് ഇവര്‍ പ്രതിഷേധിച്ചത്. സഭയുടേത് പൊതുസ്വത്തല്ലെന്നും അത് കൈമാറ്റം ചെയ്യാന്‍ തനിക്ക് അധികാരമുണ്ടെന്നുമായിരുന്നു കഴിഞ്ഞ ദിവസം മാര്‍ ആലഞ്ചേരി നല്കിയ വിശദീകരണം.
കൈമാറ്റത്തില്‍ പണം ലഭിച്ചോ ഇല്ലയോ എന്ന കാര്യം മൂന്നാം കക്ഷി അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും കോടതിയില്‍ നല്കിയ വിശദീകരണത്തില്‍ ആലഞ്ചേരി പറഞ്ഞിരുന്നു. എന്നാല്‍ സഭയുടെ സ്വത്ത് ട്രസ്റ്റിന്റേതാണെന്നും അത് സ്വകാര്യ സ്വത്തല്ലെന്നുമാണ് പരാതിക്കാര്‍ പറയുന്നത്.
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ നിലപാടുകളെ നിരാകരിച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വം. വിഷയത്തില്‍ ഉള്‍പ്പെട്ട പാര്‍ട്ടി അംഗങ്ങളെ പുറത്താക്കാന്‍ സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശുഹൈബ് വധക്കേസ് പാര്‍ട്ടിയുടേതായ രീതിയില്‍ അന്വേഷിക്കുമെന്നും അതിനു ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നായിരുന്നു പി ജയരാജന്റെ നിലപാട്.
സംസ്ഥാന സമ്മേളനത്തിനു ശേഷം ശുഹൈബ് വധക്കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേ സമയം ശുഹൈബിന്റെ കൊലപാതകം പാര്‍ട്ടിയെ ദോഷകരമായി ബാധിച്ചതായി സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കണ്ണൂര്‍ ജില്ലയ്ക്ക് പുറത്തുള്ള പ്രദേശങ്ങളില്‍ കൊലപാതകം പാര്‍ട്ടിക്ക് ക്ഷീണം സൃഷ്ടിച്ചതായി ജില്ലാ പ്രതിനിധികള്‍ വിമര്‍ശിച്ചു.
സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി കഴിഞ്ഞ ദിവസം ആകാശ് തില്ലങ്കേരിയുടെ മൊഴി പുറത്തു വന്നിരുന്നു. ശുഹൈബിനെ കൊല്ലാന്‍ ഡിവൈഎഫ്ഐയുടെ ക്വട്ടേഷനുണ്ടായിരുന്നെന്നും ഡമ്മി പ്രതികളെ നല്‍കാമെന്ന് പാര്‍ട്ടി വാക്കു പറഞ്ഞിരുന്നതായും ആകാശ് തില്ലങ്കേരി പോലീസില്‍ നല്കിയ മൊഴിയില്‍ പറയുന്നു.
സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളന നഗറില്‍ ഏറ്റവും മുതിര്‍ന്ന സമ്മേളനപ്രതിനിധിയായ വിഎസ് അച്ച്യുതാനന്ദന് പതാക ഉയര്‍ത്തി. തുടര്‍ന്ന് പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി സീതാറാം യെചൂരി ഉദ്ഘാടനം ചെയ്യും. കൊടി ഉയർന്നതിനു പിന്നാലെ മാണി വിഷയത്തിൽ കലാപക്കൊടി ഉയർത്തി മുതിർന്ന നേതാവ് വി.എസ് അച്യുതാനന്ദൻ. കേരള കോൺഗ്രസ്-എം നേതാവ് കെ.എം മാണിയെ മുന്നണിയിലെടുക്കുന്നകാര്യം സമ്മേളനത്തിൽ ചർച്ച ചെയ്യരുതെന്ന് വി.എസ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം സീതാറാം യച്ചൂരിക്ക് കത്ത് നൽകി. അഴിമതിക്കാരെ ഉൾപ്പെടുത്താനുള്ള നീക്കം ഇടതുനയത്തിനു വിരുദ്ധമാണ്. മാണിയുമായുള്ള ബന്ധം ദേശീയ തലത്തിലുള്ള ഇടത് ഐക്യത്തെ ദുർബലപ്പെടുത്തുമെന്നും വി.എസ് കത്തിൽ പറയുന്നു.
ഇതിനിടെ മാണിക്കെതിരായ വി.എസിന്റെ കത്ത് ലഭിച്ചെന്ന് സിപിഎം കേന്ദ്രനേതൃത്വം സ്ഥിരീകരിച്ചു. കത്ത് ലഭിച്ചെന്നും വിഷയം ചർച്ച ചെയ്യും. മുതിർന്ന നേതാവ് എന്ന നിലയിൽ വി.എസിന്റെ നിലപാടിന് പ്രസക്തിയുണ്ടെന്നും കേന്ദ്രനേതൃത്വം പ്രതികരിച്ചു.
ഷുഹൈബ് വധത്തെച്ചൊല്ലി സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ചേരിതിരിവ്. കൊലപാതകം സ്വാഭാവിക പ്രതികരണമാണെന്ന് ജില്ലാനേതൃത്വത്തിന്റെ നിലപാടിനെ ശക്തമായി എതിര്‍ത്ത് പിണറായി വിജയനും സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിലയുറപ്പിച്ചു. പാര്‍ട്ടിക്കെതിരെ ബിജെപി നടത്തുന്ന പ്രചാരണത്തിന് ബലം പകരുന്നതാണ് കൊലപാതകമെന്ന് സംസ്ഥാനനേതൃത്വം വിമര്‍ശിക്കുന്നു. എന്നാല്‍ പൊലീസ് ഏകപക്ഷീയമായാണ് നടപടി സ്വീകരിക്കുന്നതെന്നാണ് ജില്ലാനേതൃത്വത്തിന്റെ വാദം. ഷുഹൈബ് വധം സംഘടനാതലത്തില്‍ അന്വേഷിക്കുന്നുണ്ടെന്ന ജില്ലാസെക്രട്ടറി പി.ജയരാജന്റെ നിലപാട് തള്ളി കോടിയേരി രംഗത്തെത്തിയിരുന്നു. പ്രതികളെ കണ്ടെത്തേണ്ട പണി പാര്‍ട്ടി ചെയ്യേണ്ട എന്നായിരുന്നു സംസ്ഥാനസെക്രട്ടറിയുടെ പ്രതികരണം.
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്. ഉത്തരകൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ അനുയായിയാണ് താനെന്നാണ് ജയരാജന്റെ ധാരണയെന്ന് കെ.സുധാകരന് വിമര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരപ്പന്തലില്‍ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്ന കെ.സുധാകരന്.
കമ്യൂണിസ്റ്റ് രാഷ്ട്രത്തിലെ ഏകാധിപതിയായ ഭരണാധികാരിയെപ്പോലെയാണ് ജയരാജന്റെ പെരുമാറ്റം എല്ലാത്തിനും മുകളില്‍ താനാണെന്ന് അദ്ദേഹത്തിന്റെ ധാരണ. പാര്‍ട്ടി ഭരണം ജനാധിപത്യത്തില്‍ അടിച്ചേല്‍പ്പിക്കുകയാണ് ജയരാജന് ചെയ്യുന്നത്. കാര്യങ്ങളെല്ലാം പാര്‍ട്ടിയുടെ കൈയ്യിലാണ് എന്ന ധാരണയുണ്ടെങ്കില്‍ അതൊരു അസുഖമാണ്. ഒരു തരം ഭ്രാന്താണ് ഇതെന്നും കെ.സുധാകരന് പറഞ്ഞു.
അധികാരത്തിന്റെ ലഹരിയില്‍ എല്ലാ ആളുകളേയും അടിച്ചമര്‍ത്തി മുന്നോട്ടുപോകുമ്പോള്‍ മനസിനകത്ത് വരുന്ന ഒരു തോന്നലുണ്ട്. താന്‍ എല്ലാത്തിനും മുകളിലാണെന്ന തോന്നല്‍. ആ തോന്നലാണ് ഒരു ഫാസിസ്റ്റിന് ജന്മം നല്‍കുന്നത്. ഈ തോന്നല്‍ പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ജനങ്ങള്‍ തന്നെ തിരുത്തിലിന് ഇറങ്ങിത്തിരിക്കേണ്ടി വരുമെന്നും കോണ്‍ഗ്രസ് നേതാവ് മുന്നറിയിപ്പ് നല്കി. ശുഹൈബിന് വധിച്ചവരുടെ സംഘം പരിശീലനം സിദ്ധിച്ച ക്രിമിനലുകളണെന്ന് സുധാകരന് ആവര്‍ത്തിച്ചു. ആകാശ് തില്ലങ്കേരി കൊലയാളി സംഘത്തില്‍ ഇല്ലെന്ന് പറഞ്ഞിട്ടില്ല. പക്ഷേ ശുഹൈബിനെ വെട്ടിയത് ആകാശ് അല്ലെന്നാണ് പറഞ്ഞതെന്നും സുധാകരന് പറയുന്നു.
ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഉത്തർപ്രദേശിലെ ലക്നോയിൽ 2,000 കോടി ചെലവിൽ ലുലു മാൾ നിർമിക്കുന്നു. 20 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ നിർമിക്കുന്ന ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ അയ്യായിരത്തിലേറെ പേർക്ക് തൊഴിൽ നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി പറഞ്ഞു. ലക്നോവിൽ നടന്ന യുപി ഇൻവെസ്റ്റേഴ്സ് മീറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് എം.എ. യൂസഫലി പുതിയ പ്രോജക്ടിന്റെ പ്രഖ്യാപനം നടത്തിയത്.
ഇരുന്നൂറിലധികം ദേശീയ-രാജ്യാന്തര ബ്രാൻഡുകളും 11 സ്ക്രീനുകളുള്ള മൾട്ടിപ്ലെക്സും 2,500 സീറ്റുകളുള്ള ഫുഡ് കോർട്ടും ഇരുപതിലധികം ഡൈനിംഗ് റസ്റ്ററന്റുകളുമുള്ളതായിരിക്കും മാൾ.
ലക്നോ ലുലു മാളിന്റെ ഒരു മിനിയേച്ചർ മോഡൽ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ എം.എ. യൂസഫലി അനാച്ഛാദനം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ഗവർണർ രാം നായിക്, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ വിദേശ പ്രതിനിധികൾ തടങ്ങിയവർ പങ്കെടുത്തു.
ചന്ദ്രനിലേക്ക് ഗവേഷണ ദൗത്യവുമായി പോകാനൊരുങ്ങുന്ന ഇന്ത്യയുടെ ചന്ദ്രയാന്‍-2 ന്റെ ചെലവ് ഹോളിവുഡ് ചിത്രം ഇന്റര്‍സ്റ്റെല്ലാറിനേക്കാളും കുറവ്. 800 കോടി രൂപയാണ് പുതിയ ദൗത്യത്തിനായി ഇന്ത്യ ചിലവഴിക്കാനൊരുങ്ങുന്നത്. അതേസമയം ഹോളിവുഡ് ചിത്രം ഇന്റര്‍സ്റ്റെല്ലറിനായി ചിലവാക്കിയിരിക്കുന്ന തുക 1,062 കോടി രൂപയാണ്(165 മില്ല്യണ്‍ ഡോളര്‍). 2013ല്‍ ഐഎസ്ആര്‍ഒയുടെ ചൊവ്വാ ദൗത്യത്തിന്റെ ചെലവ് ബഹിരാകാശം പശ്ചാത്തലമാക്കി നിര്‍മ്മിച്ചിരിക്കുന്ന മറ്റൊരു ഹോളിവുഡ് ചിത്രമായി ഗ്രാവിറ്റിയുടെ പ്രോഡക്ഷന്‍ ചെലവിനേക്കാള്‍ കുറവായിരുന്നു. ചൊവ്വാ മിഷനു വേണ്ടി 470 കോടി രൂപ ഐഎസ്ആര്‍ഒ ചെലവഴിച്ചപ്പോള്‍ അതേവര്‍ഷം പുറത്തിറങ്ങിയ ഗ്രാവിറ്റി സിനിമയുടെ ചെലവ് ഏതാണ്ട് 644 കോടി രൂപയായിരുന്നു. എങ്ങനെയാണ് ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങള്‍ ഇത്രയധികം ചിലവ് കുറഞ്ഞ രീതിയില്‍ ആസൂത്രണം ചെയ്യാന്‍ കഴിഞ്ഞത്? ഇത്രയും ചിലവ് കുറഞ്ഞ രീതിയില്‍ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ കഴിഞ്ഞുവെന്നതിന് ഉത്തരം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഐഎസ്ആര്‍ഒ ചെയര്മാന് ഡോ.ശിവന് വിശദീകരിക്കുന്നു.
ബഹിരാകാശ ദൗത്യത്തിന് ആവശ്യമായി ഉപകരണങ്ങളെ ലളിതമായ രീതിയില്‍ നിര്‍മ്മിച്ചെടുക്കുകയായിരുന്നു ഐഎസ്ആര്‍ഒ. മിഷന് ആവശ്യമായി വന്ന സിസ്റ്റങ്ങളുടെ ലഘു മാതൃകള്‍ നിര്‍മ്മിക്കുകയും ക്വാളിറ്റിയില്‍ വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുകയും ചെയ്താല്‍ വളരെ ചെലവ് കുറഞ്ഞ രീതിയില്‍ ബഹിരാകാശ ദൗത്യം ആസൂത്രണം ചെയ്യാന്‍ കഴിയുമെന്ന് ഡോ. ശിവന് പറയുന്നു. റോക്കറ്റിന്റെയോ സ്പേസ് ക്രാഫ്റ്റിന്റെയോ നിര്‍മ്മാണ ഘട്ടങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തുകയും ആവശ്യമുള്ള വസ്തുക്കള്‍ മാത്രം വിനിയോഗിക്കുകയും ഉപയോഗിക്കുന്നവയില്‍ നിന്നും ഒട്ടും മാലിന്യങ്ങള്‍ വരുത്താതിരിക്കുകയും ചെയ്താല്‍ ചെലവ് നിയന്ത്രിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറയുന്നു. ചന്ദ്രന്റെ പ്രതലത്തിലൂടെ സഞ്ചരിച്ച് നിരീക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഏറ്റെടുത്ത് കൊണ്ടുള്ള ദൗത്യമായ ചന്ദ്രയാന്‍-2 ഏപ്രിലോടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
ഭൂമിയില്‍ നിന്നുള്ള ചന്ദ്രന്റെ സ്ഥാനം തുടങ്ങി നിരവധി ഘടകങ്ങള്‍ പരിഗണിച്ച് ചന്ദ്രയാന്‍-2 വിക്ഷേപണത്തിയതി പ്രഖ്യാപിക്കാന്‍ കഴിയൂ. അതുകൊണ്ടുതന്നെ വിക്ഷേപണ സമയം പിന്നീട് അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏപ്രിലില്‍ വിക്ഷേപണം നടന്നില്ലെങ്കില്‍ നവംബറിലേക്ക് മാറ്റിവെക്കുമെന്നും ഡോ. ശിവന് പറയുന്നു. ചന്ദ്രയാന്‍-2 ദൗത്യവുമായി ബന്ധപ്പെട്ട് വ്യത്യസ്തങ്ങളായ പരീക്ഷണ ടെസ്റ്റുകള്‍ വിവിധ ഐഎസ്ആര്‍ഒ കേന്ദ്രങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും. ബംഗളൂരു, മഹേന്ദ്രഗിരി, ചിത്രദുര്‍ഗ്ഗ തുടങ്ങിയ കേന്ദ്രങ്ങളിലാണ് ഹസാര്‍ഡ്സ് അവോയിഡന്‍സ് ടെ്സ്റ്റ് ലാന്‍ഡിംഗ് ടെസ്റ്റ് തുടങ്ങിയവ നടക്കുന്നതെന്നും ഡോ. ശിവന് കൂട്ടിച്ചേര്‍ത്തു.