സ്വന്തം ലേഖകന്‍

ചെങ്ങന്നൂര്‍ :   ‘ ഈ വീട്ടില്‍ പത്ത് വയസില്‍ താഴെയുള്ള കുട്ടിയുണ്ട് , വീട്ടില്‍ കയറരുത് , നോട്ടീസ് ഗേറ്റിന് പുറത്തിടുക ’ , നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരിലെ വീടുകള്‍ക്ക് പുറത്തുള്ള നോട്ടീസിലെ വരികളാണിത്. കശ്മീരില്‍ സംഘപരിവാര്‍ അരും കൊലചെയ്ത ആസിഫയുടെ മരണത്തില്‍ വേറിട്ട പ്രതിഷേധവുമായാണ് ചെങ്ങന്നൂരിലെ ആളുകള്‍ ബിജെപിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം നോട്ടീസുകളുടെ കോപ്പി വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

കൂടാതെ തിരുവന്തപുരം ജില്ലയിലെ കളമച്ചലില്‍ ആസിഫയുടെ കൊലപാതകത്തിനെതിരെ വ്യത്യസ്തമായ പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്. ‘ സംഘികള്‍ക്ക് ഈ വീട്ടില്‍ പ്രവേശനമില്ല, ഇവിടെയും കുഞ്ഞു മക്കളുണ്ട് ’ എന്ന പോസ്റ്ററുകളാണ് വിടുകള്‍ക്ക് മുന്നില്‍ നിരന്നത്. ആസിഫയുടെ ഫോട്ടോ പതിച്ച് ആസിഫാ , രാജ്യം നിനക്കു വേണ്ടി കരയുന്നു ’ എന്ന വരികളും ബോര്‍ഡില്‍ പതിച്ചിട്ടുണ്ട്.

രാജ്യത്താകമാനം ആസിഫയുടെ കൊലപാതകത്തില്‍ സംഘപരിവാറിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ആസിഫയുടെ മരണത്തെ വര്‍ഗീയവല്‍കരിച്ച മലയാളി സംഘപരിവാര്‍ പ്രവര്‍ത്തകനെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ക്യാംപെയിന്‍.

കോട്ടക് മഹീന്ദ്ര ബാങ്കിന്റെ പാലാരിവട്ടം ശാഖയില്‍ അസിസ്റ്റന്റ് മാനേജര്‍ ആയി പ്രവര്‍ത്തിക്കുന്നയാളാണ് താനെന്ന് ആര്‍എസ്എസുകാരനായ വിഷ്ണു നന്ദകുമാര്‍ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഡിസ്മിസ് യുവര്‍ അസിസറ്റന്റ് മാനേജര്‍ വിഷ്ണു നന്ദകുമാര്‍, എന്ന ഹാഷ് ടാഗോടെ മലയാളികള്‍ കോട്ടക് ബാങ്കിന്റെ ഫെയ്‌സ്ബുക്ക് പേജിന്റെ റേറ്റിങ് തകര്‍ത്തു കളഞ്ഞു.