Latest News

ശോഭാ ഡെയുടെ ഒരു ട്വീറ്റാണ് ദൗലത് റാമിന്റെ ജീവിതം മാറ്റിമറിച്ചത്. ഒരൊറ്റ ട്വീറ്റ് മതി ജീവിതം മാറി മറിയാൻ. ദൗലത് റാം ജോഗത്ത് എന്ന മധ്യപ്രദേശുകാരൻ പൊലീസ് ഇൻസ്പെക്ടറുടെ കാര്യത്തിൽ ഇത് അക്ഷരാർഥത്തിൽ ശരിയാണ്.പൊലീസുകാരുടെയിടയിലെ അമിതവണ്ണത്തെ പരിഹസിച്ച് 2017, ഫെബ്രുവരിയിൽ ശോഭ ട്വീറ്റ് ചെയ്തത് ദൗലത്തിന്റെ ചിത്രമായിരുന്നു. ട്വീറ്റുകളും മറുട്വീറ്റുകളുമായി പൊണ്ണത്തടിയനായ പൊലീസുകാരന്റെ ചിത്രം വൈറലായി. പൊലീസുകാരുടെ അനാരോഗ്യത്തെക്കുറിച്ച് സമൂഹത്തെ അറിയിക്കാൻ വേണ്ടി ശോഭാഡെ ചെയ്ത ട്വീറ്റാണെങ്കിലും പരിഹാസം കൊണ്ടത് ദൗലത്തിന്റെ മനസിലാണ്.

തടികുറച്ചിട്ട് തന്നെ കാര്യമെന്ന് ദൗലത്ത് തീരുമാനിച്ചു. നേരെ മുംബൈയുള്ള ബെരിയാട്രിക്ക് സർജൻ ഡോ. മുഹമ്മദ് ലക്ഡാവാലയെക്കണ്ടു. ട്വീറ്റ് ചെയ്ത് പരിഹാസ്യനായ കഥ വിവരിച്ചു. എങ്ങനെയെങ്കിലും തനിക്ക് തടികുറയണമെന്നു പറഞ്ഞു. ദയനീയസ്ഥിതി കണ്ട ഡോക്ടർ സൗജന്യമായി ദൗലത്തിനെ തടികുറയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയോടൊപ്പം കൃത്യമായ വ്യായാമവും ഭക്ഷണരീതികളുമായതോടെ ഒരുവർഷം കൊണ്ട് കുറഞ്ഞത് 65 കിലോ. 180 കിലോയിൽ നിന്നും 115 കിലോയായി ശരീരഭാരം കുറഞ്ഞു.

ട്വീറ്റിന്റെ പേരിൽ ശോഭാഡെയോട് ആദ്യം വിദ്വേഷം തോന്നിയെങ്കിൽ ഇപ്പോൾ താൻ ഏറ്റവും അധികം നന്ദി പറയുന്നത് അവരോടാണെന്ന് ദൗലത്ത് പറയുന്നു. തന്റെ ജീവിതം മാറ്റിമറിച്ച ട്വീറ്റിന് നന്ദി പറയുന്നതോടൊപ്പം എന്നെങ്കിലും ശോഭാഡെയെ നേരിട്ട് കാണണമെന്ന ആഗ്രഹവും പൊലീസ് ഓഫീസർ പങ്കുവെയ്ക്കുന്നു. ആരോഗ്യപൂർണ്ണമായ ശരീരത്തിന്റെ ആവശ്യകത ബോധ്യമായത് ഇപ്പോഴാണെന്നും അദ്ദേഹം പറയുന്നു. ശ്വാസം മുട്ടില്ലാതെ ഒരടി പോലു തനിക്ക് നടക്കാൻ സാധിക്കില്ലായിരുന്നു, ചികിത്സവേണ്ട അസുഖം തന്നെയാണ് പൊണ്ണത്തടിയെന്നും ദൗലത്ത് പറയുന്നു. ഇനിയും ഒരു 30 കിലോ കുറഞ്ഞതിന് ശേഷമേ ദൗലത്തിനെ ശോഭാഡെയുടെ മുമ്പിൽ എത്തിക്കുകയുള്ളൂവെന്നാണ് ഡോക്ടറുടെ പക്ഷം.

കൊച്ചി: ജയില്‍ പശ്ചാത്തലമാക്കി ശരത്ത് സന്ദിത്ത് ഒരുക്കുന്ന മമ്മൂട്ടി ചിത്രം പരോളിന്റെ ടീസര്‍ പുറത്തിറങ്ങി. സഖാവ് അലക്‌സ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. കേരളത്തില്‍ നടന്ന ചില യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും സിനിമയെന്നാണ് ടീസര്‍ നല്‍കുന്ന സൂചനകള്‍.

നിരവധി പരസ്യ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള ശരത്ത് സന്ദിത്തിന്റെ ആദ്യ സിനിമായാണ് പരോള്‍. അജിത് പൂജപ്പുരയുടെതാണ് തിരക്കഥ. മമ്മൂട്ടിയുടെ നായികയായി ഇനിയ എത്തും. മിയ, ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കുനടന്‍ പ്രഭാകര്‍, സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്, സൂധീര്‍ കരമന അശ്വിന്‍ കുമാര്‍, കലാശാല ബാബു, ഇര്‍ഷാദ്, കൃഷ്ണകുമാര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപ്രാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റഫീഖ്, ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ശരതാണ്. മൂന്ന് ഗാനങ്ങള്‍ ഉള്ള ചിത്രത്തിലെ ഒരു ഗാനം അറബിയിലാണ്. മമ്മൂട്ടിയുടെ കഥാപാത്രം ഏറെ വ്യത്യസ്ഥത പുലര്‍ത്തുന്നതായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചനകള്‍. മമ്മൂട്ടിയുടെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തു വിട്ടിരിക്കുന്നത്.

 

ബംഗലൂരു: പ്രമുഖ സിനിമാ താരം സിന്ധു മേനോനെതിരെ ബാങ്ക് ലോണ്‍ തട്ടിപ്പ് കേസ്. ബംഗലൂരുവിലെ ആര്‍എംസി യാര്‍ഡ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. താരത്തിന്റെ സഹോദരനും കാമുകിയും ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയ കാര്‍ വാങ്ങിക്കാനായി ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും 36.78 ലക്ഷം രൂപ ലോണ്‍ എടുത്ത ശേഷം തിരിച്ചടച്ചില്ലെന്നാണ് പരാതി.

ബാങ്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. കേസില്‍ സിന്ധു മേനോനെയും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പക്ഷേ അറസ്റ്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മലയാളിയായ സിന്ധു ബംഗലൂരുവില്‍ സ്ഥിര താമസമാണ്. ബാങ്ക് കേസ് പിന്‍വലിക്കുകയാണെങ്കില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് തുടര്‍ നടപടികള്‍ ഉണ്ടാകില്ല.

തെലുങ്ക്, തമിഴ്, മലയാളം സിനിമകളില്‍ സജീവ സാന്നിധ്യമായിരുന്നു സിന്ധു. തൊമ്മനും മക്കളും, രാജമാണിക്യം, വേഷം, വാസ്തവം തുടങ്ങിയ മലയാള സിനിമയില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സമീപ കാലത്ത് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്ന സിന്ധുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബംഗളുരു: വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത വായ്പകള്‍ തിരിച്ചടക്കാമെന്ന് വ്യവസായ ഭീമന്‍ വിജയ് മല്ല്യ. തന്റെ ഉടമസ്ഥതയിലുള്ള യൂ.ബി ഗ്രൂപ്പിന് നിലവില്‍ 12,400 കോടിയുടെ ആസ്തിയുണ്ടെന്ന് വിജയ് മല്ല്യ കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. യൂബി ഗ്രൂപ്പിന്റെ ആസ്തി ഉപയോഗിച്ചുകൊണ്ട് 6,000 കോടി രൂപയും അതിന്റെ പലിശയും നല്‍കാന്‍ തയ്യാറാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.

എസ്ബിഐ ഉല്‍പ്പെടെയുള്ള ഒമ്പത് ബാങ്കുകളുടെ കണ്‍സോഷ്യമാണ് ഇയാള്‍ക്ക് വായ്പ അനുവദിച്ചത്. വായ്പയെടുത്ത ശേഷം തിരിച്ചടക്കാതെ രാജ്യം വിട്ട മല്ല്യ ബാങ്കുകളെ കബളിപ്പിച്ചതായി വാര്‍ത്തകള്‍ പുറത്തു വന്നു. കേന്ദ്ര സര്‍ക്കാര്‍ മല്ല്യയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. അദ്ദേഹത്തിന്റെ ആസ്തികള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നേരത്തെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചിരുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്തികള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. നിലവില്‍ ബാങ്കില്‍ തിരിച്ചടക്കാനുള്ള തുക 1000 കോടി രൂപയില്‍ താഴെ മാത്രമെ വരികയുള്ളുവെന്ന് അഭിഭാഷകര്‍ വ്യക്തമാക്കിയിരുന്നു. യൂബി ഗ്രൂപ്പിന്റെ കഴിഞ്ഞ ജനുവരിയിലെ ആകെ ആസ്തി 13,400 കോടി രൂപയായിരുന്നു. എന്നാല്‍ പിന്നീട് അത് 12,400 കോടിയായി കുറഞ്ഞു.

കോട്ടയം: ഭൂമി വില്‍പ്പന വിവാദം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എറണാകുളം-അങ്കമാലി അതിരൂപത വിഭജിച്ചേക്കും. പ്രശ്‌നത്തില്‍ വത്തിക്കാന്‍ ഇടപെടുമെന്നാണ് റിപ്പോര്‍ട്ട്. സീറോ മലബാര്‍ സഭ അധ്യക്ഷനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധവുമായി വൈദികര്‍ രംഗത്തു വന്നതോടെയാണ് പുതിയ നീക്കത്തിന് സഭ ഒരുങ്ങുന്നത്. അതിരൂപത വിഭജിക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ക്കായി സീറോ മലബാര്‍ സഭ സ്ഥിരം സിനഡ് വത്തിക്കാന്റെ അഭിപ്രായം തേടുമെന്ന് ഉറപ്പായിട്ടുണ്ട്.

മാര്‍ ജോര്‍ജ് ആലഞ്ചേരി ഇപ്പോള്‍ വഹിക്കുന്ന സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് വൈദികര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. പ്രധിഷേധകരുമായി ചര്‍ച്ച നടത്താനുള്ള തയ്യാറെടുപ്പിലാണ് സഭാ നേതൃത്വം. അതിരൂപത വിഭജിച്ചുകൊണ്ടുള്ള പരിഹാര മാര്‍ഗങ്ങളടക്കം ചര്‍ച്ചയില്‍ വിഷയമാകും. എന്നാല്‍ അതിരൂപത വിഭജിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം വത്തിക്കാന്‍ അനുമതിയില്ലാതെ നടപ്പിലാക്കാന്‍ കഴിയില്ല. നേരത്തെ മേജര്‍ ആര്‍ച് ബിഷപ്പിനായി പുതിയ അതിരൂപത സ്ഥാപിക്കാനുള്ള അനുമതി തേടി സീറോ മലബാര്‍ സിനഡ് വത്തിക്കാനെ സമീപിച്ചിരുന്നെങ്കിലും ആവശ്യം നിരസിക്കപ്പെടുകയായിരുന്നു.

പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുത്ത സാഹചര്യത്തില്‍ വത്തിക്കാന്റെ സമീപനത്തില്‍ മാറ്റം ഉണ്ടാകുമെന്നാണ് കരുതുന്നത്. കാക്കനാട് സെന്റ് തോമസ് കേന്ദ്രമാക്കി ഒരു ചെറിയ രൂപത നിര്‍മ്മിക്കാനാണ് ആലോചനകള്‍ നടക്കുന്നത്. ഇതിന്റെ ചുമതല ജോര്‍ജ് ആലഞ്ചേരിക്കായിരിക്കും. അതേ സമയം എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല പൂര്‍ണമായും മെത്രാന് കൈമാറുകയും ചെയ്യും. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് സഭാ നേതൃത്വം.

 

മാഡ്രിഡ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന് തന്റെ പഴയ ക്ലബ് ബാഴ്‌സലോണയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. സ്പാനിഷ് പത്രമാണ് ഇതു സംബന്ധിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ കാണാതെ പി.എസ്.ജി പുറത്തായതിന് പിന്നാലെയാണ് നെയ്മറിന്റെ മനം മാറ്റത്തെപ്പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുന്നത്.

കഴിഞ്ഞ സീസണില്‍ റെക്കോര്‍ഡ് തുകയ്ക്കാണ് നെയ്മര്‍ പിസ്ജിയിലേക്ക് കൂടുമാറുന്നത്. ഏതാണ്ട് 1400 കോടി രൂപ പ്രതിഫലം (222 ദശലക്ഷം യൂറോ) വാങ്ങിയ നെയ്മറിനെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് ഉള്‍പ്പെടെയുള്ള ക്ലബുകള്‍ ശ്രമം നടത്തിയിരുന്നു. 400 മില്യണ്‍ യൂറോ വരെ റയല്‍ മാഡ്രിഡ് നെയ്മറിന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ വാഗ്ദാനം നിരസിച്ചുകൊണ്ടാണ് നെയ്മര്‍ പിഎസ്ജിയിലേക്ക് ചേക്കേറിയത്. അതേ സമയം നെയ്മര്‍ തിരികെ വന്നാല്‍ സ്വീകരിക്കുമെന്ന നിലപാടായിരിക്കും ബാഴ്‌സ അധികൃതര്‍ സ്വീകരിക്കുക.

ഇപ്പോള്‍ പരിക്കേറ്റ് വിശ്രമത്തിലാണ് നെയ്മര്‍. കാലിനേറ്റ പരിക്കുമൂലം ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന് മൂന്നാഴ്ച്ചയെങ്കിലും വിശ്രമം വേണ്ടി വരുമെന്നാണ് കരുതുന്നത്. ബ്രസീലിലാണ് ഇപ്പോള്‍ ചികിത്സ നടക്കുന്നത്. നേരത്തെ ലോകക്കപ്പിന് മുന്‍പ് പരിക്ക് ഭേദമാകില്ലെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നും സുഖം പ്രാപിച്ചു വരികയാണെന്നും അദ്ദേഹത്തിനെ ചികിത്സിക്കുന്ന ഡോകടര്‍മാര്‍ വ്യക്തമാക്കി.

ലണ്ടന്‍: ബ്രിട്ടനില്‍ ഡെന്റിസ്റ്റുകളെ കാണുന്നത് ചെലവേറിയതാകുന്നു. എന്‍എച്ച്എസ് ഡെന്റിസ്റ്റുകളുടെ ഫീസ് നിരക്ക് വീണ്ടും വര്‍ദ്ധിപ്പിച്ചു. വര്‍ദ്ധനയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ പുതിയ നിരക്കുകള്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഒരു ബേസിക് ചെക്ക്അപ്പിന് 21.60 പൗണ്ട് ഇനി മുതല്‍ ചെലവാകും. ദന്തചികിത്സാ മേഖലയിലെ പൊതുധന വിനിയോഗം ആവര്‍ത്തിച്ച് വെട്ടിക്കുറയ്ക്കുന്നതിനിടെയാണ് നിരക്കുകളില്‍ വര്‍ദ്ധന വരുത്തിയിരിക്കുന്നത്. ഇംഗ്ലണ്ടില്‍ 5 ശതമാനത്തിന്റെ നിരക്ക് വര്‍ദ്ധനയാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ഇതനുസരിച്ച് ക്രൗണുകളുടെ വില 244.30 പൗണ്ടില്‍ നിന്ന് 256.50 പൗണ്ടായി ഉയരും.

കഴിഞ്ഞ വര്‍ഷവും നിരക്കുകളില്‍ വര്‍ദ്ധന വരുത്തിയിരുന്നു. ഒരു കോഴ്‌സ് ചികിത്സ, അല്ലെങ്കില്‍ ഒരു അടിയന്തര ചികിത്സ എന്നിവയ്ക്ക് 90 പെന്‍സ് വരെയായിരുന്നു വരുത്തിയ വര്‍ദ്ധന. 19.70 പൗണ്ടില്‍ നിന്ന് ഈ നിരക്ക് 20.60 പൗണ്ടായാണ് വര്‍ദ്ധിച്ചത്. ചികിത്സാ നിരക്കുകള്‍ വീണ്ടും വര്‍ദ്ധിപ്പിച്ചതിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് ഡെന്റല്‍ അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. പൊതുധന വിനിയോഗം വെട്ടിക്കുറച്ചത് മറയ്ക്കാനാണ് ഈ വര്‍ദ്ധന വരുത്തിയിരിക്കുന്നതെന്ന് ബിഡിഎ കുറ്റപ്പെടുത്തി. സാധാരണക്കാര്‍ക്കും ദരിദ്രര്‍ക്കും ദന്തചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഇതിലൂടെ ഉണ്ടാകുകയെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

ദന്തചികിത്സക്കായി എത്തുന്ന രോഗിള്‍ പുതുക്കിയ നിരക്കനുസരിച്ച് 72 മില്യന്‍ പൗണ്ടായിരിക്കും ഒരു വര്‍ഷം അധികമായി നല്‍കാന്‍ പോകുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ നടപ്പാക്കിയ ഈ ഫീസ് വര്‍ദ്ധന സ്വയം പരാജയപ്പെടുത്തലാണെന്ന് ബിഡിഎ ചെയര്‍മാന്‍ ഹെന്റിക്ക് ഓവര്‍ഗാര്‍ഡ് നീല്‍സണ്‍ പറഞ്ഞു. ചികിത്സ ആവശ്യമായവരെപ്പോലും ദന്തഡോക്ടറുടെ സഹായം തേടുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്ന സമീപനമാണ് ഇത്. ഇതിലൂടെ രോഗികളുടെ അവസ്ഥ മോശമാകുകയും കൂടുതല്‍ ചെലവേറിയ ചികിത്സ ആവശ്യമായി വരികയും ചെയ്യും. ഇത് എന്‍എച്ച്എസിന് ലാഭമാണോ വരുത്തുകയെന്ന് ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് വലിയ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് കൊള്ളപ്പലിശ വാങ്ങി പണം നല്‍കുന്ന സംഘം അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ ഇസക്ക്മുത്ത്, ചിറ്റരശ്, ടി.രാജ്കുമാര്‍ എന്നിവരെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. ചെന്നൈയിലെ ടിഡി അസോസിയേറ്റ്സ് ഉടമ മഹാരാജ് എന്നയാളാണ് പലിശയ്ക്ക് പണം നല്‍കാന്‍ ഇത്രയും തുക തങ്ങള്‍ക്ക് കൈമാറിയതെന്നാണ് അറസ്റ്റിലായവര്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

ചെന്നൈ കേന്ദ്രീകരിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. സംസ്ഥാനത്ത് ആകെ 500 കോടിയോളം രൂപ ഇവര്‍ പലിശയ്ക്ക് നല്‍കിയതായിട്ടാണ് വിവരം. പ്രോമിസറി നോട്ടുകളും കടം നല്‍കിയ വിവരങ്ങളും ഉള്‍പ്പെടെയുള്ള രേഖകള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളം സ്വദേശി ഫിലിപ്പ് ജേക്കബിന്റെ പരാതിയെ തുടര്‍ന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഫിലിപ്പ് ജേക്കബ് ഇവരുടെ കൈയ്യില്‍ നിന്നും 40 ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. പണം തിരികെ നല്‍കിയിട്ടും ഫിലിപ്പിന്റെ ആഢംബര വാഹനം ഇവര്‍ പിടിച്ചെടുത്തു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയത്. കൊച്ചിയിലും തിരുവനന്തപുരത്തുമായി കോടിക്കണക്കിന് രൂപയുടെ കൈമാറ്റം നടത്തിയതായി സംഘത്തിന്റെ കൈയ്യില്‍ നിന്നും പിടിച്ചെടുത്ത രേഖകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്.

തോമസ് ചാണ്ടിക്ക് വേണ്ടി കലക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പൂഴ്ത്തി ഒത്തുകളിച്ച് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ സ്റ്റേറ്റ് അറ്റോണി അഡ്വക്കേറ്റ് സോഹനെ തലസ്ഥാനത്ത് നിന്നും പുറത്താക്കണമെന്നു ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ ആവശ്യപ്പെട്ടു. സര്‍വ്വേ നടപടി പൂര്‍ത്തിയാക്കി കയ്യേറ്റം ഉണ്ടെന്നു ചിട്ടപ്പെടുത്തിയ റിപ്പോര്‍ട്ട് ജനുവരി 8ന് മുന്‍പ് അറ്റോര്‍ണിയ്ക്ക് കലക്ടര്‍ അനുപമ നല്‍കിയതാണ്. എന്നാല്‍ ജനുവരി 12നുണ്ടായ ഹിയറിങ്ങില്‍ പോലും അറ്റോര്‍ണി അത് ഹാജരാക്കിയില്ല. എന്ന് മാത്രമല്ല, സര്‍വ്വേയ്ക്ക് 3 മാസം സമയം വേണമെന്ന് വാദിക്കുകയും ചെയ്തു. അതുകൊണ്ട് ഡിവിഷന്‍ ബെഞ്ച്, കയ്യേറ്റം തിട്ടപ്പെടുത്തിയാലേ ക്രിമിനല്‍ കേസ് എടുക്കാന്‍ കഴിയൂ എന്നും, ഈ സ്റ്റേജില്‍ മനപ്പൂര്‍വ്വമായ കയ്യേറ്റം ഉണ്ടെന്നു പറയാന്‍ കഴിയില്ലെന്നും നിരീക്ഷിച്ചു.

സാധാരണ ഇത്തരം കേസുകള്‍ക്ക് ഹാജരാകുന്ന റവന്യൂ സ്പെഷ്യല്‍ പ്ലീഡറോ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലോ അല്ല, പിണറായിയുടെ വിശ്വസ്തനും ലാവലിന്‍ കേസ് നടത്തി ജയിപ്പിച്ചതുമായ വക്കീല്‍ സോഹന്‍ സ്റ്റേറ്റ് അറ്റോര്‍ണി, ആണ് ഈ കേസ് കളക്ടര്‍ക്ക് വേണ്ടി വാദിച്ചത് എന്നത് തന്നെ സംശയാസ്പദമാണ്. കളക്ടര്‍ക്ക് വേണ്ടിയല്ല ചാണ്ടിക്ക് വേണ്ടിയാണ് ഇദ്ദേഹം വാദിച്ചത്. തോമസ്ചാണ്ടിയുടെ നിയമ ലംഘനങ്ങളെക്കുറിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ മാര്‍ത്താണ്ഡം കായലില്‍ വെള്ളക്കെട്ടായതിനാല്‍ സര്‍വ്വേ നടത്താന്‍ കഴിഞ്ഞിരുന്നില്ല.

ഇക്കഴിഞ്ഞ ഡിസംബര്‍ മാസം 22ന് സര്‍വ്വേ പൂര്‍ത്തിയാക്കി. പിന്നാലെ ജനുവരി എട്ടാം തീയ്യതി തുടര്‍ നടപടികള്‍ക്കായി കുട്ടനാട് തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. ജനുവരി പതിനൊന്നിന് വൈകുന്നേരം 7.32ന് ആലപ്പുഴ കളക്ടര്‍ സര്‍വ്വേ പൂര്‍ത്തിയാക്കിയ വിവരം കേസില്‍ ഹാജരാകുന്ന സര്‍ക്കാര്‍ അഭിഭാഷകനായ സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന് കൈമാറി. കേസില്‍ വിധി വന്നത് ജനുവരി 17നായിരുന്നു. ആറു ദിവസമുണ്ടായിട്ടും തോമസ്ചാണ്ടിയുടെ കമ്പനിയുടെ നടത്തിയ നിയമലംഘനങ്ങള്‍ കൃത്യമായി വരച്ച് കാട്ടുന്ന സര്‍വ്വേ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഹൈക്കോടതിയെ അറിയിച്ചില്ല. മൂന്ന് മാസത്തിനകം സര്‍വ്വേ പൂര്‍ത്തിയാക്കി നടപടി സ്വീകരിക്കണമെന്ന വിധിയും വന്നു. വിധി വരുന്നതിന് മുമ്പ് തന്നെ പൂര്‍ത്തിയാക്കി നടപടി തുടങ്ങിയ സര്‍വ്വേ റിപ്പോര്‍ട്ടിനെക്കുറിച്ച് കോടതിയില്‍ മിണ്ടിയില്ല.

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന് അയച്ച രണ്ടാമത്തെ നോട്ടീസില്‍ പിഴവുകളൊന്നും വന്നിട്ടില്ലെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമ ഐഎഎസ് വ്യക്തമാക്കിയിട്ടുണ്ട്. കയ്യേറ്റം ചൂണ്ടിക്കാട്ടി റിസോര്‍ട്ട് ഉടമകള്‍ക്ക് അയച്ച ആദ്യത്തെ നോട്ടീസില്‍ സര്‍വ്വേ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ആ നോട്ടീസ് പിന്‍വലിച്ച് തെറ്റു തിരുത്തി രണ്ടാമതും നോട്ടീസ് അയച്ചത്. ആദ്യ നോട്ടീസില്‍ സര്‍വ്വേ നമ്പര്‍ തെറ്റി പോയത് ടൈപ്പ് ചെയ്യുന്നതിനിടയില്‍ വന്ന പിഴവോ മറ്റോ ആകാം. എന്തായാലും തെറ്റു വന്നതില്‍ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ അന്വേഷണം നടത്തുമെന്നും കലക്ടര്‍ അനുപമ വ്യക്തമാക്കിയിട്ടുണ്ട് .ഇതിലെ സര്‍വ്വേ നമ്പര്‍ കൃത്യമാണ്. പക്ഷേ രണ്ടാമത്തെ നോട്ടീസിലും തെറ്റു പറ്റിയതായാണ് കോടതിക്ക് ബോധ്യപ്പെട്ടതെങ്കില്‍ നിജസ്ഥിതി കോടതിയെ ബോധ്യപ്പെടുത്തുമെന്ന് അനുപമ പറഞ്ഞു.

തോമസ്ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന് നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് നിര്‍മ്മിച്ച പാര്‍ക്കിംഗ് ഏരിയ പൊളിച്ച് നീക്കാതിരിക്കാന്‍ കാരണം തേടിയാണ് ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ കോടതിയില്‍ അറ്റോര്‍ണി വാദിച്ചത് രണ്ടു നോട്ടീസും തെറ്റാണ് എന്നും, ഈ കമ്പനിയേ അല്ല പ്രതി, തെറ്റായ ആള്‍ക്ക് നോട്ടീസ് കൊടുത്തതാണ് എന്നുമാണ്. തെറ്റായ സര്‍വ്വേ നമ്പര്‍ എന്നല്ല, ആള് മാറിപ്പോയി എന്നാണ് വക്കീല്‍ വാദിച്ചത്. ഇക്കാര്യം കോടതി രേഖപ്പെടുത്തി. അതോടെ ചാണ്ടിയുടെ കമ്പനിയ്‌ക്കെതിരെ ഇനി നോട്ടീസ് അയച്ചു നടപടി എടുക്കാനുള്ള കളക്ടറുടെ നടപടി അറ്റോര്‍ണി സോഹന്‍ കോടതിവഴി തടഞ്ഞു. ആരോടാണ് കലക്ടര്‍ പരാതിപ്പെടുക? മുഖ്യമന്ത്രിയോടുള്ള അടുപ്പത്തിന്റെ കാര്യത്തില്‍ അഡ്വക്കറ്റ് ജനറല്‍ പോലും സോഹന് താഴെയാണ്. തൊടാനാകില്ല. ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടോ എന്നും പറയാന്‍ കഴിയില്ല.

ദാഹം തീര്‍ക്കാന്‍ ടാങ്കറില്‍ തുമ്പിക്കൈയിട്ട് വെള്ളം കോരിക്കുടിച്ച് കാട്ടാന. കണ്ണന്‍ദേവന്‍ പ്ലാന്റേഷനില്‍ തേയിലച്ചെടികള്‍ നനയ്ക്കാനായി എത്തിച്ച ടാങ്കറില്‍ നിന്നാണ് ആന വെള്ളം കുടിച്ചത്. വനത്തില്‍ രൂക്ഷമായ വരള്‍ച്ചയുടെ കാഠിന്യമാണ് ഇത് വ്യക്തമാക്കുന്നതെന്ന് വനംവകുപ്പ് ജീവനക്കാരും പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും പറയുന്നു.

മൂന്നാര്‍ ടൗണിലും പരിസര പ്രദേശങ്ങളിലുമായി കാട്ടാനകള്‍ കറങ്ങിനടക്കുകയാണ്. വരള്‍ച്ച രൂക്ഷമായതോടെയാണ് കാട്ടാനകളുടെ നാടിറക്കം കൂടുതലായിരിക്കുന്നത്.

ഡാമുകള്‍, നദികള്‍, തോടുകള്‍, കിണറുകള്‍ തുടങ്ങിയ ജലസ്രോതസുകള്‍ പതിവിലും നേരത്തേ വറ്റി തുടങ്ങി. കേരളത്തില്‍ 44 പുഴകളുണ്ടെങ്കിലും ഭൂരിഭാഗം പുഴകളിലും വരള്‍ച്ചയുടെ ലക്ഷണങ്ങളുണ്ട്. സംസ്ഥാനത്തെ 33 ഡാമുകളിലെ ജലനിരപ്പും അരനൂറ്റാണ്ടിനിടയിലെ പരിതാപകരമായ സ്ഥിതിയിലാണ്. ഈ വര്‍ഷം കാലവര്‍ഷത്തില്‍ മാത്രം 34 ശതമാനം മഴക്കുറവുണ്ടായി.

ഇത്തവണ ഡാമുകളില്‍നിന്നും കാര്‍ഷികാവശ്യങ്ങള്‍ക്ക് വെള്ളംകൊടുക്കാന്‍ പ്രയാസമാകും. കുടിവെള്ളത്തിനാകും മുന്‍ഗണന. കേന്ദ്ര ജലവിഭവ വികസന കേന്ദ്രത്തിന്റെ കണക്കനുസരിച്ച് കേരളത്തില്‍ 45ലക്ഷം കിണറുകളുണ്ട്. സംസ്ഥാന ഭൂഗര്‍ഭജല വകുപ്പിന്റെ പഠനപ്രകാരം തീരദേശത്ത് ഒരു ചതുരശ്ര കിലോമീറ്ററില്‍ 200 കിണറുകളും ഇടനാട്ടില്‍ ചതുരശ്ര കിലോമീറ്ററില്‍ 150 കിണറുകളും മലനാട്ടില്‍ ചതുരശ്ര കിലോമീറ്ററില്‍ 70 കിണറുകളുമുണ്ട്. കിണറുകളിലെ വെള്ളത്തിന്റെ അളവ് മഴ പോലെ പുഴകളേയും ആശ്രയിച്ചാണ്. 44 പുഴകളില്‍ കബനി, ഭവാനി, പാമ്പാറ ഒഴികെയുള്ളവ പടിഞ്ഞാറോട്ട് ഒഴുകി അറബിക്കടലില്‍ പതിക്കുന്നവയാണ്. വൈദ്യുതി ഉല്‍പ്പാദനവും ഗണ്യമായി കുറയും. ഹോട്ടലുകളുടെയും സ്ഥാപനങ്ങളുടെയും നടത്തിപ്പും പ്രതിസന്ധിയിലാകും.

വെള്ളവും തീറ്റയും തേടി കാട്ടാനകള്‍ ഇറങ്ങുമ്പോള്‍ ജീവനില്‍ ഭയന്നു സഞ്ചരിക്കേണ്ടി വരുന്നത് പാവം പ്രദേശവാസികള്‍ക്കാണ്. വനത്തിനുള്ളില്‍ ജലലഭ്യത ഉറപ്പുവരുത്തിയാല്‍ ആനകള്‍ ഉള്‍പ്പടെയുള്ള മൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങുന്നതു തടയാനാവുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ചിന്നാര്‍ വന്യ ജീവി സങ്കേതം അധികൃതര്‍ വനത്തിനുള്ളിലെ കുളങ്ങളിലും മറ്റും ടാങ്കറില്‍ വെള്ളം എത്തിച്ചിരുന്നു. വെള്ളം സമൃദ്ധമായി ലഭിച്ചതോടെ മൃഗങ്ങള്‍ പുറത്തേയ്ക്കിറങ്ങുന്നതു കുറഞ്ഞിരുന്നു. ഇതേ മാതൃകയില്‍ വനത്തിനുള്ളില്‍ വെള്ളമെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

RECENT POSTS
Copyright © . All rights reserved