Latest News

സിഡ്‌നി: കഴിഞ്ഞ കുറേ ദിവസങ്ങളായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ സമ്മര്‍ദ്ദത്തിലാക്കിയ പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്ത് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. വിവാദ വിഷയത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വെച്ച് താരം പൊട്ടിക്കരഞ്ഞുകൊണ്ടാണ് സംസാരിച്ചത്. സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം തനിക്കാണെന്നും എല്ലാത്തിനും മാപ്പ് പറയുന്നുവെന്നും സ്മിത്ത് പറഞ്ഞു.

എന്റെ എല്ലാ ടീം അംഗങ്ങളോടും ആരാധകരോടും ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ലോകമെമ്പാടുമുള്ള ആരാധകരോടും മാപ്പു പറയുന്നു. എന്റെ നേതൃത്വത്തിന് പിഴവുപറ്റി. ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി എന്തും ചെയ്യാന്‍ തയാറാണെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കുടുംബത്തിന് പോലും താന്‍ നാണക്കേടുണ്ടാക്കി. ചെയ്തുപോയ തെറ്റ് കാലം മായ്ച്ചു കളയുമെന്നാണ് പ്രതീക്ഷയെന്നും. മൈതാനത്ത് മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതിലൂടെ വിശ്വാസ്യത തിരിച്ചു പിടിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓസീസ് നായക സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നാലെ താരത്തെ ഒരു വര്‍ഷത്തേക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്കിയിട്ടുണ്ട്. സ്മിത്തിനെ കൂടാതെ ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്കുണ്ട്. പന്ത് ചുരണ്ടിയ യുവതാരം ബാന്‍ക്രോഫ്റ്റിനെ ഒമ്പത് മാസത്തേക്കാണ് വിലക്കിയത്. വരാനിരിക്കുന്ന ഐപിഎല്‍ സീസണും മൂവര്‍ക്കും നഷ്ടമാകും. സ്മിത്ത് രാജസ്ഥാന്‍ റോയല്‍സിന്റെയും വാര്‍ണര്‍ സണ്‍റൈസേഴ്‌സിന്റെയും നായകന്മാരായിരുന്നു.

വീഡിയോ കാണാം.

തിരുവനന്തപുരം: കാലൊടിഞ്ഞ് കമ്പിയിട്ട് അത്യാസന്ന നിലയില്‍ കിടക്കുന്ന രോഗിയുടെ കൈഞെരിച്ച് അറ്റന്‍ഡറുടെ ക്രൂരത. സ്വന്തമായി എഴുന്നേല്‍ക്കാന്‍ പോലും കഴിവില്ലാതെ കിടക്കുകയായിരുന്ന വിളക്കുപാറ സ്വദേശി വാസുവാണ് നഴ്‌സിങ് അസിസ്റ്റന്റ് സുനില്‍ കുമാറിന്റെ ക്രൂരതയ്ക്കിരയായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് സംഭവം.

സമീപത്ത് കിടക്കുകയായിരുന്ന മറ്റൊരാള്‍ സുനില്‍ കുമാറിന്റെ മോശം പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ സുനില്‍ കുമാറിനെതിരെ ആശുപത്രി അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. സുനില്‍ കുമാറിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗിയോട് ക്രൂരമായി പെരുമാറുന്ന ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

രോഗിയുടെ കൈ പിടിച്ച് ഞെരിച്ച് സുനില്‍ കുമാര്‍ അസഭ്യവര്‍ഷം നടത്തുന്നത് പുറത്തു വന്ന വീഡിയോയില്‍ വ്യക്തമായി കാണാം. അറ്റന്‍ഡര്‍ കൈഞെരിക്കുന്ന സമയത്ത് രോഗി നിലവിളിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇയാള്‍ക്കെതിരെ ആശുപത്രി അധികൃതര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് സൂപ്രണ്ടിന് സമര്‍പ്പിക്കും.

മാതൃഭൂമി ന്യൂസ് സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ട് കാണാം

പ്രണവ് രാജ്

ന്യൂഡല്‍ഹി : ശത്രുഘ്നന്‍ സിന്‍ഹ ബി ജെ പി വിടുന്നു . ” ഈ പാര്‍ട്ടി അധികാരത്തില്‍ വന്നതുമുതല്‍ എന്നെ വേദനിപ്പിക്കുന്നു . അവര്‍ എന്റെ പാര്‍ട്ടി പ്രവര്‍ത്തകരാണ് . അതിനാല്‍ പുറംലോകത്തോട് അവരുടെ പെരുമാറ്റത്തെക്കുറിച്ചു വിശദീകരിക്കാനാവില്ല. നിരവധിയാളുകളോടു പാര്‍ട്ടി മോശമായാണു പെരുമാറുന്നത്. പുറത്തുപോകാനായല്ല താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ദാര്‍ശനികനും ഗുരുവും സുഹൃത്തുമായ എല്‍.കെ. അഡ്വാനിയുടെ കാര്യം നോക്കൂ. രണ്ടില്‍ നിന്നു 200 സീറ്റിലേക്കു പാര്‍ട്ടിയെ വളര്‍ത്തി നേതാവാണ്. അദ്ദേഹം ഇപ്പോഴെവിടെയാണ്. അഡ്വാനിയിപ്പോള്‍ ഒന്നുമല്ല ” – സിന്‍ഹ ചൂണ്ടിക്കാട്ടി.

മോദിയുടെ ദുര്‍ഭരണത്തിനെതിരെ ആഞ്ഞടിച്ചിരുന്ന ബി ജെ പിയുടെ വലിയ നേതാവായിരുന്നു ശത്രുഘ്നന്‍ സിന്‍ഹ . അതോടൊപ്പം കെജരിവാളിന്റയും, ആം ആദ്മി പാര്‍ട്ടിയുടെയും ജനക്ഷേമ ഭരണത്തിന് എല്ലാ പിന്തുണയും നല്‍കിയിരുന്നു . അതുകൊണ്ട് തന്നെ ഈ അവസരത്തില്‍ ബി ജെ പി യില്‍ നിന്ന് രാജിവച്ച് യശ്വന്ത് സിന്‍ഹയുടെയും , മമതയുടെയും മറ്റ് ബി ജെ പി വിരുദ്ധ പാര്‍ട്ടികളുടെയും പിന്തുണയോടെ , ആം ആദ്മി പാര്‍ട്ടിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത് . ചിലപ്പോള്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരാനുള്ള സാധ്യതയും കാണുന്നു . അദ്വാനിയുടെ മൌനസമ്മതം ഈ നീക്കത്തിന് പിന്നില്‍ ഉണ്ടെന്നും അറിയുന്നു .

ദേശീയ ജനാധിപത്യ മുന്നണിയില്‍നിന്നു പാര്‍ട്ടികള്‍ കൊഴിയുന്നതിനിടെ, ബിജെപിയെ കൈവിടാനൊരുങ്ങി മുതിര്‍ന്ന നേതാവ് ശത്രുഘ്നന്‍ സിന്‍ഹയും. പാര്‍ട്ടിയിലെ താരസാന്നിധ്യമായ ശത്രുഘ്നന്‍ സിന്‍ഹ വിമതസ്വരം കടുപ്പിച്ചതോടെയാണു പാര്‍ട്ടി ഉപേക്ഷിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുമായി സിന്‍ഹ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയതും അഭ്യൂഹങ്ങളുടെ ശക്തി കൂട്ടി.
‘പല പാര്‍ട്ടികളില്‍നിന്നും വാഗ്ദാനങ്ങളുണ്ട്. എന്റെ പാര്‍ട്ടിയിലോ മറ്റു പാര്‍ട്ടികളിലോ സ്വതന്ത്രമായി നിന്നോ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ബിഹാറിലെ പട്‌ന സാഹിബ് മണ്ഡലത്തില്‍ തന്നെയായിരിക്കും 2019ലും മത്സരിക്കുക’- ദേശീയ ചാനലിനോടു സിന്‍ഹ പറഞ്ഞു. പാര്‍ട്ടി ഉപേക്ഷിക്കാന്‍ സിന്‍ഹ തയാറെടുക്കുന്നെന്ന തരത്തിലുള്ളതാണ് അദ്ദേഹത്തിന്റെ വാക്കുകളെന്നാണു നിരീക്ഷണം.

‘2014ല്‍ ഞാന്‍ മത്സരിക്കില്ലെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷേ അവസാന നിമിഷം ബിജെപി ടിക്കറ്റ് തന്നു. ഇപ്പോഴിതാ വീണ്ടും അഭ്യൂഹങ്ങള്‍ പരക്കുന്നു. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണു കഴിഞ്ഞ തവണ ജയിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കിട്ടിയത് എനിക്കാണ്. പിന്നെന്തുകൊണ്ടു വീണ്ടും സ്ഥാനാര്‍ഥിയായിക്കൂടാ? ‘- സിന്‍ഹ ചോദിച്ചു. മുതിര്‍ന്ന നേതാക്കളെ വേണ്ടവിധം പാര്‍ട്ടി പരിഗണിക്കുന്നില്ലെന്നും സിന്‍ഹ കുറ്റപ്പെടുത്തി.
രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആശ്വാസത്തില്‍ ഉത്തര്‍പ്രദേശിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് തോല്‍വി മറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബിജെപിയെ ഞെട്ടിച്ച് പുതിയ വാര്‍ത്ത എത്തുന്നത്.

 

തിരുവനന്തപുരം: മലയാള സിനിമയിലെ താരാധിപത്യത്തിനെതിരെ ശബ്ദയമുയര്‍ത്തിയതിന്റെ പേരില്‍ വര്‍ഷങ്ങളോളം തന്നെ അവഗണിച്ചതായി സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയല്‍ പുരസ്‌കാരം ലഭിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമയിലെ താരരാജാക്കന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെ പ്രതികരിക്കാന്‍ ധൈര്യം കാണിച്ചയാളാണ് താനെന്ന് അദ്ദേഹം പറഞ്ഞു.

താരാധിപത്യം മലയാള സിനിമയെ നശിപ്പിക്കുമന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ ആളുകളില്‍ ഒരാളായിരുന്നു ശ്രീകുമാരന്‍ തമ്പി. എന്നാല്‍ ഇത്തരം എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചതിന് സിനിമാ മേഖലയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് അദ്ദേഹം പറയുന്നു. താരമൂല്യം വര്‍ധിക്കുന്നതിന് അനുസരിച്ച് മലയാള സിനിമ തകരുകയാണ് ചെയ്തത്. അന്ന് ഞാന്‍ പറഞ്ഞ സത്യങ്ങള്‍ കേള്‍ക്കാന്‍ ആര്‍ക്കും ഇഷ്ടമായിരുന്നില്ല. എന്നാല്‍ ഞാന്‍ മുപ്പത് കൊല്ലം മുന്‍പ് പറഞ്ഞത് ഇപ്പോള്‍ പലരും ഏറ്റു പറയുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

നിരവധി സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ശ്രീകുമാരന്‍ തമ്പി. എങ്കിലും തനിക്കിപ്പോഴും സാമ്പത്തിക ബാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു. മുപ്പത് വര്‍ഷം മുന്‍പ് മോഹന്‍ലാലിനെ നായകനാക്കി യുവജനോത്സവം എന്ന സിനിമയും 1985ല്‍ മമ്മൂട്ടിയെ നായകനാക്കി ‘വിളിച്ചൂ വിളികേട്ടു’ എന്ന ചിത്രമെടുത്തു. അതിനു ശേഷം ഇരുവരെയും നായകന്‍മാരാക്കി ഒരു ചിത്രം പോലും ഇദ്ദേഹം എടുത്തിട്ടില്ല.

പ്രമുഖ തെന്നിന്ത്യന്‍ സിനിമാ താരവും വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ റോജയുള്‍പ്പെടെ 77 യാത്രക്കാരുമായി ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ ചക്രം പൊട്ടിത്തെറിച്ചു. തിരുപ്പൂരില്‍ നിന്നും പുറപ്പെട്ട് ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറങ്ങുന്ന സമയത്താണ് അപകടം ഉണ്ടായിരിക്കുന്നത്.

എന്നാല്‍ ചക്രം പൊട്ടിത്തെറിച്ചത് മൂലം യാത്രക്കാര്‍ക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്ന് ഇന്‍ഡിഗോ അധികൃതര്‍ വ്യക്തമാക്കി. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് എയര്‍ലെന്‍സ് അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 77 യാത്രക്കാരും നാല് ജീവനക്കാരുമാണ് അപകട സമയത്ത് വിമാനത്തിലുണ്ടായിരുന്നത്.

പൊട്ടിത്തെറി ഉണ്ടായ ഉടന്‍തന്നെ അഗ്നി സുരക്ഷാസേന സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. ചക്രം പൊട്ടിത്തെറിക്കുന്നതിന് മുന്‍പ് വിമാനം പൂര്‍ണമായും നിലത്തിറക്കാന്‍ പൈലറ്റിന് കഴിഞ്ഞതാണ് വന്‍ അപകടം ഒഴിവാകാന്‍ കാരണം.

കൊച്ചി : ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീനുകള്‍ ഉപയോഗിക്കണമെന്നാവിശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ആം ആദ്മി പാര്‍ട്ടിയുടെ ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മുഴുവന്‍ ബൂത്തുകളിലേയും വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണി വോട്ടിംഗ് മെഷീനിലെ ഫലവുമായി ഒത്തുനോക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 22ന് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍ക്കും നല്‍കിയ നിവേദനങ്ങളിന്മേല്‍ നടപടിയുണ്ടാവാത്തതിനേത്തുടര്‍ന്നാണ് ആംആദ്മി പാര്‍ട്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിച്ചേക്കും.

2013ലെ സുബ്രഹ്മണ്യന്‍ സ്വാമി വേഴ്സസ് ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ വിധിയില്‍ വോട്ടര്‍മാരുടെ ‘വിശ്വാസം പുനഃസ്ഥാപിക്കാന്‍’ വിവിപാറ്റ് എല്ലാ ബൂത്തുകളിലും സ്ഥാപിക്കണമെന്ന് ചീഫ് ജസ്റ്റിസ് സദാശിവത്തിന്റെ വിധിയുണ്ട്. തുടര്‍ന്ന് അതു നടപ്പാക്കാത്തതു മൂലം വന്ന കോടതിയലക്ഷ്യ ഹര്‍ജ്ജിയില്‍ സുപ്രീംകോടതി ഇലക്ഷന്‍ കമ്മീഷന് വിവിപാറ്റ് ഘട്ടംഘട്ടമായി നടപ്പാക്കാന്‍ സമയം നീട്ടി നല്‍കി. എന്നാല്‍ മുഴുവന്‍ ബൂത്തുകളിലും വിവിപാറ്റ് ഉപയോഗിക്കുന്ന തെരെഞ്ഞെടുപ്പുകളില്‍ പോലും സ്ലിപ്പുകള്‍ 1% മുതല്‍ 5% വരെ മാത്രമേ എണ്ണാറുള്ളൂ. ചെങ്ങന്നൂരില്‍ മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും എണ്ണി തിട്ടപ്പെടുത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മുഴുവന്‍ വിവിപാറ്റ് സ്ലിപ്പികളു എണ്ണി വോട്ടിംഗ് മെഷീനിലെ ഫലവുമായി ഒത്തുനോക്കുമ്പൊഴേ വോട്ടര്‍മ്മാരുടെ ആശങ്ക ദൂരീകരിക്കാനാവൂ എന്ന് ആംആദ്മി പാര്‍ട്ടി വ്യക്തമാക്കി.

വിമാനത്തിന്റെ ചക്രം കാലിലൂടെ കയറിയിറങ്ങി വിമാനത്താവളത്തിലെ ഗ്രൗണ്ട് ജീവനക്കാരന് പരിക്ക്. ഗാറ്റ്വിക്ക് വിമാനത്താവളത്തിലാണ് സംഭവമുണ്ടായത്. റഷ്യയിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുകയായിരുന്ന റോസിയ എയര്‍ലൈന്‍സ് വിമാനത്തിന്റെ ചക്രമാണ് ഇയാളുടെ കാലിലൂടെ കയറിയിറങ്ങിയത്. കുറച്ചു നേരം വിമാനത്തിന്റെ കീഴില്‍ കുടുങ്ങിയ ഇയാളെ പിന്നീട് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന കാര്യത്തില്‍ വിശദീകരണം ലഭ്യമായിട്ടില്ല.

സംഭവത്തേത്തുടര്‍ന്ന് വിമാനം ടാര്‍മാക്കില്‍ രണ്ട് മണിക്കൂറോളം കിടന്നു. 200 ഓളം യാത്രക്കാരാണ് വിമാനത്തില്‍ കുടുങ്ങിയത്. പിന്നീട് വിമാനം യാത്ര റദ്ദാക്കുകയും യാത്രക്കാര്‍ക്ക് ലണ്ടനില്‍ താമസ സൗകര്യം നല്‍കുകയും ചെയ്തു. വിമാനം റദ്ദാക്കിയതിനേക്കുറിച്ച് യാത്രക്കാര്‍ പലരും സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ പങ്കുവെക്കുന്നുണ്ടായിരുന്നു. റണ്‍വേയിലേക്ക് ടാക്‌സി ചെയ്യുന്നതിനിടെ ഒരു ഗ്രൗണ്ട് ജീവനക്കാരന്റെ മേല്‍ വിമാനം കയറിയെന്നാണ് ക്രൂ വെളിപ്പെടുത്തിയതെന്നാണ് ഒരു യാത്രക്കാരി ട്വീറ്റ് ചെയ്തത്.

വിമാനത്തിനരികില്‍ എമര്‍ജന്‍സി സര്‍വീസുകള്‍ എത്തിയതിന്റെ ചിത്രങ്ങളും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. എമര്‍ജന്‍സി സര്‍വീസുകള്‍ വിമാനം ഉയര്‍ത്താന്‍ ശ്രമിച്ചുവെന്ന് ചില യാത്രക്കാര്‍ പറയുന്നു. പരിക്കേറ്റ ജീവക്കാരന്റെ ആരോഗ്യ നിലയേക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. വൈകുന്നേരം 5.10നാണ് സംഭവമുണ്ടായതെന്നും ഒരാള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റതായും ഗാറ്റ്വിക്ക് വിമാനത്താവള വക്താവ് സ്ഥിരീകരിച്ചു.

ടെക്‌സാസിലേക്കും ചിക്കാഗോയിലേക്കും പറക്കാന്‍ ഇനിമുതല്‍ വെറും 169 പൗണ്ട് മതി. നോര്‍വീജയന്‍സ് എയര്‍ലൈന്‍സാണ് ഉപഭോക്താക്കളെ അമ്പരപ്പിക്കുന്ന ഓഫറുമായി രംഗത്ത് വന്നിരിക്കുന്നത്. അമേരിക്കയിലെ രണ്ട് പ്രമുഖ കേന്ദ്രങ്ങളായ ചിക്കാഗോയിലേക്കും ടെക്‌സാസിലേക്ക് വിമാന യാത്ര തെരഞ്ഞെടുക്കുന്നവര്‍ക്ക് പുതിയ ഓഫര്‍ ഉപയോഗപ്രദമാകും. അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ ഇരു നഗരങ്ങളിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് വണ്‍വേ ടിക്കറ്റ് ഇത്രയും വിലക്കുറവില്‍ ലഭിക്കുന്നത് ഇതാദ്യമായാണ്. ഇരു സ്ഥലങ്ങളിലേക്കും നോണ്‍സ്‌റ്റോപ് വിമാനങ്ങളാവും സര്‍വീസ് നടത്തുക.

ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനങ്ങളിലാവും പുതിയ ഓഫറുകള്‍ ലഭിക്കുക. ഇക്കോണാമി കാബിനുകളും പ്രീമിയം കാബിന്‍ സൗകര്യവും ഈ വിമാനത്തില്‍ ലഭ്യമാണ്. സൗത്ത് ഈസ്റ്റ് വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങളില്‍ ഏതാണ്ട് 60 ശതമാനമത്തോളം സീറ്റുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. വിമാന യാത്രാക്കൂലി വെട്ടിക്കുറച്ച സാഹചര്യത്തില്‍ ഈ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടിഷ് പൗരന്മാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് കരുതുന്നത്. ലോകത്തിന്റെ ലൈവ് മ്യൂസിക് കാപ്പിറ്റലായ ഓസ്റ്റിനിലേക്ക് ലണ്ടന്‍ ഗാറ്റ്‌വിക്കില്‍ നിന്നും നേരിട്ട് സര്‍വീസുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന കാര്യത്തില്‍ ഞങ്ങള്‍ ആവേശഭരിതരാണെന്ന് നോര്‍വീജിയന്‍ വിമാനക്കമ്പനിയുടെ ചീഫ് കോമേഷ്യല്‍ ഓഫീസര്‍ തോമസ് റാംഡാല്‍ വ്യക്തമാക്കി.

ഞങ്ങളുടെ വിമാനങ്ങള്‍ അവധിക്കാലം ആഘോഷിക്കാനെത്തുന്നവര്‍ക്കും ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന രീതിയിലാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്. യാത്രക്കായി നോര്‍വീജിയന്‍ എയര്‍ലൈന്‍സ് തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കുകളാണ് ഞങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലണ്ടന്‍ ഗാറ്റ്‌വിക്കില്‍ നിന്ന് അമേരിക്കയിലേക്ക് പറക്കുന്ന ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പു വരുത്താനാണ് കമ്പനി ശ്രമിക്കുന്നതെന്നും തോമസ് റാംഡാല്‍ പറഞ്ഞു. ലോക പ്രസിദ്ധമായ സംഗീത വിരുന്ന് ഉള്‍പ്പെടെ നിരവധി കാര്യങ്ങളാണ് ഓസ്റ്റിനില്‍ ടൂറിസ്റ്റുകളെ കാത്തിരിക്കുന്നത്. വിമാന ടിക്കറ്റ് നിരക്കില്‍ കുറവ് വന്നതോടെ കൂടുതല്‍ ആളുകള്‍ ബ്രിട്ടനില്‍ നിന്ന് ഇവിടെയ്‌ക്കെത്തുമെന്നാണ് കരുതുന്നത്.

ആലപ്പുഴ കഞ്ഞിക്കുഴിയില്‍ വാഹനപരിശോധനയ്ക്കിടെ രണ്ടുയാത്രക്കാര്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കേസില്ല. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന കഞ്ഞിക്കുഴി സ്വദേശി ക്ഷേബുവിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുക്കുകയും ചെയ്തു. അപകടത്തില്‍ ക്ഷേബുവിന്റെ ഭാര്യ മരിക്കുകയും രണ്ടു പെണ്‍കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടും നീതി കിട്ടുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

എഴുന്നേല്‍ക്കാന്‍പോലുമാവാത്ത വിധം കിടപ്പിലാണ് ക്ഷേബു. നട്ടെല്ലിനാണ് പരുക്ക്. മറ്റൊരു മുറിയില്‍ കാലിനും കൈക്കും പ്ലാസ്റ്ററിട്ട് മൂത്തമകള്‍ ഹര്‍ഷ. തൊട്ടടുത്ത് ഈ അവസ്ഥയില്‍ ഇളയമകള്‍ ശ്രീലക്ഷ്മി. ഇരുവരുടെയും കാലുകള്‍ക്ക് ശസ്ത്രക്രിയ നടത്തി ലോഹദണ്ഡ് ഘടിപ്പിക്കേണ്ടിവന്നു. ബൈക്കില്‍ ഒപ്പം യാത്രചെയ്തിരുന്ന അമ്മ ഇപ്പോള്‍ ഓര്‍മ്മ മാത്രമാണ്.

പക്ഷേ പൊലീസിന്റെ രേഖകളില്‍ ഈ കുടുംബമാണ് ഇപ്പോഴും കുറ്റക്കാര്‍. ആപത്തുവരും വിധം, അതിവേഗതയില്‍, ഉദാസീനമായി ബൈക്കോടിച്ച് ക്ഷേബു രണ്ടുപേരുടെ മരണത്തിനിടയാക്കി എന്നാണ് എഫ്.ഐ.ആര്‍. എന്നാല്‍ അപകടം നടന്നത് പൊലീസ് വാഹനം കുറുകെയിട്ടതുകൊണ്ടാണെന്ന് ക്ഷേബുവിന്റെ മൊഴിയിലുണ്ട്. പക്ഷേ ഇക്കാര്യം പൊലീസ് പരിഗണിച്ചതേയില്ല.

സ്പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണറിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ആലപ്പുഴ എസ്.പി. എസ് സുരേന്ദ്രന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായി എന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈവേ പൊലീസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐയെ സസ്പെന്‍ഡ് ചെയ്തതും രണ്ട് സിപിഓമാര്‍ക്കെതിരെ വകുപ്പുതല നടപടി ആരംഭിച്ചതും. എന്നിട്ടും രണ്ടുപെണ്‍മക്കള്‍ക്കൊപ്പം ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഈ ഗൃഹനാഥനാണ് അന്വേഷണവഴിയില്‍ കുറ്റക്കാരന്‍.

ജില്ലാപൊലീസ് മേധാവിയുടെയും ഐജിയുടെയും നടപടി തള്ളുന്നതാണ് മാരാരിക്കുളം പൊലീസിന്‍റെ അന്വേഷണം എന്നതാണ് വിചിത്രം.

നോ ഹോംവര്‍ക്ക് പോളിസി നടപ്പാക്കാനൊരുങ്ങിയ സ്‌കൂളിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഹെഡ്ടീച്ചറിനെ സസ്‌പെന്‍ഡ് ചെയ്തു. ഫിലിപ്പ് മൊറാന്റ് സ്‌കൂള്‍ ആന്‍ഡ് കോളേജ് ആണ് ഹോംവര്‍ക്ക് വേണ്ടെന്ന നിലപാടെടുത്ത് വിവാദത്തിലായത്. അന്വേഷണത്തിന്റെ ഭാഗമായാണ് ഹെഡ്ടീച്ചറായ കാതറീന്‍ ഹട്‌ലിയെ സസ്‌പെന്‍ഡ് ചെയ്തത്. ഫിലിപ്പ് മൊറാന്റ് സ്‌കൂള്‍, ക്ലോണ്‍ കമ്യൂണിറ്റി സ്‌കൂള്‍ ആന്‍ഡ് കോളേജ് എന്നിവയുടെ നടത്തിപ്പ് ചുമതലയുള്ള ത്രൈവ് പാര്‍ട്ണര്‍ഷിപ്പ് അക്കാഡമി ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ നര്‍ദീപ് ശര്‍മയെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ട്രസ്റ്റിന്റെയും അതിന് കീഴിലുള്ള സ്‌കൂളുകളുടെയും പുതിയ ഗവേണന്‍സ് പരിഷ്‌കാരങ്ങളെക്കുറിച്ച് അടിയന്തര വിലയിരുത്തല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കോള്‍ചെസ്റ്റര്‍ എംപി വില്‍ ക്വിന്‍സും ഹാര്‍വിച്ച് ആന്റ് നോര്‍ത്ത് എസെക്‌സ് എംപി ബെര്‍നാര്‍ഡ് ജെന്‍കിനും വിദ്യാഭ്യാസ സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. ഫിലിപ്പ് മൊറാന്റ് സ്‌കൂളില്‍ പഠിക്കുന്ന ഞങ്ങളുടെ കുട്ടികളെ അധികൃതര്‍ ഭീഷണിപ്പെടുത്തുന്നതായും സ്‌കൂള്‍ നടപ്പിലാക്കിയ നോ ഹോംവര്‍ക്ക് പോളിസിയെപ്പറ്റിയും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കളില്‍ നിന്ന് കഴിഞ്ഞ മാസങ്ങളില്‍ നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നതെന്ന് എംപിമാര്‍ കത്തില്‍ പറയുന്നു. പരാതികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്‌കൂളിന്റെയും ട്രസ്റ്റിന്റെയും ശ്രദ്ധയില്‍ പെടുത്തിയെങ്കിലും മറുപടി പറയുന്നതില്‍ നിന്നും ഒഴിഞ്ഞു മാറുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. പരാതികളോട് മുഖം തിരിച്ചു നില്‍ക്കുകയാണ് സ്‌കൂള്‍ അധികൃതര്‍ ചെയ്യുന്നതെന്നും കത്തില്‍ പറയുന്നു.

സ്‌കൂള്‍ അധികാരികളിലുള്ള മാതാപിതാക്കളുടെ വിശ്വാസം നഷ്ടടപ്പെട്ടു കഴിഞ്ഞുവെന്നും പരാതികളുമായി ചിലര്‍ പ്രാദേശിക വിദ്യാഭ്യാസ അതോറിറ്റികളെയും റീജിയണല്‍ സ്‌കൂള്‍ കമ്മീഷണറെയും സമീപിച്ചിരുന്നു. പരീക്ഷാ കാലഘട്ടം അടുത്തുകൊണ്ടിരിക്കുന്ന സമയമാണിത്. അതുകൊണ്ടു തന്നെ വിദ്യാര്‍ത്ഥികളെ സഹായിക്കാനും കാര്യങ്ങളെ കൃത്യമായി നിയന്ത്രിക്കാനും കഴിവുള്ള നേതൃത്വമാണ് സ്‌കൂളിന് ഉള്ളതെന്ന് ഉറപ്പു വരുത്തണമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എജ്യൂക്കേഷനോട് എംപിമാര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് ഹോം വര്‍ക്കുകള്‍ നല്‍കുന്നത് നിര്‍ത്തലാക്കിയ നടപടി ഫിലിപ്പ് മൊറാന്റ് സ്‌കൂള്‍ അധികൃതര്‍ നടപ്പിലാക്കുന്നത് 2016 സെപ്റ്റബറിലാണ്. ഈ തീരുമാനം വിവാദമാകുമെന്ന് അറിയാമായിരുന്നുവെന്നും പദ്ധതി വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമാകുമെന്നതിനാലാണ് നടപ്പാക്കിയതെന്നും കാതറിന്‍ ഹട്‌ലി പ്രതികരിച്ചു. ഈ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കം മുതല്‍തന്നെ രക്ഷിതാക്കള്‍ സ്‌കൂളിന്റെ പോളിസിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

Copyright © . All rights reserved