അമലാ പോളിനോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്ത കേസില്‍ അഴകേശന്‍ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജീവനക്കാരന്‍ ഭാസ്‌കരന്‍ എന്നയാളും അറസ്റ്റിലായി. അതിനിടെ സെക്സ് റാക്കറ്റുമായി അമലയുടെ മാനേജർ പ്രദീപ് കുമാറിന് ബന്ധമുണ്ടെന്ന് വാർത്ത വന്നിരുന്നു. ഈ സാഹചര്യലാണ് വാർത്ത നിഷേധിച്ച് അന്ന് നടന്ന സംഭവങ്ങള്‍ വെളിപ്പെടുത്തി അമല പോൾ പത്രക്കുറിപ്പ് ഇറക്കിയത്. സംഭവത്തില്‍ നിരവധിപേരാണ് അമലയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
സംഭവത്തെക്കുറിച്ച് അമല പറഞ്ഞത് ഇങ്ങനെ:
‘ജനുവരി 31-ാം തിയതി ചെന്നൈയിലെ ഒരു ഡാന്‍സ് സ്റ്റുഡിയോയില്‍ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവിടെ വന്ന ഒരാള്‍ (ബിസിനസുകാരന്‍ അഴകേശന്‍) തന്നോട് മലേഷ്യന്‍ ഷോയെക്കുറിച്ച് ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ സംസാരിക്കണമെന്ന് മാറ്റിനിര്‍ത്തി. മലേഷ്യയിലെ ഷോയ്ക്ക് ശേഷം സ്പെഷൽ ഡിന്നറിന് വരണമെന്ന് അയാൾ പറഞ്ഞു.
‘എന്താണ് അന്ന് പ്രത്യേക വിരുന്ന് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ‘നിനക്ക് അറിയില്ലേ, വെറുതെ പറയരുത് നീ കുട്ടിയൊന്നുമല്ലെന്ന് അറിയാം…’ എന്ന് പ്രത്യേക രീതിയില്‍ മറുപടി നല്‍കി. ‘ഞാന്‍ പെട്ടന്ന് പൊട്ടിത്തെറിച്ചു. കാരണം ആ സമയത്ത് എന്റെ അടുത്ത് ആരുമില്ലായിരുന്നു. എന്റെ നല്ല മറുപടിക്കായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞ് അയാള്‍ സ്റ്റുഡിയോയുടെ പുറത്ത് നിന്നു. ഞാന്‍ അപ്പോഴേക്കും സുഹൃത്തുക്കളെ വിളിച്ചു. അരമണിക്കൂര്‍ കഴിഞ്ഞ് അവരെത്തുമ്പോഴും അയാള്‍ അവിടെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. ‘ അവള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ അത് പറഞ്ഞാല്‍ പോരെ, ഇതൊക്കെ വലിയ വിഷയമാണോ’ അയാള്‍ പറഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അയാളെ പിടിച്ചുകെട്ടി ഒരു മുറിയില്‍ അടച്ചു. പിന്നീട് അന്വഷിച്ചപ്പോഴാണ് ഇയാളുടെ സ്ഥിരം പരിപാടിയാണ് ഇതെന്ന് മനസ്സിലായി. മലേഷ്യന്‍ ഷോയില്‍ പങ്കെടുക്കുന്ന എല്ലാ നടിമാരുടെയും നമ്പര്‍ അയാളുടെ മൊബൈലില്‍ ഉണ്ടായിരുന്നു.
‘പിന്നീട് മാമ്പലം പൊലീസ് സ്റ്റേഷനില്‍ അയാളെ ഏല്‍പ്പിച്ചു. പരാതി നല്‍കാന്‍ ഞാന്‍ നേരിട്ട് പൊലീസ് സ്റ്റേഷനില്‍ പോയി. അന്വേഷണം തുടരുകയാണ്. ഈ വിഷയവുമായി കൂടുതല്‍ സംസാരിക്കാതിരുന്നത് കേസിനെ ബാധിക്കുമെന്ന് കരുതിയതുകൊണ്ടാണ്. മോശമായ വാര്‍ത്തകള്‍ നല്‍കിയാല്‍ അവര്‍ക്ക് നേരെ മാനനഷ്ടത്തിന് കേസ് കൊടുക്കും. ഇക്കാര്യത്തിൽ പെട്ടന്ന് നടപടിയെടുത്ത പൊലീസ് നന്ദി. ഇനിയും കൂടുതൽപേർ അറസ്റ്റിലായേക്കും. മാത്രമല്ല അറസ്റ്റിലായവരുടെ പേര് വിവരങ്ങൾ പൊതുജനങ്ങൾ മുന്നിൽ വെളിപ്പെടുത്തി തനിനിറം പുറത്തുകൊണ്ടുവരണം’. ചില മാധ്യമങ്ങൾ എന്റെ മാനേജറെക്കുറിച്ച് മോശമായി എഴുതുകയുണ്ടായി. അതിനെതിരെ ഞാൻ മാനനഷ്ടത്തിന് പരാതി നൽകും.’–അമല പോൾ വ്യക്തമാക്കി.
തലകൊയ്യുന്ന ചുവപ്പ് ഭീകരതയ്ക്ക് എതിരെ ജനമനഃസാക്ഷി ഉണരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.
കീഴല്ലൂരിലെ മികച്ച സംഘാടകന്‍ എന്ന പേര് വളരെ ചെറുപ്പത്തില്‍ തന്നെ സ്വന്തമാക്കിയ ഷുഹൈബിന്റെ കൊലപാതകം സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിന് അറുതിയില്ല എന്ന് വിളിച്ചുപറയുകയാണ്. അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ചാണ് ക്രിമിനല്‍ സംഘം അഴിഞ്ഞാടുന്നത്. ഉപ്പയുടെയും ഉമ്മയുടെയും മൂന്ന് അനുജത്തിമാരുടെയും ഏകപ്രതീക്ഷയെ ആണ് സിപിഎം കൊലയാളികള്‍ ഇന്നലെ ഇരുട്ടിന്റെ മറവില്‍ ഇല്ലാതാക്കി കളഞ്ഞത്. ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
ബോംബെറിഞ്ഞു ഭീതിപരത്തിയ ശേഷമാണ് സിപിഎം ഗുണ്ടകള്‍ പ്രിയപ്പെട്ട ഷുഹൈബിനെ വെട്ടിനുറുക്കിയത്.
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് കൊലക്കത്തിക്ക് ഇരയായപ്പോള്‍ നാടിന്റെ സമാധാനത്തെ കൂടിയാണ് കൊലയ്ക്ക് കൊടുത്തത്. കീഴല്ലൂരിലെ മികച്ച സംഘാടകന്‍ എന്ന പേര് വളരെ ചെറുപ്പത്തില്‍ തന്നെ സ്വന്തമാക്കിയ ഷുഹൈബിന്റെ കൊലപാതകം സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിന് അറുതിയില്ല എന്ന് വിളിച്ചുപറയുകയാണ്. അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ചാണ് ക്രിമിനല്‍ സംഘം അഴിഞ്ഞാടുന്നത്. ഉപ്പയുടെയും ഉമ്മയുടെയും മൂന്ന് അനുജത്തിമാരുടെയും ഏകപ്രതീക്ഷയെ ആണ് സിപിഎം കൊലയാളികള്‍ ഇന്നലെ ഇരുട്ടിന്റെ മറവില്‍ ഇല്ലാതാക്കി കളഞ്ഞത്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് വൈകിട്ട് ആറു മണിവരെ കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് ഹര്‍ത്താലാണ്.
തലകൊയ്യുന്ന ചുവപ്പ് ഭീകരതയ്ക്ക് എതിരെ ജനമനഃസാക്ഷി ഉണരണം. എതിരാളികളെ കൊന്നൊടുക്കുന്ന രാഷ്ട്രീയ പരീക്ഷണ ശാലയായി കണ്ണൂരിനെ മാറ്റിയ സിപിഎം ഗുണ്ടകളെ ഒറ്റപ്പെടുത്തുക. സിപിഎമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരേ നമുക്ക് ഒരുമിച്ചു പോരാടാം.
ഷുഹൈബിന്റെ ഓര്‍മയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ …
#CPM_terror
#കൊലയാളി_പാര്‍ട്ടി_സിപിഎം
കണ്ണൂര്‍: മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബിനെതിരെ കൊലവിളി മുദ്രാവാക്യങ്ങളുമായി സിപിഐഎമ്മിന്റെ പ്രകടനം. രണ്ടാഴ്ച്ച മുന്‍പാണ് ശുഹൈബിനെ വധിക്കുമെന്ന് ഭീഷണി മുദ്രാവാക്യം വിളിച്ചുകൊണ്ട് സിപിഎം പ്രകടനം നടത്തിയത്. നിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും ഞങ്ങളോട് കളിച്ചവരാരും ജീവനോട് തിരിച്ചുപോയിട്ടില്ല പ്രകടനത്തില്‍ സിപിഎം അനുയായികള്‍ ആക്രോശിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം.
രണ്ടാഴ്ച്ച മുന്‍പ് കെഎസ്‌യു എസ്എഫ്‌ഐ സംഘര്‍ഷം ഉണ്ടായതിനെത്തുടര്‍ന്ന് എടയന്നൂരില്‍ നടന്ന് പ്രതിഷേധ പ്രകടനത്തിനിടെയാണ് സിപിഎം അനുഭാവികള്‍ ശുഹൈബിനെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ചത്. ഇന്നലെ രാത്രിയോടെയാണ് ശുഹൈബിനേ ബോംബിറെഞ്ഞു വാളുകൊണ്ട് വെട്ടിയും ഒരു സംഘം കൊലപ്പെടുത്തിയത്. അക്രമി സംഘത്തിന്റെ വെട്ടേറ്റ് മാരകമായി പരിക്കേറ്റ ശുഹൈബ് ആശുപത്രിയില്‍ കൊണ്ടു പോകുന്ന വഴിക്ക് മരണപ്പെടുകയായിരുന്നു.
ബോംബേറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റിയാസ് പള്ളിപ്പറമ്പത്ത് നൗഷാദ് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അക്രമണത്തിന് ശേഷം വാനില്‍ കയറി രക്ഷപ്പെട്ട് കൊലയാളികളെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
സിപിഎം പ്രകടനത്തിന്റെ വീഡിയോ..
കൊച്ചി: കൊച്ചി കപ്പല്‍ നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് പേര്‍ മരിച്ചു. ഒഎന്‍ജിസിയുടെ കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കായാണ് കപ്പല്‍ശാലയില്‍ എത്തിച്ചത്. സാഗര്‍ ഭൂഷണ്‍ എന്ന കപ്പലിലെ വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം.
മരിച്ചവരില്‍ രണ്ടു പേര്‍ മലയാളികളാണ്. പത്തനംതിട്ട സ്വദേശി ഗവിന്‍. വൈപ്പിന്‍ സ്വദേശി റംഷാദ് എന്നിവരാണ് മരിച്ച മലയാളികള്‍. മറ്റ് രണ്ടു പേര്‍ കപ്പലില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. വെല്‍ഡിംഗിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക സൂചന. അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തേക്കുറിച്ച് കപ്പല്‍ശാല ഔദ്യോഗികമായി പ്രതികരണം അറിയിച്ചിട്ടില്ല. കപ്പല്‍ ശാലയ്ക്കുള്ളില്‍ തന്നെയുള്ള അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്.
ബാർകോഴക്കേസില്‍ വൻ വെളിപ്പെടുത്തലുമായി ബിജു രമേശ്. കെഎം മാണിക്കെതിരെ കേസ് നടത്തിയാൽ ഭരണം മാറിവരുമ്പോൾ പൂട്ടിയ ബാറെല്ലാം തുറന്നുനൽകാമെന്ന് സിപിഎം നേതൃത്വം വാഗ്ദാനം നൽകിയിരുന്നതായി ബിജു പ്രമുഖ ന്യൂസിനോട് പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് തന്നെയാണ് ഉറപ്പുനൽകിയത്. വിഎസിനെയും പിണറായിയും കണ്ടിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ജയിച്ചതോടെ എൽഡിഎഫ് പാലംവലിച്ചുവെന്നും ബിജു രമേശ് തുറന്നടിച്ചു. ത്രീസ്റ്റാർ വരെയുള്ള ബാറുകള്‍ തുറന്നാൽ മതിയെന്ന സർക്കാർ തീരുമാനത്തോട് പ്രതിഷേധിക്കാന്‍ തുറക്കാവുന്ന ബാറുകളും നിലവിൽ പൂട്ടിയിട്ടിരിക്കുകയാണ് ബിജു രമേശ്.
ബാർകോഴക്കേസ് ഒഴിവാക്കി കെ.എം മാണിയെ വെള്ളപൂശാൻ തയാറായാൽ എൽഡിഎഫ് വഞ്ചിച്ചു എന്നുതന്നെ പറയേണ്ടിവരുമെന്ന് ബിജു രമേശ്. തന്നെ മാത്രമല്ല, അഴിമതിവിരുദ്ധ വാഗ്ദാനങ്ങൾ വിശ്വസിച്ച ജനങ്ങളെ കൂടിയാണ് വഞ്ചിക്കുന്നതെന്ന് സിപിഎം നേതൃത്വം തിരിച്ചറിയണം. സിപിഎമ്മിന്റെ പിന്തുണയോടെയല്ലാതെ മാണിക്ക് കുറ്റവിമുക്തനായി തിരിച്ചുവരാൻ കഴിയില്ല എന്ന് എല്ലാവർക്കും അറിയാം. മാണിക്കെതിരെ കേസ് നടത്താൻ തന്നെ പ്രോൽസാഹിപ്പിച്ചവർ മറുവശത്ത് കൂടി മാണിയുമായി ധാരണ ഉണ്ടാക്കുന്നത് നിരാശപ്പെടുത്തുന്നതായും ബിജു രമേശ് പ്രമുഖ ന്യൂസ് ചാനലിനോട് പറഞ്ഞു.
തെളിവ് ലഭിച്ചില്ലെന്ന് പറഞ്ഞ് ബാർകോഴക്കേസ് അവസാനിപ്പിക്കുന്നത് ഉന്നതതലത്തിൽ ആലോചിച്ച് ഉറപ്പിച്ച കള്ളക്കളിയാണെന്നും ബിജു രമേശ് തുറന്നടിച്ചു. രാഷ്ട്രിയ പിന്തുണ കൊടുത്താൽ മാണിക്കെതിരെ തെളിവ് നൽകാൻ ബാറുടമകള്‍ തയ്യാറാകും. യുഡിഎഫ് ഭരണകാലത്ത് സിപിഎം നേതാക്കള്‍ തന്നെ സമീപിച്ചത് പോലെ ഇപ്പോൾ മറ്റ് ബാറുടമകളെ ബന്ധപ്പെടട്ടെ. തെളിവുമായി വരുന്നവർക്ക് സംരക്ഷണം നൽകാന്‍ സിപിഎം തയ്യാറായാൽ മതിയെന്നും ബിജു രമേശ് പറഞ്ഞു.
ആര്‍ത്തവം എന്നത് അശുദ്ധിയല്ല, അതൊരു അവസ്ഥയും അനുഗ്രഹവുമാണെന്ന് അടുത്തകാലത്താണ് പൊതുസമൂഹം മനസിലാക്കി തുടങ്ങിയത്. ആര്‍ത്തവമുള്ള കാലങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എത്രത്തോളമാണെന്നും ആ സമയങ്ങള്‍ അവര്‍ തരണം ചെയ്യുന്നതെങ്ങനെയാണെന്നുമെല്ലാം അടുത്തകാലത്തായി പല സ്ത്രീകളും തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ തന്റെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെടുത്തിയുള്ള സ്വന്തം അനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട്ടില്‍ സബ് കളക്ടര്‍ കൂടിയായ സരയു മോഹനചന്ദ്രന്‍.
സരയു മോഹനചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
സബ് കളക്ടറായി ചാര്‍ജെടുത്തു മൂന്നു മാസം കഴിഞ്ഞു… അന്ന് മുതല്‍ നെഞ്ചില്‍ നീറിപ്പടരുന്ന വേദനയാണ് ഓരോ സ്ത്രീധന മരണവും inquest Dw enquiry യും ഒക്കെ… ആദ്യത്തെ 10 ദിവസത്തിനുള്ളില്‍ 5 അസ്വാഭാവിക മരണങ്ങള്‍ …വിവാഹം കഴിഞ്ഞു 7 വര്‍ഷത്തിനുള്ളില്‍ ഒരു യുവതി അസ്വാഭാവികമായ സാഹചര്യത്തില്‍ മരണമടഞ്ഞാല്‍ അതില്‍ സ്ത്രീധനം ഒരു കാരണമാണോ എന്ന് വിചാരണ നടത്തി റിപ്പോര്‍ട്ട് കൊടുക്കേണ്ടത് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ഉത്തരവാദിത്തമാണ്… ഓരോ ഇന്‍ക്യുസ്റ്റ്് നടത്തുമ്പോഴും ഉള്ളില്‍ എന്തൊക്കെയൊക്കെയോ വികാരങ്ങളാണ്… ഒരു ഓഫീസര്‍ എന്ന നിലയില്‍ ഡിറ്റാച്ഡ് ആയി നിന്ന് കൊണ്ട് ചെയ്യേണ്ട ജോലിയാണിതെന്നു എല്ലാവരും പറഞ്ഞുതന്നിട്ടുണ്ട്. എങ്കിലും മോര്‍ച്ചറിയില്‍ എത്തുമ്പോള്‍ ഞാന്‍ എന്തൊക്കെയോ ചിന്തിച്ചു പോവുന്നു…
രണ്ടു ദിവസമായി ശെരിക്കുറങ്ങിയിട്ട്… ഗായത്രിയുടെ മരണം എന്റെ പന്ത്രണ്ടാവതു ‘174 കേസ്’ ആണ്… ആ കഥയും അതെന്തു കൊണ്ട് എന്നെ ഇത്രയും വേദനിപ്പിക്കുന്നു എന്നുള്ളതും ഞാന്‍ വേറൊരു നാളിലേക്കു മാറ്റിവെക്കുന്നു…ഇന്നലെ രണ്ടും കല്‍പ്പിച്ചു ഫോറന്‍സിക് സര്‍ജനെ വിളിച്ചു’…Dr രാംകുമാര്‍ എന്നെ ഓരോ കേസിലും സഹായിക്കാറുണ്ട്. ‘എന്ത് പറ്റി ഡോക്ടര്‍ നമ്മുടെ പെണ്‍കുട്ടികള്‍ക്ക്?’ ഞാന്‍ അസ്വസ്ഥതയോടെ ചോദിച്ചു…’എന്ത് ചെയ്യാനാണ് മാഡം …. ഞാനും ഓരോ ദിവസവും ഇതേ ഞെട്ടലിലാണ്…’ ഗായത്രിയുടെ മരണത്തെ പറ്റിയും അതിലെ ദുരൂഹതകളെപ്പറ്റിയും സംസാരിച്ചു തീര്‍ന്നപ്പോള്‍ ഞാന്‍ ഡോക്ടറോട് ചോദിച്ചു…
എന്തെങ്കിലും എനിക്ക് ചെയ്യാനാവുമോ… കൗണ്‍സിലിങ് അറേഞ്ച് ചെയ്തോ, ബോധവല്‍ക്കരണത്തിലൂടെയോ ഒക്കെ… എന്നേക്കാള്‍ ഇളയ വയസില്‍ വിവാഹം ചെയ്തു രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായി ജീവിതം മതിയാക്കി ‘ഇനിയെങ്കിലും എനിക്ക് നീതി തേടി തരൂ ‘ എന്ന് ഫോര്‍മാലിന്‍ ഗന്ധം നിറഞ്ഞ മോര്‍ച്ചറിയില്‍ ആരും കാണാതെ ആരും കേള്‍ക്കാതെ എന്നോട് പറഞ്ഞ ഗൗരിയും, രേവതിയും ഒക്കെ എന്റെ മനസിലൂടെ മിന്നി മറഞ്ഞു…’അമ്മ പോയതറിയാതെ ആര്‍ത്തലച്ചു കരയുന്ന കുഞ്ഞുങ്ങള്‍ എന്റെ സ്വപ്നങ്ങളില്‍ വന്നു പോവാന്‍ തുടങ്ങിയിട്ടു കുറച്ചു നാളുകളായി…
ഡോക്ടര്‍ തുടര്‍ന്നു :’മാഡം ശ്രദ്ധിച്ചിട്ടുണ്ടോന്നറിഞ്ഞൂടാ… നമ്മള്‍ കണ്ട ഭൂരിഭാഗം കേസിലും പെണ്‍കുട്ടികള്‍ അവരുടെ ആര്‍ത്തവ ദിവസത്തിനിടയിലാണ് ഇത് ചെയ്തിരിക്കുന്നത്. ഞാന്‍ കൈകാര്യം ചെയ്ത തൊണ്ണൂറു ശതമാനം കേസുകളിലും ഇത് ശെരിയാണ്… പെണ്‍കുട്ടികള്‍ ആ സമയത്ത് അനുഭവിക്കുന്ന സമ്മര്‍ദ്ദം ആരും മനസിലാക്കുന്നൊ കാര്യമാക്കുന്നോ ഇല്ല എന്നതാണ് സത്യം … അതിഭയങ്കരമായ കോപവും ദുഖവും മാനസിക സമ്മര്‍ദ്ദവും ഇതൊന്നും മനസിലാകാതെയുള്ള കുടുംബാംഗങ്ങളുടെ കുറ്റപ്പെടുത്തലുകളും കാര്യങ്ങള്‍ ശരിക്കും വഷളാക്കുന്നു… മാത്രമല്ല, നിറയെ കേസുകളില്‍ ഈ പെണ്‍കുഞ്ഞുങ്ങള്‍ കൈക്കുഞ്ഞുങ്ങള്‍ ഉള്ളവരുമാണ് … പ്രസവശേഷം വരുന്ന ഡിപ്രെഷന്‍ പലരും മനസിലാക്കുന്നില്ല എന്നുള്ളതാണ് സത്യം.
ഇവിടെയാണ് നമുക്കൊക്കെ തെറ്റുന്നത്… ആണിനും പെണ്ണിനും അതിര്‍വരമ്പും മുള്ളുവേലിയും വെച്ച് ആര്‍ത്തവത്തിനും ആര്‍ത്തവ രക്തത്തിനും അശുദ്ധം കല്‍പ്പിച്ചു നമ്മള്‍ പറയേണ്ടതൊക്കെ പറയാതിരിക്കാന്‍ ശീലിച്ചു… പെണ്ണിന്റെ വേദനയും ആ ദിവസങ്ങളിലും അതിനു തൊട്ടു മുന്‍പും അവരനുഭവിക്കുന്ന ശാരീരിക മനസികാസ്വാസ്ഥ്യങ്ങളും ആരും ആര്‍ക്കും പറഞ്ഞു കൊടുത്തില്ല… ഓരോ പെണ്‍കുഞ്ഞും അത് സ്വയം അറിയുന്നു… ബയോളജി പഠിപ്പിച്ച സിസ്റ്ററും അതൊരു വെറും പാഠഭാഗമായി പറഞ്ഞു പോയി…ഇതൊന്നും മനസിലാക്കാതെ പോവുന്നതില്‍ ഞാന്‍ ഒരാണിനെയും കുറ്റപ്പെടുത്തില്ല…
അവര്‍ക്കും ഉണ്ടായിരുന്നു വേദനിക്കുന്ന ആ ദിവസങ്ങളില്‍ കോപം നിയന്ത്രിക്കാനാവാത്ത അമ്മയും ചേച്ചിയും അനിയത്തിയുമൊക്കെ… അവനൊന്നു കാരണം ചോദിച്ചപ്പോള്‍ കടിച്ചു കീറിക്കൊണ്ട് അവനെ ആട്ടിയോടിച്ചത് നമ്മളാണ്… പറയേണ്ടതും പറഞ്ഞു മനസിലാക്കേണ്ടതും ആ ദിവസങ്ങളില്‍ നമുക്ക് എന്ത് വിധ സമ്മര്‍ദ്ദങ്ങളാണ് അനുഭവിക്കേണ്ടി വരുന്നതും എന്നും തുറന്നു പറയേണ്ടത് നമ്മള്‍ തന്നെയാണ്… എല്ലാവരും ഈ ബുദ്ധിമുട്ടിലൂടെ കടന്നു പോവുന്നു എന്നല്ല, അത്തരം ബുദ്ധിമുട്ടുകള്‍ ഉള്ളവരെ സഹായിക്കാന്‍ ഇത്തരം അറിവുകള്‍ ഏറെ സഹായിക്കും… കഅട ുൃലുമൃമശേീി ടൈമിലെ കടുത്ത സമ്മര്‍ദ്ദത്തിനിടെയിലാണ് ഞാന്‍ ഇതേക്കുറിച്ചു മനസിലാക്കുന്നത്…
അമ്മയെയും അനിയത്തിയേയും കൂട്ടുകാരിയേയും കൂടുതല്‍ അറിയുന്നത് അവരെ കൂടുതല്‍ സ്നേഹിക്കാന്‍ സഹായിക്കും… പതിവില്ലാതെ അവള്‍ ദേഷ്യപ്പെടുമ്പോള്‍ മനസിലാക്കാവുന്നതേ ഉള്ളൂ, അവളെ ഹോര്‍മോണ്‍ കഷ്ടപ്പെടുത്തുകയാണെന്നു… ‘എനിക്ക് periods ആണ്… വല്ലാതെ സങ്കടവും ദേഷ്യവും വരുന്നു’ എന്ന് തുറന്നു പറയുന്നതില്‍ ഒരു സദാചാരവും ഇടിഞ്ഞു വീഴുന്നില്ല…ആര്‍ത്തവവും PCOD പോലുള്ള രോഗങ്ങളും POSTPARTUM ഡിപ്രെഷനും ആ സമയങ്ങളില്‍ എങ്ങനെ സമചിത്തതയോടെ അതിനെ കൈകാര്യം ചെയ്യണം എന്നതുമൊക്കെ സ്ത്രീയും പുരുഷനും ഒരു പോലെ അറിഞ്ഞിരിക്കേണ്ടതുണ്ട്… ഇതൊന്നും അവരോടു പറഞ്ഞിട്ട് കാര്യമില്ലെന്നുള്ള എസ്‌ക്യൂസ്‌കള്‍ ദയവു ചെയ്തു വിചാരിക്കരുത്… മനസിലാക്കാനും സഹായിക്കാനും സ്നേഹിക്കാനും നമ്മുടെ ഓരോ കൂട്ടുകാരനും ചേട്ടനും അച്ഛനും ഒക്കെ തയ്യാറാണ്…
അങ്കമാലി മൂക്കന്നൂരില്‍ കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്നു. മൂത്ത സഹോദരന്‍റെ കുടുംബത്തെ അനുജന്‍ വെട്ടിക്കൊല്ലുകയായിരുന്നു. പ്രതി ബാബു പൊലീസ് പിടിയിലായി. ശിവന്‍ (60), ഭാര്യ വല്‍സ(56), മകള്‍ സ്മിത(33) എന്നിവരാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട പ്രതിയെ കൊരട്ടി പൊലീസ് പരിധിയില്‍ നിന്നാണ് പിടികൂടിയത്.
സ്വത്ത് തര്‍ക്കമാണ് കൊലയ്ക്ക് കാരണമായത് എന്നാണ് സൂചന. വൈകിട്ട് അഞ്ചരയോടെയാണ് ആക്രമണം. സ്വത്ത് തര്‍ക്കത്തിന്‍റെ പേരില്‍ ഇരുകുടുംബങ്ങളും അകല്‍ച്ചയിലായിരുന്നു. വാക്കുതര്‍ക്കം കൊലയിലെത്തുകയായിരുന്നു എന്നാണ് വിവരം.
കൊച്ചി: അങ്കമാലിക്ക് സമീപം മൂക്കന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി. മൂക്കന്നൂര്‍ എരപ്പ സ്വദേശി ശിവന്‍, ഭാര്യ വത്സ, മകള്‍ സ്മിത എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവന്റെ സഹോദരന്‍ ബാബുവാണ് കൊല നടത്തിയത്. കുടുംബത്തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് വിവരം. കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട ബാബുവിനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.
കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതി നോട്ടീസ്. സീറോ മലബാര്‍ സഭയിലെ ഭൂമിയിടപാടില്‍ മാര്‍ ആലഞ്ചേരിക്കും ഇടനിലക്കാരായവര്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പോലീസ് അന്വേഷണം ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ സ്വദേശിയായ ജോഷി വര്‍ഗീസ് എന്നയാളാണ് ഹര്‍ജി നല്‍കിയിരുന്നത്.
മജിസ്ട്രേറ്റ് കോടതി അന്വേഷണം നടത്തി വരുന്നുണ്ടെങ്കിലും കേസിന്റെ ഗൗരവം പരിഗണിച്ച് പൊലീസ് തന്നെ അന്വേഷണിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. പൊതുസമൂഹവും ഇതേ ആവശ്യം ഇന്നയിച്ചിരുന്നെങ്കിലും ക്രിമിനല്‍ കേസ് എന്ന നിലയ്ക്ക് പൊലീസ് ഇത് പരിഗണിച്ചിരുന്നില്ല. ജസ്റ്റിസ് കെമാല്‍ പാഷ അധ്യക്ഷനായ ബഞ്ചാണ് ബന്ധപ്പെട്ടവര്‍ക്ക് ദൂതന്‍ മുഖാന്തരം അടിയന്തരമായി നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്.
ഇതനുസരിച്ച് മാര്‍ ആലഞ്ചേരി, ജോഷ്വ പൊതുവ, ഫാ: വടക്കുമ്പാടന്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസ് ഈ മാസം 19 വീണ്ടും പരിഗണിയ്ക്കും. അങ്കമാലി അതിരൂപതയുടെ കീഴില്‍ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ കടം വീട്ടാ നടത്തിയ ഭൂമിവില്‍പ്പനയില്‍ സഭയ്ക്ക് വലിയ നഷ്ടം സംഭവിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കര്‍ദ്ദിനാളിനെതിരെ പരാതി ഉയര്‍ന്നത്.
60 കോടിയുടെ കടംവീട്ടാന്‍ 75 കോടിയോളം വിലവരുന്ന ഭൂമി 28 കോടിക്ക് വില്‍ക്കുകയും ഇതില്‍ 19 കോടി ബാക്കി കിട്ടാനിരിക്കേ ഭൂമി ആധാരം ചെയ്ത് നല്‍കുകയും ചെയ്തുവെന്നാണ് കണ്ടെത്തിയത്.
പ്രണവ് രാജ്
മസ്കറ്റ് : വിദേശ ഇന്ത്യക്കാരും മോഡിയെ തഴയുന്നുവോ ?. ഇന്ത്യയിലെപ്പോലെ വിദേശത്തും മോഡിയെ ജനം ഒഴിവാക്കി തുടങ്ങിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒമാനില്‍ മോഡി പങ്കെടുത്ത പരിപാടി. മോഡിയുടെ പ്രസംഗം ആളൊഴിഞ്ഞ കസേരകള്‍ക്ക് മുന്നിലായിരുന്നു. ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയാതെ മോദിയുടെ ഒമാനിലെ പൊതുപരിപാടി. ജനക്കൂട്ടത്തിന്റെ സാന്നിധ്യത്താല്‍ വാര്‍ത്തകളില്‍ ഇടം നേടുന്നതാണ് എപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പരിപാടികള്‍. എന്നാല്‍ മസ്കറ്റില്‍ ഞായറാഴ്ച നടന്ന പൊതുപരിപാടി ചര്‍ച്ചയായത് കാണികളുടെ കുറവിനാലാണ് .
ഒമാനിലെ ഏറ്റവും വലിയ സ്റ്റേഡിയമായ സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സിലാണ് പരിപാടി നടന്നത്. മുപ്പതിനായിരത്തോളം പേര്‍ക്ക് ഇരിക്കാനാണ് സ്റ്റേഡിയത്തില്‍ സൌകര്യം ഒരുക്കിയിരുന്നത് . ഏതാണ്ട് ഇത്രത്തോളം തന്നെ പാസുകള്‍ വിതരണം ചെയ്തെങ്കിലും പരിപാടി കാണാന്‍ എത്തിയത് വളരെ കുറച്ച് പേര്‍ മാത്രമാണ്. ആറുമണിക്ക് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന പരിപാടി ആളില്ലാത്തതിനാല്‍ ഒരു മണിക്കൂറോളം വൈകിയാണ് തുടങ്ങിയതും.
ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ക്ലബിന്റെ സഹകരണത്തോടെയാണ് പരിപാടിക്കുള്ള പാസുകള്‍ വിതരണം ചെയ്തത്. സോഷ്യല്‍ക്ലബ് മുഖേനയായിരുന്നു ആദ്യഘട്ട രജിസ്ട്രേഷന്. രജിസ്ട്രേഷന് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാതിരുന്നതോടെ എംബസി വെബ്സൈറ്റ് മുഖേനയും സംവിധാനമേര്‍പ്പെടുത്തി. ഇതിന് പുറമെ തൊഴിലാളികളെയും വിദ്യാര്‍ഥികളെയും പങ്കെടുപ്പിക്കണമെന്ന് കാട്ടി കമ്പനികള്‍ക്കും ഇന്ത്യന്‍ സ്കൂളുകള്‍ക്കും എംബസി അയച്ച കത്ത് കഴിഞ്ഞ ദിവസം പുറത്തായിരുന്നു. അരദിവസത്തെ പരിപാടിയില്‍ എത്തിക്കേണ്ട ആളുകളുടെ എണ്ണം പറഞ്ഞുള്ള കത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചിരുന്നു.
തലേ ദിവസമായ ശനിയാഴ്ച വൈകുന്നേരമാണ് തങ്ങള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശം ലഭിച്ചതെന്ന് പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരന്‍ പറഞ്ഞു. എംബസി നിര്‍ദേശപ്രകാരം വിവിധ സ്കൂളുകളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ഥികളെയും പരിപാടിക്കായി എത്തിച്ചിരുന്നു. സ്കൂളുകളില്‍ ചില ക്ലാസുകള്‍ക്ക് ഇതിനായി ഉച്ചക്ക് ശേഷം അവധി നല്‍കിയിരുന്നു. താഴ്ന്ന ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ സ്കൂള്‍ യൂനിഫോമണിഞ്ഞും പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്നവര്‍ കളര്‍ ഡ്രസ് അണിഞ്ഞുമാണ് എത്തിയത്. സ്റ്റേഡിയത്തില്‍ പ്രവേശനം ആരംഭിച്ച ഉച്ചക്ക് രണ്ടര മുതല്‍ക്കേ വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും എത്തിയിരുന്നു.
മലയാളികള്‍ പരിപാടിയില്‍ വളരെ കുറവായിരുന്നു. ഉത്തരേന്ത്യക്കാരായിരുന്നു പരിപാടിയില്‍ കൂടുതലും. വി.ഐ.പി,വി.വി.ഐ.പി സീറ്റുകളും പൊതുവെ ശൂന്യമായിരുന്നു. ബി.ജെ.പി അനുഭാവികളും പരിപാടിയില്‍ പരമാവധി ആളുകളെ എത്തിക്കുന്നതിനായി സാമൂഹിക മാധ്യമങ്ങളില്‍ കാമ്പയിനിഗ് നടത്തിയിരുന്നു. കോണ്‍ഗ്രസ്, സി.പി.എം അനുഭാവികള്‍ ഒാണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ബോധപൂര്‍വം പാസ് വാങ്ങിയില്ലെന്നാണ് ബി.ജെ.പി അനുകൂലികളുടെ പ്രധാന ആരോപണം. രണ്ടായിരത്തിലധികം പാസുകളാണ് ഇങ്ങനെ വരാതിരുന്നത്. പാസ് വാങ്ങിയ ശേഷം പരിപാടിക്ക് വരാതിരുന്നവരും നിരവധിയാണ്.
മോഡിയുടെ ഭരണത്തെ കോര്‍പ്പറേറ്റുകളും , തീവ്രഹിന്ദുത്വവാദികളും ഒഴികെ മഹാഭൂരിപക്ഷം ഇന്ത്യക്കാരും ഇതൊനോടകം മടുത്തു കഴിഞ്ഞു . വെറും പൊള്ളയായ വാഗ്ദാനങ്ങളും , വാചകമടിയുമായി ലോകം ചുറ്റി നടക്കുന്ന മോഡിയെ വിദേശ ഇന്ത്യക്കാരും തള്ളി കളഞ്ഞിരിക്കുന്നു എന്നാണ് മസ്ക്കറ്റിലെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത് .