മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വ്‌ളാഡിമിര്‍ പുടിന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നാലാമത്തെ തവണയാണ് പുടിന്‍ റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 75 ശതമാനം വോട്ട് ഇത്തവണ പുടിന്‍ നേടി. പോളിംഗ് ശതമാനവും വോട്ടു വിഹിതവും ഉയര്‍ത്താന്‍ മാത്രമാണ് പുടിന്‍ ശ്രമിച്ചത്. പുടിന്റെ വിജയം ഉറപ്പായിരുന്ന തെരഞ്ഞെടുപ്പ് പ്രഹസനമായിരുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു.
പേരിനൊരു തിരഞ്ഞെടുപ്പ് മാത്രമായിരുന്നു റഷ്യയില്‍ നടന്നത്. സര്‍വേഫലങ്ങള്‍ ഏഴുപത് ശതമാനം വോട്ടുകള്‍ പ്രവചിച്ചപ്പോള്‍ അതിനും മുകളിലായി പുടിന്‍ 75 ശതമാനം വോട്ടുകള്‍ പുടിന്‍ നേടി. തന്റെ ഭരണകാലത്തെ നേട്ടങ്ങള്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നായിരുന്നു മോസ്‌കോയില്‍ നടന്ന റാലിയില്‍ പുടിന്‍ പ്രതികരിച്ചത്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും പുടിന് കാര്യമായ വെല്ലുവിളി ഉണ്ടായിരുന്നില്ല.
50 ശതമാനം പോളിങ് നടന്ന തിരഞ്ഞെടുപ്പില്‍ പുട്ടിനടക്കം ഏട്ടു സ്ഥാനാര്‍ഥികളാണ് മല്‍സരിച്ചത്. പ്രധാന എതിരാളിയും പ്രതിപക്ഷ നേതാവുമായിരുന്ന അലക്‌സി നവല്‍നിക്ക് കോടതിവിലക്കു മൂലം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായില്ല. ഇതേത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ നവല്‍നി ആഹ്വാനം ചെയ്തിരുന്നു.
ടാറ്റ മോട്ടോഴ്‌സ് സ്വന്തമായി നിര്‍മിച്ച 25 ഹൈബ്രിഡ് ഇലക്ട്രിക് ബസുകള്‍ മുംബൈ മെട്രോപൊളിറ്റന്‍ റീജ്യൺ ഡവലപ്‌മെന്റ് അതോറിറ്റിക്ക് (എംഎംആര്‍ഡിഎ) കൈമാറി. ലിഥിയം അയോണ്‍ ബാറ്ററികള്‍ ഉപയോഗിച്ചിരിക്കുന്ന വാഹനത്തില്‍ ഡീസലും ഉപയോഗിക്കാനാകും.
പ്രീമിയം സൗകര്യങ്ങളില്‍ ഗ്ലോബര്‍ സ്റ്റാന്റേഡിനനുസരിച്ചുള്ളതാണ് ടാറ്റ സ്റ്റാര്‍ബസ് ശ്രേണിയില്‍പ്പെട്ട ഈ ഹൈബ്രിഡ് ഇലക്ട്രിക് ബസുകള്‍. കമ്പനിയുടെ സാങ്കേതിക വൈദഗ്ദ്ധ്യത്തിന്റെ ഉദാഹരണമാണ് ബിഎസ് 4 ശ്രേണിയിലെ ആദ്യ ഹൈബ്രിഡ് ഇലക്ട്രിക് ബസുകളെന്ന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് ബിസിനസ് പ്രസിഡന്റ് ഗിരീഷ് വാഗ് പറഞ്ഞു.
ബസില്‍ 32 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം. നഗരങ്ങളിലെ ഗതാഗതം സുഗമമാക്കാന്‍ മലിനീകരണത്തോത് കുറഞ്ഞ ഇലക്ട്രിക് ബസുകള്‍ കൂടുതലായി പുറത്തിറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള പ്രയാണത്തില്‍ സര്‍ക്കാരും മറ്റ് റെഗുലേറ്ററി അതോറിറ്റികളുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും വാഗ് കൂട്ടിച്ചേര്‍ത്തു.
എറണാകുളം പുത്തന്‍വേലിക്കരയില്‍ 60 വയസുകാരിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍വേലിക്കരയില്‍ ഡേവിസിന്റെ ഭാര്യ മോളിയെയാണ് മരിച്ച നിലയില്‍ കിടപ്പു മുറിയില്‍ ഇന്നു രാവിലെ കണ്ടെത്തിയത്.
സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയായ അസം സ്വദേശി മുന്ന(28)യെ ചോദ്യം ചെയ്തുവരികയാണ്. മോളിയുടെ വീടിനോടു ചേര്‍ന്നുള്ള ഔട്ട് ഹൗസില്‍ താമസിച്ചുവന്നിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെയാണ് പോലീസ് സംഭവത്തില്‍ പിടികൂടിയിരിക്കുന്നത്. മനോദൗര്‍ബല്യമുള്ള മകനൊപ്പമാണ് മോളി താമസിച്ചുവന്നിരുന്നത്. പീഡനശ്രമത്തിനിടെയാണ് കൊലപ്പെടുത്തിയതെന്ന മൊഴിയാണ് ഇയാള്‍ നല്‍കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാവിലെ അമ്മ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് മകന്‍ എത്തി വിളിച്ചപ്പോള്‍ മോളി വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് മകന്‍ അടുത്തുള്ള വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തുള്ള സ്ത്രീ എത്തി നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ വിവസ്ത്രയായി മോളി നിലത്തു കിടക്കുകയായിരുന്നു.
ഉടന്‍ തന്നെ ഇവര്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ഡോഗ് സ്‌ക്വാഡിനൊപ്പം എത്തി. തൊട്ടടുത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിച്ചു വന്നിരുന്ന ഔട്ട് ഹൗസിലേക്കാണ് പോലീസ് നായ എത്തിനിന്നത്. ഇതേതുടര്‍ന്ന് പ്രതി രക്ഷപ്പെടുന്നതിനു മുമ്പു തന്നെ ഇയാളെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കേരളം മുഴുവന്‍ അന്യ സംസഥാന തൊഴിലാളികള്‍ അരങ്ങുവാഴുമ്പോള്‍ അതിക്രമങ്ങളുടെയും അരും കൊലകളുടെയും എണ്ണം കൂടിവരുകയാണ്. എത്രയൊക്കെ ആയാലും മലയാളികള്‍ പഠിക്കില്ല. എന്ത് ജോലിയാണെങ്കില്‍ പോലും സ്വന്തം നാട്ടില്‍ അത് ചെയ്യുമ്പോള്‍ കുറച്ചിലായി തോന്നുന്ന എല്ലാരും അറിയുക അന്യ സംസ്ഥാന തൊഴിലാളികള്‍ ഗള്‍ഫ് പോലെ നമ്മുടെ കേരളത്തെ കാണുമ്പോള്‍ ഇവിടെ നടക്കുന്നത് അവരുടെ നെറികെട്ട തോന്ന്യവാസങ്ങള്‍…
പക്ഷെ ചരിത്രം മാറ്റിക്കുറിച്ച് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ ഒന്നായ പാറമ്പുഴ കൂട്ട കൊലപതകത്തില്‍ പ്രതിയായ നരേന്ദ്ര കുമാര്‍ എന്ന അന്യസംസ്ഥാന തൊഴിലാളിയെ രക്ഷപെടാന്‍ ഒരു പഴുതുപോലുമില്ലാതെ ആയിരുന്നു കോടതി വിധി. വധ ശിക്ഷയും ഏഴ് വര്‍ഷം തടവും കൂടാതെ ഇരട്ട ജീവപര്യന്തവും. ഇത് എല്ലാവര്‍ക്കും ഒരു പാഠമായിരിക്കട്ടെ. അന്യ സംസ്ഥാനത്ത് നിന്ന് നമ്മുടെ നാട്ടില്‍ വന്ന ഉപജീവന മാര്‍ഗം തേടുമ്പോള്‍ അവര്‍ കാണിക്കുന്ന ക്രൂര കൃത്യങ്ങള്‍ക്ക് ബലിയാടാകേണ്ടിവരുന്ന കുടുംബങ്ങള്‍ക്ക് അതൊരു ആശ്വാസമായിരുന്നു. ഒരു കുടുംബം മുഴുവന്‍ തകര്‍ത്ത് കളഞ്ഞ ശേഷം ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ കയ്യോടെ തന്നെ പൊക്കിയിരുന്നു.
ഇതുകൊണ്ടും പഠിക്കില്ല എന്നതാണ് സത്യം. അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ട ജിഷ വധ കേസ് അത് മറ്റൊരു സംഭവം. കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കേസില്‍ പ്രതിയായിരുന്നതും അന്യസംസഥാന തൊഴിലാളിയായ അമിറൂള്‍ ഇസ്ലാം. ഈ കേസില്‍പോലും ഇത്തരമൊരു വിധി ഇല്ലായിരുന്നു. എങ്കിലും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
ഇങ്ങനെ എത്രയോ കേസുകള്‍ വെവ്വേറെ പോലീസ് സ്‌റ്റേഷനുകളിലായ് ഓരോ ദിവസവും രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. അറിഞ്ഞും അറിയാതെയും ഓരോ ദിവസവും പുതിയ പുതിയ സംഭവങ്ങള്‍. എന്തെങ്കിലും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മാത്രമാകും ഇവരെയൊക്കെ സൂക്ഷിക്കുക. എന്നാല്‍ അതിനൊക്കെ മുന്‍പ് അപരിചിതരായ ആള്‍ക്കാരുണ്ടെങ്കില്‍ അവരെയൊക്കെ ഒന്ന് ശ്രദ്ധിച്ചാല്‍ നമ്മുടെ കുട്ടികള്‍, കുടുംബം, നമ്മുടെ സമ്പാദ്യം ഇതൊക്കെ ഒരു കാരണവശാലും നമുക്ക് നഷ്ടമാകില്ല എന്നു തന്നെ പറയാം…
കണ്ണൂര്‍: കണ്ണൂര്‍ ആയിക്കരയില്‍ വയോധികയ്ക്ക് ചെറുമകളുടെ ക്രൂര മര്‍ദ്ദനം. മനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അയല്‍വാസികളാണ് ദീപ എന്ന യുവതിയുടെ ക്രൂരതയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പുറത്തുവിട്ടത്. ജനങ്ങളുടെ മുന്നിലിട്ട് ചെറുമകള്‍ വൃദ്ധയെ യാതൊരു പ്രകോപനവും കൂടാതെയാണ് മര്‍ദ്ദിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. മര്‍ദ്ദിക്കുന്നതില്‍ നിന്നും യുവതിയെ പിന്തിരിപ്പിക്കാന്‍ അയല്‍ക്കാര്‍ ശ്രമം നടത്തിയെങ്കിലും ദീപ മര്‍ദ്ദനം തുടര്‍ന്നു.
ദീപയ്ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്രൂരകൃത്യം നടത്തിയ ദീപയെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. അമ്മൂമ്മയെ മര്‍ദ്ദിക്കുന്നതിനിടയില്‍ നാട്ടുകാരില്‍ ചിലര്‍ പോലീസിനെ വിളിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും അതൊന്നും വകവെക്കാതെയാണ് യുവതിയുടെ ക്രൂരത. പോലീസിനെ വിളിച്ചോളൂവെന്ന് ദീപ ആക്രോശിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം.
ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യുവതിക്കെതിരെ കടുത്ത പ്രതിഷേധവുമായി ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. ചെറുമകളുടെ അക്രമത്തിന് ശേഷം നാട്ടുകാര്‍ ഇടപെട്ട് ജാനുവമ്മയെ മറ്റൊരു വീട്ടിലേയ്ക്ക് മാറ്റിയിരുന്നു. വൃദ്ധസദനത്തിലേയ്ക്ക് മാറ്റാമെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും സ്വന്തം വീട്ടിലേക്ക് പോകണമെന്നാണ് ജാനുവമ്മ വീണ്ടും പറയുന്നത്. ദിവസങ്ങളായി ദീപ തന്നെ ആക്രമിക്കുകയാണെന്നും ശരീരത്തില്‍ ആകമാനം മുറിവുകള്‍ ഉണ്ടെന്നും ജാനുവമ്മ പരാതിപ്പെടുന്നു.
ഫറൂഖ് കോളേജ് അധ്യാപകന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ മാറ് തുറക്കല്‍ സമരവുമായി സോഷ്യല്‍ മീഡിയ. ആരതി എസ്.എ എന്ന അധ്യാപികയാണ് ആദ്യമായി ഫേസ്ബുക്കില്‍ മാറ് തുറക്കല്‍ സമരത്തിന് തുടക്കം കുറിച്ചത്. ഫറൂഖ് കോളേജ് അധ്യാപകന്‍ മുസ്ലിം വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണത്തെ അപമാനിച്ച് രംഗത്ത് വന്നതോടെയാണ് സമരം ആരംഭിച്ചത്.
ആരതിക്ക് പിന്നാലെ മോഡലും സോഷ്യല്‍ ആക്ടിവിസ്റ്റുമായ രെഹ് നാ ഫാത്തിമയും പ്രതിഷേധവുമായി രംഗത്ത് വന്നു. മാറ് ദൃശ്യമാകുന്ന വിധത്തില്‍ ഫോട്ടോ പ്രസിദ്ധീകരിച്ചാണ് ഇവര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. അധ്യാപകന്റെ ബത്തക്ക പരാമര്‍ശത്തിനെതിരെ ഫറൂഖ് കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
വിഷയത്തില്‍ ദിയ സനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
മാറുതുറക്കല്‍സമരം….
പലരും പറയുന്ന പോലെ ‘മാറു തുറക്കല്‍ സമരം ‘, പഴയ ‘മാറു മറയ്ക്കാനുള്ള അവകാശ’ പോരാട്ടത്തെ റദ്ദുചെയ്യുന്നു എന്നൊരഭിപ്രായം എനിക്കില്ല. പകരം അത് പഴയ പോരാട്ടങ്ങളുടെ തുടര്‍ച്ച മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അധികാര പ്രമത്തതയുടെ ബാഹ്യലോകത്തു നിന്ന് ആണ്‍- വരേണ്യബോധം പെണ്‍ ദളിത് അപകര്‍ഷതയെ ന്യൂനീകരിച്ചതിന്റെ ബഹിര്‍സ്ഫുരണമായിരുന്നു മാറുമറയ്ക്കല്‍ സമരം. പെണ്ണിന്റെ ‘ചോയ്സ് ‘ പ്രാചീന ആണ്‍ഹുങ്കുകള്‍ വകവെച്ചു കൊടുക്കാതിരുന്നതിന്റെ അധികാരത്തുടര്‍ച്ചയില്‍ ക്യൂവിലാണ് ഇന്നും നവീന ആണ്‍മത ശരീരങ്ങള്‍ എന്നു തോന്നുന്നു. ഈയൊരു സമരരീതിയോടെ സ്ത്രീകള്‍ മുഴുവന്‍ മാറുതുറന്ന് നടക്കണമെന്നോ നടക്കുമോയെന്നുമല്ല അര്‍ത്ഥമാക്കേണ്ടത്. മറിച്ച് അവര്‍ക്ക് അതിനുള്ള അധികാരമുണ്ടെന്ന് രേഖപ്പെടുത്തുക മാത്രമാണ്.
പൊതു ഇടങ്ങളില്‍ ആണ്‍ ശരീരം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അതേ അളവില്‍, അതല്ലെങ്കില്‍ ആണ്‍ ശരീരത്തിന്റെ തുറന്നു കാട്ടപ്പെടലിന്റെ അതേ സ്വാതന്ത്യ ബോധം പെണ്ണിനും ബാധകമാണ്. ആണിന്റെ ഉദാരതയില്‍ മാത്രം അവളുടെ സ്വാതന്ത്ര്യത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്നം. പുറംകാഴ്ചയുടെ സങ്കുചിത ലൈംഗിക ബോധത്തിനപ്പുറത്ത് പെണ്‍ശരീരത്തിന്റെ ‘അത്ഭുത’ങ്ങളില്‍ നിന്ന് മനുഷ്യ ശരീരത്തിലേക്കുള്ള പരിണാമം അനിവാര്യമായി തീര്‍ന്നിരിക്കുന്ന ഒരു കാലത്ത്, അങ്ങനെയൊരു പരിഷ്‌കരണത്തിലേക്ക് വിപ്ലവച്ചൂട്ട് ഉയര്‍ത്തിപ്പിടിക്കുകയാണ് ഇത്തരമൊരു സമരമാര്‍ഗത്തിലൂടെ!

ചൊവ്വയിലെ ജീവനുകളെ തേടി 2030ല്‍ നടത്താനിരിക്കുന്ന ദൗത്യത്തിലെ സഞ്ചാരികളെ കാത്തിരിക്കുന്നത് വലിയ അപകടമെന്ന് മുന്നറിയിപ്പ്. ചൊവ്വ യാത്രികരെ കാത്തിരിക്കുന്നത് കൊലയാളി വൈറസുകളും അന്യഗ്രഹ രോഗാണുക്കളുമാണെന്ന മുന്നറിയിപ്പുമായി ഗവേഷകന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഗവേഷകനായ ഡോ. ബാരി ഡിഗ്രെഗോറിയോയാണ് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ മാസം ആദ്യത്തോടെ ചൊവ്വയില്‍ ജീവനുണ്ടെന്നതിന് തെളിവുകള്‍ പുറത്തുവന്നതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. നാസയുടെ ക്യൂരിയോസിറ്റി റോവറിന്റെ ക്യാമറയില്‍ പതിഞ്ഞത് ഫോസിലുകളുടെ ചിത്രങ്ങളാണെന്നും ബഹിരാകാശ മിഷനു വേണ്ടിയുള്ള ഫണ്ടിംഗില്‍ തടസ്സം വരാതിരിക്കാന്‍ നാസ സത്യം മറച്ചുവെക്കുകയാണെന്ന് ഗവേഷകനായ ഡോ. ബാരി ഡിഗ്രെഗോറിയോ ആരോപിക്കുന്നു. ചൊവ്വയിലെ ജീവന്റെ സാന്നിധ്യം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും അന്യഗ്രഹ ജീവനുകളുണ്ടെങ്കില്‍ അത് ബഹിരാകാശ യാത്രികരുടെ മരണത്തിന് കാരണമായേക്കാമെന്നും യൂണിവേഴ്‌സിറ്റി ഓഫ് ബക്കിംഗ്ഹാമിലെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നമുക്ക് പരിചിതമല്ലാത്ത അന്യഗ്രഹ രോഗാണുക്കളുടെയും വൈറസുകളുടെയും ഇടയിലേക്കാണ് ബഹിരാകാശ യാത്രികര്‍ എത്തിപ്പെടാന്‍ സാധ്യതയുള്ളതെന്ന് ഡോ. ഡിഗ്രെഗോറിയോ ഡെയിലി സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. യാത്രികരുടെ ജീവന്‍ അപകടത്തിലാവാന്‍ സാധ്യത നിലനില്‍ക്കുന്നത് കൊണ്ടു തന്നെ ഇതര മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ചൊവ്വയില്‍ ജീവന്റെ അംശമുണ്ടോയെന്ന് സ്ഥിരീകരിക്കുക അത്യാവശ്യമാണ്. രോഗാണുബാധ മൂലം ബഹിരാകാശ യാത്രികര്‍ കൊല്ലപ്പെടുകയാണെങ്കില്‍ മറ്റൊരു ദൗത്യത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുമെന്നതാണ് അനന്തരഫലം. സൂക്ഷ്മജീവികള്‍ ചൊവ്വയുടെ പ്രതലങ്ങളില്‍ ഉണ്ടെന്നുള്ളതിനെക്കുറിച്ച് തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബഹിരാകാശ യാത്രികരുടെ ജീവന്‍ അപകടത്തിലാവാതിരിക്കാന്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താന്‍ നാസ തയ്യാറാകണമെന്ന് ഡോ. ഡിഗ്രെഗോറിയോ ആവശ്യപ്പെടുന്നു. ചൊവ്വയില്‍ ജീവന്റെ സാന്നിധ്യമുണ്ടോയെന്ന് അന്വേഷിക്കുന്നതായി നാസ അവകാശപ്പെടുന്നുണ്ടെങ്കിലും സത്യത്തില്‍ അവരത് ചെയ്യുന്നില്ല. അന്വഷണം ഫലം ഒരിക്കല്‍ പുറത്തുവിട്ടു കഴിഞ്ഞാല്‍ വീണ്ടും മിഷനുകള്‍ നടക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോയെന്ന് ഡോ. ഡിഗ്രെഗോറിയോ ചോദിക്കുന്നു. മനുഷ്യനെ ചൊവ്വയിലേക്ക് അയക്കുന്നതിന് മുന്‍പ് അവിടെ ജീവന്റെ അംശമുണ്ടോയെന്ന് സമഗ്രമായ അന്വേഷണം നാസ നടത്തുമെന്നാണ് തന്റെ പ്രത്യാശ. അത് സാമാന്യനിതീയാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരെ അന്യഗ്രഹത്തിലേക്ക് മരിക്കാന്‍ അയക്കുന്നതിലൂടെ എന്തു പ്രസിദ്ധിയാണ് ലഭിക്കുകയെന്നും ഇത്തരത്തിലാണെങ്കില്‍ മിഷനുകള്‍ ഉണ്ടാകില്ലെന്നും ഡോ. ഡിഗ്രെഗോറിയോ കൂട്ടിച്ചേര്‍ത്തു.
സാധാരണ ഒരു യാത്രയില്‍ ഒപ്പം അത്യാവശ്യ വസ്ത്രങ്ങളും അനുബന്ധ സാധനങ്ങളുമാണ് നാം കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ചാള്‍സ് രാജകുമാരന്‍ ഏറെ വ്യത്യസ്ഥനാണ്. അദ്ദേഹം തന്റെ യാത്രയില്‍ ഒപ്പം കരുതുന്നവയില്‍ തന്റെ കിടപ്പുമുറിയിലെ മുഴുവന്‍ സാധനങ്ങളും ഉള്‍പ്പെടും. അദ്ദേഹത്തിനായി തയ്യാറാക്കിയ പ്രത്യേക ബെഡും സ്‌കോട്ടിഷ് ഹൈലാന്റുകളുടെ പെയിന്റിംഗുകളും ഇവയില്‍ ഉള്‍പ്പെടും. പുതിയ ജീവചരിത്രമാണ് ഇതു സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തു വിട്ടിരിക്കുന്നത്. ടോയിലറ്റ് സീറ്റും ഒപ്പം കൊണ്ടു പോകുന്ന പതിവ് അദ്ദേഹത്തിനുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നാല് പേഴ്‌സണല്‍ സ്റ്റാഫ് ഉള്‍പ്പെടെ ഏതാണ്ട് 123 പേരാണ് പ്രിന്‍സ് ചാള്‍സിന്റെ അനുചരണ സംഘത്തിലുള്ളത്. വെയില്‍സിലെ രാജകുമാരന്റെ ആഢംബര ജീവിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച്ച തരുന്നതായിരിക്കും പുതിയ ജീവചരിത്രമെന്ന് ഇന്‍വെസ്റ്റിഗേറ്റീവ് പത്രപ്രവര്‍ത്തകന്‍ ടോം ബൗവര്‍ അവകാശപ്പെടുന്നു. 69കാരനായ പ്രിന്‍സ് ദിവസത്തില്‍ ഏതാണ്ട് 6 തവണ വസ്ത്രം മാറുമെന്നും പുസ്തകത്തില്‍ പറയുന്നു. പ്രിന്‍സ് പങ്കെടുക്കുന്ന പരിപാടികളില്‍ ഒരു ഫ്‌ളാസ്‌ക് നിറയെ മാര്‍ട്ടീനി നിറച്ചു കൊണ്ടു വരാന്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ പോലീസ് സ്റ്റാഫുകള്‍ക്ക് നിര്‍ദേശമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രിന്‍സ് ചാള്‍സിനെ കുറിച്ചുള്ള ടോം ബൗവറിന്റെ പുസ്തകം പ്രസിദ്ധികരിച്ചിരിക്കുന്നത് ഡെയിലി മെയിലിലാണ്. പല സീരിസുകളായാണ് പുസ്തകം ഇറങ്ങിയിരിക്കുന്നത്. അതേസമയം പുസ്‌കത്തില്‍ പ്രതിപാദിച്ചിരിക്കുന്ന എല്ലാ അവകാശ വാദങ്ങളെയും ചാള്‍സ് രാജകുമാരന്റെ അഭിഭാഷകര്‍ നിഷേധിച്ചിട്ടുണ്ട്. ടോം ബൗവറിന് അറിവുകള്‍ ലഭിച്ച ഉറവിടങ്ങളും തെറ്റാണെന്ന് അവര്‍ വ്യക്തമാക്കുന്നു. ചാള്‍സ് രാജകുമാരന്റെ ജീവിത ശൈലിയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളാണ് പുതിയ പുസ്തകത്തില്‍ പറയുന്നത്. എന്നാല്‍ ഇവയൊന്നും വസ്തു നിഷ്ഠമല്ലെന്ന് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു.
മലയാളി വിദ്യാര്‍ഥിനി ജിദ്ദയില്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു. അല്‍ ശര്‍ഖ് ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ കളരാന്തിരി അബ്ദുല്‍ ലത്തീഫിന്റെ മകള്‍ ഫിദ (14) ആണ് മരിച്ചത്.
കെ എം സി സി കൊടുവള്ളി മണ്ഡലം കുടുംബസംഗമം നടക്കുന്നതിനിടെ, വിശ്രമകേന്ദ്രത്തിലെ നീന്തല്‍ക്കുളത്തില്‍ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടെയാണ് സംഭവം.
ജിദ്ദ അല്‍ മവാരിദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബി.ജെ.പിയേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ മരിക്കുമ്പോള്‍ യോഗ ചെയ്യാനാവശ്യപ്പെടുന്നയാളാണ് പ്രധാനമന്ത്രിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. എ.ഐ.സി.സി പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വന്‍കിട മുതലാളിമാരുമായിട്ടാണ് പ്രധാനമന്ത്രിയുടെ ചങ്ങാത്തമെന്നും രാഹുല്‍ പറയുന്നു.
മോഡിയുടെ മായയിലാണ് ഇന്ത്യ ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. രാജ്യത്തെ ഔദ്യോഗിക സ്ഥാപനങ്ങളെ തകര്‍ക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ആധുനിക യുഗത്തിലെ കൗരവരാണ് ബി.ജെ.പിക്കാരെന്നും രാഹുല്‍ ഗാന്ധി പറയുന്നു. രാജ്യത്ത് കലാപമുണ്ടാക്കാനാണ് ആര്‍എസ്എസ്-ബിജെപി സഖ്യം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ ആരോപിച്ചു.
അതേസമയം കോണ്‍ഗ്രസിനെ സ്വയം വിമര്‍ശനത്തിന് വിധേയമാക്കാനും രാഹുല്‍ ഗാന്ധി തയ്യാറായി. കഴിഞ്ഞ യുപിഎ സര്‍ക്കാരിന് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ഒരു അദൃശ്യ മതിലുണ്ട്. അത്തരം മതിലുകള്‍ തകര്‍ക്കുകയാണ് പാര്‍ട്ടിയുടെ അടുത്ത ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുമ്പളം വീപ്പ കൊലക്കേസില്‍ കൂടുതല്‍ ദുരൂഹതകള്‍ മറനീക്കി പുറത്ത് വരുന്നു. കൊല്ലപ്പെട്ട ശകുന്തളയുടെ മകള്‍ അശ്വതിക്കും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സജിത്തിനും പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിലാണ് പൊലീസ് എത്തി നില്‍ക്കുന്നത്. അതേസമയം സജിത്തുമായി ബന്ധമുണ്ടായിരുന്ന ഇടുക്കി സ്വദേശിനിയായ 26കാരിയെ കാണാതായിട്ടുണ്ട്. സജിത്ത് ആത്മഹത്യ ശേഷമായിരുന്നു ഇവര്‍ വിദേശത്തേക്ക് കടന്നത്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയ സംഘം മുന്തിയ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ഇടപാട് നടത്തുന്നത്. ഇവര്‍ക്ക് ആനക്കൊമ്പടക്കമുള്ള ഇടപാടുകളുമുണ്ടെന്നും പൊലീസ് കണ്ടെത്തി.
മുങ്ങിയ യുവതിയെ തേടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. സജിത്തുമായും ശകുന്തളയുടെ മകള്‍ അശ്വതിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഉന്നത ബന്ധങ്ങളുള്ള ഇവര്‍ ഗള്‍ഫിലേക്ക് കടന്നതായാണ് സൂചന. സജിത്തും അശ്വതിയും മക്കളുമൊത്ത് ഇവര്‍ വിനോദയാത്രകള്‍ നടത്തിയ ദൃശ്യങ്ങളും വീഡിയോയും പോലീസിന്റെ പക്കലുണ്ട്. നാടുവിട്ട ശേഷം ഇവര്‍ സമൂഹമാധ്യമങ്ങളിലോ പതിവായി ഉപയോഗിച്ചിരുന്ന വാട്‌സപ്പിലോ പ്രത്യക്ഷപ്പെട്ടിട്ടില്ല. സജിത്തുമായി പല ദുരൂഹമായ ഇടപാടുകളിലും ഇവര്‍ക്ക് പങ്കുള്ളതായാണ് സംശയം. അതിനിടെ അശ്വതിയെ കോടതിയുടെ അനുമതി ലഭിച്ചാലുടന്‍ രണ്ട് ദിവസത്തിനുള്ളില്‍ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലീസ് നീക്കം തുടങ്ങി. അശ്വതിയുടെ പരസ്പര വിരുദ്ധമായ മൊഴികളാണ് ഇതിന് കാരണമെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന പി.പി. ഷംസ് പറഞ്ഞു.