കൗമാരക്കാരന് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയത് കാരണം പെരുവഴിയിലായി ഒരു കുടുംബം. പത്തനംതിട്ട കളക്ടറേറ്റില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തിലാണ് പരാതിയുമായി വീട്ടമ്മ എത്തിയത്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബം, സമപ്രായക്കാരെ പോലെ പ്ലസ്ടു പരീക്ഷ ജയിച്ചപ്പോള്‍ ബൈക്ക് വേണമെന്നായിരുന്നു കൗമാക്കാരന്റെ ആവശ്യം, എന്നാല്‍ രോഗബാധിതനായ ഭര്‍ത്താവിനെയും അവരുടെ മാതാപിതാക്കളെയും സംരക്ഷിക്കുന്ന കൂലിപണിക്കാരിയായ അമ്മയ്ക്ക് ബൈക്ക് വാങ്ങി നല്‍കാന്‍ കഴിഞ്ഞില്ല. പകരം സമ്മാനമായി സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കി.
സംഭവം :പത്തനംതിട്ട കളക്ടറേറ്റില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ നിന്നും…..
സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന ഹോംനഴ്‌സുമായി സമൂഹമാധ്യമത്തിലൂടെ മകന്‍ ചങ്ങാത്തത്തിലായി. 42 വയസ്സുള്ള ഹോംനഴ്‌സ്, കൗമാരക്കാരന്റെ അക്കൗണ്ടിലേക്ക് 43,000 രൂപ നിക്ഷേപിച്ചു. നാട്ടിലെത്തിയ സ്ത്രീ 17കാരനുമായി ബംഗളൂരുവിനു കടന്നു. ആറുമാസം കുടുംബവുമായി യാതൊരു ബന്ധവുമില്ലാതെ ഹോംനഴ്‌സിനൊപ്പം താമസിച്ചു. പിന്നീട് ഇരുവരും പിരിഞ്ഞു. സ്ത്രീ തുക തിരികെ ആവശ്യപ്പെട്ടു. തുക നല്‍കാന്‍ കഴിയാതെ പയ്യന്‍ തിരികെ വീട്ടിലെത്തി.
പണം മടക്കി നല്‍കുന്നില്ലെന്ന് കാണിച്ച് ഹോംനേഴ്‌സ് കോടതിയില്‍ ക്രിമിനല്‍ കേസ് നല്‍കി. അതോടെ 18 വയസ്സു പൂര്‍ത്തിയായ ഇയാള്‍ മൂന്നുമാസം ജയിലിലുമായി. ആകെയുണ്ടായിരുന്ന അഞ്ചുസെന്റ് സ്ഥലവും വീടും പണയപ്പെടുത്തി അമ്മ, മകനെ ജാമ്യത്തിലിറക്കി. ചിലരുടെ സഹായത്തോടെ മകന് വിദേശത്തു ജോലിയും തരപ്പെടുത്തി.
എന്നാല്‍, ഇപ്പോള്‍ 19 വയസ്സുള്ള യുവാവിന്റെ പേരില്‍ നടപടിയെടുക്കണമെന്നും 43,000 രൂപയും അതിന്റെ പലിശയും മടക്കി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹോംനഴ്‌സ് കമ്മിഷന് മുന്നിലെത്തിയത്.
മകന്റെ പ്രായം മാത്രമുള്ള, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വഴിവിട്ട ജീവിതത്തിനു പ്രേരിപ്പിക്കുകയും പിന്നീട് ക്രിമിനല്‍ കേസില്‍പ്പെടുത്തുകയും ചെയ്ത സ്ത്രീയുടെ നടപടി ഹീനവും നിന്ദ്യവുമാണെന്ന് കമ്മിഷന്‍ വിലയിരുത്തി. ഇത്തരത്തിലുള്ള സ്ത്രീകള്‍ സമൂഹത്തിന് അപമാനവും ഭീഷണിയുമാണെന്നും നിരീക്ഷിച്ചു. തിരിച്ചറിവെത്തുന്നതിനു മുമ്പ് കുട്ടികള്‍ ആവശ്യപ്പെടുന്നതെന്തും വാങ്ങിനല്‍കുന്ന രക്ഷിതാക്കള്‍ക്കുള്ള മുന്നറിയിപ്പാണ് ഇത്തരം സംഭവങ്ങളെന്നും നിരീക്ഷിച്ചു.
തുക മടക്കി നല്‍കണമെന്ന ഇവരുടെ ആവശ്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും കോടതിയിലുള്ള കേസിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കാമെന്നും കമ്മിഷന്‍ അറിയിച്ചു.
മനുഷ്യന്‍ മൃഗമായി മാറുന്നതോ അല്ലെങ്കില്‍ മൃഗത്തേക്കാള്‍ അധപതിക്കുന്നതോ ഒരു പുതിയ വാര്‍ത്തയല്ലെങ്കിലും കാണുന്നവരുടെ കണ്ണുനിറയുന്ന രീതിയില്‍ ചില മനുഷ്യര്‍ പെരുമാറുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ലവ് ജിഹാദ് ആരോപിച്ച് ഒരു മനുഷ്യനെ ജീവനോടെ വെട്ടിക്കൊന്ന് തീവച്ച കുറ്റവാളിയുടെ അതേ മനോനിലയുള്ള മനുഷ്യനാണ് ഇത്തരത്തിലൊരു പ്രകടനം നടത്തുന്നതെന്ന് വ്യക്തം.
ഒരു കുരങ്ങിനെ കെട്ടിത്തൂക്കിയിട്ട് അടിക്കുന്നതാണ് പ്രചരിക്കുന്ന ഒരു വീഡിയോയിലുള്ളത്. തലകീഴായി തൂക്കി ബെല്‍റ്റിനാണ് അടി. ഓരോ അടിക്കും കുരങ്ങ് പിടയുന്നു. അടിക്കുന്ന ആളും വീഡിയോ ചിത്രീകരിക്കുന്ന ആളും കൂടാതെ മറ്റൊരാള്‍ കൂടി ക്രൂരതയില്‍ പങ്കാളിയാകുന്നുണ്ട്.
ഇതേ കുരങ്ങിനെ നിലത്ത് കിടത്തി അടിക്കുന്നതാണ് രണ്ടാം വീഡിയോ. വടികൊണ്ടാണ് അടി. വീഡിയോയുടെ അവസാന ഭാഗത്ത് ഇയാളുടെ വടി ഒടിഞ്ഞുപോകുന്നത് കാണാം. രണ്ട് കാലുകളും ഒടിഞ്ഞുപോയതിനാല്‍ കുരങ്ങിന് ഓടിപ്പോകാന്‍ സാധിക്കുന്നില്ല. നിരങ്ങി നീങ്ങാന്‍ കുരങ്ങ് വിഫല ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെടുന്നു. ഓരോ അടിക്കും ഈ മിണ്ടാപ്രാണി കരയുന്ന ശബ്ദം വീഡിയോയില്‍ വ്യക്തമാണ്.
വന്യ മൃഗങ്ങളോടുള്ള ക്രൂരത ഗുരുതരമായ കുറ്റകൃത്യമാണ്. അതുകൊണ്ടുതന്നെ വീഡിയോ പരമാവധി പ്രചരിപ്പിച്ച് അക്രമിയെ പിടികൂടാന്‍ സഹായിക്കുക എന്നതാണ് സോഷ്യല്‍ മീഡിയയിലെ ചിലര്‍ ചെയ്യുന്നത്. കണ്ണില്ലാത്ത ക്രൂരത പ്രവര്‍ത്തിക്കുന്ന കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാകുമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.
ഇന്നലെ രാത്രി പത്തരയോടെയാണ് സി.എസ്.ഐ സഭയ്ക്ക് കീഴില്‍ വരുന്ന എച്ച്.എം.എസ് ദേവാലയത്തിന് നേരെ ആക്രമണമുണ്ടായത്. വ്യാഴാഴ്ച മതപരിവര്‍ത്തനം ആരോപിച്ച് ഈ പള്ളിയിലെ പുരോഹിതന്‍ ലോറന്‍സിന് പള്ളിയ്ക്ക് സമീപം വച്ച് മര്‍ദ്ദനമേറ്റിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം രാത്രിയിലെ ആക്രമണം. ‘നീ മതപരിവര്‍ത്തനം നടത്തും അല്ലേടാ ‘ എന്ന് ആക്രോശിച്ചായിരുന്നു മര്‍ദ്ദനമെന്ന് പുരോഹിതന്‍ ലോറന്‍സ് നെയ്യാര്‍ഡാം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ പുരോഹിതന്‍ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു
പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ 21,000 രൂപ പിഴ. പെണ്‍കുട്ടികള്‍ റോഡില്‍ വച്ച് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉത്തര്‍ പ്രദേശിലെ മഥൂരയിലെ മദോറ ഗ്രാമപഞ്ചായത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പെണ്‍കുട്ടികള്‍ ഒളിച്ചോടുന്നത് തടയാനും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറയ്ക്കാനും ഈ നിയന്ത്രണത്തിന് കഴിയുമെന്നാണ് പഞ്ചായത്ത് ഭരണ സമിതിയുടെ വിലയിരുത്തല്‍.
വിചിത്രമായ പല ഉത്തരുവുകള്‍ക്കൊണ്ടും നിയന്ത്രണങ്ങള്‍ക്കൊണ്ടും കുപ്രസിദ്ധമാണ് ഉത്തര്‍ പ്രദേശിലെ മിക്ക പഞ്ചായത്തുക്കളും. ഇവയെല്ലാം പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ളതാണ്.
ബരിപാട: ഒഡീഷയിലെ സ്‌കൂളില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് മസാജ് ചെയ്യിക്കുന്നതിന്റെയും പാത്രങ്ങള്‍ കഴുകിക്കുന്നതിന്റേയും വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ഒഡീഷയിലെ കലമാഗഡിയയിലെ യു.ജി.എം.ഇ സ്‌കൂളിലെ അധ്യാപകനാണ് കുട്ടികളെ കൊണ്ട് മസാജ് ചെയ്യിച്ചത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. രബീന്ദ്ര കുമാര്‍ ബെഹ്‌റ എന്ന അധ്യാപകനാണ് വിവാദ കഥാപാത്രം. ഇയാള്‍ക്ക് സ്‌കൂള്‍ ഹോസ്റ്റലിന്റെ ചുമതല കൂടിയുണ്ട്.
വീഡിയോയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ വിറക് കൊണ്ടു വരുന്നതും ഭക്ഷണം പാകം ചെയ്യുന്നതും തറ വൃത്തിയാക്കുന്നതുമൊക്കെ കാണാം. ഒരു വീഡിയോയില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ക്ലാസ് റൂമില്‍വെച്ച് മസാജ് ചെയ്യിക്കുന്നതും കാണാം. ഇത്തരത്തില്‍ മൂന്ന് വീഡിയോകളാണ് പ്രചരിക്കുന്നത്. അധ്യാപകന്‍ ക്ലാസില്‍ കിടന്നുറങ്ങുന്നത് സ്ഥിരസംഭവമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ആരെങ്കില്‍ ഇതിന് തടസ്സം വരുത്തിയാല്‍ അവര്‍ക്ക് കര്‍ശന ശിക്ഷ ലഭിക്കുമെന്നും കുട്ടികള്‍ പറഞ്ഞു. ഒരു പ്യൂണും മറ്റു ജീവനക്കാരും സ്‌കൂളിലുണ്ടെങ്കിലും നിലം വൃത്തിയാക്കുന്ന ജോലികളടക്കം വിദ്യാര്‍ത്ഥികളെ കൊണ്ടാണ് ചെയ്യിക്കുന്നത്.
രബീന്ദ്ര കുമാര്‍ ബെഹ്‌റക്ക് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ വെച്ച് രാത്രിയും മസാജ് ചെയ്ത് നല്‍കണം. സ്‌കൂള്‍ പ്രധാന അധ്യാപകനോട് ഇക്കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും ഒരു കാര്യവുമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഒന്നു മുതല്‍ ഏഴാംതരം വരെയുള്ള ഈ സ്‌കൂളില്‍ 165 കുട്ടികളാണ് പഠിക്കുന്നത്. ജില്ലാ ക്ഷേമ വകുപ്പിന് കീഴിലുള്ളതാണ് ഹോസ്റ്റല്‍. സംഭവത്തെ കുറിച്ച് ജില്ലാ കളക്ടറോട് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് ജില്ലാ ക്ഷേമ വകുപ്പ് ഓഫീസര്‍ കൃപ സിന്ധു ബെഹ്‌റ പറഞ്ഞു.
ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ ഭക്ഷണത്തില്‍നിന്ന് ബട്ടന്‍ കണ്ടെത്തിയ സംഭവത്തില്‍ കമ്പനിക്ക് അരലക്ഷം രൂപ പിഴ. ജെറ്റ് എയര്‍വെയ്‌സാണ് യാത്രക്കാരന് പിഴയൊടുക്കിയത്. 2014 ആഗസ്റ്റ് ആറിനായിരുന്നു സംഭവം. ഹേമന്ദ് ദേശായി എന്നയാള്‍ ഡല്‍ഹിയില്‍നിന്ന് അഹമ്മദാബാദിലേക്ക് ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിന് ലഭിച്ച ഭക്ഷണത്തിലാണ് ബട്ടന്‍ കിട്ടിയത്. അപ്പോള്‍ത്തന്നെ ക്രൂവിനെ വിവരമറിയിച്ചു. സംഭവം ഒത്തുതീര്‍ക്കാന്‍ കമ്പനി ശ്രമിച്ചെങ്കിലും ഹേമന്ദ് തയാറായില്ല.
മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം തേടി ഉപഭോക്തൃ കോടതിയില്‍ കേസ് കൊടുത്തു. വിമാനക്കമ്പനിയുടെ സര്‍വീസിനെ കുറ്റപ്പെടുത്തിയ കോടതി, ഹേമന്ദിന് 50,000 രൂപ നല്‍കണമെന്ന് ഉത്തരവിട്ടു. കേസ് നടത്തിപ്പ് ഉള്‍പ്പെടെയുള്ള ചെലവിലേക്ക് 5000 രൂപ കൂടി ജെറ്റ് എയര്‍വെയ്‌സ് കമ്പനി നല്‍കണമെന്നും കോടതി വിധിച്ചു.
വടക്കാഞ്ചേരി: ഇരട്ടക്കുളങ്ങരയില്‍ യുവ ദമ്പതിമാരെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. സാമ്പത്തിക പ്രശ്‌നമാണ് മരണത്തിന് പിന്നിലെന്ന് കരുതുന്നു. വാലുമേല്‍ പറമ്പില്‍ സുരാജ്(36), ഭാര്യ സൗമ്യ (30) എന്നിവരെയാണ് പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുമാരനെല്ലൂരില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന സുരാജിനെ തിങ്കളാഴ്ച വെളുപ്പിനെ അയല്‍ക്കാര്‍ കണ്ടിരുന്നു. രാവിലെ എട്ടിന് വീടിനുള്ളില്‍ പുക ഉയരുന്നത് കണ്ട് സമീപവാസികള്‍ എത്തിയപ്പോഴാണ് ഇരുവരേയും കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഗൃഹോപകരണങ്ങളും കത്തി നശിച്ചു. കന്നാസില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയും കണ്ടെടുത്തു.
രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഏകമകള്‍ നിവ്യ സുരാജിന്റെ അമ്മയ്‌ക്കൊപ്പമാണ് മസം. ആക്ട്‌സിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു സുരാജ്. മന്ത്രി എസി മൊയ്തിന്‍ ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ വസതിയിലെത്തി.
ലക്‌നൗ: ഹിന്ദു കുട്ടികളെ സ്‌കൂളുകളിലെ ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്ന ഭീഷണിയുമായി ഹിന്ദു ജാഗരണ്‍ മഞ്ച്. ഉത്തര്‍പ്രദേശിലെ സ്വകാര്യ സ്‌കൂളുകള്‍ക്കാണ് ആര്‍എസ്എസ് അനുബന്ധ സംഘടനയുടെ ഭീഷണി. ആഘോഷങ്ങള്‍ക്കായി ഹിന്ദു വിദ്യാര്‍ത്ഥികളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കരുതെന്നും സംഘടന ആവശ്യപ്പെടുന്നു.
സ്‌കൂളുകള്‍ ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്നാണ് ഭീഷണി. സ്‌കൂളുകള്‍ ക്രിസ്തുമതം പഠിപ്പിക്കാന്‍ ഉപയോഗിക്കുകയാണെന്നും ക്രിസ്തുമസ് ആഘോഷങ്ങളിലൂടെ മതപരിവര്‍ത്തനത്തിന് ശ്രമം നടക്കുകയാണെന്നുമാണ് സംഘടനയുടെ ആരോപണം.
ക്രിസ്തുമസ് ആഘോഷിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ ഇതിനായി ഹിന്ദു കുട്ടികളില്‍ നിന്ന് പണം പിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് സംസ്ഥാന സെക്രട്ടറി വിജയ് ബഹാദൂര്‍ ഷാ പറഞ്ഞു. എന്നാല്‍ ഇങ്ങനെയൊരു നീക്കം നടക്കുന്നതായി അറിയില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
ഓഖി ചുഴലിക്കാറ്റിലെ മുന്നറിയിപ്പിെനക്കുറിച്ചുളള മുഖ്യമന്ത്രി പിണറായി വിജയന്റെ വാദത്തെ തിരുത്തി പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ). നവംബര്‍ 29നു തന്നെ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ചൊവ്വാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലടക്കമുള്ള ഓഖി ദുരിതമേഖലകള്‍ സന്ദര്‍ശിക്കാനിരിക്കെയാണു വിശദീകരണം. മുപ്പതാം തീയതി ഉച്ചയ്ക്കാണു മുന്നറിയിപ്പു ലഭിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. സന്ദര്‍ശനത്തോടനുബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് മുന്നറിയിപ്പിനെക്കുറിച്ചും വ്യക്തമാക്കിയിരിക്കുന്നത്.
തിങ്കളാഴ്ച രാത്രി മംഗലാപുരത്തെത്തുന്ന പ്രധാനമന്ത്രി ലക്ഷദ്വീപായിരിക്കും ആദ്യം സന്ദര്‍ശിക്കുക. തുടര്‍ന്ന് കന്യാകുമാരിയിലേക്കു പോകും. വൈകിട്ട് അഞ്ചിന് തിരികെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി പൂന്തുറയിലെ ദുരിത ബാധിത പ്രദേശത്ത് 10 മിനിറ്റ് ചെലവഴിക്കും. സെന്റ് തോമസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ദുരന്തബാധിതരുടെ കുടുംബാംഗങ്ങളെ കാണും.
നേരത്തെ തയാറാക്കിയ പ്രധാനമന്ത്രിയുടെ യാത്രാപരിപാടിയില്‍ തീരപ്രദേശം ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ബിജെപി സംസ്ഥാന നേതൃത്വം സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നു പൂന്തുറയെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. അതേസമയം കാണാതായവരുടെ കണക്കുകള്‍ പെരുപ്പിച്ചു കാട്ടുന്നുവെന്ന സര്‍ക്കാര്‍ വാദം വേദനയുണ്ടാക്കുന്നതായി ലത്തീന്‍ സഭ പ്രതികരിച്ചു. ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കണക്കുകള്‍ പെരുപ്പിക്കേണ്ടതില്ലെന്ന മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ പരാമര്‍ശത്തോടായിരുന്നു പ്രതികരണം. മത്സ്യത്തൊഴിലാളികളുടെ സമഗ്ര വികസനത്തിനായി 3500 കോടിയുടെ പദ്ധതി നടപ്പാക്കണം. നഷ്ടക്കണക്കുകള്‍ വ്യക്തമാക്കി സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്നും ലത്തീന്‍ സഭ ആവശ്യപ്പെട്ടു.
മല്‍സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
കേരള തീരത്ത് അടുത്ത 24 മണിക്കൂറിനുളളില്‍ 45 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയുളള ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുളളതായി കാലാവസ്ഥാ മുന്നറിയിപ്പുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
അഹമ്മദാബാദ്: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി മികച്ച വിജയം നേടിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മനാട്ടില്‍ പാര്‍ട്ടി പരാജയപ്പെട്ടു. മെഹ്‌സാന ജില്ലയിലെ ഉന്‍ജാ മണ്ഡലത്തിലാണ് ബി.ജെ.പി പരാജയപ്പെട്ടത്. പ്രധാനമന്ത്രിയുടെ ജന്മനാടായ വാദ്‌നഗര്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് ഉന്‍ജ. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആഷ പട്ടേല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി നാരായണ്‍ പട്ടേലിനെ 19,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.
മണ്ഡലത്തിലെ സിറ്റിംഗ് എം.എല്‍.എയായിരുന്നു നാരായണ്‍ പട്ടേല്‍. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ആഷ പട്ടേലിനെ പരാജയപ്പെടുത്തിയിരുന്നു. പട്ടേല്‍ സമുദായക്കാരുടെ സംവരണ സമരവും താക്കൂര്‍ വിഭാഗം കോണ്‍ഗ്രസിനോട് അടുത്തതുമാണ് ഇവിടെ ബി.ജെ.പിയുടെ പരാജയത്തില്‍ കലാശിച്ചത്. ഉന്‍ജ മണ്ഡലത്തിലെ 2.12 ലക്ഷം വോട്ടുകളുള്ള മണ്ഡലത്തില്‍ 77,000 വോട്ടുകള്‍ പട്ടേല്‍ സമുദായമാണ്. 50,000 വോട്ടുകള്‍ താക്കൂര്‍ വിഭാഗക്കാരുമാണ്.