Latest News

ന്യൂഡല്‍ഹി: ആര്‍എസ്എസ് തലവന്‍ സൈനികരെ അപമാനിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്റര്‍ സന്ദേശത്തിലാണ് മോഹന്‍ ഭഗവതിന്റെ പ്രസ്താവനക്കെതിരെ രാഹുല്‍ രംഗത്തെത്തിയത്. ആര്‍എസ്എസ് മേധാവിയുടെ പ്രസംഗം ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതാണ്, കാരണം അത് രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച സൈനികരോടുള്ള അനാദരവാണ്.

അത് നമ്മുടെ ദേശീയപതാകയെ അപമാനിക്കലാണ്,കാരണം പതാകയെ സല്യൂട്ട് ചെയ്യുന്ന ഓരോ സൈനികനെയും അപമാനിക്കലാണത്. നമ്മുടെ സൈന്യത്തെയും ജവാന്മാരെയും നിന്ദിച്ചതിന് താങ്കളോട് ലജ്ജ തോന്നുന്നു മിസ്റ്റര്‍ ഭഗവത്’ എന്ന് രാഹുല്‍ ട്വീറ്റില്‍ കുറിച്ചു.

ഇന്ത്യന്‍ സൈന്യത്തിനു യുദ്ധത്തിന് തയ്യാറെടുക്കാന്‍ ആറ് മാസം വേണമെങ്കില്‍ അതിനുള്ള സാഹചര്യം ഉണ്ടാകുകയും ഭരണഘടന അനുവദിക്കുകയും ചെയ്താല്‍ ആര്‍എസ്എസിനു വെറും മൂന്ന് ദിവസം മതിയെന്നാണ് പൂനെയില്‍ നടത്തിയ പ്രസംഗത്തില്‍ മോഹന്‍ ഭഗവത് പറഞ്ഞത്.

അതേസമയം മോഹന്‍ ഭഗവതിന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന വാദവുമായി ആര്‍എസ്എസും രംഗത്തെത്തിയിട്ടുണ്ട്. മോഹന്‍ ഭഗവത് സൈന്യത്തെയും ആര്‍എസ്എസിനെയും താരതമ്യം ചെയ്തിട്ടില്ലെന്ന് മന്‍മോഹന്‍ വൈദ്യ വിശദീകരണത്തില്‍ പറഞ്ഞു.

കൊച്ചി: ഓഖി വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച വിഷയത്തില്‍ ജേക്കബ് തോമസ് നല്‍കിയ വിശദീകരണം തള്ളി. ഡിജിപിക്കെതിരെ അച്ചടക്ക നടപടിയുമായി മുന്നോട്ടെന്ന സൂചനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. വിഷയത്തില്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സര്‍ക്കാര്‍ നയങ്ങളെ പരസ്യമായി വിമര്‍ശിച്ചും പ്രകോപനപരമായ പ്രസ്താവന നടത്തിയും ജേക്കബ് തോമസ് അഖിലേന്ത്യ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് വ്യക്തമാക്കിയാണ് നേരത്തേ സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ചത്. പ്രസ്താവന ഓഖി ദുരിതബാധിതരുടെ വികാരങ്ങള്‍ ആളിക്കത്തിക്കാന്‍ ഇടയാക്കി, തീരദേശത്തെ ജനങ്ങളില്‍ സര്‍ക്കാരിനോട് അതൃപ്തി ഉളവാക്കുന്നതാണു പരാമര്‍ശം, സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ എന്ന നിലയില്‍ ആ പദവിയുടെ യശസ്സിനു കളങ്കമുണ്ടാക്കിയെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഡിസംബര്‍ ഒന്‍പതിന് പ്രസ്‌ക്ലബില്‍ നടന്ന സംവാദത്തിലാണു ജേക്കബ് തോമസ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. ഇത് കൂടാതെ ഫേസ്ബുക്കിലും കടുത്ത വിമര്‍ശനങ്ങള്‍ നടത്തി. സംസ്ഥാനത്തു നിയമവാഴ്ചയും ക്രമസമാധാനവും തകര്‍ന്നു. അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനം ഭയക്കുന്നു. അഴിമതിക്കാര്‍ ഇവിടെ ഐക്യത്തിലാണ്. അഴിമതിവിരുദ്ധരെ ഇല്ലാതാക്കുകയാണ്. 51 വെട്ട് വെട്ടിയില്ലെങ്കിലും നിശ്ശബ്ദരാക്കും.

ഭരണത്തിനു നിലവാരമില്ലാതാകുമ്പോഴാണു വലിയ പ്രചാരണം വേണ്ടിവരുന്നത്. പരസ്യം കാണുമ്പോള്‍ ഗുണനിലവാരമില്ലെന്ന് ഓര്‍ക്കണം. ഓഖി ദുരന്തബാധിതരെ സഹായിക്കുന്നതില്‍ വീഴ്ചവരുത്തി. പണക്കാരുടെ മക്കളാണു കടലില്‍ പോയതെങ്കില്‍ ഇതാകുമായിരുന്നോ പ്രതികരണം തുടങ്ങിയവയായിരുന്നു ജേക്കബ് തോമസ് ഉന്നയിച്ച ചോദ്യങ്ങള്‍.

കോട്ടയം: സ്ഫടികത്തിലെ ആടുതോമായുടെ ഗെറ്റപ്പില്‍ വരന്‍. സൂപ്പര്‍ഹിറ്റ് സിനിമയുടെ സംവിധായകന്‍ ഭദ്രന്റെ മകന്‍ വിവാഹത്തിന് എത്തിയത് ഇങ്ങനെയാണ്. തോമാച്ചന്റെ സ്ഫടികം ലോറിയിലായിരുന്നു ഭദ്രന്റെ മകന്‍ ജെറി ഭദ്രന്‍ വിവാഹ റിസപ്ഷന്‍ വേദിയിലേക്കെത്തിയത്.

ഇന്നലെയായിരുന്നു ജെറി ഭദ്രന്റെയും എറണാകുളം കമ്പക്കാലുങ്കല്‍ ഏബ്രഹാമിന്റെ മകള്‍ സൈറയുടെയും വിവാഹം നടന്നത്. ഉച്ചകഴിഞ്ഞ് പാലാ കത്തീഡ്രലില്‍ നടന്ന വിവാഹത്തിനുശേഷം പാലാ സെന്റ് തോമസ് കോളജ് സ്പോര്‍ട്സ് കോംപ്ലക്സ് ഓഡിറ്റോറിയത്തില്‍ നടന്ന റിസപ്ഷനില്‍ പങ്കെടുക്കാനുള്ള യാത്രയാണ് സിനിമാ സ്റ്റൈലിലായത്.

ആടു തോമായുടെ അതേ ടാറ്റ 1210 എസ്ഇ ലോറി തന്നെയായിരുന്നു ഇവിടെയും താരം.

ന്യൂഡല്‍ഹി: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തം തടവ് ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി. 21 തവണ കത്തിയുപയോഗിച്ച് കുത്തിയും ഇഷ്ടിക ഉപയോഗിച്ച് തലക്കടിച്ചുമായിരുന്നു കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. ദേവേന്ദ്രദാസ് എന്നയാള്‍ക്ക് ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തമാണ് ഹൈക്കോടതി ശരിവെച്ചത്.

കീഴ്ക്കോടതിയിലെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ നല്‍കിയ അപ്പീല്‍ തള്ളിയ ഡല്‍ഹി ഹൈക്കോടതി പ്രതി നടത്തിയ കൃത്യം അത്യന്തം ഹീനമാണെന്ന് വിലയിരുത്തി. 2012 ഒക്ടോബര്‍ 31 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി വീട്ടിലെത്തിയ ദേവേന്ദ്ര ദാസ് ഭാര്യയുമായി വഴക്കിടുകയും തുടര്‍ന്ന് അവരെ കുത്തിക്കൊല്ലുകയുമായിരുന്നു. പച്ചക്കറികളുടെ തൊലി ചുരണ്ടിക്കളയാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് ഇയാള്‍ ഭാര്യയെ കുത്തിയത്.

തലയ്‌ക്കേറ്റ ശക്തമായ അടിയുടെ ആഘാതത്തില്‍ മൃതദേഹത്തിന്റെ തലയോട്ടി തകര്‍ന്ന നിലയിലായിരുന്നു. ക്രൂരമായ രീതിയിലാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പറഞ്ഞ കോടതി ഇതിനെ മനപൂര്‍വമല്ലാത്ത നരഹത്യയായി കണക്കാക്കാനാവില്ലെന്നും ക്രൂരമായ കൊലപാതകമാണെന്നും വിലയിരുത്തി. കൊലപാതകം നടത്തണമെന്ന ഉദ്ദേശത്തോടെയല്ല താന്‍ ഭാര്യയെ ആക്രമിച്ചതെന്ന വാദവും കോടതി തള്ളുകയായിരുന്നു

ന്യൂഡല്‍ഹി: 2016 നവംബര്‍ എട്ട് രാത്രിയില്‍ നിരോധിച്ച ശേഷം തിരികെയെത്തിയ നോട്ടുകള്‍ ഇതുവരെ എണ്ണിത്തീര്‍ന്നിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്. നോട്ട് നിരോധനം പ്രഖ്യാപിച്ച് 15 മാസം പിന്നിട്ടിട്ടും അവ എണ്ണിത്തീര്‍ക്കാന്‍ സാധിച്ചിട്ടില്ലെന്ന് വിവരാവകാശ ചോദ്യത്തിന് മറുപടിയായാണ് ആര്‍ബിഐ അറിയിച്ചത്. നോട്ടുകളുടെ കൃത്യമായ മൂല്യം അറിയുന്നതിനും വ്യാജനോട്ടുകള്‍ കണ്ടെത്തുന്നതിനുമായാണ് നോട്ടെണ്ണല്‍ തുടരുന്നതെന്നാണ് വിശദീകരണം.

59 യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഇപ്പോള്‍ നോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. എന്നാല്‍, ഇത് എവിടെയാണ് നടക്കുന്നതെന്ന് വ്യക്തമാക്കാന്‍ ആര്‍ബിഐ തയ്യാറായിട്ടില്ല. വിവരാകാശ നിയമ പ്രകാരം പിടിഐയിലെ മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷയിലാണ് ആര്‍ബിഐയുടെ മറുപടി. നോട്ടെണ്ണല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്നാണ് റിസര്‍വ് ബാങ്ക് അവകാശപ്പെടുന്നത്.

15.28 ലക്ഷം കോടി രൂപയാണ് നോട്ട് നിരോധനത്തിനു ശേഷം മടങ്ങിയെത്തിയതായി റിസര്‍വ് ബാങ്കിന്റ കണക്ക്. ബാങ്കുകളിലൂടെയാണ് ഇവ തിരികെയെത്തിയത്. 15.44ലക്ഷം കോടി രൂപ തിരികെ എത്താനുണ്ടെന്നായിരുന്നു 2016 നവംബര്‍ 8ന് നോട്ട് നിരോധനവേളയില്‍ പറഞ്ഞിരുന്നച്. ഇനി 16050 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ കൂടി തിരികെയെത്താനുണ്ടെന്നാണ് ബാങ്ക് അവകാശപ്പെടുന്നത്.

കൊച്ചി: മുന്‍ മന്ത്രി കെ.ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് ഉറപ്പിച്ച് വിജിലന്‍സ്. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് അറിയിച്ച വിജിലന്‍സ്, ബാബു നല്‍കിയ പുതിയ വിശദീകരണം തൃപ്തികരമല്ലെന്നും വ്യക്തമാക്കി. റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ പി എസ് ബാബുറാം, മോഹന്‍ദാസ് എന്നിവരാണ് മുന്‍ മന്ത്രി കെ ബാബുവിന് വേണ്ടി ബിനാമി ഇടപാടുകള്‍ നടത്തിയതെന്നാണ് നിഗമനം.

വിജിലന്‍സ് ഡയറക്ടര്‍ക്ക് കേസില്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. എസ്.ബാബുറാമിന്റെ ഹര്‍ജി പരിഗണിക്കുമ്പോളാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്. തനിക്കെതിരെ തെളിവുകളൊന്നുമില്ലാത്ത സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണു ബാബുറാം ഹൈക്കോടതിയെ സമീപിച്ചത്.

ബാബുറാമിനെതിരെ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് വിജിലന്‍സ് സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. നേരത്തെ കേസിന്റെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയിരുന്നു. ഇതിനിടെ കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കാനുണ്ടെന്ന് കാണിച്ച് കെ ബാബു ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയതിനെത്തുടര്‍ന്ന് വീണ്ടും മൊഴിയെടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം ബാബുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയിരുന്നു. വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ടി യു സജീവന്റെ നേതൃത്വത്തില്‍ കെ ബാബുവിന്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.

കൊച്ചി: നിര്‍ധനരായ പെണ്‍കുട്ടികളോട് കന്യാസ്ത്രീകളുടെ ക്രൂരത. പൊന്നുരുന്നിയിലെ ക്രൈസ്റ്റ് കിങ് കോണ്‍വെന്റിലെ ഇരുപതോളം പെണ്‍കുട്ടികളെയാണ് രാത്രി തെരുവിലിറക്കി വിട്ടത്. സംഭവത്തില്‍ രണ്ടു കന്യാസ്ത്രീകള്‍ക്കെതിരെ കേസെടുത്തു.

നിര്‍ധനരായ 24 വിദ്യാര്‍ത്ഥിനികളാണ് പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റിലുള്ളത്. ഇതില്‍ ആറു മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള 20 പെണ്‍കുട്ടികള്‍ രാത്രി റോഡരികില്‍ നില്‍ക്കുന്നതു കണ്ട നാട്ടുകാര്‍ കാര്യം അന്വേഷിച്ചു. കോണ്‍വെന്റില്‍ നിന്ന് ഇറക്കി വിട്ടതാണെന്ന് പറഞ്ഞതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ചെറിയ കാര്യങ്ങള്‍ക്ക് പോലും മര്‍ദിക്കുകയും പഴകിയ ഭക്ഷണമാണ് നല്‍കുന്നതെന്നും കുട്ടികള്‍ പറഞ്ഞു. ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ കിട്ടിയത് പറഞ്ഞപ്പോഴും അടിയും വഴക്കുമായിരുന്നു. കുട്ടികള്‍ ഛര്‍ദിച്ചതോടെ ഒരാഴ്ച മുഴുവന്‍ കഞ്ഞിയും അച്ചാറും മാത്രം നല്‍കിയെന്നും ഇവര്‍ പറഞ്ഞു.

കുട്ടികളെ നോക്കാന്‍ ചുമതലപെടുത്തിയിട്ടുള്ള സിസ്റ്റര്‍ അംബിക, സിസ്റ്റര്‍ ബിന്‍സി എന്നിവര്‍ക്കെതിരെയാണ് പരാതി. എന്നാല്‍ വഴക്ക് പറഞ്ഞതിലുള്ള ദേഷ്യത്തില്‍ കുട്ടികള്‍ ഇറങ്ങി പോയതാണെന്നാണ് കോണ്‍വെന്റ് അധികൃതരുടെ വിശദീകരണം. സിസ്റ്റര്‍ അംബികയെ കുട്ടികളുടെ പരിചരണത്തിന്റെ ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. രണ്ട് കന്യാസ്ത്രീകള്‍ക്കുമെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കടവന്ത്ര പോലീസ് കേസെടുത്തിട്ടുണ്ട്.

പെണ്‍കുട്ടികള്‍ നാട്ടുകാരോട് പരാതിപ്പെടുന്ന വീഡിയോ താഴെ

https://www.facebook.com/Sajeshps89/videos/1845642068841265/

 

അബുദാബി: ഇന്ത്യ വികസനത്തിന്റെ പാതയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കാലത്ത് ഇന്ത്യയെ കുറിച്ച് ആശങ്കയും സംശയവുമാണ് മറ്റ് രാജ്യങ്ങള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അതില്‍നിന്നും ഒട്ടേറെ മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദരിദ്രജനങ്ങള്‍ പോലും നോട്ട് നിരോധനം ശരിയായ നീക്കമാണെന്ന് പറയുന്നു. ജി.എസ്.ടിയും ശരിയാണെന്ന് ഏഴ് വര്‍ഷത്തിന് ശേഷം തിരിച്ചറിയുമെന്നും മോദി പ്രസംഗത്തിനിടെ പറഞ്ഞു. നിങ്ങള്‍ ഇവിടെ കാണുന്ന ഓരോ സ്വപ്നവും ഇന്ത്യയില്‍ നടപ്പാക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നുവെന്നും മോദി പറഞ്ഞു.

30 ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് സ്വന്തം വീടിനു സമമായ അന്തരീക്ഷമൊരുക്കിയ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. യു.എ.ഇ.യില്‍ ആദ്യമായി നിര്‍മിക്കുന്ന ഹിന്ദുക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ദുബൈ ഒപ്പേറയില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ക്ഷേത്രത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചത്. പ്രത്യേകം ക്ഷണിക്കപ്പെട്ട 1800 ഇന്ത്യക്കാരായ പ്രവാസി പ്രതിനിധികളെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്.

ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യക്ക് ശക്തമായ ബന്ധമാണുള്ളത്. മുപ്പത് ലക്ഷം ഇന്ത്യക്കാരെ അവരുടെ നാടായി ഗള്‍ഫ് രാജ്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഞാന്‍ നന്ദി പറയുന്നു. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനം വെറും കച്ചവടം മാത്രമല്ല. യഥാര്‍ത്ഥ പങ്കാളിത്തം കൂടിയാണെന്നും കല്ലിടല്‍ കര്‍മ്മത്തിന് ശേഷം ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.

അബുദാബിയിലെ ക്ഷേത്രം ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ഒരു പാലമാണ്. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളേയും പ്രതിനിധാനം ചെയ്യുന്നവരാണ് നിങ്ങള്‍, അതുകൊണ്ടു തന്നെ ഇന്ത്യയുടെ വികസനം എങ്ങനെയാണെന്ന് നിങ്ങള്‍ക്കറിയുന്നതാണെന്നും അദ്ദേഹം ഇന്ത്യന്‍ സമൂഹത്തോടായി പറഞ്ഞു.

ഫാ.ഹാപ്പി ജേക്കബ്

ആത്മ തപനത്തിന്റേയും പ്രാര്‍ത്ഥനയുടേയും ദിനങ്ങള്‍ ആഗതമായി. പരിശുദ്ധമായ നോമ്പിന്റെ ദിനങ്ങള്‍ പടിവാതില്‍ക്കല്‍ നില്‍ക്കുന്നു. നമ്മെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കന്മാരൊപ്പം മണ്‍മറഞ്ഞ് പോയവരേയും ആത്മീകമായി നമ്മെ പരിപാലിച്ച ആചാര്യന്മാരുടെയും ഓര്‍മ്മ നിലനിര്‍ത്തിക്കൊണ്ടും കാണപ്പെടുന്ന സഹോദരി സഹോദരന്മാരോടും നിരന്നുനിന്നുകൊണ്ടും നമുക്ക് ഈ നോമ്പിനെ സ്വാഗതം ചെയ്യാം. തന്റെ പ്രേക്ഷിത പ്രവര്‍ത്തനത്തിന് നാന്ദിയായി ഈ ലോകത്തിന്റെ സകല മോഹങ്ങളേയും അതിജീവിച്ച് നമ്മുടെ കര്‍ത്താവ് നോമ്പിന്റെ ശക്തിയും ജയവും നമുക്ക് കാട്ടിത്തന്നു. ലോകം ദൈവത്തെ മറന്ന് ജീവിച്ചപ്പോള്‍, ദൈവീക ക്രോധത്തില്‍ നിന്ന് മോചനം നേടുവാന്‍ നോമ്പിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ശക്തി ആര്‍ജ്ജിച്ചതായി നാം വായിക്കുന്നു. സകല ദുഃഖവും സുരക്ഷിതത്വവും വിട്ടകന്ന് രട്ടാലും വെണ്ണീറിലും ഇരുന്നു നിലവിളിച്ച് അനുതാപത്തിലൂടെ ശോധന ചെയ്യപ്പെട്ട് നീതി മാര്‍ഗ്ഗത്തിലേക്ക് തിരിയുന്ന ജനസമൂഹത്തെ നാം മനസിലാക്കുന്നു. യോവേല്‍ 2:12-18.

ഇന്ന് നാം കാണുന്ന എല്ലാ അനുഭവങ്ങളുടെ നടുവിലും ദൈവ നിഷേധവും, ദോഷൈക ജീവിതങ്ങളും പരിശീലിക്കുന്ന ജനങ്ങളുണ്ട്. ഭക്തി എല്ലാറ്റിനും മറയായി കൊണ്ട് നടക്കുന്ന ജനം. ദൈവാലയങ്ങളില്‍ പോലും അവനവന്റെ സൗകര്യം അനുസരിച്ച് ആചാരാനുഷ്ഠാനങ്ങളെ മാറ്റിമറിക്കുന്ന കൂട്ടര്‍. എന്നാല്‍ ഈ നോമ്പ് അപ്രകാരമല്ല മനസുകളെ ശോധന ചെയ്ത്, സഹോദരങ്ങളോട് നിരപ്പായി, തെറ്റുകള്‍ ഏറ്റുപറഞ്ഞ് കണ്ണുനീരിന്റേയും പ്രാര്‍ത്ഥനയുടേയും ദിനങ്ങളായി നമുക്ക് ആചരിക്കാം. കാണപ്പെടുന്ന സഹോദരനോട് നിരപ്പാകാതെ എങ്ങനെ കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കുവാന്‍ കഴിയും. 1 യോഹന്നാന്‍ 4: 20 എല്ലാവരോടും നിരപ്പായി സമാധാനം കൈമാറിയതിന് ശേഷം നോമ്പിലേക്ക് പ്രവേശിക്കുന്നതാണ് അഭികാമ്യം.

ആദ്യ ആഴ്ചയിലെ ചിന്താവിഷയമായി കടന്നുവരുന്നത് യോഹന്നാന്‍ 2:1-11 വരെയുള്ള വാക്യങ്ങളാണ്. അടയാളങ്ങളുടെ ആരംഭമായി കാനായിലെ കല്യാണ വിരുന്നില്‍ പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റിയ അനുഭവം. ഒരു വലിയ മാറ്റമാണ് നാം ഈ ഭാഗത്തിലൂടെ മനസിലാക്കേണ്ടത്. ”ക്ഷണിക്കപ്പെട്ടവനായ കര്‍ത്താവ്” പരിവര്‍ത്തനം സാധ്യമാകണമെങ്കില്‍ നമ്മുടെ ജീവിതത്തിങ്കലും ക്ഷണിക്കപ്പെട്ട കര്‍ത്താവ് കടന്നു വരണം. പരിശുദ്ധ ദൈവ മാതാവ് മാദ്ധ്യസ്ഥം വഹിക്കുന്നു. നിരാശയുടെ അനുഭവത്തിലും ദൈവ സന്നിധിയിലേക്ക് നാം കടന്നുവരുമ്പോള്‍, മറ്റുള്ളവരെ ദൈവ സന്നിധിയിലേക്ക് അടുപ്പിക്കുവാന്‍ കാരണം ആകും. പിന്നീടുള്ള ജീവിതം അവന്‍ കല്പിക്കും പോലെ ആയാല്‍, അവന്‍ പ്രവര്‍ത്തിക്കുവാന്‍ നമ്മെത്തന്നെ ഏല്‍പിച്ചു കൊടുത്താല്‍ മാറ്റത്തിന്റെ അനുഭവം സാധ്യമാകും. ഇത് അനേകര്‍ക്ക് മാതൃക ആവുകയും ദൈവത്തിങ്കലേക്ക് അടുത്ത് വരുവാന്‍ പ്രചോദനം ആവുകയും ചെയ്യും.

പുറത്ത് ശുദ്ധീകരണത്തിനായി കരുതിയ വെള്ളം ആന്തരീക ആനന്ദത്തിനായി മാറ്റപ്പെട്ടത് പോലെ ഈ നോമ്പും നമ്മെ ഓരോരുത്തരേയും വിശേഷതയുള്ള മക്കളായി രൂപാന്തരപ്പെടുത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ഫാ.ഹാപ്പി ജേക്കബ്

ശുദ്ധമുള്ള നോമ്പേ സമാധാനത്താലെ വരിക !

വാരണാസി: വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീയുടെ വയറ്റില്‍ നിന്ന് സിറിഞ്ചുകള്‍ പുത്തെടുത്തു! വരണാസി സര്‍ സുന്ദര്‍ലാല്‍ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലാണ് റാണി എന്ന സ്ത്രീയുടെ വയറ്റില്‍ നിന്ന് സിറിഞ്ചുകള്‍ പുറത്തെടുത്തത്.

2017ലാണ് ഇവര്‍ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയയായത്. 2013ല്‍ ഇവരുടെ പ്രസവ സമയത്തും ഡോക്ടര്‍മാര്‍ വയറിനുള്ളില്‍ പഞ്ഞി വെച്ച് മറന്നിരുന്നുവെന്ന് റാണി പറഞ്ഞു. വന്ധ്യംകരണ ശസ്ത്രക്രിയക്കു ശേഷം വയറിനുള്ളില്‍ നിരന്തരം വേദന അനുഭവപ്പെട്ടതോടെയാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്.

എക്‌സ്‌റേ പരിശോധനയില്‍ വയറ്റില്‍ മൂന്ന് സിറിഞ്ചുകള്‍ കണ്ടെത്തുകയായിരുന്നുവെന്ന് ഇവരുടെ ഭര്‍ത്താവ് വികാസ് ദ്വിവേദി പറഞ്ഞു. സംഭവത്തില്‍ കേസെടുത്തിട്ടില്ലെങ്കിലും ശസ്ത്രക്രിയ നടത്തിയ വനിതാ ഡോക്ടര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Copyright © . All rights reserved