

ചെന്നൈ: നൂറാമത് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച് ചരിത്ര നേട്ടവുമായി ഇന്ത്യ. പിഎസ്എല്‍വി സി40യിലാണ് ഐഎസ്ആര്‍ഒ ചരിത്രം സൃഷ്ടിച്ചത്. രാവിലെ 9.29ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. കാര്‍ട്ടോസാറ്റ് 2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങള്‍ ഈ ദൗത്യത്തില്‍ വിക്ഷേപിച്ചു.
ഐഎസ്ആര്‍ഒയുടെ 42-ാമത് ദൗത്യമായിരുന്നു ഇത്. ഇന്ത്യക്ക് പുറമെ അമേരിക്ക, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും കാര്‍ട്ടോസാറ്റിനൊപ്പം പിഎസ്എല്‍വി ഭ്രമണപഥത്തില്‍ എത്തിച്ചു.
ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ 1323 കിലോയാണ് പിഎസ്എല്‍വി സി40യുടെ ഭാരം. കാര്‍ട്ടോസാറ്റിന് മാത്രം 710 കിലോ ഭാരം വരും. പിഎസ്എല്‍വി സി39 വിക്ഷേപണം കഴിഞ്ഞ ഓഗസ്റ്റില്‍ പരാജയപ്പെട്ടിരുന്നു. റോഡ് മാപ്പിങ്, തീരദേശ നിരീക്ഷണം, ലാന്‍ഡ് മാപ്പിങ് തുടങ്ങിയവയില്‍ വലിയ മുന്നേറ്റമാണ് ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.
ഓഖി ദുരിതാശ്വാസത്തിന് വേണ്ടി വിവിധ ജനവിഭാഗങ്ങളില്‍ നിന്നും സമാഹരിച്ച പണം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ആശ്വാസത്തിനു മാത്രമായി ഉപയോഗിക്കുന്നു എന്നുറപ്പുവരുത്താന്‍ അതിന്റെ വരവ് ചിലവ് കണക്കുകള്‍ എല്ലാ ആഴ്ചയും പ്രസിദ്ധീകരിക്കണം എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയ്ക്ക് 8 ലക്ഷം രൂപ ചിലവാക്കി എന്ന് കണ്ടെത്തുകയും അതിന്റെ പേരില്‍ മുഖ്യമന്ത്രിയും ഗവര്‍മെന്റും പാര്‍ട്ടിയും ശക്തമായ വിമര്‍ശനം നേരിടുന്ന ഇക്കാലത്ത് സര്‍ക്കാര്‍ ഇതിന്റെ വരവ് ചെലവ് കണക്കുകള്‍ പൊതുജനങ്ങളെ അറിയിക്കാന്‍ ബാധ്യസ്ഥരാണ്.
ഓഖി ദുരിതാശ്വാസ ഫണ്ട് പാര്‍ട്ടിയെ സമ്മേളനത്തിന്റെ് യാത്രയ്ക്ക് ചിലവഴിച്ചു എന്ന ആരോപണം തന്നെ കേരളം പോലുള്ള ഒരു സംസ്ഥാനത്തിന് അപമാനകരമാണ്. എന്നാല്‍ ആ ഉത്തരവ് പിന്‍വലിക്കുകയും അതിനു ചെലവഴിച്ച പണം പാര്‍ട്ടി അടയ്ക്കാം എന്ന് പറയുന്നതിലൂടെ പാര്‍ട്ടിയും സര്‍ക്കാരും തെറ്റ് ചെയ്തു എന്ന് സ്വയം സമ്മതിക്കുകയാണ്. സമൂഹത്തില്‍ ഏറ്റവും ദുര്‍ബലരായ എല്ലാ നീതിയും നിഷേധിക്കപ്പെട്ട് ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ഇവര്‍ക്ക് വേണ്ടത്ര സഹായം ലഭിക്കുന്നില്ല എന്ന ആരോപണം നിലനില്‍ക്കെ അതേ ഫണ്ടില്‍നിന്ന് ഇത്തരം യാത്രയ്ക്ക് പണം ചെലവാക്കാന്‍ ഉത്തരവിട്ടവര്‍ക്കെതിരെ എന്ത്‌നടപടിയാണ് എടുക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
ഈ ഉത്തരവിട്ട ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ ഓഫീസും ഏറെ സംശയങ്ങള്‍ക്കും ഇട നല്‍കുന്നു. റവന്യൂ മന്ത്രി അറിയാതെ റവന്യൂ വകുപ്പിലെ യോഗം വിളിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള ഒരാള്‍ ആണ് ഇദ്ദേഹം. റവന്യൂമന്ത്രിയെ തരിമ്പുപോലും ബഹുമാനിക്കാതെ മുഖ്യമന്ത്രിയുടെ പാദസേവകനാണ് എന്നു കൂടി കുപ്രസിദ്ധനായ വ്യക്തിയാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ ഓഫിസ് അറിയാതെ ഇത്തരം കാര്യങ്ങള്‍ നടക്കും എന്ന് വിശ്വസിക്കാന്‍ ആര്‍ക്കും കഴിയില്ല.
ഓഖി ദുരിതാശ്വാസ ഫണ്ട് ഇത്തരം ഉദ്യോഗസ്ഥരെയാണ് ഏല്‍പിക്കുന്നത് എങ്കില്‍ അത് ചിലവഴിക്കുന്നതിനെ പറ്റി ന്യായമായും ജനങ്ങള്‍ക്ക് സംശയമുണ്ടാകും. അതുകൊണ്ട് ഈ ചുമതലയില്‍നിന്നും പി. എച്ച്. കുര്യനെ അടിയന്തരമായി മാറ്റണം എന്നും വിശ്വസ്തതയുള്ള ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും അതുവഴി ഗവര്‍മെന്റ്, ഗവണ്‍മെന്റേതിര ഏജന്‍സികളും, പൊതുജനങ്ങളും സമാഹരിച്ച ദുരിതാശ്വാസ ഫണ്ടിന്റെ വിശ്വാസത കാത്തുസൂക്ഷിക്കണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു
സെക്‌സ് സീനുകളില്‍ പ്രത്യക്ഷപ്പെടുന്ന നടിമാരെക്കൊണ്ട് യഥാര്‍ത്ഥത്തില്‍ സെക്‌സിന് പ്രേരിപ്പിക്കാറുണ്ടായിരുന്നുവെന്ന ആരോപണം ഹോളിവുഡ് നടന്‍ ജയിംസ് ഫ്രാങ്കോയെ വിവാദത്തിലാക്കി. അഞ്ച് നായികമാരാണ് ജയിംസ് ഫ്രാങ്കോയ്‌ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ഇതില്‍ വയലറ്റ് പാലെ എന്ന നടി ഫ്രാങ്കോയുമായി പ്രണയത്തിലായിരുന്നു. എങ്കിലും തന്നെക്കൊണ്ട് കാറില്‍വെച്ച് ഓറല്‍ സെക്‌സിന് പ്രേരിപ്പിച്ചുവെന്ന ആരോപണം അവരും ഉന്നയിച്ചിട്ടുണ്ട്.
ഫ്രാങ്കോയുടെ ആക്ടിങ് സ്‌കൂളായിരുന്ന സ്റ്റുഡിയോ ഫോറിലെ വിദ്യാര്‍ത്ഥിനികളാണ് ശേഷിച്ച നാലുപേരും. ഇപ്പോള്‍ ഈ പരിശീലനക്കളരി പ്രവര്‍ത്തിക്കുന്നില്ല. ആക്ടിങ് ക്ലാസുകള്‍ നടക്കുമ്പോള്‍, മേല്‍വസ്ത്രമിടാതെയും ചിലപ്പോള്‍ പൂര്‍ണ നഗ്നരായി ഇരിക്കാനും ഫ്രാങ്കോ ആവശ്യപ്പെടാറുണ്ടായിരുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു. 30കാരനായ ജയിംസ് ഫ്രാങ്കോ മികച്ച അഭിനയത്തിന് ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചിട്ടുള്ളയാളാണ്. കഴിഞ്ഞയാഴ്ച മികച്ച അഭിനയത്തിന് അദ്ദേഹത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചിരുന്നു.
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് പിന്നാലെയാണ് വയലറ്റ് പാലെയും സാറ ടിതര്‍ കപ്ലാന്‍ എന്ന നടിയും ഫ്രാങ്കോയ്‌ക്കെതിരെ രംഗത്തെത്തിയത്. ഹിലാരി ഡുസോം, നതാലി ചിമെല്‍ എന്നിവരാണ് പരാതി ഉന്നയിച്ച മറ്റ് നടിമാര്‍. എന്നാല്‍, തന്റെ അഭിഭാഷകനായ മൈക്കല്‍ പ്ലോണ്‍സ്‌കറിലൂടെ ഈ ആരോപണങ്ങളെല്ലാം ഫ്രാങ്കോ നിഷേധിച്ചു. എന്നാല്‍, ഫ്രാങ്കോ തങ്ങളെ വിളിച്ച് മാപ്പുചോദിച്ചുവെന്ന് സാറായും വയലറ്റും അവകാശപ്പെട്ടു.
ദ ലോങ് ഫോം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഫ്രാങ്കോ തന്നെക്കൊണ്ട് യഥാര്‍ഥ സെക്‌സുകളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചതെന്ന് സാറ ആരോപിക്കുന്നു. ആക്ടിങ് സ്‌കൂളിലെ സെക്‌സ് സീന്‍ ക്ലാസുകളില്‍ താന്‍ ടോപ്ലെസ് ആയി ഇരിക്കുന്ന വീഡിയോ തന്റെ അനുവാദമില്ലാതെ വിമിയോയില്‍ പോസ്റ്റ് ചെയ്‌തെന്നും അവര്‍ പറയുന്നു. ഫ്രാങ്കോ സംവിധാനം ചെയ്യുകയും നായകവേഷത്തില്‍ അഭിനയിക്കുകയും ചെയ്ത ചിത്രം തന്റെ കരിയറിലെ ബ്രേക്ക് ത്രൂവായതുകൊണ്ടാണ് താന്‍ ഫ്രാങ്കോ പറയുന്നതിനൊക്കെ വഴങ്ങിക്കൊടുത്തതെന്നും അവര്‍ പറയുന്നു. സെക്‌സ് സീനുകള്‍ ചെയ്യുമ്പോള്‍ ഉപയോഗിക്കാറുള്ള പ്ലാസ്റ്റിക് കവചം ഒഴിവാക്കി നേരിട്ട് ചെയ്യാന്‍ ഫ്രാങ്കോ പ്രേരിപ്പിച്ചിരുന്നതായാണ് സാറയുടെ ആരോപണം.
തങ്ങളുടെ നഗ്‌നത ആസ്വദിക്കുന്നതിനായി ഫ്രാങ്കോ 2012ല്‍ ഒരു സ്ട്രിപ്പ് ക്ലബ്ബില്‍ ഷൂട്ടിങ് ഏര്‍പ്പെടുത്തിയിരുന്നതായി ഹിലാരിയും നതാലിയും ആരോപിക്കുന്നു. അതുകൊണ്ടുതന്നെ 2012ല്‍ ഇവര്‍ രണ്ടുപോരും സ്റ്റുഡോ ഫോറുമായുള്ള ബന്ധം വിഛേദിച്ചു. ഫ്രാങ്കോയുടെ ആക്ടിങ് ക്ലാസുകള്‍ പലതും ദുരുദ്ദേശത്തോടെയുള്ളതായിരുന്നുവെന്നും ഇരുവരും പറയുന്നു. എന്നാല്‍, ഈ ആരോപണങ്ങളൊന്നും അടിസ്ഥാനമില്ലാത്തതാണെന്ന് ഫ്രാങ്കോയുടെ അഭിഭാഷകന്‍ പറഞ്ഞു.
ഫാ. നോബിള്‍ മാത്യു
പൗരോഹിത്യം എന്ന കുപ്പത്തൊട്ടി
മാസങ്ങള്‍ കൂടി ക്ലാസ്മേറ്റും ഉറ്റചെങ്ങാതിയുമായ ഒരു പെണ്‍കുട്ടി ഫോണ്‍വിളിച്ചു. വിശേഷങ്ങള്‍ തിരക്കി. സ്വന്തം വിശേഷങ്ങള്‍ പറഞ്ഞു. കുഞ്ഞിന് ഒരു വയസ്സ് കഴിഞ്ഞെന്നും അക്ഷരങ്ങള്‍ കൂട്ടിപ്പെറുക്കി സംസാരിക്കാന്‍ തുടങ്ങിയെന്നും പറഞ്ഞു. സംഭാഷണത്തിനിടക്ക് മനോരോഗവിദഗ്ദനായ ഭര്‍ത്താവിനെപ്പറ്റി സൂചിപ്പിച്ചപ്പോള്‍ പറഞ്ഞ വാചകം ഓര്‍മ്മയില്‍ നില്‍ക്കുന്നു . . . ഒരു തരത്തില്‍ നിങ്ങളുടെ രണ്ടു പേരുടെയും ജീവിതം ഏതാണ്ട് ഒരുപോലെയാണ്. എല്ലാ മാലിന്യങ്ങളും ഏറ്റുവാങ്ങുന്ന കുപ്പത്തൊട്ടി . . . സുഖം തേടി വരുന്നവരുടെ തന്നെ തെറിയും കേള്‍ക്കേണ്ടി വരുന്നവര്‍ . . .
ഏറ്റവും നികൃഷ്ടമായ ജീവിതാവസ്ഥ പൗരോഹിത്യമാണെന്ന പ്രതീതി ഇന്ന് മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളിലും ചാനല്‍ചര്‍ച്ചകളിലും കത്തോലിക്കാപൗരോഹിത്യം വിശേഷിപ്പിക്കപ്പെടുന്ന വാക്കുകള്‍ സംസ്കാരത്തിന് നിരക്കാത്തതും സാമാന്യ ഉപയോഗത്തില്‍ ശ്ലീലമല്ലാത്തതുമാണ്. ആഗ്രഹിച്ച ജീവിതാവസ്ഥയോട് കൂറുപുലര്‍ത്താന്‍ കഴിയാതെ പോയവരും സ്വഭാവപ്രത്യേകതകള്‍ കൊണ്ട് തങ്ങള്‍ സ്വീകരിച്ച ദൈവവിളിയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരും സാഹചര്യങ്ങളുടെ പ്രത്യേകതള്‍ കൊണ്ട് ആത്മീയമൂല്യങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ കഴിയാത്തവരും ആയ ഒരു ന്യൂനപക്ഷം വൈദികര്‍ ആണ് ഇത്തരത്തിലുള്ള വലിയ അപവാദപ്രചരണത്തിന് കാരണമാകുന്നത്. അപ്രകാരമുള്ളവര്‍ വൈദികകൂട്ടായ്മകളില്‍ എക്കാലവും ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട് എന്നത് സത്യവുമാണ്.
ലോകത്തിലെ ഇതരമതങ്ങളില്‍ നിലനില്‍ക്കുന്ന പൗരോഹിത്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കത്തോലിക്കാപൗരോഹിത്യം അതിന്‍റെ പ്രത്യേകതകള്‍ കൊണ്ടും സ്വീകാര്യതകൊണ്ടും സവിശേഷമാണ്. ഒപ്പം തന്നെ അതിന്‍റെ സ്വഭാവത്തില്‍ത്തന്നെ ഉള്ളതോ കാലഘട്ടങ്ങളിലൂടെ വന്നുചേര്‍ന്നതോ ആയ നിരവധി ആനുകൂല്യങ്ങളും അതിന് സ്വന്തമായിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ ഏതുവിധേനയുള്ള കാരണങ്ങളാലും എതിര്‍സാക്ഷ്യം വഹിക്കുന്നവരെ പ്രതി പൗരോഹിത്യം ഏറ്റുവാങ്ങുന്ന എല്ലാ വിഴുപ്പലക്കുകളും അതര്‍ഹിക്കുന്നുണ്ട് എന്നതാണ് സത്യം. ശേഷിക്കുന്നവര്‍ക്ക് അവരെയോര്‍ത്ത് പ്രാര്‍ത്ഥിക്കുവാനും സ്വയം മെച്ചപ്പെടുത്തുവാനും അത് അവസരമാകും എന്ന് ഭാവാത്മകമായി കരുതാം.
മുന്‍കാലങ്ങളില്‍ കേട്ടുകേള്‍വിയില്ലാത്ത ആരോപണങ്ങള്‍ പോലും ഇന്ന് നിലവിലുണ്ട്. സഭാപരമായ വിശദീകരണങ്ങള്‍ കൊണ്ട് തൃപ്തിപ്പെടാത്തവണം മുന്‍ധാരണകളിലും മാധ്യമങ്ങളുടെ നുണപ്രചരണങ്ങളിലും കൂടുതലായി ആശ്രയിക്കുന്നവരുടെ എണ്ണം പെരുകുകയാണ്. ആത്മീയമൂല്യങ്ങളെക്കുറിച്ച് സെക്കുലര്‍ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുന്പോള്‍ പോലും വലിയ പരിമിതികള്‍ നിലനില്‍ക്കുന്നുണ്ട്. യാതൊരുവിധ മൂല്യബോധമോ മതവിഷയങ്ങളില്‍ താത്പര്യമോ അടിസ്ഥാനപരമായ അറിവോ പോലും ഇല്ലാത്തവരാണ് മാധ്യമഅജണ്ടയുടെ ഭാഗമായുള്ള നുണകള്‍ ആധികാരികമായ അഭിപ്രായപ്രകടനങ്ങളായവതരിപ്പിച്ച് വാദപ്രതിവാദത്തിലേര്‍പ്പെടുന്നത്.
സഭയുടെ ജീവിതവും ആത്മീയതയും കൂട്ടായ്മയുടെ പ്രത്യേകതകളും പൗരോഹിത്യത്തിന്‍റെ അന്തസ്സും അന്തസ്സത്തയുമൊന്നും സാങ്കേതികതയുടെയും മിശ്രവികാരങ്ങളുടെയും കുത്തൊഴുക്കില്‍ മാധ്യമങ്ങളില്‍ വേണ്ടവണ്ണം അവതരിപ്പിക്കാന്‍ പലപ്പോഴും കഴിയാറില്ല. പഠിക്കുവാനും മനസ്സിലാക്കുവാനും ഉള്‍ക്കൊള്ളുവാനും ആഴമായ നിശബ്ദതയും പ്രാര്‍ത്ഥനയും അവധാനതയും വേണ്ട ആത്മീയമൂല്യങ്ങളെയും സഭാജീവിതത്തെയും പൗരോഹിത്യത്തെയും ഉപരിപ്ലവമായ ചര്‍ച്ചകളുടെയും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെയും ലോകത്തു നിന്ന് തുടച്ചുമാറ്റാനും സാധ്യമല്ല.
കത്തോലിക്കാപൗരോഹിത്യം അതിന്‍റെ സ്വഭാവത്താല്‍ത്തന്നെ അനേകരുടെ അസൂയക്ക് പാത്രമാണ്. സാമുദായികഐക്യം നിലനിര്‍ത്തുന്നതില്‍ പൗരോഹിത്യത്തിനുള്ള പ്രത്യേകപങ്ക് രാഷ്ട്രീയ-വര്‍ഗ്ഗീയശക്തികളുടെ എക്കാലത്തേയും അസ്വസ്ഥതയാണ്. ഒപ്പം തന്നെ വൈദികര്‍ക്ക് സമൂഹത്തിലുള്ള സ്വീകാര്യതയും അംഗീകാരവും അവരോടൊപ്പമുള്ള വലിയ ആള്‍ബലവും പലരുടെയും അസ്വസ്ഥതക്ക് കാരണമാണ്. ഇക്കാരണങ്ങളാല്‍ കത്തോലിക്കാപൗരോഹിത്യത്തെ വിലയിടിച്ചു കാണിച്ച് സാമുദായികമായ ഐക്യവും ബലവും തകര്‍ത്ത് തങ്ങളുടെ സ്വേച്ഛാനുസരണം ജനത്തെ ഉപയോഗിക്കാന്‍ മേല്‍പ്പറഞ്ഞ ശക്തികള്‍ നടത്തുന്ന ശ്രമത്തിന്‍റെ ഭാഗം കൂടിയാണ് മാധ്യമങ്ങളില്‍ പൗരോഹിത്യത്തിനെതിരേ നടന്നുകൊണ്ടിരിക്കുന്നത്.
കുമ്പസാരസുഖം എന്ന ഹീനചിന്ത:
ഇത്തരുണത്തില്‍ വളരെയേറെ ആക്ഷേപകരമായ ഒരു വാക്കും ചിന്തയുമാണ് കുമ്പസാരസുഖം എന്നത്. കത്തോലിക്കാസഭയുടെ കൂദാശകളില്‍ പരിപാവനമായി കരുതപ്പെടുന്നതും വിശ്വാസിയുടെ മനസ്സിന് സ്വസ്ഥതയും ആത്മീയമായ വളര്‍ച്ചയും അതിലൂടെ ശാരീരികമായ സൗഖ്യവും പകരുന്ന കൂദാശയാണ് കുന്പസാരം. ചെയ്തുപോയ പാപങ്ങള്‍ തിരുസ്സഭയുടെയും മിശിഹായുടെയും പ്രതിനിധിയായ വൈദികന്‍റെ അടുക്കല്‍ ഏറ്റുപറയുന്ന വിശ്വാസി തന്‍റെ ജീവിതത്തിന്‍റെ വരവ്ചിലവ് കണക്കുകള്‍ ദൈവസന്നിധിയില്‍ ബോധിപ്പിക്കുകയാണ് ചെയ്യുന്നത്. വൈദികന്‍ എന്ന വ്യക്തിയോടല്ല, മിശിഹായുടെ പ്രതിപുരുഷനോടാണ് ഈ ഏറ്റുപറച്ചില്‍ നടത്തുന്നത്. താന്‍ തന്നെ ബലഹീനനും പാപിയുമായതിനാല്‍ തനിക്കു ദൈവസന്നിധിയില്‍ ലഭിക്കുന്ന കാരുണ്യവും കൃപയും കുമ്പസാരിക്കുന്ന വ്യക്തിക്ക് പകര്‍ന്നുനല്കാനും അവരെ ആശ്വസിപ്പിക്കാനുമാണ് കുമ്പസാരവേളയില്‍ വൈദികര്‍ ശ്രമിക്കുന്നത്.
മനംതകര്‍ന്നും വീഴ്ചകളില്‍ ആകുലപ്പെട്ടും അസ്വസ്ഥരായും ജീവിതപ്രശ്നങ്ങളില്‍ വേദനിച്ചും കുമ്പസാരക്കൂടിനെ സമീപിക്കുന്നവരുണ്ട്. വലിയ ആത്മവിശ്വാസത്തോടെ എല്ലാം തുറന്നു പറഞ്ഞ് വലിയ ഹൃദയഭാരങ്ങളിറക്കിവച്ച് ആനന്ദത്തിന്‍റെ കണ്ണീരോടും വലിയ സമാശ്വാസത്തോടും കൂടെ കുമ്പസാരക്കൂട്ടില്‍ നിന്ന് പിന്‍വാങ്ങുന്നവരാണ് വിശ്വാസികള്‍. ഈ പാവനകൂദാശയെയും കൂദാശ പരികര്‍മ്മം ചെയ്യുന്ന വൈദികനെയും അളവറ്റ് പരിഹസിക്കുന്നവര്‍ വൈദികന്‍ കുമ്പസാരക്കൂട്ടില്‍ അന്യരുടെ പാപവും വീഴ്ചയും കേട്ട് രസിക്കുകയാണെന്ന് ആക്ഷേപിക്കുന്നു.
കുമ്പസാരക്കൂടിനെ സമീപിക്കുകയും അതിന്‍റെ സ്വസ്ഥതയും കൃപയും അനുഭവിക്കുകയും ചെയ്യുന്ന വൈദികരടക്കമുള്ള വിശ്വാസികള്‍ ഇത്തരം തരംതാണ അഭിപ്രായപ്രകടനങ്ങളെ തള്ളിക്കളയുക തന്നെ ചെയ്യും. എങ്കിലും പൊതുസമൂഹത്തില്‍ ഇത്തരം ഹീനചിന്തകള്‍, വാക്കുകള്‍ സൃഷ്ടിക്കുന്ന ദോഷം അത്ര നിസ്സാരമല്ല എന്ന് നാം മനസ്സിലാക്കണം. കുമ്പസാരിപ്പിക്കുന്ന വൈദികന്‍ സ്ത്രീകളുടെ രഹസ്യഭാഷണങ്ങള്‍ കേള്‍ക്കുന്നുണ്ടല്ലോ എന്ന മനോവൈകല്യം നിറഞ്ഞ ചിന്തയാണ് മേല്‍പ്പറഞ്ഞ ആരോപണത്തിന്‍റെ അടിസ്ഥാനം. സ്ത്രീകളെ ലൈംഗികവസ്തുക്കളായി കാണുന്ന ദൃഷ്ടിദോഷത്തിന്‍റെ ഭാഗമാണ് അവരുടെ സ്വകാര്യതകളിലും സ്വകാര്യസംഭാഷണങ്ങളിലുമെല്ലാം ലൈംഗികത നിറഞ്ഞുനില്‍ക്കുന്നു എന്ന ചിന്ത.
ഇതെല്ലാം കേള്‍ക്കുന്ന വൈദികര്‍ വഴിതെറ്റുന്നതില്‍ വലിയ അതിശയോക്തിയില്ല എന്നൊക്കെ എഴുതുന്നവരോട് എന്തു പറയാൻ . . . കാഴ്ചയിലും കേള്‍വിയിലും മുഴുവന്‍ ലൈംഗികത നിറഞ്ഞിരിക്കുന്നവരുടെ ഭാവന അപ്രകാരമേ പ്രവര്‍ത്തിക്കുകയുള്ളു. പാപങ്ങള്‍ എല്ലാം ലൈംഗികമാണെന്ന തെറ്റിദ്ധാരണയും എല്ലാം സ്വകാര്യതകളും ലൈംഗികതയുമായി ബന്ധപ്പെട്ടതാണെന്ന ജിജ്ഞാസ നിറഞ്ഞ അബദ്ധധാരണയും ഇക്കൂട്ടരെ ഭരിക്കുന്നുണ്ട്.
എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി പലതരത്തിലുള്ള മനുഷ്യരെ ഏതാനും ഇഞ്ചുകളുടെ അകലത്തില്‍ അവരുടെ ജീവിതത്തിന്‍റെ എല്ലാ സ്വകാര്യതകളോടും കൂടി കണ്ടുമുട്ടുന്ന വൈദികരുടെ മാനസികാവസ്ഥ യഥാര്‍ത്ഥത്തില്‍ എന്തായിരിക്കും . . . കുഞ്ഞുങ്ങളുടെ നിഷ്കളങ്കത, യുവാക്കളുടെ സംശയങ്ങള്‍, കുടുംബസ്ഥരുടെ പ്രശ്നങ്ങള്‍, മദ്യപാനം, പുകവലി, സുഹൃദ്ബന്ധത്തിലെ വീഴ്ചകള്‍ . . . ഇങ്ങനെ ആളുകളും വിഷയങ്ങളും എണ്ണിത്തീര്‍ക്കാനാവാത്തവിധം ബഹുലമായ കുന്പസാരക്കൂടിന്‍റെ ആന്തരികജീവിതം ഹീനമായിക്കരുതുകയും അതിനെ ആക്ഷേപിക്കുകയും ചെയ്യുന്നവരോട് ദൈവം പൊറുക്കട്ടെ.
മണിക്കൂറുകള്‍ കുമ്പസാരക്കൂട്ടിലിരിക്കുന്ന വൈദികന്‍ ശാരീരികമായനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍, തന്നെ സമീപിക്കുന്നവരുടെ ശരീരപ്രകൃതം മൂലം അനുഭവിക്കുന്ന അസ്വസ്ഥതകള്‍, എന്തുകേട്ടാലും അക്ഷോഭ്യരായി ഇരുന്ന് സ്വരം താഴ്ത്തി സംസാരിക്കേണ്ടി വരുന്നതിലുള്ള കഷ്ടപ്പാടുകള്‍ എന്നിങ്ങനെ പറയാവുന്നതും പറയാനാവാത്തതുമായ നിരവധി പ്രശ്‌നങ്ങള്‍ പൗരോഹിത്യം നേരിടുന്നുണ്ട്.
കുമ്പസാരക്കൂട്ടിലിരിക്കുന്ന പുരോഹിതന്‍ ആ മണിക്കൂറുകളിലാകെയും ശ്രവിക്കുന്നത് നല്ല കാര്യങ്ങളൊന്നുമല്ല എന്ന് എല്ലാവര്‍ക്കുമറിയാം. എല്ലാ മാലിന്യങ്ങളും അദ്ദേഹം ഏറ്റുവാങ്ങുന്നു . . . പൗരോഹിത്യം അങ്ങനെ ക്രിസ്തുവിന്റെ കുരിശിനെ തന്റെ ജീവിതദൗത്യങ്ങളിലൂടെ ഏറ്റെടുക്കുന്നു. . . കുമ്പസാരക്കൂടിന്റെ ഏകാന്തതയിലും സാമൂഹ്യമാധ്യമങ്ങളുടെ ബഹളത്തിലും മാലിന്യങ്ങള്‍ സ്വീകരിക്കുന്ന കുപ്പത്തൊട്ടിയായി ക്രിസ്തുവിന്റെ പൗരോഹിത്യം നിലകൊള്ളുന്നു . . .കുപ്പത്തൊട്ടികള്‍ ഇല്ലാതാകുന്ന കാലത്ത് ജീവിതം പതുക്കെ നാറാന്‍ തുടങ്ങും എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് …
(ലേഖകനായ ഫാ. നോബിള്‍ തോമസ് മാനന്തവാടി രൂപതാ വൈദികനും ബിഷപ്പ് ഹൗസ് പ്രോക്യുറേറ്ററുമാണ്)
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മ്മന്‍ ഗവേഷകര്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റില്‍ വന്‍ സുരക്ഷാ വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയ വാര്‍ത്ത നിഷേധിച്ച് വാട്ട്‌സ്ആപ്പിന്റെ ഉടമസ്ഥരായ ഫെയ്‌സ്ബുക്ക്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് രഹസ്യ വഴിയൊന്നുമില്ലെന്ന് ഫെയ്‌സ്ബുക്കിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ അലക്‌സ് സ്റ്റാമോസ് ട്വിറ്ററില്‍ പറഞ്ഞു.
ഒരു പുതിയ അംഗം ഗ്രൂപ്പില്‍ ചേര്‍ന്നാല്‍ മറ്റ് അംഗങ്ങള്‍ക്കെല്ലാം അത് കാണാം. അപ്പോള്‍ ഗ്രൂപ്പ് ചാറ്റില്‍ ഒളിച്ചുകടന്നവരെ കണ്ടെത്താന്‍ മറ്റുള്ളവര്‍ക്ക് എളുപ്പമാണ്. മാത്രവുമല്ല ഒരാള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ ആരെല്ലാം കണ്ടു എന്ന് അറിയാനുള്ള ഒന്നിലധികം വഴികള്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നല്‍കിയിട്ടുമുണ്ടെന്നും സ്റ്റാമോസ് പറയുന്നു. ഒപ്പം സാഹചര്യം വിശദമാക്കുന്നൊരു സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവെച്ചു.
‘വാട്ട്‌സ്ആപ്പ് സെര്‍വറുകള്‍ സാധാരണ വാട്ട്‌സ്ആപ്പ് സ്റ്റാഫിനും, നിയമപരമായി അനുമതിയുള്ള സര്‍ക്കാര്‍ അധികാരികള്‍ക്കും അതിവിദഗ്ദരായ ഹാക്കര്‍മാര്‍ക്കും മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുക.
അത്തരം ഹാക്കര്‍മാര്‍ക്ക് തീര്‍ച്ചയായും ഗ്രൂപ്പ് മെമ്പര്‍ഷിപ്പില്‍ തിരിമറികള്‍ നടത്താന്‍ കഴിയും. എന്നാല്‍ അവര്‍ സ്വയം അവരെ ഗ്രൂപ്പുകളില്‍ ചേര്‍ത്താല്‍ അവര്‍ക്ക് ആ ഗ്രൂപ്പില്‍ ഉള്ള പഴയ സന്ദേശങ്ങളൊന്നും കാണാന്‍ സാധിക്കില്ല.
കാരണം അവയെല്ലാം എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആണ്. അതായത് സന്ദേശങ്ങള്‍ നേരത്തെ എന്‍ക്രിപ്റ്റ് ചെയ്തതായതിനാല്‍ എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍ തുറക്കാനുള്ള കീകള്‍ (KEYS) അവരുടെ കൈവശമുണ്ടാവില്ല.
നുഴഞ്ഞ് കയറിയാണെങ്കിലും ഹാക്കര്‍ ഒരു ഗ്രൂപ്പില്‍ അംഗമായാല്‍ എല്ലാ ഗ്രൂപ്പ് അംഗങ്ങള്‍ക്കും അത് കാണാന്‍ സാധിക്കും. പുതിയ ആള്‍ അംഗത്വമെടുക്കുമ്പോള്‍ ലഭിക്കുന്ന അറിയിപ്പിനെ തടയാന്‍ ഒരു വഴിയും ഇല്ല. അദ്ദേഹം പങ്കുവെച്ച സ്‌ക്രീന്‍ ഷോട്ടില്‍ ഇതെല്ലാം വിശദീകരിക്കുന്നുണ്ട്.
തിരുവനന്തപുരം: ജെഡിയു എല്‍ഡിഎഫിലേക്ക് പോകാൻ സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. 14 ജില്ലാ പ്രസിഡന്റുമാരും തീരുമാനത്തെ അനുകൂലിച്ചു. എല്‍ഡിഎഫിലേക്ക് പോകാനുള്ള അനുയോജ്യമായ സമയമാണിതെന്ന് സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാര്‍ യോഗത്തില്‍ പറഞ്ഞു. ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
അന്തിമ തീരുമാനം എടുക്കാനുള്ള നിർണായക യോഗങ്ങൾ തിരുവനന്തപുരത്ത് തുടരുന്നു. ജെഡിയുവിന്റെ ഇടതുമുന്നണി പ്രവേശത്തില്‍ കെ.പി. മോഹനനും നിലപാട് മാറ്റി. ഇടതുമുന്നണിയിലേക്ക് പോകാനുള്ള നീക്കത്തിന് അദ്ദേഹവും പിന്തുണ പ്രഖ്യാപിച്ചു. അതേസമയം വീരേന്ദ്രകുമാറിന്റെ നീക്കം വ്യക്തി താല്‍പ്പര്യം സംരക്ഷിക്കാനെന്ന് യുഡിഎഫ് വിമര്‍ശിച്ചു.
ഇതിനിടെ തീരുമാനത്തിൽ പ്രതിഷേധിച്ച് പാലക്കാട് നിന്നുള്ള സംസ്ഥാന സെക്രട്ടറി രാജിവച്ച് ഇറങ്ങിപ്പോയി. മുന്നണി മാറ്റം അടക്കമുള്ള തീരുമാനം എടുക്കാനായി രണ്ട് ദിവസം നീളുന്ന നേതൃയോഗമാണ് തിരുവനന്തപുരത്ത് തുടരുന്നത്. ആദ്യം നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ഇടത് മുന്നണി പ്രവേശനത്തിന്റെ സൂചനകൾ എം.പി. വീരേന്ദ്രകുമാർ നൽകിയത്. ആദ്യഘട്ട ചർച്ചകൾ പൂർത്തിയായെന്നും നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ പാർട്ടിയുടെ വളർച്ചയ്ക്ക് മുന്നണി മാറ്റം അത്യാവശ്യമാണന്നും വീരേന്ദ്രകുമാർ പറഞ്ഞു.
തുടർന്ന് സംസാരിച്ച ഭൂരിഭാഗം സംസ്ഥാന നേതാക്കളും 14 ജില്ലാ പ്രസിഡന്റുമാരും നീക്കത്തെ പിന്താങ്ങുകയായിരുന്നു. നേരത്തേ, യുഡിഎഫിന്റെ വോട്ടിൽ രാജ്യസഭാംഗമായിരുന്ന എം.പി.വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവച്ചിരുന്നു. രാജിവച്ച ഒഴിവിലുള്ള രാജ്യസഭാ സീറ്റും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റും നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ടുസീറ്റും വേണമെന്ന് ജെഡിയു എൽഡിഎഫിൽ ആവശ്യപ്പെട്ടേക്കും. ഇതു സംബന്ധിച്ച് സിപിഐഎം നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകൾ തുടങ്ങി.
അതേസയം, വീരേന്ദ്രകുമാറിന്റെ ജനതാദൾ യുഡിഎഫ് വിടുന്നതിനെ കോൺഗ്രസ് വിമർശിച്ചു. വീരേന്ദ്രകുമാറിന്റെ നീക്കം വ്യക്തിതാൽപര്യം സംരക്ഷിക്കാനാണെന്നും അന്തിമ തീരുമാനമാണെന്നു കരുതുന്നില്ലെന്നും യുഡിഎഫ് കൺവീനർ പി.പി.തങ്കച്ചൻ പറഞ്ഞു. വീരേന്ദ്രകുമാർ യുഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം.എം.ഹസനും അഭിപ്രായപ്പെട്ടിരുന്നു.
പൂര്‍ണമായും തീ പടര്‍ന്നു പിടിച്ച ബസിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരനെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചൈനയിലെ യിബിംഗ് നഗരത്തിലാണ് സംഭവം നടന്നത്. നിറയെ യാത്രക്കാരുമായി എത്തി റോഡിനു നടുവില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലാണ് തീപടര്‍ന്നത്. യാത്രക്കാരെല്ലാം ഓടി പുറത്തിറങ്ങിയെങ്കിലും ഒരാള്‍ അതിനുള്ളില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇവിടേക്ക് ഓടിക്കൂടിയ ആളുകള്‍ ബസിന്റെ ഗ്ലാസ് തകര്‍ക്കുമ്പോള്‍ തീജ്വാല പുറത്തേക്കു പടരുന്നതും വീഡിയോയില്‍ വ്യക്തമാണ്.
പിന്നീട് സമീപത്തെ ഒരു കടയുടമ തന്റെ ജീവന്‍ പണയം വെച്ച് ബസിനുള്ളില്‍ പ്രവേശിച്ച് അദ്ദേഹത്തെ രക്ഷിച്ച് പുറത്തെത്തിക്കുകയായിരുന്നു. സിസിടിവിയും സംഭവസ്ഥലത്തെ ദൃക്‌സാക്ഷികളുമാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ജമ്മുകശ്മീര്‍: കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരര്‍ നമ്മുടെ സഹോദരങ്ങളും രക്തസാക്ഷികളുമാണെന്ന് വിശേഷിപ്പിച്ച കശ്മീര്‍ എംഎല്‍എ അയ്ജാസ് അഹമ്മദ് മിര്‍ വിവാദത്തിലായി. നമ്മുടെ സഹോദരങ്ങളും രക്തസാക്ഷികളുമായ’ ഭീകരരുടെ മരണത്തില്‍ സന്തോഷിക്കുകയോ അത് ആഘോഷിക്കുകയോ ചെയ്യരുതെന്നും എംഎല്‍എ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മിരില്‍ ബിജെപിയുടെ സഖ്യകക്ഷി കൂടിയായ പിഡിപി എംഎല്‍എയാണ് ഭീകരരോടുള്ള സ്‌നേഹം പരസ്യമായി പ്രകടിപ്പിക്കുകയും വിവാദത്തിലാകുകയും ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം നിയമസഭയിലാണ് അയ്ജാസ് അഹമ്മദ് നിലപാട് അറിയിച്ചത്. ഇന്നും എംഎല്‍എ ഇക്കാര്യം ആവര്‍ത്തിച്ചു. ഭീകരരും ജമ്മു കശ്മീരില്‍നിന്നുള്ളവരാണെന്നും അവര്‍ നമ്മുടെ മക്കളാണെന്നും അവരുടെ മരണം നാം ആഘോഷിക്കരുതെന്നും എംഎല്‍എ പറഞ്ഞു. കശ്മീരിലെ ഷോപ്പിയാനിലുള്ള വാച്ചി മണ്ഡലത്തിലെ എംഎല്‍എ ആണ് അയ്ജാസ്.
ഭീകരരെ ‘നമ്മുടെ സഹോദരങ്ങളും രക്തസാക്ഷികളുമായി നിയമസഭയില്‍ പറഞ്ഞതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ഇതേ അഭിപ്രായം തന്നെയാണ് ഇപ്പോഴുമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അതിര്‍ത്തിയിലെ സൈനികരോടും രാജ്യ സേവനത്തിനിടെ ജീവന്‍ വെടിഞ്ഞ സൈനികരോടും കുടുംബങ്ങളോടും തനിക്കു സഹതാപമുണ്ടെന്നും അയ്ജാസ് പറഞ്ഞു.
മൂന്നു മാസം മുന്‍പ് ഇതേ എംഎല്‍എയുടെ വീടിനുനേരെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ഗ്രനേഡ് എറിഞ്ഞായിരുന്നു ആക്രമണം. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിരുന്നില്ല. ഈ ആക്രമണത്തേക്കുറിച്ചു ചോദിച്ചപ്പോള്‍, കാഴ്ചപ്പാടുകളിലുള്ള വ്യത്യാസം കൊണ്ടാകാം അതെന്നായിരുന്നു എംഎല്‍എയുടെ മറുപടി.
മലപ്പുറം: കുറ്റിപ്പുറം പാലത്തിന് സമീപം വീണ്ടും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. കുഴിബോംബുകളും നാനൂറിലധികം വെടിയുണ്ടകളുമാണ് കണ്ടെത്തിയത്. ഇവ വെള്ളത്തിനടിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. വന്‍ നശീകരണ ശേഷിയുള്ള കുഴിബോംബുകള്‍ ദിവസങ്ങള്‍ക്ക് മുമ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലിലാണ് കൂടുതല്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്.
സൈന്യം ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളാണ് കണ്ടെത്തിയതെന്ന നിഗമനത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണ സംഘത്തിന്റെ ഒരു വിഭാഗം മുംബൈയിലാണ് ഇപ്പോളുള്ളത്. പാലത്തിന്റെ അഞ്ചാമത്തെയും ആറാമത്തെയും തൂണുകള്‍ക്കിടയില്‍ നിന്നാണ് അഞ്ച് കുഴി ബോംബുകള്‍ നേരത്തേ കണ്ടെത്തിയത്.
റിമോട്ട് സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന തരത്തിലുള്ള കുഴിബോംബുകളായിരുന്നു ഇവ. പിന്നീട് മലപ്പുറം എആര്‍ ക്യാമ്പിലേക്ക് ഇവ മാറ്റി. സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ളവയാണെന്ന് സൂചനയുള്ളതിനാല്‍ മധുക്കരൈയിലെ സൈനിക ക്യാമ്പിലും വിവരം അറിയിച്ചിട്ടുണ്ട്.
കൊച്ചി: കണ്ണുരിന്റെ രാഷ്ട്രീയം പ്രമേയമാക്കി ബി.അജിത് കുമാര്‍ സംവിധാനം നിര്‍വ്വഹിച്ച ഈട കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും ഒരുമിച്ചിരുന്ന് കാണേണ്ട സിനിമയാണെന്ന് പി.സി.വിഷ്ണുനാഥ്. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂരിന്റെ മണ്ണിനെ രക്തപങ്കിലമാക്കിയ സിപിഎമ്മിനെയും സംഘപരിവാറിനെയും ഒരുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു ഇതിവൃത്തമാണ് ഈട കൈകാര്യം ചെയ്യുന്നതെന്ന് പി.സി. വിഷ്ണു നാഥ് പറയുന്നു.
ഈട പ്രസരിപ്പിക്കുന്ന രാഷ്ട്രീയ ചിന്തയില്‍, മേല്‍ സൂചിപ്പിച്ച ഇരുപക്ഷത്തെയും കറുത്ത ഹാസ്യത്തോടെയാണ് സിനിമ സമീപിക്കുന്നത്. പകയുടെ കനലാട്ടത്തില്‍ രാഷ്ട്രീയ തെയ്യങ്ങള്‍ ആടിത്തിമര്‍ക്കുന്നതും ആര്‍ത്തലയ്ക്കുന്നതും ഞെട്ടലോടെ മാത്രമേ പ്രേക്ഷകന് കണ്ടിരിക്കാന്‍ സാധിക്കുകയുള്ളൂന്നുവെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് ഒരു സിനിമ എടുക്കുമ്പോള്‍ സംഘപരിവാറും സിപിഎമ്മും മാത്രം രണ്ടു ഭാഗങ്ങളിലായി അതില്‍ കടന്നുവരുന്നത് നാം കാണാതെ പോകരുതെന്നും രാഷ്ട്രീയവും ജീവിതവും ഇഴനെയ്തു കിടക്കുന്ന ഒരു ഭൂമികയില്‍ അവര്‍ രണ്ടുകൂട്ടരുമാണ് പ്രശ്നങ്ങള്‍ക്ക് മൂലകാരണമെന്ന് ചിത്രവും ചരിത്രവും ഉറക്കെ വിളിച്ചു പറയുന്നതായി വിഷ്ണുനാഥ് പറയുന്നു.
പി.സി.വിഷ്ണുനാഥ് ഫേസ്ബുക്കിലെഴുതിയ എഴുതിയ കുറിപ്പ് പൂര്‍ണരൂപം
ചങ്കില്‍ തറയ്ക്കുന്ന ഒരു പ്രണയവും അതിന്റെ പരിണാമഗതിയില്‍ പൊള്ളിക്കുന്ന രാഷ്ട്രീയത്തിന്റെ കനല്‍പ്പാടുകളും. ഈട എന്ന ബി. അജിത്കുമാര്‍ ചിത്രം പങ്കുവയ്ക്കുന്ന രാഷ്ട്രീയം കണ്ണൂരിന്റെ മണ്ണിനെ രക്തപങ്കിലമാക്കിയ സിപിഎമ്മിനെയും സംഘപരിവാറിനെയും ഒരുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. ഈട പ്രസരിപ്പിക്കുന്ന രാഷ്ട്രീയ ചിന്തയില്‍, മേല്‍ സൂചിപ്പിച്ച ഇരുപക്ഷത്തെയും കറുത്ത ഹാസ്യത്തോടെയാണ് സമീപിക്കുന്നത്.
കൊലപാതകവും അതിനുവേണ്ടിയുള്ള ആസൂത്രണവും അത് സാധാരണക്കാരന്റെ കാല്‍പനിക സങ്കല്‍പങ്ങള്‍ക്കു മേല്‍ എപ്രകാരം കരിമേഘമായി പടരുന്നുവെന്ന് സിനിമ പറയുന്നു. പകയുടെ കനലാട്ടത്തില്‍ രാഷ്ട്രീയ തെയ്യങ്ങള്‍ ആടിത്തിമര്‍ക്കുന്നതും ആര്‍ത്തലയ്ക്കുന്നതും ഞെട്ടലോടെ മാത്രമേ പ്രേക്ഷകന് കണ്ടിരിക്കാന്‍ സാധിക്കുകയുള്ളൂ.
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് ഒരു സിനിമ എടുക്കുമ്പോള്‍ സംഘപരിവാറും സിപിഎമ്മും മാത്രം രണ്ടു ഭാഗങ്ങളിലായി അതില്‍ കടന്നുവരുന്നത് നാം കാണാതെ പോകരുത്. രാഷ്ട്രീയവും ജീവിതവും ഇഴനെയ്തു കിടക്കുന്ന ഒരു ഭൂമികയില്‍ അവര്‍ രണ്ടുകൂട്ടരുമാണ് പ്രശ്നങ്ങള്‍ക്ക് മൂലകാരണമെന്ന് ചിത്രവും ചരിത്രവും ഉറക്കെ വിളിച്ചു പറയുന്നു. അസഹിഷ്ണുതയുടെ പെരുമ്പറകളാണ് ഓരോ നെഞ്ചിലും മുഴങ്ങുന്നത്.
കൂത്തുപറമ്പില്‍ ജീവച്ഛവമായി കിടക്കുന്ന പുഷ്പനെ മുതല്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളെ വരെ ഈടയില്‍ കാണാം. ‘ഇലക്ഷന്‍ കാലത്തു മാത്രം ചില നേതാക്കള്‍ വന്നുപോകാറുണ്ട്’ എന്ന് ജീവിക്കുന്ന രക്തസാക്ഷിയായി വീല്‍ചെറയില്‍ കഴിയുന്ന കഥാപാത്രം പറയുന്ന ഡയലോഗ് സിപിഎമ്മിനുള്ള കുറ്റപത്രമാണ്. പുഷ്പനെ കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനത്തിലും നോമിനേഷന്‍ കൊടുക്കുമ്പോഴും മാത്രം ഓര്‍ക്കുകയും അധികാരത്തിന്റെ ശീതളച്ഛായയില്‍ സ്വാശ്രയ കച്ചവടക്കാര്‍ക്ക് കുടപിടിക്കുകയും ചെയ്യുന്ന നേതൃത്വത്തിനെതിരായ കൂരമ്പ്.
ജയകൃഷ്ണന്‍ മാസ്റ്റര്‍ സ്‌കൂളില്‍ വെട്ടേറ്റു വീണ സംഭവത്തെ ദ്യോതിപ്പിച്ച് സ്‌കൂള്‍ കുട്ടിയായ തന്റെ മുമ്പില്‍ അധ്യാപകന്‍ വെട്ടേറ്റുവീണ ഓര്‍മ്മ അയവിറക്കുന്നുണ്ട് നായിക. അവളെ സംബന്ധിച്ച് കണ്ണൂര്‍ എന്നാല്‍ ജീവിക്കാന്‍ പറ്റാത്ത ഊരാണ്! അവളുടെ അച്ഛന്‍ പക്ഷെ, കമ്മ്യൂണിസ്റ്റാണെങ്കിലും വരട്ടുവാദ പ്രത്യയശാസ്ത്രത്തിന്റെ കഠാരി മുനകൊണ്ട് എതിരാളിയെ തീര്‍ക്കണമെന്ന് വിശ്വസിക്കുന്നയാളല്ല. മകള്‍ വിരുദ്ധചേരിയിലെ ഒരാളെ പ്രണയിക്കുമ്പോള്‍ അദ്ദേഹം വായിക്കുന്നത് മേരി ഗബ്രിയേല്‍ എഴുതിയ ‘പ്രണയവും മൂലധനവും’ എന്ന പുസ്തകമാണ്.
കോളിളക്കമുണ്ടാക്കിയ തലശ്ശേരിയിലെ മുഹമ്മദ് ഫസല്‍ വധത്തിനെ അനുസ്മരിപ്പിക്കും വിധത്തില്‍ എതിരാളിയെ വളഞ്ഞിട്ട് പിടിച്ച് ഗ്രൂപ്പ് സെല്‍ഫി എടുത്ത ശേഷം നേതാവിനെ വിളിച്ച് പറഞ്ഞാണ് അക്രമികള്‍ ആനന്ദിനെ കൊല്ലാന്‍ ശ്രമിക്കുന്നത്. കമ്മ്യൂണിസ്റ്റ് നേതാവ് ദിനേശനെ സംഘപരിവാറുകാര്‍ വെട്ടിക്കൊല്ലുന്നതാവട്ടെ പ്രാകൃതമായ രീതിയിലും. ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിവെട്ടി തുണ്ടമാക്കാനുള്ള ചോദന സിപിഎമ്മിനു മാത്രമല്ല ആര്‍എസ്എസിനുമുണ്ടെന്ന് ചിത്രം വെളിവാക്കുന്നു.
കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന് കാരണക്കാരായ നേതാക്കള്‍, തിരിച്ചടിക്കുള്ള അവരുടെ ആഹ്വാനം, രക്തസാക്ഷികളുടെ ചോരയില്‍ കൈമുക്കി വീര്യം പ്രകടിപ്പിക്കുന്ന പാര്‍ട്ടി യോഗങ്ങള്‍, വിവാഹം പോലും പാര്‍ട്ടി തീരുമാനിക്കുമെന്ന തിട്ടൂരമിറക്കുന്ന പാര്‍ട്ടി കുടുംബങ്ങള്‍, പരിഹസിക്കപ്പെടുന്ന ഗോമൂത്രവും വിചാരധാരയും സംഘപരിവാര്‍ ചിഹ്നങ്ങള്‍, പാര്‍ട്ടിക്കുവേണ്ടി ജയിലില്‍ പോകാനുള്ള സംഘപരിവാര്‍ കാര്യദര്‍ശിയുടെ നിര്‍ദ്ദേശം അഭിമാനത്തോടെ അനുസരിക്കുന്ന പ്രവര്‍ത്തകന്‍ അങ്ങനെ എത്രയോ രാഷ്ട്രീയ ബിംബങ്ങള്‍ ചിത്രത്തില്‍ നിന്ന് കണ്ടെടുക്കാം.
കമ്മ്യൂണിസ്റ്റ് കുടുംബമായിട്ടും വിവാഹ തീയതി കുറിക്കാന്‍ പരപ്പനങ്ങാടിയിലെ ജോത്സ്യനെ കാണാന്‍ പോകുന്ന ടീച്ചര്‍, ശത്രുസംഹാര പൂജയും വഴിപാടും നടത്തുന്ന വര്‍ത്തമാനകാല നേതാക്കളെ ദയയില്ലാതെ അഭിസംബോധന ചെയ്യുന്നു. സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും പുസ്തകം കൈയില്‍വച്ചാണ് സംഘപരിവാര്‍ അക്രമകാരികള്‍ ഒളിസങ്കേതത്തില്‍ വാളുമിനുക്കുന്നത്. ദണ്ഡും വാളും വീശി സംഘപരിവാറിന്റെ വളര്‍ച്ച ഇവിടെയെത്തിയെന്ന് അടയാളപ്പെടുത്തുമ്പോള്‍ ചുമരില്‍ മോദിയുടെ പടം വയ്ക്കാന്‍ മറന്നില്ല. അഥവാ ആസുരതയുടെ മോദി കാലത്തെ വ്യംഗ്യമായി സൂചിപ്പിക്കുന്നു ചിത്രം.
സൂപ്പര്‍ താരങ്ങളുടെയടക്കം ഫാന്‍സ് അസോസിയേഷനുകള്‍ കൂറ്റന്‍ കട്ടൗട്ടുകളില്‍ പാലഭിഷേകം നടത്തുന്നതിനെയും മറ്റും വിമര്‍ശിക്കുന്ന യുവജന സംഘടനകളും പാര്‍ട്ടികളും നേതാക്കള്‍ വെട്ടാനും കൊല്ലാനും പറയുമ്പോള്‍ ഫാന്‍സ് അസോസിയേഷനെ വെല്ലുന്ന വിധത്തില്‍ ചിന്താശേഷിയില്ലാത്ത അടിമപ്പറ്റമാകുന്നതിന്റെ നേര്‍ക്കാഴ്ചയാണ് ചിത്രത്തില്‍. ഇത്തരം പ്രജ്ഞാശേഷി മരവിച്ച അണികളെ സംഭാവന ചെയ്യുന്ന കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളാണ് കേരളത്തിന്റെ ശാപങ്ങളില്‍ ഒന്ന്.
പരസ്പരം ഇഷ്ടപ്പെടുന്ന അമ്മുവിനും ആനന്ദിനും കണ്ണൂരിനു പുറത്തുമാത്രം ലഭിക്കുന്ന സ്വാതന്ത്ര്യമാണ് സംവിധായകന്‍ കാണിക്കുന്നത്. അത് കണ്ണൂരിന് പൊതുവേ അപമാനകരമായ കാഴ്ചയാണ്. ആ കാഴ്ചയിലേക്ക് എത്തിച്ചതാവട്ടെ സംഘപരിവാറും സിപിഎമ്മുമാണ്.
റോമിയോ ജൂലിയറ്റ് പഠിച്ച സാഹിത്യ വിദ്യാര്‍ഥിയാണ് ഈടയുടെ സംവിധായകന്‍. കാല്‍പനികതയുടെ നിലാവൊളി ചിത്രത്തില്‍ ആദ്യാവസാനം അദ്ദേഹം കാത്തുസൂക്ഷിക്കുന്നു. രാഷ്ട്രീയം മാത്രം പറഞ്ഞ് വിരസമാക്കാനോ പ്രണയം മാത്രം പറഞ്ഞ് പൈങ്കിളി വത്കരിക്കാനോ തയാറാവാതെ റിയലിസ്റ്റികായ ജീവിതചിത്രത്തെയാണ് ഈട വരച്ചിടുന്നത്. ഷെയിന്‍ നിഗവും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളെ മനോഹരമാക്കിയ ചിത്രത്തില്‍ കവി അന്‍വര്‍ അലിയുടെ വരികളും ഹൃദയസ്പര്‍ശിയാണ്. തീര്‍ച്ചയായും കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും ഒരുമിച്ചിരുന്ന് കാണേണ്ട ചിത്രമാണ് ഈട