ദോഹ: ദോഷകരമായ രാസവസ്തുക്കളുടെ സാന്നിധ്യം മൂലം ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക്‌സിന്റെ ഉല്‍പന്നങ്ങള്‍ ഖത്തറില്‍ നിരോധിച്ചു. അമിതമായ അളവില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ഉത്തരവ് വരുന്നതുവരെ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്ന് വാങ്ങുകയോ കടകളില്‍ വില്‍ക്കുകയോ ചെയ്യരുതെന്ന് ഉത്തരവില്‍ പറയുന്നു. ഇതോടെ ഖത്തര്‍ മാര്‍ക്കറ്റുകളിലെ പതഞ്ജലി ഉല്‍പന്നങ്ങള്‍ കമ്പനിക്ക് പിന്‍വലിക്കേണ്ടതായി വരും.
ഖത്തറിലെ വില്‍പ്പന ശാലകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളാണ് ഭക്ഷ്യ സുരക്ഷാ അതോറിറ്റി പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനയില്‍ പതഞ്ജലി ആയുര്‍വേദിക്ക് ഉല്‍പന്നങ്ങള്‍ ഗുണനിലവാരമില്ലാത്തവയും അനുവദനീയമായതിലും കൂടുതല്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചവയുമാണെന്ന് കണ്ടെത്തുകയുമായിരുന്നു. പരിശോധനയ്ക്ക് വിധേയമാക്കിയ മരുന്നുകള്‍ ഖത്തര്‍ മെഡിക്കല്‍ നിയമങ്ങള്‍ ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഗുണനിലവാരമില്ലെന്ന് ബോധ്യപ്പെട്ട മരുന്നുകള്‍ ഉപയോഗിക്കുന്നതും വില്‍ക്കുന്നതും രോഗികള്‍ക്ക് ശുപാര്‍ശ ചെയ്യുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഗുണനിലവാരമില്ലയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പതഞ്ജലിയുടെ ആറ് ഉല്‍പന്നങ്ങള്‍ തിരിച്ചുവിളിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. നേപ്പാള്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്. പതഞ്ജലിയുടെ ആംല ചൂര്‍ണം, ദിവ്യഗഷര്‍ ചൂര്‍ണം, ബാഹുചി ചൂര്‍ണം, ത്രിഫല ചൂര്‍ണം, അശ്വഗന്ധ, അദ്വിയ ചൂര്‍ണം എന്നിവയാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്‍വലിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഇതിനോടൊപ്പം ബാക്ടോക്ലേവ് എന്ന ഒരു മരുന്നും നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
കോഴിക്കോട്: പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം ആദിയുടെ പ്രദര്‍ശനം മുടങ്ങിയതിനെതുടര്‍ന്ന് കോഴിക്കോട് തീയേറ്ററില്‍ സംഘര്‍ഷം. കോഴിക്കോട് ആര്‍പി മാളിലെ പിവിആര്‍ മൂവിസിലാണ് പ്രദര്‍ശനം മുടങ്ങിയത്. വൈദ്യുതി ബന്ധം നഷ്ടമായതിനെതുടര്‍ന്ന് ഇന്റര്‍വെല്ലിന് ശേഷം പ്രദര്‍ശനം മുടങ്ങുകയായിരുന്നു. ഷോ മുടങ്ങിയതോടെ ബഹളം വെച്ച പ്രേക്ഷകരെ പൊലീസെത്തിയാണ് നിയന്ത്രിച്ചത്. തുടര്‍ന്ന് ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരികെ നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്.
അതേസമയം ഇന്ന് തീയേറ്ററുകളില്‍ എത്തിയ ആദിക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമ മോഹന്‍ലാലിന്റെ മകന്‍ പ്രണവിനെ ആദ്യമായി കാമറയ്ക്ക് മുന്നിലെത്തിക്കുന്ന ചിത്രം കൂടിയാണ്. പ്രണവിനെ കൂടാതെ അതിഥി രവി, അനുശ്രീ, ഷറഫുദ്ദീന്‍, ലെന, സിജു വില്‍സണ്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സതീഷ് കുറുപ്പ് ഛായാഗ്രാഹകനാവുന്ന ചിത്രത്തില്‍ സംഗീതം അനില്‍ ജോണ്‍സണിന്റേതാണ്. ആന്റണി പെരുമ്പാവൂരാണ് ആശിര്‍വാദ് സിനിമാസിനു വേണ്ടി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
സഞ്ജയ് ലീല ബന്‍സാലിയുടെ മാതാവിനെക്കുറിച്ച് സിനിമ നിര്‍മിക്കുമെന്ന് രജപുത്ര സംഘടനയായ കര്‍ണിസേന. സംഘടനയുടെ ചിത്തോര്‍ഗഡ് ഘടകമാണ ്ഈ പ്രഖ്യാപനവുമായി രംഗത്തെത്തിയത്. പദ്മാവത് എന്ന ചിത്രം രജപുത്ര രാജ്ഞിയായിരുന്ന പദ്മാവതിയുടെ ചരിത്രത്തെ വികലമായ വ്യാഖ്യാനം ചെയ്യുന്നതാണെന്ന് ആരോപിച്ചാണ് സംവിധായകന്റെ അമ്മയെക്കുറിച്ച് സിനിമ നിര്‍മിക്കാന്‍ സംഘടന ഒരുങ്ങുന്നത്.
ലീല കീ ലീല എന്ന പേരിലായിരിക്കും ചിത്രം നിര്‍മിക്കുകയെന്നാണ് സംഘടന അറിയിക്കുന്നത്. രണ്ടാഴ്ചക്കുള്ളില്‍ ചിത്രീകരണം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ ചിത്രം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് രജപുതി കര്‍ണി സേന, കല്‍വി ഘടകം പ്രസിഡന്റ് ഗോവിന്ദ് സിങ് ഖാന്‍ഗറോട്ട് പറഞ്ഞു. ഞങ്ങളുടെ അമ്മയെ ബന്‍സാലി അപമാനിച്ചു. ഇനി ബന്‍സാലിയുടെ അ്മ്മയെക്കുറിച്ച് ഞങ്ങളും സിനിമയെടുക്കുകയാണ്. അതില്‍ ബന്‍സാലിക്ക് അഭിമാനിക്കാന്‍ ഏറെയുണ്ടാകുമെന്നും തങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യമാണ് ഉപയോഗിക്കുന്നതെന്നുമാണ് ഗോവിന്ദ് സിങ് ന്യായീകരിക്കുന്നത്.
പദ്മാവത് വന്‍ വിവാദമാണ് റിലീസിനു മുമ്പ് സൃഷ്ടിച്ചത്. ചിത്രം തങ്ങളുടെ മാതാവിന് തുല്യയായ പദമാവതിയെ അപമാനിക്കുകയാണെന്നും ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും ആരോപിച്ച് വന്‍ പ്രതിഷേധങ്ങളുമായി കര്‍ണി സേനയുള്‍പ്പെടെയുള്ള രജപുത്ര സംഘടനകളും സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തി. റിലീസ് ദിവസം സ്‌കൂള്‍ ബസിന് കല്ലെറിഞ്ഞു വരെയായിരുന്നു പ്രതിഷേധം. ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെ നടത്തിയ ശ്രമവും ഫലം കാണാത്ത സാഹചര്യത്തിലാണ് പുതിയ പദ്ധതിയുമായി കര്‍ണിസേന രംഗത്തെത്തിയിരിക്കുന്നത്.
ന്യൂഡല്‍ഹി: പ്രതിഷേധവും അക്രമവും തുടരുന്നതിനിടെ റിലീസ് ചെയ്ത സഞ്ജയ് ലീല ഭന്‍സാലി ചിത്രം പത്മാവത് ആദ്യ ദിനം കണ്ടത് പത്തുലക്ഷം പേരെന്ന് നിര്‍മ്മാതാക്കള്‍. ഭീഷണിയും പ്രതിഷേധവും മുന്‍ കണ്ട് കനത്ത സുരക്ഷയിലാണ് ചിത്രം റിലീസ് ചെയ്തത്. ദക്ഷിണേന്ത്യയില്‍ 600 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
ഭീഷണിയെ തുടര്‍ന്ന് രാജസ്ഥാന്, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ ചിത്രത്തിന്റെ റിലീസിങ് നടന്നില്ല. മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഭാഗികമായിരുന്നു റിലീസിങ്. ഉത്തര്‍പ്രദേശില്‍ കര്‍ണി സേന തിയേറ്ററുകള്‍ക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തുകയും ചിത്രം കാണരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ചിത്രം റിലീസ് ചെയ്ത തിയറ്ററുകള്‍ക്ക് നേരെ വ്യപക അക്രമമുണ്ടായി. കേരളത്തില്‍ റിലീസിങ് സമാധാനപരമായിരുന്നു. അതിനിടെ, സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ലംഘിച്ച നാല് സംസ്ഥാന സര്‍ക്കാറുകള്‍ക്കും അക്രമം നടത്തിയ ശ്രീ രാഷ്ട്രീയ രജ്പുത് കര്ണിസേനക്കുമെതിരെ കോടതിയലക്ഷ്യക്കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. അഭിഭാഷകന് വിനീത് ധണ്ട, കോണ്‍ഗ്രസ് അനുഭാവി തഹ്സീന് പൂനവാല എന്നിവരാണ് ഹരജിക്കാര്‍. ഹരജികള്‍ തിങ്കളാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ െബഞ്ച് വ്യക്തമാക്കി.
തിരൂര്‍: മലപ്പുറം തിരൂരില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. തിരുര്‍ പറവണ്ണ സ്വദേശി കാസിമിനാണ് അജ്ഞാതരുടെ വെട്ടേറ്റത്. മാരകമായി പരിക്കേറ്റ കാസിമിനെ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍ മുസ്ലിം ലീഗാണെന്ന് സി.പി.ഐ.എം ആരോപിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പാലക്കാട്: ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭഗവത് പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്‌കൂള്‍ മേധാവികളാണ് പതാക ഉയര്‍ത്തേണ്ടതെന്ന സര്‍ക്കുലര്‍ നിലനില്‍ക്കെയാണ് സംഭവം. സര്‍ക്കുലര്‍ സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍എസ്എസ് നടപടി.
വ്യാസവിദ്യാപീഠം സ്‌കൂള്‍ സിബിഎസ്ഇക്ക് കീഴിലായത് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ബാധകമല്ലെന്നാണ് ആര്‍എസ്എസ് വാദം. സര്‍ക്കുലര്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനുള്ള കോഡിന്റെ ലംഘനമാണെന്നും ബിജെപി ആരോപിച്ചു. ഇന്നലെ വൈകീട്ട് പാലക്കാട് എത്തിയ മോഹന്‍ ഭഗവത് ഇന്നുമുതല്‍ പാലക്കാട് നടക്കുന്ന നടക്കുന്ന ആര്‍എസ്എസ് പ്രാന്തീയ (സംസ്ഥാന) കാര്യകര്‍തൃശിബിരത്തില്‍ പങ്കെടുക്കും.
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ഭഗവത് മൂത്താന്തറ കര്‍ണ്ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ നടപടി വിവാദമായിരുന്നു. മോഹന്‍ ഭഗവത് സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തുമെന്ന നേരത്തെ പ്രഖ്യാപിച്ചതിനെതുടര്‍ന്ന് 14ന് രാത്രി ചടങ്ങുകള്‍ നിര്‍ത്തിവെക്കാന്‍ ജില്ലാ ഭരണകൂടം മൂത്താന്തറ കര്‍ണ്ണകിയമ്മന്‍ ഹയര്‍സെക്കന്‍ഡറി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നോട്ടീസ് വകവെക്കാതെ സ്‌കൂള്‍ അധികൃതര്‍ മോഹന്‍ ഭഗവതിനെ ഉള്‍പ്പെടുത്തി ചടങ്ങുകള്‍ നടത്തി. നോട്ടീസ് ലംഘനം നടത്തിയ ആര്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല.
കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളില്‍ നടന്ന റിപബ്ലിക്ക് ദിന ചടങ്ങില്‍ മോഹന്‍ ഭഗവതിനെ കൂടാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആര്‍എസ്എസ് സംസ്ഥാന നേതാക്കള്‍, ബിജെപി സംഘടനാ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.
കൊച്ചി: എം. സ്വരാജ് എം.എല്‍.എയ്ക്കൊപ്പമുള്ള ചിത്രം ദുരുപയോഗം ചെയ്ത് തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നതിനെതിരെ മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരന്‍ ഡിജിപിക്ക് പരാതി നല്‍കി. തന്റെയും എം.എല്‍.എയുടേയും ചിത്രം ഉപയോഗിച്ച് ലൈംഗികചുവയുള്ള പരാമര്‍ശങ്ങളുമായി അധിക്ഷേപം നടത്തുന്നുവെന്നാണ് ഷാനിയുടെ പരാതി.
അപവാദ പ്രചരണം തന്റെ അന്തസിനേയും വ്യക്തി എന്ന നിലയില്‍ സ്വകാര്യതയേയും ബാധിക്കുന്നുവെന്നും പ്രസ്തുത നടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഷാനി പരാതിയില്‍ പറയുന്നു. അപവാദ പ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്ന ലിങ്കുകള്‍ സഹിതമാണ് ഷാനി പരാതി നല്‍കിയിരിക്കുന്നത്.
ഷാനിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഡി.ജി.പിക്ക് നല്‍കിയ പരാതി
_______________________
സര്‍,
ഞാന്‍ ഷാനി പ്രഭാകരന്‍, മനോരമന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തകയാണ്. ഇന്നലെ മുതല്‍ എനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകളുമായി ഒരു സംഘം ആളുകള്‍ ഫേസ്ബുക്കിലും വാട്സാപ്പിലും അപവാദപ്രചാരണം നടത്തുന്നു. സുഹൃത്തും എം.എല്‍.എയുമായ എം.സ്വരാജിനൊപ്പം ലിഫ്റ്റില്‍ നില്‍ക്കുന്ന ഫോട്ടോ ഉപയോഗിച്ച് അങ്ങേയറ്റം മോശമായ രീതിയില്‍ സംഘടിതമായി പ്രചരിപ്പിക്കുകയാണ്.ലൈംഗികച്ചുവയോടെയുള്ള പരാമര്‍ശങ്ങളുമായി അധിക്ഷേപം നടത്തുകയാണ്. സ്ത്രീ എന്ന രീതിയില്‍ എന്റെ അന്തസിനെയും വ്യക്തി എന്ന നിലയില്‍ സ്വകാര്യതയെയും ബാധിക്കുന്ന പ്രസ്തുതനടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപവാദപ്രചരണം നടത്താനായി ഉപയോഗിച്ചിരിക്കുന്ന പോസ്റ്റുകളുടെ ലിങ്കുകളും വിശദാംശങ്ങളും ഇതോടൊപ്പം ചേര്‍ക്കുന്നു.
ഷാനി പ്രഭാകരന്‍
ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍
മനോരമന്യൂസ്
കൊച്ചി
കൊച്ചി: ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന ഭാവനയുടെ വിവാഹ റിസപ്ഷനില്‍ സിനിമാ മേഖലയില്‍ നിന്നുള്ള നിരവധിപേരാണ് പങ്കെടുത്തത്. നീണ്ട നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഭാവനയും കന്നഡ നിര്‍മ്മാതാവായ നവീനും വിവാഹിതരാവുന്നത്. ഭാവന അഭിനയിച്ച റോമിയോ എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു നവീന്‍.
കോക്കനട്ട് വെഡ്ഡിംഗ് സിനിമാസ് പകര്‍ത്തിയ ഭാവനയുടെ വിവാഹ റിസപ്ഷന്‍ ചിത്രങ്ങള്‍ കാണാം.
ലക്‌നൗ: ഉത്തര്‍ പ്രദേശിലെ മീററ്റില്‍ അമ്മയെയും മകനെയും വെടിവെച്ചു കൊന്നു. 60 കാരിയായ വയോധികക്ക് നേരെ അക്രമി സംഘം നിറയൊഴിച്ചത് 10 തവണ. സംഭവത്തില്‍ ഒരാള്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഭര്‍ത്താവിന്റെ ഘാതകര്‍ക്കെതിരെ മൊഴി കൊടുക്കാനിരിക്കെയാണ് 60 കാരിയായ നിചേതര്‍ കൗറും മകന്‍ ബല്‍വിന്ദറും കൊല്ലപ്പെട്ടത്.
വീടിന് പുറത്ത് അയല്‍വാസിയായ സ്ത്രീയോടപ്പം സംസാരിച്ചിരിക്കുമ്പോഴാണ് മൂന്ന് പേരടങ്ങിയ അക്രമി സംഘം നിചേതര്‍ കൗറിനു നേരെ വെടിയുതിര്‍ത്തത്. അക്രമിസംഘത്തിലൊരാള്‍ നിചേതറിന്റെ നെഞ്ചിലേക്ക് വെടിയുതിര്‍ത്തു. ആറ് തവണ തുടര്‍ച്ചയായി വെടിവച്ചശേഷം മുഖത്തും നെഞ്ചിലുമായി അക്രമിസംഘം മാറിമാറി വെടിയുതിര്‍ക്കുകയായിരുന്നു. അതിനിടെ കൂടെയുണ്ടായിരുന്ന സ്ത്രീയോട് എഴുന്നേറ്റ് പോകാന്‍ അക്രമിസംഘം ആവശ്യപ്പെട്ടു.
വീടിന് പുറത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാറിന് സമീപത്ത് വെച്ചാണ് നിചേതറിന്റെ മകന്‍ ബല്‍വിന്ദറിന് വെടിയേറ്റത്. ഇരുവരും സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. 2016ല്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് നിചേതറിന്റെ ഭര്‍ത്താവ് കൊല്ലപ്പെടുന്നത്. ഭര്‍ത്താവിന്റെ മരണത്തില്‍ ചില അകന്ന ബന്ധുക്കള്‍ അറസ്റ്റിലായിരുന്നു. കേസില്‍ സാക്ഷി പറയരുതെന്ന് പ്രതികളോട് അടുപ്പമുള്ളവര്‍ അമ്മയെയും മകനെയും ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ന് സാക്ഷിപറയാനിരിക്കെയാണ് ഇരുവരും കൊല്ലപ്പെട്ടത്.
റിയോഡി ജനീറോ: ഇറച്ചി ഗ്രില്‍ ചെയ്യാനുപയോഗിക്കുന്ന കമ്പി ഹൃദയം തുളച്ച് പുറത്തു വന്നിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട് ബ്രസീലിയന്‍ ബാലന്‍. ബ്രസീലിലെ ടോറിറ്റാമയിലാണ് സംഭവം. മാരിവാല്‍ഡോ ജോസ് ഡ സില്‍വ എന്ന 11 കാരനാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ജനുവരി 18 നായിരുന്നു സംഭവം.
വീടിന് പുറത്തുള്ള ഏണിയില്‍ കയറി കളിക്കുകയായിരുന്ന ബാലന്‍ തൊട്ടടുത്ത് വെച്ചിരുന്ന ഇറച്ചി ഗ്രില്‍ ചെയ്യാനുപയോഗിക്കുന്ന കമ്പികള്‍ക്കിടയിലേക്ക് വീഴുകയായിരുന്നു. കമ്പികള്‍ക്കിടയിലേക്ക് വീണ മാരിവാല്‍ഡോ ജോസ് ഡ സില്‍വയുടെ ഹൃദയം തുളച്ച് ഒരു കമ്പി നെഞ്ചിലൂടെ പുറത്തു വന്നു. ഹൃദയത്തിന്റെ നടുവിലൂടെ പുറത്തു വന്ന കമ്പി ഉടന്‍ എടുത്തു മാറ്റാതെ വീട്ടുകാര്‍ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഹൃദയത്തിലൂടെയാണ് കമ്പി കയറിയിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ ആശുപത്രി അധികൃതര്‍ ഏതാണ്ട് 2 മണിക്കുറോളം നീണ്ട ശസ്ത്രകിയയിലൂടെയാണ് കമ്പി നീക്കം ചെയ്തത്.
വീണയുടന്‍ അശ്രദ്ധമായി കമ്പി വലിച്ചൂരിയിരുന്നെങ്കില്‍ അനിയന്ത്രിതമായ രക്തശ്രാവമുണ്ടാവുകയും കുട്ടിയുടെ ജീവന്‍ നഷ്ടമാവുകയും ചെയ്യുമായിരുന്നെന്ന് മാരിവാല്‍ഡോ ജോസ് ഡ സില്‍വ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. സൂക്ഷമ ശസ്ത്രക്രിയ വിജയകരമാണെന്നും ഹൃദയത്തിലുണ്ടായിരിക്കുന്ന മുറിവ് ഉണങ്ങുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.