ട്രെയിനിൽ ചായയിൽ മയക്കുമരുന്ന് നൽകി മയക്കിയശേഷം അമ്മയെയും മകളെയും കവർന്ന സംഭവത്തിൽ റെയിൽവേ പൊലീസിന് പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചു. തത്കാല്‍ റിസര്‍വേഷന്‍ ചെയ്തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതോടൊപ്പം റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരുന്നു. ചായയിൽ മയക്കുമരുന്ന് നൽകി മയക്കിയശേഷം അമ്മയുടെയും മകളുടെയും പത്തരപവൻ സ്വർണം, രണ്ട് മൊബൈൽ ഫോണുകൾ, കൈയിലുണ്ടായിരുന്ന 18,000 രൂപ, നഴ്സിംഗ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയാണ് കവർച്ച ചെയ്യപ്പെട്ടത്.ഹൈദരാബാദില്‍നിന്ന് കേരളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. പിറവം അഞ്ചൽപ്പെട്ടി നെല്ലിക്കുന്നേൽ പരേതനായ സെബാസ്റ്റ്യെൻറ ഭാര്യ ഷീലാ സെബാസ്റ്റ്യൻ (60), മകൾ ചിക്കു മരിയ സെബാസ്റ്റ്യൻ (24) എന്നിവരാണ് കവർച്ചയ്ക്ക് ഇരയായത്. കോട്ടയത്ത് അബോധാവസ്ഥയിൽ ട്രെയിനിൽ കണ്ടെത്തിയ ഇവരെ റെയിൽവേ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. മകളുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനാണ് കഴിഞ്ഞദിവസം ഇരുവരുംയാത്ര പുറപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ശബരി എക്സ്പ്രസിന്റെ എസ് 8 കംന്പാർട്ട്മെൻറിലാണ് ഇരുവരും കയറിയത്. ആലുവക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. തൊട്ടടുത്ത സീറ്റുകളിൽ അന്യസംസ്ഥാനക്കാരായ മൂന്നുപേരും ഉണ്ടായിരുന്നതായി ഇവർ പൊലീസിനു മൊഴി നൽകിയിരുന്നു.
ഇവര്‍ക്കൊപ്പം എസ് -8 കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്തവരാണു കവര്‍ച്ച നടത്തിയതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഹൈദരാബാദില്‍ നിന്നു തത്കാല്‍ ടിക്കറ്റെടുത്താണ് ഇവര്‍ ട്രെയിനില്‍ കയറിയത്. കോയമ്ബത്തൂരില്‍ വച്ചാണു ഷീലയെയും മകളെയും മയക്കി ഇവര്‍ മോഷണം നടത്തിയത്. മോഷണത്തിനു ശേഷം ഇരുവരും പാലക്കാട് സ്റ്റേഷനില്‍ ഇറങ്ങിയതായും ഇതേ കംമ്പാർട്ട്മെന്റിലുണ്ടായിരുന്ന യാത്രക്കാര്‍ പോലീസിനു മൊഴി നല്‍കി.റിസര്‍വേഷന്‍ ചാര്‍ട്ട് പരിശോധിച്ച റെയില്‍വേ പോലീസ് സംഘത്തിനു ഇരുവരുടെയും പേരും വിലാസവും ലഭിച്ചിട്ടുണ്ട്. എന്നാല്‍, വിലാസം വ്യാജമാണെന്നാണു പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ഇതേ തുടര്‍ന്നു തല്‍കാല്‍ ടിക്കറ്റ് ബുക്ക് ചെയ്ത കേന്ദ്രവും, ബുക്ക് ചെയ്ത ആളുടെ മൊബൈല്‍ നമ്ബരും വിശദാംശങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. ഷീലയുടെയും മകളുടെയും മൊബൈല്‍ ഫോണും സംഘം കവര്‍ന്നിട്ടുണ്ട്. ഈ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലാണ്. റെയില്‍വേയില്‍ നിന്നു വിശദാംശങ്ങള്‍ ലഭിച്ച ശേഷം അന്വേഷണം തുടരുമെന്നു റെയില്‍വേ എസ്.ഐ ബിന്‍സ് ജോസഫ് അറിയിച്ചു. ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്താറായപ്പോൾ രണ്ടുപേർ അബോധാവസ്ഥയിൽ കിടക്കുന്നത് ടിടിഇയാണ് കണ്ടെത്തിയത്. തുടർന്ന് വിവരം പോലീസ് കണ്ട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു. റെയിൽവേ പൊലീസ് എത്തി ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവശനിലയിലായ വീട്ടമ്മയും മകളും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നടി ഭാവനയുടെ വിവാഹം ഇന്ന് തൃശൂരിൽ. കന്നട നിർമാതാവായ നവീൻ ആണ് വരൻ. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ ഒമ്പതിനും പത്തിനും മധ്യേയാണ് മുഹൂർത്തം. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി രാവിലെ തൃശൂർ ജവഹർലാൽ കൺവൻഷൻ സെൻററിലും ചലച്ചിത്ര മേഖലയിൽ നിന്നുള്ളവർക്കായി വൈകിട്ട് ആറിന് ത്യശൂർ ലുലു കൺവൻഷൻ സെന്ററിലുമാണ് സ്നേഹവിരുന്ന്. സിനിമ മേഖലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമാണ് ക്ഷണം. കഴിഞ്ഞ ദിവസം നടന്ന മൈലാഞ്ചിയിടല്‍ ചടങ്ങില്‍ സിനിമയിലെ അടുത്ത വനിതാ സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്ത്.
ന്യൂഡല്‍ഹി: ആം ആദ്മി എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള തെരെഞ്ഞടുപ്പ് കമ്മീഷന്റെ ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പുവച്ചു. 20 എംഎല്‍എ മാരെ അയോഗ്യരാക്കാനുള്ള ശുപാര്‍ശയിലാണ് രാഷ്ട്രപതി ഒപ്പുവെച്ചിരിക്കുന്നത്. ഒഴിവ് വന്ന 20 മണ്ഡലങ്ങളില്‍ ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടക്കും.
20 എം.എല്‍.എമാരെ അയോഗ്യരായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നിയമസഭയിലുള്ള ആം ആദ്മി എം.എല്‍.എമാരുടെ എണ്ണം 46 ആയി. ഇരട്ടപ്പദവി വഹിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇരുപത് എം.എല്‍.എമാരേയും അയോഗ്യരാക്കിയത്. 2015 മാര്‍ച്ചിലാണ് 21 പേരെ പ്രതിഫലം പറ്റുന്ന പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിമാരായി നിയോഗിച്ചത്. ഇതിനെതിരെ പ്രതിപക്ഷവും സുപ്രീം കോടതിയിലെ ഒരു മുതിര്‍ന്ന് അഭിഭാഷകനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ പരാതിയുമായി സമീപിച്ചത്. 70അംഗ നിയമസഭയില്‍ 4 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്, ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാലും സര്‍ക്കാരിനെ ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തില്‍ ആരോപണവിധേയരായ എം.എല്‍.എ മാരെ അയോഗ്യരാക്കാന്‍ തീരുമാനമെടുത്തിരുന്നു. ദല്‍ഹി രാജ്യസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് കമ്മീഷന്‍ ഈ നടപടിയിലേക്ക് കടന്നത്.
ദുംക: ജാര്‍ഖണ്ഡിലെ ദൂംകയില്‍ ട്രക്ക് ടാറ്റാ സുമോയില്‍ ഇടിച്ച് എട്ടുപേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ദുംക റാസിക്പൂരില്‍ നിന്നുള്ളവരാണ് മരണപ്പെട്ടത്. ടാറ്റാ സുമോ യാത്രികരാണ് കൊല്ലപ്പെട്ടത്.
മത്സര പരീക്ഷയില്‍ പങ്കെടുക്കാനായി ടാറ്റാ സുമോയില്‍ ദേവ്ഘറിലേക്ക് പുറപ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്. അതിവേഗതയിലെത്തിയ ട്രക്ക് കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഏഴുപേര്‍ സംഭവസ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. അപകടം നടന്നയുടന്‍ ട്രക്ക് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.
രാവിലെയുള്ള കനത്ത മൂടല്‍ മഞ്ഞാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. അതിവേഗതയിലെത്തിയ ട്രക്ക് കാറിലിടിക്കുകയായിരുന്നെന്ന് ദൃസാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന പ്രശസ്തി കൈവയ്ക്കാനായി സൗദിയിലെ ജിദ്ദ ടവറിന്റെ നിര്‍മ്മാണത്തിന് പുതിയ കരാറായി. നിലവിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ഖ്യാതി ദുബൈയിലെ ബുര്‍ജ് ഖലീഫക്കാണ്. പക്ഷെ, ബുര്‍ജ് ഖലീഫയുടെ ഉയരം 828 മീറ്റര്‍ മാത്രമാണ്. ഈ പശ്ചാത്തലത്തിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ ആകാശ ഗോപുരമായ ‘ജിദ്ദ ടവറി’നു ഒരു കിലോമീറ്റര്‍ (3281 അടി) ഉയരമാണ് നിശ്ചയിച്ചിരിക്കുന്നത്. അതായത് ബുര്‍ജ് ഖലീഫയെക്കാൾ 172 മീറ്റര്‍ കൂടുതൽ ഉയരമായിരിക്കും ജിദ്ദ ടവറിനുണ്ടാകുക.
ജിദ്ദ ടവറിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവര്‍ത്തനങ്ങളുടെ അടുത്ത ഘട്ടം പൂര്‍ത്തീകരിക്കുന്നതിന് അല്‍ ഫൗസാന്‍ ജനറല്‍ കോണ്‍ട്രാക്റ്റിങ് കമ്പനിയുമായി 620 ദശലക്ഷം റിയാലിന്റെ കരാറിലാണ് ഒപ്പുവച്ചിട്ടാണ്. ജിദ്ദ ഇക്കണോമിക് കമ്പനിയുടെ മേല്‍നോട്ടത്തിലാണ് നിർമ്മാണം നടക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ കരാറില്‍ ഉള്‍പ്പെടുത്തിയ കാര്യങ്ങള്‍ തീര്‍ക്കണമെന്നാണ് വ്യവസ്ഥയെന്നു ജിദ്ദ ഇക്കണോമിക് കമ്പനിയധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
1.2 ബില്യന്‍ ഡോളര്‍ ചെലവ് വരുന്ന ടവറിന്റെ നിർമ്മാണം നേരത്തേ തന്നെ ആരംഭിച്ചിരുന്നു. 2020 ഓടെ അംബരചുംബിയുടെ നിർമ്മാണം പൂര്‍ത്തിയാക്കുമെന്നാണ് അധികൃതരുടെ അവകാശവാദം. നേരത്തെ കിംഗ്ഡം ടവര്‍ എന്ന് വിശേഷിപ്പിച്ചിരുന്ന അംബര ചുംബി പിന്നീട് ജിദ്ദ ടവര്‍ ആയി മാറ്റുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ സമയത്ത് നിർമ്മാണം പൂര്‍ത്തിയാവുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.
ജിദ്ദ നഗരത്തിനു പുറത്തുള്ള മരുഭൂമിയിലാണ് ടവര്‍ ഉയരുന്നത്. എന്നാല്‍ ടവര്‍ നിര്‍മാണം പുരോഗമിക്കുന്നതോടെ വലിയൊരു മെഗാ സിറ്റിയായി ഈ മരുഭൂമി മാറ്റാനാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, താമസ കേന്ദ്രങ്ങള്‍, ബിസിനസ് സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍ തുടങ്ങി എല്ലാ സംവിധാനങ്ങളോടും കൂടിയുള്ള ടൗണ്‍ഷിപ്പാവും ജിദ്ദ ടവറിനോട് അനുബന്ധിച്ച് ഇവിടെ ഉയര്‍ന്നുവരികയെന്ന് കമ്പനി സി.ഇ.ഒ മുനീബ് ഹമൂദ് പറഞ്ഞു.
ജമ്മുവില്‍ മരിച്ച ജവാന്‍ സാം എബ്രഹാമിന്‍റെ അമ്മയുടെ കണ്ണീരിന് മുന്നില്‍ തേങ്ങിക്കരഞ്ഞ് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ ധീരജവാന്‍റെ അമ്മയായ സാറാമ്മയുടെ നെഞ്ചുപൊട്ടുന്ന വേദന കണ്ടാണ് കളക്ടറും കരഞ്ഞത്. പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പിലാണ് സാം എബ്രഹാം വീരമൃത്യു വരിച്ചത്.
മകനെ സംബന്ധിച്ച ഓര്‍മകള്‍ പങ്കുവയ്ക്കുന്നതിനിടെ സാറാമ്മ കരയുകയായിരുന്നു. ഇത് കണ്ടാണ് കളക്ടറും വികാരഭരിതയായത്. പിന്നീട് അമ്മയെ ആശ്വസിപ്പിച്ചു. അമ്മ ധൈര്യമായിരിക്കണം. മകന് വേണ്ടി ബാക്കിയുള്ള കാര്യങ്ങള്‍ ചെയ്യാമെന്നും ടി. വി. അനുപമ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ധീരജവാന്‍റെ വീട്ടിലെത്തിയ കളക്ടര്‍ അച്ഛന്‍ എബ്രഹാമിനെ ആശ്വസിപ്പിച്ചു. പിന്നീട് അമ്മയുടെ അടുത്തെത്തി.
ജമ്മുവില്‍ മരിച്ച ജവാൻ സാം എബ്രഹാമിന്‍റെ മൃതദേഹം ഇന്ന് കേരളത്തിലെത്തിക്കും. രാത്രി 8 മണിയോടെ തിരുവനന്തപുരത്തെത്തിക്കും. നാളെ രാവിലെ മാവേലിക്കരയിലേക്ക് കൊണ്ടുപോകും. സാം എബ്രഹാം പഠിച്ച ബിഷപ്പ് ഹോഡ്ജസ് സ്കൂളിലും വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും..
കൊച്ചി: വടയമ്പാടി ഭജന മഠത്ത് എന്‍.എസ്.എസ്സിന്റെ ഭൂമികയ്യേറ്റത്തിനെതിരെ നടക്കുന്ന ജനകീയ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമ പ്രവര്‍ത്തകരായ അഭിലാഷ് പടച്ചേരി, അനന്തു രാജഗോപാല്‍ ആശ എന്നിവരെയാണ് രാമമംഗലം പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ കൂടാതെ സമരത്തില്‍ പങ്കെടുത്ത 7 ഓളം പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അറസ്റ്റ് ചെയ്തവരെ രാമമംഗലം പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. മാധ്യമ പ്രവര്‍ത്തകരായ അഭിലാഷ് പടച്ചേരിയും അനന്തു രാജഗോപാല്‍ ആശയും മാവോയിസ്റ്റ് ബന്ധമുള്ളവരാണെന്ന് പൊലീസ് ആരോപിച്ചു. എന്നാല്‍ ന്യൂസ് പോര്‍ട്ട് എന്ന ഓണ്‍ലെന്‍ പത്രത്തിന്റെ എഡിറ്ററും റിപ്പോര്‍ട്ടറുമാണ് അറസ്റ്റ് ചെയ്യപ്പെട്ട അഭിലാഷും അനന്തുവും.
വടയമ്പാടി ഭജന മഠത്ത് എന്‍.എസ്.എസ്സിന്റെ ഭൂമികയ്യേറ്റത്തിനെതിരെ ദലിത് ഭൂ അവകാശമുന്നണിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. സമരം ചെയ്യുന്നവരെ മാവോയിസ്റ്റാക്കാന്‍ പൊലീസ് ശ്രമമുണ്ടെന്ന് നേരത്തെ സമര സ്മിതി ആരോപിച്ചിരുന്നു. പുലര്‍ച്ചെ 5.30 വന്‍ പൊലീസ് സന്നാഹവുമായി എത്തിയ റവന്യൂ അധികാരികള്‍ സമര പന്തല്‍ പൊളിച്ചു മാറ്റിയിരുന്നു.
കൊച്ചി: എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ എസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്രൊബേഷണണി എസ്‌ഐ ഗോപകുമാറിനെ(40) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിലാണ് മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരം സ്വദേശിയാണ്. ജനുവരി ആദ്യം കടവന്ത്ര പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ജോലി സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെയാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തത്. രാവിലെ മുറി തുറക്കാതിരുന്നതിനെത്തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയും പോലീസെത്തി പൂട്ട് പൊളിച്ച് അകത്തു കയറിയപ്പോള്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഗോപകുമാറിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.
തിരുവനന്തപുരം: കെ.എം മാണി ബാര്‍ കോഴ വിവാദത്തിലായിരുന്ന സമയത്ത് നടത്തിയ ബജറ്റ് അവതരണം തടയനായി നിയസഭയില്‍ നടന്ന കയ്യാങ്കളിയുടെ പേരിലെടുത്ത കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു. മുന്‍ എം.എല്‍.എ.വി ശിവന്‍കുട്ടിയാണ് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്. കേസില്‍ ഇ.പി ജയരാജന്‍, ഇപ്പോള്‍ മന്ത്രിയായിരിക്കുന്ന കെ.ടി ജലീല്‍, സി.കെ സദാശിവന്‍ കെ. അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് മറ്റു പ്രതികള്‍.
ബജറ്റവതരണം തടയനായി നിയസഭയില്‍ നടന്ന കയ്യാങ്കളിയില്‍ ഏതാണ്ട് രണ്ട് ലക്ഷം രൂപയോളം നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കല്‍ വകുപ്പ് ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. വി. ശിവന്‍കുട്ടി, ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, സി.കെ സദാശിവന്‍ കെ. അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി ജാമ്യം എടുക്കുകയായിരുന്നു. കേസ് പിന്‍വലിക്കണമെന്ന ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശത്തിന് നിയമവകുപ്പില്‍ നിന്ന് മറുപടിയൊന്നും ലഭിച്ചിട്ടില്ല.
അതേസമയം, കേസുകള്‍ പിന്‍വലിക്കാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സര്‍ക്കാരിന്റെ നീക്കം നിയമസഭയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണ്. കേസ് പിന്‍വലിക്കാന്‍ അനുവദിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
2015 മാര്‍ച്ച് 13ന് ബജറ്റ് അവതരണം തടയാന്‍ നടത്തിയ കയ്യാങ്കളിയില്‍ രണ്ടു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതുകൊണ്ട് കേസ് പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കുക. സര്‍ക്കാര്‍ പിന്‍വലിച്ചാലും കോടതി സ്വീകരിച്ചാല്‍ മാത്രമേ വിഷയം തീര്‍പ്പാകൂ.
ജമ്മു: അതിര്‍ത്തിയില്‍ പാകിസ്താന്‍ തുടരുന്ന ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. പൂഞ്ച് ജില്ലയിലെ മാങ്കോക്കില്‍ വെച്ച് വെടിയേറ്റ് ചികിത്സയിലായിരുന്ന സൈനികന്‍ സി.കെ റോയിയാണ് മരണപ്പെട്ടത്. പൂഞ്ചില്‍ ഇപ്പോഴും പാക് സൈനികര്‍ കനത്ത ആക്രമണം തുടരുകയാണ്. ഇന്ത്യ തിരിച്ചടിക്കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍്ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ ആഴ്ചയില്‍ നടന്ന വിവിധ ആക്രമണങ്ങളിലായി 40 ഓളം ഗ്രാമീണര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. കഴിഞ്ഞ ദിവസം പൂഞ്ചില്‍ നടന്ന വെടിവെപ്പില്‍ ആലപ്പുഴ മാവേലിക്കര സ്വദേശിയായ ഒരു മലയാളി ജവാന്‍ കൊല്ലപ്പെട്ടിരുന്നു. പൂഞ്ചിലെ ചില മേഖലകളിലും രജൗരി മേഖലയിലെ സുന്ദര്‍ബനിയിലുമാണ് പ്രധാനമായും പാക് ആക്രമണം നടക്കുന്നത്.
അതേ സമയം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാക് നടപടിക്കെതിരെ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയിദ് ഹൈദര്‍ ഷായെ വിളിച്ചുവരുത്തിയാണ് വിദേശ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്. ഈ വര്‍ഷം നിരവധി തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്താല്‍ കരാര്‍ ലംഘനം നടത്തിയിരിക്കുന്നത്. ആക്രമണങ്ങളെ തുടര്‍ന്ന് ഏതാണ്ട് ഒന്‍പതിനായിരം ഗ്രാമവാസികളെയാണ് സൈന്യം മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. ആക്രമണം നടക്കുന്ന പ്രദേശങ്ങളിലെ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.