പത്തനംതിട്ട: ആണും പെണ്ണും ഒന്നിച്ച് ബൈക്കില്‍ യാത്ര ചെയ്യുന്നത് വിലക്കി സ്വാശ്രയ ലോ കോളേജ്. പത്തനതിട്ടയിലെ മൗണ്ട് സിയോണ്‍ ലോ കോളേജ് അധികൃതരാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ബൈക്കില്‍ യാത്ര ചെയ്യുന്നത് വിലക്കിയത്. ഇങ്ങനെ ചെയ്താല്‍ ബൈക്കിന് വേഗത കൂടുമെന്നും അപകടങ്ങള്‍ ഉണ്ടാകുമെന്നുമാണ് വിശദീകരണമെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആണ്‍കുട്ടികളുടെ ബൈക്കിന് പിന്നില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളുടെ സമ്മതപത്രം കോളേജിന് നല്‍കണമെന്നും നോട്ടീസ് ബോര്‍ഡില്‍ പതിപ്പിച്ചിരിക്കുന്ന സര്‍ക്കുലറില്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കുന്നു. ആണും പെണ്ണും ഒന്നിച്ച് യാത്ര ചെയ്യുമ്പോള്‍ ബൈക്കിന്റെ വേഗത കൂടുതലാകുമെന്നും അത്തരം യാത്ര നിരോധിക്കുന്നത് അവരുടെ തന്നെ സുരക്ഷയെ മാനിച്ചാണെന്നും കോളേജ് പ്രിന്‍സിപ്പല്‍ പോള്‍ ഗോമസ് അറിയിച്ചു.
പെണ്‍കുട്ടികള്‍ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യുന്നതിന് വിലക്കില്ല. മറിച്ച് ആണും പെണ്ണും ഒന്നിച്ചാണ് യാത്രയെങ്കില്‍ മുന്‍കൂര്‍ അനുവാദം ആവശ്യമാണെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു. പോലീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് നിയന്ത്രണമെന്നും പ്രിന്‍സിപ്പല്‍ അവകാശപ്പെട്ടു. എന്നാല്‍ അത്തരം നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നാണ് പത്തനംതിട്ട ഡിവൈഎസ്പി കെഎ വിദ്യാധരന്‍ വിശദീകരിക്കുന്നത്.
പ്രിന്‍സിപ്പലിന്റെ സര്‍ക്കുലറിനെക്കുറിച്ച് തങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് കോളേജ് മാനേജ്‌മെന്റും അറിയിച്ചു. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് പ്രിന്‍സിപ്പലാണെന്ന് കോളെജ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ കെ.കെ ജോസ് അറിയിച്ചു.
ദുബായിലെ കമ്പനിയില്‍ നിന്നും 13 കോടിയോളം വെട്ടിച്ച കേസിലെ പ്രതി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. 13 കോടി രൂപയോളം തട്ടിയ കേസ് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയടക്കം എല്ലാവര്‍ക്കും ബോധ്യമുള്ളതാണെന്നും കെ.സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. സി.പി.എം എത്തി നില്‍ക്കുന്ന അപചയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോടിയേരിയുടെ വിദേശയാത്രകള്‍ അന്വേഷണപരിധിയില്‍ കൊണ്ടുവരണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്;
കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണം ഗൗരവതരമാണ്. ഈ തട്ടിപ്പുകേസ്സ് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയടക്കം എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. അടിയന്തിര നടപടി ഇക്കാര്യത്തില്‍ ആവശ്യമുണ്ട്. പാര്‍ട്ടി തലത്തിലും സര്‍ക്കാര്‍ തലത്തിലും. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും മൗനം വെടിയണം. സി. പി. എം എത്തി നില്‍ക്കുന്ന അപചയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. പാര്‍ട്ടി പ്‌ളിനം അംഗീകരിച്ച നയരേഖ സംസ്ഥാനസെക്രട്ടറിക്കു മാത്രം ബാധകമല്ലാതാവുന്നതെന്തുകൊണ്ട്? സീതാറാം യെച്ചൂരി ഇക്കാര്യത്തില്‍ ലഭിച്ച പരാതിയെ സംബന്ധിച്ച് ജനങ്ങളോട് തുറന്നു പറയാന്‍ തയ്യാറാവണം.കോടിയേരിയുടെ വിദേശയാത്രകള്‍ അന്വേഷണപരിധിയില്‍ കൊണ്ടുവരണം.
കൊച്ചി: ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം. രക്തത്തിലെ പഞ്ചസാര കുറഞ്ഞതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മകന്‍ വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ശ്രീനിവാസനെ നാളെ ഡിസ്ചാര്‍ജ് ചെയ്യും. പക്ഷാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നായിരുന്നു ആദ്യം പ്രചരിച്ച വാര്‍ത്ത.
ചില മാധ്യമങ്ങള്‍ ശ്രീനിവാസന് ഹൃദയാഘാതമുണ്ടായെന്നും വാര്‍ത്ത നല്‍കി. ഇന്ന് ആശുപത്രിയില്‍ കഴിയുമെന്നും നാളെ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നതെന്നും വ്യക്തമാക്കുന്ന പോസ്റ്റി്ല്‍ അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നതായും വിനീത് പറഞ്ഞു.
പോസ്റ്റ് വായിക്കാം
ബ്ലഡ് ഷുഗർ ലെവലിൽ ഉണ്ടായ വേരിയേഷൻ കാരണം അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടുവന്നിരുന്നു. ഇന്നൊരു ദിവസം ഇവിടെ തുടർന്ന്, നാളെ ഡിസ്ചാർജ് ചെയ്യാമെന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്. അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നു അപേക്ഷിക്കുന്നു.
എല്ലാവർക്കും നന്ദി..
https://www.facebook.com/vineeth.sreenivasan.31/posts/10159843817965142
അപ്പച്ചന്‍ കണ്ണഞ്ചിറ
ബെല്‍ഫാസ്റ്റ്: ആദ്യകാല മലയാളി കുടിയേറ്റക്കാരിലൊരാളും, ആതുരസേവന രംഗത്ത് കണ്‍സള്‍ട്ടന്റ് സര്‍ജനായി റിട്ടയര്‍ ചെയ്ത പ്രശസ്ത ഡോക്ടറുമായ ജോര്‍ജ്ജ് ജോസഫ് പോത്താനിക്കാട്ട് (82) ബെല്‍ഫാസ്റ്റില്‍ നിര്യാതനായി. ഇറ്റലിയില്‍ നിന്നും മെഡിക്കല്‍ ബിരുദം നേടുകയും ലണ്ടനില്‍ ഉപരി പഠനം നടത്തുകയും ചെയ്തിട്ടുള്ള ഡോ.ജോര്‍ജ്ജ് പില്‍ക്കാലത്തു ബെല്‍ഫാസ്റ്റില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.
ആതുരശുശ്രൂഷാ രംഗത്തെ വിശിഷ്ട സേവനത്തിന് എലിസബത്ത് രാഞ്ജിയുടെ പ്രത്യേക പ്രശംസയും, പുരസ്‌കാരവും ലഭിച്ചിട്ടുള്ള ഡോ. ജോര്‍ജ്ജ്, അര്‍ഹരെ സഹായിക്കുന്ന ഒരു നല്ല മനസ്സിന്റെ ഉടമയുമായിരുന്നു. വര്‍ഷങ്ങളായി ഗോള്‍ഫ് കളിയോട് ഉണ്ടായിരുന്ന അതീവ താല്‍പര്യം സമീപകാലം വരെ പരേതന്‍ കാത്തു സൂക്ഷിച്ചു പോന്നിരുന്നു. ഇടക്കാലത്തു വെച്ച് തന്നെ ആകര്‍ഷിച്ച തേനീച്ച വളര്‍ത്തലിലുള്ള ഹോബിയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ പ്രതികൂല കാലാവസ്ഥയിലും ഉത്സാഹപൂര്‍വ്വം നടത്തിപ്പോരുകയായിരുന്നു.
കഴിഞ്ഞ 49 വര്‍ഷമായി നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ താമസിച്ചുവന്നിരുന്ന ജോര്‍ജ്ജിന് ഹൃദയ സംബന്ധമായ രോഗമാണ് മരണ കാരണമായത്. പരേതന്‍ കോതമംഗലം പോത്താനിക്കാട്ട് കുടുംബാംഗമാണ്. കോഴിക്കോട് തിരുവമ്പാടി ഇളംതുരുത്തില്‍ കുടുബാംഗം ഡോ.മേരി ആണ് ഭാര്യ. ജോസഫ് (ഐറ്റി കണ്‍സല്‍ട്ടന്റ്) ഡോ.എലിസബത്ത് എന്നിവര്‍ മക്കളും ഡോ.ലീ റെയ്ലി മരുമകനുമാണ്.
ജനുവരി 26 വെള്ളിയാഴ്ച രാവിലെ 10:00 മണിക്ക് ബെല്‍ഫാസ്റ്റിലുള്ള ഡങ്കാനണ്‍ സെന്റ് പാട്രിക് ദേവാലയത്തില്‍ അന്ത്യോപചാര ശുശ്രൂഷാ തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടും. അന്ത്യോപചാര ശുശ്രുഷകളുടെ തത്സമയ സംപ്രേഷണം ദേവാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും. മെഡിക്കല്‍-മലയാളി അസോസിയേഷനുകള്‍ ഡോ.ജോര്‍ജിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
St.patrick’s Church, 1 Circular Rd, Dungannon BT71 6BE
ഗുഡ്ഗാവ്: ഹരിയാനയിൽ യുവതിയെ കാറിൽ നിന്ന് വലിച്ചിറക്കി ഭർത്താവിന്റെയും ഭർതൃസഹോദരന്റെയും മുന്നിൽ ബലാത്സംഗത്തിനിരയാക്കി. ഞായറാഴ്ച രാത്രി ഹരിയാനയിലെ ഗുഡ്ഗാവിലായിരുന്നു സംഭവം. അക്രമികളെന്ന് സംശയിക്കുന്ന അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
യുവതിയും കുടുംബവും ഭർതൃ സഹോദരന്റെ കാറിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. സെക്ടർ 56 ലെ ബിസിനസ് പാർക് ടവറിൽ എത്തിയപ്പോൾ കാർ നിർത്തുകയും യുവതിയുടെ ഭർത്താവ് ടോയ്ലറ്റിൽ പോകുകയും ചെയ്തു. ഉടൻ തന്നെ പിന്നാലെയെത്തിയ രണ്ടു കാറുകൾ ഇവരുടെ കാറിനു സമീപം നിർത്തി. ഇതിൽനിന്നും മദ്യലഹരിയിലായിരുന്ന നാലു പേർ പുറത്തിറങ്ങി യുവതിയുടെ ഭർത്താവിനെ മർദിച്ചു.
ഇവിടെ കാർ നിർത്തിയതെന്തിനാണെന്ന് ചോദിച്ചായിരുന്നു മർദനം. അക്രമികളിൽ ഒരാൾ യുവതിയെ കാറിൽനിന്നും വലിച്ചിറക്കി പീഡിപ്പിക്കുകയും ചെയ്തു. ആക്രമണത്തിനു ശേഷം പ്രതികൾ സംഭവ സ്ഥലത്തുനിന്നും കടന്നു. എന്നാൽ യുവതിയുടെ ഭർത്താവ് അക്രമികളുടെ കാറിന്റെ നമ്പർ എഴുതിയെടുത്തതിനാൽ ഇവരെ കണ്ടെത്താൻ സഹായകമായി.
കോട്ടയം: മംഗളം ചാനൽ ഒരുക്കിയ ഫോൺകെണിയിൽ കുടുങ്ങി മന്ത്രി സ്ഥാനം പോയ ശശീന്ദ്രനെ വീണ്ടും വെട്ടിലാക്കിയത് തോമസ് ചാണ്ടിതന്നെ. കായൽ നികത്ത് കേസിൽ വിജിലൻസ് അന്വേഷണം നടക്കാനിരിക്കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്തു നിന്നും മാറ്റി നിർത്താൻ തോമസ് ചാണ്ടി നടത്തിയ നീക്കമാണ് ഇന്നുണ്ടായിരിക്കുന്നതെന്നാണ് എൻസിപി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. കേസിൽ ശശീന്ദ്രനുമായി ഒത്തു തീർപ്പ് കാറിലേർപ്പെട്ട പരാതിക്കാരിയായ ചാനൽ ലേഖികയാണ് ഇപ്പോൾ താൻ പരാതി പിൻവലിച്ചിട്ടില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇതിനു പിന്നിൽ തോമസ് ചാണ്ടിയുടെ കരങ്ങളാണെന്നാണ് വിവരം. മന്ത്രി സഭയിൽ നിന്നും പുറത്തായ ശശീന്ദ്രനും തോമസ് ചാണ്ടിയ്ക്കും കേസ് തീർത്ത് ആദ്യമെത്താനാണ് പിണറായി വിജയൻ നൽകിയിരുന്ന വെല്ലുവിളി. ആദ്യം കേസിൽ നിന്നും മുക്തരാകുന്നവർക്ക് മന്ത്രി സ്ഥാനമെന്ന വെല്ലുവിളിയാണ് ഇപ്പോൾ ഇരുവിഭാഗങ്ങളിലെയും ആശങ്ക.
ഫോൺ കേസ് ഒത്തു തീർപ്പായതോടെ ശശീന്ദ്രൻ മന്ത്രിയാകുമെന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങി കൊണ്ടിരുന്നത്. ഇതിനിടെ തോമസ് ചാണ്ടിയുടെ കായൽ നികത്ത് കേസിൽ വിജിലൻസ് അന്വേഷണം കൂടി പ്രഖ്യാപിച്ചതോടെ ചുരുങ്ങിയത് ആറ് മാസത്തേക്കെങ്കിലും ശശീന്ദ്രനെ മന്ത്രി സ്ഥാനത്തു നിന്നും നീക്കി നിർത്താനുളള നീക്കമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ഫോൺ കേസിൽ യുവതി ഒത്തു തീർപ്പ് ഹർജിയിൽ നിന്നും പിൻമാറിയതോടെ കേസ് ഹൈക്കോടതിയിലേക്ക് നീങ്ങും. കേസ് നീണ്ടാൽ തോമസ് ചാണ്ടിക്ക് വിജിലൻസ് കേസ് തീർക്കുന്നതിനുള്ള സമയം ലഭിക്കും. ഇതിനായി പരാതിക്കാരിയായ യുവതിയെ തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സ്വാധീനിക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.
ന്യൂഡെല്‍ഹി : സുപ്രീംകോടതി ചീഫ് ജെസ്റ്റീസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെടാനൊരുങ്ങി സിപിഎം. ജനുവരി 29ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടു വരുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.
നാലു ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്നു സുപ്രീംകോടതിയിലുണ്ടായ പ്രതിസന്ധിക്ക് ഇതുവരെ പരിഹാരമായിട്ടില്ല. തെറ്റായിട്ടെന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ പരമോന്നത നീതിപീഠത്തെ തിരുത്തുകയെന്നതു മാത്രമേ മുന്നിലുള്ള പോംവഴി. തങ്ങള്‍ക്ക് ഏകപക്ഷീയമായി തീരുമാനം എടുക്കാനാവില്ല. അതിനാല്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായി ഇക്കാര്യം ആലോചിക്കുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
കുറച്ച് ദിവസം മുമ്ബ് സുപ്രീംകോടതി നടപടികള്‍ നിര്‍ത്തിവെച്ച് കൊളീജിയം അംഗങ്ങളായ നാല് ജഡ്ജിമാരാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്.
ജസ്റ്റിസുമാരായ ചെലമേശ്വര്‍ , കുര്യന്‍ ജോസഫ് , രജ്ഞന്‍ ഗോഗോയ് , മദന്‍ ബി ലോകൂര്‍ എന്നിവരാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. പത്രസമ്മേളനം വിളിച്ച് ചേര്‍ത്ത ഇവര്‍ സുപ്രീംകോടതിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതികളോടുള്ള എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിപ്പിച്ചിരുന്നു.
ഉറ്റസുഹൃത്തിന്റെ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. കൊടുവള്ളി പോലീസാണ് പ്രവാസിയുടെ ഭാര്യയായ യുവതിയെയും കാമുകനെയും അറസ്റ്റു ചെയ്തത്. ഇരുവരെയും കോടതി ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. താമരശ്ശേരി മൂന്നാതോട് പനയുള്ളകുന്നുമ്മല്‍ ലിജിന്‍ ദാസ്(28), എളേറ്റില്‍ പുതിയോട്ടില്‍ ആതിര (24) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് മാനാഞ്ചിറക്കു സമീപത്തുനിന്നാണ് ഞായറാഴ്ച രാത്രി കൊടുവള്ളി എസ്.ഐ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.
ഈ മാസം പത്തിനാണ് ഭാര്യയെയും മൂന്നു വയസുകാരനായ കുട്ടിയെയും കാണാനില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് കൊടുവള്ളി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാസര്‍കോട്, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ യുവതി ചെന്നിരുന്നതായി വിവരം ലഭിച്ചിരുന്നു. എന്നാല്‍, ഈ മാസം 13ന് വൈകിട്ടോടെ കുട്ടിയെ പാലക്കാട് മലബാര്‍ ഗോള്‍ഡ് ജൂവലറിയില്‍ ഉപേക്ഷിച്ചതായി യുവതി തന്നെ ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയെ പാലക്കാട് സൗത്ത് പൊലീസ് കണ്ടെത്തുകയായിരുന്നു.
മകനെ ഉപേക്ഷിച്ച കുറ്റത്തിനാണ് ഇവരെ അറസ്റ്റു ചെയ്തത്.യുവതിയും കൂടെയുള്ള യുവാവും കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുന്ന ദൃശ്യം ജൂവലറിയിലെ സി.സി.ടി.വിയില്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പാലക്കാടെത്തിയ കൊടുവള്ളി പൊലീസ് കുട്ടിയെ ഏറ്റെടുത്ത് ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ആത്മാര്‍ത്ഥ സുഹൃത്തിന്റെ ഭര്‍ത്താവിനൊപ്പമാണ് ആതിര ഒളിച്ചോടിയത്. ഭര്‍ത്താവ് വിദേശത്ത് കഷ്ടപെട്ടുണ്ടാക്കിയ സ്വത്തും കൈക്കലാക്കിയായിരുന്നു യുവതി നാടുവിട്ടത്. സ്വര്‍ണ്ണവും പണവും മുഴുവന്‍ കൈയിലെടുത്ത ശേഷമാണ് ആതിര ലിജിനൊപ്പം ഒളിച്ചോടിയത്. മലബാര്‍ ഗോള്‍ഡ് ജൂവലറിയിലെ ഡ്രൈവറായി ജോലി ചെയ്യുകയാണ് ലിജിന്‍.
ലിജിന്റെ ഭാര്യയും ആതിരയും കോളേജില്‍ ഒരുമിച്ച് പഠിച്ചവരാണ്. തുടര്‍ന്ന് ഇരുവരുടെയും വിവാഹശേഷവും സൗഹൃദം തുടര്‍ന്നു. പിന്നീട് കൂട്ടുകാരിയുടെയൊപ്പം ലിജിന്‍ ആതിരയുടെ വീട്ടില്‍ പതിവായി എത്തുമായിരുന്നു. എന്നാല്‍ ഇവര്‍ തമ്മില്‍ മറ്റൊരു തരത്തിലുള്ള ബന്ധം ഉടലെടുത്തത് ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. പിന്നീട് ഒളിച്ചോടിയ ശേഷം വിളിച്ച് വിവരം പറഞ്ഞപ്പോഴാണ് വീട്ടുകാര്‍ പോലും ഈ ബന്ധം അറിഞ്ഞത്. ഭാര്യ ഒളിച്ചോടിയ വിവരമറിഞ്ഞാണ് ഭര്‍ത്താവ് അടിയന്തിരമായി നാട്ടിലെത്തിയത്. തുടര്‍ന്ന് കൊടുവള്ളി പോലീസ് സ്റ്റേഷനിലെത്തി ഇരുവീട്ടുകാരും പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം നടന്നത്.
കെ കെ രാമചന്ദ്രന്‍നായരുടെ നിര്യാണത്തെ തുടര്‍ന്ന്‍ ഒഴിവുവന്ന ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാകുമെന്നിരിക്കെ പതിവിന് വിപരീതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ മാസങ്ങള്‍ ബാക്കിയുണ്ടെങ്കിലും മുന്നണികള്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ആരംഭിച്ചു.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച് നാളെ ഇന്ദിരാ ഭവനില്‍ ഉമ്മന്‍ചാണ്ടി, എം എം ഹസ്സന്‍, രമേശ് ചെന്നിത്തല എന്നിവര്‍ തമ്മില്‍ ചര്‍ച്ച നടത്തും. യു ഡി എഫില്‍ ഈ സീറ്റ് കോണ്‍ഗ്രസിനാണെന്നതിനാല്‍ മുന്നണിയില്‍ ഇത് സംബന്ധിച്ച് അറിയിപ്പ് മാത്രം മതിയാകും.
കോണ്‍ഗ്രസില്‍ ‘എ’ ഗ്രൂപ്പിന്റെ മണ്ഡലമാണിത്. കോണ്‍ഗ്രസിലെ ശ്രദ്ധേയനായ നേതാവ് പി സി വിഷ്ണുനാഥ് തന്നെ ഇവിടെ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. ഇക്കാര്യത്തില്‍ വിഷ്ണുനാഥിന് താല്പര്യക്കുറവുണ്ടെങ്കില്‍ മാത്രമേ മറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പ്രസക്തിയുള്ളൂ. അങ്ങനെ വന്നാല്‍ മുന്‍ മാവേലിക്കര എം എല്‍ എ എം മുരളിയുടെ പേരിനായിരിക്കും മുന്‍തൂക്കം.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ടെസ്റ്റ് റണ്ണായി കണക്കാക്കപ്പെടുന്ന ഉപതെരഞ്ഞെടുപ്പില്‍ ശക്തനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കി പോരാടണമെന്ന ഉറച്ച നിലപാടാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്കുള്ളത്. അതിനാല്‍ തന്നെ തര്‍ക്കത്തിനില്ലാതെ ഒന്നിച്ചു നീങ്ങാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ നീക്ക൦.
അതേസമയം, ചെങ്ങന്നൂരില്‍ വീണ്ടും മത്സരിക്കുന്ന കാര്യത്തില്‍ എ ഐ സി സി സെക്രട്ടറി കൂടിയായി പി സി വിഷ്ണുനാഥ് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കര്‍ണ്ണാടക തെരഞ്ഞെടുപ്പിന്റെ കൂടി ചുമതലയുള്ള എ ഐ സി സി സെക്രട്ടറിയാണ് വിഷ്ണുനാഥ്.
ഇടത് മുന്നണിയെ സംബന്ധിച്ചിടത്തോളം ഉപതെരഞ്ഞെടുപ്പ് വെല്ലുവിളിയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലുള്ള വിലയിരുത്തല്‍ എന്ന പതിവ് മാനദണ്ഡങ്ങള്‍ക്കപ്പുറം അടുത്ത വര്‍ഷം നടക്കേണ്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രിഹേഴ്സലായി ജനം ഇത് കണക്കാക്കും എന്നതാണ് പ്രശ്നം.
കെ കെ രാമചന്ദ്രന്‍ നായരുടെ ജനകീയതയായിരുന്നു 1991 മുതല്‍ തുടര്‍ച്ചയായി യു ഡി എഫ് അടക്കിവാണിരുന്ന ചെങ്ങന്നൂര്‍ പിടിച്ചടക്കാന്‍ കഴിഞ്ഞ തവണ സഹായകമായത്. ഒപ്പം ഐ ഗ്രൂപ്പിന്റെ സഹകരണവും എന്‍ എസ് എസിന്റെ പിന്തുണയും ലഭിച്ചിരുന്നു. ഈ 3 ഘടകങ്ങളും ഇത്തവണ എല്‍ ഡി എഫിനില്ല.
ഉപതെരഞ്ഞെടുപ്പിലെ വിജയം യു ഡി എഫിനെ നയിക്കുന്ന പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രകടനത്തിനുള്ള അംഗീകാരം കൂടിയാണ്. അതിനാല്‍ സ്ഥാനാര്‍ഥി ആരായിരുന്നാലും ഐ ഗ്രൂപ്പ് യു ഡി എഫിന്റെ വിജയത്തിനായി പണിയെടുക്കും.
ഈ സാഹചര്യത്തില്‍ ശരിക്കും രാഷ്ട്രീയമായ ഏറ്റുമുട്ടലിന് ഒരുങ്ങുകയാണ് ഇടത് മുന്നണിയുടെ മുമ്പിലുള്ള മാര്‍ഗം. അതിന് ശക്തനായ സ്ഥാനാര്‍ഥിയെ കണ്ടെത്തണം. തല്‍ക്കാലം അങ്ങനൊരു മുഖം സി പി എമ്മിന് മുമ്പിലില്ല. അതിനാല്‍ തന്നെ അപ്രതീക്ഷിത സ്ഥാനാര്‍ഥിയാകും ഇടത് മുന്നണിയില്‍ നിന്നുണ്ടാകുക എന്നതാണ് പറഞ്ഞുകേള്‍ക്കുന്നത്. അത് നടി മഞ്ജുവാര്യര്‍ ആയിരിക്കുമെന്ന അഭ്യൂഹവും ശക്തമാണ്.
എൽഡിഫ് പാളയത്തിൽ മഞ്ജു തന്നെ പോരിനിറങ്ങുമോ , മഞ്ജുവിന്റെ ഇമേജ് ഗുണമാകുമോ മോശമാകുമോ ?
എന്നാല്‍ മഞ്ജുവിനെ രംഗത്തിറക്കുന്നത് നെഗറ്റീവായ തരംഗം സൃഷ്ടിക്കുമോ എന്ന ആശങ്ക സി പി എമ്മില്‍ തന്നെ പലര്‍ക്കുമുണ്ട്. ചില സാമൂഹ്യ ഇടപെടലുകളിലൂടെയും പി ആര്‍ പ്രവര്‍ത്തനങ്ങളുടെയും മറവില്‍ ഉണ്ടാക്കിയെടുത്ത മഞ്ജുവാര്യരുടെ ഇമേജ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വച്ചാല്‍ എങ്ങനെയാകും എന്ന ആശങ്ക നേതാക്കള്‍ക്കുണ്ട്.
സിനിമയെ സിനിമയായും രാഷ്ട്രീയത്തെ രാഷ്ട്രീയമായും കാണുന്നതാണ് കേരളത്തിന്റെ ശൈലി. അങ്ങനെ വന്നാല്‍ മഞ്ജുവിന്റെ വ്യക്തി ജീവിതവും കുടുംബ ജീവിതവുമൊക്കെ സമഗ്രമായ അവലോകനത്തിന് വിധേയമാക്കപ്പെടുമ്പോള്‍ ജനം എന്ത് വിധിയെഴുതും എന്ന ആശങ്ക പലര്‍ക്കുമുണ്ട്.
ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ പുള്ള് മണ്ഡലം കമ്മിറ്റി ചികയാനിറങ്ങിയാല്‍ തകരാവുന്ന ഇമേജൊക്കെയെ താരത്തിനുള്ളൂ എന്ന്‍ വിലയിരുത്തുന്നവര്‍ ഏറെയുണ്ട്.
പക്ഷെ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം മഞ്ജുവും കൂട്ടരും സ്വീകരിച്ച സ്ത്രീപക്ഷ നിലപാടുകളും മറ്റും മഞ്ജുവിന്റെ ജനപ്രീതി വലിയ തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഇത് സ്ത്രീ വോട്ടര്‍മാരെ ഉള്‍പ്പെടെ സ്വാധീനിക്കാന്‍ ഇടയാക്കുമെന്നുമാണ് പലരും കാണുന്നത്. നിലവില്‍ അത്തരമൊരു പ്രതിശ്ചായ താരത്തിനുണ്ടെന്നതും അനുകൂല ഘടകമാണ്.
ബി ജെ പിയിലെത്തി പോരാടാനുറച്ച് ശോഭനാ ജോര്‍ജ്ജ്
അതേസമയം, ചെങ്ങന്നൂരിലെ കാര്യത്തില്‍ ബി ജെ പി സംസ്ഥാന ഘടകവും സമ്മര്‍ദ്ദത്തിലാണ്. ‘വിജയിച്ചേ തീരൂ’ എന്നാണു കുമ്മനം രാജശേഖരന് അമിത് ഷാ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇത് കുമ്മനത്തിനും നിര്‍ണ്ണായകമാണ്.
കഴിഞ്ഞ തവണ മത്സരിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള തോറ്റത് വിജയിച്ച സ്ഥാനാര്‍ഥിയേക്കാള്‍ പതിനായിരത്തോളം വോട്ടിന് മാത്രമാണ്. ഒത്തുപിടിച്ചാല്‍ ആ മാര്‍ജിന്‍ മറികടക്കാമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടല്‍. പക്ഷെ ശ്രീധരന്‍ പിള്ള അങ്ങനൊരു അഗ്നിപരീക്ഷണത്തിന് വീണ്ടും തുനിയുമോ എന്ന് സംശയമാണ്.
അതിനിടെ ചെങ്ങന്നൂരിലെ മുന്‍ എം എല്‍ എയും മണ്ഡലത്തില്‍ വ്യാപകമായി പേരുകളുമുള്ള ശോഭനാ ജോര്‍ജ്ജിനെ ഇടവക സ്ഥാനാര്‍ഥിയാക്കാനുള്ള ചര്‍ച്ചകള്‍ സജീവമാണ്. ബി ജെ പി സമ്മതിച്ചാല്‍ ഏത് ധാരണയിലും അതിന് നിന്നുകൊടുക്കാന്‍ ശോഭന ഒരുക്കമാണ്.
മുന്‍ കേരളാ കോണ്‍ഗ്രസുകാരിയായ ശോഭനയെ പി സി തോമസിന്റെ കേരളാ കോണ്‍ഗ്രസില്‍ ലയിപ്പിച്ച് എന്‍ ഡി എ സ്ഥാനാര്‍ഥിയാക്കാനാണ് നിലവിലെ നീക്കം. പക്ഷെ ബി ജെ പി മാറിനിന്ന് ഈ സീറ്റ് ഒരു ദുര്‍ബല ഘടകകക്ഷിക്ക് നല്‍കുന്നതിനോട് ബി ജെ പി നേതാക്കള്‍ക്ക് വിയോജിപ്പുണ്ട്.
അങ്ങനെയെങ്കില്‍ ശോഭനയെ നേരിട്ട് ബി ജെ പിയില്‍ എത്തിച്ച് സ്ഥാനാര്‍ഥിയാക്കാനും നീക്കമുണ്ട്. അതിനോടും ശോഭനയ്ക്ക് യോജിപ്പാണ്. ശോഭന മുന്നണി സ്ഥാനാര്‍ഥിയായി വന്നാല്‍ ചെങ്ങന്നൂരില്‍ ജനസാധ്യതയുണ്ടെന്ന വിലയിരുത്തലാണ് ബി ജെ പിയ്ക്കുള്ളത്.
അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിന്റെ യുവ നേതാവും സി പി എമ്മിന്റെ ഗ്ലാമര്‍ താരവും ബി ജെ പിയുടെ ഗ്ലാമര്‍ വനിതയും അണിനിരക്കുന്ന തട്ടുപൊളിപ്പന്‍ ഗ്ലാമര്‍ തെരഞ്ഞെടുപ്പിനാകുമോ ചെങ്ങന്നൂര്‍ സാക്ഷ്യം വഹിക്കുകയെന്നതാണ് കാത്തിരുന്നു കാണേണ്ടത്. അങ്ങനെയെങ്കില്‍ ഈ തെരഞ്ഞെടുപ്പ് കേരളക്കരയാകെ ഇളക്കിമറിയ്ക്കും.
കൊച്ചി: കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ എം.ജി.ശ്രീകുമാറിനെ ചോദ്യം ചെയ്തു. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ചയായിരുന്നു ചോദ്യം ചെയ്യല്‍. രണ്ട് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു.
ബോള്‍ഗാട്ടിയില്‍ കായല്‍ തീരത്തോട് ചേര്‍ന്നുള്ള വീട് നിര്‍മിക്കാന്‍ കായല്‍ കയ്യേറ്റം നടത്തിയെന്നാണ് ആരോപണം. തീരദേശ സംരക്ഷണ നിയമത്തിന് വിരുദ്ധമായാണ് നിര്‍മാണ പ്രവൃത്തികള്‍ നടന്നതെന്ന ആരോപണത്തിലാണ് വിജിലന്‍സ് കേസെടുത്തത്. അടുത്ത മാസം കോടതിയില്‍ കേസ് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് ചോദ്യം ചെയ്യലെന്നാണ് വിവരം.
കേസില്‍ മുളവുകാട് പഞ്ചായത്ത് അധികൃതരെയും ചോദ്യം ചെയ്യും. ചട്ടവിരുദ്ധ നിര്‍മാണത്തിന് അനുമതി നല്‍കിയതിനാണ് നടപടി. പഴയ കെട്ടിടം പൊളിച്ച് പുതിയത് നിര്‍മിച്ചപ്പോള്‍ നിയമലംഘനം നടത്തിയെന്നാണ് ആരോപണം.