പാലക്കാട്: ഒറ്റപ്പാലം ലക്കിടി നെഹ്‌റു കോളേജില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമം. പാലക്കാട് സ്വദേശി അര്‍ഷാദ് ആണ് ക്ലാസ് മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചത്.
എല്‍എല്‍ബി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അര്‍ഷാദ്. ഒരുമാസം മുമ്പ് ക്ലാസ് മുറിയില്‍ വച്ച് മദ്യപിച്ചെന്നാരോപിച്ച് അര്‍ഷാദടക്കം ചിലരെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. താന്‍ നിരപരാധിയാണെന്ന് അര്‍ഷാദ് ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും അതംഗീകരിക്കാന്‍ മാനേജ്‌മെന്റ് കൂട്ടാക്കിയിരുന്നില്ല. സുഹൃത്തുക്കളും അര്‍ഷാദിന്റെ വാദം സത്യമാണെന്ന് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.
അര്‍ഷാദിനെ ക്ലാസ്സില്‍ കയറ്റില്ലെന്ന നിലപാടില്‍ മാനേജ്‌മെന്റ് ഉറച്ചുനിന്നു. ഇന്ന് രാവിലെ ക്ലാസ്സിലെത്തിയ അര്‍ഷാദിനോട് ക്ലാസ്സിലിരുന്നാല്‍ പഠിപ്പിക്കില്ലെന്ന് അധ്യാപകര്‍ പറഞ്ഞതായാണ് വിവരം . ഇതേത്തുടര്‍ന്നാണ് ഇയാള്‍ ക്ലാസില്‍ വെച്ച് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
അതേസമയം, അര്‍ഷാദിനെ ആശുപത്രിയിലെത്തിക്കാന്‍ പോലും കോളേജ് അധികൃതര്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. ഇടവേള സമയത്ത് കുട്ടികള്‍ തന്നെയാണ് അര്‍ഷാദിനെ വള്ളുവനാടുള്ള ആശുപത്രിയില്‍ എത്തിച്ചത്.
കുമ്പളത്ത് വീപ്പയിലെ കോൺക്രീറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ പൊലീസിന് നിര്‍ണായക തെളിവ് ലഭിച്ചു. വീപ്പക്കുള്ളില്‍ കണ്ടെത്തിയ അജ്ഞാത യുവതിയുടെ അസ്ഥികൂടത്തിന്റെ കണങ്കാലിൽ മാളിയോലര്‍ സ്ക്രൂ (പിരിയാണി) കണ്ടെത്തി. മനുഷ്യന്റെ കണങ്കാലിന്റെ ഉൾഭാഗത്തെ അസ്ഥിയുടെ ശാസ്ത്രീയമായ പേരാണ് മീഡിയൽ മളിയോലസ്. ഈ അസ്ഥിക്ക് തകരാര്‍ സംഭവിക്കുമ്പോള്‍ ഉപയോഗിക്കുന്ന സ്ക്രൂവാണ് കണ്ടെത്തിയത്.
സമീപകാലത്ത് കേരളത്തിൽ മാളിയോലസ് ഉപയോഗിച്ചത് ആറു രോഗികളിൽ മാത്രമാണ്. ഇത്തരം സ്ക്രൂ ഉപയോഗിച്ചു കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ കൊച്ചിയിൽ ചികിൽസ നടത്തിയത് രണ്ട് ആശുപത്രികളിൽ മാത്രവും. അസ്ഥികൂടത്തിന്റെ ഇടതു കണങ്കാലിൽ ആറര സെന്റിമീറ്റർ നീളത്തിൽ കണ്ടെത്തിയ സ്ക്രൂവിന്റെ നിർമാതാക്കളായ പുണെയിലെ എസ്എച്ച് പിറ്റ്കാർ കമ്പനിയുടെ സഹകരണത്തോടെ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാൻ കേരളാ പൊലീസ് ശ്രമം തുടങ്ങി.
വീപ്പയ്ക്കുള്ളിൽ അസ്ഥികൂടം കണ്ടെത്തിയതിന്റെ അടുത്ത ദിവസങ്ങളിൽതന്നെ എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ആശുപത്രികളിൽ അന്വേഷണസംഘം പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. മളിയോലർ സ്ക്രൂവിൽ കണ്ടെത്തിയ സീരിയൽ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സീരിയൽ നമ്പറിൽനിന്ന് ഈ സ്ക്രൂ ഉപയോഗിച്ച ആശുപത്രി തിരിച്ചറിയാൻ കഴിയും. വിരളമായാണ് ഇത്തരം പൊട്ടലുകള്‍ മനുഷ്യന് ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ കൊല്ലപ്പെട്ടയുവതി ആരെന്ന് ഉടനെ തിരിച്ചറിയാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിനെതിരെ എട്ടാം പ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ അനുകൂല വിധി. കുറ്റപത്രം കോടതി സ്വീകരിക്കുന്നതിനു മുന്‍പ് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം വേണമെന്ന് അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ആണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഏതു വിധത്തിലുള്ള അന്വേഷണമാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല. വിധിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
കുറ്റപത്രം പോലീസ് ആണ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും അതില്‍ ഗൂഢാലോചനയുണ്ടെന്നും തന്നെ അപമാനിക്കുന്നതിന് വേണ്ടിയായിരുന്നു ദിലീപിന്റെ ആക്ഷേപം. കുറ്റക്കാരായ പോലീസുകാര്‍ക്ക് എതിരെ നടപടി വേണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. കുറ്റപത്രത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കാണ്. അതുകൊണ്ടുതന്നെ കുറ്റപത്രം ചോര്‍ന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തവും അന്വേഷണ സംഘത്തിനാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ദിലീപ് ഹരിശ്ചന്ദ്രനല്ലെന്നും ദിലീപ് ആണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോര്‍ത്തിയതെന്നുമായിരുന്നു പ്രോസിക്യുഷന്റെ വാദം. കേസുമായി ബന്ധപ്പെട്ട രേഖകളും ദൃശ്യങ്ങളും വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് രണ്ട് ഹര്‍ജികള്‍ കൂടി നല്‍കിയിരുന്നു. ഇത് പരിഗണിക്കുന്നത് ഈ മാസം 22ലേക്ക് മാറ്റി.
ഒട്ടാവ: ഇന്ത്യന്‍ വംശജരുടെ പൊങ്കല്‍ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. തനി നാടന്‍ തമിഴ് വസ്ത്രങ്ങളായ മുണ്ടും മഞ്ഞ നിറമുള്ള ഷര്‍ട്ടും ധരിച്ചാണ് ട്രൂഡോ ആഘോഷ വേദിയിലെത്തിയത്. നേരത്തെ തമിഴില്‍ പൊങ്കല്‍ ആശംസകള്‍ നേര്‍ന്ന് ട്രൂഡോ സോഷ്യല്‍ മീഡിയയില്‍ താരമായിരുന്നു.
ട്രൂഡോ തന്റെ ട്വിറ്ററില്‍ പങ്കുവെച്ച ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ഇതിനാലകം വൈറലായി മാറിയിട്ടുണ്ട്. പഞ്ചാബികളുടെ പ്രധാന ആഘോഷമായ വൈശാഖിക്കും ദീപാവലിക്കും ബലി പെരുന്നാളിനും മറ്റ് വിവിധ ആഘോഷങ്ങളിലും ആശംസയറിയിച്ചും പങ്കെടുത്തും ട്രൂഡോ ലോകശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ധാരളം വിദേശീയരുള്ള കാനഡ തങ്ങളുടെ ആഘോഷമായിട്ടാണ് ഇത്തരം വൈവിധ്യങ്ങളായ ആഘോഷങ്ങളെ കാണുന്നത്.
അഭയാര്‍ഥി പ്രശ്നങ്ങളിലും ലൈംഗിക ന്യുനപക്ഷ വിഷയങ്ങളിലും ലോകത്തിന് തന്നെ മാതൃകപരമായി ഇടപെടുന്ന ട്രൂഡോയുടെ നിലപാടുകള്‍ ഏറെ പ്രശംസ നേടിയിട്ടുള്ളവയാണ്. തൈപ്പൊങ്കല്‍ ആഘോഷിച്ചതിനൊപ്പം ജനുവരി തമിഴ് ഹെറിറ്റേജ് മാസമായി ആചരിക്കുകയാണെന്നും ട്രൂഡോ അറിയിച്ചിരുന്നു.
കൊച്ചി: കായല്‍ കൈയ്യേറിയ കേസില്‍ എം.എല്‍.എ തോമസ് ചാണ്ടിക്കെതിരെ ഉടന്‍ കേസെടുക്കേണ്ടതില്ലെന്ന് ഹൈക്കോടതി. കൈയ്യേറ്റം മന:പൂര്‍വ്വം നടന്നതല്ലെന്നും കോടതി പറഞ്ഞു. സി.പി.ഐ നേതാവ് മുകുന്ദനും പഞ്ചായത്തംഗം വിനോദും നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
കായല്‍ കൈയ്യേറ്റ സംഭവത്തില്‍ തോമസ് ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച രണ്ടു ഹര്‍ജികള്‍ പരിഗണിച്ച കോടതി ഉടന്‍ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് നിര്‍ദേശിക്കുകയായിരുന്നു. കൈയ്യേറ്റ സംഭവത്തില്‍ മൂന്ന് മാസത്തിനകം സര്‍വേ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കണം. അതിനു ശേഷം കക്ഷികളെ നോട്ടീസയച്ച് വരുത്തി വിശദീകരണം ആവശ്യപ്പെടാനും കോടതി നിര്‍ദേശിച്ചു.
നേരത്തെ വിജിലന്‍സ് തോമസ് ചാണ്ടിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ആലപ്പുഴ മുന്‍ ജില്ലാകലക്ടര്‍മാരായിരുന്ന വേണുഗോപാല്‍, സൗരവ് ജയിന്‍ എന്നിവരെ ഉള്‍പ്പെടുത്തിയിരുന്നു. തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് തോമസ് ചാണ്ടിക്കെതിരെ ചുമത്തിയത്.
സാധാരണക്കാരുടെ പാര്‍ട്ടിയെന്നും തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ എന്നവകാശപ്പെടുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ കീഴില്‍ തൊഴിലാളികളും കുടുംബങ്ങളും പെന്‍ഷനുവേണ്ടി കാത്തിരിക്കുന്നത് ഈ സര്‍ക്കാരിന് അപമാനകരമാണ്. ജീവിതത്തിന്റെ നല്ലൊരു പങ്കും കെ.എസ്.ആര്‍.ടി.സി ജോലി ചെയ്തു വാര്‍ദ്ധക്യത്തില്‍ അവര്‍ക്ക് തുണയാകേണ്ടത് ഗവര്‍മെന്റ് അവരെ ആത്മഹത്യയിലേക്കും കടക്കെണിയിലേക്കും തള്ളിവിടരുത് എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. ഒരു പൊതുമേഖലാ സ്ഥാപനത്തിനു വേണ്ടി പ്രത്യേകിച്ചും പൊതുഗതാഗത ത്തിനുവേണ്ടി മുടക്കുന്ന പണം പൊതുസമൂഹത്തിന് വേണ്ടിയുള്ളതാണെന്ന് ബോധ്യമുണ്ടാകണം.
ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിനായി നിര്‍മിച്ച ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ ഇപ്പോള്‍ സര്‍ക്കാരിനും കെ.എസ്.ആര്‍.ടി.സിക്കും ബാധ്യതയായി മാറിയിരിക്കുന്നു. ഇതിന്റെ നഷ്ടവും തൊഴിലാളികളിലും പെന്‍ഷന്‍കാരനുമാണ് പ്രതിഫലിക്കുന്നത് എന്നത് ദുഃഖകരമാണ്. നിലവില്‍ ഒഴിഞ്ഞുകിടക്കുന്ന കടമുറികളും ഷോപ്പിങ് കോംപ്ലക്‌സുകളും എത്രയും വേഗം സര്‍ക്കാര്‍ പൊതുലേലത്തില്‍ വച്ച് വാടകയ്ക്ക് കൊടുക്കണമെന്നും നഗരത്തില്‍ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഈ കെട്ടിടങ്ങളിലേക്ക് മാറ്റിസര്‍ക്കാരിനും അതുപോലെതന്നെ പൊതുജനങ്ങള്‍ക്കും കെഎസ്ആര്‍ടിസിക്കും പ്രയോജനകരമായ രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നു. പൊതുഗതാഗതം സംരക്ഷിക്കുന്ന കെഎസ്ആര്‍ടിസിയുടെ ബാധ്യതകളും പെന്‍ഷനുകളും മുഴുവനായും ഗവണ്‍മെന്റ് തന്നെ ഏറ്റെടുത്ത് പെന്‍ഷനുകളും ശമ്പളവും കൃത്യസമയത്ത് തന്നെ വിതരണം ചെയ്യണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.
കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നടത്തുന്ന സമരത്തിന് ആം ആദ്മി പാര്‍ട്ടി എറണാകുളം പാര്‍ലമെന്റ് മണ്ഡലം കണ്‍വീനര്‍ ഷക്കീര്‍ അലിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യവും പ്രകടനവും നടത്തി. ആം ആദ്മി പാര്‍ടി സംസ്ഥാന കണ്വീനര്‍ അഡ്വ. സി ആര്‍. നീലകണ്ഠന്‍, രാഷ്ട്രീയകാര്യസമിതി അംഗം ഷൈബു മഠത്തില്‍, ബോബ്ബന്‍ എ. എസ്, പെന്‍ഷന്‍ അസോസിയേഷന്‍ ഭാരവാഹി, പി. ആര്‍ സിങ്കരന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
കാമുകനെപ്പറ്റി അമ്മയോട് പറഞ്ഞതിന് സഹോദരനെ 19 കാരി കൊലപ്പെടുത്തി. ഹരിയാനയിലെ റോത്തക്കിലുള്ള സമര്‍ ഗോപാല്‍പുര്‍ ഗ്രാമത്തിലാണ് സംഭവം. സഹോദരനെ കൊലപ്പെടുത്തിയതിന് 19 വയസുകാരിയായ കാജളിനെ പോലീസ് അറസ്റ്റ് ചെയ്തു. 10ാം ക്ലാസുകാരനായ തന്റെ സഹോദരന്‍ മോണ്ടി സിങ്ങിനെ കഴിഞ്ഞ ശനിയാഴ്ചയാണ് കാജള്‍ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം കത്തിയുപയോഗിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയത്.
മോണ്ടി സിങ്ങിനെ വീടിനുള്ളില്‍ വെച്ച് കൊലപ്പെടുത്തിയതിന് ശേഷം കാജള്‍ മൃതദേഹം വീട്ടിലെ കിടക്കയില്‍ ഇട്ടതിന് ശേഷം തറയിലും വസ്ത്രത്തിലും പറ്റിയ ചോരക്കറ കഴുകി വൃത്തിയാക്കുകയും ചെയ്തു. ഇതിന് ശേഷം വീട്ടില്‍ നിന്നിറങ്ങി പാനിപ്പത്തിലേക്ക് ബസില്‍ രക്ഷപ്പെട്ടു. ശേഷം അവിടെ നിന്ന് അമ്മ സുശീലയെ വിളിച്ച് അച്ഛന്‍ തേജ് പാല്‍ മോണ്ടിയെയും തന്നെയും കൊല്ലാന്‍ ശ്രമിച്ചെന്നും താന്‍ അവിടെനിന്ന് രക്ഷപ്പെട്ടെന്നും അറിയിച്ചു. ഇതേതുടര്‍ന്ന് സുശീല താന്‍ ജോലി ചെയ്തിരുന്ന ഫാക്ടറിയില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ കാണുന്നത് മോണ്ടിയുടെ മൃതദേഹമാണ്. ഉടൻതന്നെ ഇവര്‍ പോലീസിനെ വിവരമറിയിച്ചു.
മോണ്ടിയെ കൊന്നത് അച്ഛന്‍ തേജ്പാലാണെന്നാണ് കാജള്‍ പോലീസിനോടും പറഞ്ഞിരുന്നത്. തേജ്പാല്‍ മക്കളെ ക്രൂരമായി ആക്രമിച്ചിരുന്നുവെന്ന കാര്യം സുശീല പോലീസിനെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് പോലീസ് തേജ്പാലിനെ അറസ്റ്റ് ചെയ്തു. എന്നാല്‍ പിന്നീട് വിശദമായ പരിശോധനയില്‍ കാജളിന്റെ മൊഴിയിലെ വൈരുധ്യങ്ങള്‍ പോലീസില്‍ സംശയം ജനിപ്പിച്ചു. ഇതുവച്ച് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ യാഥാര്‍ഥ്യം പുറത്തുവന്നത്. താന്‍ കാമുകനുമായി ഫോണില്‍ സംസാരിക്കുന്നത് അമ്മയോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് മോണ്ടി സിങ്ങിനെ താന്‍ കൊന്നതെന്ന് ചോദ്യം ചെയ്യലില്‍ കാജള്‍ സമ്മതിച്ചു.
പയ്യോളി: അര്‍ദ്ധരാത്രി ഒറ്റയ്ക്ക് യാത്രചെയ്ത വിദ്യാര്‍ഥിനിയെ ഇറക്കാതെപോയ കെ.എസ്.ആര്‍.ടി.സി. മിന്നല്‍ബസ് ജീവനക്കാരുടെ പെരുമാറ്റത്തെപ്പറ്റി തിങ്കളാഴ്ച പെണ്‍കുട്ടി പ്രതികരിച്ചു. രണ്ടുദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥിനി ശനിയാഴ്ച രാത്രിയിലെ ഭയപ്പാടില്‍നിന്ന് മുക്തമായിട്ടില്ല.
പയ്യോളിയില്‍ ബസ് നിര്‍ത്തില്ലെന്ന് കണ്ടക്ടര്‍ പറഞ്ഞതോടെ അക്കാര്യം വിദ്യാര്‍ഥിനി പിതാവിനോട് വിളിച്ചുപറഞ്ഞിരുന്നു. തുടര്‍ന്ന് പിതാവ് പള്ളിക്കര കെ.സി. അബ്ദുള്‍അസീസ് പയ്യോളി പോലീസിന്റെ സഹായം തേടി. സ്റ്റേഷനുമുന്നില്‍ പോലീസുകാരനും ബാപ്പയും ബസിന് കൈകാണിക്കുന്നത് ദൂരേനിന്ന് കണ്ടപ്പോള്‍ പെണ്‍കുട്ടി ഡ്രൈവറുടെ അടുത്തുവന്നു പറഞ്ഞു, ‘എന്നെ ഇറക്കാന്‍ വേണ്ടിയാണ് പോലീസ് കൈകാണിക്കുന്നത്. അടുത്തുനില്‍ക്കുന്നത് ബാപ്പയാണ്’. ഡ്രൈവര്‍ ഉടന്‍ പറഞ്ഞത് കണ്ടക്ടറോട് പറയാനാണ്. കണ്ടക്ടറുടെ അടുത്തേക്ക് തിരിഞ്ഞപ്പോഴുള്ള പ്രതികരണം അസഹനീയമായിരുന്നു- ‘ഇതൊക്കെ ഏത് കാട്ടില്‍നിന്നാണ് ഇറങ്ങിവരുന്നത്’. അപ്പോഴേക്കും ബസ് പയ്യോളി ടൗണ്‍ വിട്ടു.
ചില യാത്രക്കാരെ കൂട്ടുപിടിച്ച് കണ്ടക്ടര്‍ കളിയാക്കി സംസാരിച്ചെങ്കിലും യാത്രക്കാരില്‍ നല്ലവരുമുണ്ടായിരുന്നതായി വിദ്യാര്‍ഥിനി പറഞ്ഞു. അര്‍ധരാത്രിയായതിനാല്‍ കൂടുതല്‍ പേരും ഉറക്കത്തിലായിരുന്നു.
കോഴിക്കോട് സ്റ്റാന്‍ഡ് വിട്ടപ്പോള്‍ പയ്യോളി നിര്‍ത്തില്ലെന്ന് പറഞ്ഞ കണ്ടക്ടര്‍ മാവൂര്‍റോഡില്‍ ഇറങ്ങാന്‍ പറഞ്ഞപ്പോള്‍ ആരും പ്രതികരിച്ചില്ല. അപ്പോള്‍, സമയം രണ്ടുമണിയായിരുന്നു. ബസ് പയ്യോളിയില്‍ നിര്‍ത്താതെ പോയപ്പോള്‍ ബാപ്പ വിളിച്ചു. മൂരാട് പാലത്തിന് മുന്നില്‍നിന്ന് പോലീസ് കൈകാണിച്ചിട്ടും ബസ് നിര്‍ത്താത്തപ്പോള്‍ മാനസികമായി പിരിമുറുക്കത്തിലായെന്നും ചോമ്പാലില്‍ പോലീസ് ജീപ്പ് റോഡില്‍ കുറുകെയിട്ടത് കണ്ടപ്പോഴാണ് ആശ്വാസം കിട്ടിയതെന്നും വിദ്യാര്‍ഥിനി പറഞ്ഞു.
രാത്രി 12 മണിമുതല്‍ ചോമ്പാലില്‍നിന്ന് മകളെ വീട്ടില്‍ എത്തിക്കാന്‍ പുലര്‍ച്ചെവരെ റോഡില്‍ ബൈക്കുമായി അലഞ്ഞ അബ്ദുള്‍അസീസിന് ഞായറാഴ്ച രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് ആസ്പത്രിയില്‍ കിടക്കേണ്ടിയും വന്നു. ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും അസീസ് പറഞ്ഞു.
കോഴിക്കോട് സ്റ്റാന്‍ഡില്‍നിന്ന്, ഇത് മിന്നല്‍ബസാണെന്നും ഇനി കണ്ണൂരിലാണ് നിര്‍ത്തുകയുള്ളൂവെന്ന് അറിയിച്ചിരുന്നതായും കണ്ടക്ടര്‍ കോട്ടയം സ്വദേശി അജേഷ് പറഞ്ഞു. പോലീസ് കൈകാണിച്ചാലും ബസ് നിര്‍ത്തേണ്ടതില്ലെന്ന് മുന്‍ എം.ഡി. രാജമാണിക്യത്തിന്റെ നിര്‍ദേശമുണ്ടെന്നും കണ്ടക്ടര്‍ പറഞ്ഞു.
ഇതിനിടെ പോലീസ് കൈകാണിച്ചിട്ട് നിര്‍ത്താതെ പോയതിന് പയ്യോളി പോലീസ് പെറ്റി കേസെടുത്തിട്ടുണ്ട്. പയ്യോളി, ചോമ്പാല പോലീസ് വടകര ഡിവൈ.എസ്.പി.ക്കും കെ.എസ്.ആര്‍.ടി.സി. ഉന്നത ഉദ്യോഗസ്ഥര്‍ക്കും സംഭവത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ചോമ്പാല പോലീസ് ബസ് ജീവനക്കാരെ വിളിപ്പിച്ചിട്ടുമുണ്ട്.
ഉത്തര്‍പ്രദേശ്: ആശുപത്രിയില്‍ നിന്ന് ചോരക്കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് അച്ഛനോടുള്ള ദേഷ്യം മൂലമെന്ന് പൊലീസ് പിടിയിലായ സഹോദരിമാര്‍. അച്ഛന്‍ മറ്റൊരു വിവാഹം ചെയ്യുന്നത് തടയാനാണ് സഹോദരിമാര്‍ ഇങ്ങനൊരു കൃത്യം നടത്തിയതെന്ന് പൊലീസിന് മൊഴി നല്‍കി.
ഉത്തര്‍പ്രദേശിലെ മഥുര ജില്ലയില്‍ നിന്നാണ് സഹോദരിമാരായ ശിവാനി ദേവിയെയും പ്രിയങ്കാ ദേവിയെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഈ മാസം 10നാണ് ഇരുവരും ചേര്‍ന്ന് രാജസ്ഥാനിലെ ഭരത്പൂരിലുള്ള ആശുപത്രിയില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ട് പോയത്. സംഭവം പത്രങ്ങളില്‍ വാര്‍ത്തയാവുകയും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തതോടെ മൂന്ന് ദിവസത്തിനു ശേഷം കുഞ്ഞിനെ ഇവര്‍ റോഡരികില്‍ ഉപേക്ഷിച്ചു. ഭരത്പൂരിലെ ആശുപത്രിയില്‍ നിന്ന് കാണാതായ കുഞ്ഞാണിതെന്നും എത്രയും വേഗം പൊലീസ് സ്റ്റേഷനിലെത്തിക്കണമെന്നും എഴുതിയ ഒരു കുറിപ്പും കുഞ്ഞിനടുത്ത് വച്ചു.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് സഹോദരിമാരെ പൊലീസ് തിരിച്ചറിഞ്ഞത്. ഇവര്‍ എത്തിയ സ്‌കൂട്ടറിന്റെ നമ്പര്‍ ആശുപത്രി ജീവനക്കാരന്‍ ഓര്‍ത്തിരുന്നതും പൊലീസിന് സഹായകമായി.
സഹോദരിമാർ പറയുന്നതിങ്ങനെ: രണ്ട് വര്‍ഷം മുമ്പ് തങ്ങളുടെ 12 വയസ്സുകാരനായ സഹോദരന്‍ മരിച്ചുപോയി. ഇതോടെ അമ്മ വിഷാദ രോഗിയായി മാറി. ആണ്‍കുഞ്ഞിനു വേണ്ടി അച്ഛന്‍ ലക്ഷ്മണ്‍ സിങ് വേറൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. പൂര്‍ണമായും തകര്‍ന്നുപോയ അമ്മയെ തിരികെ സ്വാഭാവിക ജീവിതത്തിലേക്ക് എത്തിക്കാനും അച്ഛനെ രണ്ടാം വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുമാണ് ആണ്‍കുഞ്ഞിനെ തട്ടിയെടുത്തത്.
ഒരാണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല, ആശുപത്രിയില്‍ നിന്ന് ഏതെങ്കിലും കുഞ്ഞിനെ വാങ്ങാനാകുമോ എന്ന് നഴ്‌സുമാരോട് അന്വേഷിച്ചിരുന്നു. നിയമപരമായ നൂലാമാലകളും ലഭിക്കാവുന്ന ശിക്ഷയും കാരണം അതും നടന്നില്ല. തുടര്‍ന്നാണ് പരിചയക്കാരനായ മനീഷിന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ സഹോദരിമാര്‍ പദ്ധതിയിട്ടത്.
സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ ശിവാനി ഭര്‍ത്താവിനൊപ്പം മഥുരയിലാണ് താമസം. ബിരുദ വിദ്യാര്‍ഥിനിയായ പ്രിയങ്കയും വിവാഹിതയാണ്.
ഹരിയാന: സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഇയാളുടെ അനുയായികള്‍ നടത്തിയ കലാപത്തില്‍ ഹരിയാന സര്‍ക്കാരിന് നഷ്ടം 126 കോടി രൂപ. കഴിഞ്ഞ ഓഗസ്റ്റ് 25നാണ് പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി ഗുര്‍മീതിന് 20വര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്. തുടര്‍ന്ന് ഇയാളുടെ അനുയായികള്‍ എന്നവകാശപ്പെടുന്ന ആയുധധാരികളായ ആള്‍ക്കൂട്ടം നടത്തിയ കലാപത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കണക്ക് അനുസരിച്ച് ഹരിയാന സര്‍ക്കാരിനുണ്ടായ നഷ്ടം 1,26,68,71,700 രൂപയാണ്. അക്രമബാധിത ജില്ലകളില്‍ അംബാലയിലാണ് ഏറെ നാശനഷ്ടമുണ്ടായിരിക്കുന്നത്. 46.84 കോടി രൂപയാണ് ഇവിടുത്തെ നഷ്ടം. 14.87 കോടി രൂപയുടെ നഷ്ടമാണു ഫത്തേഹാബാദിനുണ്ടായത്. ഗുര്‍മീതിന്റെ ആശ്രമത്തിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന സിര്‍സയില്‍ 13.57 കോടി രൂപയുടെ നാശനഷ്ടമാണുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട പഞ്ച്കുളയില്‍ നാശനഷ്ടം 10.57 കോടിയാണ്.
നാശനഷ്ട കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഹരിയാന അഡ്വക്കേറ്റ് ജനറല്‍ പഞ്ചാബ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.