അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത മാര്‍ അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ. 19 ന് ഉച്ചയ്ക്ക് 12 മണിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഭൗതിക ശരീരം എത്തും.
തുടർന്ന് വിലാപയാത്രയായി തിരുവല്ലയിലേക്ക് പുറപ്പെടും. ആലപ്പുഴ വഴിയാണ് വിലാപയാത്ര കടന്നുപോകുക. വൈകിട്ട് 5.45 ന് തിരുവല്ല പൗരാവലിയുടെ അന്ത്യാഞ്ജലിക്ക് ശേഷം 7.30 ന് സഭാ ആസ്ഥാനത്ത് എത്തും. എട്ടുമണി മുതൽ വിവിധ ഘട്ടങ്ങളായി ശുശ്രൂഷകൾ നടത്തും.
മെയ് 20 നാണ് പൊതുദർശനം. 20 ന് രാവിലെ 9 മണി മുതൽ 21 രാവിലെ 9 മണി വരെ ബിലീവേഴ്സ് കൺവെൻഷൻ സെന്ററിൽ പൊതുദർശനം നടത്തും. 11 മണിക്ക് സംസ്കാര ചടങ്ങുകൾ ആരംഭിച്ച് ഒരു മണിയോടെ മൃതദേഹം കബറടക്കും.
കാലം ചെയ്ത അഭിവന്ദ്യ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലിത്തക്കു ഓർത്തഡോക്സ് പാരമ്പര്യ പ്രകാരം എട്ടു ഘട്ടങ്ങളായി നടത്തേണ്ട കബറടക്ക ശ്രുശ്രുഷയുടെ ആദ്യഘട്ടം ഡാളസ്, വിൽസ് പോയിന്റിലെ സെന്റ് പീറ്റേഴ്സ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച് കത്തീഡ്രലിൽ വച്ച് നടന്നു.
കൊളംബോ-കിഗാലി ഭദ്രാസന അധിപൻ ഗീവര്ഗീസ് മാർ മക്കാറിയോസ് മുഖ്യ കാർമ്മീകനായ ശ്രുശ്രുഷയിൽ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ ഡാനിയേൽ മാർ തിമോത്തിയോസ് എപ്പിസ്കോപ്പ സഹ കാർമ്മീകനായി! സഭാ സെക്രട്ടറി ഫാ. ഡോ. ഡാനിയേൽ ജോൺസൺ അടക്കം നിരവധി വൈദീകർ ശ്രുശ്രുഷയുടെ ഭാഗമായി. അമേരിക്കയിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം.
ലോകമെമ്പാടുമുള്ള വിശ്വാസസമൂഹത്തെ ചേർത്തുനിർത്തി 2003 ൽ ബീലീവേഴ്സ് ചർച്ച എന്ന സഭയ്ക്ക് രൂപം നൽകി. ആതുരവേസന രംഗത്ത് സഭ വേറിട്ട സാന്നിദ്ധ്യമായി. ചുരുങ്ങിയ ചിലവിൽ സാധാരണക്കാരന് ചികിത്സ ഉറപ്പാക്കാൻ തിരുവല്ലയിൽ മെഡിക്കൽ കോളേജും തുടങ്ങി. ഇന്ത്യയിലുടനീളം സഭ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ദുരന്തമുഖങ്ങളിൽ കാരുണ്യ സ്പർശമായി. 2017 ൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച എന്ന് പേര് മാറുമ്പോൾ ലോകമെമ്പാടും വേരുകളുള്ള ക്രൈസ്തവ സഭയുടെ പ്രഥമ മെത്രാപ്പോലീത്ത സ്ഥാനം കെ പി യോഹന്നാനെ വിശ്വാസികൾ ഏൽപ്പിക്കുകയായിരുന്നു.
ജെഗി ജോസഫ്
ഇന്‍ഫിനിറ്റി ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്‌ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ . ആവേശകരമായ മത്സരങ്ങള്‍ക്കാകും ഗ്ലോസ്റ്റര്‍ സാക്ഷ്യം വഹിക്കുക. ഗ്ലോസ്റ്ററില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റില്‍ ആയിരം പൗണ്ടാണ് ഒന്നാം സമ്മാനം നല്‍കുക. ഒന്നാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്യുന്നത് യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജാണ്. രണ്ടാം സമ്മാനം 500 പൗണ്ട് സമ്മാനമായി നല്‍കുന്നത് ലെജന്‍ഡ് സോളിസിറ്റേഴ്‌സ് ലണ്ടന്‍ ആണ്. ബെസ്റ്റ് ബോളര്‍, ബെസ്റ്റ് ബാറ്റ്‌സ്മാന്‍, ബെസ്റ്റ് വിക്കറ്റ് കീപ്പര്‍ എന്നിങ്ങനെ മൂന്ന് മികച്ച താരങ്ങള്‍ക്കും ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി നല്‍കും. കവന്‍ട്രി ബ്ലൂസ് ക്രിക്കറ്റ് ക്ലബും ഫിനിക്‌സ് നോര്‍ത്താംപ്റ്റണ്‍ ക്ലിക്കറ്റ് ക്ലബും ഗ്രൂപ്പ് എയില്‍ മത്സരിക്കും. ചലഞ്ചേഴ്‌സ് ഹെര്‍ഫോര്‍ഡ് ക്രിക്കറ്റ് ക്ലബും ഗ്ലോസ്റ്റര്‍ റോയല്‍സ് ക്രിക്കറ്റ് ക്ലബും മത്സരിക്കാനിറങ്ങും.
ഗ്രൂപ്പ് ബിയില്‍ ഗള്ളി ക്രിക്കറ്റേഴ്‌സ് ക്ലബ് ഓക്‌സ്‌ഫോര്‍ഡും വേഴ്‌സസ്റ്റര്‍ അമിഗോസ് ക്രിക്കറ്റ് ക്ലബും മത്സരത്തിനിറങ്ങും ടോണ്ടന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്ലബും കവന്‍ട്രി റെഡ്‌സ് ക്രിക്കറ്റ് ക്ലബും ഗ്രൗണ്ടില്‍ പോരിനിറങ്ങും. യുക്മ ദേശീയ പ്രസിഡന്റ് ബിജു പെരിങ്ങത്തറ മുഖ്യ അതിഥിയായിരിക്കും. ഒപ്പം കാണികളെ ആവേശത്തിലാക്കാന്‍ ഡിജെയും ഒരുക്കിയിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ മട്ടാഞ്ചേരി കിച്ചന്റെ സ്വാദിഷ്ടമായ ഫുഡ് കൗണ്ടറുകളില്‍ ലഭ്യമാകും.
രണ്ട് ഗ്രൗണ്ടുകളിലായി കളി നടക്കും. കുട്ടികള്‍ക്ക് അടുത്ത ഗ്രൗണ്ടില്‍ കളിക്കാനും അവസരമുണ്ടാകും. ഗ്ലോസ്റ്ററിലെ കുടുംബങ്ങളൊരുമിക്കുന്ന ഒരു ആഘോഷമാക്കി ഇന്‍ഫിനിറ്റി ടി 10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മാറ്റുകയാണ് സംഘാടകര്‍.
ഈ ടൂര്‍ണമെന്റിന്റെ പ്രത്യേകത മലയാളികള്‍ മാത്രം പങ്കെടുക്കുന്നു എന്നതാണ്. അരുണിന്റെ നേതൃത്വത്തില്‍ ഒരു ടീം വളരെ നാളായി ഈ പരിപാടിയ്ക്കായി മുന്നൊരുക്കങ്ങള്‍ നടത്തി വരികയാണ്. മലയാളികള്‍ മാത്രം പങ്കെടുക്കുന്ന ക്രിക്കറ്റ് മാമാങ്കം ഗ്ലോസ്റ്ററില്‍ ആദ്യമായെത്തുമ്പോള്‍ വലിയ പിന്തുണയാണ് ടൂര്‍ണമെന്റിന് ലഭ്യമാകുന്നത്. എല്ലാ ക്രിക്കറ്റ് ആരാധകരേയും ടൂര്‍ണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി അരുണ്‍ അറിയിച്ചു.
ലിവർപൂളിലെ ഹാർട്ട് & ചെസ്റ്റ് ഹോസ്പിറ്റലിൽ ജോലി ചെയുന്ന ലിവർപൂൾ മലയാളി നേഴ്സ് നിഷിത ടോമി എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി.
ഈ അസുലഭ നേട്ടം നേടിയത് ലിവർപൂളിലെ കെൻസിങ്ട്ടനിൽ താമസിക്കുന്നകണ്ണൂർ മാടബം സ്വദേശി ശ്രീ ടോമി ചാക്കോയുടെയും, കോട്ടയം സ്വദേശി ഉഷയുടെയും പുത്രിയായ നിഷിത ടോം ആണ്.
മാസങ്ങൾ നീണ്ട വളരെ കഠിനമായ മലകയറ്റ പരിശീലനത്തിൽ കൂടിയാണ് നിഷിത ഈ നേട്ടം നേടിയത്.
നിഷിത ലിവർപൂളിൽ അറിയപ്പെടുന്ന നല്ലൊരു നർത്തകി കൂടി ആണ്. മലയാളി അസോസിയേഷൻ ലിമയുടെ നിരവധി പരിപാടികളിലും, പള്ളികളിലും നിഷിത വിവിധങ്ങളായ നൃത്തങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്
കാനഡയിലെ വീട്ടിൽ ചാലക്കുടി സ്വദേശിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. പടിക്കല സാജന്റെയും ഫ്‌ളോറയുടെയും മകള്‍ ഡോണ സാജൻ (34) നെയാണ് മെയ് ഏഴിന് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡോണയുടെ മരണശേഷം കാണാതായ ഭർത്താവ് കുറ്റിച്ചിറ കണ്ണമ്പുഴ ലാല്‍ കെ. പൗലോസിനെ ഇനിയും കണ്ടെത്താനായിട്ടില്ല. സംഭവ ദിവസംതന്നെ ലാല്‍ കെ. പൗലോസ് ഇന്ത്യയിലേക്ക് കടന്നുവെന്നാണ് സംശയം. ലാല്‍ കെ പൗലോസിനെതിരെ കനാഡ സർക്കാർ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
എട്ടുവർഷമായി ഇരുവരും കാനഡയില്‍ അക്കൗണ്ടന്റായി ജോലിചെയ്യുന്നു. മൂന്നു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികള്‍ വിവരം നല്‍കിയതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ചനിലയില്‍ കണ്ടത്. ഭാര്യയെ കൊന്ന് ഭർത്താവ് നാടുവിട്ടുവെന്നാണ് സംശയം. ശാസ്ത്രീയ തെളിവുകളിലൂടെയാണ് ഡോണയുടേതുകൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചത്.
അതിന് ശേഷമാണ് ഭർത്താവിനെതിരെ വാറണ്ടും പുറപ്പെടുവിച്ചത്. കാനഡ പത്രങ്ങളിലും വെബ് സൈറ്റിലും ഇയാളുടെ ചിത്രം സഹിതം വാർത്തയും നല്‍കി. പ്രതിയെ കുറിച്ച് വിവരമുള്ളവർക്ക് ബന്ധപ്പെടാൻ ഫോണ്‍ നമ്പറും നല്‍കി. ഇതിനൊപ്പമാണ് കേരളത്തിലുള്ള ബന്ധുക്കളേയും വിവരം അറിയിക്കുന്നത്. ലാല്‍ കെ പൗലോസ് കുറ്റിച്ചിറ കണ്ണംമ്പുഴ കുടുംബാംഗമാണ്. ഇന്ത്യയിലേക്ക് കടന്ന ലാലിനെ പിടികൂടാൻ കാനഡ ഇന്ത്യയുടേയും സഹായം തേടും. ഇന്ത്യയും കാനഡയും തമ്മിലെ നയതന്ത്ര ബന്ധം അത്ര ശക്തമല്ല. കുറ്റാവളികളെ കൈമാറുന്നതിലും നിരവധി നൂലാമാലകളുണ്ട്.
ഇതെല്ലാം മനസ്സിലാക്കി ലാല്‍ ഇന്ത്യയിലേക്ക് കടന്നുവെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കൊല്ലപ്പെട്ട ഡോണയും ഇന്ത്യാക്കാരിയാണ്. അതുകൊണ്ട് തന്നെ ലാലിന് അധിക കാലം ഒളിച്ചിരിക്കാൻ കഴിയില്ലെന്നാണ് കാനഡ പൊലീസിന്റെ കണക്കു കൂട്ടല്‍. ഇയാളെ പിടികൂടാൻ ഇന്റർപോളിന്റെ സഹായവും കാനഡ തേടിയേക്കും. യുവതിയുടെ ബന്ധുക്കള്‍ കേരളാ പൊലീസിനും ഇതു സംബന്ധിച്ച പരാതി നല്‍കാൻ സാധ്യതയുണ്ട്. അങ്ങനെ എങ്കില്‍ നിയമ വശങ്ങള്‍ പരിശോധിച്ച് കേരളത്തിലും കേസെടുക്കാൻ സാധ്യത ഏറെയാണ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വന്‍ വിവാദത്തിലാക്കിയ കാലത്തെ സോളാര്‍ സമരം തീര്‍പ്പാക്കിയത് ഒത്തുതീര്‍പ്പ് ഫോര്‍മുലയെന്ന് വെളിപ്പെടുത്തല്‍. വാര്‍ത്താ സമ്മേളനം വിളിച്ചു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ മതിയെന്ന സിപിഎം ഫോര്‍മുലയില്ലെന്ന് അന്നത്തെ രാപ്പകല്‍ നീണ്ട സമരം അവസാനിപ്പിച്ചതെന്ന് സമകാലിക മലയാളം വാരികയിലെ ലേഖനത്തിലാണുള്ളത്.
വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയമാണ്. ജോണ്‍ ബ്രിട്ടാസ് വഴി നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു സമരത്തില്‍ നിന്ന് സിപിഎം തലയൂരിയതെന്ന് ലേഖനത്തില്‍ പറയുന്നു. പാര്‍ട്ടി അറിഞ്ഞുകൊണ്ടായിരുന്നു ഈ നീക്കം. താനും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ഇടനില നിന്നിരുന്നു എന്നും പക്ഷേ ഈ വിവരം പാര്‍ട്ടിനേതാവായ തോമസ് ഐസക് അടക്കം പാര്‍ട്ടി നേതാക്കള്‍ക്കോ സമരത്തിന് വന്ന പ്രവര്‍ത്തകര്‍ക്കോ ഇക്കാര്യം അറിയില്ലായിരുന്നു എന്നും പറയുന്നു. വാര്‍ത്താ സമ്മേളനം വിളിച്ചു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ മതിയെന്നായിരുന്നു സിപിഎമ്മിന്റെ നിര്‍ദേശം.
ഒത്തുതീര്‍പ്പ് ഫോര്‍മുല യുഡിഎഫും അംഗീകരിച്ചു. യുഡിഎഫില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും തിരുവഞ്ചൂരും സംസാരിച്ചു. ഇടത് പ്രതിനിധിയായി എന്‍കെ പ്രേമചന്ദ്രന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചകളില്‍ കോടിയേരിയും പങ്കെടുത്തു. ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനം വിളിച്ചത് ധാരണ പ്രകാരമായിരുന്നെന്നും പറയുന്നു. തലസ്ഥാനത്ത് വലിയ ജനക്കൂട്ടം ഇത്തരത്തില്‍ തടിച്ചുകൂടുന്നത് ഒഴിവാക്കാനായിരുന്നു ശ്രമം. അതിന്റെ ഭാഗമായി ഇരുപക്ഷവും സംസാരിക്കുകയും സമരം ഒത്തുതീര്‍ക്കാന്‍ ധാരണയാകുകയുമായിരുന്നു.
ലണ്ടൻ .: യുകെയിലെ പല സിറ്റികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത് ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി.മത്സരങ്ങൾ തത്സമയം ബിബിസി ടെലികാസ്റ്റ് ചെയ്യും. ഇംഗ്ലണ്ടിലെ വോൾവർഹാംപ്റ്റണിൽ ഏപ്രിൽ 19 ന് മത്സരം തുടക്കം കുറിച്ചു. ഈ സീസണിൽ 9 ടീമുകളാണ് മാറ്റുരയ്ക്കുന്നത് .
അതിൽ മലയാളികളുടെ സ്വന്തം ടീമായ നോട്ടിംഗ്ഹാം റോയൽസും മത്സരിക്കുന്നു.. ഈ സീസണിൽ ആൺകുട്ടികളുടെ മാത്രമല്ലാതെ നമ്മുടെ കേരള പെൺകുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ടീം ഇറക്കാൻ പറ്റിയതിൽ ടീം നോട്ടിംഗ്ഹാം റോയൽസ് സന്തുഷ്ടരാണ്. ഇതിൽ ശക്തരായ മാഞ്ചസ്റ്റർ, വോൾവർഹാംപ്ടൺഎന്നീ ടീമുകൾക്കെതിരെ വമ്പൻ ജയത്തോടെ നോട്ടിങ്ഹാം റോയൽസ് ന്റെ ഗേൾസ് ടീം ഫൈനൽ ൽ പ്രവേശിച്ചു. ഫൈനൽ മത്സരങ്ങൾ മെയ് 19 ന് ബർമിംഗ്ഹാമിൽ വച്ച് നടക്കും.
പങ്കെടുക്കുന്ന ടീമുകളുടെ ലിസ്റ്റ്: ബർമിംഗ്ഹാം ബുൾസ് നോട്ടിംഗ്ഹാം റോയൽസ് ഗ്ലാസ്ഗോ യൂണികോൺസ് വോൾവർഹാംപ്ടൺ വോൾവ്സ് മാഞ്ചസ്റ്റർ റൈഡേഴ്സ് എഡിൻബർഗ് ഈഗിൾസ് കവൻട്രി ചാർജേഴ്സ് സാൻഡ് വെൽ കിംഗ്സ് വാൽസാൽ ഹണ്ടേഴ്സ്
കെയ്റോ ഫിനാൻഷ്യൽ സർവീസ്, ഫസ്റ്റ് കോൾ , ദി ടിഫിൻ ബോക്സ്, ഐഡിയൽ സോളിസിറ്റേഴ്സ്, ന്യുമെറോ യൂനോ മെഡിക്കൽ റിക്രൂട്ട്മെൻറ് , ഒട്ട കൊമ്പൻ വാട്ട് എന്നിവരാണ് സ്പോൺസർമാർ.
മകളുടെ ഭാവിക്ക് വേണ്ടി 14 വര്‍ഷത്തിന് ശേഷം വീണ്ടും അവര്‍ വിവാഹിതരാകുന്നു. ആലപ്പുഴ കുതിരപ്പന്തി അശ്വതി നിവാസിൽ റിട്ട, നഴ്സിങ് അസിസ്റ്റന്റ് സുബ്രഹ്മണ്യ(57)നും, കുതിരപ്പന്തി രാധാനിവാസിൽ അങ്കണവാടി ജീവനക്കാരിയായ കൃഷ്കുമാരി(50)യുമാണ് കുടുംബകോടതി ജഡ്ജിയുടെയും, അഭിഭാഷകരുടെയും ഉപദേശങ്ങൾ സ്വീകരിച്ച് മകളുടെ നല്ല ഭാവിയെ കരുതി വീണ്ടും വിവാഹിതരാകാൻ തീരുമാനിച്ചത്.
14 വർഷം മുൻപ് ഇവര്‍ വിവാഹ ബന്ധം വേർപെടുത്തിയിരുന്നു. 2006 ആഗസ്റ്റ് ആഗസ്റ്റ് 31നായിരുന്നു ഇവരുടെ വിവാഹം. 2008 -ൽ ഇവർക്കൊരു പെൺകുട്ടി ജനിച്ചു. അസ്വാരസ്യങ്ങളെ തുടർന്ന് ഇരുവരും 2010 മാർച്ച് 29ന് ആലപ്പുഴ കുടുംബകോടതി മുഖേന വിവാഹമോചിതരായി. സുബ്രഹ്മണ്യൻ പിന്നീട് കൃഷ്ണകുമാരിക്കും, മകൾക്കും നൽകാനുള്ള മുഴുവൻ സാമ്പത്തിക ഇടപാടുകളും തീർത്ത് സംയുക്തമായി കരാറും തയ്യാറാക്കി. എന്നാൽ കൃഷ്ണകുമാരി മകൾക്ക് ജീവനാംശം ആവശ്യപ്പെട്ട് വീണ്ടും കുടുംബകോടതിയെ സമീപിച്ചു.
രണ്ടായിരം രൂപ വീതം പ്രതിമാസം ജീവനാംശം നൽകാൻ കോടതി ഉത്തരവായി. ഇതിനെതിരെ സുബ്രഹ്മണ്യൻ ഹൈക്കോടതിയെ സമീപിച്ചു. സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹർജി തള്ളി. പ്രായപൂർത്തിയാകാത്ത മകളുടെ ജീവനാംശം മാതാപിതാക്കൾക്ക് കാരാറിലൂടെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ജീവനാംശം ലഭിക്കാനായി കൃഷ്ണകുമാരി വീണ്ടും കുടുംബകോടതിയെ സമീപിക്കുകയായിരുന്നു.
കുടുംബകോടതി ജഡ്ജി വിദ്യാധരൻ കേസ് ചേംബറിൽ പരിഗണിച്ചു. ഇരുവരും പുനർ വിവാഹിതരല്ലാത്തതിനാൽ മകളുടെ ഭാവിയെ കരുതി പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ച് ഒന്നിച്ചു കഴിയാൻ നിർദേശിച്ചു. ഇരുകക്ഷികളും, അഭിഭാഷകരും നിർദ്ദേശം അംഗീകരിച്ചു. കുട്ടിയോടൊപ്പം ഒരുമിച്ച് കഴിയാനും തീരുമാനിച്ചു. ഇരുവരും അടുത്ത ദിവസം തന്നെ വീണ്ടും വിവാഹം രജിസ്റ്റർ ചെയ്യും. സുബ്രഹ്മണ്യന് വേണ്ടി അഭിഭാഷകരായ ആർ രാജേന്ദ്രപ്രസാദ്, വിമി എസ്, സുനിത ജി എന്നിവരും, കൃഷ്ണകുമാരിക്ക് വേണ്ടി സൂരജ് ആർ മൈനാഗപ്പള്ളിയും ഹാജരായി.
കാസര്‍കോട് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നാലുപേര്‍ കസ്റ്റഡിയിലെന്ന് സൂചന. പ്രദേശത്തുനിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ നാലുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം. പ്രതി ഇവരില്‍ ഒരാളാണെന്ന നിഗമനത്തിലാണ് പോലീസ്.
ഡി.ഐ.ജി. നേരിട്ടെത്തിയ ശേഷമായിരിക്കും പ്രതി ആരാണ് എന്നത് സംബന്ധിച്ച വിവരം പോലീസ് പുറത്തുവിടുക. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 200-ഓളം സി.സി.ടി.വി. ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. കാഞ്ഞങ്ങാട്, പടന്നക്കാട്, ഹോസ്ദുര്‍ഗ് പരിധിയിലെ നാനൂറോളം വീടുകളിലാണ് പോലീസ് ഇതുവരെ പരിശോധന നടത്തിയത്.
കേസില്‍ ദ്രുതഗതിയിലുള്ള അന്വേഷണമാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. നേരത്തെ, സംഭവം നടന്ന പ്രദേശത്തേക്ക് ഉത്തരമേഖല ഡി.ഐ.ജി. നേരിട്ടെത്തുകയും എസ്.പിയുമായി കൂടിച്ചേര്‍ന്ന് യോഗം നടത്തുകയും ചെയ്തിരുന്നു. ഇതിനുശേഷം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. വി. രതീഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്.
സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുക, സമാന സ്വഭാവമുള്ള കേസില്‍പ്പെടുകയും അടുത്തകാലത്ത് ജയിലില്‍നിന്ന് ഇറങ്ങുകയും ചെയ്തിട്ടുള്ള പ്രതികളുടെ വിവരങ്ങള്‍ ശേഖരിക്കുക, ലഹരി-മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ചുള്ള പരിശോധന എന്നീ കാര്യങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും പരിശോധിക്കുന്നതിനായി അന്വേഷണ സംഘത്തെ വീണ്ടും തരംതിരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്.
നാലു വയസുകാരിയ്ക്ക് വിരലിന് പകരം നാവിന് ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെ സസ്പെൻഡ് ചെയ്തു. ശസത്രക്രിയ നടത്തിയ ഡോക്ടർ ബിജോൻൺ ജോൺസനെയാണ് സസ്പെൻഡ് ചെയ്തത്.
സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ ദിവസമാണ് നാല് വയസുകാരിയുടെ ആറാം വിരൽ നീക്കം ചെയ്യാൻ ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിനെ പുറത്തിറക്കിയപ്പോഴാണ് കുഞ്ഞിന്റെ വായിൽ പഞ്ഞിയുള്ള വിവരം വീട്ടുകാർ അറിയുന്നത്. പിന്നീട് കൈയിൽ ആറാം വിരൽ ഉള്ളതായും കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ നടത്തിയതായി കണ്ടെത്തിയത്.
ശസ്ത്രക്രിയ പിഴവ് സംഭവിച്ചതിൽ ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് കുട്ടിയുടെ കുടുംബം. ഇനി ഇങ്ങനെ ഒരു അനുഭവം ആർക്കും ഉണ്ടാകരുതെന്ന് കുടുംബം പറയുന്നു. കുട്ടിയുടെ നാവിന് കുഴപ്പമുണ്ടായിരുന്നില്ലെന്ന് കുടുംബം പറഞ്ഞു. കുട്ടി മാറിപോയെന്നാണ് അധികൃതർ പറഞ്ഞതെന്ന് കുടുംബം പറഞ്ഞു. ശാസ്ത്രക്രിയ മൂലം കുട്ടിക്ക് ഭാവിയിൽ എന്തെങ്കിലും സംഭവിച്ചാൽ ആശുപത്രി അധികൃതർ ഏറ്റെടുക്കണം എന്നും ആവശ്യപ്പെട്ടു. ഡോക്ടറുടെ ശ്രദ്ധക്കുറവാണ് സംഭവത്തിനിടയാക്കിയതെന്ന് കുടുംബം വിമർശിച്ചു.