Latest News

കുസാറ്റ് ക്യാമ്പസില്‍ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പോലീസുകാരനെ അറസ്റ്റ് ചെയ്ത്ജാമ്യത്തില്‍ വിട്ടു.കളമശ്ശേരി എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അനന്തൻ ഉണ്ണിക്കെതിരെയാണ് കേസെടുത്തത്.

രാവിലെ ഒന്‍പതരയോടെ കാമ്പസിലെ റോഡരികില്‍ നില്‍ക്കുകയായിരുന്ന പൊലീസുകാരന്‍ വിദ്യാര്‍ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയതെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതി പൊലീസുകാരനാണെന്ന് കണ്ടെത്തിയത്.

അതേസമയം, പരാതി പിന്‍വലിക്കാന്‍ പെണ്‍കുട്ടിക്ക് മേല്‍ സമ്മര്‍ദമുണ്ടായതായും പറയുന്നു. എന്നാല്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പെണ്‍കുട്ടി അറിയിച്ചതോടെയാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസിൽ മൂന്നംഗസംഘം പിടിയില്‍. ചക്കരപ്പറമ്ബില്‍ ഡ്രീമർ പാഷനേറ്റ്, ഫ്ളൈയിങ് ഫ്യൂച്ചർ എന്നീ സ്ഥാപനങ്ങള്‍ നടത്തിയിരുന്ന കണ്ണൂർ പള്ളിക്കുന്ന് സ്വദേശി ദിവിക്ഷിത് (31), ഭാര്യ കോതമംഗലം കോട്ടപ്പടി സ്വദേശിനി ഡെന്ന (26), കണ്ണൂർ മമ്പറം സ്വദേശി റിജുൻ (28) എന്നിവരെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റുചെയ്തത്.

പോളണ്ട്, ന്യൂസീലൻഡ്, പോർച്ചുഗല്‍, അർമേനിയ എന്നിവിടങ്ങളില്‍ വർക്ക് വിസയും ഉയർന്ന ശമ്ബളത്തിലുള്ള ജോലിയും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. വിസ നല്‍കാതെ കബളിപ്പിക്കുന്നതിനൊപ്പം ചിലർക്ക് വിസിറ്റിങ് വിസ നല്‍കിയും ഇവർ പണം തട്ടിയതായി പോലീസ് പറയുന്നു. വിദേശത്തെത്തുമ്ബോള്‍ വിസിറ്റിങ് വിസ വർക്ക് വിസയാക്കി മാറ്റിത്തരാമെന്ന ഉറപ്പിന്മേല്‍ പണം നല്‍കിയവർ കബളിപ്പിക്കപ്പെട്ടു.

ന്യൂസീലൻഡിലേക്ക് ഈ രീതിയില്‍ വിസിറ്റിങ് വിസ നല്‍കി തിരുവനന്തപുരം സ്വദേശികളില്‍നിന്ന് 14 ലക്ഷം രൂപയും അർമേനിയയിലേക്കെന്ന പേരില്‍ കൊച്ചി സ്വദേശിയില്‍നിന്ന് അഞ്ചുലക്ഷം രൂപയും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇതുകൂടാതെ ഏഴു കേസുകളും ഇവർക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിലായിരുന്ന പ്രതികളെ സൈബർ സെല്ലിന്റെ സഹായത്തോടെ പാടിവട്ടത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.

സാമൂഹിക മാധ്യമങ്ങളില്‍ സിനിമാതാരങ്ങളെ ഉപയോഗിച്ച്‌ പരസ്യം ചെയ്തായിരുന്നു ഇവർ തട്ടിപ്പ് നടത്തിയതെന്നും പോലീസ് പറയുന്നു. നൂറോളം പേർക്ക് പണം നഷ്ടമായതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

2023-2024 സാമ്പത്തികവർഷത്തിൽ 1870 കോടി ദിർഹം ലാഭംനേടി എമിറേറ്റ്‌സ് ഗ്രൂപ്പ്. ചരിത്രത്തിലെ ഏറ്റവുംഉയർന്ന സാമ്പത്തിക നേട്ടമാണിത്. മുൻവർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 71 ശതമാനം അധിക ലാഭമാണ് കൈവരിച്ചത്.

2023-2024 വർഷം സ്ഥാപനത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ ഒന്നായി മാറുമെന്ന് എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവും ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു. ഈ കാലയളവിൽ 151 ലക്ഷ്യസ്ഥാനങ്ങളിലേക്കായി 5.19 കോടി യാത്രക്കാരാണ് എമിറേറ്റ്‌സ് എയർലൈനുകളിൽ സഞ്ചരിച്ചത്. കൂടാതെ 22 ലക്ഷം ടൺ ചരക്കുനീക്കവും നടത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള പ്രവർത്തനങ്ങൾ വിപുലീകരിച്ചതിലൂടെയാണ് എമിറേറ്റ്‌സിന്റെയും ഡനാറ്റയുടെയും ലാഭവും വരുമാനവും വർധിച്ചത്. ലാഭത്തിൽനിന്ന് ഒരുവിഹിതം ഇത്തവണയും ജീവനക്കാർക്ക് നൽകും. ജീവനക്കാരുടെ 20 ആഴ്ചയിലെ ശമ്പളമാണ് ബോണസായി നൽകുക.

കഴിഞ്ഞവർഷം 24 ആഴ്ചയിലെ ശമ്പളം ബോണസായി നൽകിയിരുന്നു. ജീവനക്കാരുടെ പരിശ്രമങ്ങൾക്ക് ശൈഖ് അഹമ്മദ് നന്ദിയറിയിച്ചു. 84 രാജ്യങ്ങളിലായി 170-ലേറെ ദേശീയതയിലുള്ള 1,12,406 ജീവനക്കാരാണ് ഗ്രൂപ്പിലുള്ളത്. അടുത്തവർഷം 10 പുതിയ എ 350 വിമാനങ്ങൾ വാങ്ങാനും കൂടുതൽ പ്രതിഭാശാലികളായ ജീവനക്കാരെ നിയമിക്കാനും പദ്ധതിയുണ്ട്.

2027-ഓടെ ക്യാബിൻ ക്രൂ അംഗങ്ങൾ, പൈലറ്റ്, എൻജിനിയർമാർ, ഉപഭോക്തൃ സേവന ഏജന്റുമാർ, ഐ.ടി. വിദഗ്ധർ എന്നിങ്ങനെ ആയിരക്കണക്കിന് പുതിയ ജീവനക്കാരെ നിയമിക്കാനാണ് ലക്ഷ്യമിടുന്നത്.

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ‘പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം’ സംഘടിപ്പിക്കുന്നു. 2024 മെയ് 16 മുതൽ 19 വരെ ഒരുക്കുന്ന താമസിച്ചുള്ള ധ്യാനത്തിൽ, പ്രശസ്ത തിരുവചന ശുശ്രുഷകനും, ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, അഭിഷിക്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ SH എന്നിവർ സംയുക്തമായി അഭിഷേക ധ്യാനം നയിക്കും.

മെയ് 16 വ്യാഴാഴ്ച രാവിലെ ഒമ്പതര മണിക്ക് ആരംഭിക്കുന്ന പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം പെന്തക്കുസ്താ തിരുന്നാൾ ദിനമായ 19 നു ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് സമാപിക്കും. ആല്മീയ-ബൗദ്ധീക-മാനസ്സിക മേഖലകളിൽ ദൈവീക കൃപകളുടെ നിറവിനായി ഒരുക്കുന്ന പരിശുദ്ധത്മാ അഭിഷേക ധ്യാനം സെന്റ് നിയോട്ട്സ്, ക്ലാരട് സെന്ററിൽ വെച്ചാണ് നടക്കുക.

ദൈവീകമായ സത്യവും നീതിയും വിവേചിച്ചറിയുവാനുള്ള ജ്ഞാനവും, പരിശുദ്ധാത്മ കൃപകളുടെ വരദാനവും ആർജ്ജിച്ച്, ആല്മീയ ചൈതന്യത്തിൽ ജീവിതം നയിക്കുവാൻ അനുഗ്രഹവേദിയൊരുങ്ങുന്ന പരിശുദ്ധാല്മ അഭിഷേക ധ്യാനത്തിൽ പങ്കു ചേരുവാൻ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
മനോജ് തയ്യിൽ – 07848808550, മാത്തച്ചൻ വിളങ്ങാടൻ – 07915602258
([email protected])

Venue:- Claret Centre, Buckden Towers , High Street, Buckden, St. Neots, Cambridgeshire,
PE19 5TA

ജിജോ വാലിപ്ലാക്കീൽ

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി തോമസ് മാറാട്ടുകളം സ്വാഗതവും കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അജയ് പിള്ള വരവ് ചിലവ് കണക്കൂം അവതരിപ്പിച്ച് അംഗങ്ങള്‍ എല്ലവരും കയ്യടിച്ച് പാസ്സാക്കി.

തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. പ്രസിഡന്റ്: ജോബി ജോര്‍ജ്, വൈസ് പ്രസിഡന്റ്: സീമ ഗോപിനാഥ്‌, സെക്രട്ടറി: അജയ് പിള്ള, ജോയിന്റ് സെക്രട്ടറി: നീതു ജിമിന്‍, ട്രഷറര്‍: രാജി ഫിലിപ്പ് ജോയിന്റ് ട്രഷറര്‍: റീജാ തോമസ്, ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍ വിനൂ വി. ആര്‍, ആദര്‍ശ് കുര്യന്‍ എന്നിവരെയും തിരഞ്ഞെടുത്തു. ഓഡിറ്ററായി ബെന്നി വര്‍ഗ്ഗീസും ചുമതലയേറ്റു.

കൂടാതെ നിലവിലെ യുക്മ പ്രതിനിധികളായി സുമേഷ് മേനോന്‍, തോമസ് വര്‍ഗീസ്, ടോമി പാരയ്ക്കലും അടുത്ത യുക്മ തിരഞ്ഞെടുപ്പുവരെയും അസോസിയേഷനെ പ്രതിനിധീകരിക്കാനൂം തീരുമാനിച്ചു. പുതിയതായി ചുമതലയേറ്റ ഭാരവാഹികള്‍ക്ക്‌ കമ്മ്യൂണിറ്റി അംഗങ്ങള്‍ ഒന്നടങ്കം ആശംസകള്‍ അറിയിച്ച് പൊതുയോഗം പിരിഞ്ഞു.

ആതുരസേവന രംഗത്തെ മാലാഖമാർക്ക് സ്നേഹാദരങ്ങളർപ്പിച്ച് നോർത്ത് ലിങ്കൺഷയറിലെ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഇൻ്റർ നാഷണൽ നഴ്സസ് ഡേ സമുചിതമായി ആഘോഷിച്ചു. ഹൾ ഇന്ത്യൻ മലയാളി അസോസിയേഷനും ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറും സംയുക്തമായാണ് ദിനാഘോഷം സംഘടിപ്പിച്ചത്. ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ്റെ ക്ഷണം സ്വീകരിച്ച് ഹൾ, ഗ്രിംസ്ബി, ഗെയിൻസ്ബറോ എന്നിവിടങ്ങളിൽ നിന്നുള്ള നഴ്സുമാരും കുടുംബാംഗങ്ങളും പ്രോഗ്രാമിൽ പങ്കെടുത്തു.

സ്കൻതോർപ്പിലെ ന്യൂലൈഫ് ചർച്ച് ഹാളിൽ മെയ് 11ന് നടന്ന ഇവൻറിൽ പ്രൗഡഗംഭീരമായ സദസിനെ സാക്ഷിയാക്കി ‘യു റെയ്സ് മി അപ്’ എന്ന ഗാനത്തിൻ്റെ അകമ്പടിയോടെ കൈയിൽ ദീപങ്ങളുമായി നഴ്സുമാർ സ്റ്റേജിൽ അണിനിരന്നു. തുടർന്ന് അസോസിയേഷനിലെ കുട്ടികൾ നഴ്സുമാർക്ക് പൂക്കളും സ്വീറ്റ്സും താങ്ക് യു കാർഡും കൈമാറി. വേദനയുടെ ലോകത്ത് ആശ്വാസവാക്കുകളും സ്നേഹത്തിൻ്റെ തലോടലുമായി ഓടിയെത്തുന്ന ജീവൻ്റെ കാവലാളുകളായ നഴ്സുമാർക്ക് അർഹിക്കുന്ന ആദരം തന്നെയാണ് അസോസിയേഷനുകൾ ഒരുക്കിയത്.

യോർക്ക് ആൻഡ് ഹംബർ ടീച്ചിംഗ് ഹോസ്പിറ്റലിലെ അസിസ്റ്റൻ്റ് ചീഫ് നഴ്സ് എമ്മാ ജോർജും നാവിഗോ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് മൈക്ക് റീവും ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു. ഇന്ത്യയിലെ നഴ്സുമാരെ യുകെയിലേയ്ക്ക് റിക്രൂട്ട് ചെയ്യാൻ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നിരവധി തവണ സന്ദർശനം നടത്തിയിട്ടുള്ള എമ്മയും മൈക്കും ഇന്ത്യൻ നഴ്സുമാർ സേവന രംഗത്ത് കാണിക്കുന്ന അർപ്പണബോധത്തെയും ജോലിയിലെ മികവിനെയും പ്രസംഗങ്ങളിൽ പ്രത്യേകം പരാമർശിച്ചു. നഴ്സസിനെ ആദരിക്കുന്നതിനായി ഒരുക്കിയ ചടങ്ങിനെ അതി മനോഹരമെന്നാണ് ഇരുവരും വിശേഷിപ്പിച്ചത്.

ഇന്ത്യൻ കൾച്ചറൽ അസോസിയേഷനിലെ കുട്ടികൾ ഒരുക്കിയ കലാപ്രകടനങ്ങൾ ചടങ്ങിന് മാറ്റുകൂട്ടി. കലാഭവൻ നൈസിൻ്റെ ശിക്ഷണത്തിൽ ഇവാനാ ബിനു, കരോൾ ബ്ളെസൻ, ലിയാൻ ബ്ളെസൻ, ബിൽഹാ ഏലിയാസ്, ദേവസൂര്യ സജീഷ്, ജെസാ ജിമ്മി, ഗബ്രിയേല ബിനോയി എന്നിവരടങ്ങുന്ന റിഥമിക് കിഡ്സ് ജൂണിയേഴ്സും സിയോണ പ്രിൻസ്, ജിയാ ജിമ്മി, ഇഷാൻ സൂരജ്, ജെയ്ഡൻ ജോജി, ഇവാനിയാ ലിബിൻ, അഡ്വിക്ക് മനോജ് എന്നിവരുടെ റിഥമിക് കിഡ്സ് സബ് ജൂണിയേഴ്സും സ്റ്റേജിൽ തകർത്താടി സദസിൻ്റെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി. ഹൾ അസോസിയേഷനിലെ ആൻഡ്രിയ വിജോയുടെ ഡാൻസും ചടങ്ങിനെ നയന മനോഹരമാക്കി. നഴ്സസ് വീക്കിൻ്റെ ഭാഗമായി നടത്തിയ ക്വിസ് കോമ്പറ്റീഷൻ വിജയികളായ ശ്രേയ സൂരജ്, ഷെറിൻ ടോണി, നിസരി ദിൽജിത്ത്, ലിസാ ബിനോയി, ഡോയൽ എന്നിവർക്ക് സമ്മാനം നൽകി.

ഹൾ ഇന്ത്യൻ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡൻറ് വിജോ മാത്യു ചടങ്ങിനെ അഭിസംബോധന ചെയ്തു. അഡ്വാൻസ്ഡ് ക്ളിനിക്കൽ പ്രാക്ടീഷണർ റോബി ജെയിംസ് നഴ്സിംഗ് രംഗത്തെ അനുഭവങ്ങൾ സദസുമായി പങ്കുവെച്ചു. ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺ ഷയറിൻ്റെ പ്രസിഡൻ്റ് വിദ്യാ സജീഷിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡൻറ് സോണാ ക്ളൈറ്റസ് സ്വാഗത പ്രസംഗവും സെക്രട്ടറി ബിനോയി ജോസഫ് നന്ദി പ്രകാശനവും നടത്തി. ഫോക്കസ് ഫിൻസുർ ലിമിറ്റഡ്, ജി എം പി ഗ്രൂപ്പ്, ആസ്ബറി ലീഗൽ സർവീസസ്, ലാഭം ജനറൽ സ്റ്റോർ എന്നീ സ്ഥാപനങ്ങൾ നഴ്സസ് ഡേ പ്രോഗ്രാമിന് സ്പോൺസർഷിപ്പുമായി പിന്തുണ നല്കി.

സ്കൻതോർപ്പിലും നോർത്ത് ലിങ്കൺഷയറിലുമുള്ള ഇന്ത്യൻ സമൂഹത്തിൽ നിറസാന്നിധ്യമായി ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ മാറിക്കഴിഞ്ഞു. അച്ചടക്കത്തോടെയും ആത്മാർഥതയോടെയും പുതുതലമുറയ്ക്ക് വേണ്ട പിന്തു നൽകുക എന്ന ഉറച്ച ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് അസോസിയേഷൻ നടത്തി വരുന്നത്

നഗരത്തില്‍ തിങ്കളാഴ്ച വൈകീട്ട് പെയ്ത മഴയ്ക്കും പൊടിക്കാറ്റിനുമിടെ ഘാട്‌കോപ്പറില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് പെട്രോള്‍ പമ്പിന് മുകളിലേക്ക് മറിഞ്ഞുവീണ് എട്ട്‌ മരണം. 59 പേര്‍ക്ക് പരിക്കേറ്റു. നിരവധിപേര്‍ പരസ്യബോര്‍ഡിനടിയില്‍ കുടുങ്ങിയതായി സംശയിക്കുന്നുണ്ട്. ഈസ്‌റ്റേണ്‍ എക്‌സ്പ്രസ് വേയിലെ പോലീസ് ഗ്രൗണ്ട് പട്രോള്‍ പമ്പിലേക്കാണ് കൂറ്റന്‍ പരസ്യബോര്‍ഡ് മറിഞ്ഞുവീണത്. പരസ്യ ബോര്‍ഡിന്റെ ഇരുമ്പ് കാലുകള്‍ പെട്രോള്‍ പമ്പില്‍ ഉണ്ടായിരുന്ന കാറുകള്‍ അടക്കമുള്ളവയിലേക്ക് തുളച്ചുകയറി. സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് എക്‌സിലൂടെ അറിയിച്ചു.

വാഹനങ്ങളടക്കം ബോര്‍ഡിനടിയില്‍ കുടുങ്ങിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വൈകീട്ട് 4.30ഓടെ പെയ്ത മഴയ്ക്കും പൊടിക്കാറ്റിനും ഇടയിലാണ് അപകടം. 50 മുതല്‍ 60 വരെ ആളുകള്‍ കൂറ്റന്‍ ബോര്‍ഡിനടിയില്‍ കുടുങ്ങിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. അഗ്നിരക്ഷാസേനയും മഹാനഗര്‍ ഗ്യാസ് ലിമിറ്റഡിന്റെ സംഘവുമടക്കം രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ടെന്ന് മുംബൈ പോലീസ് അറിയിച്ചു.

പൊടിക്കാറ്റും മഴയുംമൂലം മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഒരു മണിക്കൂറോളം തടസപ്പെട്ടിരുന്നു. 15-ഓളം വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. മെട്രോ ട്രെയിന്‍ സര്‍വീസും സബര്‍ബന്‍ തീവണ്ടി സര്‍വീസുമടക്കം തടസപ്പെട്ടു. പലസ്ഥലത്തും വൈദ്യുതി മുടങ്ങുകയും ചെയ്തിരുന്നു.

വിവാഹം കഴിഞ്ഞ് ഏഴു ദിവസത്തിന് ഉള്ളില്‍ തന്നെ നവവധു നേരിടേണ്ടി വന്നത് ക്രൂരമർദ്ദനം. പറവൂര്‍ സ്വദേശിയായ യുവതിയ്ക്കാണ് ഭർത്താവിന്റെ ക്രൂരമർദ്ദനം ഏല്‍ക്കേണ്ടി വന്നത് സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

സംശയത്തിന്റെ പേരിലാണ് മദ്യപിച്ചെത്തി ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദിച്ചതെന്ന് യുവതി പറയുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി പറവൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.

ഈ മാസം അഞ്ചിനാണ് പറവൂര്‍ സ്വദേശിയായ പെണ്‍കുട്ടിയും കോഴിക്കോട് പന്തീരങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലും (29) തമ്മിലുള്ള വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ച്‌ നടന്നത്. തുടര്‍ന്ന് വിവാഹാനന്തരച്ചടങ്ങായ അടുക്കളകാണലിന് വധുവിന്റെ വീട്ടുകാരടങ്ങുന്ന സംഘം രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിയെ ക്രൂരമായി മര്‍ദിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് ശാരീരികമായി പീഡിപ്പിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിന്റെ പേരില്‍ ഗാര്‍ഹികപീഡനത്തിന് പോലീസ് കേസെടുക്കുകയായിരുന്നു.

വരന്റെ വീട്ടില്‍ വിരുന്നിനെത്തിയ ബന്ധുക്കള്‍ കണ്ടത് വധുവിന്റെ ശരീരമാസകലം മർദ്ദനമേറ്റ പരിക്ക്: ഏഴാം ദിവസം വേർപിരിയല്‍

മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴിയാണ് രാഹുലിന്റെ വിവാഹാലോചന വന്നത്. ഒരിക്കല്‍ ആലോചന വന്ന് ചില കാരണങ്ങളാല്‍ മുടങ്ങി പോയിരുന്നു. പിന്നീട് രണ്ടാമത് രാഹുലിന്റെ താത്പര്യപ്രകാരം വീണ്ടും ആലോചനയുമായി എത്തുകയായിരുന്നു. തുടര്‍ന്നാണ് വിവാഹം നടന്നത്. വിവാഹത്തിന് മുമ്ബ് ഇത്തരം പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, വിവാഹത്തിന് ശേഷം ചെറിയ പിണക്കമുണ്ടായി. ഇതിന് പിന്നാലെ കൂടെ ജോലി ചെയ്യുന്നവരടക്കമുള്ള പുരുഷന്മാരുടെ ഫോണ്‍ നമ്ബരുകള്‍ ബ്ലോക്ക് ചെയ്തു. ഇതിനുശേഷം ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരികെ മദ്യപിച്ചെത്തി ഈ കാരണം പറഞ്ഞ് ക്രൂരമായി മര്‍ദിക്കുകയാണുണ്ടായതെന്നും യുവതി പറഞ്ഞു.

“മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കി. ചെകിടത്തും ദേഹത്തുമെല്ലാം അടിച്ചു. തല പിടിച്ച്‌ ഇടിച്ചു. ഇപ്പോള്‍ ഒരു ഭാഗം വീങ്ങിയിരിപ്പുണ്ട്. മുഖത്ത് അടിച്ചപ്പോള്‍ ബോധം പോവുകയും മൂക്കില്‍നിന്നും ചോര വരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഭര്‍ത്താവും അന്നേരം വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവിന്റെ സുഹൃത്തും ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയി. തിരികെയെത്തിയതിന് പിന്നാലെ കുറേ ക്ഷമയൊക്കെ പറഞ്ഞിരുന്നു” യുവതി പറഞ്ഞു.

സംഭവത്തിന് തൊട്ടടുത്ത ദിവസം അടുക്കളകാണലിനെത്തിയ ബന്ധുക്കള്‍ യുവതിയുടെ മുഖത്തും കഴുത്തിലുമായി മര്‍ദിച്ചപാടുകള്‍ കണ്ടതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പീഡനവിവരം യുവതി ബന്ധുക്കളോട് പറഞ്ഞത്. ആദ്യം കുളിമുറിയില്‍ വീണതാണെന്നാണ് പറഞ്ഞതെങ്കിലും സംശയം തോന്നിയ വീട്ടുകാര്‍ കൂടുതല്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം യുവതി വീട്ടുകാരോട് തുറന്നുപറഞ്ഞത്. ഉടന്‍ തന്നെ പന്തീരങ്കാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

രാഹുല്‍ ജര്‍മനിയില്‍ എയറോനോട്ടിക്കല്‍ എന്‍ജിനീയറാണ്. എം.ടെക്ക് ബിരുദധാരിയായ യുവതി ടെക്‌നോപാര്‍ക്കിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ്. അതേസമയം, തന്റെ മകളെ ക്രൂരമായി മര്‍ദിച്ച രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. ഗാര്‍ഹികപീഡനത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. യുവതിയെ ക്രൂരമായി മര്‍ദിച്ചതില്‍ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്നും യുവതിയുടെ പിതാവ് ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചാലക്കുടി ചങ്ങാത്തം സൗഹൃദ കൂട്ടായിമയിലേക്ക് പുതുതായി എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം.
ചാലക്കുടി ചങ്ങാത്തം സൗഹൃദ കൂട്ടായ്മയെ എല്ലാവരെയും കൂടുതലായി പരിചയപെടുത്തുന്നു. 2013 -ൽ ചാലക്കുടികാരായ കുറച്ചു കൂട്ടുകാർ ഒന്നിക്കുകയും അവരിൽ നിന്നും വന്ന ഒരു ആശയം നമ്മുടെ ചാലക്കുടിക്കാരുടെ ഒരു സൗഹൃദകൂട്ടായ്മ വേണമെന്നുള്ള അവരുടെ ആഗ്രഹത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി ചാലക്കുടി ചങ്ങാത്തം ഒത്തു കൂടി 2013 -ൽ ഇംഗ്ലണ്ടിലെ ബിർമിംഗ്ഹാമിൽ വെച്ച് ഫാ. വില്ഫ്രഡ്‌, ഫാ. തോമസ്, ഫാ. ജയിസൺ, എന്നിവർ ഉത്ഘാടകരായി നമ്മുടെ ചാലക്കുടി ചങ്ങാത്തത്തിനു തിരി തെളിയിച്ചു.

ആട്ടും പാട്ടവും ചാലക്കുടിയുടെ മധുരമാർന്ന ഓർമ്മകളും പങ്കുവെച്ചു ചാലക്കുടി ചങ്ങാത്തം ഒത്തു ചേർന്ന് നമ്മുടെ ചങ്ങാത്തത്തിന്റെ ആദ്യ പ്രസിഡന്റ്‌ ആയി സൈബിൻ പാലാട്ടിയും സെക്രട്ടറി ആയി ബിജു അമ്പൂക്കനിനെയും ട്രഷററായി എൽസി ജോയും മുൻപിൽ നിന്ന് നയിച്ചു. നമ്മുടെ ആദ്യ പ്രോഗ്രാം വളരെ വിജയകരമാക്കി ചാലക്കുടി ചങ്ങാത്തം സൗഹൃദ കൂട്ടായ്മ വീണ്ടും ഒത്തുകൂടാൻ തുടങ്ങി വർഷത്തിൽ ഒരു ക്രിസ്മസ് ന്യൂഇയർ സെലിബ്രേഷൻ അതുപോലെ ജൂൺ മാസത്തിൽ ഒരു അനുവൽ പ്രോഗ്രാം, ചാരിറ്റി പ്രവർത്തനങ്ങൾ തുടർന്നുള്ള വർഷങ്ങളിൽ ഇത് കൂടുതൽ മനോഹരമാക്കി കൊണ്ട് ഓരോ ഭാരവാഹികളും ചങ്ങാത്തം കൂടുതൽ മനോഹരമാക്കി..

2015 -ൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്‌ ക്രീയേറ്റ് ചെയ്ത് കൂടുതൽ ആളുകളെ ചങ്ങാത്തത്തിലേക്കു എത്തിച്ചു ചാലക്കുടിയും ചാലക്കുടിയോട് അനുബന്ധിച്ചു കിടക്കുന്ന സ്ഥലംങ്ങളും ചാലക്കുടി നാടിനെ സ്നേഹിക്കുന്ന എല്ലാവരെയും ഒന്നിക്കുന്ന വലിയ സൗഹൃദ സംഗമായി മാറി,.. ഓരോ പ്രോഗ്രാമിലും ചങ്ങാത്തതിലെ ഒരുപാട് നല്ല കലാകാരന്മാരെ നമുക്ക് കാണാൻ കഴിഞ്ഞു… ഇന്ന് നമ്മൾ നമ്മുടെ അനുവൽ പ്രോഗ്രാമിന് ഒരുക്കങ്ങൾ നടത്തുമ്പോൾ ആദ്യം മുതലേ നമ്മുടെ ചാലക്കുടി ചങ്ങാത്തത്തിനു മുൻപിൽ നിന്നും പിറകിൽ നിന്നും നയിച്ച എല്ലാവരെയും ഓർക്കുന്നു…. അതുപോലെ നമ്മുടെ പുതുതായി എത്തിയ എല്ലാവർക്കും ചാലക്കുടി ചങ്ങാത്തം സൗഹൃദ കൂട്ടായിമയിലേക്ക് ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്നു നമുക്ക് ഒരുമിച്ച് നിന്ന് കൊണ്ട് നമ്മുടെ ആരവം 2024 നു ഒത്തു ചേരാം. .

2013 മുതൽ നമ്മുടെ ചങ്ങാത്തതിന്റെ ഭാരവാഹികളുടെ പേരുകൾ താഴെ ചേർക്കുന്നു

2013-2015
പ്രസിഡൻ്റ് – സൈബിൻ പാലാട്ടി
സെക്രട്ടറി – ബിജു അംബുക്കൻ
ട്രഷറർ- എൽസി ജോയി

2015 —2016
പ്രസിഡൻ്റ് – ജോഷി പയപ്പിള്ളി
സെക്രട്ടറി -വേണു ചാലക്കുടി
ട്രഷറർ -ദിവ്യ ബോബിൻ

2017–2018
പ്രസിഡൻ്റ് -ദാസൻ നെറ്റിക്കാടൻ
സെക്രട്ടറി- ഷാജു പാലിപ്പാടൻ
ട്രഷറർ- ഹിൽഡ ബൈജു

2019 – 2020
പ്രസിഡൻ്റ്- ബാബു ചാലക്കുടി
സെക്രട്ടറി- ജിയോ ജോസഫ്
ട്രഷറർ- ടാൻസി പാലാട്ടി

2021–2022
പ്രസിഡൻ്റ്- സെജോ മൽപാൻ
സെക്രട്ടറി- ഷാജു ടെൽഫോർഡ്
ട്രഷറർ- ദീപ ഷാജു

2023—
പ്രസിഡൻ്റ്- സോജൻ നബിപറമ്പിൽ
സെക്രട്ടറി- ആദർശ് ചന്ദ്രശേഖർ
ട്രഷറർ- ജോയ് പാലത്തിങ്കൽ ആൻ്റണി

എന്നാൽ ഇവരെ കൂടാതെ ഇതിന്റ തുടക്കം മുതൽ ഈ സ്‌നേഹ ചങ്ങാത്തത്തിന് വേണ്ടി പ്രവർത്തിച്ച നമ്മുടെ എല്ലാം പ്രയപ്പെട്ട ജിബി ജോർജ് മട്ടക്കൽ, ടാൻസി പാലാട്ടി , സിൽജി ജോയി . ഇവരുടെ എല്ലാവരുടെയും പേരുകൾ പരിചയപ്പെടുത്താതെ എനിക്ക് ചാലക്കുടി ചങ്ങാത്തം പരിചയപ്പെടുത്താനാകില്ല. .എല്ലാവരുടെയും പരിശ്രമത്തിന്റ ഭാഗമായി ചാലക്കുടി ചങ്ങാത്തം ഇത്രയും വലിയൊരു കൂട്ടായ്മയായി വളർന്നു നില നിന്ന് ഇനിയെന്നും ഒത്തുകൂടാൻ നമുക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നമുക്ക് എല്ലാവർക്കും ഒരുമിച്ച് നിന്ന് നമ്മുടെ ഈ വർത്തെ അനുവൽ പ്രോഗ്രാം ആരവം ആഘോഷമാക്കി മാറ്റം .

കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഇടതുപക്ഷത്തിന് ലഭിക്കുന്ന രണ്ടെണ്ണത്തില്‍ ഒന്നില്‍ പരസ്യ അവകാശവാദം ഉന്നയിച്ച് കേരള കോണ്‍ഗ്രസ് എം. കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റാണെന്നും എല്‍.ഡി.എഫ്. ഉചിതമായ തീരുമാനം എടുക്കുമെന്നും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പ്രതികരിച്ചു.

‘ജോസ് കെ. മാണിയാണ് ഇപ്പോള്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് എം.പിയായി ഇരിക്കുന്നത്. അതുകൊണ്ടുതന്നെ കേരള കോണ്‍ഗ്രസ് എമ്മിന് അവകാശപ്പെട്ട സീറ്റാണിത്. എല്‍.ഡി.എഫ്. ഉചിതമായ തീരുമാനം എടുക്കും’, സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.

അതേസമയം, ഇത്തരം ചര്‍ച്ചകള്‍ നടത്തേണ്ടത് പൊതു ഇടത്തിലല്ലെന്ന് കേരള കോണ്‍ഗ്രസ് എം. സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം ചെയര്‍മാന്‍ ജോസ് കെ. മാണി പറഞ്ഞു. രാജ്യസഭാ സീറ്റിനെ സംബന്ധിച്ച് സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ല. എല്‍.ഡി.എഫില്‍ ആദ്യംചര്‍ച്ച ചെയ്യും. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് വ്യക്തമായ നിലപാടുണ്ട്. മുന്നണിയിലാണ് ചര്‍ച്ച ചെയ്യേണ്ടത്, പൊതുഇടത്തിലല്ല. സി.പി.എമ്മും എല്‍.ഡി.എഫും ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂലായ് ഒന്നിനാണ് സി.പി.എം. നേതാവ് എളമരം കരീം, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എന്നിവരുടെ രാജ്യസഭാ കാലാവധി തീരുന്നത്. ഇടതുമുന്നണിയുടെ മൂന്നുപേര്‍ ഒഴിയുമ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍, എം.എല്‍.എ.മാരുടെ എണ്ണമനുസരിച്ച് രണ്ടുപേരെയേ മുന്നണിക്ക് ജയിപ്പിക്കാനാവൂ. സി.പി.ഐ.യുടെയും കേരള കോണ്‍ഗ്രസ് എമ്മിന്റെയും ഏറ്റവും മുതിര്‍ന്ന നേതാക്കള്‍ ഒഴിയുന്ന സീറ്റ് വീണ്ടും നിലനിര്‍ത്തേണ്ടത് രണ്ടുപാര്‍ട്ടികളുടെയും ആവശ്യമാണ്.

അതേസമയം, മൂന്ന് സീറ്റില്‍ ഒന്ന് തങ്ങളുടേതാണെന്നും അതില്‍ വിട്ടുവീഴ്ച വേണ്ടെന്നുമുള്ള നിലപാടാണ് സി.പി.ഐക്ക്. മുന്നണി യോഗത്തില്‍ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് സി.പി.ഐക്കുള്ളിലെ പൊതുവികാരം.

വിഷയം ഇതുവരെ ഇടത് മുന്നണി ചര്‍ച്ച ചെയ്തിട്ടില്ല. നിലവിലെ നിയമസഭയിലെ അംഗബലം അനുസരിച്ച് ഇടത് മുന്നണിക്ക് രണ്ട് സീറ്റില്‍ വിജയിക്കാനാകും. ഇതില്‍ ഒന്ന് സി.പി.എമ്മിനും മറ്റൊന്ന് ഘടക കക്ഷിക്കുമായാണ് പോവുക.

RECENT POSTS
Copyright © . All rights reserved