നാട്ടിലെ പ്രണയം പൊളിക്കാന്‍ മാതാപിതാക്കള്‍ 15 കാരിയെ കുടുംബ സുഹൃത്തിന്റെ വീട്ടിലാക്കി. കുടുംബ സുഹൃത്തിന്റെ പിതാവായ 57 കാരന് ഇത് തരമായിക്കണ്ടു പെണ്‍കുട്ടിയെ ശല്യം ചെയ്യാന്‍ തുടങ്ങി. ഇയാളുടെ പീഡനം സഹിക്കവയ്യാതായതോടെ പെണ്‍കുട്ടി കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെണ്‍കുട്ടിയുടെ മൊഴി ലഭിച്ചതോടെ പോലീസ് തമിഴ്നാട് ബിദര്‍ക്കാട് മുണ്ടനിശ്ശേരി വര്‍ഗീസിനെ (57) അറസ്റ്റ് ചെയ്തു. കൊട്ടിയൂര്‍ സ്വദേശിനിയായ 15-കാരി ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.
തങ്കച്ചന്റെ പഴൂര്‍ ആശാരിപ്പടിയിലുള്ള ഫര്‍ണിച്ചര്‍ കടയില്‍വച്ച് ഒരാഴ്ച മുമ്പാണ് പെണ്‍കുട്ടി കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നാട്ടില്‍ ഒരു യുവാവുമായുണ്ടായ പ്രണയബന്ധം വീട്ടില്‍ അറിഞ്ഞതോടെ പെണ്‍കുട്ടിയെ കുടുംബസുഹൃത്തായ സ്ത്രീയുടെ ബിദര്‍ക്കാടുള്ള തറവാട്ടുവീട്ടിലേക്ക് മാറ്റിത്താമസിപ്പിക്കുകയായിരുന്നു.
ഇവിടെ താമസിച്ചുവരുന്നതിനിടെ തങ്കച്ചന് വീട്ടിലും പഴൂരിലെ ഫര്‍ണിച്ചര്‍ കടയിലും വെച്ച് പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി. ഫര്‍ണിച്ചര്‍കടയില്‍വച്ച് തങ്കച്ചന് വീണ്ടും മോശമായി പെരുമാറിയതോടെയാണ് കടയിലെ മര ഉരുപ്പടികളില്‍ ചിതലിനെ പ്രതിരോധിക്കാനുള്ള കീടനാശിനി കഴിച്ച് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. വിഷംകഴിച്ച് അവശനിലയിലായ പെണ്‍കുട്ടിയെ തങ്കച്ചന്‍തന്നെയാണ് മൂന്ന് ആശുപത്രികളിലെത്തിച്ചത്.
രണ്ടുതവണ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും വിശദമായ അന്വേഷണം നടത്തുകയുംചെയ്തു. തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ തങ്കച്ചന്റെ മൊബൈല്‍ഫോണ്‍ പരിശോധിച്ചു. പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗംചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിസൂക്ഷിച്ചിരുന്ന തങ്കച്ചന്, പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെ ഈ ചിത്രങ്ങള്‍ ഫോണില്‍നിന്ന് നീക്കംചെയ്തിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചിത്രങ്ങള്‍ വീണ്ടെടുത്തതോടെ തങ്കച്ചന് പൊലീസിനുമുന്നില്‍ കുറ്റസമ്മതം നടത്തി. പോക്സോ, ഐ.ടി. തുടങ്ങിയ വകുപ്പുകള്‍പ്രകാരമാണ് പ്രതിയുടെപേരില് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പെണ്‍കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. തങ്കച്ചനെ റിമാന്‍ഡ് ചെയ്തു.
മുംബൈ: മുംബൈ തീരത്ത് ഏഴ് യാത്രക്കാരുമായി പോയ ഹെലികോപ്ടർ കാണാതായി. അഞ്ച് ഒഎൻജിസി ജീവനക്കാരും രണ്ട് പൈലറ്റുമാരുമായിരുന്നു ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. തീരത്ത് നിന്ന് 30 നോട്ടിക്കൽ മൈൽ അകലെ വെച്ച് ഹെലികോപ്ടറുമായുള്ള ബന്ധം നഷ്ടമായെന്ന് എയർ ട്രാഫിക് കൺട്രോൾ അറിയിച്ചു.
ജൂഹുവിൽ നിന്ന് രാവിലെ 10.20നാണ് ഹെലികോപ്ടർ പുറപ്പെട്ടത്. ഒഎൻജിസിയുടെ നോർത്ത് ഫീൽഡിൽ 10.58ന് എത്തേണ്ടതായിരുന്നു. എന്നാൽ പറന്നുയർന്ന് അൽപ സമയത്തിനുള്ളിൽ ഹെലികോപ്ടറുമായുള്ള ബന്ധം നഷ്ടമായെന്നാണ് വിവരം. കോസ്റ്റ് ഗാർഡ് തിരച്ചിൽ ആരംഭിച്ചു. പവൻ ഹൻസ് വിഭാഗത്തിലുള്ള ഹെലികോപ്ടറാണ് കാണാതായത്.
ന്യൂഡൽഹി: മേൽവിലാസം തെളിയിക്കാനുള്ള ആധികാരിക രേഖയായി പാസ്പോർട്ട് ഇനി മുതൽ ഉപയോഗിക്കാനാവില്ല. അവസാനത്തെ പേജിൽ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പാസ്പോര്‍ട്ടിന്റെ അവസാന പേജില്‍ വ്യക്തിയുടെ വിലാസം ഉള്‍പ്പടെയുള്ള കുടുംബവിവരങ്ങള്‍ രേഖപ്പെടുത്തേണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം.
മാതാപിതാക്കളുടെയം പങ്കാളിയുടെയും പേരും വിലാസവും ഉള്‍പ്പടെയുള്ളവയാണ് പാസ്പോര്‍ട്ടിന്റെ അവസാന പേജില്‍ രേഖപ്പെടുത്തിയിരുന്നത്. വിദേശകാര്യം വനിത ശിശുക്ഷേമം എന്നീ മന്ത്രാലയങ്ങളിലെ പ്രതിനിധികൾ അടങ്ങിയ മൂന്നംഗ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഈ വിവരങ്ങള്‍ ഒഴിവാക്കുന്നത്.
ഇതോടെ വിവിധ ആവശ്യങ്ങള്‍ക്ക് വിലാസം തെളിയിക്കുന്ന രേഖയായി പാസ്പോര്‍ട്ട് ഉപയോഗിക്കാനാവാതെവരും. നാസിക്കിലെ സെക്യൂരിറ്റി പ്രസ് പുതിയ പാസ്പോര്‍ട്ട് ഡിസൈന്‍ ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള(ഇസിആര്‍) പാസ്പോര്‍ട്ടുകളുടെ കവറുകള്‍ ഓറഞ്ച് നിറത്തിലും എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്തവയുടെ കവറുകള്‍ നീലനിറത്തിലുമാണ് പുറത്തിറക്കുക.പുതിയ പാസ്പോർട്ടുകൾ തയ്യാറാകുന്നതുവരെ നിലവിലെ രീതി തുടരുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സി.പി.എമ്മിന്റെ യുവ എം.എല്‍.എ പ്രതിഭാ ഹരി വിവാഹമോചനത്തിനായി ആലപ്പുഴ കുടുംബകോടതിയെ സമീപിച്ചു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ ഭര്‍ത്താവ് ഹരികുമാര്‍ താനും മകനുമായി ബന്ധമില്ലാതെ കഴിയുകയാണെന്നാണ് ഹര്‍ജിയില്‍ എന്നാണ് സൂചന.കോടതി ഇരുവരെയും വിളിച്ചു വരുത്തി വാദം കേട്ടു. ഹരികുമാര്‍ ഹര്‍ജിയെ എതിര്‍ത്തു. മുന്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പ്രതിഭ ഇപ്പോള്‍ കായംകുളത്തു നിന്നുള്ള നിയമസഭാംഗമാണ്.
ആലപ്പുഴ: ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞു വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ആലപ്പുഴ തലവടി ചൂട്ടുമാലില്‍ എല്‍പി സ്കൂളിലാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ സെബാസ്റ്റ്യന്‍ (7) ആണ് മരിച്ചത്.
മുണ്ടുചിറയില്‍ ബെന്സന്റെയും ആന്‍സമ്മയുടെയും മകനാണ് മരിച്ച സെബാസ്റ്റ്യന്‍. കാലപ്പഴക്കം ചെന്ന ശുചിമുറിയുടെ ഭിത്തി സെബാസ്റ്റ്യന്റെയും സുഹൃത്തുക്കളുടെയും ദേഹത്തേക്ക് വീഴുകയായിരുന്നു. ഇന്റര്‍വെല്‍ സമയത്ത് മൂത്രമൊഴിക്കാന്‍ എത്തിയതായിരുന്നു ഇവര്‍.
മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സാംസങ്ങിന് ഉണ്ടായിരുന്ന ചീത്തപ്പേരായിരുന്നു ബാറ്ററി പൊട്ടിത്തെറിക്കുന്നു എന്നത്. എന്നാല്‍ ഇപ്പോള്‍ ആ ചീത്തപ്പേര് ആഗോള ടെക്ക് ഭീമന് ആപ്പിളിനും വീണു. കഴിഞ്ഞ ദിവസമാണ് ചൂടായി ഐഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചത്. ഇത്തരത്തില്‍ അപകടംപറ്റി ഒരാള്‍ ആശുപത്രിയിലാണുള്ളത്. ബാറ്ററി തകരാറിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഫോണുടമ ആപ്പിള്‍ സ്റ്റോറില്‍ നല്‍കിയിരുന്നു. അവിടെ വച്ചായിരുന്നു അപകടമുണ്ടായത്. ഫോണില്‍ നിന്നും ബാറ്ററി ഊരി മാറ്റുമ്പോഴാണ് പൊട്ടിത്തെറിച്ചത്. ബാറ്ററിയില്‍ നിന്നും കറുത്ത നിറത്തില്‍ പുക ഉയരുന്നതും കണ്ടിരുന്നു. സംഭവത്തെത്തുടര്‍ന്ന് 50 ലധികം ഉപഭോക്താക്കള്‍ ഫോണ്‍ മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്.
കൊച്ചി: ചോറ്റാനിക്കരയിൽ നാലു വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ വിധി പറയാനിരിക്കെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ഒന്നാം പ്രതി രഞ്ജിത്താണ് ജയിലിൽ വെച്ച് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അമ്മയും കാമുകൻമാരുമാണ് കേസിലെ പ്രതികൾ. കേസിൽ അമ്മ റാണി, കാമുകൻമാരായ രഞ്ജിത്ത്, ബേസിൽ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ഇന്ന് കേസിൽ വിധി പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചതെങ്കിലും പിന്നീട് 15-ാം തിയതിയിലേക്ക് വിധിപ്രസ്താവം മാറ്റിയിരുന്നു. 2013 ഒക്ടോബര്‍ 29നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. റാണിയുടെ ഭർത്താവ് കഞ്ചാവ് കേസിൽപ്പെട്ട് ജയിലിലായിരുന്നു. സഹോദരൻ എന്ന വ്യാജേന കാമുകനായ ബേസിൽ റാണിക്കൊപ്പം അമ്പാടിമലയിലെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. മറ്റൊരു കാമുകനായ രഞ്ജിത്തുമായി റാണിക്ക് വർഷങ്ങളായി ബന്ധമുണ്ടായിരുന്നു.
സംഭവം നടന്ന ദിവസം കുട്ടി സ്കൂളിൽ നിന്ന് വീട്ടിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന രഞ്ജിത്ത് ഉപദ്രവിക്കാൻ ശ്രമിച്ചു. റാണിയും ബേസിലും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. കുട്ടി ഉറക്കെ കരയുകയും ചെറുക്കുകയും ചെയ്തപ്പോൾ കഴുത്തിൽ മുറുക്കിപ്പിടിച്ച് എടുത്തെറിഞ്ഞു. തലയുടെ പിൻവശം ഇടിച്ചു വീണാണ് കുട്ടി മരിച്ചത്. മൃതദേഹം പിന്നീട് ടെറസിൽ ഒളിപ്പിക്കുകയായിരുന്നു.
ബേസിലും റാണിയും തിരികെയെത്തിയപ്പോൾ കുട്ടിയെ തെരഞ്ഞെങ്കിലും പിന്നീട് രഞ്ജിത്ത് തന്നെ വിവരം അറിയിക്കുകയായിരുന്നു. രഞ്ജിത്തിന്റെ ആക്രമണത്തില്‍ കുട്ടിയുടെ കൈയും വാരിയെല്ലും ഒടിയുകയും ജനനേന്ദ്രയത്തില്‍ ആറു സെന്റിമീറ്ററോളം മുറിവുമുണ്ടായിരുന്നു. റാണി തന്നെയാണ് മൃതദേഹം എവിടെ മറവ് ചെയ്യണമെന്ന് നിർദേശിച്ചത്.
പിറ്റേന്ന് കുട്ടിയെ കാണാനില്ലെന്നുപറഞ്ഞ് റാണി ചോറ്റാനിക്കര പോലീസിലെത്തിയിരുന്നു. ഇവരുടെ മൊഴികളില്‍ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ കാര്യം പുറത്തുവന്നത്.
അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടി.വിയില്‍ നിന്ന് രാജിവെച്ച മാധ്യമപ്രവര്‍ത്തകനെ അഭിനന്ദിച്ച് ശശി തരൂര്‍ എം.പി. മാധ്യമപ്രവര്‍ത്തകനായ ദീപു അബി വര്‍ഗീസിനൊപ്പമുള്ള സെല്‍ഫിയുള്‍പ്പെടെ നല്കിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തരൂര്‍ പ്രതികരിച്ചത്.
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ച് തന്നെ ഉപദ്രവിക്കണമെന്ന ശക്തമായ നിര്‍ദ്ദേശമായിരുന്നു ദീപുവിന് ലഭിച്ചത്. ഇതിനു ശേഷമാണ് ഇദ്ദേഹം രാജി വെച്ചത്. തന്റെ പെരുമാറ്റത്തിന് മാപ്പു പറയാനായാണ് ദീപു എത്തിയതെന്നും ഇത് തന്നെ സ്പര്‍ശിച്ചെന്നും തരൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഈ മാന്യതയെ അഭിനന്ദിക്കുന്നു. മാധ്യമപ്രവര്‍ത്തനം എന്ന പേരില്‍ ചെയ്തു കൂട്ടാന്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ആദര്ശവാന്മാരായ നിരവധി യുവ മാധ്യമപ്രവര്‍ത്തകരെ ഇതില്‍ നിന്ന് പിന്നോട്ടടിപ്പിക്കും. മാധ്യമ ഉടമകളായ ചില അവതാരകര്‍ക്ക് മനസാക്ഷിക്കുത്ത് ഇല്ലെന്നും അര്‍ണാബ് ഗോസ്വാമിയുടെ പേര് പറയാതെ ശശി തരൂര്‍ പറഞ്ഞു.
ധാര്‍മ്മികതയും മാന്യതയുമാണ് അടിസ്ഥാനപരമായ മാനുഷിക മൂല്യങ്ങളെന്നും പണത്തിന് വേണ്ടി അവ ഉപേക്ഷിക്കുക എന്നത് ഭൂരിഭാഗം പേര്‍ക്കും പ്രയാസമാണെന്നും തരൂര്‍ പറഞ്ഞു. ‘ജീവിക്കാനായി നിങ്ങള്‍ കള്ളം പറയേണ്ടതില്ല’ (#UDontHave2Lie4ALiving) എന്ന ഹാഷ് ടാഗോടെയാണ് തരൂരിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരെ അതൃപ്തി അറിയിച്ച് സുപ്രീം കോടതി ജഡ്ജിമാരുടെ വാര്‍ത്താ സമ്മേളനം. ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന് ജോസഫ് എന്നിവരാണ് വാര്‍ത്താസമ്മേളനം നടത്തിയത്. ഇപ്പോള്‍ നടക്കുന്നത് അസാധാരണ സംഭവമാണെന്നും സുപ്രീം കോടതിയുടെ പ്രവര്‍ത്തനം ക്രമരഹിതമായാണെന്നും ജസ്റ്റിസ് ചെലമേശ്വര്‍ ആരോപിച്ചു. കോടതി ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരുമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യുന്ന കാര്യം രാജ്യം തീരുമാനിക്കട്ടെയെന്നും ചെലമേശ്വര്‍ പറഞ്ഞു. ഇന്ത്യയുടെ നീതിന്യായ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ആദ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി രാവിലെ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങള്‍ക്ക് മുന്നിലെത്തുന്നതെന്നും രാജ്യത്തോടും കോടതിയോടുമാണ് തങ്ങള്‍ക്ക് ഉത്തരവാദിത്തമെന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു. രണ്ട് കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചുകൊണ്ടാണ് ജഡ്ജിമാര്‍ പുറത്തിറങ്ങി വാര്‍ത്താ സമ്മേളനം നടത്തിയത്.
നീതിന്യായ വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികളെടുക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അത് അംഗീകരിച്ചില്ല. ഒരു കാര്യം ശരിയായ രീതിയില്‍ ചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിന് അദ്ദേഹം തയാറായില്ല. എല്ലാ വിവരങ്ങളും വിശദീകരിച്ച് ചീഫ് ജസ്റ്റിസിന് രണ്ടുമാസം മുന്‍പ് കത്തു നല്‍കിയിരുന്നു. ജനാധിപത്യത്തിന്റെ നിലനില്‍പ്പിനായി പക്ഷപാതരഹിതമായ ജഡ്ജിയും നീതിന്യായ വ്യവസ്ഥയുമാണ് വേണ്ടതെന്നും ചെലമേശ്വര്‍ പറഞ്ഞു. രാജ്യത്തോടു ഞങ്ങള്‍ക്കുള്ള കടപ്പാട് നിര്‍വഹിക്കണമെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയും പറഞ്ഞു.
വിനുവും വിപിനും മരിച്ചത് അപകടത്തെത്തുടർന്നാണ്. ആരോപണങ്ങളിൽ കഴമ്പില്ല. അത്തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ കേസ് ഫയൽ പൊലീസ് മടക്കി. ഇത് ഞങ്ങളുടെ വാക്കുകളല്ല പാലാ ഡിവൈ.എസ്.പിവി.ജി.വിനോദ് കുമാർപറഞ്ഞത് ഇനി സംഭവത്തിലേക്ക് വരാം
വിവാഹ സ്വപ്നങ്ങളിലായിരുന്നു വിനു. ഇഷ്ടപ്പെട്ട പെണ്ണുമായുള്ള വിവാഹത്തിന് ആഴ്ചകൾ മാത്രം. ബന്ധുക്കളെയും നാട്ടുകാരെയും കൂട്ടുകാരെയുമെല്ലാം ക്ഷണിച്ചു. വീടിന്റെ ചില മോടിപിടിപ്പിക്കൽ പണി ശേഷിക്കുന്നു. വിവാഹ ദിവസം അടുത്തതോടെ വീട്ടിൽ അറ്റകുറ്റപ്പണികൾ രാത്രിയും പകലുമായി തകൃതി. വിനുവിന്റെ സുഹൃത്തായ റെജിയ്ക്കാണ് പെയിന്റടിയുടെ നേതൃത്വം. അങ്ങനെ പണിയ്ക്കിടയിൽ ഒരു രാത്രിയിൽ വിനു സഹോദരൻ വിപിനുമൊപ്പം റെജിക്ക് ഭക്ഷണം വാങ്ങാനായി ബൈക്കിൽ പാലാ നഗരത്തിലേക്ക് പോയി. പിന്നീട് നാട്ടുകാരും വീട്ടുകാരും കണ്ടത് വിനുവിന്റെയും വിപിന്റെയും ചേതനയറ്റ ശരീരം.
പൊലീസ് ഭാഷ്യം: റെജിക്ക് ഭക്ഷണം വാങ്ങാനായി പോകവെ നിയന്ത്രണംവിട്ട ബൈക്ക് പാലാ ബിഷപ്പ് ഹൗസിനു മുമ്പിൽ റോഡ് വക്കിൽ കിടന്നിരുന്ന റോഡ് റോളറിൽ വന്നിടിച്ചു. അതുവഴിവന്ന പൊലീസ് പരിക്കേറ്റ് കിടന്ന ഇരുവരെയും ജീപ്പിൽകയറ്റി പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
ഇരുപത്തിയെട്ടുകാരനായ വിനുവും ഇരുപത്തിയൊന്നുകാരനായ വിപിനും സഹോദരങ്ങളാണെങ്കിലും കൂട്ടുകാരെ പോലെയായിരുന്നു. വണ്ടിയിലെ വരവും പോക്കുമെല്ലാം അവർ ഒരുമിച്ചായിരുന്നു. ഏവർക്കും ഏറെ ആദരവുണ്ടായിരുന്നു ആ സഹോദര ബന്ധത്തിൽ. മരണത്തിലും അവർ പിരിഞ്ഞില്ല. അവരുടെ ഒരുമിച്ചുള്ള വേർപാട് വീട്ടുകാരെപ്പോലെ നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.
ദുരൂഹത നീങ്ങാത്തത് ഇവിടെ?
റോഡ് റോളറിൽ ബൈക്ക് ഇടിച്ചാണ് വിനുവും വിപിനും മരിച്ചതെന്ന് പൊലീസ് പറയുമ്പോഴും അത് പൂർണമായും വിശ്വസിക്കാൻ ബന്ധുക്കളും നാട്ടുകാരും തയ്യാറായില്ല. ഹെൽമെറ്റ് ധരിക്കാതിരുന്ന വിനു, പൊലീസിനെ കണ്ട് ബൈക്ക് വേഗത്തിൽ വിട്ടപ്പോൾ പൊലീസ് പിറകെയെത്തി ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്നാണ് പിതാവ് വക്കച്ചനും അമ്മ മറിയമ്മയും വിശ്വസിക്കുന്നത്. ഇതിന് ബലം കൂട്ടുന്നതാണ് ഫോറൻസിക് പരിശോധനാഫലം. ഫോറൻസിക് വിദഗ്ദ്ധർ നടത്തിയ പരിശോധനയിൽ ബൈക്ക് ഇടിച്ചതിന്റെ യാതൊരു ലക്ഷണവും റോഡ് റോളറിൽ കണ്ടെത്താനായില്ല. മാത്രമല്ല, റോഡ് റോളർ കിടന്നിടത്തുനിന്ന് ഏതാണ്ട് 200 മീറ്റർ അകലെയായിരുന്നു ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കണ്ടെത്തിയത്.
സംഭവ ദിവസം രാത്രി ഒരു പൊലീസ് ജീപ്പ് അപകടമുണ്ടായ സ്ഥലത്ത് നിറുത്തിയിട്ടിരുന്നത് കണ്ടതായി അതുവഴിവന്ന ലോറിയുടെ ഡ്രൈവർ നാട്ടുകാരോട് പറഞ്ഞിരുന്നു. ജീപ്പിൽനിന്ന് ഇറങ്ങാതിരുന്ന പൊലീസുകാർ, ലോറി നിറുത്തിയതോടെയാണ് പുറത്തിറങ്ങി പരിക്കേറ്റ് കിടന്ന ഇരുവരെയും പാലാ ജനറൽ ആശുപത്രിയിൽ കൊണ്ടുപോയതെന്നും പറയുന്നു. എന്നാൽ, ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും ഇരുവരും മരിച്ചു. ഈ ലോറി ഡ്രൈവറുടെ മൊഴി പൊലീസ് ഇതുവരെയും എടുത്തിട്ടില്ല. ഇത് സംശയം ബലപ്പെടുത്തുന്നു. ബൈക്കിൽ ഇടിച്ച പൊലീസ് ജീപ്പ് അന്നുതന്നെ സ്റ്റേഷനിൽ നിന്ന് മാറ്റിയതായും ആരോപണമുണ്ടായിരുന്നു. അടുത്ത ദിവസം കേസ് അന്വേഷണത്തിനും മറ്റും എസ്.ഐയും സംഘവും സ്ഥലത്തെത്തിയത് മറ്റൊരു സ്റ്റേഷനിലെ ജീപ്പിലായിരുന്നുവെന്ന് വിനുവിന്റെ പിതാവ് വക്കച്ചൻ പരാതിപ്പെട്ടിരുന്നു.
എം.എസ് സി ബി.എഡ് ബിരുദധാരിയായ വിനു, മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യാ സ്കൂളിലെ അദ്ധ്യാപകനായിരുന്നു. വിപിനാകട്ടെ, ബംഗളൂരുവിൽ നിന്ന് നഴ്സിംഗ് പാസായി നാട്ടിലെത്തിയ സമയത്തായിരുന്നു ദുരന്തം സംഭവിച്ചത്. അപകടം നടന്ന സമയം, കൃത്യമായി പറഞ്ഞാൽ 2009 ആഗസ്റ്റ് 30ന് പുലർച്ചെ ഒന്നരയ്ക്ക്. കുടുംബത്തിന്റെ ആശ്രയമായിരുന്ന രണ്ട് ആൺമക്കളും അകാലത്തിൽ മരിച്ചതോടെ ഭാര്യ മറിയാമ്മയും ഏകമകൾ വീണയും മാത്രമായത് പിതാവ് വക്കച്ചനെ ആകെ തളർത്തി. മക്കളുടെ മരണത്തിനു പിന്നിലെ ദുരൂഹത കണ്ടെത്താനായിരുന്നു വക്കച്ചന്റെ പിന്നീടുള്ള പോരാട്ടം. ഭക്ഷണം വാങ്ങി തിരികെ വരുമ്പോൾ പിന്തുടർന്നെത്തിയ പൊലീസ് ജീപ്പ് മക്കളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നും സംഭവത്തിലെ ദുരൂഹത മാറ്റണമെന്നും ആവശ്യപ്പെട്ട് വക്കച്ചൻ ജില്ലാ പൊലീസ് ചീഫിനും ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും പൊലീസ് അവരുടെ നിലപാടിൽ ഉറച്ചുനിന്നു. എങ്കിലും അന്നത്തെ ജില്ലാ പൊലീസ് ചീഫ് പി.ജി.അശോക് കുമാർ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി എൻ.എം.തോമസിനെ അന്വേഷണ ചുമതല ഏല്പിച്ചു. എന്നിട്ടും നീതി ലഭിക്കാത്തതിനെത്തുടർന്ന് വക്കച്ചൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സ്വകാര്യ അന്യായം പാലാ മജിസ്ട്രേട്ട് കോടതിയിൽ ഫയൽ ചെയ്തു. ഇത് അംഗീകരിച്ച് കോടതി ഉത്തരവിട്ടെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തില്ല.
വക്കച്ചൻ യാത്രയായി വക്കച്ചൻ പാലാ മജിസ്ട്രേട്ട് കോടതിയിൽ പരാതി സമർപ്പിക്കുകയും തുടർന്ന് 2016 ഏപ്രിൽ 18ന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് ആറുമാസത്തിനുള്ളിൽ കേസന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. എന്നിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. ഒടുവിൽ, മക്കളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യത്തിന് പരിഹാരം കാണാനാവാതെ നെല്ലിയാനി കൊച്ചുകാക്കനാട്ട് വക്കച്ചനും കഴിഞ്ഞയാഴ്ച യാത്രയായി. എട്ടുവർഷമായി നടത്തിവന്ന നിയമപോരാട്ടത്തിനൊടുവിലാണ് എഴുപത്തിനാലാം വയസിൽ വക്കച്ചൻ മരിച്ചത്. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം വഴി പ്രധാനമന്ത്രിക്ക് നൽകിയ നിവേദനത്തിന് ഫലം ഉണ്ടാകുമെന്നും അതിലൂടെ മക്കളുടെ ഘാതകരെ കണ്ടെത്താനാകുമെന്നും അവസാന നിമിഷംവരെ വക്കച്ചൻ പ്രതീക്ഷിച്ചിരുന്നു.
ഞാൻ കണ്ണടക്കും മുൻപെങ്കിലും സത്യം പുറത്തു വരണം
മക്കളുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാൻ ആദ്യം മുതലേ ശ്രമമുണ്ടായി. സാക്ഷികൾ പലരുടെയും മൊഴികൾ രേഖപ്പെടുത്തിയിട്ടില്ല. റോഡ് റോളറിൽ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായതെങ്കിൽ ഫോറൻസിക് പരിശോധനയിൽ കണ്ടെത്തേണ്ടതായിരുന്നു. ബൈക്ക് ഇടിച്ചതിന്റെ ഒരു ലക്ഷണവും അവർക്ക് കണ്ടെത്താനായില്ല. മക്കളുടെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്ന് മാനസികമായി തകർന്ന നിലയിലായിരുന്നു വക്കച്ചൻ. അതിന്റെ തളർച്ചയിലാണ് ഭർത്താവ് മരിച്ചത്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരണം. പൊലീസ് ജീപ്പിടിച്ചാണ് മക്കൾ മരിച്ചതെന്നാണ് ഞങ്ങളുടെ അറിവ്. അങ്ങനെയെങ്കിൽ കുറ്റക്കാരായ പൊലീസുകാരെ പുറത്തുകൊണ്ടുവരികയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം. മറിയാമ്മ, വക്കച്ചന്റെ ഭാര്യ