പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്പോഴും സാധാരണക്കാരനെപോലെ പെരുമാറുവാൻ ഇഷ്ടപ്പെടുന്നവർ വിരളമാണ്. ഈ സ്വഭാവസവിശേഷതയാണ് താരരാജാവായ മോഹൻലാലിനെ നെഞ്ചിലേറ്റാൻ കോടിക്കണക്കിന് ആരാധകരെ പ്രേരിപ്പിക്കുന്നത്. ഈ വാക്കുകളെ ശരിവയ്ക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ വൈറലാകുന്നു. ആശുപത്രിയിലെ ഒപിക്കു മുന്നിൽ മോഹൻലാൽ ക്യൂ നിൽക്കുന്നതാണ് ചിത്രങ്ങളിൽ.
മോഹൻലാലിനെ നായകനാക്കി വി.എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയനു വേണ്ടി ശരീരത്തിന്റെ ഭാരം കുറയ്ക്കാനുള്ള യത്നത്തിലാണ് മോഹൻലാൽ. ഇതിനായുള്ള ശസ്ത്രക്രിയയ്ക്കു മുന്‍പുള്ള ചെക്കപ്പിനായാണ് അദ്ദേഹം ചെന്നൈ അപ്പോളൊ ആശുപത്രിയിൽ എത്തിയത്. താരം ക്യൂവിൽ നിൽക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഡോക്ടർമാർ നേരിട്ടെത്തി അദ്ദേഹത്തെ അകത്തേക്കു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
മോഹൻലാലിന്റെ ചെറുപ്പകാലം കാണിക്കാവാൻ ശരീരത്തിന്റെ ഭാരം കുറയ്ക്കണം. അതിനായി കഠിന വ്യായാമം നടത്തുന്ന അദ്ദേഹത്തെ പരിശീലിപ്പിക്കുവാനായി എത്തിയിരിക്കുന്നത് ഫ്രാൻസിൽ നിന്നുള്ള പ്രത്യേക സംഘമാണ്. 15 കിലോയോളം തൂക്കം കുറയ്ക്കാനുളള തയാറെടുപ്പിലാണ് അദ്ദേഹമെന്നാണ് അറിയാൻ സാധിക്കുന്നത്.
അമേരിക്കയിലെ ഡാലസില്‍ കൊല്ലപ്പെട്ട മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം സംസ്കരിച്ചു.കൂടുതൽ പേരെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുപ്പിക്കണമെന്നായിരുന്നു ഡാലസിലെ മലയാളി സമൂഹത്തിന്റെ ആവശ്യമെങ്കിലും കുടുംബത്തിന്റെ അഭ്യർഥന മാനിച്ചു സംസ്കാരം സ്വകാര്യമാക്കുകയായിരുന്നു. ഷെറിനെ അടക്കം ചെയ്ത സ്ഥലത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, ഷെറിന്റെ വളർത്തമ്മ സിനിയും ഉറ്റബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തതായി അഭിഭാഷകരായ മിട്ചെൽ നോൾട്ടും ഗ്രെഗ് ഗിബ്സും അറിയിച്ചു. കഴിഞ്ഞമാസം ഏഴിനു കാണാതായെ ഷെറിന്റെ മൃതദേഹം ഈമാസം 22ന് ആണു വീടിനടുത്തുള്ള കലുങ്കിനടിയില്‍നിന്നു കണ്ടെടുത്തത്.
തിങ്കളാഴ്ചയാണു പോസ്റ്റ്മോർട്ടത്തിനുശേഷം ഷെറിന്റെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകിയത്. സുരക്ഷാ കാരണങ്ങളാൽ ആരാണു മൃതദേഹം ഏറ്റുവാങ്ങിയതെന്ന് അധികൃതർ വെളിപ്പെടുത്തിയിരുന്നില്ല. അതിനിടെ, ഷെറിന്റെ മൃതദേഹം കണ്ടെത്തിയ കലുങ്ക് സ്മാരകമാക്കി മാറ്റണമെന്നു റിച്ചാർഡ്സൺ സമൂഹം ആവശ്യപ്പെട്ടു. ഷെറിനെ കാണാതായെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ അവളെ രാത്രി ഇറക്കിനിർത്തിയ മരച്ചുവട്ടിലും മൃതദേഹം കണ്ടെത്തിയ കലുങ്കിനു സമീപമായും ഒട്ടേറെപ്പേരാണു പ്രാർഥനകൾ അർപ്പിക്കുന്നതിന് എത്തുന്നത്.
ഈ മാസം ഏഴിനാണു റിച്ചർഡ്സണിലെ വീട്ടിൽനിന്നു ഷെറിനെ കാണാതായത്. പാലുകുടിക്കാത്തതിനെ തുടർന്നു പുറത്തിറക്കി നിർത്തിയെന്നും കുറച്ചുസമയത്തിനുശേഷം ചെന്നപ്പോള്‍ കാണാതായെന്നുമാണ് വളർത്തച്ഛൻ വെസ്‍ലി മാത്യൂസ് ആദ്യം മൊഴി നൽകിയത്. എന്നാൽ ഷെറിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ നിർബന്ധിപ്പിച്ചു പാലുകുടിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഷെറിൻ മരിച്ചെന്നു മൊഴി മാറ്റി. ഇതിനുപിന്നാലെ വെസ്‌ലിയെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.
നടി ഭവനയുമായുള്ള വിവാഹം ഉടന്‍ ഉണ്ടാകില്ല എന്നു ഭാവി വരന്‍ നവീന്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ വ്യാജമാണ് എന്നു ഭാവനയുടെ കുടുംബം വ്യക്തമാക്കുന്നു. ഈ വാര്‍ത്ത അടിസ്ഥന രഹിതമാണ് എന്നു ഭാവനയുടെ കുടുംബം ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഭാവനയുടെ വിവാഹം ഒക്‌ടോബറില്‍ ഉണ്ടാകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നവീന്‍ ഇപ്പോള്‍ വിവാഹം വേണ്ട എന്നു പറഞ്ഞു എന്നായിരുന്നു പുതിയ റിപ്പോര്‍ട്ട്.
ഭാവനയുടെ തിരക്കാണു വിവാഹം നീട്ടിവയ്ക്കുന്നതിനു പിന്നീലെ കാരണമായി പറഞ്ഞിരുന്നത്. നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം തികയാന്‍ കാത്തിരുന്നതിനാലാണു വിവാഹം നീട്ടി വച്ചത്. അതു വളരെ നേരത്തേ എടുത്ത തീരുമാനമായിരുന്നു. ഇപ്പോള്‍ നവീന്‍ വിവാഹം നീട്ടിവച്ചു എന്നു പറഞ്ഞു പ്രചരിക്കുന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണ്. അടുത്ത വര്‍ഷം ആദ്യത്തോടെ വിവാഹം ഉണ്ടാകും എന്നു ഭാവനയുടെ കുടുംബം പ്രതികരിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഭാവനയും കന്നട നിര്‍മ്മാതാവായ നവീനും തമ്മില്‍ പ്രണയത്തിലായിരുന്നു. അതീവ സ്വകാര്യമായ ചടങ്ങില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്.
കൊച്ചി – മംഗലാപുരം ഗെയിൽ വാതക പൈപ് ലൈൻ പദ്ധതിക്കെതിരെ സമരം നടക്കുന്ന മുക്കത്ത് വ്യാഴാഴ്ചയും സംഘര്‍ഷം. സംസ്ഥാന പാതയിൽ തടികളും ടയറുകളും ഉപയോഗിച്ച് തീയിട്ട് പ്രതിഷേധക്കാര്‍ ഗതാഗതം തടസപ്പെടുത്തി. തടസങ്ങള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിക്കാന്‍ പൊലീസ് ശ്രമിച്ചപ്പോൾ വ്യാപകമായ കല്ലേറുണ്ടായി. തുടര്‍ന്ന് പൊലീസ് ലാത്തിവീശി.
പരിസരത്തെ വീടുകളില്‍ കയറി പരിശോധന നടത്തിയ പൊലീസ് നിരവധിപേരെ കസ്റ്റഡിയിലെടുത്തു. അതിനിടെ സംഘര്‍ഷങ്ങളുടെ പേരില്‍ പൊലീസ് വീടിനുള്ളില്‍ അതിക്രമിച്ചു കടന്ന് നിരപരാധികളെ കസ്റ്റഡിയിലെടുക്കുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പൊലീസ് മര്‍ദനത്തില്‍ നിരവധിപേര്‍ക്കു പരുക്കേറ്റു.
ഗെയിൽ പൈപ് ലൈൻ പദ്ധതിക്കെതിരെ ബുധനാഴ്ചയുണ്ടായ സംഘർഷത്തിന്റെ ബാക്കിപത്രമായിട്ടാണ് വീണ്ടും പ്രശ്നമുണ്ടായത്. ബുധനാഴ്ചത്തെ സംഘർഷത്തിന്റെ ഭാഗമായി മുപ്പതിലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പുറത്തുനിന്നുള്ള സംഘം സംഘർഷത്തിനു നേതൃത്വം നൽകിയെന്നാണ് പൊലീസിന്റെ നിലപാട്.
ചാലക്കുടിയിലെ ഭൂമിയിടപാടുകാരന്‍ രാജീവിനെ കൊലപ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ഏഴാംപ്രതി അഡ്വക്കേറ്റ് സി.പി.ഉദയഭാനു. രാജീവിനെ തട്ടിക്കൊണ്ടുവന്ന നാലുപേര്‍ക്കുപറ്റിയ കയ്യബദ്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഉദയഭാനു പൊലീസിനോട് പറഞ്ഞു. വിശദമായി മൊഴിയെടുത്തശേഷം ഉദയഭാനുവിനെ കോടതിയില്‍ ഹാജരാക്കും
ചാലക്കുടി രാജീവ് കൊലക്കേസിൽ അറസ്റ്റിലായ അഡ്വക്കേറ്റ് സി.പി.ഉദയഭാനുവിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് കയ്യബ്ധത്തെക്കുറിച്ച് പറഞ്ഞത്. ഭൂമിയിടപാടിൽ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കലായിരുന്നു ലക്ഷ്യം. രാജീവ് പണം കൈപ്പറ്റിയെന്ന് രേഖയുണ്ടാക്കണം. സ്വത്തുക്കൾക്കു മീതെ നിയമ കുരുക്ക് മുറുക്കാനായിരുന്നു പദ്ധതി. തട്ടിക്കൊണ്ടുവരാൻ ക്വട്ടേഷൻ ഏറ്റെടുത്തവർ കൈകാര്യം ചെയ്തപ്പോൾ രാജീവ് കൊല്ലപ്പെട്ടു. ഇങ്ങനെ കൊല്ലപ്പെടുമ്പോൾ ഉത്തരവാദിത്വം ബന്ദിയാക്കാൻ നിർദ്ദേശം നൽകിയവർക്കു തന്നെയാണെന്ന് നിയമം പറയുന്നു. 120 ചോദ്യങ്ങൾ തയാറാക്കി അഭിഭാഷകനോട് ചോദിച്ചു. ഭൂമിയിടപാടിന് നൽകിയ 1.30 കോടി രൂപയുടെ ഉറവിടത്തെക്കുറിച്ച് തൃപ്തികരമായ മറുപടി നൽകിയില്ല. ശക്തമായ എട്ടു തെളിവുകളാണ് പൊലീസിന്റെ പക്കലുള്ളത്.
ഉദയഭാനു വധിക്കുമെന്ന് കാട്ടി ഹൈക്കോടതിയിലും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതികൾ . രാജീവിന്റെ മരണ മൊഴിയായി കാണമെന്ന് പ്രോസിക്യൂഷൻ വിചാരണയ്ക്കിടെ വാദിച്ചേക്കും . കാണാതായ രാജീവിനെ കണ്ടെത്താൻ അന്വേഷണം നടക്കുന്നതിനിടെ ഡിവൈ.എസ്.പിയെ അറിയിച്ചത് ഉദയഭാനു . ഡിവൈഎസ്പി കേസിലെ മുഖ്യ സാക്ഷി. ഫോൺ സംഭാഷണം റെക്കോർഡ് ചെയ്തിരുന്നു. രാജീവിനെ തട്ടിക്കൊണ്ടുപോയ ദിവസം കൂട്ടുപ്രതികളുമായുള്ള ഫോൺവിളി പട്ടിക. രാജീവിന്റെ പാട്ടഭൂമിയുടെ ഉടമയെ കാണാൻ സംഭവത്തിന് രണ്ടാഴ്ച ഉദയഭാനു എത്തിയത് ചക്കര ജോണിക്കും രജ്ഞിത്തിനുമൊപ്പം . ഉടമയുടെ രഹസ്യമൊഴി.
കൊലപാതകത്തിന് ശേഷം ഉദയഭാനുവും ചക്കര ജോണിയും രജ്ഞിത്തും ആലപ്പുഴയിൽ ഒരേ ടവർ ലൊക്കേഷനു കീഴിൽ . ഇങ്ങനെയുള്ള ശക്തമായ തെളിവുകളാണ് പൊലീസ് അവതരിപ്പിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കൊലപ്പെടുത്തിയ നാലംഗ സംഘം പിടിയില്‍. പീഡനക്കേസ് പ്രതിയായ തിരുവനന്തപുരം സ്വദേശി രഞ്ജു കൃഷ്ണനെ കൊക്കയില്‍ കൊന്നു തള്ളിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവടക്കം നാലു പേരാണ് അറസ്റ്റിലായിരിക്കുന്നത്.
തലസ്ഥാനത്ത് നിരവധി പെണ്‍വാണിഭക്കേസുകളില്‍ പ്രതികളായ മലയിന്‍കീഴ്, ആറ്റിപ്ര, വെമ്പായം, ഉള്ളൂര്‍ സ്വദേശികളായ അഭിലാഷ്, ഹരിലാല്‍, ദീപക്ക്, ഷാഹിര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഈ വര്‍ഷം ഏപ്രില്‍ ആദ്യമാണ് കുടകില്‍ നിന്നും രഞ്ജു കൃഷ്ണയുടെ മൃതദേഹം കിട്ടിയത്. മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പിന്നീട് കൊലപാതകക്കേസ് റജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
ഷാഡോ പോലീസിന്റെ അന്വേഷണത്തിലാണ് രഞ്ജു കൃഷ്ണയുടേത് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഷാഡോ പോലീസ് തന്നെയാണ് നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തതും. പിടിയിലായവര്‍ തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ഈ റാക്കറ്റില്‍പ്പെട്ട ഒരാളുടെ മകളെ രഞ്ജു കൃഷ്ണ നേരത്തേ പീഡിപ്പിച്ചിരുന്നു. തങ്ങളുടെ സുഹൃത്തിന്റെ മകള്‍ പീഡനത്തിനിരയായെന്ന് മനസിലാക്കിയ പ്രതികള്‍ രഞ്ജുകൃഷ്ണനെ തലസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് കൊല നടത്തിയത്.
കാറില്‍ കയറ്റി പലഭാഗത്തും കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം പ്രതികളിലൊരാളുടെ കാറില്‍ മൃതദേഹം കുടകിലെത്തിച്ച് കൊക്കയിലുപേക്ഷിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. സംഭവത്തിനുശേഷം തിരികെയെത്തിയ പ്രതികള്‍ തലസ്ഥാനത്ത് വിഹരിക്കുന്നതിനിടെ പേരൂര്‍ക്കട സി.ഐയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ പിടിയിലായത്.
അതേസമയം, ഇക്കഴിഞ്ഞ ഏപ്രില്‍ അവസാനം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസ് പേരൂര്‍ക്കട പൊലീസില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ പ്രതിയായിരുന്ന രഞ്ജുകൃഷ്ണനെ തേടി പൊലീസ് പത്തനംതിട്ടയിലെ വീട്ടിലെത്തിയതോടെയാണ് കൊലപാതക കേസില്‍ പോലീസിന് ആദ്യ തുമ്പ് ലഭിക്കുന്നത്.
വീട്ടില്‍ സ്ഥിരമായി വരുന്ന സ്വഭാവക്കാരനല്ലാത്ത രഞ്ജുകൃഷ്ണനുമായി കുടുംബാംഗങ്ങള്‍ക്ക് വലിയ ബന്ധമുണ്ടായിരുന്നില്ല.
ഇയാളുടെ വഴിപിഴച്ച പോക്കാണ് ഇതിന് കാരണമായത്. വല്ലപ്പോഴും വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെടുക മാത്രമാണ് രഞ്ജുകൃഷ്ണന്‍ ചെയ്തിരുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ നമ്പര്‍ വാങ്ങി അതില്‍ വിളിച്ചുനോക്കിയെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
ഇതിന്റെ കോള്‍ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചപ്പോള്‍ രഞ്ജുവിനെ അവസാനമായി വിളിച്ചത് ഇപ്പോള്‍ പിടിയിലായ പ്രതികളാണെന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇവരെ തെരഞ്ഞെങ്കിലും പ്രതികള്‍ മുങ്ങിയിരുന്നു. ഇതോടെയാണ് പൊലീസ് ഇവരെ കൂടുതല്‍ സംശയിച്ചത്.
രഞ്ജുവിന്റെ തിരോധാനത്തില്‍ ഇവര്‍ക്ക് പങ്കുള്ളതായി പൊലീസിന് വ്യക്തമായതോടെ ആഴ്ചകളോളം ഇവരെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം ഒളിസങ്കേതത്തില്‍ നിന്ന് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചതായാണ് സൂചന.
ഒരു ലക്ഷത്തോളം കുരിശുകള്‍ സ്ഥിതിചെയ്യുന്ന ലിത്വാനിയയിലെ അത്ഭുത മല മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. ലിത്വാനിയയുടെ വടക്ക് ഭാഗത്ത് സിയായുലൈയിലാണ് അത്ഭുത മല സ്ഥിതിചെയ്യുന്നത്. ‘കുരിശുകളുടെ മല’ (Hill of Crosses) എന്നറിയപ്പെടുന്ന ഈ മലയില്‍ ഏതാണ്ട് ഒരു ലക്ഷത്തോളം കുരിശുകളും നൂറുകണക്കിന് ജപമാലകളുമാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ഓരോ ദിവസവും ആയിരങ്ങളാണ് ഇവിടെ സന്ദര്‍ശിച്ച് കുരിശും ജപമാലയും സ്ഥാപിച്ചതിന് ശേഷം മടങ്ങുന്നത്. പുരാണ ഐതീഹ്യങ്ങളും, നിഗൂഢതകളും കുരിശുമലയെ കുറിച്ചുനിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കിലും ഇതിന്റെ യഥാര്‍ത്ഥ ചരിത്രം ഇന്നും അജ്ഞാതമാണ്.
മലയുടെ ഉത്ഭവത്തെക്കുറിച്ചുള്ള ഏറ്റവും പ്രസിദ്ധമായ കഥ രോഗബാധിതയായ പെണ്‍കുട്ടിയുടേയും നിസ്സഹായനായ അവളുടെ പിതാവിന്റെയുമാണ്. പെണ്‍കുട്ടി മരണശയ്യയില്‍ കിടക്കുമ്പോള്‍ ഒരു മരകുരിശുണ്ടാക്കി ഈ മലയില്‍ പ്രതിഷ്ഠിക്കുവാന്‍ ഒരു സ്ത്രീ പറയുന്നതായി അവളുടെ പിതാവിന് ദര്‍ശനമുണ്ടായി. ആ പിതാവ് അപ്രകാരം ചെയ്തതിനു ശേഷം തിരികെ വരുമ്പോള്‍ അദ്ദേഹത്തിന്റെ മകളുടെ അസുഖം ഭേദമായെന്ന്‍ പറയപ്പെടുന്നു. അന്നുമുതല്‍ ആളുകള്‍ തങ്ങളുടെ ഓരോ ആവശ്യങ്ങള്‍ക്കും ആ മലയില്‍ ഒരു കുരിശ് സ്ഥാപിക്കുവാന്‍ തുടങ്ങി എന്നാണ് ഐതിഹ്യം.
അത്ഭുത കുരിശുമലയുടെ പിറകില്‍ നിരവധി രഹസ്യങ്ങളുണ്ടെന്നാണ് പ്രാദേശിക കലാകാരനും, ചരിത്രകാരനുമായ വിലിയൂസ് പുരോണാസിന്റെ അഭിപ്രായം. മറ്റൊരു കഥയനുസരിച്ച് മല മുകളിലായി പണ്ടൊരു ദേവാലയമുണ്ടായിരുന്നു. കൊടുങ്കാറ്റിനിടക്ക് ശക്തമായ മിന്നലേറ്റ് ഈ ദേവാലയം അതിനകത്തുണ്ടായിരുന്നവര്‍ ഉള്‍പ്പെടെ മണ്ണിനടിയിലായി. പിന്നീട് സൂര്യാസ്തമയ സമയങ്ങളില്‍ സന്യാസിമാരുടെ ആത്മാക്കള്‍ ഘോഷയാത്രയായി പോകുന്നത് കണ്ടിട്ടുണ്ടെന്നാണ് പ്രദേശവാസികളില്‍ പലരും പറയുന്നത്. പ്രത്യക്ഷീകരണങ്ങള്‍, വിശുദ്ധരുടെ ദര്‍ശനങ്ങള്‍ ഇവയെല്ലാം ഈ മലയുടെ ചരിത്രത്തിന്റെ ഭാഗമായി കരുതുന്നു.
1348-ല്‍ ലിവോണിയയെ (ഇപ്പോഴത്തെ ലാത്വിയയും എസ്റ്റോണിയയും) ക്രിസ്തീയവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ‘ഓര്‍ഡര്‍ ഓഫ് ദി സ്വോര്‍ഡ്സ്’ എന്ന ജര്‍മ്മന്‍ പോരാളികളായ സന്യാസിമാര്‍ ഈ കുന്നില്‍ ഉണ്ടായിരുന്ന വിജാതീയരായ പ്രഭുക്കന്‍മാരുടെ കോട്ട തകര്‍ത്തു. യുദ്ധത്തില്‍ രക്ഷപ്പെട്ട സമോഗിറ്റ്യാക്കാര്‍ കൊല്ലപ്പെട്ട തങ്ങളുടെ സഹചാരികളുടെ മൃതദേഹങ്ങള്‍ ഒരുമിച്ച് ഈ മലയില്‍ അടക്കം ചെയ്യുകയും ചെയ്തിരിന്നു. ഇതിന് പിന്നാലെയാണ് കുരിശുകള്‍ ഇവിടെ സ്ഥാപിക്കുവാന്‍ ആരംഭിച്ചതെന്ന ഐതീഹ്യവും നിലവിലുണ്ട്. ഐതീഹ്യങ്ങള്‍ നിരവധിയാണെങ്കിലും ലിത്വാനിയന്‍ ഭൂപടത്തില്‍ അതുല്യമായ സ്ഥാനമാണ് ‘കുരിശുകളുടെ മല’യ്ക്കു ഇന്നുള്ളത്.
സിഐ അലെവി വിചാരിച്ചില്ല സസ്‌പെന്‍ഷനിലായ പോലീസുകാരന്‍ തനിക്ക് ഇത്തരത്തിലൊരു പണി തരുമെന്ന്. മലപ്പുറം സിഐയുടെ ആക്ഷന്‍ ഹീറോ ബിജുവിലെ അതേ സംഭവം സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്തു. പൂവാല ശല്യത്തിന് പിടികൂടിയ പ്രതികളെ സ്‌റ്റേഷനില്‍ നിര്‍ത്തി മലപ്പുറം സിഐ അലെവി പാട്ടു പാടിക്കുന്നതായി പറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചത്. എന്നാല്‍ ഇത് സസ്‌പെന്‍ഷന്‍ കിട്ടിയ മറ്റൊരു പോലീസുകാരന്റെ പ്രതികാരമായിരുന്നു. ഒരു വര്‍ഷം മുന്‍പുള്ള വീഡിയോ അടിസ്ഥാന രഹിതമായ ആരോപണത്തോടെ ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇത് വിമര്‍ശനങ്ങളോടെ ദേശീയ മാധ്യമങ്ങളും ഏറ്റെടുക്കുകയും അലെവിക്കെതിരെ വകുപ്പു തല അന്വേഷണം ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനിടെയാണ് സത്യം പുറത്തു വരികയും സിഐ അലെവി നിരപരാധിയാണെന്ന് തെളിയുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം താനൂര്‍ പിവി എസ് തീയറ്ററില്‍ മദ്യപിച്ച് പാട്ട് പാടി ബഹളം വെച്ച യുവാക്കള്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമത്തിന് മുതിര്‍ന്നപ്പോള്‍ താനൂര്‍ സിഐ അലെവിയും സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്‌റ്റേഷനിലെത്തിച്ച ഇവരോട് തീയറ്ററില്‍ പാടിയ പാട്ട് വേണമെങ്കില്‍ നിങ്ങള്‍ ഇവിടെ പാടി ആവേശം തീര്‍ത്തോ, പക്ഷേ മദ്യപിച്ച് തീയറ്ററില്‍ ബഹളം ഉണ്ടാക്കാനും സ്ത്രീകളെ ഉപദ്രവിക്കാനും സമ്മതിക്കില്ലെന്ന് സിഐ താക്കീത് നല്‍കി. ഇതോടെ മദ്യലഹരിയില്‍ യുവാക്കള്‍ അല്‍പ്പ സമയം പാടി നിര്‍ത്തുകയായിരുന്നു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് പ്രതികളെ പാട്ടുപാടിപ്പിച്ചെന്നാണ് ആരോപണം. എന്നാല്‍ അത് തെറ്റാണെന്ന് സിഐ പറഞ്ഞു. സത്യം മനസ്സിലാക്കാതെയാണ് സോഷ്യല്‍ മീഡിയയും മുന്‍ നിര മാധ്യമങ്ങളും സിഐയെ വിമര്‍ശിച്ച് പ്രചരിപ്പിച്ചത്. ചില കേന്ദ്രങ്ങള്‍ക്ക് തെറ്റായ വാര്‍ത്തയും ചിത്രങ്ങളും ചോര്‍ത്തികൊടുത്ത ഒരു പോലീസുകാരനെ അടുത്തിടെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇയാള്‍ തന്നെയാണ് തെറ്റായ ആരോപണത്തോടെ വീഡിയോ പ്രചരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
കോഴിക്കോട്: ഗെയില്‍ പൈപ്പ്‌ലൈന്‍ വിരുദ്ധ സമരത്തില്‍ അതിക്രമം നടത്തിയത് മലപ്പുറത്തു നിന്നുള്ള തീവ്രസ്വഭാവമുള്ള സഘടനയാണെന്ന് മുക്കം റൂറല്‍ എസ്പി. ഗൂഢാലോചനയുടെ ഭാഗമായാണ് അക്രമം നടത്തിയതെന്നും പോലീസ് അതിക്രമത്ത ന്യായീകരിച്ചുകൊണ്ട് എസ്പി പറഞ്ഞു. 500 പേര്‍ക്കെതിരെ സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരെ കോഴിക്കോട്ട് ജനങ്ങള്‍ ഒരു മാസമായി സമരത്തിലാണ്.
കഴിഞ്ഞ ദിവസം നാട്ടുകാര്‍ റോഡ് ഉപരോധിച്ചുള്ള സമരം നടത്തിയിരുന്നു. പോലീസ് ഈ ഉപരോധം നീക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. എരഞ്ഞിമാവില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വെ നടത്താനെത്തിയ ഉദ്യോഗസ്ഥരുടെ വാഹനം സമരക്കാര്‍ അക്രമിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ലാത്തിച്ചാര്‍ജില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു.
എരഞ്ഞിമാവില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വെ നടത്താനെത്തിയ ഉദ്യോഗസ്ഥരുടെ വാഹനം സമരക്കാര്‍ അക്രമിച്ചതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകനുള്‍പ്പടെ നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. പൊലീസിന്റെ നടപടികളില്‍ പ്രതിഷേധിച്ചും ഗെയില്‍ പൈപ്പ്‌ലൈനെതിരേയും കീഴുപറമ്പ്, കൊടിയത്തൂര്‍, കാരശ്ശേരി എന്നീ മൂന്ന് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സമരം തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് പോലീസ് നടപടിയെന്ന് സമരസമിതി അറിയിച്ചു. എരഞ്ഞിക്കാവില്‍ സമരപ്പന്തല്‍ പൊളിച്ച് സമരക്കാരെ അറസ്റ്റ് ചെയ്തവരെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിക്കാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയവരെ ലാത്തിച്ചാര്‍ജ് ചെയ്യുകയായിരുന്നു. സ്ഥലം എംഎല്‍എ എ.സി.മൊയിന്‍കുട്ടി, എം.ഐ.ഷാനവാസ് എംപി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ലാത്തിച്ചാര്‍ജ്.
കര്‍ഷകരില്‍ നിന്നും ഉപഭോക്താവിലേക്ക് നേരിട്ടുള്ള പാത ആം ആദ്മി പാര്‍ട്ടി ഒരുക്കുന്നു. കര്‍ഷകനെ ദുരിതത്തിലാഴ്ത്തുന്ന നയമാണ് സര്‍ക്കാരുകള്‍ പിന്തുടരുന്നത്. കേരളത്തിന്റെ ആവശ്യത്തില്‍ അഞ്ചില്‍ ഒന്ന് പോലും നെല്ലുല്‍പാദനം ഇവിടെ നടക്കുന്നില്ല എന്നിട്ടും കേരളത്തിലെ കൃഷിക്കാര്‍ക്ക് ന്യായവില ലഭിക്കുന്നില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇവിടെ ദയനീയമായി പരാജയപ്പെടുന്നു, മറുവശത്ത് ഉപഭോക്താവിന് കിട്ടുന്ന അരി നല്ലതാണെന്ന് ഉറപ്പുവരുത്താനും സര്‍ക്കാരിനു കഴിയുന്നില്ല. പലപ്പോഴും രാസവസ്തുക്കള്‍ അടങ്ങിയ ഗുണമേന്മയില്ലാത്ത അരിയാണ് വിപണിയില്‍ ലഭ്യമാകുന്നത്. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ഒരു പരിഹാരമായിട്ടാണ് കര്‍ഷകനില്‍ നിന്ന് ഉപഭോക്താവിലേക്ക് എന്ന പദ്ധതി ആം ആദ്മി പാര്‍ട്ടി തയ്യാറാക്കിയിട്ടുള്ളത്
അതിന്റെ ഒന്നാം ഘട്ടം ലോകഭക്ഷ്യ ദിനത്തില്‍ പാലക്കാട് ജില്ലയിലെ വിളയോടിയില്‍ നടന്ന ചടങ്ങില്‍ പാലക്കാട് ജില്ലയിലെ ഏറ്റവും പ്രമുഖ സ്വതന്ത്ര കര്‍ഷക കൂട്ടായ്മയായ ‘ദേശീയ കര്‍ഷക സമാജത്തില്‍’ നിന്നും നല്ല നെല്ല് ശേഖരിച്ച് പാലക്കാട്ടെ കര്‍ഷക ഗ്രൂപ്പുകള്‍ തന്നെ അരിയാക്കുന്ന പദ്ധതി ആരംഭിച്ചു. നെല്ലിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തുക നെല്ലിന് ഒരു കിലോയ്ക്ക് 23 രൂപ 30 പൈസയാണ്. എന്നാല്‍ ഈ വിലയ്ക്ക് പോലും സമയത്തിന് നെല്ല് ഏറ്റെടുക്കാതെ വരികയും അതിന്റെ ഫലമായി സ്വകാര്യ മില്ലുകള്‍ വളരെ കുറഞ്ഞ വിലയ്ക്ക് നെല്ല് സംഭരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നെല്ലിന് കിലോക്ക് 25 രൂപ നല്‍കി കൊണ്ട് ആം ആദ്മി പാര്‍ട്ടി നെല്ല് സംഭരണം ആരംഭിച്ചത്.
ഇത് അരിയാക്കി തുടക്കത്തില്‍ ആം ആദ്മി വോളന്റിയര്‍ വഴിയാണ് വിതരണം ആരംഭിക്കുന്നത്. ഈ സംരംഭത്തിന് വ്യാപാര സ്വഭാവമില്ല, ഇതിനു ലാഭത്തിന്റേയോ നഷ്ടത്തിന്റെയോ വിഷയമല്ല മറിച്ച് കര്‍ഷകന് നെല്ലിന് കിലോയ്ക്ക് 25 രൂപയും കീടനാശിനി ഇല്ലാത്ത അരി ഉപഭോക്താവിനും ലഭിക്കുമെന്ന് ഉറപ്പാക്കുന്നു. ഇത്തരത്തിലുള്ള ഒരു പരിപാടി ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയം ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കലാണ്.
കേവലം സമരങ്ങള്‍ കൊണ്ടു മാത്രം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല എന്നു ഇത്തരം മാതൃകാപരമായ പരിപാടികളിലൂടെ, കഴിയുമെങ്കില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ കൂടി ഇതിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കണം എന്നുമാണ് ആം ആദ്മി പാര്‍ട്ടിയുടെ നിലപാട്. ഇതിന്റെ ആരംഭം എന്ന നിലയിലാണ് ലോകഭക്ഷ്യ ദിനത്തില്‍ ശേഖരിച്ചുവച്ച നെല്ല് അരിയാക്കി അതിന്റെ ആദ്യ വിതരണം ഇവിടെ ആരംഭിക്കുന്നത്. ഈ പരിപാടി കുട്ടനാട്ടിലേക്കും കേരളത്തിലെ മറ്റു നെല്ലുല്പാദന കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 65 രൂപയാണ് പാലക്കാടന്‍ മട്ട അരിക്ക് കണക്കാക്കിയിട്ടുള്ളത്, ഈ വിലയില്‍ നെല്ലിന്റെയും ഇനവും അനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടായേക്കാം. ഇതിന്റെ ആദ്യ വിതരണ ഉദ്ഘാടനം ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ അഡ്വ. സി ആര്‍ നീലകണ്ഠന്‍ നിര്‍വഹിച്ചു.
കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവും കര്‍ഷകരുടെ നിലനില്‍പ്പും ഈ പ്രയത്‌നത്തിലൂടെ സംരക്ഷിക്കപെടുമെന്നും മുഴുവന്‍ മലയാളികളുടെയും പങ്കാളിത്തം ഉണ്ടാവുമെന്നും സി ആര്‍ നീലകണ്ഠന്‍ അഭിപ്രായപെട്ടു. യോഗത്തില്‍ ആം ആദ്മി പാര്‍ട്ടി കര്‍ഷക വിഭാഗം കണ്‍വീനര്‍ പത്മനാഭന്‍ ഭാസ്‌ക്കരന്‍, ശ്രീ ഉദയ പ്രകാശ്, സെക്രട്ടറി പോള്‍ തോമസ്, ട്രെഷരര്‍ ജോസ് ഒലിക്കന്‍, പ്രവിന്‍ ഫിലിപ്പ്, വേണുഗോപാല്‍, ജനാര്‍ദ്ദനന്‍, ഷക്കീര്‍ അലി,ഷൈബു മഠത്തില്‍ എന്നിവര്‍ പങ്കെടുത്തു.