Latest News

ദോഹ: വെള്ളവും വൈദ്യുതിയും പാഴാക്കുന്നവര്‍ക്കെതിരെ ഖത്തറില്‍ കര്‍ശന നടപടി. ഇരുപതിനായിരം റിയാല്‍ വരെയാണ് പുതിയ നിയമമനുസരിച്ച് വെള്ളം പാഴാക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്താല്‍ പിഴ ലഭിയ്ക്കുക. വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി അതോറിറ്റിയായ കഹ്‌റാമ അറിയിച്ചത് ശുദ്ധ ജലം ഉപയോഗിച്ചു കാര്‍ കഴുകുന്നത് പിടിക്കപ്പെട്ടാല്‍ ഇരുപതിനായിരം റിയാല്‍ പിഴ ചുമത്തുന്നത് ഉള്‍പ്പടെ കനത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്ന തര്‍ശീദ് നിയമം നടപ്പിലാക്കി തുടങ്ങിയെന്നാണ്.
കനത്ത പിഴ ശിക്ഷയാണ് ശുദ്ധ ജലവും വൈദ്യുതിയും ഏതെങ്കിലും വിധത്തില്‍ പാഴാക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ലഭിക്കുക. പതിനായിരം റിയാലായിരിക്കും വൈദ്യുതി പാഴാക്കുന്നവര്‍ക്ക് പിഴ ചുമത്തുക. നിയമം സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പാര്‍പ്പിടങ്ങള്‍ക്കും ബാധകമാണ്. കെട്ടിടങ്ങള്‍ക്ക് പുറത്ത് അനാവശ്യമായ അലങ്കാര വിളക്കുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. രാജ്യവ്യാപകമായ പ്രചാരണ പരിപാടികളും മറ്റും ജല വൈദുതി ദുരുപയോഗം തടയുന്നതിനായി തര്‍ശീദ് നടത്തി വരികയാണ്.

ബോധവത്കരണ നോട്ടീസുകള്‍ രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍, പള്ളികള്‍, സ്‌കൂളുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പതിച്ചിട്ടുണ്ട്. ലഘു ലേഖകളും പോസ്റ്ററുകളും ഷോപ്പിങ്ങ് മാളുകള്‍ കേന്ദ്രീകരിച്ചും മറ്റും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതിലൂടെ ഉദ്ദേശിക്കുന്നത് വൈദ്യുതിയുടെയും വെള്ളത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ ബോധവത്കരണം നടത്തുകയാണ്. നിയമ ലംഘനം ഇതിനു ശേഷവും തുടര്‍ന്നാല്‍ പിഴത്തുക ഇരട്ടിയിലധികമായി വര്‍ധിപ്പിയ്ക്കും. വൈദ്യുത വിളക്കുകള്‍ രാവിലെ ഏഴിനും വൈകിട്ട് 4.30നും ഇടയില്‍ തെളിയിച്ചതായി കണ്ടാല്‍ നിയമ ലംഘനമായി കണക്കാക്കി പിഴ ഈടാക്കും.

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജുഡീഷ്യല്‍ അന്വേഷണക്കമ്മീഷനു മുന്നില്‍ ഹാജരായി. ഹാജരാകണമെന്നു കാട്ടി മുഖ്യമന്ത്രിക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. തിരുവനന്തപുരം, തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിംഗിലാണ് മുഖ്യമന്ത്രി ഹാജരായത്. ഇതിനു മുന്നോടിയായി കമ്മീഷനില്‍ മുഖ്യമന്ത്രി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സര്‍ക്കാരിന് യാതൊരു വിധത്തിലുള്ള സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ലെന്നാണ് സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രി പറയുന്നത്.
ബിജുരാധാകൃഷ്ണനും സരിത നായര്‍ക്കും സഹായങ്ങളൊന്നും നല്‍കിയിട്ടില്ല. സരിതയെ കണ്ടതായി നിയമസഭയില്‍ പറഞ്ഞ തിയതി തെറ്റിപ്പോയി. ശശിധരന്‍ നായരെയും സരിത നായരെയും ഒരുമിച്ച് കണ്ടിട്ടില്ല. ബിജു രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ച്ചയിലെ വിശദാംശങ്ങള്‍ കമ്മീഷന് മുന്നിലും വിശദീകരിക്കാന്‍ സാധിക്കില്ല. ഇത് വ്യക്തിപരമായ കാര്യങ്ങളാണ് തുടങ്ങിയ കാര്യങ്ങളാണ് ഉമ്മന്‍ചാണ്ടി സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിയമസഭയ്ക്ക് അകത്തും പുറത്തും മുഖ്യമന്ത്രി നേരത്തെ സ്വീകരിച്ചിരുന്ന നിലപാടുകള്‍ തന്നെയാണ് സത്യവാങ്മൂലത്തിലും ആവര്‍ത്തിച്ചിരിക്കുന്നത്.

തെളിവെടുപ്പ് അവസാനഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ നിന്നും തെളിവെടുക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി കമ്മീഷന്‍ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 25-ാം തിയതി മൊഴി നല്കാന്‍ മുഖ്യമന്ത്രി സമ്മതം അറിയിക്കുകയായിരുന്നു. ബിജു രാധാകൃഷ്ണനടക്കമുള്ള ചിലര്‍ മുഖ്യമന്ത്രിക്കെതിരെ കമ്മീഷന് മുന്‍പില്‍ ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തടര്‍ന്ന് ആരോപണ വിധേയര്‍ക്ക് നല്കുന്ന 8 ബി നോട്ടീസും മുഖ്യമന്ത്രിക്ക് നല്കിയിരുന്നു. എന്നാല്‍ കൊച്ചിയിലേക്ക് എത്താന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് പ്രത്യേക സിറ്റിംഗ് നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചത്.

ജസ്റ്റീസ് ശിവരാമന്‍ മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ ചോദിച്ച് മൊഴി രേഖപ്പെടുത്തും. അഴിമതിക്കേസില്‍ മുഖ്യമന്ത്രി നേരിട്ടെത്തി ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കുന്നത് അസാധാരണ സംഭവമാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ഇങ്ങനെയൊരു സംഭവം ആദ്യമായിട്ടാണ്. മുഖ്യമന്ത്രിയുമായും ഓഫീസുമായും ബന്ധപ്പെട്ട സംശയങ്ങളില്‍ നേരിട്ടെത്തി മൊഴി നല്‍കാന്‍ തയ്യാറാണെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തനിക്ക് ഇക്കാര്യത്തില്‍ മറച്ചു വെയ്ക്കാന്‍ ഒന്നുമില്ലെന്നും അതിനാല്‍ തന്നെ കമ്മീഷന് മുന്നില്‍ ഹാജരാകുന്നതിന് ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മേുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന സലിംരാജ്, ജിക്കുമോന്‍, സോളാര്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച എഡിജിപി എ. ഹേമചന്ദ്രന്‍ തുടങ്ങിയവരില്‍ നിന്നു സോളാര്‍ കമ്മീഷന്‍ നേരത്തെ മൊഴിയെടുത്തിരുന്നു. സോളാര്‍ തട്ടിപ്പു കേസിലെ പ്രതികളായ സരിത എസ്. നായരുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നവരോടു പ്രധാനമായും ചോദിച്ചത്. സോളാര്‍ തട്ടിപ്പു കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പിഎ ടെന്നി ജോപ്പന്റെയും മൊഴിയെടുക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

ജയ്പൂര്‍: അധികാരവും പദവിയും കിട്ടിക്കഴിഞ്ഞാല്‍ വന്ന വഴികള്‍ മറക്കുന്ന തലമുറയുടെ കാലത്ത് വ്യത്യസ്തമായ മാതൃകയായി ഒരു എംപി. സര്‍ക്കാര്‍ അനുവദിച്ച കാര്‍ പോലും ഉപയോഗിക്കാതെ സൈക്കിളില്‍ യാത്രചെയ്താണ് ഈ എംപി വ്യത്യസ്തനാവുന്നത്. രാജസ്ഥാന്‍ ബികനീറില്‍ നിന്നുള്ള അര്‍ജുന്‍ രാം മേഗ്വാല്‍ എംപിയാണ് കാറില്‍ കുതിച്ചുപായുന്ന നേതാക്കളുള്ളിടത്ത് ലാളിത്യത്തിന്റെ മാതൃകയാവുന്നത്.

സൈക്കിളില്‍ പേരും എഴുതിവച്ചാണ് എംപിയുടെ യാത്രകള്‍. മുന്‍പ് സൈക്കിളില്‍ പേരെഴുതിയ ബോര്‍ഡ് ഉണ്ടായിരുന്നില്ല. അപ്പോള്‍ സൈക്കിള്‍ പാര്‍ക്കിങ്ങില്‍ നിര്‍ത്തി പാര്‍ലമെന്റിലേക്ക് പോയി കഴിയുമ്പോള്‍ അവിടെ പാര്‍ക്കിങ്ങില്‍ വലിയ ആഢംബരക്കാറുകളുടെ ഇടയില്‍ നില്‍ക്കുന്ന പാവം സൈക്കിള്‍ കാണുമ്പോള്‍ സെക്യൂരിറ്റി ചുമതലയുള്ള പോലീസുകാര്‍ക്ക് ആരുടെ സൈക്കിള്‍ എന്നറിയാതെ അരിശം മൂത്ത് കാറ്റ് അഴിച്ചു വിടുകയോ പുറത്തെ സൈക്കിള്‍ സ്റ്റാണ്ടില്‍ കൊണ്ടു തള്ളുക തുടങ്ങിയ സംഭവങ്ങള്‍ നിത്യസംഭവങ്ങളായപ്പോള്‍ എംപി സാര്‍ കണ്ടൊരു ഉപായമാണ് പേരെഴുതിയ ബോര്‍ഡ് കൂടി സൈക്കിളില്‍ വക്കുകയെന്നത്. പിന്നീടൊരിക്കലും സൈക്കിളിള്‍ പോലീസുകാരുടെ കലാപരിപാടികളും ഉണ്ടായില്ലത്രേ.

ഇദ്ദേഹം പാര്‍ലമെന്റിലേക്ക് പോകുന്നതും വരുന്നതുമെല്ലാം സൈക്കിളില്‍ തന്നെ. രാജസ്ഥാന്‍ കേഡറിലെ പഴയ ഐഎഎസ് ഓഫീസര്‍ കൂടിയാണ് എംപി. ബിക്കാനീറിലെ കിസ്മിദാറിലെ ഒരു നെയ്ത്തുകുടുംബത്തിലായിരുന്നു അര്‍ജുന്റെ ജനനം. ബിഎ, എല്‍എല്‍ബി, എംബിഎ ബിരുദധാരിയായ അര്‍ജുന്‍ രാജസ്ഥാന്‍ ഭരണ സര്‍വീസില്‍ ജോലിക്ക് കയറുകയും പിന്നീട് ഐഎഎസിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയുമായിരുന്നു.

2009ലാണ് ബിജെപി ടിക്കറ്റില്‍ ബിക്കാനീറില്‍ നിന്ന് അര്‍ജുന്‍ ലോകസഭയിലെത്തിയത്. 2013ലെ മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരവും അര്‍ജുന് ലഭിച്ചിട്ടുണ്ട്. കഴിവിന്റെ പരമാവധി സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. 16ാം ലോകസഭയിലെ ബിജെപിയുടെ ചീഫ് വിപ്പാണ് അര്‍ജുന്‍ രാം മേഗ്വാല്‍.
വീഡിയോ കാണാം:

പ്രശസ്ത മലയാള നടി അര്‍ച്ചന കവി വിവാഹിതയായി. കൊച്ചിയില്‍ വച്ച് നടന്ന ചടങ്ങില്‍ ബാല്യകാല സുഹൃത്തും വളര്‍ന്ന്‍ വരുന്ന ഹാസ്യ നടനുമായ അബിഷ് മാത്യു ആണ് അര്‍ച്ചനയുടെ കഴുത്തില്‍ മിന്ന് കെട്ടിയത്.  ലളിതമായ രീതിയില്‍ നടത്തിയ വിവാഹ ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമ രംഗത്ത് നിന്നും റീമ കല്ലിങ്കലും മാളവിക മോഹനും പങ്കെടുത്തിരുന്നു.
സിനിമാ രംഗത്തെ ആളുകള്‍ക്കും മറ്റുമായി റിസപ്ഷന്‍ ഇന്ന്‍ വൈകുന്നേരം ബോള്‍ഗാട്ടി പാലസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അര്‍ച്ചനയുടെ ബാല്യകാലം മുതലുള്ള കളിക്കൂട്ടുകാരന്‍ ആയ അബിഷുമായി നവംബര്‍ ഒന്നിനായിരുന്നു വിവാഹ നിശ്ചയം നടന്നത്. ഡല്‍ഹിയില്‍ വച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍. ഇരുവീട്ടുകാരുടെയും ചേര്‍ന്നായിരുന്നു വിവാഹ തീരുമാനം കൈക്കൊണ്ടത്. അര്‍ച്ചനയും അബിഷും ഇപ്പോള്‍ വിവാഹം വേണ്ട എന്ന തീരുമാനത്തില്‍ ആയിരുന്നെങ്കിലും വീട്ടുകാരുടെ തീരുമാനത്തോട് യോജിക്കുകയായിരുന്നു.

archana2

വിവാഹ ശേഷം അഭിനയം തുടരുമോ എന്ന്‍ അര്‍ച്ചന വ്യക്തമാക്കിയിട്ടില്ല. തന്‍റെ കോമഡി ഷോകളിലൂടെയാണ് അബിഷ് പ്രശസ്തി കൈവരിച്ചത്. കോട്ടയം സ്വദേശിയാണ് അബിഷ്. എഐബി റോസ്റ്റ് എന്ന സംഗീത പരിപാടി അബിഷിനെ ഏറെ പ്രശസ്തനാക്കിയിരുന്നു.

ലാല്‍ ജോസിന്‍റെ നീലത്താമര എന്ന ചിത്രത്തിലൂടെയായിരുന്നു അര്‍ച്ചന വെള്ളിത്തിരയില്‍ നായികയായത്.

archana4

 

ക്വലാലംപൂര്‍: തായ്‌ലന്‍ഡിലെ ഒരു ബീച്ചില്‍ മൂന്നു മീറ്ററോളം നീളമുള്ള വിമാനാവശിഷ്ടം അടിഞ്ഞു. കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370ന്റേതാണ് ഈ അവശിഷ്ടമെന്നാണ് നിഗമനം. നാഖോം സി തമാരാറ്റ് പ്രവിശ്യയിലുള്ള ബീച്ചിലാണ് വളഞ്ഞ ലോഹഭാഗം അടിഞ്ഞത്. ഇതില്‍ കക്കകള്‍ പൊതിഞ്ഞിരിക്കുകയാണ്. പ്രദേശവാസികളാണ് ഇത് കണ്ട വിവരം അധികൃതരെ അറിയിച്ചത്. 2014 മാര്‍ച്ചിലാണ് ക്വലാലംപൂരില്‍ നിന്ന ബീജിംഗിലേക്ക് പറക്കുകയായിരുന്ന മലേഷ്യന്‍ എയര്‍ വിമാനം 239 യാത്രക്കാരുമായി കാണാതായത്.
കഴിഞ്ഞ ജൂലൈയില്‍ ഫ്രഞ്ച് പ്രദേശമായ റീയൂണിയന്‍ ദ്വീപില്‍നിന്ന് വിമാനത്തിന്റെ ഒരു ഭാഗം ലഭിച്ചിരുന്നു. ഇതു മാത്രമാണ് കാണാതായ വിമാനത്തിന്റേതായി ഇതുവരെ ലഭിച്ച അവശിഷ്ടം. ഇത്തരത്തിലുള്ളല രണ്ടാമത്തേതാണ് താ്യലന്‍ഡില്‍ കണ്ടെത്തിയത്. പാക് ഫനാംഹഗ് ജില്ലയിലാണ് അവശിഷ്ടം കരയ്ക്കടിഞ്ഞത്. മൂന്നു മീറ്റര്‍ നീളവും രണ്ടുമീറ്റര്‍ വീതിയും ഇതിനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. എങ്കിലും ഇതൊരു വിമാനത്തിന്റേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ആദ്യം വിമാനാവശിഷ്ടം ലഭിച്ച ഫ്രഞ്ച് റീയൂണിയന്‍ ദ്വീപില്‍ നിന്ന് ആയിരക്കണക്കിന് മൈലുകള്‍ അകലെയാണ് തായ്‌ലന്‍ഡ്. ഇപ്പോള്‍ വിമാനാവശിഷ്ടം കണ്ടെത്തിയ പ്രദേശം ആദ്യത്തേതിന്റെ വിപരീത ദിശയിലാണ് സ്ഥിതി ചെയ്യുന്നതെന്നതും ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തായ് മാധ്യമങ്ങള്‍ ഇത് മലേഷ്യന്‍ വിമാനത്തിന്റേതു തന്നെയെന്ന് ഉറപ്പിച്ചു പറയുന്നു. എന്തായാലും വിമാനാവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചിലിന് ഊര്‍ജ്ജം പകര്‍ന്നിരിക്കുകയാണ് ഈ സംഭവം.

കാണാതാകുന്നതിനു മുമ്പ് ആരോ മനഃപൂര്‍വം വിമാനത്തിന്റെ ട്രാന്‍സ്‌പോന്‍ഡറുകള്‍ ഓഫാക്കിയതായി അന്വേഷണം നടത്തുന്ന വിഗദ്ധര്‍ കരുതുന്നുണ്ട്. വിമാനത്തിലെ യാത്രക്കാരിലധികവും ചൈനക്കാരായിരുന്നു. അതുകൊണ്ട് വിഷയയത്തിലുണ്ടാകുന്ന പുരോഗതി വിശകലനം ചെയ്തുല വരികയാണെന്ന് ചൈനീസ് വൃത്തങ്ങള്‍ പ്രതികരിച്ചു.

നാട്ടിലിറങ്ങിയ ഒറ്റയാനോടൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനഞ്ചുകാരനെ ആന ചവുട്ടികൊന്നു. ബിഹാറിലെ അരാരിയ ജില്ലയിലെ ചന്ദാപൂര്‍ ഗ്രാമത്തിലാണ് സംഭവം. വനത്തില്‍ നിന്നും വഴിതെറ്റി നാട്ടിലിറങ്ങിയ ആനയാണ് മിഥുന്‍ പാസ്വാന്‍ എന്ന കുട്ടിയെ ചവുട്ടിക്കൊന്നത്. ആനയെ വീക്ഷിക്കാന്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുകയായിരുന്നു കുട്ടി.
ഇതിനിടയില്‍ പലരും ഫോട്ടോയും എടുത്തു. ആളുകള്‍ നടന്ന് വരുന്നത് കണ്ട ആന പരിഭ്രാന്തിയോടെ മിഥുനും കൂട്ടുകാര്‍ക്കും നേരെ തിരിഞ്ഞു. എന്നാല്‍ സെല്‍ഫി എടുത്തുകൊണ്ടു നിന്ന മിഥുന്‍ ആന വരുന്നത് ശ്രദ്ധിച്ചില്ല. ആന ചവുട്ടി അരച്ച മിഥുനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാബൂള്‍ : രണ്ടാം വിവാഹം എതിര്‍ത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് മുറിച്ചു . അഫ്ഗാനിസ്ഥാനിലാണ് സംഭവം നടന്നത് . മുഹമ്മദ്‌ ഖാന്‍ എന്നയാളാണ് തന്‍റെ രണ്ടാം വിവാഹം എതിര്‍ത്ത ഭാര്യയെ മര്‍ദിക്കുകയും മൂക്ക് പോക്കറ്റ് കത്തി കൊണ്ട് മുറിച്ചെടുക്കുകയും ചെയ്തത്. ഇറാനില്‍ ആയിരുന്ന ഇയാള്‍ രണ്ടാം ഭാര്യയുമായിട്ടാണ് തിരിച്ചെത്തിയത്.
ആറുവയസുകാരിയുമായായിരുന്നു ഇയാളുടെ രണ്ടാം വിവാഹംഇതിനെ എതിര്‍ത്തതിനെ തുടര്‍ന്നാണ്‌ ഭാര്യ റേസാ ഗുലിനോട്‌ മുഹമ്മദ്‌ ഖാന്‍ ഇത്രയും ക്രൂരമായ്‌ ആക്രമം നടത്തുവാന്‍ കാരണം. റേസാ ഗുല്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ് . റീകണ്‍സ്ട്രക്ടീവ് സര്‍ജറി നടത്തിയാലെ മൂക്ക് പഴയ രൂപത്തിലാക്കാന്‍ സാധിക്കൂ എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു .

മുഹമ്മദ്‌ ഖാനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതി ഇപ്പോള്‍ താലിബാന്‍ മേഖലയില്‍ ഒളിവിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

ബോളിവുഡിലെ യുവ പ്രണയ ജോഡികളായ രണ്‍ബീര്‍ കപൂറും കത്രീന കൈഫും വേര്‍പിരിഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ധാരാളം വിവാദങ്ങള്‍ വരുത്തിവെയ്ക്കുകയും എന്നും വാര്‍ത്തകളില്‍ നിറഞ്ഞും നിന്നിരുന്ന ഈ നക്ഷത്ര കമിതാക്കളുടെ വേര്‍പിരിയലിന് പല കാരണങ്ങളും മാധ്യമങ്ങള്‍ കണ്ടെത്തിയിരുന്നു. രണ്‍ബീറിന്റെ മുന്‍ കാമുകി ദീപികയും കത്രീനയുടെ മുന്‍ കാമുകന്‍ സല്‍മാനുമെല്ലാം വേര്‍പിരിയലിന് കാരണമായെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ ഇതൊന്നമല്ല ബിടൗണിന്‍ പുതിയ ഹരം ആലിയ ഭട്ട് ആണ് ഇരുവര്‍ക്കുമിടയില്‍ വില്ലത്തിയായി കടന്നുവന്നതെന്നാണ് ഇപ്പോള്‍ അറിയുന്നത്. ആലിയ ഭട്ടിനോടുള്ള രണ്‍ബീറിന്റെ അടുപ്പം കത്രീനയെ ചൊടിപ്പിച്ചതാണ് ബ്രേക്കപ്പിനുള്ള കാരണമെന്ന് ചില ബോളിവുഡ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഇംതിയാസ് അലിയുടെ വീട്ടില്‍ വെച്ചായിരുന്നു പ്രണയത്തകര്‍ച്ചയ്ക്ക് തുടക്കമിട്ടതെന്നും പറപ്പെടുന്നുണ്ട്.

ഇംതിയാസ് അലിയുടെ വീട്ടില്‍വെച്ചു നടന്ന പരിപാടിയില്‍ ബോളിവുഡിലെ പ്രമുഖരെ ക്ഷണിച്ചിരുന്നു. രണ്‍ബീറും കത്രീനയും ആലിയയുമെല്ലാം പരിപാടിയില്‍ പങ്കെടുത്തു. ചടങ്ങില്‍ ആരെയും ആകര്‍ഷിക്കുന്ന വേഷം ധരിച്ചെത്തിയ ആലിയ രണ്‍ബീറിന്റെ ശ്രദ്ധനേടാന്‍ ശ്രമിച്ചതും രണ്‍ബീര്‍ ആലിയയുമായി കൂടുതല്‍ ഇടപഴകിയതും കത്രീനയെ ചൊടിപ്പിച്ചത്രെ.

ഇതേച്ചൊല്ലി ഇവര്‍ താമസിക്കുന്ന സ്ഥലത്തുവെച്ചും വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. പിന്നിട് ചെറിയ കാരണങ്ങള്‍ക്കുപോലും തര്‍ക്കിച്ച ഇരുവരും, രണ്‍ബീറിന്റെ ദീപികയുമായുള്ള സിനിമ റിലീസ് ചെയ്തതോടെ പൂര്‍ണമായി അകലുകയായിരുന്നു. രണ്‍ബീര്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും താന്‍ പറയാതെ വിവാഹം കഴിക്കില്ലെന്നുമുള്ള ദീപികയുടെ പരാമര്‍ശവും പിണക്കത്തിന്റെ ആക്കം കൂട്ടിയെന്നാണ് അറിയുന്നത്.

തൃശൂര്‍: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനെതിരെ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം നല്‍കാനും നിര്‍ദേശിച്ചു. കെ.ബാബുവിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം. അന്വേഷണം കോടതി നിരീക്ഷണത്തിലായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വിജിലന്‍സിനെതിരെ കോടതി രൂക്ഷമായ പരാമര്‍ശമാണ് നടത്തിയത്. കെ.ബാബുവിനെതിരെ അതിവേഗ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു മാസം കൂടി വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.
വിജിലന്‍സിന് ആത്മാര്‍ത്ഥതയും സത്യസന്ധതയും ഇല്ലെന്ന് കോടതി പറഞ്ഞു. അന്വേഷണ വിവരങ്ങള്‍ ലോകായുക്തയിലാണെന്ന ന്യായമാണ് വിജിലന്‍സ് പറയുന്നത്. ലോകായുക്ത ഉള്ളത് കൊണ്ട് വിജിലന്‍സ് അടച്ചുപൂട്ടിയോ എന്ന് കോടതി ചോദിച്ചു. കോടതിയെ മണ്ടനാക്കാന്‍ ശ്രമിക്കരുത്. ഒന്നര മാസമായി കോടതി എന്തു ചെയ്യുകയാണെന്നും കോടതി ചോദിച്ചു.

ഗാണ്ഡീവം നഷ്ടപ്പെട്ട അര്‍ജുനനാണോ വിജിലന്‍സെന്ന് കോടതി ചോദിച്ചു. വിജിലന്‍സിന് ഇച്ഛാശക്തിയില്ല. കെ.ബാബുവിന്റെ ആസ്ഥികളും വീടും പരിശോധിക്കാന്‍ ഇതുവരെ തയ്യാറാകാതിരുന്നതിനേയും കോടതി വിമര്‍ശിച്ചു.

കൊച്ചി: മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ എ.സി.ജോസ് (79) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. തിരുവനന്തപുരത്ത് കണ്‍സ്യൂമര്‍ ഫെഡിന്റെ യോഗത്തില്‍ പങ്കെടുത്ത് കൊച്ചിയില്‍ തിരിച്ചെത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അന്ത്യം.
മൂന്ന് തവണ ലോക്‌സഭാംഗമായിട്ടുണ്ട്. കൊച്ചി മേയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുറച്ചുകാലം കേരള നിയമസഭയുടെ സ്പീക്കറായിരുന്നു. അക്കാലത്താണ് കരുണാകരന്‍ മന്ത്രിസഭയെ നിലനിര്‍ത്താന്‍ കാസ്റ്റിങ് വോട്ട് ചെയ്തത് ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ പത്രാധിപരാണ്.

സംസ്‌കാരം ചൊവ്വാഴ്ച മൂന്നുമണിക്ക് ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ നടക്കും. ഭാര്യ: ലീലാമ്മ. നാലു മക്കളുണ്ട്.

RECENT POSTS
Copyright © . All rights reserved