പാരീസ്: ഫ്രാന്‍സിലെ കത്തോലിക്ക വിശ്വാസികള്‍ വര്‍ഷങ്ങളായി ഉപയോഗിച്ചു കൊണ്ടിരുന്ന ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ത്ഥനയുടെ പരിഷ്‌കരിക്കരിച്ച രൂപം അടുത്ത മാസം പ്രാബല്യത്തില്‍ വരും. ആഗമനകാലത്തെ ആദ്യത്തെ ഞായറാഴ്ചയായ ഡിസംബര്‍ 3 മുതലാണ് ഫ്രഞ്ച് കത്തോലിക്കര്‍ യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ പുതിയ രൂപം ഉപയോഗിച്ച് തുടങ്ങുക. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നവീകരണം മുതല്‍ ഉപയോഗിച്ചിരുന്ന തര്‍ജ്ജമയാണ് ഇപ്പോള്‍ ചെറിയ രീതിയില്‍ മാറ്റപ്പെടുന്നത്.
കഴിഞ്ഞ അര നൂറ്റാണ്ടായി ഫ്രഞ്ച് കത്തോലിക്കര്‍ കിംഗ് ജെയിംസ് പതിപ്പിലെ വാക്കുകളുടെ തര്‍ജ്ജമയായ ‘നോട്രെ പിയറെ’ എന്ന പതിപ്പായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതനുസരിച്ച് ആറാമത്തെ അപേക്ഷയുടെ തര്‍ജ്ജമയുടെ (നെ നൌസ് സൌമെറ്റ്‌സ് പാസ് ഇ ലാ ടെന്റേഷന്‍) അര്‍ത്ഥം ‘ഞങ്ങളെ പ്രലോഭനത്തിനു കീഴടങ്ങുവാന്‍ അനുവദിക്കരുതേ’ എന്നാണ്. ഇത് വേറെ അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കപ്പെടുവാന്‍ സാധ്യതയുണ്ടെന്ന് കണ്ടതിനാലാണ് ഇതില്‍ മാറ്റം വരുത്തിയത്.
ഫ്രാന്‍സിലെ മെത്രാന്‍മാരുടെ അനുവാദത്തോട് കൂടി പരിഷ്‌കരിച്ച പതിപ്പനുസരിച്ച് ആറാമത്തെ അപേക്ഷയുടെ തര്‍ജ്ജമയുടെ (നെ നൌസ് ലൈസ്സെ പാസ് എന്‍ട്രേര്‍ എന്‍ ടെന്റേഷന്‍) അര്‍ത്ഥം ‘ഞങ്ങളെ പ്രലോഭനത്തില്‍ അകപ്പെടുത്തരുതേ’ എന്നായി മാറും. നിലവില്‍ ഉണ്ടായിരുന്ന പതിപ്പ് ആശയക്കുഴപ്പമുളവാക്കുന്നതായിരുന്നു എന്ന് ഫ്രഞ്ച് മെത്രാന്‍മാരുടെ ആരാധനാപരമായ കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ബിഷപ്പ് ഗുയ് ഡെ കെറിമേല്‍ പറഞ്ഞു.
പുതിയ മാറ്റത്തെ സ്വീകരിക്കുമെന്ന് ഫ്രാന്‍സിലെ പ്രൊട്ടസ്റ്റന്റ് നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. വളരെക്കാലമായി നിലനിന്നിരുന്ന ആശയകുഴപ്പത്തിനാണ് തര്‍ജ്ജമയിലുള്ള മാറ്റം വഴി ഫ്രഞ്ച് മെത്രാന്‍ സമിതി പരിഹാരം കണ്ടിരിക്കുന്നതെന്ന്! മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബെല്‍ജിയത്തിലും ആഫ്രിക്കയിലും ഈ മാറ്റം ജൂണില്‍ വരുത്തിയിരിന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ മഞ്ജു വാര്യര്‍ പ്രധാന സാക്ഷി. കേസിലെ കുറ്റപത്രം ഇന്ന് ഉച്ചയ്ക്ക് സമര്‍പ്പിക്കും. നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന സംബന്ധിച്ച കുറ്റപത്രമാണ് പ്രത്യേക അന്വേഷണസംഘം തയാറാക്കിയിരിക്കുന്നത്.
ആകെ 11 പ്രതികളുളള അന്തിമ റിപ്പോർട്ടിൽ ദിലീപ് എട്ടാം പ്രതിയാണ്. ആദ്യ കുറ്റപത്രത്തിലെ ഏഴ് പ്രതികളെ അതേപടി നിലനിർത്തും. കൃത്യം നടത്തിയവരും ഒളിവിൽ പോകാൻ സഹായിച്ചവരുമാണ് ആദ്യകുറ്റപത്രത്തിലുളളത്. ദിലീപ് , അഭിഭാഷകരായ പ്രദീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനിൽകുമാറിന്‍റെ സഹതടവുകാരനായിരുന്ന വിഷ്ണു എന്നിവരെയാണ് പുതുതായി അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്.
ദിലീപിനെ ഒന്നാം പ്രതിയാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും കേസിനെ അത് കൂടുതൽ സങ്കീർണമാക്കും എന്ന വിലയിരുത്തലിലാണ് എട്ടാം പ്രതിയാക്കിയത്. നേരത്തെ ചുമത്തിയ ഗൂഡാലോചന, കൂട്ടബലാൽസംഗം തുടങ്ങിയ കുറ്റങ്ങൾ അടക്കം പതിനേഴോളം വകുപ്പുകൾ ദിലീപിനിതെരെ കുറ്റപത്രത്തിലും ചുമത്തിയിട്ടുണ്ട്.
ദിലീപും സുനിയും മാത്രമാണ് ഗൂഡാലോചനയിൽ നേരിട്ട് പങ്കെടുത്തതെന്നാണ് കണ്ടെത്തൽ. സിനിമാ മേഖലയിൽ നിന്നുളള പ്രമുഖരടക്കം മൂന്നൂറ്റമ്പതോളം പേരെ കേസില്‍ സാക്ഷികളാക്കിയിട്ടുണ്ട്. മൊബൈൽ ഫോൺ രേഖകളടക്കം 450 രേഖകൾ തെളിവായി ഹാജരാക്കുന്നുണ്ട്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ഇന്ന് കുറ്റപത്രം സമർപ്പിക്കുന്നത്.
എ.കെ.ശശീന്ദ്രനെതിരായ ഫോണ്‍ സംഭാഷണം സംപ്രേഷണം ചെയ്ത മംഗളം ചാനലിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗുരുതര ക്രിമിനല്‍ ഗൂഢാലോചന നടത്തിയ ചാനല്‍ കമ്പനിയെയും ചാനലിന്റെ സി.ഇ.ഒയെയും പ്രോസിക്യൂട്ട് ചെയ്യും. കഴിഞ്ഞ ദിവസം പി.എസ് ആന്റണി കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇത് വിശദീകരിച്ചത്. ഇതടക്കം 16 ശുപാര്‍ശകളാണ് കമ്മിഷന്‍ സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.ശബ്ദരേഖാ പ്രസിദ്ധീകരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ചാനലിന്റെ ചീഫ് എക്‌സിക്യൂട്ടീഫ് ഓഫീസറായ ആര്‍.അജിത്കുമാറിനാണ്. ഉദ്ഘാടന ദിവസം തന്നെ ഒളികാമറ റിപ്പോര്‍ട്ട് എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഇക്കാര്യം ചാനലില്‍ ഇദ്ദേഹം തന്നെയാണ് അവതരിപ്പിച്ചത്. ചാനല്‍ നടത്തിയത് സംപ്രേഷണ നിയമത്തിന്റെ ലംഘനമാണ്.
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 97 റൺസിൽ നില്ക്കുമ്പോഴാണ് ഡിക്ലയർ ചെയ്യട്ടെ എന്ന് ക്യാപ്റ്റൻ വിരാട് കോഹ്‌ലി കോച്ച് രവി ശാസ്ത്രിയോട് ചോദിച്ചത്. സെഞ്ചുറി പൂർത്തിയാക്കൂ എന്നായിരുന്നു ശാസ്ത്രിയുടെ മറുപടി. എന്നാൽ ചോദ്യം ചോദിച്ച രീതിയാണ് എല്ലാവരെയും അൽഭുതപ്പെടുത്തിയത്. ആംഗ്യ ഭാഷയിലായിരുന്നു സംഭാഷണം. കൈകൾക്കൊണ്ട് രണ്ടുപേരും നടത്തിയ സംഭാഷണ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ സ്വന്തം ശതകത്തേക്കാളുപരി എതിരാളിയെ അധികനേരം ബാറ്റു ചെയ്യിപ്പിക്കാനായിരുന്നു കോഹ്‌ലിയുടെ ആഗ്രഹം. പക്ഷേ ഒരു ഓവറർ കൂടി ബാറ്റ് ചെയ്ത് ഡിക്ലയർ ചെയ്യാനായിരുന്നു പരിശീലകനായ ശാസ്ത്രിയുടെ നിർദ്ദേശം. ആംഗ്യ സംഭാഷണം ഡികോഡ് ചെയ്യാമോ എന്ന തകര്‍പ്പന്‍ ചോദ്യവുമായി ബിസിസിഐ തന്നെ ഈ വീഡിയോ ട്വിറ്ററിൽ ഷെയര്‍ ചെയ്യുകയും ചെയ്തു
How about that for sign language? Care to decode this conversation between the Captain and Coach? #INDvSL pic.twitter.com/cN54UzGJy8
— BCCI (@BCCI) November 20, 2017
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇന്ന് ഉച്ചയോടെ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട ദിലീപ് എട്ടാം പ്രതിയാകും. നിലവില്‍ 11-ാം പ്രതിയാണ് ദിലീപ്. വിചാരണക്കോടതിയായ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. മൊത്തം 11 പ്രതികളാണ് കേസിലുള്ളത്. രണ്ട് പേര്‍ മാപ്പുസാക്ഷികളാകും. സുനിക്ക് ജയിലില്‍വെച്ച് കത്തെഴുതി നല്‍കിയ വിപിന്‍ലാലും എആര്‍ ക്യാമ്പിലെ പോലീസുകാരനുമാണ് മാപ്പുസാക്ഷികളാകുക. മഞ്ജു വാര്യരും കേസില്‍ സാക്ഷിയാണ്.
ആക്രമണക്കേസില്‍ നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞതിനാല്‍ അതിന് അനുബന്ധമായായിരിക്കും പുതിയ കുറ്റപത്രം നല്‍കുക. മുന്നൂറിലേറെ സാക്ഷികളുടെ മൊഴികള്‍ പോലീസ് ശേഖരിച്ചു. 450ലധികം രേഖകളും ഫോണ്‍ രേഖകളും കേസിന്റെ ഭാഗമായി ശേഖരിച്ചു. കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുന്നോടിയായി ഡിജിപി ലോക്നാഥ് ബെഹ്റ നിയമവിദഗ്ദ്ധരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതായി പോലീസ് ആരോപിക്കുന്നു. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി ഹൈക്കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച അപേക്ഷയിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. സാക്ഷികളെ സ്വാധീനിച്ചെന്നാണ് ആരോപണം. എന്നാല്‍ ഇക്കാര്യം വിചാരണക്കോടതിയില്‍ അറിയിക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി ദിലീപിന് വിദേശത്തു പോകാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രോസിക്യൂഷന്‍.
ഗുളിക തൊണ്ടയില്‍ കുടുങ്ങി അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം. കോട്ടയം ചിങ്ങവനം സ്വദേശികളായ പരുത്തംപാറ നടുവിലേപറമ്പില്‍ റിന്‍റ്റു – റിനു ദമ്പതികളുടെ മകള്‍ ഐലീന്‍ (5 വയസ്സ്) ആണ് മരണമടഞ്ഞത്. പാച്ചിറ മാതാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയാണ് ഐലീന്‍. ദുരന്തം വിശ്വസിക്കാനാവാതെ തരിച്ചിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.
ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ ചിങ്ങവനത്തുള്ള ബന്ധുവീട്ടിലാണ് സംഭവം. ചുമയ്ക്കുള്ള ഗുളിക കഴിക്കുന്നതിനിടയില്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച ഐലിനെ ഉടന്‍ തന്നെ കോട്ടയത്തുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു.
സംസ്ക്കാരം പിന്നീട്.
ഡെങ്കിപ്പനി ബാധിച്ച് മരിച്ച് ഏഴു വയസ്സുകാരിയുടെ മാതാപിതാക്കളില്‍ നിന്ന് ആശുപത്രി അധികൃതര്‍ ഈടാക്കിയത് 18 ലക്ഷം രൂപ. 15 ദിവസം കുട്ടി ഐസിയുവില്‍ കിടന്നതിനാണ് ഇത്രയും ഭീമമായ തുക നല്‍കേണ്ടി വന്നത്. എന്നാല്‍ വിലകൂടിയ മരുന്നുകള്‍ നല്‍കിയെന്നും മികച്ച ചിക്ത്‌സ നല്‍കിയെന്നും അവകാശപ്പെടുന്ന ഡോക്ടര്‍മാര്‍ക്ക് കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.
ആഗസ്റ്റ് 27 നാണ് കടുത്ത പനിയെത്തുടര്‍ന്ന് ആദ്യ സിങ് എന്ന് ഏഴു വയസ്സുകാരിയെ റോക്ക്‌ലാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ രണ്ട് ദിവസത്തിനു ശേഷവും പനിക്ക് മാറ്റമില്ലാതെ വന്നതോടെ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ആഗസ്റ്റ് 31ന് വിദഗ്ധ ചികിത്സയ്ക്കായി ആദ്യയെ ഗുഡ്ഗാവിലെ ഫോര്‍ട്ടിസ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ദിവസം കഴിയുംതോറും കുട്ടിയുടെ നില കൂടുതല്‍ വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
പിന്നീടുള്ള പത്ത് ദിവസങ്ങള്‍ വെന്റിലേറ്റര്‍ വഴിയാണ് കുട്ടിയുടെ ജീവന്‍ പിടിച്ചു നിര്‍ത്തിയത്. ആദ്യ ഐസിയുവിലുള്ള ദിവസങ്ങളില്‍ ഉയര്‍ന്ന തുകയാണ് ഈടാക്കിയിരുന്നതെന്നും ഇതിനു പുറമേ 1600 ഗ്ലൗസും 660 സിറിഞ്ചുകളും വിലകൂടിയ മരുന്നുകളും വാങ്ങിപ്പിച്ചുവെന്നും ആദ്യയുടെ പിതാവ് ജയന്ത് സിങ് പറഞ്ഞു. എന്നാല്‍ ഇതൊക്കെ തങ്ങളുടെ മകള്‍ക്ക് വേണ്ടി ഉപയോഗിച്ചോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ജയന്ത് സിങ്ങ് ആരോപിച്ചു.
സെപ്റ്റംബര്‍ 14ന് നടത്തിയ എംആര്‍ഐ സ്‌കാനിംഗില്‍ കുട്ടിയുടെ ബ്രെയിന്‍ പൂര്‍ണ്ണമായും തകരാറിലായി കണ്ടെത്തിയതോടെ ഡോക്ടര്‍മാര്‍ ഇനി പ്രതീക്ഷയില്ലെന്ന് മാതാപിതാക്കളെ അറിയിച്ചു. മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മകളെ കൊണ്ടുപൊയ്‌ക്കോളാം എന്ന് ജയന്ത്‌സിങ് പറഞ്ഞെങ്കിലും കുട്ടിയെ ആംബുലന്‍സിലേക്ക് മാറ്റാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 14ന് അര്‍ധരാത്രിയോടെ കുട്ടി മരിക്കുകയും ചെയ്തു.
പിന്നീട് കുട്ടിയുടെ ഇതുവരെയുള്ള ചികിത്സാച്ചെലവെന്ന് കാണിച്ച് 16 ലക്ഷം രൂപയുടെ ബില്ലാണ് മാതാപിതാക്കള്‍ക്ക് ലഭിച്ചത്. ബില്ലടയ്ക്കാനായി സ്വരുക്കൂട്ടിയ തുക തികയാതെ വന്നതോടെ അഞ്ച് ലക്ഷം രൂപ ലോണെടുക്കേണ്ടി വന്നുവെന്ന് ജയന്ത് പറഞ്ഞു. വിവരം പുറത്തറിഞ്ഞതോടെ ഭീമമായ തുട ഈടാക്കിയ ആശുപത്രിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധം ശക്തമാകുകയാണ്. ജയന്ത് സിങ്ങിന്റെ സുഹൃത്തിന്റെ ട്വീറ്റിലൂടെയാണ് വിവരം പുറംലോകം അറിഞ്ഞത്. ആയിരക്കണക്കിന് ആളുകളാണ് ട്വീറ്റ് ഷെയര്‍ ചെയ്യുകയും ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തത്.
സോഷ്യല്‍ മീഡിയയിലൂടെ വിവരം ശ്രദ്ധയില്‍പ്പെട്ടതോടെ കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡ വിഷയത്തില്‍ ഇടപെടുകയും അന്വേഷണം നടത്തി ഉടന്‍ നടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. വിഷയത്തില്‍ കേന്ദ്രമന്ത്രി ആശുപത്രി അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്.
അതേസമയം തങ്ങളുടെ ഭാഗത്ത് യാതൊരു പിഴവുമുണ്ടായിട്ടില്ലെന്ന് ആശുപത്രി പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി. ഗുരുതരാവസ്ഥയിലാണ് കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്നും ഓരോ ദിവസവും കുട്ടിയുടെ നില വഷളാകുന്നത് സംബന്ധിച്ച് മാതാപിതാക്കള്‍ക്ക് കൃത്യമായ വിവരം നല്‍കിയിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു. ഈയൊരവസ്ഥയില്‍ മെഡിക്കല്‍ നിയമത്തിനെതിരായി കുട്ടിയെ മറ്റൊരാശുപത്രിയിലേക്ക് മാറ്റാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നുവെന്നും എന്നാല്‍ അന്ന് രാത്രി തന്നെ കുട്ടി മരണപ്പെട്ടുവെന്നും അധികൃതര്‍ വ്യക്തമാക്കി. പീഡിയാട്രിക് ഐസിയുവില്‍ 15 ദിവസം കുട്ടിയെ കിടത്തിയിരുന്നുവെന്നും ഹൈ ഫ്രീക്വന്‍സി വെന്റിലേറ്ററാണ് ഉപയോഗിച്ചതെന്നും ദിവസവും ഡയാലിസിസ് നടത്തേണ്ടി വന്നുവെന്നും ഇതിനൊക്കെ ചെലവായ തുക മാത്രമേ ഈടാക്കിയിട്ടുള്ളുവെന്നും ആശുപത്രിയുടെ വിശദീകരണക്കുറിപ്പില്‍ പറയുന്നു
രാജ്യത്തുണ്ടാകുമായിരുന്ന മഹാദുരന്തം കൊച്ചിയില്‍ ഒഴിവായത് തലനാരിഴക്ക് .വ്യോമസേനയുടെ ആളില്ലാ വിമാനം വെല്ലിങ്ടണ്‍ ഐലന്‍ഡിലെ സ്വകാര്യ ഇന്ധന സംഭരണശാലയ്ക്ക് അടുത്ത് തകര്‍ന്ന് വീണത് കണ്ട ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പോലും ഞെട്ടലില്‍ നിന്നും വിമുക്തമായിട്ടില്ല.തീ ആളിപ്പടര്‍ന്നിരുന്നുവെങ്കില്‍ വന്‍ സംഭരണ ശേഷിയുള്ള എച്ച്എച്ച്എ ഇന്ധന ടാങ്ക് പൊട്ടിതെറിക്കുകയും സമീപ പ്രദേശങ്ങളിലേക്ക് വ്യാപിച്ച് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുകയും ചെയ്യുമായിരുന്നു.
ഒരു തീപ്പൊരി വീണാല്‍ പോലും വന്‍ അപകടം ഉണ്ടാക്കുന്ന ഇത്തരം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നിരവധി സംഭരണശാലകള്‍ കൊച്ചിയിലുണ്ട്.പതിനായിരങ്ങളുടെ ജീവനും ദക്ഷിണേന്ത്യയിലെ നാവികാ ആസ്ഥാനം ഉള്‍പ്പെടെ എല്ലാ മേഖലയെയും ബാധിക്കുന്ന കൊടിയ ദുരന്തം ഒഴിവായതില്‍ ദൈവത്തോട് നന്ദി പറയുകയാണ് നഗരം.ജനങ്ങളെ പരിഭ്രാന്തരാക്കാതിരിക്കാന്‍ വാര്‍ത്തയുടെ ഗൗരവം കുറച്ചാണ് മിക്ക മാധ്യമങ്ങളും വിമാനം തകര്‍ന്ന് വീണ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഉപരാഷ്ട്രപതി എത്തുന്നതിനു മുന്‍പ് നടന്ന അപകടം എന്ന നിലയിലാണ് മാധ്യമങ്ങള്‍ ഈ വാര്‍ത്തക്ക് വലിയ പ്രാധാന്യം നല്‍കിയത്.എന്നാല്‍ കൊച്ചി നഗരം തന്നെ ചാരമാകുമായിരുന്ന വന്‍ അപകടമാണ് ഒഴിവായതെന്നതാണ് യാഥാര്‍ത്ഥ്യം.എങ്ങനെ ആളില്ലാ വിമാനം വെല്ലിങ്ടണ്‍ ഐലന്‍ഡിന് മുകളിലൂടെ നിരീക്ഷണ പറക്കല്‍ നടത്തി എന്നതിനെ സംബന്ധിച്ചും ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കൊച്ചി റേഞ്ച് ഐജി പി വിജയനാണ് അന്വേഷണ ചുമതല. ഇതിന് പുറമെ വ്യോമസേനയും കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
37 വര്‍ഷക്കാലത്തെ ഭരണത്തിനൊടുവില്‍ സിംബാബ്‍വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ രാജിവെച്ചു. സിംബാബ്‍വെ സ്പീക്കറാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. പാര്‍ലമെന്റ് വിളിച്ചുകൂട്ടി മുഗാബെയെ ഇംപീച്ച് ചെയ്യാനുളള നടപടികളിലേക്ക് നീങ്ങവെയാണ് അദ്ദേഹം നാടകീയമായി രാജിവെച്ചത്. തുടര്‍ന്ന് സ്പീക്കര്‍ സ്പീക്കര്‍ ജേക്കബ് മുടെണ്ട ഇംപീച്ച്മെന്റ് നടപടികള്‍ റദ്ദാക്കി. മുഗാബെയുടെ രാജി പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ലമെന്റിന് പുറത്ത് ജനങ്ങള്‍ തടിച്ചുകൂടി ആഹ്ളാദപ്രകടനം നടത്തി.
പട്ടാള അട്ടിമറിക്ക് പിന്നാലെ മുഗാബെയെ ഭരണപാര്‍ട്ടിയായ സാനു പിഎഫ് (സിംബാബ്‍വെ ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്‍- പാട്രിയോട്ടിക് ഫ്രണ്ട്) നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ ഔദ്യോഗികമായി ഇംപീച്ച് ചെയ്ത് പുറത്താക്കാനുളള നടപടിയിലേക്ക് നീങ്ങിയത്. ആരാണ് പുതിയ പ്രസിഡന്റ് എന്ന് വ്യക്തമല്ല. വൈസ് പ്രസിഡന്റ് ആയിരുന്ന എമേഴ്‌സന്‍ മന്‍ഗാഗ്വയെ തത്സ്ഥാനത്ത് നിയമിക്കുമെന്നാണ് വിവരം. മന്‍ഗാഗ്വേയെ നേരത്തേ മുഗാബെ ഡെപ്യൂട്ടി സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു.
93കാരനായ മുഗാബെ ഏകാധിപത്യ രീതിയിലാണ് ഭരണത്തില്‍ കടിച്ചുതൂങ്ങുന്നതെന്ന മുറവിളി ഉയര്‍ന്നതോടെയാണ് അദ്ദേഹത്തിന്റെ പതിറ്റാണ്ട് നീണ്ട ഭരണം ചോദ്യം ചെയ്യപ്പെട്ടത്.
മുഗാബെയ്ക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക പ്രതിഷേധവും നടന്നിരുന്നു. വിശ്വാസവഞ്ചന കുറ്റം ആരോപിച്ചാണ് 75 വയസുകാരനായ മന്‍ഗാഗ്വയെയെ മുഗാബെ പുറത്താക്കിയത് സ്ഥിതി വഷളാക്കുകയായിരുന്നു.
‘ചീങ്കണ്ണി’യെന്നു വിളിപ്പേരുള്ള മന്‍ഗാഗ്വയും മുഗാബെയുടെ ഭാര്യ ഗെയ്‌സും തമ്മില്‍ ഉടലെടുത്ത അഭിപ്രായ തര്‍ക്കത്തിനൊടുവിലാണ് സിംബാബ്വെയില്‍ നാടകീയമായ നീക്കങ്ങള്‍ നടന്നത്. ഗെയ്‌സിനെ സര്‍ക്കാര്‍ നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള മുഗാബെയുടെ നീക്കത്തിനെതിരേ മന്‍ഗാഗ്വ രംഗത്തെത്തിയിരുന്നു. ഇതിനെ പ്രതിരോധിച്ച് രംഗത്തെത്തിയ ഗ്രെയ്സ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മന്‍ഗാഗ്വയെ പുറത്താക്കണമെന്ന് മുഗാബെയോട് ആവശ്യപ്പെട്ടിരുന്നു.
പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്തു ടാക്സ് വെട്ടിച്ചതിനെത്തുടർന്നു മോട്ടോർ വാഹനവകുപ്പ് നോട്ടിസ് നൽകിയ നടൻ ഫഹദ് ഫാസിൽ 17.68 ലക്ഷം രൂപ നികുതിയടച്ചു. ആലപ്പുഴ റീജണൽ ട്രാൻസ്പോർട്ട് ഓഫിസിൽ ദൂതൻ മുഖേനയാണ് ഇന്നു നികുതിയടച്ചത്. പിവൈ 05 9898 റജിസ്ട്രേഷൻ നമ്പരിലുള്ള ബെൻസ് കാർ കേരള റജിസ്ട്രേഷനിലേക്കു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാൻ ഫഹദിന് ആർടിഒ ഒരാഴ്ചത്തെ സമയം അനുവദിച്ചു. 95 ലക്ഷം രൂപയാണു വാഹനവില.
നികുതി വെട്ടിച്ച് പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്ത 1500 വാഹനങ്ങൾ 7500 തവണ ട്രാഫിക് നിയമം ലംഘിച്ചതായി മോട്ടോർ വാഹനവകുപ്പ്. നൂറിൽ കൂടുതൽ വാഹനങ്ങൾ പത്തിലേറെ തവണ നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. കോഴിക്കോട് സ്വദേശി ഡോ.കെ അലക്സാണ്ടറുടെ ആഡംബര കാറാണ് ഏറ്റവും കൂടുതൽ തവണ , 72 തവണ നിയമലംഘനം നടത്തിയത്.
സുരേഷ് ഗോപിയുടെ കാർ പത്ത് തവണയും ഫഹദ് ഫാസിലിന്റ കാർ ആറ് തവണയും അമിതവേഗത്തിന് പിടിയിലായിട്ടുണ്ട്. എന്നാൽ വാഹനങ്ങൾ പോണ്ടിച്ചേരിയിലെ മേൽവിലാസത്തിൽ ആയതിനാൽ ഇവരിൽ നിന്ന് യഥാസമയം പിഴ ഈടാക്കാനോ, ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനോ കഴിഞ്ഞിരുന്നില്ല. യഥാർഥ ഉടമകൾ ആരെന്ന് വ്യക്തമായ സാഹചര്യത്തിൽ എല്ലാവർക്കും നോട്ടീസ് അയച്ചതായി മോട്ടോർവാഹന വകുപ്പ് അറിയിച്ചു.