Latest News

കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്.

ഇവർ ഇറാനിൽ മത്സ്യബന്ധനത്തിന് പോയ സംഘത്തിലുള്ളവരാണെന്നാണ് വിവരം. ശമ്പളം കിട്ടാഞ്ഞതിനെ തുടർന്ന് ഇറാനിൽനിന്ന് രക്ഷപ്പെട്ടെത്തിയതാണെന്നാണ് ഇവർ പറയുന്നത്. കൊയിലാണ്ടിയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് കണ്ടെത്തിയത്. ബോട്ട് നിലവിൽ കോസ്റ്റ് ഗാർഡിന്റെ കസ്റ്റഡിയിലാണ്.

റ്റിജി തോമസ്

സാൻവിച്ചിലെ നാലാമത്തെ പ്രഭുവായിരുന്ന ജോൺ മൊണ്ടാഗു. കടുത്ത ചീട്ടുകളി പ്രേമിയായിരുന്ന അദ്ദേഹത്തിൻറെ പേരിൽ നിന്നാണ് സാൻവിച്ചിൻ്റെ ഉത്ഭവം എന്നാണ് പൊതുവെ കരുതുന്നത്. കളിയുടെ ആവേശം ചോരാതെ ഭക്ഷണം കഴിക്കുന്നതിനായി മൊണ്ടാഗു പ്രഭുവാണ് ആദ്യമായി ബ്രെഡിന്റെ പാളികൾക്ക് ഇടയിൽ മാംസം വെച്ച് തരാൻ ആവശ്യപ്പെട്ടത് . M 1 മോട്ടോർ വേയിലെ സർവീസ് സ്റ്റേഷൻ ആയ ലെസ്റ്റർ ഫോറസ്റ്റ് ഈസ്റ്റിലെ ഡേയ്സ് ഇന്നിൽ ബേക്കൺ സാൻഡ്‌വിച്ചും മറ്റും ഓർഡർ ചെയ്ത് ഞങ്ങൾ കാത്തിരുന്നപ്പോഴാണ് സാൻഡ്‌വിച്ചിന്റെ ഉത്ഭവത്തെക്കുറിച്ചും സാൻഡ്‌വിച്ചും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ജോജി പറഞ്ഞത്. ഇന്ന് ലോകമെങ്ങും സാൻവിച്ച് ഒരു ജനകീയ ഭക്ഷണമാണ്. ജോൺ മൊണ്ടാഗു ഒരു കൈയിൽ ചീട്ടുപിടിച്ച്‌ സാൻഡ്‌വിച്ച് കഴിച്ച സ്ഥാനത്ത് തിരക്കിൻ്റെ ലോകത്ത് ഒരു കൈയ്യിൽ കമ്പ്യൂട്ടർ കീബോർഡും മറുകയ്യിൽ സാൻഡ്‌വിച്ചുമായി ജോലി ചെയ്യുന്നവരുടേതാണ് ഇന്ന് ലോകം.

ബേക്കൺ സാൻഡ്‌വിച്ചിലെ പ്രധാനഭാഗം പന്നിമാംസം ആണ് . നൂറ്റാണ്ടുകളായി പന്നിമാംസം ഇംഗ്ലീഷ് ഭക്ഷണ ക്രമത്തിന്റെ പ്രധാന ഭാഗമാണ് . തണുപ്പിനെ പ്രതിരോധിക്കുന്നതും പോഷകാംശവും പന്നിയിറച്ചിയുടെ ഉപയോഗം ഇംഗ്ലണ്ടിൽ കൂടിയതിന് ഒരു പ്രധാന കാരണമാണ്. ഇംഗ്ലീഷുകാരുടെ ഇടയിൽ പന്നി മാംസത്തിൽ നിന്നുള്ള വിവിധതരം വിഭവങ്ങൾ പല പ്രധാന ആഘോഷങ്ങളിലും ഒഴിച്ചുകൂടാൻ പറ്റാത്ത ഭക്ഷണമാണ്. ഇംഗ്ലണ്ടിന്റെ സമ്പദ് വ്യവസ്ഥയിലും പന്നിഫാമുകൾക്കും അനുബന്ധ വ്യവസായങ്ങൾക്കും വളരെ പ്രാധാന്യമുണ്ട്.

രണ്ടര മണിക്കൂറോളം നീണ്ട നിർത്താതെയുള്ള യാത്രയ്ക്ക് ശേഷമാണ് ഞങ്ങൾ ലെസ്റ്റർ ഫോറസ്റ്റ് ഈസ്റ്റിലെ ഡേയ്സ് ഇൻ സർവീസ് സ്റ്റേഷനിൽ എത്തിച്ചേർന്നത്. തിരക്കേറിയ മോട്ടോർ വേകളിൽ നിർത്താതെ യാത്ര ചെയ്യേണ്ടതായി വരുമ്പോൾ വിശ്രമത്തിനായുള്ളവയാണ് സർവീസ് സ്റ്റേഷനുകൾ. വാഹനം പാർക്ക് ചെയ്ത് വിശ്രമിക്കുന്നതിനും ഭക്ഷണം കഴിക്കാനും ഇന്ധനം നിറയ്ക്കാനും ഷോപ്പിങ്ങിനുമൊക്കെ വിപുലമായ സജ്ജീകരണങ്ങൾ സർവീസ് സ്റ്റേഷനുകളിൽ ഉണ്ട്.

സർവീസ് സ്റ്റേഷനുകളിൽ നിശ്ചിത സമയത്തേയ്ക്ക് വാഹനം ഫ്രീ ആയി പാർക്ക് ചെയ്യാമെങ്കിലും സമയപരിധി കഴിഞ്ഞാൽ ഉടമയിൽ നിന്ന് പണം ഈടാക്കും. എയർപോർട്ടിൽ സുഹൃത്തിനെ യാത്ര അയക്കാൻ പോയ മലയാളി തിരിച്ചുവന്നപ്പോൾ സർവീസ് സ്റ്റേഷനിൽ വാഹനം പാർക്ക് ചെയ്ത് ഉറങ്ങിപ്പോയത് മൂലം ഫൈനായി വലിയ ഒരു തുക നൽകേണ്ടി വന്നതിനെ കുറിച്ച് ഇടയ്ക്ക് ജോജി പറഞ്ഞു.

ഏകദേശം 40 മിനിറ്റോളം ഡേയ്സ് ഇന്നിൽ   ഞങ്ങൾ ചിലവഴിച്ചു . രണ്ടര മണിക്കൂർ യാത്രയ്ക്ക് ശേഷമുള്ള മനോഹരമായ ഇടവേളയായിരുന്നു ഫോറസ്റ്റ് ഇന്നിൽ ലഭിച്ചത്. മോട്ടോർ വേയിൽ നിന്ന് അൽപം മാറിയായതുകൊണ്ടു തന്നെ യാതൊരു ശല്യവുമില്ലാതെ സുഖകരമായ വിശ്രമം സർവീസ് സ്റ്റേഷനുകൾ യാത്രക്കാർക്ക് പ്രധാനം ചെയ്യും. വിശാലമായ പാർക്കിംഗ് ഏരിയയും അതിനപ്പുറം ദൃശ്യമാകുന്ന മരങ്ങളുടെ പച്ചപ്പും തണുത്ത കാറ്റും എല്ലാം ചേർന്ന് യാത്രയുടെ ക്ഷീണത്തെ പമ്പകടത്തും.

ഇവിടെ നിന്നും ലണ്ടനിൽ ഞങ്ങൾ ബുക്ക് ചെയ്തിരിക്കുന്ന താമസസ്ഥലത്തേയ്ക്ക് ഇനിയും 100 മൈലോളം (160 കിലോമീറ്റർ) ദൂരമുണ്ട് . വീണ്ടും ഞങ്ങൾ യാത്ര ആരംഭിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ കോനാട്ട് റോഡിലെ ഞങ്ങൾ ബുക്ക് ചെയ്തിരുന്ന ഹോം സ്‌റ്റേയിൽ എത്തിച്ചേർന്നു. അവിടെ ഹോംസ്റ്റേയുടെ ഉടമ ബെഞ്ചമിൻ ഞങ്ങളെ കാത്തുനിൽപ്പുണ്ടായിരുന്നു.

റ്റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

പ്രശസ്ത വചന പ്രഘോഷകൻ ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന യുവജനങ്ങൾക്കായുള്ള താമസിച്ചുള്ള ധ്യാനം“ ഗ്രാൻഡ് യൂത്ത് കോൺഫറൻസ് ”യുകെയിൽ ജൂൺ 28 മുതൽ ജൂലൈ 1 വരെ നടക്കുന്നു . യേശുനാമത്തിൽ വചനം മാംസമാകുന്ന അത്ഭുതഅടയാളങ്ങളിലൂടെ അനേകരെ ക്രിസ്തുവിശ്വാസത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും, ഫാ. ഷൈജു നടുവത്താനിയും അഭിഷേകാഗ്നി ടീമും നയിക്കുന്ന ഈ ധ്യാനത്തിലേക്ക് രജിസ്ട്രേഷൻ ഉടൻ അവസാനിക്കും.

WWW.AFCMUK.ORG/REGISTER എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.

അഡ്രസ്സ്

POINEER CENTRE
KIDDERMINISTER
SHROPSHIRE
DY148JG

കൂടുതൽ വിവരങ്ങൾക്ക്

ജോസ് കുര്യാക്കോസ് 07414 747573
മിലി തോമസ് 07877 824673
മെൽവിൻ 07546112573.

ആടുജീവിതം ഒമാനിൽ ചിത്രീകരിക്കാതിരിക്കാനും പ്രദർശിപ്പിക്കാതിരിക്കാനും ശ്രമം നടന്നിരുന്നുവെന്ന് സംവിധായകൻ ബ്ലെസി. സിനിമ ഒമാനിൽ ഷൂട്ട്​ ചെയ്യാൻ കഴിയാതിരുന്നത് മലയാളികളായ ചില ആളുകളുടെ നിക്ഷിപ്ത താൽപര്യം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഒമാൻ ഫിലിം സൊസൈറ്റിയിൽ വാർത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് ഒരുപാട് ലൊക്കേഷനുകൾ നിശ്ചയിച്ചിരുന്നതാണെന്ന് ബ്ലെസി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഷൂട്ടിങ്ങിന് അനുമതി തേടുകയും അത് ലഭിക്കുന്നതിനായി കാത്തിരിക്കുകയും ചെയ്തു. എന്നാൽ ആടുജീവിതം പുസ്തകം നിരോധിച്ചതാണെന്ന തരത്തിലുള്ള മലയാളികളായ ചിലരുടെ അനാവശ്യമായ പ്രചരണമാണ് ചിത്രീകരണം നടക്കാതിരുന്നതിന് കാരണമെന്നാണ് താൻ മനസിലാക്കുന്നതെന്നും ബ്ലെസി കൂട്ടിച്ചേർത്തു.

ചിത്രത്തിലെ വില്ലനും ഒമാനി താരവുമായ താലിബ് അൽ ബലൂഷിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. മലയാളത്തിന് തിലകൻ എങ്ങനെയാണോ അതുപോലെയാണ് ബലൂഷിയെന്നാണ് ബ്ലെസി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ചിത്രത്തിന് ഓസ്കർ ലഭിക്കുമോ എന്ന ചോദ്യത്തിന് അത് കോടികൾ ചിലവുള്ള ഏർപ്പാടാണെന്നാണ് ബ്ലെസിയും ബലൂഷിയും പ്രതികരിച്ചത്. സൗദിയിലും കുവൈത്തിലും ചിത്രത്തിന്റെ പ്രദർശനത്തിനുള്ള ശ്രമം തുടരുകയാണെന്നും ഇവർ വ്യക്തമാക്കി.

ആടുജീവിതത്തിൽ ഹക്കീം എന്ന വേഷത്തിലെത്തിയ കെ.ആർ. ​ഗോകുൽ, പെരിയോനേ എന്ന ​ഗാനമാലപിച്ച ജിതിൻ രാജ്, ഒമാനി ​ഗായകൻ ജാ​ഹദ് അൽ അറൈസി, ഒമാനി നടനും സംവിധായകനുമായ മുനീർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പയ്യന്നൂരില്‍ യുവതിയെ ആളില്ലാത്ത വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് നിഗമനം. മാതമംഗലം കോയിപ്ര സ്വദേശിനി അനില (33)യെ സുഹൃത്തായ സുദര്‍ശനപ്രസാദ് എന്ന ഷിജു(34) കൊലപ്പെടുത്തിയതാണെന്നാണ് സംശയിക്കുന്നത്. കൃത്യം നടത്തിയതിന് പിന്നാലെ ഇയാള്‍ ഇരൂളിലെ സ്വന്തം വീട്ടുവളപ്പില്‍ ജീവനൊടുക്കിയതാണെന്നും കരുതുന്നു.

ഞായറാഴ്ച രാവിലെയാണ് പയ്യന്നൂര്‍ അന്നൂരിലെ വീട്ടില്‍ അനിലയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഈ വീട്ടുകാര്‍ വിനോദ യാത്രയ്ക്ക് പോയതിനെ തുടര്‍ന്നാണ് വീട്ടുടമയുടെ സുഹൃത്തായ ഷിജു ഇവിടെയെത്തിയത്. വീട് നോക്കാനും വീട്ടിലെ രണ്ട് നായ്ക്കളെ പരിപാലിക്കാനും വീട്ടുടമ ഷിജുവിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഷിജു സുഹൃത്തായ അനിലയെ ഇവിടേക്ക് വിളിച്ചുവരുത്തിയെന്നും തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയെന്നുമാണ് പ്രാഥമിക നിഗമനം.

മാരകമായ പരിക്കേറ്റ് മുഖം വികൃതമായനിലയിലാണ് അനിലയുടെ മൃതദേഹം അന്നൂരിലെ വീടിനുള്ളില്‍ കണ്ടെത്തിയത്. വായില്‍നിന്നടക്കം ചോരയൊലിച്ചനിലയില്‍ വീടിനുള്ളില്‍ നിലത്തുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

അനിലയും ഷിജുവും സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണെന്നാണ് വിവരം. രണ്ടുപേരും വിവാഹിതരാണ്. ഇരുവര്‍ക്കും രണ്ടുമക്കളുമുണ്ട്. അനിലയും ഷിജുവും ഇതിനിടെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇതുസംബന്ധിച്ച് പല പ്രശ്‌നങ്ങളുമുണ്ടായി. ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ബന്ധുക്കളടക്കം നിര്‍ബന്ധിച്ചു. തുടര്‍ന്ന് അനില ബന്ധത്തില്‍നിന്ന് പിന്മാറാന്‍ തയ്യാറായെങ്കിലും ഷിജു ബന്ധം തുടരാന്‍ നിര്‍ബന്ധിച്ചതായും വിവരങ്ങളുണ്ട്.

മരിച്ച അനില മാതമംഗലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തുവരികയായിരുന്നു. ശനിയാഴ്ച അനിലയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് പെരിങ്ങോം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച രാവിലെ യുവതിയെ അന്നൂരിലെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

അന്നൂരില്‍നിന്ന് 22 കിലോമീറ്ററോളം അകലെയുള്ള ഇരൂളിലെ വീട്ടുവളപ്പിലാണ് ഷിജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഞായറാഴ്ച രാവിലെ ഇയാളുടെ സഹോദരന്‍ ടാപ്പിങ്ങിനായി പോയ സമയത്താണ് വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങിയനിലയില്‍ ഷിജുവിന്റെ മൃതദേഹം കണ്ടത്. സംഭവത്തില്‍ പരിയാരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ സ്റ്റേഷനിലും യുവാവിന്റെ മരണത്തില്‍ പരിയാരം സ്റ്റേഷനിലും കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും സ്ഥലത്തെത്തിയ തളിപ്പറമ്പ് ഡിവൈ.എസ്.പി. പി. പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വയനാട്ടില്‍ സി.പി.ഐ. നേതാവ് ആനി രാജയായിരുന്നു രാഹുലിന്റെ എതിരാളി. എന്നാല്‍ റായ്ബറേലിയില്‍ ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ഥിയായ രാഹുലിനെ പിന്തുണയ്ക്കുമെന്നാണ് ബിനോയ് വിശ്വം വ്യക്തമാക്കിയിട്ടുള്ളത്.

കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്നവര്‍ക്ക് രാഷ്ട്രീയ ദൂരക്കാഴ്ചയില്ല. അതുകൊണ്ടാണ് രാഹുല്‍ഗാന്ധിയെപ്പോലൊരാളെ സമ്മര്‍ദം ചെലുത്തി വയനാട്ടിലേക്ക് മത്സരിക്കാന്‍ പറഞ്ഞയച്ചത്. അവര്‍ കാണിച്ചത് രാഷ്ട്രീയ മണ്ടത്തരമാണ്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ എതിരാളി ബി.ജെ.പി.യാണെന്ന സത്യം മറന്നുകൊണ്ടാണ് രാഹുല്‍ വയനാട്ടില്‍ മത്സരിച്ചത്. ഇപ്പോഴത് തിരുത്താന്‍ തയ്യാറായിരിക്കുന്നു. അതുകൊണ്ടാണ് രാഹുലിനെ ബി.ജെ.പി.ക്കെതിരേ പിന്തുണയ്ക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

രണ്ടിടത്തും ജയിച്ചാല്‍ രാഹുല്‍ വയനാട്ടില്‍ ഒഴിയാനാണു സാധ്യത. അങ്ങനെവന്നാല്‍ വയനാട്ടിലെ വോട്ടര്‍മാരെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം വഞ്ചിക്കുകയാണെന്നു വരുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭ കേരളം മുഴുവൻ സഞ്ചരിച്ച ‘നവകേരള ബസ്’ പൊതുജനങ്ങൾക്കായുള്ള ആദ്യത്തെ സർവീസ് ആരംഭിച്ചു.

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം സർവീസ് നാലരയോടെയാണ് ആരംഭിച്ചത്. യാത്ര തുടങ്ങി അൽപ്പസമയത്തിനകം തന്നെ ഹൈഡ്രോളിക് ഡോർ കേടായത് കല്ലുകടിയായി.

ബസിന്റെ ഡോർ ഇടയ്ക്കിടെ തനിയെ തുറന്നു പോകുകയായിരുന്നു. ശക്തമായി കാറ്റ് അടിക്കാൻ തുടങ്ങിയതോടെ കാരന്തൂർ എത്തിയപ്പോൾ ബസ് നിർത്തി. തുടർന്ന് യാത്രക്കാരുടെ നേതൃത്വത്തിൽ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതിൽ കെട്ടിവച്ച് യാത്ര തുടരുകയായിരുന്നു.

ഡോർ കേടായപ്പോൾ നന്നാക്കാൻ ശ്രമിക്കുന്ന കണ്ടക്ടർ 4 മണിക്ക് യാത്ര തുടങ്ങുമെന്നാണ് അറിയിച്ചതെങ്കിലും നാലരയോടെയാണ് യാത്ര ആരംഭിച്ചത്. താമരശേരിയിൽ ബസിന് സ്വീകരണം ലഭിച്ചു.

ഏപ്രിൽ മുപ്പതിനാണ് സീറ്റ് ബുക്കിങ്ങിന് ഓൺലൈൻ സൗകര്യം ഒരുക്കിയത്. രണ്ട് ദിവസം കൊണ്ട് സീറ്റു മുഴുവൻ ബുക്ക് ചെയ്തു. 25 യാത്രക്കാരാണ് ബസിലുള്ളത്. 26 സീറ്റുള്ളതിൽ ഒരു സീറ്റ് കണ്ടക്ടറുടേതാണ്.

റിസർവ് ഡ്രൈവർ കം കണ്ടക്ടർ രീതിയിൽ പി. ജയ്ഫർ, ഷാജി മോൻ എന്നിവരാണ് ബസ് ഓടിക്കുന്നത്. 2013 മുതൽ കോഴിക്കോട്-ബെംഗളൂരു മൾട്ടി ആക്സിൽ ബസ് ഓടിക്കുന്നവരാണിവർ.

‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരെ ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിർമാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് നേരത്തേ മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശമനുസരിച്ച് പറവ ഫിലിംസിന്റെ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ എറണാകുളം മരട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

ആലപ്പുഴ അരൂർ സ്വദേശി സിറാജിന്റെ പരാതിയിലാണ് നടപടി. ചിത്രത്തിന്റെ ലാഭവിഹിതവും മുടക്കുമുതലും നൽകാതെ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ വഞ്ചിച്ചു എന്നായിരുന്നു പരാതി. ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളിലായി ഐപിസി 120 ബി, 406, 420, 468, 34 വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്.

2022 ലാണ് സംഭവങ്ങളുടെ തുടക്കമെന്ന് പരാതിക്കാരൻ പറയുന്നു. സിനിമയുടെ നിർമാണത്തിനു പണം മുടക്കാൻ പറവ ഫിലിംസ് സമീപിച്ചു. 2022 നവംബർ 30ന് കരാറിൽ ഒപ്പുവച്ചു. 7 കോടി രൂപ മുടക്കാം എന്നായിരുന്നു കരാർ. ചിത്രത്തിന്റെ ശരിയായ നിർമ്മാണച്ചെലവ് തന്നിൽനിന്നു മറച്ചുവച്ചെന്നും യഥാർഥ വിവരങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.

എറണാകുളം പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യുവതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. യുവതി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തിയാണ് മജിസ്‌ട്രേട്ട് റിമാന്‍ഡ് നടപടികള്‍ സ്വീകരിച്ചത്. വെള്ളിയാഴ്ച രാവിലെ വീട്ടിലെ ശൗചാലയത്തില്‍ രഹസ്യമായി പ്രസവിച്ച യുവതി കുഞ്ഞിനെ കൊലപ്പെടുത്തി ബാല്‍ക്കണിയില്‍നിന്ന് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.

റിമാന്‍ഡിലായെങ്കിലും യുവതിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങില്ലെന്ന് പോലീസ് അറിയിച്ചു. ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കസ്റ്റഡി ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങൂവെന്നും നിലവില്‍ യുവതിക്കെതിരെ മാത്രമാണ് കേസെടുത്തിരിക്കുന്നതെന്നും സൗത്ത് എസ്.ഐ. പ്രദീപ് പറഞ്ഞു.

യുവതി അതിജീവിതയാണെന്നാണ് അറസ്റ്റ് ചെയ്ത ഉടനേ പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍, യുവതിയ്ക്ക് നേരത്തേ പരിചയമുണ്ടായിരുന്നയാളാണ് യുവാവെന്നും ഇയാള്‍ക്കെതിരേ നിലവില്‍ യുവതി മൊഴി നല്‍കിയിട്ടില്ലെന്നുമാണ് സൂചന. ഇക്കാര്യത്തില്‍ ഉള്‍പ്പെടെ വിശദമായ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എസ്.ശ്യാം സുന്ദര്‍ അറിയിച്ചു.

അതിനിടെ, യുവതി പോലീസിന് നല്‍കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ ഉടനേ ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ചിരുന്നു. എന്നാലിത് ഫലം കണ്ടില്ല. കുഞ്ഞിനെ ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നുവെന്നും യുവതി പറഞ്ഞതായാണ് സൂചന. ഇക്കാര്യങ്ങള്‍ യുവതിയുടെ ഫോണ്‍ പരിശോധിച്ച് സ്ഥിരീകരിക്കാനാണ് പോലീസിന്റെ നീക്കം.

മോഹൻദാസ്

ജീവിതം വിജയകരമാക്കാൻ വേണ്ട ടിപ്സുകൾ സുലഭമായി വിരൽത്തുമ്പിൽ വിടരുന്ന കാലമാണ് സമൂഹമാധ്യമ കാലം. ശല്യമാകുന്ന പൂച്ചയെ കളയുന്നതു മുതൽ വൃദ്ധയായ അമ്മയെ എങ്ങനെ വിജയകരമായി ഉപേക്ഷിക്കാം എന്നു വരെ ഗൈഡൻസ് തരുന്ന സക്സസ്ഫുൾ ടിപ്സ് ഇന്ന് ലഭ്യമാണ്. തമാശയുടെ ആവരണമണിഞ്ഞ നീറുന്ന സത്യങ്ങളാണ് വിനോദ് ‘നായർ മിണ്ടാട്ടം എന്ന പുതിയ പുസ്തകത്തിലൂടെ പറയുന്നത്.

ഈ കുറിപ്പിൻ്റെ ശീർഷകത്തിന് ഉള്ളുപൊള്ളിക്കുന്ന ചൂടുണ്ട്.

ഗുരുവായൂരമ്പലനടയിലെ വഴിപാട് കൗണ്ടറിനു സമീപം വൃദ്ധയായ അമ്മയെ ഇരുത്തുക. ഇപ്പോൾ വരാമെന്നു പറഞ്ഞ ശേഷം മുങ്ങുക. ക്രൂരമായ ഒരു കറുത്ത ഫലിതം പോലെ അമ്മ.

വൃദ്ധമാതാവിനെ ഉപേക്ഷിക്കൽ എന്ന ലളിതമായ ടിപ്പ് വായിക്കുമ്പോൾ മന:സാക്ഷി മരിച്ചു പോയ സമൂഹത്തിൻ്റെ കാപട്യത്തിനും പൊങ്ങച്ചത്തിൻ്റെയും മുഖത്തിനുള്ള ഒരടി തന്നെയാണ്.

മനസ്സിൽ നന്മയുള്ളവർക്കേ കരയാൻ പറ്റു എന്നൊരു വരി മിണ്ടാട്ടത്തിന് അവതാരികയെഴുതിയ സത്യൻ അന്തിക്കാട് എഴുതിയിട്ടുണ്ട്.

ഋഷിരാജ് സിങ്ങ് മൂലം കല്യാണദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ശില്പയും കള്ളിയങ്കാട്ട് നീലിയുമൊക്കെ വായനയ്ക്കു ശേഷവും മനസ്സിൽ നിന്നും ഇറങ്ങിപ്പോകാൻ മടിക്കുന്ന കഥാപാത്രങ്ങളാണ്.

നാൽപ്പത്തിരണ്ടോളം ഓർമ്മക്കുറിപ്പുകൾ , (ഓർമ്മശലഭങ്ങൾ എന്നു പറയാനാണ് എനിക്കിഷ്ടം) മിണ്ടാട്ടത്തിലുണ്ട്.

ജീവിതം തൊട്ടറിഞ്ഞ അനുഭവങ്ങളാണ് വിനോദ് നായർ നമുക്കു മുന്നിൽ വയ്ക്കുന്നത്. വായന കഴിഞ്ഞാലും ഈ ഓർമ്മശലഭങ്ങൾ നമ്മുടെ ഓർമ്മകളോടു മിണ്ടാട്ടം നിർത്തില്ല.

മിണ്ടാട്ടം : വിനോദ് നായർ
ഓർമ്മ
പ്രസാ: ഡി. സി ബുക്സ്
വില : 230 രൂപ

കോട്ടയം ജില്ലയിലെ അരീപ്പറമ്പിൽ ജനിച്ച വിനോദ് നായർ ഇപ്പോൾ മലയാള മനോരമ കോട്ടയം യൂണിറ്റിൽ ചീഫ് ന്യൂസ് എഡിറ്റർ ആണ് .. പിതാവ്: പി.ജി. പരമേശ്വരൻ നായർ. മാതാവ്: എൻ. രാധമ്മ. കോട്ടയം സി.എം.എസ്. കോളേജിലും ബസേലിയസ് കോളേജിലും കൊച്ചി മീഡിയ അക്കാദമിയിലുമായിരുന്നു വിദ്യാ ഭ്യാസം.

 

മോഹൻദാസ് കോട്ടയം മുട്ടമ്പലം സ്വദേശി.  കൊച്ചിയിൽ പരസ്യ കോപ്പി റൈറ്ററായി പ്രവർത്തിക്കുന്നു. ഫ്രീലാൻസ് ജേർണ്ണലിസ്റ്റുമാണ് എഴുത്തും വായനയും പാട്ടും ഏറെയിഷ്ടം.

RECENT POSTS
Copyright © . All rights reserved