അബുദാബി അന്തരാഷ്ട്ര വിമാനത്താവളത്തിലെ ബിഗ്‌ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിച്ച മലയാളി മനേകുടി വര്‍ക്കി മാത്യൂവിനെ കണ്ടെത്തി. കൊച്ചി സ്വദേശിയായ ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണ് നശിച്ചുപോയിരുന്നു. ഇതേത്തുടര്‍ന്നാണ് ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് ഇദ്ദേഹത്തെ കണ്ടെത്താന്‍ കഴിയാതെ പോയത്.
നാട്ടിലേക്ക് വരും വഴിയാണ് വര്‍ക്കി മാത്യൂ സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തത്. വിജയി കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ സമ്മാനം അസാധുവാക്കുമെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇത് മലയാളം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സുഹൃത്തുക്കള്‍ വര്‍ക്കി മാത്യൂവിനെ വിവരം അറിയിക്കുകയായിരുന്നു. ഈ മാസം 17 ന് അബുദാബിയില്‍ തിരിച്ചെത്തി ടിക്കറ്റ് അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്ന് മാത്യൂ വര്‍ക്കി പറഞ്ഞു.
അല്‍-ഐനില്‍ഡിസ്ട്രിബ്യൂഷന്‍ ജോലി ചെയ്യുന്ന മാത്യൂവര്‍ക്കി രണ്ട് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ടിക്കറ്റ് എടുത്ത്. 500 ദിര്‍ഹത്തില്‍ 250 ദിര്‍ഹം മാത്യൂ വര്‍ക്കിയും 125 ദിര്‍ഹം വീതം ഇന്ത്യക്കാരനായ ഒരു സുഹൃത്തും 125 ദിര്‍ഹം പാകിസ്താനിയായ സുഹൃത്തുമാണ് മുടക്കിയത്. സമ്മാനത്തുക കൂട്ടുകാര്‍ക്ക് തുല്യമായി വീതിച്ചു നല്‍കുമെന്ന് മാത്യൂ വര്‍ക്കി പറഞ്ഞു.
മുമ്പും ബിഗ് ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് സമാനം ലഭിക്കുന്നതെന്ന് വര്‍ക്കി പറഞ്ഞു. ദൈവം തന്ന സമ്മാനമാണിതെന്നും അദ്ദേഹം പറഞ്ഞു. പണം എങ്ങനെ ചെലവഴിക്കുമെന്നതിൽ യാതൊരു ആസൂത്രണവുമില്ല. ഒരു കാര്യത്തിലും ആസൂത്രണം ചെയ്യുന്ന സ്വഭാവമില്ല. രണ്ട് മാസം മുൻപ് നാട്ടിൽ പോകാനൊരുങ്ങി മാറ്റിവച്ചതാണ്. എല്ലാം തീരുമാനിക്കുന്ന ദൈവമാണ്. ഇൗ വർഷം അവസാനത്തോടെ നാട്ടിലേയ്ക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാത്യു വർക്കിയുടെ ഭാര്യ ചിന്നമ്മാ മാത്യു അൽഎെൻ ആശുപത്രിയിൽ നഴ്സാണ്. മകൻ ഉന്നത പഠനത്തിനായി അമേരിക്കയിലേയ്ക്ക് പോകാനൊരുങ്ങുന്നു. പ്രത്യേക പരിചരണം ആവശ്യമുള്ള ഒരു മകളുമുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച നടന്ന ബംബര്‍ നറുക്കെടുപ്പിലാണ് മാത്യൂ വര്‍ക്കി വിജയിയായത്. 7 മില്യണ്‍ ദിര്‍ഹം (12.21 കോടി ഇന്ത്യന്‍ രൂപ) ആണ് സമ്മാനത്തുക.
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ നൃത്തത്തിനിടെ പിന്തുണയര്‍പ്പിച്ച് നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കല്‍. ചടങ്ങില്‍ നൃത്തം അവതരിപ്പിച്ചതിന് ശേഷമാണ് അവള്‍ക്കൊപ്പം എന്ന് കുറിച്ചിരിക്കുന്ന ബാനറുമായി റിമ കല്ലിങ്കല്‍ വേദിയിലെത്തിയത്. കാണികള്‍ നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് റിമയുടെ ബാനറിന് പിന്തുണയര്‍പ്പിച്ചതും.
നടിമാരുടെ സിനിമാ സംഘടനയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് വേദിയിലെ സജീവ അംഗം കൂടിയായാണ് റിമ. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് മുന്നോടിയായി സംഘടനയുടെ നേതൃത്വത്തില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് അംഗങ്ങള്‍ ഒപ്പുശേഖരണം നടത്തിയിരുന്നു.
നടന്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്ന താരങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടിമാരുടെ കൂട്ടായ്മ ശക്തമായ നിലപാടെടുത്ത് ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുന്നത്. വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് രൂപീകരിച്ചതിന് ശേഷമുളള ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമായിരുന്നു ഇന്നലെ കണ്ണൂരില്‍ അരങ്ങേറിയത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ പിന്തുണക്കുന്നവരെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിക് അബു. സിപിഐഎം മുന്‍ എംപിയും അഭിഭാഷകനുമായ സെബാസ്റ്റിന്‍ പോള്‍, നടന്‍ ശ്രീനിവാസന്‍ എന്നിവര്‍ ദിലീപിന് അനുകൂലമായി സംസാരിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് ആഷിക് അബുവിന്റെ ഫെയിസ്ബുക്ക് കുറിപ്പ്.
‘ദിലീപ് ഇങ്ങനെ ചെയ്യില്ലെന്ന് താനടക്കമുള്ളവര്‍ വിശ്വസിച്ചിരുന്നു. പക്ഷെ പോലീസ് നടത്തിയ നീക്കം എല്ലാ തിരക്കഥയും പൊളിച്ചു. ശ്രീനിവാസനെ പോലെ കുറെയാളുകള്‍ ഇതെക്കുറിച്ച് സംസാരിക്കണം. പറ്റുകയാണെങ്കില്‍ ബാബയുടെ ആളുകളെ പോലെ ഒരു ചെറിയ കലാപം എങ്കിലും നടത്തണം’- ആഷിക് അബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ആഷിക് അബുവിന്റെ ഫെയിസ്ബുക്ക് പോസ്റ്റ് വായിക്കാം
വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ബലാല്‍ക്കാരം നടത്തി അത് മൊബൈലില്‍ പകര്‍ത്തി കൊണ്ടുവരാന്‍ കൊട്ടേഷന്‍ കൊടുത്തു എന്നതാണ് കേരളാ പോലീസ് ദിലീപ് എന്ന വ്യക്തിയില്‍ ചാര്‍ത്തിയ കുറ്റം. ശ്രീനിയേട്ടന്‍ പറഞ്ഞതുപോലെതന്നെ അതിബുദ്ധിമാനായ ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കില്ല എന്നും, വേറെ വഴികള്‍ അയാള്‍ കണ്ടെത്തിയേനേ എന്നുമാണ് അറസ്റ്റിന് മുന്‍പ് ദിലീപിനെ അടുത്തറിയാവുന്ന ആളുകളുടെ(ഞാനടക്കം) ഉറച്ച വിശ്വാസം. പക്ഷെ പോലീസ് നടത്തിയ നീക്കം കഥയിലെ അണിയറ നാടകങ്ങളെ പൊളിച്ചെറിഞ്ഞു. ദിലീപിനെ പോലെ അതിബുദ്ധിമാനും ധനികനും ശക്തനുമായ ഒരാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിക്കുന്നു. വളരെ സെന്‍സിറ്റീവ് ആയ വിഷയത്തില്‍ നീതിയുടെ ഭാഗത്തുനില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു. കോടതികള്‍ പ്രഥമദൃഷ്ടിയില്‍ കേസ് ഉണ്ടെന്ന് കണ്ടെത്തി ജാമ്യം നിഷേധിക്കുന്നു.
പോലീസിനെയും സര്‍ക്കാരിനേയും കോടതിയേയും ചോദ്യം ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള നാടുതന്നെയാണ് നമ്മുടേത്, അതില്‍ സംശയം വേണ്ട ശ്രീ സെബാസ്‌റ്യന്‍ പോള്‍. നിങ്ങള്‍ നിഷാമിന് വേണ്ടിയും സംസാരിക്കണം. വക്കീല്‍ ആണെന്ന് മറക്കുന്നില്ല.
വരും ദിവസങ്ങളില്‍ ശ്രീനിയേട്ടനെ പോലെ കുറെയധികം ആളുകള്‍ സംസാരിക്കും, കേരളം ചര്‍ച്ച ചെയ്യണം, ഇടപെടണം പറ്റുമെങ്കില്‍ മറ്റേ ബാബയുടെ ടീം നടത്തിയ പോലെ അല്ലെങ്കിലും ഒരു ചെറിയ കലാപമെങ്കിലും വേണമെന്ന് പറയാന്‍.
അവള്‍ക്കൊപ്പം
അവള്‍ക്കൊപ്പംമാത്രം
നടന്‍ ദിലീപിന്റെ സുഹൃത്തും നടിയെ ആക്രമിച്ച കേസില്‍ പോലീസിന്റെ സംശയ നിഴലുമുള്ള സംവിധായകന്‍ നാദിര്‍ഷ അജ്ഞാത കേന്ദ്രത്തിലെന്ന് സൂചന. നെഞ്ചുവേദനയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന നാദിര്‍ഷയെ പോലീസ് ഇടപെട്ട് ഞായറാഴ്ച്ച ഡിസ്ചാര്‍ജ് ചെയ്യിക്കുകയായിരുന്നു. പാതിരാത്രി 12.30നാണ് നാദിര്‍ഷയെ ഡിസ്ചാര്‍ജ് ചെയ്തത്. അതേസമയം നാദിര്‍ഷയെ രണ്ട് ദിവസത്തിനകം അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. അതേ സമയം, നാദിര്‍ഷ പോലീസ് കസ്റ്റഡിയിലാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. രാത്രി മരുന്ന് കഴിച്ച് കിടക്കാന്‍ തുടങ്ങുകയായിരുന്ന നാദിര്‍ഷയോട് നിങ്ങളെ ഇപ്പോള്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്യുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. അറസ്റ്റ് ഭീഷണിയുണ്ടെന്നും കടുത്ത മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിരുന്നു. നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി പ്രോസിക്യൂഷന്റെ നിലപാട് തേടിയിരുന്നു. ബുധനാഴ്ചയാണ് നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നേരത്തെ കേസില്‍ അറസ്റ്റ് തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം കോടതി തള്ളിയിരുന്നു. ഇതോടെയാണ് നാദിർഷ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇതിനിടെ സുനിയെ ഫോണ്‍വിളിക്കാന്‍ സഹായിച്ച എ ആര്‍ ക്യാംപിലെ പൊലീസുകാരന്‍ അനീഷിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പള്‍സര്‍ സുനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുമ്പോള്‍ സംവിധായകന്‍ നാദിര്‍ഷയടക്കമുള്ളവരെ ഫോണില്‍ ബന്ധപ്പെടാന്‍ അനീഷ് അവസരം ഒരുക്കിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അനീഷിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. അനീഷിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ദിലീപിന് സന്ദേശമയക്കാന്‍ ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് അനീഷിനെതിരെ വകുപ്പ് തല നടപടി എടുത്തിരിക്കുകയാണ്.സുനിക്ക് ഒത്താശ ചെയ്ത പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു. ആശുപത്രിവാസവും നെഞ്ച് വേദനയുമൊന്നും സംവിധായകന്‍ നാദിര്‍ഷയെ രക്ഷിക്കാന്‍ പോകുന്നില്ല. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നാദിര്‍ഷയെ കുരുക്കാന്‍ തന്നെയാണ് പോലീസ് നീക്കം. നാദിര്‍ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ 13നാണ് പരിഗണിക്കുക. അതിന് ശേഷം മാത്രം മതി നാദിര്‍ഷയെ ചോദ്യം ചെയ്യല്‍ എ്ന്ന അഭിപ്രായവും അന്വേഷണ സംഘത്തിലെ ഒരു വിഭാഗത്തിന് ഉണ്ട് എന്നാണ് അറിയുന്നത്. നാദിര്‍ഷയുടെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു അറസ്റ്റിന്റെ കാര്യത്തില്‍ പോലീസിന് തീരുമാനമെടുക്കാം എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല. അത്‌കൊണ്ട് തന്നെ ജാമ്യത്തിന്റെ ആവശ്യമില്ല എന്ന നിലപാടാണ് ഹൈക്കോടതി നാദിർഷയുടെ ജാമ്യഹർജി പരിഗണിക്കുമ്പോൾ പോലീസ് സ്വീകരിക്കുക എന്നാണ് സൂചന. മാത്രമല്ല അന്വേഷണത്തിന്റെ ഒരു ഘട്ടം മാത്രമേ ദിലീപിന്റെ അറസ്റ്റോടെ പൂര്‍ത്തിയായിട്ടുള്ളൂ. കേസന്വേഷണം ഇനിയും മുന്നോട്ട് പോകേണ്ടതിനാല്‍ നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണ് എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചേക്കും. അതേസമയം ജാമ്യം ലഭിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ തയ്യാറാണ് എന്നതാണ് നാദിര്‍ഷയുടെ നിലപാട്.
കൊച്ചി: പറവൂരില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ കെ.പി.ശശികലക്കെതിരെ കേസ്. മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസ്താവനകള്‍ക്ക് ഐപിസി 153-ാം വകുപ്പ് അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. എഴുത്തുകാര്‍ക്കെതിരെയും വി.ഡി.സതീശന്‍ എംഎല്‍എക്കുമെതിരെയായിരുന്നു പ്രസ്താവനകള്‍. ആര്‍.വി.ബാബുവിനെതിരെയും കേസെടുത്തിട്ടുണ്ട്. വി.ഡി. സതീശന്‍ നല്‍കിയ പരാതിയിലാണ് കേസ്.
എതിര്‍ക്കുന്തോറും വളരുന്നതാണ് ആര്‍എസ്എസ്. എതിര്‍ക്കുന്നവരെ കൊല്ലുന്ന ഗതികേട് ആര്‍എസ്എസ്സിനില്ല. അങ്ങനെയൊരു കൊലപാതകം ആര്‍എസ്എസ്സിന് ആവശ്യമില്ല. അതുകൊണ്ട് മതേതരവാദികളായ എഴുത്തുകാരോട് പറയുകയാണ്, മക്കളേ ആയുസ്സ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തിക്കോളിന്‍. എപ്പഴാ എന്താ വരുകാ എന്ന് പറയാന്‍ ഒരു പിടുത്തോം ഉണ്ടാകില്ല. ഓര്‍ത്ത് വെക്കാന്‍ പറയുകയാണ്. മൃത്യുജ്ഞയ ഹോമം അടുത്തുള്ള ശിവക്ഷേത്രത്തിലെങ്ങാനും പോയി കഴിച്ചോളിന്‍. അല്ലെങ്കില്‍ ഗൗരിമാരെപ്പോലെ നിങ്ങളും ഇരകളാക്കപ്പെടാം എന്നായിരുന്നു ശശികലയുടെ പ്രസംഗം.
ഹിന്ദു ഐക്യവേദിയുടെ പൊതുയോഗത്തിലായിരുന്നു ശശികലയുടെ പ്രസംഗം. ഇതിനെതിരെ വി.ഡി.സതീശനും ഡിവൈഎഫ്‌ഐയും പരാതി നല്‍കിയിരുന്നു. നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പോലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വേര്‍തിരിക്കാനുള്ള ശ്രമമാണ് ഇതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ പുറത്താക്കിയ സിനിമാ സംഘടനകള്‍ നിലപാട് മാറ്റുന്നു. കോടതി ശിക്ഷിക്കും വരെ ദിലീപിനെ കൈവിടേണ്ടെന്ന തീരുമാനത്തിലേക്കാണ് താരസംഘടനയായ അമ്മയും, നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നീങ്ങുന്നത്.
മറ്റ് ചലച്ചിത്ര സംഘടനകളും സമാന നിലപാടിലേക്കാണ് നീങ്ങുന്നതെന്ന് ഈ സംഘടനകളിലെ ചിലര്‍ വ്യക്തമാക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിന് തൊട്ടുപിന്നാലെ ചലച്ചിത്ര സംഘടനകള്‍ ഒന്നടങ്കം ദിലീപിനെ തള്ളിപ്പറഞ്ഞതും പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഉള്‍പ്പെടെ പുറത്താക്കിയതും തുടര്‍ച്ചയായ മാധ്യമ വിചാരണയിലൂടെ സൃഷ്ടിക്കപ്പെട്ട പൊതുബോധത്തെ പരിഗണിച്ചാണെന്നാണ് അമ്മയുടെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വാദം.
ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അടിയന്തര യോഗമാണ് ട്രഷറര്‍ സ്ഥാനത്ത് നിന്ന് ദിലീപിനെ നീക്കി താരത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സംഘടനയിലെ വലിയൊരു വിഭാഗത്തിന് തിടുക്കപ്പെട്ട് എടുത്ത ഈ തീരുമാനത്തില്‍ അതൃപ്തിയുണ്ടായിരുന്നു. പിന്നീട് ഇവര്‍ അമ്മ നേതൃത്വത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് കെ ബി ഗണേഷ് കുമാര്‍ ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചത് താരസംഘടനയുടെ നിലപാട് അറിയിക്കാനാണെന്നും സൂചനയുണ്ട്. ദിലീപിനെ പുറത്താക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അമ്മയിലെ ഭൂരിപക്ഷം അംഗങ്ങളും ദിലീപിനൊപ്പം ഉണ്ടെന്നും ഗണേഷ് അറിയിച്ചെന്നാണ് സൂചന. ഇതിന് പിന്നാലെ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കലാഭവന്‍ ഷാജോണും താരത്തെ സന്ദര്‍ശിച്ചിരുന്നു. നടന്‍ സിദ്ദിഖ് ആണ് ദിലീപിനെ പുറത്താക്കിയതില്‍ രൂക്ഷമായി എതിര്‍പ്പ് നേതൃത്വത്തെ അറിയിച്ച മറ്റൊരു താരം. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സിദ്ദിഖ് തന്റെ എതിര്‍പ്പ് അറിയിച്ചിരുന്നു.
ദിലീപിനെ പുറത്താക്കിയെങ്കിലും നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ദിലീപിനെ കൈവിടില്ലെന്ന നിലപാടിലാണ്. നിയമനടപടികളില്‍ ഉള്‍പ്പെടെ ദിലീപിനെ പിന്തുണയ്ക്കാനാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ ദിലീപ് കുറ്റക്കാരനല്ലെന്നാണ് തന്റെ വിശ്വാസമെന്നും താരത്തെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ആവര്‍ത്തിച്ചിരുന്നു. സംഘടനയുടെ ജനറല്‍ സെക്രട്ടറി രജപുത്രാ രഞ്ജിത് നേരത്തെ തന്നെ ദിലീപിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഓണനാളുകളില്‍ ഇദ്ദേഹം ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് ആല്‍വിന്‍ ആന്റണി, ബിജോയ് ചന്ദ്രന്‍, അരുണ്‍ ഘോഷ്, ഫിലിം ചേംബര്‍ എക്സിക്യുട്ടീവ് കമ്മിറ്റി മെംബര്‍ എം ഹംസ തുടങ്ങിയവര്‍ ദിലീപിനെ ജയിലിലെത്തി കണ്ടിരുന്നു. ചലച്ചിത്ര സംഘടനകള്‍ ദിലീപിനെ കൈവിടില്ലെന്നും അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്നിവയിലെ ഭൂരിഭാഗം അംഗങ്ങളും ദിലീപ് നിരപരാധിയെന്നാണ് വിശ്വസിക്കുന്നതെന്നും സന്ദര്‍ശിച്ചവര്‍ താരത്തെ അറിയിച്ചെന്നാണ് അറിയുന്നത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനെതിരെ നടന്‍ അനൂപ് ചന്ദ്രന്‍ പൊലീസിന് മൊഴി നല്‍കി. മോസ് ആന്റ് ക്യാറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും ദിലീപ് തന്നെ സിനിമയില്‍ നിന്ന് ഒതുക്കിയെന്നുമാണ് അനൂപ് മൊഴി നല്‍കിയിരിക്കുന്നത്.
എറണാകുളം റൂറല്‍ എസ്പി ഫോണില്‍ അനൂപ് ചന്ദ്രനെ വിളിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ മിമിക്രിക്കെതിരെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ദിലീപ് ഫോണില്‍ വിളിച്ച് രോഷത്തോടെ സംസാരിച്ചെന്ന് അനൂപ് ചന്ദ്രന്‍ പറഞ്ഞു. സിനിമ ലൊക്കേഷനില്‍ വച്ച് ഭീഷണിപ്പെടുത്തി പിന്നീട് സിനിമ അവസരങ്ങള്‍ പലതും നഷ്ടമായെന്നും അനൂപ് ചന്ദ്രന്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ഇന്ന് ചോദ്യം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നാദിര്‍ഷ ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് താരത്തിന് നോട്ടീസ് നല്‍കി. നെഞ്ചുവേദനയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന നാദിര്‍ഷയെ പോലീസ് ഇടപെട്ട് രാത്രി വൈകി ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചതായാണ് സൂചന. രാത്രി പത്തരയോടെയാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയത്.
അറസ്റ്റ് ഭീഷണിയുണ്ടെന്നും കടുത്ത മാനസീക സംഘര്‍ഷം ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിരുന്നു. നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി പ്രോസിക്യൂഷന്റെ നിലപാട് തേടിയിരുന്നു. ബുധനാഴ്ചയാണ് നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
കനത്ത നാശം വരുത്തി വീശിയടിച്ച ഇര്‍മാ കൊടുങ്കാറ്റ് ഫ്‌ളോറിഡയെ ഇരുട്ടിലാഴ്ത്തി. വൈദ്യൂതി സംവിധാനത്തെ സാരമായി ബാധിച്ച കൊടുങ്കാറ്റില്‍ 40 ലക്ഷം വീടുകളാണ് കഴിഞ്ഞ ദിവസം മുതല്‍ ഇരുട്ടിലായത്. പ്രശ്‌ന പരിഹാരത്തിന് മാത്രം ആഴ്ചകളോളംഎടുക്കുമെന്നാണ് സൂചന. ഞായറാഴ്ച രാവിലെ ഫ്‌ളോറിഡയെ തൊട്ടത് ഏറ്റവും അപകടകാരിയായ കാറ്റുകളില്‍ ഒന്നായിരുന്നു. കാറ്റില്‍ നാലു പേര്‍ മരിക്കുകയും 64 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഫ്‌ളോറിഡയുടെ വടക്ക് കിഴക്ക് ഭാഗങ്ങളില്‍ ശക്തമായ കാറ്റാണ് വീശിയത്.അതേസമയം രണ്ടു ആണവ പ്‌ളാന്റുകള്‍ സുരക്ഷിതമാണ്. തെക്കന്‍ മിയാമിയില്‍ നിന്നുഗ 48 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ടര്‍ക്കി പോയിന്റിലെ രണ്ടു റീയാക്ടറുകളില്‍ ഒരെണ്ണം ശനിയാഴ്ച തന്നെ അടച്ചുപൂട്ടിയിരുന്നു. മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗത്തിലാണ് ഇര്‍മ തെക്കന്‍ ഫ്‌ളോറിഡ തീരംതൊട്ടത്. കാറ്റിന്റെ ഗതിമാറുന്നതായുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അധികൃതരെ കുഴക്കി. മലയാളികള്‍ ഉള്‍പ്പെടെയുള്ള 63 ലക്ഷത്തോളംപേരെ ഒഴിപ്പിച്ചും ആവശ്യത്തിനു മുന്‍കരുതല്‍ സ്വീകരിച്ചതിനാലും കാര്യമായ ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മരങ്ങള്‍ കടപുഴകിവീണു കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നാശമുണ്ടായി.
അതേസമയം, രണ്ടിടങ്ങളിലുണ്ടായ കാര്‍ അപകടങ്ങളില്‍ മൂന്നുപേരും പുനരധിവാസ കേന്ദ്രത്തില്‍ ഒരാളും മരിച്ചു. ഇര്‍മ കനത്ത നാശം വിതച്ച കരീബിയന്‍ ദ്വീപുകളില്‍ മരിച്ചവരുടെ എണ്ണം 25 ആയി. സെന്റ് മാര്‍ട്ടിന്‍ ദ്വീപില്‍നിന്ന് 60 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി അമേരിക്കയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇവരെ താല്‍ക്കാലിക വിസയില്‍ അമേരിക്കയിലേക്കു മാറ്റി. വിസ ലഭിക്കാത്തവരെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചതായും എംബസിവൃത്തങ്ങള്‍ അറിയിച്ചു.
ഇര്‍മയെത്തുമ്പോള്‍ ഫ്‌ളോറിഡ തീരത്ത് പത്തു മീറ്റര്‍ ഉയരത്തില്‍വരെ തിരമാലകള്‍ ആഞ്ഞടിച്ചേക്കാമെന്നും വെള്ളപ്പൊക്കത്തിന് ഇതു കാരണമായേക്കാമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. കനത്ത നാശവും ആള്‍നാശമുണ്ടാക്കാവുന്ന കാറ്റഗറി നാല് ഗണത്തിലേക്ക് അധികൃതര്‍ ഇര്‍മയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോവര്‍ ഫ്‌ളോറിഡയിലുള്‍പ്പെടെ കനത്ത കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. 4.5 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ ഭീഷണി ഉയര്‍ത്തുണ്ട്. മുന്നറിയിപ്പിനെത്തുടര്‍ന്ന് ആളുകള്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറിയത് അപകടമൊഴിവാക്കി. ദുരന്തമേഖലയില്‍ തുടരുന്നത് ആത്മഹത്യാപരമാണെന്നാണു അധികൃതരുടെ മുന്നറിയിപ്പ്.
പീഡനക്കേസ് പ്രതിയെ അഞ്ചംഗസംഘം വീട്ടിൽ നിന്നു വിളിച്ചിറക്കി വെട്ടിക്കൊന്നു. നങ്ങ്യാർകുളങ്ങര അകംകുടി അരണപ്പുറം കറുകത്തറയിൽ വർഗീസിന്റെ മകൻ ലിജോയെയാണ് (29) വെള്ളിയാഴ്ച രാത്രി 10.45ന് കൊലപ്പെടുത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലിജോ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ലിജോയുടെ സഹോദരങ്ങളായ ലിബു, ലിജു, ബന്ധുവായ ജാക്& സൺ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസികളായ കറുകത്തറവീട്ടിൽ ശിവപ്രസാദ് (സനീഷ്), ശിവലാൽ എന്നിവരും ഷിബു, മുകേഷ്, മനു എന്നിവരുമടങ്ങുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
മരിച്ച ലിജോ ശിവപ്രസാദിന്റെ ഭാര്യയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായിരുന്നു. ജാമ്യത്തിലിറങ്ങി ഒരുവർഷമായി നാട്ടിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. ഈ സംഭവത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പള്ളിയിൽ എട്ടു നോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് സമീപ വീടുകളിലുള്ളവർ പോയ സമയത്താണ് ആയുധങ്ങളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം നടത്തിയത്. പ്രതികൾ ഉടനേ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.
ലിജോയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ഹരിപ്പാട് ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് മുട്ടം സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മാതാവ്: പരേതയായ ലില്ലി.
ഹരിപ്പാട് മേഖലയിൽ ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായി ഏഴ് മാസത്തിനകം നടന്ന അഞ്ചാമത്തെ കൊലപാതകമാണ് ഇത്. ശക്തമായ നടപടികളെ തുടർന്ന് കൊലപാതക പരമ്പരകൾക്ക് ആശ്വാസമായെന്ന് കരുതിയിരിക്കെയാണ് ഈ കൊലപാതകം.
പരസ്യമായി കൊലവിളി നടത്തിക്കൊണ്ട് വീണ്ടും ആർ എസ് എസ് നേതാവ് ശശികല. സംഘപരിവാറിനെ വിമർശിക്കുന്നവർ മൃത്യഞ്ജയ ഹോമം നടത്തുന്നതാവും നല്ലത് അല്ലങ്കിൽ ഗൗരി ലങ്കേഷിന്റെ അവസ്ഥ ഉണ്ടാകും എന്നാണ് പറവൂരിൽ സംഘടിപ്പിച്ച യോഗത്തിൽ ശശികല പ്രസംഗിച്ചത്. മുൻപും വിഷം തുപ്പുന്ന വർഗീയ പ്രസ്താവനയുമായി വന്നിട്ടുള്ള സൈകളയുടെ വാക്കുകൾ അതീവ ഗൗരവമേറിയതാണ്
സംഘപരിവാറിനെ എതിർക്കുന്നവർക്ക് ഗൗരി ലങ്കേഷിന്റെ അവസ്ഥ വരും എന്ന ശശികലയുടെ പ്രസ്താവന പൊതുയോഗ കയ്യടിക്കു വേണ്ടിയുള്ള ആവേശം എന്നതിന്റെ അപ്പുറത്തേക്ക് ഗൗരി ശങ്കറിന്റെ കൊലപാതകികളെ കുറിച്ചുള്ള വ്യക്തമായ സൂചന കൂടിയാണ്
രാജ്യത്തെ നടുക്കിയ കൊലക്ക് പിന്നിലെ കൊലയാളികളെ കുറിച്ചുള്ള വ്യക്തമായ സൂചന പരസ്യമായി നൽകിയ ശശികലയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ പിണറായി സർക്കാർ തയ്യാറാവണം. ഇനിയും ആർ എസ് എസ് നേതാക്കളുടെ മുന്നിൽ കവാത്തു മറന്നു പ്രവർത്തിച്ചാൽ കേരളത്തിലെ പൊതു സമൂഹം പിണറായി വിജയനെ വിചാരണ ചെയ്യും .