Latest News

സ്കൂളിൽ ഒന്നാം ക്ലാസിൽ ചേരാൻ രക്ഷാകർത്താവിനൊപ്പം പോയ അഞ്ചു വയസ്സുകാരൻ കാർ ഇടിച്ചു മരിച്ചു. പത്തനംതിട്ട മറൂർ സ്വദേശി അർജുൻ കൃഷ്ണയാണ് മരിച്ചത്. കല്ലറക്കടവ് അമൃത സ്കൂളിൽ ചേർക്കാനാണ് അർജുനെ കൊണ്ടുപോയത്. സ്കൂളിനു സമീപമായിരുന്നു അപകടം.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഹാട്രിക്കില്‍ ബയണ്‍ മ്യൂണിനെ തകര്‍ത്ത് റയല്‍ മഡ്രിഡ് ചാംപ്യന്‍സ് ലീഗ് സെമി ഫൈനലില്‍; രണ്ടാം പാദ മല്‍സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് റയലിന്റെ ജയം. ചാംപ്യന്‍സ് ലീഗില്‍ അവശേഷിച്ചിരുന്ന ഏക ഇംഗ്ലീഷ് ക്ലബായ ലെസ്റ്റര്‍ സിറ്റി അത്‌ലറ്റിക്കോ മഡ്രിഡിനോട് തോറ്റ് പുറത്തായി.

ലോക ഫുട്ബോളിലെ സൂപ്പര്‍ സ്ട്രെക്കറെ തടയാന്‍ ജര്‍മന്‍ മതിലിനായില്ല. കരുത്തന്‍മാര്‍ക്കിടയിലൂടെ തന്റെ നൂറാമത്തെ ഗോള്‍ അടിച്ചുകയറ്റി റോണോ. ആദ്യപാദ മല്‍സത്തില്‍ 2-1ന് മുന്നിട്ടു നിന്ന റയല്‍ രണ്ടാം പാദത്തില്‍ ഉറച്ച ആത്മവിശ്വാസത്തോടെയാണ് െബര്‍ണാബ്യൂവില്‍ ബൂട്ട് കെട്ടിയത്. മല്‍സരത്തിന്റെ ആദ്യപകുതി ഇരു ടീമുകളും ഗോളടിച്ചില്ല. രണ്ടാം പകുതിയില്‍ ബയണിന് അനുകൂലമായ പെനാല്‍റ്റി ലെവന്‍ഡോവ്സ്ക്കി ഗോളാക്കി മാറ്റി.

76 മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോയുടെ നിര്‍ണായകമായ ഗോള്‍ തുടര്‍ന്നങ്ങോട്ട് നാടകീയ നിമിഷങ്ങളായിരുന്നു. സെര്‍ജിയോ റാമോസ് റയലിന് പണികൊടുത്തു. സെല്‍ഫ്ഗോളച്ച് മല്‍സരം പെനാല്‍റ്റിയിലേകക്ക് തള്ളിവിട്ടു. അതിനിടെ ബയണിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി അര്‍തുറോ വിദാല്‍ ചുവപ്പുകാര്‍‍ഡില്‍ പുറത്തായി. എക്ട്ര ടൈമിലും ക്രിസ്റ്റ്യാനോയുടെ വരുതിയിലായിരുന്നു മല്‍സരം.

അവസാന 15 മിനിറ്റ് ശേഷിക്കേ ക്രിസ്റ്റ്യാനോയുടെ ഹാട്രിക് പിറന്നു. ഇതിനിടെ ക്രിസ്റ്റ്യാനോ ഓഫ്സൈഡാണെന്ന വാദവും ഉയര്‍ന്നു. മാര്‍കോ അസെന്‍സിയോടെ വക ഒടുവിലത്തെ ആണി. 6-3 എന്ന മൊത്തം സ്കോറില്‍ റയല്‍ സെമിയില്‍.

ലെസ്റ്റര്‍ സിറ്റിയുടെ തോല്‍വിയോടെ ഇത്തവണത്തെ ചാംപ്യന്‍സ് ലീഗില്‍ സെമിയില്‍ ഒരു ഇംഗ്ലീഷ് ക്ലബ് പോലും ഇല്ലാത്ത അവസ്ഥയായി. ആദ്യപാദത്തില്‍ മുന്‍ തൂക്കം നേടിയ അത്‌ലറ്റിക്കോ ഡി മാഡ്രിഡിഡ് രണ്ടാം പാതത്തിലും ഗോളടിച്ച് സുരക്ഷിതമായി സെമിയിലെത്തി. 26 ാം മിനിറ്റിലായിരുന്നു മാഡ്രിഡിന്റെ ഗോള്‍. 61 മിനിറ്റില്‍ ലെസ്റ്ററിന് ആശ്വസിക്കാന്‍ ജെയ്മി വാര്‍ഡി ഗോളടിച്ചു.

സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം മമ്മൂട്ടി ചിത്രത്തിൽ സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നുവെന്നുളളതാണ്. ക്യാമറയ്‌ക്ക് പിന്നിലും മുന്നിലും വിവിധ മേഖലകൾ ഒറ്റയ്‌ക്ക് കൈകാര്യം ചെയ്യുന്ന വ്യക്തിയായ സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാവുന്നുവെന്നുളളത് തിങ്കളാഴ്‌ച കേട്ട വലിയ വാർത്തകളിലൊന്നായിരുന്നു.

ഇതുമായി ബന്ധപ്പെട്ട ട്രോളുകളാണ് സമൂഹമാധ്യമങ്ങളിലിപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നത്.ട്രോൾ മലയാളം, ഇന്റർനാഷണൽ ചളു യൂണിയൻ എന്നിവരാണ് ട്രോളുകളുടെ പിറകിൽ.

രാജാധിരാജ എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു മുഴുനീള വേഷത്തിലാണ് പണ്ഡിറ്റ് എത്തുന്നത്. കൊല്ലത്തെ ഫാത്തിമ മാതാ കോളേജിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

കൃഷ്‌ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് ചലച്ചിത്ര രംഗത്തെത്തുന്നത്. സംവിധാനം, തിരക്കഥ,എഡിറ്റിംങ്ങ്, സംഗീതം, ഗാനരചന, ആലാപനം തുടങ്ങി നിരവധി റോളുകളാണ് സന്തോഷ് പണ്ഡിറ്റ് തന്റെ ചിത്രങ്ങളിൽ കൈകാര്യം ചെയ്‌തിട്ടുളളത്. ഏറ്റവും പുതിയ ചിത്രം ഉരുക്ക് സതീശന്റെ പണിപ്പുരയിലാണ് സന്തോഷ് പണ്ഡിറ്റ്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ജൂൺ മാസത്തിൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചന. അമേിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആർ.മക്സ്റ്റർ ഡൽഹിയിൽ നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം സംബന്ധിച്ച് തീരുമാനമായത്.

ഇതിനായി നരേന്ദ്ര മോദി അമേരിക്കയിൽ പോകുമെന്നാണ് വിവരം. മൂന്ന് വർഷത്തിനിടിയിൽ നരേന്ദ്ര മോദി നടത്തുന്ന അഞ്ചാമത്തെ അമേരിക്കൻ സന്ദർശനം ആകുമിത്.ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ സെപ്തംബറിൽ ചേരാനിരിക്കെ അമേരിക്കയും ഇന്ത്യയും തമ്മിൽ യോജിച്ച് പ്രവർത്തിക്കുന്നതിനാവും ചർച്ച മുഖ്യപരിഗണന കൊടുക്കുക.

എന്നാൽ പന്ത്രണ്ടിലധികം രാജ്യങ്ങൾ ഐക്യരാഷ്ട്ര സംഭടനയുടെ പൊതുസഭ ചേരുന്നതിന് മുന്നോടിയായി അമേരിക്കയുമായി ഉഭയകക്ഷി ചർച്ചയ്ക്ക് താത്പര്യം പ്രകടിപ്പിച്ചിരുന്നു.​ എന്നാൽ ഈ രാജ്യങ്ങളുമായി പൊതുസഭയ്ക്ക് മുൻപ് ചർച്ച നടത്തേണ്ടെന്ന തീരുമാനത്തിലായിരുന്നു അമേരിക്കൻ ഭരണകൂടം.

ജി 20 ഉച്ചകോടി ജർമ്മനിയിൽ ജൂലൈ ആദ്യവാരം നടക്കുമ്പോൾ മോദിയും ട്രംപും കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോർട്ടുകളുണ്ട്. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യ പ്രതിരോധധ രംഗത്തെ ഉത്തമ പങ്കാളിയാണെന്ന് മക്‌മാസ്റ്റർ പറഞ്ഞിരുന്നു. വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കർ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായും മക്‌മാസ്റ്റർ ചർച്ച നടത്തിയിരുന്നു.

എച്ച്1ബി വിസ നൽകുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്ന പ്രക്രിയക്ക് തുടക്കമിട്ടുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. അമേരിക്കക്കാർക്ക് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ഉത്തരവ്. ഇതിനിടെ ഇന്ത്യൻ ഉദ്യോഗാർത്ഥികൾ വ്യാപകമായി ഉപയോഗിച്ചിരുന്ന വിസാ പദ്ധതി നിർത്തലാക്കാൻ ഓസ്ട്രേലിയയും തീരുമാനിച്ചു

അമേരിക്കക്കാരെ വാങ്ങുക, അമേരിക്കക്കാരെ വാടകക്കെടുക്കുക എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമപരിഷ്കാരത്തിന്‍റെ ആദ്യ ഉത്തരവിലാണ് പ്രസിഡന്‍റ് ഡെണാൾഡ് ട്രംപ് വിസ്കോൺസനിൽ വച്ച് ഒപ്പിട്ടത്. പ്രത്യേക വൈദഗ്ധ്യമുള്ള വിദേശികൾക്ക് അമേരിക്കയിൽ ജോലി ചെയ്യാനായി നൽകുന്ന എച്ച് 1ബി വിസ മൂലം അമേരിക്കക്കാർക്ക് തൊഴിൽ നിഷേധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുമെന്ന് ട്രംപ് മുന്‍പ് പല തവണ പറഞ്ഞിരുന്നു.

അമേരിക്കക്കാരേക്കാൾ കുറഞ്ഞ വേതനത്തിൽ ഇന്ത്യക്കാരടക്കമുള്ള വിദേശികളെ നിയമിക്കുന്നതായിരുന്നു പല കമ്പനികളുടെ രീതി. നിലവിലെ വിസാനിയമങ്ങൾ പരിഷ്കരിക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ തൊഴിൽ, ആഭ്യന്തര സുരക്ഷ, നീതിന്യായ വകുപ്പുകൾക്ക് നിർദ്ദേശം നൽകുന്നതാണ് പുതിയ ഉത്തരവ്. പിന്നാലെ നിയമപരിഷ്കാരവും കൊണ്ടുവരാനാണ് നീക്കം.

ഇതിനിടെയാണ് എച്ച് വൺ ബി വിസയ്ക്ക് സമാനമായ 457 വിസ നൽകുന്നത് നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുളിന്‍റെ അപ്രതീക്ഷിത പ്രഖ്യാപനവും വരുന്നത്. പകരം കൂടുതൽ കർശനമായ വ്യവസ്ഥകളോടെയുള്ള പുതിയ വിസ പദ്ധതി നിലവിൽ വരും. വൈദഗ്ധ്യമുള്ളവരെ ലഭ്യമല്ലാത്ത സാഹചര്യമുണ്ടെങ്കിൽ മാത്രമേ വിദേശികളെ നിയമിക്കൂ എന്ന് ഉറപ്പുവരുത്തും. ഓസ്ട്രേലിയക്കർക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാനാണ് നീക്കം. ഇരു രാജ്യങ്ങളുടേയും പുതിയ തീരുമാനം ഇന്ത്യൻ ഉദ്യോഗാർത്ഥികൾക്ക് കനത്ത തിരിച്ചടിയാകും.

നടിയും ശരത്‍കുമാറിന്‍റെ മകളുമായ വരലക്ഷ്മിയെ തട്ടിക്കൊണ്ടുപോയെന്ന് വാർത്ത .സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട നടി വരലക്ഷ്മിയുടെ ഒരു ചിത്രമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഇരുണ്ട മുറിയില്‍ കൈകള്‍ രണ്ടും ബന്ധിച്ച് വായ് മൂടിക്കെട്ടിയ നിലയില്‍ ഭയന്നിരിക്കുന്ന നടിയുടെ ചിത്രമാണ് ട്വിറ്ററിലൂടെ പ്രചരിച്ചത്.

എന്താണ് സത്യാവസ്ഥയെന്ന് അറിയാന്‍ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ചര്‍ച്ചയാണ് പിന്നെ നടന്നത് . അവസാനം ചിത്രത്തിന്റെ വാസ്തവം വെളിപ്പെടുത്തി വരലക്ഷ്മി തന്നെ ട്വിറ്ററിലെത്തി. ഇതൊരു സിനിമയുടെ ഭാഗമാണെന്നും താന്‍ സുരക്ഷിതയാണെന്നും വരലക്ഷ്മി ട്വീറ്റ് ചെയ്തു. ഈ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വൈകിട്ട് ആറുമണിക്ക് പുറത്തുവിടുമെന്നും നടി അറിയിച്ചു.എന്നാല്‍ ഇത്തരത്തില്‍ അതിരുവിടുന്ന സിനിമാപ്രചാരണതന്ത്രങ്ങള്‍ നിയന്ത്രിക്കേണ്ടതാണെന്ന അഭിപ്രായവും സിനിമാമേഖലയില്‍ ഉയരുന്നുണ്ട്.

വാളയാറിൽ സഹോദരികൾ പീഡനത്തിനിരയായി മരിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അയൽവാസിയായ പതിനേഴുകാരനെ ഡിവൈഎസ്പി എം.ജെ.സോജന്റെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് പിടികൂടിയത്.

സഹോദരിമാരായ ദളിത് പെൺകുട്ടികൾ പീഡനത്തിനിരയായി മരിച്ച കേസിൽ ഇത് അഞ്ചാമത്തെ അറസ്റ്റാണ്. അയൽവാസിയായ പതിനേഴുകാരനെയാണ് നർക്കോട്ടിക്സെൽ ഡിവൈഎസ്പി എം.ജെ.സോജന്റെ നേതൃത്വത്തിലുളള അന്വേഷണസംഘം അറസ്റ്റുചെയ്തത്.

മരിച്ച രണ്ടു പെൺകുട്ടികളെയും പ്രതി പലപ്പോഴായി ലൈംഗീകചൂഷണത്തിനിരയാക്കി. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. പെൺകുട്ടികളുടെ രണ്ടു ബന്ധുക്കൾ ഉൾപ്പെടെ നാലുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടികളുടെ അമ്മയുടെ ഇളയ്ച്ഛന്റെ മകനായ മധു , അമ്മയുടെ സഹോദരിയുടെ മകനായ പി.മധു , ‌കുട്ടികളെ ട്യൂഷൻ പഠിപ്പിച്ചിരുന്ന അയവാസിയായ പ്രദീപ്കുമാർ, കുട്ടികളോടൊപ്പം വീട്ടിൽ താമസിച്ച അച്ഛന്റെ സുഹൃത്തായ ഇടുക്കി രാജാക്കാട് സ്വദേശി ഷിബു എന്നിവർ റിമാൻഡിലാണ്. ‌‌അതേസമയം കുട്ടികളുടെ മരണത്തിലുളള ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല, കഴുത്തുമുറുകി മരിച്ചെന്നാണ് രണ്ടു പോസ്റ്റുമോർട്ടം റിപ്പോർട്ടുകളും.ഇതുപ്രകാരം മരണം കൊലപാതകമാണോയെന്നതിന് വ്യക്തതയുണ്ടായിട്ടില്ല. കേസിൽ അന്വേഷണം തുടരുകയാണ്.

മലപ്പുറം വെന്നിയൂർ കൊടക്കല്ല് പരേതനായ ചെമ്മല മുഹമ്മദ് ഹാജിയുടെ മകൻ മൂസ (35) റിയാദിൽ നിര്യാതനായി .ഭാര്യ : നസീമ , മാതാവ് : മമ്മാതിയ ഹജ്ജുമ്മ. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

കൊല്ലം അഞ്ചൽ സ്വദേശി ഇബ്രാഹീംകുട്ടി ഷഹാൽ (63) ആണ്​ മരിച്ച മറ്റൊരു മലയാളി വാദികബീർ കേന്ദ്രമായുള്ള എഞ്ചിൻ ഒായിൽ വിപണന സ്​ഥാപനത്തിലെ സെയിൽസ്​മാനായി ജോലി ചെയ്​തുവരുകയായിരുന്നു.

റൂട്ടിൽ പോയപ്പോൾ ഞായറാഴ്​ച വൈകുന്നേരം ലിവയിൽ വെച്ചാണ്​ ഹൃദയാഘാതം ഉണ്ടായത്​. ഇതേ തുടർന്ന്​ ലിവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. സൊഹാർ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന്​ മസ്​കത്തിലേക്ക്​ കൊണ്ടുവരും. 15 വർഷമായി ഇബ്രാഹീം കുട്ടി മസ്​കത്തിലുണ്ട്​. സലീനയാണ്​ ഭാര്യ. മൂത്ത മകൻ ഷാലിൻ മസ്​കത്തിലുണ്ട്​. സനീഷ്​ മറ്റൊരു മകനാണ്​. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായി സഹപ്രവർത്തകർ അറിയിച്ചു.

രാഷ്ട്രീയ കരുനീക്കങ്ങൾക്കൊടുവിൽ തമിഴ്നാട്ടിൽ ഭരണം പിടിച്ച വി.കെ.ശശികലയെ തള്ളാനൊരുങ്ങി എ.ഐ.എ.ഡി.എം.കെ. വീണ്ടും തിരക്കിട്ട രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രമായി ചെന്നൈ മാറി. ടിടിവി ദിനകരനെ പാർട്ടിയിൽ നിന്നും പുറത്താക്കാനും ഒ.പനീർശെൽവം വിഭാഗത്തെ പാർട്ടിയിലേക്ക് തിരികെയെത്തിക്കാനുമുള്ള ചർച്ചകളാണ് തമിഴ്നാട്ടിൽ നടക്കുന്നത്. ഇതിനായി ഐഎൻഎസ് ചെന്നൈ കപ്പലിൽ ഉൾക്കടലിൽ 122 എഐഎഡിഎംകെ എംഎൽഎമാരുടെ പ്രത്യേക യോഗം നടക്കുകയാണ്.

ശശികലയുടെ മരുമകനും പാർടിയുടെ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ ടി.ടി.വി.ദിനകരൻ, തിരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൂലി വാഗ്ദാനം ചെയ്ത കേസിൽ അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെയാണ് പുതിയ നീക്കങ്ങൾ നടന്നത്. പാർട്ടി ചിഹ്നമായ രണ്ടില ലഭിക്കുന്നതിന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർക്ക് പണം വാഗ്ദാനം ചെയ്തതിന് ഇന്നലെയാണ് ഡൽഹി പൊലീസ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്.

“//vidshare.jansatta.com/players/3jgGBEK8-gkfBj45V.html”

തമിഴ്നാട്ടിൽ പാർട്ടിയുടെ നിലനിൽപ്പും സർക്കാരിന്റെ മുന്നോട്ട് പോക്കും സുരക്ഷിതമാക്കുന്നതിന്, ഒ.പനീർശെൽവത്തിന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗവുമായി ചർച്ച നടത്തുന്നുണ്ടെന്ന് ശശികല പക്ഷത്തെ നേതാക്കൾ അറിയിച്ചു. ദിനകരനെയും ശശികലയെയും കുടുംബത്തെയും പുറത്താക്കി ഇപ്പോഴത്തെ സ്ഥിതിയിൽ നിന്ന് പാർട്ടിയെ രക്ഷിക്കാനാണ് നേതാക്കളുടെ ശ്രമം. അതേസമയം ശശികല കുടുംബത്തിലേക്ക് അധികാരം കേന്ദ്രീകരിക്കാതിരിക്കാനുള്ള ചരട് വലികളാണ് ഇതിന് പിന്നിൽ.

അതേസമയം ബെംഗളൂരു ജയിലിൽ തടവിൽ കഴിയുന്ന വി.കെ.ശശികലയെ സന്ദർശിച്ച ശേഷം ടിടിവി ദിനകരൻ ചൊവ്വാഴ്ച അറസ്റ്റ് വരിച്ചേക്കുമെന്ന് ഒരു മുതിർന്ന നേതാവ് ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു. “ഡൽഹി പൊലീസിൽ നിന്നുള്ള ഒരു സംഘം ഇന്ന് അദ്ദേഹത്തെ കാണുന്നുണ്ട്. അവർ ദിനകരനെ ഡൽഹിയിലേക്ക് കൊണ്ടുപോയേക്കും. ദിനകരൻ അറസ്റ്റിലാവുകയാണെങ്കിൽ രണ്ട് എഐഎഡിഎംകെ പക്ഷവും തമ്മിൽ ലയിക്കും. പാർട്ടിയിലെ ഉന്നത സ്ഥാനത്തിന് പുറമേ ഒ.പനീർശെൽവത്തിന് ധനകാര്യ മന്ത്രിസ്ഥാനവും നൽകും” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പാർടി അദ്ധ്യക്ഷൻ ഇ.പളനിസ്വാമി ഇന്ന് ചെന്നൈയിൽ എല്ലാ പാർട്ടി എംഎൽഎ മാരുമായും ചർച്ച നടത്തും. എന്നാൽ ശശികല പക്ഷത്ത് ഇപ്പോൾ വിള്ളൽ വീണിട്ടുണ്ടെന്നാണ് വിവരം. മൂന്ന് എംഎൽഎ മാർ മന്ത്രി ഉദുമലൈ കെ.രാധാകൃഷ്ണന്റെ വസതിയിൽ യോഗം ചേർന്നതായി വിവരമുണ്ട്.

കൈക്കൂലി വാഗ്ദാന കേസിൽ പിടിയിലായ സുകേഷ് ചന്ദ്രശേഖറും താനും തമ്മിൽ ബന്ധമുണ്ടെന്ന വാർത്തകളെ ദിനകരൻ തള്ളി. “ഞാൻ ആർക്കും കൈക്കൂലി നൽകിയിട്ടില്ല. നിയമപരമായി നേരിടും”​അദ്ദേഹം പറഞ്ഞു

ക്രിക്കറ്റ് ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത് ഇന്ത്യയുടെ പുതിയ താരത്തെ കുറിച്ചാണ്. മറ്റാരുമല്ല കേരളത്തിന്റെ സ്വന്തം സഞ്ജു സാംസൺ തന്നെയാണ് ആ താരം. ആരുടെയും മനം കവരുന്ന ബാറ്റിംഗ് മികവ് മാത്രമല്ല, ബൗണ്ടറിക്കപ്പുറം കടന്ന പന്തിനെ പറന്ന് പിടിക്കുന്ന ഒരു സൂപ്പർ ഫീൽഡറുമാണ് സഞ്ജു.

ഇത്തവണ വിക്കറ്റ് കീപ്പർ സ്ഥാനത്തല്ല ഡൽഹി ഡയർഡവിൾസ് ടീമിൽ സഞ്ജുവിനെ നിർത്തിയത്. അത് രാഹുൽ ദ്രാവിഡിന്റെ കൃത്യമായ കണക്കുകൂട്ടൽ തന്നെയാണ്. ബൗണ്ടറി ലൈനിനരികിൽ റണ്ണൊഴുക്ക് പരമാവധി തടയുന്നതിൽ സഞ്ജുവിന്റെ ഫീൽഡിംഗ് ടീമിനം തുണച്ചു. എന്നാൽ ഈ കാഴ്ച, അത് സാക്ഷാൽ ദ്രാവിഡ് പോലും പ്രതീക്ഷിച്ച് കാണില്ല.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായി ഇന്നലെ നടന്ന മത്സരത്തിലാണ് സഞ്ജു അവിസ്മരണീയമായ ഫീൽഡിംഗ് മികവ് പുറത്തെടുത്തത്. കളി നിർണ്ണായക ഘട്ടത്തിൽ നിൽക്കെ ക്രിസ് മോറിസ് എറിഞ്ഞ പത്തൊൻപതാമത്തെ ഓവറിലാണ് മൈതാനം വിറങ്ങലിച്ച ആ ഫീൽഡിംഗ്. ജയിക്കാൻ 11 പന്തിൽ 15 റൺസ് വേണ്ടിയിരുന്ന കൊൽക്കത്തയ്ക്ക് വേണ്ടി ബാറ്റ് വീശിയത് മനീഷ് പാണ്ഡെ. ഉയർത്തിയടിച്ച പന്ത് ബൗണ്ടറി ലൈനിനപ്പുറം ചെന്ന് വീഴുമെന്ന് ഉറപ്പായിരുന്നു.

കളിയുടെ നിർണ്ണായക നിമിഷത്തിൽ ഏത് വിധേനയും റണ്ണൊഴുക്ക് തടയുകയെന്ന തന്റെ ജോലി സഞ്ജു ഭംഗിയായി നിർവ്വഹിച്ചു. ലോങ്ങ് ഓണിലെ ഫീൽഡിംഗ് പൊസിഷനിൽ നിന്ന് പന്ത് ലക്ഷ്യമാക്കി ഒടി വന്ന സഞ്ജു ഒറ്റ ചാട്ടം, സിക്സറെന്ന് തോന്നിപ്പിച്ച പന്ത് കൈകലാക്കി അതേ വേഗതയിൽ പുറത്തേക്ക് എറിഞ്ഞു. ആറ് റൺസിന് പകരം കൊൽക്കത്തയുടെ സ്കോർബോർഡിൽ കുറിച്ചത് രണ്ട് റൺസ് മാത്രം.

ഗാലറിയിൽ മുഴുവൻ കാണികളും അത് കണ്ട് അതിശയിച്ചു. എന്തിനധികം, ഡൽഹി ഡയർഡെവിൾസ് താരങ്ങൾ പോലും അത്രയും മികച്ച ഫീൽഡിംഗ് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരും ഒരേ പോലെ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചപ്പോൾ സഞ്ജു അതിഭാവുകത്വമേതുമില്ലാതെ തന്റെ ഫീൽഡിംഗ് പൊസിഷനിലേക്ക് തന്നെ നടന്നുപോയി. എന്നാൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ. മലയാളികളായ ക്രിക്കറ്റ് പ്രേമികളെല്ലാം ഈ വീഡിയോയ്ക്ക് പുറകിലാണ്. മത്സരം ഡൽഹി തോറ്റെങ്കിലും സഞ്ജുവിന്റെ അവിസ്മരണീയമായ ഫീൽഡിംഗിനെ കൊൽക്കത്ത താരങ്ങളും അഭിനന്ദിച്ചു.

RECENT POSTS
Copyright © . All rights reserved