ഉത്തര കേരളത്തിലെ കമ്മാടം ഭവതി ക്ഷേത്രത്തിലെ ലക്ഷം ദീപം സമര്‍പ്പണത്തിനാണ് മണ്ഡപം സെന്റ് ജോസഫ് പള്ളിവികാരി ഫാദര്‍ ജോണ്‍ മുല്ലക്കര ക്ഷേത്ര നടയിലെ കല്‍വിളക്കില്‍ ദീപം കൊളുത്തി ക്ഷേത്രാങ്കണം മത സൗഹാര്‍ദ്ദത്തിന്റെ ഉദാത്ത മാതൃകയാക്കിയത്. കാസര്‍കോട് കിഴക്കന്‍ മലയോരത്തെ കമ്മാടം ക്ഷേത്രത്തില്‍ നാടിന്റെ ഐശ്വര്യത്തിനും ലോകശാന്തിക്കും വേണ്ടിയാണ് ക്ഷേത്ര ചരിത്രത്തില്‍ ആദ്യമായി ലക്ഷം ദീപം തെളിയിക്കല്‍ ചടങ്ങ് നടന്നത്.

ഒരുനാടിന്റെ ഉത്സവമായ ചടങ്ങില്‍ വ്രത ശുദ്ധിയില്‍ സ്ത്രീകളും കുട്ടികളും അമ്മമാരും ദീപം തെളിച്ചു കൊണ്ടിരിക്കെയാണ് പുരോഹിത വേഷമണിഞ്ഞ് കയ്യില്‍ ദീപവുമായി ഫാ.ജോണ്‍ മുല്ലക്കരയും ക്ഷേത്ര നടയില്‍ നിലകൊണ്ടത്. മണിക്കൂറുകള്‍ നീണ്ട ക്ഷേത്ര ചടങ്ങുകളെല്ലാം കഴിഞ്ഞാണ് ഇടവക വികാരി മടങ്ങിയത്. ലക്ഷം ദീപം സമര്‍പ്പണ ചടങ്ങിലേക്ക് ക്ഷേത്ര ഭാരവാഹികള്‍ ഇടവക വികാരിയെയും ക്ഷണിച്ചിരുന്നു.

ക്ഷണിക്കാനെത്തിയവരോട് ലക്ഷം ദീപം സമര്‍പ്പിക്കുന്ന ചടങ്ങിനെ കുറിച്ച് ചോദിച്ചറിഞ്ഞ ജോണ്‍ മുല്ലക്കരയച്ചന്‍ അന്നേദിവസം നേരത്തെ തന്നെ കമ്മാടം ക്ഷേത്രത്തിലെത്തി. ഭാരവാഹികള്‍ സ്വീകരിച്ചിരുത്തിയ വികാരിയോട് പൗരാണിക ക്ഷേത്രത്തിലെ കല്‍വിളക്ക് തന്നെ തിരിയിട്ട് തെളിയിക്കാന്‍ അവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്ര മുറ്റം ഒരു ലക്ഷം ദീപം തെളിയുന്നത് വരെ ഫാ.ജോണ്‍ മുല്ലക്കര, കമ്മാടം ഭവതിയുടെ മുന്നിലായിരുന്നു. തിരിച്ചും സഹകരണം അഭ്യര്‍ത്ഥിച്ചാണ് ഇടവക വികാരി മടങ്ങിയത്.