ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള
എടത്വാ :കഴിഞ്ഞ 9 പതിറ്റാണ്ടായി ജല കായിക മത്സര രംഗത്ത് ലോകമെങ്ങുമുള്ള കുട്ടനാടന്‍ ജലോത്സവ പ്രേമികള്‍ക്ക് ആവേശവും അതുല്യമായ പെരുമയും സമ്മാനിച്ച മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും വഞ്ചിപ്പാട്ടിനാലും ആര്‍പ്പുവിളികളാലും മുഖരിതമായ അന്തരീക്ഷത്തില്‍ ജനസാഗരം സാക്ഷിയാക്കി ‘ഷോട്ട് പുളിക്കത്ര’ നീരണിഞ്ഞു. നവതി നിറവില്‍ നടന്ന നീരണിയല്‍ ചടങ്ങില്‍ പ്രദേശവാസികള്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിന്നും പതിനായിരക്കണക്കിന് ജനങ്ങള്‍ എത്തി ചേര്‍ന്നത് ഉത്സവ ലഹരി പകര്‍ന്നു. ഒരു നൂറ്റാണ്ടിനുള്ളില്‍ ഒരേ കുടുബത്തില്‍ നിന്നും തുടര്‍ച്ചയായി 4 തലമുറക്കാര്‍ ഒരേ വിഭാഗത്തില്‍ കളിവള്ളങ്ങള്‍ നിര്‍മിച്ച് ചരിത്രം ഇതോട്ടുകൂടി പുളിക്കത്ര തറവാട് സ്വന്തമാക്കി.
നീരണിയല്‍ ചടങ്ങിന് മുന്നോടിയായി നടന്ന കൂദാശ ചടങ്ങുകള്‍ക്ക് മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപോലീത്തയും റവ.തോമസ് മാത്യു സമൂഹ പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കി. പൊതു സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ നീരണിയല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എടത്വാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് നവതി സ്മാരക ജീവകാരുണ്യ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു ഷോട്ട് വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു.
ഫോം മാറ്റിംങ്ങിസ് ചെയര്‍മാന്‍ കെ.ആര്‍ ഭഗീരഥന്‍ ആദ്യ തുഴച്ചില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രതിഭാ പുരസ്‌ക്കാരം ബിജു പാലത്തിങ്കല്‍ വിതരണം ചെയ്തു. കമാന്‍ഡര്‍ ജയ് ചാക്കോ ഇലഞ്ഞിക്കല്‍ ഏറ്റവും മുതിര്‍ന്ന തുഴച്ചില്‍ക്കാരെ ആദരിച്ചു. ആര്‍പ്പൂക്കര ബോട്ട് ക്ലബ് ക്യാപ്റ്റന്‍ കെ.സി.ലാല്‍ ടീം അംഗങ്ങളെ പരിചയപ്പെടുത്തി. പുതിയ ഷോട്ട് പുളിക്കത്രയുടെ ശില്‍പി സാബു നാരായണന്‍ ആചാരിയ്ക്ക് മോളി ജോണ്‍ പുളിക്കത്ര ഉപഹാരം നല്കി.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്യാമള രാജന്‍, ദീപാ ഗോപകുമാര്‍, കേരള റേസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ഉമ്മന്‍ മാത്യു, നെഹ്‌റു ട്രോഫി ബോട്ട് റേസ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ എസ്.എന്‍.ഇക്ബാല്‍, ബെറ്റി ജോസഫ്, എം.മുഹമ്മദ് വാരിക്കാട്, ജയിംസ് ചുങ്കത്തില്‍, ജോസഫ് ഇളംകുളം എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി വൈസ് ചെയര്‍മാന്‍ ജിനോ മണക്കളം സ്വാഗതവും ജോര്‍ജ് ചുമ്മാര്‍ പുളിക്കത്ര കൃതജ്ഞതയും പ്രകാശിപ്പിച്ചു.
നീരണിയലിന് ശേഷം ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിക്കടവിലേക്ക് ആദ്യ തുഴച്ചില്‍ നടത്തി. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ എടത്വ പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. എടത്വാ പള്ളി വികാരി റവ.ഫാദര്‍ ജോണ്‍ മണക്കുന്നേല്‍ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടത്വാ യൂണിറ്റ് പ്രസിഡന്റ് കോശി കുര്യന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചന്‍ ആശാംപറമ്പില്‍ പൗര സ്വീകരണം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജയിന്‍ മാത്യൂ, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റജി പി. വര്‍ഗ്ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് മാലിപ്പുരയില്‍ വള്ളസദ്യയും നടന്നു.
2016 ഓഗസ്റ്റ് 18ന് സാബു നാരായണന്‍ ആചാരിയാണ് ഏറ്റവും പുതിയ ഷോട്ടിന് ഉളികുത്തല്‍ കര്‍മ്മം നടത്തിയത്. ഇപ്പോള്‍ നിര്‍മ്മിച്ച കളിവള്ളത്തിന് മുപ്പത്തി അഞ്ചേകാല്‍ കോല്‍ നീളവും 40 അംഗുലം വീതിയും ഉണ്ട്.50 തുഴച്ചില്‍ക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റത്തുഴക്കാരും ഉള്‍പെടെ 60 പേര്‍ക്ക് തുഴയാവുന്ന തരത്തിലാണ് വള്ളത്തിന്റെ ഘടന. ആഞ്ഞിലിത്തടിയിലാണ് വള്ളത്തിന്റെ പണി പൂത്തിയാക്കിയിരിക്കുന്നത്. ജോര്‍ജ് ചുമ്മാറിന്റെ ഏക മകനായ 6 വയസ്സുള്ള ആദം പുളിക്കത്രയാണ് ‘ഷോട്ട്’ ക്യാപ്റ്റന്‍.
വെപ്പ് വള്ളങ്ങളില്‍ ഏറെ പ്രസിദ്ധമായ ജലരാജാവ് പുളിക്കത്ര വള്ളം 1926 ലാണ് ആദ്യമായി നീരണിയുന്നത്. നീലകണ്ഠന്‍ ആചാരിയായിരുന്നു ശില്പി. 1952 ലെ നെഹ്‌റു ട്രോഫി ജലമേളയില്‍ 1500 മീറ്റര്‍ 4.4 മിനിട്ട് എന്ന റിക്കോര്‍ഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ വള്ളായ പുളിക്കത്ര. ചെറുവള്ളങ്ങളുടെ ജല രാജാവ് ആയ ‘ഷോട്ട് ‘ തിരുത്താന്‍ ആവാത്ത ജയഘോഷങ്ങളുടെ നിരന്തര പരമ്പരയായി 36 തവണ വെപ്പ് എ ഗ്രേഡ് ശ്രഖലയില്‍ ചോദ്യം ചെയ്യപെടാനാവാത്ത വിധം പേര് പോലെ തന്നെ വിജയം നേടിയിട്ടുണ്ട്.
എല്ലാവരുടെയും പ്രാര്‍ത്ഥനയും പ്രോത്സാഹനവും കൊണ്ട് വീണ്ടും ജലോത്സവ പ്രേമികളുടെ മനസ്സ് വീണ്ടും കീഴടക്കാന്‍ തയ്യാറാടെറുക്കുകയാണ് മാലിയില്‍ പുളിക്കത്ര തറവാട്. തന്റെ പിതാവ് പുളിക്കത്ര ബാബുവിന്റെ സ്മരണക്കായി ആണ് പുതിയതായി വീണ്ടും കളി വള്ളം നിര്‍മ്മിച്ചതെന്ന് ജോര്‍ജ് ചുമ്മാര്‍ മാലിയില്‍ പുളിക്കത്ര പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമി ടോമിയില്‍ നിന്ന് പൊലീസ് ഫോണിൽ വിളിച്ച് മൊഴിയെടുത്തത് അന്വേഷണത്തിന്റെ ഭാഗമായിട്ടുള്ള തന്ത്രമെന്ന് റിപ്പോര്‍ട്ട്. അറസ്‌റ്റിലാകുന്നതിന് മുമ്പ് നിരവധി താരങ്ങള്‍ ദിലീപുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
യുവനടി ആക്രമിക്കപ്പെട്ട ദിവസവും അതിനു ശേഷവും പല താരങ്ങളും ദിലീപുമായി ബന്ധപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ശബ്ദ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരിക്കുന്നതിന് വേണ്ടിയാണ് പൊലീസ് റിമിയെ ഫോണിൽ വിളിച്ചതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് ആണ് തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചതെന്ന് റിമി ടോമി വ്യക്തമാക്കി. ദിലീപുമായുളള സൗഹൃദം, സംഭവത്തിനുശേഷം കാവ്യയുമായി സംസാരിച്ചത്, വിദേശ താരനിശകള്‍ എന്നിവയുടെ വിശദാംശങ്ങളാണ് ഫോണില്‍ ആരാഞ്ഞത്. റിമിയുടെ മൊഴിയില്‍ പൊരുത്തക്കേട് ഉള്ളതിനാല്‍, റിമി ടോമിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്.
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ നീതിക്കായി വാദിച്ച പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെ സമ്മര്‍ദ്ദത്തിലാകുന്ന റിപ്പോര്‍ട്ട് . ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജും ദിലീപും തമ്മില്‍ കോടികളുടെ ഇടപാടുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടാണ് എംഎല്‍എയെ വെട്ടിലാക്കുന്നത്. ഒരു പ്രമുഖ ചാനലാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് ഉയര്‍ന്നുവന്നപ്പോള്‍ തന്നെ അദ്ദേഹത്തിന് ശക്തമായ പിന്തുണയുമായി രംഗത്തെത്തിയ പ്രമുഖനായിരുന്നു പിസി ജോര്‍ജ്ജ്. തുടര്‍ന്ന് ദിലീപിനെ അറസ്റ്റ് ചെയ്തപ്പോളും അതില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു ജോര്‍ജ്ജ് പറഞ്ഞത്. അതിന് ശേഷം പി സി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജും ദിലീപിന് പിന്തുണയുമായി എത്തിയിരുന്നു. ഷോണ്‍ ജോര്‍ജ്ജിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നതെന്നും രണ്ട് പേരേയും പൊലീസ് ഉടന്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പിസി ജോര്‍ജ്ജിനേയും ചോദ്യം ചെയ്‌തേക്കും എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിനേയും പരിഹസിച്ചുകൊണ്ടായിരുന്നു അന്ന് പിസി ജോര്‍ജ്ജ് രംഗത്ത് വന്നത്. ആരോപണം ഉയര്‍ത്തി തന്നെ വിരട്ടാന്‍ നോക്കേണ്ടെന്നും അത്തരത്തില്‍ വിരളാന്‍ വേറെ ആളെ നോക്കണമെന്നുമായിരുന്നു അന്ന് ജോര്‍ജ്ജ് പറഞ്ഞിരുന്നത്.
ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ സിപിഎം അക്രമം. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേത് ഉള്‍പ്പടെ 6 കാറുകള്‍ അക്രമി സംഘം അടിച്ചു തകര്‍ത്തു. വെള്ളിയാഴ്ച അര്‍ധരാത്രി ഒന്നരയോടെയാണ് ആക്രമണം നടന്നത്. സംഭവ സമയം ഓഫീസിനു മുന്നില്‍ മ്യൂസിയം എസ്ഐ അടക്കം 5 പേര്‍ ഉണ്ടായിരുന്നുവെങ്കിലും ഒരു സിവില്‍ പൊലീസ് ഓഫീസര്‍ മാത്രമാണ് അക്രമികളെ തടയാന്‍ ശ്രമിച്ചത്.
ആക്രമണത്തിന് പിന്നില്‍ ഡിെൈവഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ഐ.പി. ബിനു, എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണെന്ന് ബിജെപി ആരോപിച്ചു. ഇവരുടെ ദൃശ്യങ്ങള്‍ സിസിക്യാമറയില്‍ പതിച്ചിട്ടുണ്ട്്. അക്രമികള്‍ വന്ന ബൈക്കിന്റെ നമ്പര്‍ ശേഖരിക്കാന്‍ ശ്രമിച്ച സിവില്‍ പോലീസുകാരന്റെ ബിനുവിന്റെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുണ്ട്. പതിനഞ്ചു മിനിറ്റോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമികള്‍ മടങ്ങിയത്.
മൂന്നു ബൈക്കുകളിലായാണ് അക്രമികള്‍ എത്തിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഓഫീസിനു നേരെ അക്രമികള്‍ കല്ലെറിയുകയും ചെയ്തു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ആക്രണമുണ്ടാകുന്നത്. നേരത്തെ കുമ്മനം കാര്യാലയത്തില്‍ നിന്നും പുറത്തിറങ്ങിയപ്പോഴാണ് ബോംബാക്രമണം ഉണ്ടയത്. എന്നാല്‍ കുറെ ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഓഫീസിലെത്തിയ അദ്ദേഹം ഈ സമയം ഫയലുകള്‍ പരിശോധിക്കുന്നുണ്ടായിരുന്നു.
കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ കാവ്യാമാധവനെ ചോദ്യം ചെയ്തതറിഞ്ഞ് ദിലീപ് കടുത്ത ടെന്‍ഷനിലെന്ന് റിപ്പോര്‍ട്ടുകള്‍. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ചിലരില്‍ നിന്നാണ് കാവ്യയെയും അമ്മ ശ്യാമളെയും ചോദ്യം ചെയ്ത വിവരം ദിലീപ് അറിഞ്ഞത്.
ഇവരെ അറസ്റ്റ് ചെയ്യുമെന്ന വാര്‍ത്തകളും പരന്നിരുന്നു. ഇതോടെ ദിലീപ് ആകെ തളര്‍ന്നെന്നും ഭയത്തോടെ കാവ്യയെ അറസ്റ്റ് ചെയ്യുമോയെന്ന് ചോദിച്ചു എന്നുമാണ് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍. ഉറക്കം നഷ്ടപ്പെട്ട താരം ഭക്ഷണം കൃത്യമായി കഴിക്കുന്നില്ലെന്നും ജയില്‍ അധികൃതരെ ഉദ്ദരിച്ചുകൊണ്ട് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദിലീപ് അനുഭവിക്കുന്ന അമിത മാനസിക സംഘര്‍ഷം ജയില്‍ വാര്‍ഡന്‍മാര്‍ ജയില്‍ സൂപ്രണ്ടിനെ അറിയിച്ചിട്ടുണ്ടെന്നും തുടര്‍ന്ന് മധ്യമേഖലാ ഡിഐജി ദിലീപിനെ ഉടന്‍ കൗണ്‍സിലിംഗിന് വിധേയനാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നും ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ പറയുന്നു. വെള്ളിയാഴ്ച ദിലീപിനെ കൗണ്‍സിലിംഗിന് വിധേയനാക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ദിലീപിന് ജയിലില്‍ എല്ലാവിധ സഹായവും കിട്ടുന്നു എന്നത് പത്രങ്ങളില്‍ വന്ന വാര്‍ത്ത മാത്രമാണെന്ന് ജയില്‍ എഡിജിപി ശ്രീലേഖ ഐപിഎസ്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ പരിശോധിക്കാന്‍ തയ്യാറാണ്, എഡിജിപി കോഴിക്കോട് പറഞ്ഞു. കോഴിക്കോട് സബ് ജയില്‍ സന്ദര്‍ശിക്കുകയായിരുന്നു അവര്‍.
അതേസമയം ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന് പ്രത്യേക ഭക്ഷണവും വി ഐ പി പരിഗണനയും നല്‍കുന്നുണ്ടെന്ന് ആരോപണം ഉണ്ടായിരുന്നു. മോഷണ കേസ് പ്രതിയായ സഹതടവുകാരനെ സഹായിയായി നല്‍കിയെന്നായിരുന്നു ആരോപണം. ജയില്‍ ജീവനക്കാര്‍ക്കായി പ്രത്യേകം തയാറാക്കുന്ന ഭക്ഷണമാണ് താരത്തിന് നല്‍കുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ദിലീപിന്റെ പാത്രങ്ങള്‍ കഴുകുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും സഹതടവുകാരന്റെ സഹായം ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. മറ്റ് തടവുകാര്‍ ഭക്ഷണം കഴിച്ചതിന് ശേഷമോ കുളിച്ചതിന് ശേഷമോ ആണ് ദിലീപ് സെല്ലിന് പുറത്തിറങ്ങാറുള്ളത്. എന്നാല്‍ ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമാണ് സഹായികളെ നല്‍കാറുള്ളത്.
ദിലിപിന് വി ഐ പി സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടോയെന്ന് വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ട്. സുരക്ഷാ ഭീഷണി ഉള്ളതിനാലാണ് മറ്റ് തടവുകാര്‍ക്കൊപ്പം കുളിക്കാനോ ഭക്ഷണം കഴിക്കാനോ അനുവദിക്കാത്തത്. സെല്ലുകളില്‍ ഒരുമിച്ച് കഴിയുന്നവര്‍ സഹായിക്കുന്നത് പതിവാണെന്നും അധികൃതര്‍ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച് നടി കാവ്യാ മാധവന്റെ അമ്മയെ വീണ്ടും ചോദ്യം ചെയ്യും. നേരത്തെയുള്ള ചോദ്യം ചെയ്യലില്‍ പൊരുത്തക്കേടുകള്‍ വ്യക്തമായതോടെയാണ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. കാവ്യയെ ചോദ്യംചെയ്തതിനു പിന്നാലെ അമ്മയുടെ മൊഴിയെടുത്തിരുന്നു.
സംഭവത്തില്‍ കാവ്യയ്ക്ക് കാര്യമായ പങ്കില്ലെന്നാണ് അന്വേഷണസംഘം സൂചിപ്പിക്കുന്നതെങ്കിലും അമ്മയ്ക്ക് ഇക്കാര്യം അറിയാമെന്നാണ് റിപ്പോര്‍ട്ട്. ശ്യാമളയില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ കിട്ടാനുണ്ട്. അവര്‍ പറഞ്ഞതില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിട്ടുണ്ട്.
കാക്കനാട്ടെ ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാരസ്ഥാപനം കാവ്യാ മാധവന്റെയാണെങ്കിലും ഇതു നടത്തുന്നത് ശ്യാമളയാണ്. പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു മറുപടി.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറികാര്‍ഡ് ലക്ഷ്യയില്‍ ഏല്‍പ്പിച്ചെന്ന് സുനി പറഞ്ഞിരുന്നു. സുനി ഇവിടെയെത്തിയിരുന്നോ എന്ന് കണ്ടെത്താന്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ സി-ഡാറ്റിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ വിശദാംശം കിട്ടിയില്ലെന്ന് പോലീസ് പറഞ്ഞു.
ദിലീപും മഞ്ജു വാരിയരുമായി പിരിയുന്നതില്‍ ആക്രമിക്കപ്പെട്ട നടി ഏതെങ്കിലുംതരത്തില്‍ കാരണമായോ എന്ന് പോലീസ് കാവ്യയോട് ചോദിച്ചു. ആദ്യബന്ധം തകര്‍ന്നതും കാവ്യയുമായി പിന്നീട് വിവാഹം കഴിച്ചതുമായ കാര്യങ്ങള്‍ രണ്ടുപേരോടും ചോദിച്ചറിഞ്ഞിട്ടുണ്ട്. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് എന്തെങ്കിലും തരത്തില്‍ വിരോധമുണ്ടായിരുന്നോ എന്നും ചോദിച്ചു.
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പുറത്തുനില്‍ക്കുന്നത് പ്രോസിക്യൂഷന് അനുകൂലമാണെന്ന നിലപാടിലാണ് പോലീസ്. അതിനാല്‍ അയാളുടെ പിന്നാലെ പോകുന്നില്ലെന്നാണ് അവര്‍ നല്‍കുന്ന സൂചന. ഇതിനായി പ്രത്യേകം പോലീസിനെയും നിയോഗിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ചിതയിലേക്കെടുത്ത മൃതദേഹത്തിന്റെ കഴുത്തില്‍ വിരല്‍പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഭാര്യ അറസ്റ്റില്‍. ഡല്‍ഹിയിലെ കപഷേറയിലാണ് സംഭവം.
നിതീഷ് കുമാര്‍ എന്നയാളുടെ ശവസംസ്‌കാരത്തിനുള്ള ഒരുക്കം കൂട്ടുന്നതിനിടെ ഒരാളുടെ ശ്രദ്ധയാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പോലീസ് എത്തി അന്വേഷണം നടത്തിയതോടെ ഭാര്യയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഭര്‍ത്താവ് നിതീഷ് കുമാര്‍ ഹൃദയാഘാതം വന്നു മരിച്ചു എന്നാണ് 32കാരിയായ ശില്‍പി അറിയിച്ചിരുന്നത്. മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ പെട്ടെന്ന് തന്നെ ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ കൂട്ടുകയായിരുന്നു നാട്ടുകാര്‍. 36 ഡിഗ്രി വരെ ചൂട് അനുഭവപ്പെട്ട ദിവസമായതിനാല്‍ കടുത്ത ചൂടാണ് ദുര്‍ഗന്ധം വമിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ കരുതി.
എന്നാല്‍, ചിതയിലേക്കെടുത്ത മൃതദേഹത്തിന്റെ കഴുത്തില്‍ കണ്ട പാടുകളും അസാധാരണ ദുര്‍ഗന്ധവും ചടങ്ങിനെത്തിയ ഒരാളുടെ സംശയത്തിനിടയാക്കിയതോടെ അയാള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പോലീസെത്തി ചിതയില്‍ നിന്ന് മൃതദേഹം ഉടന്‍തന്നെ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി പുറത്ത് വന്നതോടെ ശില്‍പിയെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. അപ്പോഴാണ് ഗൂഡാലോചനയുടെയും കൊലപാതകത്തിന്റെയും ചുരുളഴിയുന്നത്.
മദ്യപിച്ച് വന്ന് എന്നും ഭാര്യയെ തല്ലുന്ന ഭര്‍ത്താവായിരുന്നു നിതീഷ്. സഹികെട്ടാണ് ശില്‍പി ഭര്‍ത്താവിനെ കൊല്ലാനുള്ള പദ്ധതിയിടുന്നത്. ശനിയാഴ്ച്ച വീട്ടിലെത്തിയ ഭര്‍ത്താവിന് അമിതയളവില്‍ മദ്യം നല്‍കി മയക്കി കിടത്തി കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. എന്നാല്‍ കൊലപാതക ശേഷം മൃതദേഹം എന്തു ചെയ്യണമെന്ന കാര്യത്തില്‍ വ്യക്തതയില്ലാതെ വന്നപ്പോള്‍ രണ്ട് ദിവസത്തോളം തന്റെ ഒറ്റമുറി വീട്ടില്‍ പുറത്തിറങ്ങാതെ മൃതദേഹത്തോടൊപ്പം ശില്‍പി കഴിഞ്ഞു..
ഒടുവില്‍ മൂന്നം ദിവസം വീടിനു പുറത്തിറങ്ങി ഭര്‍ത്താവ് ഹൃദയാഘാതം വന്ന് മരിച്ചു എന്ന് അയല്‍വാസികളെ അറിയിക്കുകയായിരുന്നു. 13ഉം 11ഉം വയസ്സുള്ള രണ്ട് മക്കളുണ്ട് ഈ ദമ്പതികള്‍ക്ക്. മക്കള്‍, ശില്‍പിയുടെ അമ്മയോടൊപ്പം പശ്ചിമ ബംഗാളിലാണ് താമസം.
കൊച്ചി: ദിലീപുമായോ കാവ്യ മാധവനുമായോ തനിക്ക് സാമ്പത്തിക ഇടപാടുകള്‍ ഇല്ലെന്ന് ഗായിക റിമി ടോമി. ദിലീപിനൊപ്പം പങ്കെടുത്ത അമേരിക്കന്‍ ഷോയുടെ വിവരങ്ങള്‍ അറിയുന്നതിനാണ് പോലീസ് വിളിച്ചതെന്നും റിമി ടോമി പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ പോലീസ് ചോദ്യം ചെയ്തു എന്ന വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു റിമി. രണ്ട് അമേരിക്കന്‍ പര്യടനങ്ങളില്‍ ദിലീപിനൊപ്പം പങ്കെടുത്തിരുന്നു. അല്ലാതെ ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ ഒന്നുമില്ലെന്ന് റിമി വിശദീകരിച്ചു.
2010ലും 2017ലും നടന്ന അമേരിക്കന്‍ പരിപാടികളെ കുറിച്ചായിരുന്നു പോലീസ് ചോദിച്ചത്. ഇതില്‍ ആക്രമണത്തിന് ഇരയായ നടി, ദിലീപ്, കാവ്യ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ഷോയില്‍ പങ്കെടുത്തവരെ പറ്റിയും ചോദിച്ചു. തന്നെക്കുറിച്ച് എന്തെങ്കിലും സംശയം പോലീസ് പ്രകടിപ്പിച്ചില്ലെന്നും കേസില്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞുകേള്‍ക്കുന്ന മാഡമായി തന്നെ അവതരിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി സംശയമുണ്ടെന്നും റിമി വ്യക്തമാക്കി.
നടി അക്രമിക്കപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ സുഹൃത്തെന്ന നിലയിലാണ് ദിലീപുമായും കാവ്യയുമായും ഫോണില്‍ സംസാരിച്ചത്. അന്ന് മാത്രമേ ഇക്കാര്യം സംസാരിച്ചിട്ടുള്ളു. താനും നടിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന വാര്‍ത്തയക്ക് അടിസ്ഥാനമില്ല. അനാവശ്യമായ വിവാദങ്ങളിലേക്ക് പേര് വലിച്ചിഴക്കുന്നതില്‍ വിഷമമുണ്ട്. നികുതിയടക്കാന്‍ മറന്ന് പോയതിന്റെ പേരില്‍ പിഴ അടക്കേണ്ടി വന്നതല്ലാതെ ഒരു തെറ്റും ചെയ്തിട്ടില്ല. തന്നോട് ബന്ധമുള്ള ആര്‍ക്കെങ്കിലും എന്തെങ്കിലും അനധികൃത ഇടപാടുണ്ടെങ്കില്‍ കണ്ടുപിടിക്കാന്‍ വെല്ലുവിളിക്കുകയാണെന്നും റിമി പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട വിവരം ടിവി ചാനലുകളില്‍നിന്നാണ് അറിയുന്നതെന്ന് ഗായിക റിമി ടോമി. വിവരം അറിഞ്ഞയുടനെ കാവ്യമാധവനെ ഫോണ്‍ ചെയ്തിരുന്നു. ഇരയായ പെണ്‍കുട്ടിക്കു മെസേജ് അയച്ചു. താനും ആ പെണ്‍കുട്ടിയും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും അത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും റിമി വ്യക്തമാക്കി.
2010ലും 2017ലും താരങ്ങള്‍ യുഎസില്‍ നടത്തിയ പരിപാടിയില്‍ താനും ഉണ്ടായിരുന്നു. അതേക്കുറിച്ചും ഷോയില്‍ ആരൊക്കെയുണ്ടായിരുന്നുവെന്നും തുടങ്ങിയ കാര്യങ്ങളാണു പൊലീസ് ചോദിച്ചത്. തനിക്ക് ദിലീപുമായി ബിസിനസ് പാര്‍ട്‌നര്‍ഷിപ്പുകളില്ല. ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുമില്ലെന്നും റിമി കൂട്ടിച്ചേര്‍ത്തു.സാമ്പത്തിക ഇടപാടുണ്ടെങ്കില്‍ ആദായനികുതി വകുപ്പ് കണ്ടെത്തിയേനെ. രണ്ടു കൊല്ലം മുന്‍പ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിനെത്തുടര്‍ന്ന് കുറച്ചു നികുതി അടയ്‌ക്കേണ്ടി വന്നു. അതേയുണ്ടായിട്ടുള്ളൂ. അല്ലാതെ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം വരികയോ മറ്റോ ചെയ്തിട്ടില്ല. റിമിക്കു കേസുമായി ഒരു ബന്ധവും ഇല്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങള്‍ ആരായുന്നതു മാത്രമാണെന്നും പൊലീസ് അറിയിച്ചു. തനിക്കു വിദേശയാത്ര ചെയ്യുന്നതിനോ മറ്റോ യാതൊരു തടസ്സവുമില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ടെന്നും റിമി വ്യക്തമാക്കി.