Latest News

പ്രേതപേടികാരണം ബ്രസീലിയന്‍ പ്രസിഡണ്ട് മൈക്കല്‍ ടെമറും ഭാര്യയും വീട് മാറി. താമസത്തിന് അനുയോജ്യമല്ല എന്ന കാരണം ചൂണ്ടിക്കാണിച്ച് റിയോഡി ജനീറോയിലെ ഔദ്യേഗിക വസതിയാണ് മൈക്കല്‍ ടെമറും 33കാരിയായ ഭാര്യ മെര്‍ക്കലയും മാറിയത്. തലസ്ഥാനത്തെ അല്‍വരാഡ വസതിയില്‍ താമസിക്കുമ്പോള്‍ പ്രസിഡണ്ടിനും ഭാര്യയ്ക്കും ‘നെഗറ്റീവ് എനര്‍ജി’ അനുഭവപെട്ടതാണ് പെട്ടെന്നുള്ള വീട് മാറ്റത്തിന് കാരണമെന്ന് ബ്രസീലിയന്‍ ന്യൂസ് വീക്കിലി റിപ്പോര്‍ട്ട് ചെയതു.

അല്‍വരാഡ കൊട്ടാരത്തിലെ താമസത്തിന് വിരാമമിട്ട് പ്രസിഡണ്ടും മുന്‍ സൗന്ദര്യറാണിയായ ഭാര്യയും ഏഴ് വയസുകാരനായ മകനും വൈസ് പ്രസിഡന്റിന്റെ കൊച്ചു വസതിയിലേക്കാണ് താമസം മാറിയത്.ചാപ്പല്‍, സിമ്മിങ്ങ് പൂള്‍, ഫുട്‌ബോള്‍ മൈതാനം, മെഡിക്കല്‍ സെന്റര്‍, പൂന്തോട്ടം തൂടങ്ങി എല്ലാ സൗകര്യങ്ങളുമടങ്ങിയതാണ് ബ്രസീലിയന്‍ പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതി. ‘പ്രഭാതം’ എന്നര്‍ത്ഥം വരുന്ന അല്‍വരാഡ വസതി രൂപ കല്‍പന ചെയ്തത് ബ്രസീലിയന്‍ ആര്‍ക്കിടെക്റ്റ് ഓസ്‌കാര്‍ നെയ്മറാണ്. അല്‍വരാഡ കൊട്ടാരത്തില്‍ പ്രേതബാധ തോന്നിപ്പിക്കുന്ന പല അനുഭവങ്ങളും ഉണ്ടായതാണ് പ്രസിഡന്റിനെയും ഭാര്യയെയും ഭയപ്പെടുത്തിയതത്രെ.

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു. പത്ത് ദിവസത്തെ ചോദ്യംചെയ്യലിന് ശേഷവും മുഖ്യപ്രതി പള്‍സര്‍ സുനിയില്‍ നിന്നോ കൂട്ടാളികളില്‍ നിന്നോ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കം. സുനിയാണ് മുഖ്യ ആസൂത്രകനെന്ന നിഗമനത്തിലാണ് അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമര്‍പ്പിക്കുക. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്ന പള്‍സര്‍ സുനി, വിജീഷ് എന്നിവരെ കാക്കനാട് ജയിലിലേക്ക് മാറ്റി.
ഇരുവരെയും പത്ത് ദിവസം പൊലീസ് ചോദ്യം ചെയ്തിട്ടും ഗൂഢാലോചന, ക്വട്ടേഷന്‍ ബന്ധത്തിലേക്ക് വേണ്ടത്ര തെളിവ് ലഭിക്കാത്തതാണ് അന്വേഷണം അവസാനിപ്പിക്കാന്‍ കാരണം. മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനാകാത്തതും സുനി മൊഴിമാറ്റിപ്പറയുന്നതും പൊലീസിന് തലവേദനയുണ്ടാക്കിയിരുന്നു. മൊഴി മാറ്റിപ്പറയുന്ന സാഹചര്യത്തില്‍ നുണപരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യം പ്രതിയുടെ അഭിഭാഷകന്‍ നിരാകരിച്ചതും പൊലീസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച അന്വേഷണത്തിനും ഗൂഢാലോചന ബന്ധങ്ങള്‍ കണ്ടത്തൊനായില്ല. അഭിഭാഷകനെ സുനി ഏല്‍പിച്ച മൊബൈല്‍ ഫോണിലെ മെമ്മറി

കാര്‍ഡില്‍ നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് പൊലീസിന്റെ അവസാന പിടിവള്ളി. ഇതിന്റെ പരിശോധന ഫലം ലഭിക്കാത്തതിനാല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. കോടതിയില്‍ മൊബൈല്‍ ഏല്‍പിച്ച അഭിഭാഷകന്‍, നിലവിലെ അഭിഭാഷകന്‍ എന്നിവര്‍ സുനിയുമായി സംസാരിച്ചു. നടിയെ ആക്രമിച്ച കാറില്‍ നിന്ന് ലഭിച്ച വസ്തുക്കള്‍, പിന്തുടര്‍ന്ന ടെമ്പോ ട്രാവലര്‍, സുനിയുടെ സുഹൃത്തുക്കളില്‍നിന്ന് ലഭിച്ച മെമ്മറി കാര്‍ഡ്, മൊബൈല്‍ ഫോണ്‍, അഭിഭാഷകനെ ഏല്‍പിച്ച മൊബൈല്‍ ഫോണ്‍ എന്നിവയുടെ ഫോറന്‍സിക്, സാങ്കേതിക പരിശോധനകളുടെ ഫലം പൊലീസിന് ലഭിക്കാത്തതും തലവേദനയാകുന്നു.

ഒന്നരപ്പതിറ്റാണ്ടിലേറെ നിരാഹാര സമരത്തിലൂടെ പൊരുതിയ മണിപ്പൂരിന്‍െറ ഉരുക്കു വനിത ഇറോം ശര്‍മിള തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കൊടുവില്‍ രാഷ്ട്രീയത്തോട് വിടപറയുന്നു. ആയിരങ്ങളുടെ പിന്തുണയില്‍ സമരം നയിച്ച ഇറോമിന്  മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ 90 വോട്ടാണ് ആകെ കിട്ടിയത്. എന്നാല്‍ തോല്‍വിയിലും ജനങ്ങളെ തള്ളിപ്പറയാത്ത ഇറോം, മണിപ്പൂര്‍ വിട്ട് കേരളത്തിലേക്ക് പോകാനൊരുങ്ങുകയാണ്.
യോഗചെയ്യാനും മറ്റ് ആത്മീയ കാര്യങ്ങള്‍ക്കുമായി കേരളത്തിലെ ഒരു ആശ്രമത്തില്‍ സമയം ചെലവഴിക്കും.എച്ച്.ഐ.വി ബാധിതരായ കുട്ടികള്‍ക്ക് വേണ്ടി ഇംഫാലില്‍ മലയാളിയായ സിസ്റ്റര്‍ പൗളീന്‍ നടത്തുന്ന ആശ്രമത്തിലായിരുന്നു ഫലപ്രഖ്യാപന ദിവസം മണിപ്പൂരിന്‍െറ വീരവനിത. കുരുന്നുകള്‍ക്കൊപ്പം ചെലവഴിച്ച് സങ്കടം മറക്കുകയാണെന്ന് ഇറോം ശര്‍മിള സൂചിപ്പിക്കുന്നു. ഫലം എന്താകുമെന്ന് ഏറക്കുറെ മനസ്സില്‍ കണ്ടിരുന്നതായി അവര്‍ പറയുന്നു.  വരുന്ന പാര്‍ലമെന്‍റിലും മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഇനിയില്ല. ജനങ്ങളുടെ വോട്ടവകാശം പണം കൊടുത്ത് ചിലര്‍ വാങ്ങിയെന്നും ഇറോം ആരോപിക്കുന്നു. ലോകത്തിന്‍െറ ഏത് കോണിലായാലും സൈനിക പരമാധികാര നിയമത്തിനെതിരെ പോരാട്ടം തുടരുമെന്നും ഇറോം ശര്‍മിള പറഞ്ഞു.

കുവൈത്തില്‍ 12ാം ക്ളാസ് വിദ്യാര്‍ഥി നാലാം നിലയിലെ താമസ സ്ഥലത്തെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു. മാവേലിക്കര മാണപ്പള്ളില്‍ ഡോ. ജോണ്‍ -ഡോ. ദിവ്യ ദമ്പതികളുടെ മകന്‍ ജോര്‍ദന്‍ ജോണ്‍ (16) ആണ് കാല്‍ വഴുതി വീണ് മരിച്ചത്. ഡി.പി.എസ് സ്കൂളിലെ വിദ്യാര്‍ഥിയാണ്. ശനിയാഴ്ച രാവിലെ ബാല്‍ക്കണിയില്‍നിന്ന് കാല്‍വഴുതി വീണ ജോര്‍ദനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.

കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിഎ വിദ്യാർഥിനിയുടെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി. പിറവം ഇലഞ്ഞി സ്വദേശി മിഷേൽ ഷാജിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയ ബന്ധുക്കൾ പ്രതിഷേധത്തിന് തയാറെടുക്കുകയാണ്. സംഭവ ദിവസം കലൂർ പള്ളിയിൽ പെൺകുട്ടി പുറത്തേക്ക് പോകുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.
കൊച്ചി പാലാരിവട്ടത്ത് സിഎ വിദ്യാർഥിനിയായ മിഷേൽ ഷാജിയെ കഴിഞ്ഞ ഞായറാഴ്ചയാണ് കാണാതാകുന്നത്. അന്ന് കലൂർ പള്ളിയിൽ പോയ മിഷേൽ ഇവിടെ നിന്ന് പുറത്തിറങ്ങിയതിന് തെളിവുണ്ട്. പിറ്റേന്ന് വൈകിട്ട് ഐലൻഡിലെ വാർഫിനടുത്ത് കായലിൽ മിഷേലിൻറെ മൃതദേഹം കണ്ടെത്തി. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്. പെൺകുട്ടി കലൂർ പള്ളിയിൽ പോയി മടങ്ങുന്നതിൻറെ ദൃശ്യങ്ങൾ ബന്ധുക്കൾ ശേഖരിച്ചിരിന്നു.

പള്ളിയിൽ നിന്ന് പുറത്തേക്ക് വരുന്ന ഈ ദൃശ്യങ്ങളിൽ മിഷേലിന് മാനസിക പിരിമുറക്കമുള്ളതായി തോന്നുന്നില്ല. മാത്രമല്ല ദൃശ്യങ്ങളിൽ കാണുന്ന പോലെ ബൈക്കിലെത്തിയ ഇവർ മിഷേലിനെത്തിരഞ്ഞാണോ എത്തിയത് എന്നും ബന്ധുക്കൾക്ക് സംശയമുണ്ട്.അതുകൊണ്ട് തന്നെ മിഷേൽ ആത്മഹത്യ ചെയ്തുവെന്ന നിഗമനത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

മിഷേൽ വെള്ളത്തിൽ വീണ് മരിച്ചതിൻറെ അടയാളങ്ങളില്ലെന്നും ബന്ധുക്കൾ പറയുന്നു. കാണാതായതിന് പിറ്റേന്ന് തിങ്കളാഴ്ച ഐലൻഡിലെ വാർഫിനടുത്ത് കായലിൽ മിഷേലിൻറെ മൃതദേഹം കണ്ടെത്തുകയായിരുന്നു

എന്നാൽ പെൺകുട്ടിയുടെ ഫോൺ കലൂർ സ്വച്ചോഫായത് കലൂരിലെ മൊബൈൽ ടവറിൻറെ പരിധിയിലാണെന്നും ഇതിൽ അവസാനം വിളിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

ദില്ലിക്ക് ശേഷം പഞ്ചാബും ഗോവയും പിടിച്ച് 2019 ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ശക്തരായ എതിരാളിയാകാം എന്ന ആംആദ്മി പാര്‍ട്ടിയുടെ മോഹത്തിനാണ് ഈ തെരഞ്ഞെടുപ്പ് തിരിച്ചടി നല്‍കിയത്. മോദിയുമായി നേര്‍ക്കുനേര്‍ പോരാടുന്ന ദേശീയ നേതാവായി വളരാം എന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പദ്ധതിക്കും തല്‍കാലത്തേക്കെങ്കിലും തിരിച്ചടി കിട്ടിയിരിക്കുന്നു.പഞ്ചാബിലെയും ഗോവയിലെയും വിജയം ആഘോഷിക്കാന്‍ അരവിന്ദ് കെജ്രിവാളിന്റെ ദില്ലിയിലെ വീട്ടില്‍ ബലൂണുകളും ബിഗ് സ്ക്രീനില്‍ ജയ്ഹോ ഗാനവും മധുരപലഹാരങ്ങളും ഒരുക്കിവെച്ചിരുന്നു. പ്രഭാതസവാരി ഒഴിവാക്കി കെജ്രിവാള്‍ ടിവിക്ക് മുന്നിലും ഇരുന്നു. എക്‌സിറ്റ്പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസ്- എഎപി ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ചിരുന്നെവെങ്കിലും ജയത്തിന്റെ കാര്യത്തില്‍ ആംആദ്മി നേതൃത്വം കടുത്ത ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ ഫലസൂചിക അനുകൂലമല്ലാതായതോടെ ആംആദ്മി ക്യാമ്പില്‍ ആരവം ഒഴിഞ്ഞു. വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ ആയപ്പോഴേക്കും കോണ്‍ഗ്രസ് എഎപിയെ ഏറെ പിന്നിലാക്കി. ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗന്ത്മാന്‍ ജലാലാബാദിലും ജെര്‍ണെയ്സിംഗ് ലാംബിയിലും തോറ്റതോടെ പതനത്തിന് ആക്കം വര്‍ദ്ധിച്ചു. പാര്‍ട്ടിക്കുള്ളിലെ പടലപിണക്കങ്ങളും കോണ്‍ഗ്രസിന്റെ മുന്നേറ്റം മനസിലാക്കാതെ പോയതുമാണ് പഞ്ചാബില്‍ ആംആദ്മിക്ക് വിനയായത്. ഹരിയാനക്കാരന്‍ പഞ്ചാബില്‍ ആളാകാന്‍ ശ്രമിക്കുന്നുവെന്നരീതിയില്‍ കെജ്രിവാളിനെതിരെ എതിരാളികള്‍ നടത്തിയ പ്രചാരണവും വോട്ടര്‍മാരെ സ്വാധീനിച്ചു. ഗോവയിലാണെങ്കില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മൂന്ന് മാസം മുന്‍പ് ആംആദ്മി പ്രചാരണം തുടങ്ങിയിതായിരുന്നു. കെജ്രിവാളിനെ പോലെ അഴിമതിവിരുദ്ധ പ്രതിഛായയുള്ള വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ എല്‍വിസ് ഗോമസിനെ മുന്നില്‍ നിര്‍ത്തിയായിരുന്നു പോരാട്ടം. ആപ് നാല്‍പതില്‍ മുപ്പത്തിഒന്‍പതിടത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെങ്കിലും ഒരാള്‍പോലും നിലതൊട്ടില്ല.

കൊച്ചിയിൽ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സി എ വിദ്യാർഥി മിഷേൽ ഷാജിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ. മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ വിദ്യാർഥിനി കൊല്ലപ്പെട്ടതാണെന്ന റിപ്പോർട്ടുകളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന വാദവുമായി ബന്ധുക്കൾ രംഗത്തെത്തിയത്.
പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തിലെ സി എ വിദ്യാർഥിനി, ഇലഞ്ഞി പെരിയപ്പുറം സ്വദേശിനിയായ മിഷേലിനെ കഴിഞ്ഞ ഞായറാഴ്ചയാണ് കാണാതായത്. ഹോസ്റ്റലിൽ നിന്നും പള്ളിയിലേക്ക് എന്ന് പറഞ്ഞ് പോയ മിഷേലിനെ കാണാത്തതിനെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് മിഷേലിന്റെ മൃതദേഹം പിറ്റേ ദിവസം കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവ ദിവസം പെൺകുട്ടിയെ രണ്ട് പേർ ബൈക്കിൽ പിന്തുടർന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. സംഭവത്തിന് ഒരാഴ്ച മുമ്പ് വഴിയിൽ ഒരു യുവാവ് പെൺകുട്ടിയെ തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞതായും വിവരങ്ങൾ ലഭിച്ചിരുന്നു. ഒരു യുവാവ് പെൺകുട്ടിയുടെ പിറകേ നടന്ന് പ്രണയാഭ്യർഥന നടത്തിയതായി സുഹൃത്തുക്കളോട് പെൺകുട്ടി നേരത്തെ സൂചിപ്പിച്ചിരുന്നു ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്.

രാജ്യത്താകമാനം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുമുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിനിടയില്‍ പ്രമുഖ കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റും ഫാമിലി കൗണ്‍സിലറുമായ കല ഷിബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ഭയപ്പെടുത്തുന്ന ഒരു അനുഭവകഥയാണ് ഇവര്‍ പങ്കുവച്ചിരിക്കുന്നത്.
വയസറിയിച്ച മകളെ അച്ഛന്‍ അനാവശ്യമായി സ്പര്‍ശിക്കുകയും ഉപദ്രവിക്കുകയും ചെയ്യും, അമ്മ ഉറങ്ങിക്കഴിയുമ്പോള്‍ അച്ഛന്‍ മകളുടെ അടുത്തുവരുന്നു. എന്നാല്‍ വിവരം അറിഞ്ഞ അമ്മയുടെ പ്രതികരണം വളരെ മോശമായിരുന്നു. വൈരാഗ്യത്തോടെ മകളെ തുറിച്ചു നോക്കി ആ സ്ത്രീ ഇങ്ങനെയാണ് പറഞ്ഞത്. അയാള്‍ ഉണ്ടാക്കിയതല്ലെ അയാള്‍ അനുഭവിക്കട്ടെ, അയാളെ ജയിലില്‍ അടച്ചാല്‍ ഞാനും എന്റെ ബാക്കി മക്കളും അനാഥരാകും എന്നായിരുന്നു.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം ആ കേട്ടതായിരുന്നു. എനിക്ക് പറ്റില്ല ടീച്ചറെ എന്നെ രക്ഷിക്കൂ എന്ന് കരഞ്ഞ പെണ്‍കുട്ടിയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്തു സ്‌കൂള്‍ അധികൃതരെയും പിടിഎയും അറിയിച്ചു.. അന്നത്തെ എച്ച്എം ഒരു സ്ത്രീ അയാതിനാലാകും..അവര്‍ അത് ചെവി കൊ ണ്ടില്ല..എന്ന് മാത്രമല്ല എതിരായിട്ട് നില്കുകയയും ചെയ്തു. പിടിഎയിലെ ഒരു മനുഷ്യന്‍ കൂടെ നിന്നു. പക്ഷെ ആ അച്ഛനെന്ന പേപ്പട്ടി അവിടത്തെ അറിയപ്പെടുന്ന ഗുണ്ട ആയതിനാല്‍ അദ്ദേഹത്തിനും വിലക്കുണ്ടായി. എന്നും കല ഷിബുകുറിക്കുന്നു

കല ഷിബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾക്ക് നീതി കിട്ടാത്തതിനെ പറ്റി പറയുന്നു..
എനിക്കുണ്ടായ ഒരു അനുഭവം പറയട്ടെ..
കൊല്ലം ഇരവിപുരം പോലീസ് അതിർത്തിയിൽ പെട്ട ഒരു സ്ഥലത്തെ ഒരു പെൺകുട്ടി 4 വര്ഷം മുൻപ് എന്റെ അടുത്തെത്തി..
അവളുടെ സുഹൃത്തുക്കൾ നിർബന്ധിച്ചു കൊണ്ട് വന്നതാണ്..
പ്രായം അറിയിച്ചതിന്റെ അടുത്ത ദിവസം തൊട്ടു അച്ഛൻ അവളെ ശരീരത്തിൽ അനാവശ്യമായി തൊടുന്നു..
‘അമ്മ ഉറങ്ങി കഴിഞ്ഞാണ് അതെ മുറിയിൽ കിടക്കുന്ന തന്റെ അടുത്ത് അച്ഛൻ വരുന്നത്..
എനിക്ക് ഭയമാകുന്നു ടീച്ചറെ..എനിക്കെന്റെ അച്ഛന്റെ കൂടെ കിടക്കാൻ പറ്റില്ല..എന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചു കരഞ്ഞ അവളെ ഞാൻ ചേർത്ത് പിടിച്ചു..
അമ്മയെ വിളിച്ചു സാവധാനത്തിൽ മകളുടെ മുന്നിൽ വെച്ച് തന്നെ ഞാൻ കാര്യം അവതരിപ്പിച്ചു..
വൈരാഗ്യം മുറ്റിയ കണ്ണുകളോടെ അവർ മകളെ നോക്കി..
എന്നിട്ട് എന്നോട് പറഞ്ഞു.
.” നിങ്ങൾ മുൻപ് പിടിച്ച കേസ് , അതിലെ പ്രതികൾ ഇന്നെവിടെ? നിങ്ങൾ സുരക്ഷിതമായി താമസിപ്പിച്ച കുട്ടികൾ നിന്ന സ്ഥലത്തു എത്ര സുരക്ഷിതം ഉണ്ടെന്നു നിങ്ങൾക്കറിയാമോ..?അതിലും ഒക്കെ ഭേദം ഇതാ..അങ്ങേരു ഉണ്ടാക്കിയതല്ല..അങ്ങേരു അനുഭവിക്കട്ടെ…അയാളെ പിടിച്ചു ജയിലിൽ ഇട്ടാൽ എന്റെ ബാക്കി മക്കളും ഞാനും അനാഥമാകും..”
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം ആ കേട്ടതായിരുന്നു.
എനിക്ക് പറ്റില്ല ടീച്ചറെ എന്നെ രക്ഷിക്കൂ എന്ന് കരഞ്ഞ പെൺകുട്ടിയുടെ ശബ്‍ദം റെക്കോർഡ് ചെയ്തു സ്കൂൾ അധികൃതരെയും PTA യും അറിയിച്ചു..
അന്നത്തെ HM ഒരു സ്ത്രീ അയാതിനാലാകും..അവർ അത് ചെവി കൊ ണ്ടില്ല..എന്ന് മാത്രമല്ല എതിരായിട്ട് നില്കുകയയും ചെയ്തു.
PTA യിലെ ഒരു മനുഷ്യൻ കൂടെ നിന്നു.
പക്ഷെ ആ അച്ഛനെന്ന പേപ്പട്ടി അവിടത്തെ അറിയപ്പെടുന്ന ഗുണ്ട ആയതിനാൽ അദ്ദേഹത്തിനും വിലക്കുണ്ടായി.
സ്വന്തം സമുദായത്തിൽ പെട്ട ആളെന്ന നിലയ്ക്കും..പരിമിതികൾ ഉണ്ടായി.
ഇത്രയും ആയപ്പോ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
നട്ടെല്ലില്ലാത്ത ആ സംവിധാനം അവിടെയും കളിച്ചു.
ആക്ടിവിസ്റ് പാർവതി ചേച്ചിയെ എനിക്കറിയില്ല.
പക്ഷെ അവരുടെ നമ്പർ അന്ന് എങ്ങനെയോ എന്റെ കയ്യിൽ എത്തി.
അവരോടു വിളിച്ചു നിയമവും വ്യവസ്ഥിതിയും ഒന്നും നോക്കാതെ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചോദിച്ചു..അതെ പോലെ അറിയാവുന്ന പലരോടും.
പാർവ്വതിചേച്ചി പരമാവധി ശ്രമിച്ചിട്ടും അവിടെയും ഒന്നും നടന്നില്ല..
പോലീസ് അധികാരികളോട് സംസാരിച്ചു..
പിന്നെ വിളിച്ചിട്ടു ആരും ഫോൺ എടുത്തില്ല.
സ്നേഹം കൊണ്ട് പറയുക ആണ് , ആവശ്യമില്ലാത്ത പ്രശ്നത്തിന് പോകരുതെന്ന താക്കീതു അല്ലാതെ ഒന്നും കിട്ടിയില്ല.
സർ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..” നമുക്ക് TC കൊടുത്തു വിടാം ..അല്ലാതെ ഒന്നും വയ്യ’
വീട്ടിലും മതി നിർത്ത്..എന്ന ശാസന ആയതോടെ ഞാൻ നിസ്സഹായ ആയി..
എന്നിട്ടും ആ പെൺകുട്ടിയെ ഞാൻ കണ്ടു കൊണ്ടേ ഇരുന്നു..
സമ്മതിക്കരുതെന്നു പറഞ്ഞു കൊണ്ടേ ഇരുന്നു,.
പതുക്കെ അവളെന്റെ അടുത്ത് വരാതായി.
പിന്നെ അവളെ കാണുമ്പോ തിളങ്ങുന്ന പട്ടു കുപ്പായവും ചെരുപ്പും ഒക്കെ ഉണ്ടായിരുന്നു..”
അച്ഛൻ വാങ്ങി തന്നത്..പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞ അവൾ നടന്നു,”
സ്കൂൾ ഇൽ നിന്നവൾ പോയി..
എങ്ങോട്ടോ..എനിക്കറിയുകയും വേണ്ട..
ഇത് ആ നാട്ടിലെ പലർക്കും ഇന്നും അറിയാം.
ഒരു കേസ് നടക്കുമ്പോളും ജന വികാരം ആളികത്തും.
പിന്നെ അതിന്റെ കനൽ പോലും ഇല്ല..
പ്ലാറ്റ്ഫോം പ്രഹസനങ്ങൾ മാത്രമാകുന്നു…ഈ പ്രസംഗങ്ങൾ എല്ലാം !

Also read.. സി എ വിദ്യാർഥി മിഷേലിന്റെ മരണം; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ; പെണ്‍കുട്ടിയെ രണ്ടു യുവാക്കള്‍ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

kalashibu

 

മുസ്ലീം ലീഗ് എംപി ആയിരുന്ന ഇ. അഹമ്മദിന്റെ നിര്യാണത്തോടെ ഒഴിവുവന്ന മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ സിപിഎമ്മിനുവേണ്ടി സംവിധായകന്‍ കമല്‍ മത്സരിച്ചേക്കുമെന്ന് സൂചന.കമലിനെക്കൂടാതെ, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഉള്‍പ്പെടെ നാലുപേരാണു സാധ്യതാ പട്ടികയില്‍ ഉള്ളത്. അടുത്ത മാസം 12നാണ് ഉപതിരഞ്ഞെടുപ്പ്. 17നു വോട്ടെണ്ണല്‍. ഈ മാസം 23 വരെ നാമനിര്‍ദേശ പത്രിക സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഷൂട്ടിങ് സെറ്റില്‍ നടി കത്രീന കൈഫിന് ഗുരുതര പരിക്ക്. ഭാരമേറിയ വസ്തു കഴുത്തില്‍ വീണതിനെത്തുടര്‍ന്ന് നടിയുടെ കഴുത്തിനും മുതുകിനും സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരുന്ന പുതിയ ചിത്രം ജഗ്ഗാ ജസ്സൂസ്സിന്റെ സെറ്റിലാണ് നടിക്കു പരിക്കേറ്റത്. അനുരാഗ് ബസ്സു സംവിധാനം ചെയ്യുന്ന ജഗ്ഗാ ജസ്സൂസ്സ് അവസാന ഘട്ടത്തിലായിരുന്നു. പരിക്ക് സാരമായതിനാല്‍ രണ്ടാഴ്ചയോളം നടിക്ക് പൂര്‍ണ്ണ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. പിന്നീടും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ലഭിച്ച ശേഷം മാത്രമേ താരത്തിന് ഷൂട്ടിങിനെത്താന്‍ സാധിക്കൂ.

Copyright © . All rights reserved