Latest News

പ്രവാസികളുടെ വിദേശ ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ ആദായ നികുതി വകുപ്പ്. ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്നവര്‍ വിദേശത്തുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആദായ നികുതി റിട്ടേണ്‍ ഫോമില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശം വന്നുകഴിഞ്ഞു. ഇതിനായി റിട്ടേണ്‍ ഫോമില്‍(ഐടിആര്‍2)പുതിയതായി പൂരിപ്പിക്കുന്നതിന് കോളം ചേര്‍ത്തിട്ടുണ്ട്.

വിദേശത്തെ ബാങ്കുകളിലുള്ള അക്കൗണ്ട് നമ്പര്‍, ബാങ്കിന്റെ പേര്, രാജ്യം, ബാങ്കുകളുടെ ശാഖയുടെ ലൊക്കേഷന്‍ വ്യക്തമാക്കുന്ന സ്വിഫ്റ്റ് കോഡ്, ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയവയാണ് ഫോമില്‍ രേഖപ്പെടുത്തേണ്ടത്. പ്രവാസികളായാലും രാജ്യത്തുനിന്ന് ലഭിക്കുന്നവരുമാനം കാണിച്ച് നികുതി റിട്ടേണ്‍ നല്‍കേണ്ടതുണ്ട്. അതായത്, ഓഹരി നിക്ഷേപം, വസ്തു, ബാങ്ക് ഡെപ്പോസിറ്റ് പോലെയുള്ള സ്ഥിരനിക്ഷേപങ്ങളില്‍നിന്നുള്ള വരുമാനം എന്നിവ റിട്ടേണില്‍ കാണിക്കേണ്ടിവരും.

പ്രവാസികളിലേറെപ്പേര്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്ന് ദുബൈ, സിംഗപുര്‍, ഹോങ്കോങ് എന്നിവിടങ്ങളിലെ ബാങ്കുകളിലേയ്ക്ക് അടുത്തകാലത്തായി അക്കൗണ്ട് മാറ്റിയിരുന്നു. സ്വദേശത്തും വിദേശത്തുമുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളും ഐടിആര്‍ 2 ഫോമില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. ഓണ്‍ലൈനായിത്തന്നെ റിട്ടേണ്‍ സമര്‍പ്പിക്കാം. നിലവില്‍ രാജ്യത്ത് സ്ഥിരതാമസമാക്കിയവര്‍മാത്രം വിദേശത്തെ ബാങ്ക് അക്കൗണ്ടുകള്‍ വെളിപ്പെടുത്തിയാല്‍ മതിയായിരുന്നു.

ഷിജു ചാക്കോ 

ജൂലൈ നാലാം തീയതി കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വച്ച് ക്യാന്‍സര്‍ രോഗം മൂര്‍ച്ഛിച്ച് മരണത്തിന് കീഴടങ്ങിയ ടീന പോളിന്റെ മൃതദേഹം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായും, പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കായും തിങ്കളാഴ്ച (ജൂലൈ 17) കാര്‍ഡിഫ് സെന്റ് ഫിലിപ്പ് ഇവാന്‍സ് ചര്‍ച്ചില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പൊതുദര്‍ശനത്തിന് വക്കും. കാലത്ത് 11.30 നു തുടങ്ങുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് സീറോമലബാര്‍ യു കെ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.

2010 ല്‍ സ്റ്റുഡന്റ് വിസയില്‍  യുകെയില്‍ എത്തിയ ടീനയ്ക് അഞ്ച് വര്ഷം മുന്‍പാണ് കാന്‍സര്‍ രോഗം ഉണ്ടെന്ന് അറിയുന്നത്. എങ്കിലും മനോധൈര്യം കൈവിടാതെ നടത്തിയ ചികിത്സകള്‍ക്ക് ഒടുവില്‍ 2013 ല്‍ പൂര്‍ണമായും അസുഖം ഭേദമായി എന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് 2015 ജനുവരിയില്‍ അങ്കമാലി സ്വദേശി സിജോയെ ടീന വിവാഹം ചെയ്യുകയും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയുമായിരുന്നു.

എല്ലാവരോടും സൗമ്യമായും സന്തോഷമായും പെരുമാറുന്ന സ്വഭാവമായിരുന്നു ടീനയുടേത് എന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പറഞ്ഞു. അസുഖം പൂര്‍ണ്ണമായും ഭേദമായി എന്ന് ആശ്വസിച്ച് ജീവിതം മുന്നോട്ടു പോകുമ്പോഴാണ് ഈ വര്‍ഷം വീണ്ടും രോഗം ടീനയെ കടന്നാക്രമിച്ചത്.

ടീനയുടെ മാതാവ് അന്ത്യ സമയത്ത് കൂടെ ഉണ്ടായിരുന്നു. പിതാവും സഹോദരനും നാളെ രാവിലെ യുകെയിലേക്ക് പുറപ്പെടാന്‍ വേണ്ടി എയര്‍പോര്‍ട്ടിലേക്ക് തിരിച്ചപ്പോളാണ് ടീനയുടെ മരണം സംഭവിച്ചത്. കാര്‍ഡിഫില്‍ ഉള്ള ടീനയുടെ സുഹൃത്തുക്കള്‍ മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.

പൊതുദര്‍ശനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം
St PHILIP EVANS PARISH CHURCH
LLANEDYM Dr, LLANEDEYM
CARDIFF, CF23 9UL

അറസ്റ്റിലായ നടന്‍ ദിലീപിന് അനുകൂല തരംഗം സൃഷ്ടിക്കാന്‍ സോഷ്യല്‍മീഡിയയില്‍ നീക്കം ശക്തമാകുന്നു. നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനി എന്ന ക്രിമിനലിന് ക്വട്ടേഷന്‍ കൊടുത്തതിന് വ്യക്തമായ തെളിവുണ്ടെന്ന് പൊലീസ് പറയുമ്പോഴാണ് ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ദിലീപിന് അനുകൂലമായി പോസ്റ്റുകള്‍ വരുന്നത്.

കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയാണ് ഇത്തരത്തില്‍ ദിലീപ് അനുകൂല പ്രചരണം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. വന്‍തോതില്‍ പണം കൈപ്പറ്റിയാണ്  ഏജന്‍സിയുടെ പ്രചരണ തന്ത്രം. നടി ആക്രമിക്കപ്പെട്ട സമയം മുതല്‍ ഈ വിഷയം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെ നിശബ്ദരാക്കാന്‍ ഈ ഏജന്‍സി ശ്രമിച്ചിരുന്നു. നൂറ് കണക്കിന് വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ സൃഷ്ടിച്ച് താരത്തിന് അനുകൂലമായ സഹതാപം സൃഷ്ടിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. നേരത്ത മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുക്കാന്‍ വേണ്ടി വിവരങ്ങള്‍ ശേഖരിച്ചിരുന്നത് ഈ ഏജന്‍സിയാണ്. ഇതിനായി ചില സോഷ്യല്‍ മീഡിയ ട്രോള്‍ പേജുകളെയും ഇവര്‍ കൂട്ടുപിടിച്ചിട്ടുണ്ട്. അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കുകയും ഒട്ടുമിക്ക താരങ്ങള്‍ എതിര്‍ത്തു കൊണ്ട് രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഇപ്പോള്‍ അവസാന അടവായി താരത്തെ കള്ളക്കേസില്‍ കുടുക്കിയെന്ന വിധത്തില്‍ പ്രചരണം ശക്തമാക്കിയിരിക്കുന്നത്. ഇപ്പോഴത്തെ പ്രചരണങ്ങള്‍ക്ക് സാമ്പത്തിക സഹായം ഒരുക്കി രംഗത്തുള്ളത് സഹോദരന്‍ അനൂപും മറ്റു ചില സിനിമാക്കാരുമാണ്. എന്തുവിധേനയും താരത്തെ സംരക്ഷിക്കണം എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. ദിലീപിനെ വിശ്വസിച്ച് റിയല്‍ എസ്റ്റേറ്റില്‍ പണം മുടക്കിയ പ്രമുഖരും താരത്തെ കേസില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടി സമ്മര്‍ദ്ദശക്തിയായി രംഗത്തുണ്ട്. ഇത്തരക്കാരു ദിലീപ് അനുകൂല പ്രചരണവുമായി രംഗത്തുണ്ട്.

 

കുറച്ചുനാൾ മുമ്പ് കൊച്ചിയിൽ പ്രമുഖ സംവിധായകന്റെ പടം ചിത്രീകരണം തുടങ്ങുന്നു. ക്യാമറ റോൾ ചെയ്തതും ശല്യക്കാരനായി പ്രാദേശിക ഗുണ്ടയെത്തി. ഗുണ്ടയെ ഓടിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ സിനിമാക്കാർ പുതിയ തന്ത്രം സ്വീകരിച്ചു. ഗുണ്ടയെ പണം കൊടുത്ത് ലൊക്കേഷന്റെ ചുമതല ഏൽ‌പ്പിച്ചു – അങ്ങനെ ഗുണ്ടയെ സിനിമയിൽ എടുത്തു. സിനിമയും രാഷ്ട്രീയവും പൊലീസും ഭൂമിക്കച്ചവടവും ഇടകലർന്ന കൊച്ചിയുടെ പുതിയ ലൊക്കേഷനിൽ ഗുണ്ടകൾ ഒഴിച്ചുകൂടാത്തവരായി മാറി. പലരും കണ്ടില്ല, കണ്ടവർ മിണ്ടിയില്ല. മുന്തിയ ഇനം ലഹരി അടക്കമുള്ളവ കൊച്ചിയിൽ സുലഭമായി. പൊലീസിന്റെ കണ്ണുവെട്ടിച്ച് പാർട്ടികളും സജീവമായി. സിനിമയും രാഷ്ട്രീയവും കുട പിടിച്ചതോടെ ഗുണ്ടകൾക്ക് നെഞ്ചു വിരിച്ചു നടക്കാമെന്ന സ്ഥിതിയുമായി.

ഡ്രൈവർ ആക്കിയ എംഎൽഎ നടന് കിട്ടിയ പണി… 

പൾസർ സുനി ദിലീപിനു വേണ്ടി ക്വട്ടേഷനെടുക്കുന്നതിനു മുൻപുള്ള കാലം. മറ്റൊരു നടന്റെ ഡ്രൈവറാണ് കക്ഷി. നടന്റെ കാറിൽ പ്രതിശ്രുത വധു ഒറ്റയ്‌ക്കു പാലക്കാട്ടേക്കു പോവുകയാണ്. ഡ്രൈവറുടെ സീറ്റിൽ സാക്ഷാൽ പൾസർ സുനി. കുറെ ദൂരം ചെന്നപ്പോൾ മറ്റൊരു കാറിൽ പൾസർ സുനി കാറിടിപ്പിച്ചു. ഇടിയേറ്റവർ പുറത്തിറങ്ങിയതോടെ സുനി ബഹളംവച്ചു തുടങ്ങി. അതോടെ ആളു കൂടി. കാർ നടന്റേതാണെന്ന് സുനി വിളിച്ചു പറഞ്ഞതോടെ ജനം കാറിനുള്ളിൽ നടനെ തിരഞ്ഞു. പക്ഷേ, കാണുന്നത് യുവതിയെ. ബഹളം മൂലം വിഷമിച്ചു പോയ അവർ, ഫോണിൽ നടനെ വിളിച്ച് കാര്യം പറഞ്ഞു. എന്തു നഷ്‌ടപരിഹാരം കൊടുത്താണെങ്കിലും ഉടനടി അവിടെനിന്നു വണ്ടിയുമായി പോകാൻ നടൻ സുനിയോട് കൽപിച്ചു.

ഇടിയും അനുബന്ധ നാടകവും പൾസർ സുനി ആസൂത്രണം ചെയ്‌തതാണെന്നു മനസിലാക്കിയ നടൻ, ഇനി താൻ വിളിച്ചിട്ടു ഡ്രൈവർ ജോലിക്ക് എത്തിയാൽ മതിയെന്നു പറഞ്ഞ് അയാളെ യാത്രയാക്കി. കുറെ ദിവസം കഴിഞ്ഞിട്ടും നടൻ വിളിക്കാതിരുന്നതോടെ സുനി ഗുണ്ടകളെയുമായി കൊച്ചിയിലെ ഷൂട്ടിങ് സെറ്റിലെത്തി നടനു നേരേ ഭീഷണി മുഴക്കി. പക്ഷേ, നടൻ മധുരവാക്കു പറഞ്ഞ് ഒരുവിധത്തിൽ അവനെ ഒഴിവാക്കി വീണ്ടും തടിയൂരി.

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ കസ്റ്റഡി കോടതി ഒരു ദിവസം കൂടി നീട്ടി നല്‍കി. അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി നാളെ വൈകിട്ട് അഞ്ച് മണി വരെ നീട്ടിയത്. കനത്ത പൊലീസ് സുരക്ഷയിലാണ് ദിലീപിനെ കോടതിയിലെത്തിച്ചത്. ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതൊന്നും പൊലീസിന് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പറഞ്ഞെങ്കിലും കസ്റ്റഡിയില്‍ വിടുകയായിരുന്നു.

ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയേയും ഇന്ന് കസ്റ്റഡിയില്‍ എടുത്ത് നിര്‍ണായകമായ അന്വേഷണത്തിലേക്ക് പോകാനാണ് പൊലീസിന്റെ നീക്കം. പ്രതീഷ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഇത് കോടതി തളളിയാല്‍ അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

പള്‍സര്‍ സുനിയെ കണ്ടില്ലെന്ന നിലപാടില്‍ തന്നെയാണ് ദിപീല് ഇപ്പോഴും നില്‍ക്കുന്നത്.

തെളിവുകള്‍ കാണിച്ച് ചോദ്യം ചെയ്താല്‍ ദിലീപിന് മറുപടിയൊന്നും ഇല്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു. എന്നാല്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. പൊലീസിനെതിരെ പരാതിയില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്.

വളാഞ്ചേരിക്കടുത്ത് കാട്ടിപ്പരുത്തിയിൽ സ്‌കൂൾ ബസ് പാടത്തേക്ക് മറിഞ്ഞ് 27 വിദ്യാർഥികൾക്ക് പരിക്ക്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. കുട്ടികളെ വളാഞ്ചേരിയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. വൈക്കത്തൂർ എ.യു.പി സ്‌കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥികളുമായി പോകുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് പത്തടി താഴ്‌ചയുള്ള കാട്ടിപ്പരുത്തി റോഡിൽ നിന്നും പാടത്തിലേക്കു മറിയുകയായിരുന്നു.

കുന്ദമംഗലത്ത് വിദ്യാർഥി കുത്തേറ്റ് മരിച്ചു. വയനാട് സ്വദേശി അബ്ദുൾ മജീദാണ് മരിച്ചത്. മടവൂര്‍ സിഎംഎസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. സ്കൂള്‍ വളപ്പിനകത്ത് വെച്ചാണ് കുട്ടി ആക്രമണത്തിന് ഇരയായത്.

അക്രമിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇയാള്‍ക്ക് മാനസികാസ്വസ്ഥ്യം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.

നടന്‍ ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ടുളള ഫയല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും കാണാതായതായി റിപ്പോര്‍ട്ട്. ശ്രീനാഥിന്റെ മരണത്തില്‍ അസ്വാഭാവികത ആരോപിച്ച് ഭാര്യ ലത രംഗത്ത് വന്നതിന് പിന്നാലെയാണ് സംഭവവുമായി ബന്ധപ്പെട്ട ഫയല്‍ പോലും പോലീസിന്റെ കയ്യിലില്ലെന്ന് വ്യക്തമാകുന്നത്.

വിവരാവകാശപ്രകാരം നല്‍കിയ അപേക്ഷയിലാണ് ശ്രീനാഥിന്റെ മരണം സംബന്ധിച്ചുളള രേഖകള്‍ ഇപ്പോള്‍ കാണുന്നില്ലെന്നും അന്വേഷിച്ച് കണ്ടെത്തുന്നതനുസരിച്ച് നല്‍കാമെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

2010 ഏപ്രില്‍ 23 ന് കോതമംഗലം മരിയ ഹോട്ടലിലെ 102ആം നമ്പര്‍ മുറിയില്‍ ഞരമ്പുമുറിച്ച് രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് ശ്രീനാഥിനെ കണ്ടെത്തിയത്. പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാറില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ വന്ന ശ്രീനാഥ് വ്യക്തിപരമായ കാരണങ്ങളാല്‍ ജീവനൊടുക്കിയെന്ന് ആയിരുന്നു പോലീസ് കണ്ടെത്തല്‍. ശ്രീനാഥ് ജീവനൊടുക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് വീട്ടുകാര്‍ പറഞ്ഞെങ്കിലും കേസ് നാലുമാസംകൊണ്ട് അവസാനിച്ചു. കേസില്‍ ഒട്ടേറെ സംശയങ്ങള്‍ ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറയുമ്പോഴും മറ്റു ദുരൂഹതകള്‍ ഇല്ലെന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടും ഇതു തന്നെയാണ് പറയുന്നതെന്നുമായിരുന്നു പോലീസിന്റെ വാദം.

എന്നാല്‍ ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് നടന്‍ തിലകന്‍ ആരോപിച്ചിരുന്നു. താരസംഘടനയായ അമ്മയില്‍ അംഗമല്ലാതിരുന്നതിനാല്‍ ശ്രീനാഥിന് സിനിമയില്‍ റോള്‍ കിട്ടിയില്ലെന്ന് അന്ന് ആരോപണമുണ്ടായിരുന്നു.

ശിക്കാറില്‍ അഭിനയിക്കാനാണ് 41 ദിവസത്തെ ഡേറ്റില്‍ ശ്രീനാഥ് ഏപ്രില്‍ 17 ന് തിരുവനന്തപുരത്തെ വീട്ടില്‍ നിന്നു പോയതെന്ന് ഭാര്യ ലത പറയുന്നു. 21നു വൈകിട്ടു ഫോണില്‍ സംസാരിച്ചെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫോണില്‍ ലഭിച്ചില്ല. പിന്നീടറിഞ്ഞത് മരണവാര്‍ത്തയാണ്. റോളില്‍ നിന്ന് ഒഴിവാക്കിയെങ്കിലും വാഗ്ദാനം ചെയ്ത പണം കിട്ടാതെ മുറി ഒഴിയില്ലെന്നു ശ്രീനാഥ് നിലപാടെടുത്തെന്നും മുറിവാടക പോലും നല്‍കില്ലെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞതായി ഹോട്ടല്‍ മാനേജരെ അറിയിച്ചതായി അഭ്യൂഹമുണ്ടെന്നും പറഞ്ഞത് അദ്ദേഹമാണ്.

മരണം നടന്ന അന്നു പുലര്‍ച്ചെ ആരൊക്കെയോ മുറിയിലെത്തി ശ്രീനാഥിനെ മര്‍ദിച്ചതായും കേട്ടിരുന്നു. പണത്തിനായി ശ്രീനാഥ് ബഹളമുണ്ടാക്കാനുള്ള സാധ്യത കുറവാണ്. മൃതദേഹം തൊട്ടടുത്ത ആശുപത്രിയിലേക്കു മാറ്റിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലാണു കൊണ്ടുപോയത്. ഇതും സംശയത്തിനു കാരണമാണ്. ശ്രീനാഥിന്റെ അനുസ്മരണദിനത്തില്‍ നടന്‍ തിലകന്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വാട്ട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമെല്ലാം പ്രചരിക്കുന്നുണ്ട്. ഇതെല്ലാം കോര്‍ത്തിണക്കുമ്പോള്‍ സംശയത്തിന്റെ ഒട്ടേറെ മുനകളാണ് ഉയരുന്നതെന്നും ലത ശ്രീനാഥ് പറഞ്ഞു.

നിയമം ലംഘിച്ചു പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതിന്റെ മറവില്‍ കരിങ്കല്ലിനും മെറ്റലിനും പാറമണലിനും പാറപ്പൊടിക്കും മറ്റും വന്‍ തോതില്‍ വില വര്‍ദ്ധിപ്പിച്ചു ക്വാറി ഉടമകള്‍ പൊതുജനങ്ങളെ കൊള്ളയടിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നു സംസ്ഥാന ജില്ലാ ഭരണകര്‍ത്താക്കളോട് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ 2500 രൂപയ്ക്കു വിറ്റിരുന്ന 250 ക്യൂബിക് അടി കരിങ്കല്ലിനു ഇപ്പോള്‍ 4000 രൂപയാണ് വില വാങ്ങുന്നത്. അതുപോലെ ഓരോ ക്യൂബിക് അടി മണലിനും മെറ്റലിനും പാറപ്പൊടിക്കും അഞ്ചുമുതല്‍ പത്ത് രൂപ വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധികവില ഈടാക്കുന്നു. നിര്‍മ്മാണച്ചിലവ് കൂട്ടിയതിനാലല്ല മറിച്ചു കൃത്രിമ ക്ഷാമം സൃഷ്ടിച്ചു കൊണ്ട് ജനങ്ങളെ കൊള്ളയടിക്കുകയാണ് ചെയ്യുന്നത്.ഇവരുടെ ഇത്തരം നടപടികള്‍ മൂലം സാധാരണക്കാരുടെ നിര്മാണപ്രവര്‍ത്തനങ്ങളാണ് അവതാളത്തിലായിരിക്കുന്നതു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടു ഇവയുടെ വില നിയന്ത്രിക്കാന്‍ നടപടി എടുക്കണം.

ഇത്തരം സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ സമൂഹത്തില്‍ ആശങ്ക സൃഷ്ടിച്ചു നിയന്ത്രണങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന ലക്ഷ്യവും ഇവര്‍ക്കുണ്ട്. ഇതിന്റെ മറവിലാണ് ക്വാറികളുടെ ദൂരപരിധിയിലും മറ്റും നിരവധി ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായത്. അതിലും വലിയ തോതിലുള്ള അഴിമതിയുണ്ടെന്ന് ആര്‍ക്കും ബോധ്യമാകും.

വരും തലമുറകള്‍ക്കു കൂടി അവകാശപ്പെട്ട ഈ പ്രകൃതി സമ്പത്തിന്റെ സംരക്ഷണം ലക്ഷ്യമാക്കി ഇവയുടെ ഖനനവും വിതരണവും പൂര്‍ണ്ണമായും സര്‍ക്കാര്‍ മേഖലയിലാക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെടുന്നു. ഇന്ന് അഴിമതിയുടെയും മാഫിയ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായിരുന്ന ഖനനം സര്‍ക്കാര്‍ മേഖലയിലാക്കുമെന്നു എല്‍ ഡി എഫ് മാനിഫെസ്‌റോയില്‍ വാഗ്ദാനം ചെയ്തിരുന്ന കാര്യം ഓര്‍മ്മിപ്പിക്കുന്നു. സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ ഇടപെട്ടു ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് പാര്‍ട്ടി തയ്യാറാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.

ഒരു ഗ്രാമത്തിലെ ആദിവാസി സാഹോദരിമാരുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരത്തിന്റെ സുപ്രധാന വിജയമാണ് കൊക്കകോള കമ്പനി ശാശ്വതമായി അടച്ചുപൂട്ടിയ സുപ്രീം കോടതി വിധി. കൊക്കകോള കമ്പനി പ്ലാച്ചിമടയില്‍ ഇനി തുറന്നു പ്രവര്‍ത്തിക്കാനില്ലെന്ന് കോളകമ്പനി അഭിഭാഷകന്‍ ഇന്ന് സുപ്രീം കോടതിയെ അറിയിച്ചതിലൂടെ നേടിയിരിക്കുന്നത്. നിലവിലുള്ള 8 കേസുകളും ഡിസ്‌പോസ് ചെയ്തതായി സുപ്രീം കോടതി ഉത്തരവിട്ടു. ഇതോടെ കൊക്കകോള കമ്പനി ശാശ്വതമായി അടച്ചുപൂട്ടി. സുപ്രീം കോടതി വിധിയെ ആം ആദ്മി പാര്‍ട്ടി സ്വാഗതം ചെയ്യുന്നു.

എന്നാല്‍ പ്ലാച്ചിമട സമരം അവസാനിച്ചിട്ടില്ല. ആ ഗ്രാമത്തിലെ ജനങ്ങള്‍ക്കും ഭൂമിക്കും കൃഷിക്കും ആരോഗ്യത്തിനും ഉണ്ടാക്കിയ നഷ്ടം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനുവേണ്ടി സംസ്ഥാന നിയമസഭാ ഐക്യകണേ്ഠന പാസാക്കിയ നിയമത്തിനു രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാത്തതാണ് ഇതിനു കാരണം. മാറി മാറി അധികാരത്തിലെത്തുന്ന എല്ലാ കേന്ദ്ര സര്‍ക്കാരുകളും കോളക്കമ്പനിയുടെ വക്താക്കളാണ്. ഇക്കാര്യത്തില്‍ അടിയന്തരമായി തീരുമാനമെടുക്കാന്‍ ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.

RECENT POSTS
Copyright © . All rights reserved