ഒരു ക്വട്ടേഷന്‍ നടപ്പാക്കുന്ന മട്ടിലല്ല ആക്രമിക്കപ്പെട്ട നടിയോടു പള്‍സര്‍ സുനി പെരുമാറിയതെന്നു നടിയുടെ മൊഴികള്‍തന്നെ വ്യക്തമാക്കുന്നതായി ദിലീപിന്റെ ജാമ്യാപേക്ഷയുടെ വാദത്തിനിടെ അഡ്വ. ബി. രാമന്‍പിള്ള വാദിച്ചു. ഇതിലൊന്നില്‍പ്പോലും ദിലീപിനു ഗൂഢാലോചനയില്‍ പങ്കുണ്ടെന്നോ താനുമായി ദിലീപിനു ശത്രുതയുണ്ടെന്നോ നടി പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വാദിച്ചു.

ഗോവയിലും മറ്റും ഷൂട്ടിങ് നടക്കുമ്പോള്‍ ആക്രമിക്കപ്പെട്ട നടിയുടെ െ്രെഡവറായിരുന്നു പള്‍സര്‍ സുനി. നടിയുമായി സുനിക്ക് അടുത്ത ബന്ധമുണ്ട്. നടിയോടു പള്‍സര്‍ സുനിക്കു മോഹമുണ്ടായിരുന്നുവെന്നു കരുതാന്‍ സാഹചര്യവുമുണ്ട്. ‘അടുത്തിടപഴകാന്‍ കഴിയുന്നയാളാണെന്നു’ സുനി സുഹൃത്തിനോടു പറഞ്ഞതായി വിവരമുണ്ട്. ‘ക്വട്ടേഷനാണ് സഹകരിക്കണമെന്ന്’ സുനി പറഞ്ഞതു നടിയോടുള്ള തന്റെ താല്‍പ്പര്യം വെളിപ്പെടാതിരിക്കാനാണ്.

പതിനാറു വയസുള്ളപ്പോള്‍ കുട്ടിക്കുറ്റവാളിയായി ജുവെനെല്‍ ഹോമില്‍ കഴിഞ്ഞിട്ടുള്ളയാളാണു മുഖ്യപ്രതി സുനിയെന്നും പ്രതിഭാഗം വാദിച്ചു. ക്രിമിനല്‍ കേസുള്‍പ്പെടെ പത്തോളം കേസുകളിലും പ്രതിയാണ്. പങ്കാളിയായ വിഷ്ണു 28 കേസുകളിലും പ്രതിയാണ്. പിടിച്ചുപറി, മാല പൊട്ടിക്കല്‍, മോഷണം തുടങ്ങിയവയാണ് കുറ്റങ്ങള്‍. മോഷണക്കേസില്‍ പൊലീസിനു തലവേദനയായിരുന്നു ഇയാള്‍. ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ മൊഴി വിശ്വസിക്കാനാവില്ല.

ക്വട്ടേഷന്‍ നല്‍കിയെന്നു പറയുന്ന 2013 ല്‍ ദിലീപും മഞ്ജുവാര്യരും ഒന്നിച്ചായിരുന്നു ജീവിതം. മഞ്ജുവിനെ ഒഴിവാക്കി കാവ്യയെ വിവാഹം കഴിക്കാന്‍ ദിലീപിനു പദ്ധതിയുണ്ടായിരുന്നെങ്കില്‍ ആരോപിതയായ നടിയെ സഹായിക്കുകയാണ് ദിലീപ് ചെയ്യാനിടയെന്നും രാമന്‍പിള്ള ചൂണ്ടിക്കാട്ടി.

നടിക്കു ഡബിങ്ങിനു വണ്ടിയയ്ക്കണമെന്ന സന്ദേശം ലഭിക്കുമ്പോള്‍ കൊച്ചിയിലെ സ്റ്റുഡിയോയില്‍ പള്‍സര്‍ സുനിയും മാര്‍ട്ടിനും ഉണ്ടായിരുന്നു. ക്വട്ടേഷന്‍ നല്‍കിയെന്നു സുനി പറയുന്നവരുടെ ഫോണ്‍ നമ്പറുകള്‍ പോലും സുനിക്കറിയില്ല. കൃത്യത്തിനുശേഷം സുനി രണ്ടുതവണ ആലുവയില്‍ വന്നിട്ടുണ്ട്. ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെങ്കില്‍ സുനി തീര്‍ച്ചയായും അയാളുമായി ബന്ധപ്പെടണം. ക്വട്ടേഷന്‍ നല്‍കുമ്പോള്‍ സ്വാഭാവികമായും ദൃശ്യം പകര്‍ത്തിയ ഉപകരണം കൊടുക്കേണ്ട സ്ഥലം, ബന്ധപ്പെടേണ്ട ആള്‍, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍, ചെന്നെത്തിപ്പെടേണ്ട സ്ഥലം, പണംകൈപ്പറ്റേണ്ട മാര്‍ഗം തുടങ്ങിയ കാര്യങ്ങളില്‍ ധാരണയുണ്ടാക്കിയിരിക്കും.

എന്നാല്‍, സുനിയുടെ പ്രവൃത്തിയില്‍ ഇതൊന്നും കാണുന്നില്ല. മാത്രമല്ല, ധൃതിപിടിച്ചുള്ള, മുന്നൊരുക്കമില്ലാത്ത കാര്യങ്ങളാണയാള്‍ ചെയ്തതെല്ലാം. തനിക്കു പരിചയമുള്ള അങ്കമാലിയിലെ ഒരു അഭിഭാഷകന്റെ പക്കലാണ് മെമ്മറി കാര്‍ഡ് ഏല്‍പിച്ചത്. അദ്ദേഹത്തിനു ദിലീപുമായോ ഈ സംഭവവുമായി യാതൊരു ബന്ധവുമില്ല. ഒന്നരക്കോടി രൂപയ്ക്കു കൊടുത്ത ക്വട്ടേഷന്റെ വിലയായ ഈ മെമ്മറി കാര്‍ഡ് ഇത്തരത്തില്‍ സുനി െകെയൊഴിയുകയായിരുന്നു. കൃത്യം നടന്ന ഫെബ്രുവരി 18 നുതന്നെ മെമ്മറി കാര്‍ഡ് അഭിഭാഷകനു കൊടുത്തു. അദ്ദേഹം അത് 20 ന് പോലീസിനു െകെമാറി. ഇതിനിടെ കാര്‍ഡിലെ ദൃശ്യങ്ങള്‍ സുനി സുഹൃത്തുക്കളെ കാണിച്ചു. ഇതിലെ ഒരു കഥാപാത്രം ‘താനാ’ണെന്നും പറഞ്ഞിരുന്നു. ദൃശ്യങ്ങള്‍ കാട്ടി പിന്നീട് നടിയില്‍നിന്നു തുക തട്ടലായിരുന്നു സുനിയുടെ ലക്ഷ്യം. നടി പൊലീസില്‍ പരാതി നല്‍കിയതോടെ സുനിയുടെ ലക്ഷ്യം തെറ്റി. പ്രതിഭാഗം വാദിക്കുന്നു.

പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ അന്നുതന്നെ വിവരം ഡിജിപിയെ അറിയിച്ചിരുന്നു. പരാതി നല്‍കാന്‍ 20 ദിവസം വൈകിയെന്ന പൊലീസ് നിലപാട് തെറ്റാണ്. പൊലീസ് കെട്ടുകഥകള്‍ ഉണ്ടാക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ള വാദിച്ചു. ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഇന്നും വാദം തുടരുകയാണ്. നടിയെ ഉപദ്രവിച്ച കേസില്‍ റിമാന്‍ഡിലായ മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) പല കഥകളും പറയുന്നതുപോലെ ദിലീപിന്റെ പേരും പറയുകയാണെന്നു അഭിഭാഷകന്‍ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഗൂഢാലോചനയെന്ന പൊലീസിന്റെ ആരോപണം തെറ്റാണെന്നും ദിലീപ് വാദിച്ചു.