Latest News

വിദേശ പൗരത്വം നേടിയവർ ഉൾപ്പെടെയുള്ള പ്രവാസി ഇന്ത്യക്കാർക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട എന്ത് കാര്യത്തിനും ആധാർ കാർഡ് നിർബന്ധമാക്കിക്കൊണ്ടുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു. പ്രവാസികളുടെ ഇന്ത്യയിൽ നടക്കുന്ന വിവാഹത്തിനും ആധാർ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നതാണ് ഇതിൽ ഒടുവിലത്തേത്.

വിവിധ മന്ത്രാലയങ്ങളിലെ അംഗങ്ങൾ ഉൾപ്പെടുന്നസമിതി, വിദേശകാര്യ മന്ത്രാലയത്തിനു ഇക്കാര്യം ശുപാർശ ചെയ്‌തു കഴിഞ്ഞ മാസം അവസാനം റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്. ഇതോടെ എൻആർഐ, ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ, പഴ്സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ എന്നിവരുടെയെല്ലാം ഇന്ത്യയിൽ നടത്തുന്ന വിവാഹങ്ങൾക്ക്, ആധാർ നിർബന്ധമാവും

സർക്കാരുമായി ബന്ധപ്പെട്ട ഏതു കാര്യത്തിനും ഇനി 12 അക്ക ആധാർ നമ്പർ ഉണ്ടെങ്കിലേ കാര്യം നടക്കൂ. പാൻ, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയാണ് ഉടനടി ആധാറുമായി ബന്ധിപ്പിക്കേണ്ടത്. പാനും, ബാങ്ക് അക്കൗണ്ടുകളും – ഈ വർഷം ഡിസംബർ 31, ഫോൺ‍ നമ്പർ- 2018 ഫെബ്രുവരി ഒന്ന് എന്നിങ്ങനെയാണ് ഇതിന് അനുവദിച്ചിരിക്കുന്ന പരമാവധി കാലപരിധി.

ഇന്ത്യയിൽ ടാക്‌സ് റിട്ടേൺസ് സമർപ്പിക്കുന്നവരും, ഇന്ത്യൻ കറൻസിയിൽ 50000 ൽ കൂടുതലുള്ള ബാങ്ക് ഇടപാടുകളും, നിക്ഷേപങ്ങളും നടത്തുന്നവരും ആധാറുമായി പാൻ കാർഡ് ഉടനടി ബന്ധിപ്പിക്കേണ്ടതാണ്. കാലാവധി പൂർത്തിയാക്കുന്ന ഇന്ത്യൻ രൂപയിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ റിലീസിന് ഇത് അത്യാവശ്യമാകും. എഫ്സിഎൻആർ, എൻആർഇ ഒഴികെയുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളും, ആധാറുമായി അവസാന തീയതിയായ 2017 ഡിസംബർ 31നകം ബന്ധിപ്പിച്ചില്ലെങ്കിൽ അക്കൗണ്ടുകൾ ഉപയോഗിക്കാനാകില്ല. ഇന്ത്യയിൽ വരുമ്പോൾ സ്ഥിരമായി ഒരേ മൊബെയിൽ നമ്പർ ഉപയോഗിക്കുന്നവർ ആണെങ്കിൽ, ആധാറുമായി 2018 ഫെബ്രുവരിക്കു മുൻപായി ബന്ധിപ്പിച്ചില്ലെങ്കിൽ പ്രവർത്തനരഹിതമാകുമെന്നാണു മുന്നറിയിപ്പ്. വിദേശ പൗരത്വം നേടിയ ഓ സിഐ കൈവശമുള്ള വിദേശ ഇന്ത്യക്കാരിൽ ചെറിയൊരു ശതമാനം പേരാണ് ആധാർ കാർഡ് നേടിയിട്ടുള്ളത്. ഇന്ത്യയിൽ അവധിക്കാലം ആഘോഷിക്കാൻ മാത്രം വരുന്ന വിദേശ ഇന്ത്യക്കാർക്ക് ആധാർകാർഡ് കൊണ്ട് കാര്യമായ പ്രയോജനം ഇല്ലെങ്കിലും, പൈതൃക സ്വത്തുൾപ്പെടെ ഇന്ത്യയിൽ മറ്റ് ഇടപാടുകൾ ഉള്ള വിദേശ ഇന്ത്യക്കാർക്ക്, ആധാർ ഇല്ലാതെ കാര്യങ്ങൾ നടക്കില്ല എന്ന അവസ്ഥയിലേക്കാണ് സർക്കാരിന്റെ നടപടികൾ.

ആധാർ ഒരു പൗരത്വ രേഖയല്ലെന്നും, ഇന്ത്യയിലെ ഇടപാടുകൾക്കുള്ള കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് മാത്രമാണെന്നുമുള്ളത്, വിദേശ മലയാളികൾ ഇപ്പോഴും സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഇന്ത്യയിലെ ഇടപാടുകൾക്ക്‌ ആധാർ നിർബന്ധമാക്കുന്നതോടെ, കൃത്യമായി സർക്കാരിലേക്ക് നികുതി അടക്കേണ്ടി വരുമെന്നതാണ് ഇതിന്റെ മറുവശം.

നിലവിൽ, കൃത്യമായ രേഖകളോടെ ഇന്ത്യയിൽ ആറു മാസം തുടർച്ചയായി താമസിക്കുന്ന ഇന്ത്യൻ ഒറിജിനല്ലാത്ത വിദേശികൾക്ക് പോലും ആധാർ നമ്പർ ലഭിക്കാൻ എൻറോൾ ചെയ്യാന്‍സൗകര്യമുണ്ട്. വിദേശ മലയാളികൾ ആധാർകാർഡ് ലഭിക്കാൻ വിദേശം പൗരത്വം മറച്ചുവയ്ക്കാതെ തന്നെ, ആധാർ എൻറോൾ സെന്ററുകളെ സമീപിക്കാം. ഇന്ത്യയിലെ വിലാസം തെളിയിക്കുന്ന രേഖയും, ഇന്ത്യയിൽ റജിസ്റ്റർ ചെയ്‌ത മൊബൈൽ ഫോൺ നമ്പറുമാണ് ഇതിൽ പ്രധാനം.

തിരുവനന്തപുരം: രക്തം സ്വീകരിച്ച 9 വയസുകാരിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ പോലീസ് പരിശോധന. കഴിഞ്ഞ മാര്‍ച്ചില്‍ ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടിക്കാണ് എച്ച്‌ഐവി ബാധിച്ചതായി സ്ഥിരീകരിച്ചത്. രക്തം സ്വീകരിച്ചതിലൂടെയാണ് എച്ച്‌ഐവി ബാധിച്ചതെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കഴക്കൂട്ടം സൈബര്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

കുട്ടിയുടെ ചികിത്സ, രക്തം സ്വീകരിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവ പോലീസ് പരിശോധിച്ചു. ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിയത്. ആര്‍സിസിയും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. ആശുപത്രിയുടെ ഭാഗത്തു നിന്ന് പിഴവുണ്ടായിട്ടില്ലെന്നാണ് ആര്‍സിസി അധികൃതര്‍ വ്യക്തമാക്കുന്നത്.

രക്തത്തില്‍ അണുബാധയില്ലെന്ന് പരിശോധിച്ചതിനു ശേഷമാണ് രോഗികള്‍ക്ക് നല്‍കുന്നത്. അതുകൊണ്ടുതന്നെ വീഴ്ചയുണ്ടാകില്ല. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷമേ നടപടി സ്വീകരിക്കാന്‍ കഴിയൂഎന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കുറ്റക്കാരെ പുറത്താക്കണമെന്ന് പ്രതിപക്ഷനേതാന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നാദിര്‍ഷാ സത്യം മാത്രമെ പറയാവു എന്ന് ഹൈക്കോടതി. ബുധനാഴ്ച നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.

നാദിര്‍ഷായുടെ മൊഴി സത്യസന്ധമല്ലെങ്കില്‍ അക്കാര്യം അന്വേഷണ സംഘം കോടതിയെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. തിങ്കളാഴ്ച നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് ഒപ്പം നാദിര്‍ഷാ അന്വേഷണ സംഘത്തിന് നല്‍കുന്ന മൊഴിയുടെ റിപ്പോര്‍ട്ടും കോടതി പരിഗണിക്കും.

എന്നാല്‍ അന്വേഷണ സംഘത്തിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ കോടതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. രണ്ടാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാകുമെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഉറപ്പും കോടതി റിപ്പോര്‍ട്ടില്‍ ഇല്ല.

കേസ് അന്വേഷണം അന്തിമമായി നീട്ടിക്കൊണ്ടു പോകാനാണോ ഉദ്ദേശമെന്നും, അന്വേഷണം തിരക്കഥയാണോ എന്നുമുള്ള ചോദ്യങ്ങളായിരുന്നു കോടതി അന്വേഷണ സംഘത്തോട് ചോദിച്ചത്. ആരെയെങ്കിലും തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ ചോദ്യം ചെയ്യുന്നതെന്നും കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.

ഹൈക്കോടതി പരാമര്‍ശങ്ങളില്‍ വിഴിഞ്ഞം കരാറിലെ അഴിമതിയെപ്പറ്റി അന്വേഷണത്തിന് ആവശ്യമുണ്ടെന്നും ഇപ്പോള്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിക്കുകയും ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തില്‍ കോപു (പൊതു മേഖലാ സ്ഥാപനങ്ങളുടെ സമിതി) ഉടന്‍ തീരുമാനമെടുക്കണമെന്നും ആംആദ്മി പാര്‍ട്ടി. വിഴിഞ്ഞം കരാറിലെ അഴിമതിയും സര്‍ക്കാരിന്റെ നഷ്ടങ്ങളും കരാറുകാരന്റെ അതിര് കവിഞ്ഞ നേട്ടങ്ങളും എല്ലാം പുറത്ത് കൊണ്ട് വന്ന, നിയമസഭക്ക് മുന്നില്‍ വെച്ച സി എ ജി റിപ്പോര്‍ട്ട് ഇപ്പോള്‍ കോപുവിന്റെ പരിഗണനയിലാണ്. കരാറിനെ സംബന്ധിച്ച ആം ആദ്മി പാര്‍ട്ടിയുടെ ആശങ്കകളും അതിനുമേല്‍ സമിതി കൈക്കൊള്ളണമെന്ന് മുന്നോട്ടു വയ്ക്കുന്ന നിര്‍ദ്ദേശങ്ങളും അടങ്ങിയ പരാധി കോപു ചെയര്‍മാനും മെമ്പര്‍മാര്‍ക്കും ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ കഴിഞ്ഞ മാസം കൈമാറിയിരുന്നു.

രേഖകളെല്ലാം സൂക്ഷ്മമായി പരിശോധിച്ച് താരതമ്യ പഠനം നടത്തിയുമാണ് സി എ ജി റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുള്ളത്. സംസ്ഥാനത്തെ ഉന്നത നീതി പീഠമായ ഹൈക്കോടതിയും സി എ ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ ന്യായീകരിച്ചു കൊണ്ടുള്ള പരാമര്‍ശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിട്ട കേവലം ജുഡീഷ്യല്‍ അന്വേഷണം അല്ല ഈ വിഷയത്തില്‍ വേണ്ടത്. വിഴിഞ്ഞം കരാറില്‍ ഇത്തരത്തില്‍ അഴിമതി വന്നിട്ടുള്ളത് എങ്ങിനെയെന്ന് കണ്ടെത്തി കുറ്റക്കാരെ ശിക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കോപുവിന്റെ തീരുമാനങ്ങള്‍ ഇത്തരത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തില്‍ ആക്കുവാനും കരാറിലെ വ്യവസ്ഥകള്‍ സര്‍ക്കാറിന് അനുകൂലമായി പുനര്‍നിര്‍ണയിക്കാന്‍ നിര്‍ബന്ധിതമാക്കുകയും വേണം.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചോദ്യം ചെയ്യലിനായി എത്തിയ നാദിര്‍ഷയ്ക്ക് രക്ത സമ്മര്‍ദം കൂടി. ഇതു മൂലം ഇന്ന് ചോദ്യം ചെയ്യേണ്ടെന്ന് പൊലീസ് തീരുമാനിച്ചു. ഡോക്ടര്‍മാരുടെ സംഘം ആലുവ പൊലീസ് ക്ലബിലെത്തി നാദിര്‍ഷയെ പരിശോധിച്ചു. രക്ത സമ്മര്‍ദം കൂടുകയും പ്രമേഹം കുറഞ്ഞതിനെ തുടര്‍ന്ന് നാദിര്‍ഷയെ ആശുപത്രിയിലേക്ക് മാറ്റി.ചോദ്യം ചെയ്യല്‍ തുടങ്ങിയപ്പോള്‍ തന്നെ നാദിര്‍ഷ ശാരീരിക അവശത പ്രകടിപ്പിച്ചിരുന്നു. ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് കോടതിയെ ധരിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് ഇന്ന് അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്. കേസില്‍ നാദിര്‍ഷയുടെ പങ്കിനെ സംബന്ധിച്ച് ചില കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും ഇതിനായി അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി നാദിര്‍ഷയോട് അന്വഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ ഉത്തരവിടുകയായിരുന്നു.

കേസില്‍ നാദിര്‍ഷക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. കേസ് ഡയറി, പള്‍സര്‍ സുനിയുടെ കുറ്റസമ്മത മൊഴി, മറ്റൊരു പ്രതിയായ വിഷ്ണുവിന്റെ മൊഴി ഇവയാണ് കൈമാറിയത്. എന്നാല്‍ നാദിര്‍ഷയെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നായിരുന്നു ഹൈക്കോടതിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിലപാട്. മുന്‍പ് ദിലീപിനൊപ്പം ചോദ്യം ചെയ്തപ്പോള്‍ നാദിര്‍ഷ പറഞ്ഞ പല കാര്യങ്ങളും കളവും പരസ്പര വിരുദ്ധവുമാണെന്നാണ് പൊലീസ് പറയുന്നത്.

ഷിബു മാത്യു

ഹാരോഗേറ്റ്.  യോർക്ക്ഷയറിലെ പ്രമുഖ അസ്സോസിയേഷനുകളിൽ ഒന്നായ ഹാരോഗേറ്റ് മലയാളി അസ്സോസിയേഷൻറെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 16 ന്  ഹാരോഗേറ്റ് സെയിന്റ് ഏൽറെഡ്സ്  ചർച്ച്  ഹാളിൽ നടക്കും. രാവിലെ 10.30 ന്  ആഘോഷ പരിപാടികൾ ആരംഭിക്കും. അസ്സോസിയേഷനിലെ കുട്ടികളും മുതിർന്നവരും സംയുക്തമായി അവതരിപ്പിക്കുന്ന കലാകായിക സംസ്കാരീക പരിപാടികൾ അരങ്ങേറും. മലയാളത്തിൻറെ തനതായ രുചി വിളിച്ചോതുന്ന വിഭവ സമൃദ്ധമായ ഓണസദ്യയും നടക്കും.
എല്ലാ വർഷവും നടക്കാറുള്ളതു പോലെ അസ്സോസിയേഷനിലെ എല്ലാ കുടുംബങ്ങളും ഒത്തുകൂടി കേരളത്തനിമ ഒട്ടും നഷ്ടപ്പെടാത്ത രുചികരമായ ഓണസദ്യ സ്വയം പാചകം ചെയ്യുകയാണ്.

കേരളത്തനിമയിലുള്ള ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നതായി ഹാരോഗേറ്റ് മലയാളി അസ്സോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

കേരളത്തെ ഞെട്ടിച്ച പ്രമുഖ പീഡനക്കേസിലെ പെൺകുട്ടിയുടെ വിവാഹം അത്യാഡബരപൂർവ്വം നടന്നു. ഇന്ന് പതിനൊന്ന് മണിയോടെയായിരുന്നു വിവാഹം. ക്വട്ടേഷൻ ഗാംങ്ങിൽപ്പെട്ട യുവാവാണ് 25 കാരിയായ യുവതിയെ വിവാഹം കഴിച്ചത്. 100 പവനിലേറെ സ്വർണ്ണാഭരണങ്ങൾ അണിഞ്ഞാണ് യുവതി മണ്ഡപത്തിലേക്ക് എത്തിയത്. ഒരു ഓണ്‍ലൈന്‍ പത്രമാണ് ചിത്രങ്ങള്‍ സഹിതം വാര്‍ത്ത നല്‍കിയത്.

വിവാഹത്തിന് ശേഷം എറണാകുളത്തെ പ്രമുഖ കാറ്ററിംങ് സർവ്വീസാണ് 1000 പേർക്ക് സദ്യ വിളമ്പിയത്. സെലിബ്രേറ്റി വിവാഹത്തിന് മാത്രം മേക്കപ്പ് ചെയ്യുന്ന കൊച്ചിയിലെ വൻകിട ബ്യൂട്ടിപാർലറാണ് യുവതിയെ അണിയിച്ചൊരുക്കിയത്. വിവാഹവും പ്രതികൾക്ക് വേണ്ടിയുള്ള ക്വട്ടേഷൻ ആണെന്നാണ് സൂചന. സബ് രജിസ്റ്റാർ ഓഫീസിൽ വച്ചായാരുന്നു സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം യുവതിയെ യുവാവ് വിവാഹം കഴിച്ചിരുന്നു. എന്നാൽ ആഡംബരപൂർവ്വമായി തന്റെ വിവാഹം നടത്തണമെന്ന യുവതിയുടെ ആഗ്രഹപ്രകാരമാണ് ഇന്ന് വിവാഹം നടത്തിയത്.ക്രിമിനൽ പശ്ചാത്തലമുള്ള വരനെതിരെ നിരവധി കേസുകൾ ഉണ്ട്. ഇയാൾ പ്രണയം നടിച്ച് പെൺകുട്ടിയെ വരുതിയിലാക്കുകയായിരുന്നു. പിന്നീട് ഈ യുവാവിനെ ഉപയോഗിച്ചാണ് മുസ്ലിം ലീഗ് നേതാവിന്റെ പ്രവാസിയായ ഉറ്റബന്ധുവിന് വേണ്ടി പെൺകുട്ടിയെക്കൊണ്ട് മൊഴി അനുകൂലമായി പറയിപ്പിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇതിന് പ്രത്യുപകാരമായി യുവാവിന്റെ സഹോദിയുടെ വിവാഹം ആഡംബരമായി നടത്താൻ പണം നൽകിയെന്നാണ് വിവരം. ഒപ്പം ആഡംബര ഫ്ലാറ്റും വാങ്ങി നൽകി.

പ്രവാസിയായ ഉറ്റബന്ധു സമ്മാനമായി നൽകിയ ഫ്ലാറ്റിലേക്കാണ് വിവാഹം കഴിഞ്ഞ് വധൂവരന്മാർ പോയത്. അന്വേഷണ സംഘത്തിലെ ചില പൊലീസുകാരുടെ ഒത്താശയോടെയാണ് യുവാവ് യുവതിയുമായി അടുപ്പത്തിലായത്. ഇതിന് പൊലീസ് ഉദ്യോഗസ്ഥർക്കും പാരിതോഷികം ലഭിച്ചു. പെൺുട്ടിയുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും കേസിലെ പ്രതികളായതിനാൽ ഇവർ പെൺകുട്ടിയെ കാണരുതെന്നാണ് നിയമം.എന്നാൽ ചട്ടങ്ങൾ ലംഘിച്ച് ഇവരെല്ലാവരും വിവാഹച്ചടങ്ങിൽ പങ്കെടുത്തു. കേസിൽ പെൺകുട്ടി പിടിലായ അന്നുമുതൽ നിയമപരമായി പെൺകുട്ടി ചിൽഡ്രൻസ് ഹോമിലാണ് താമസം. എന്നാൽ കോടതിയുടെ അനുമതി ഇല്ലാതെ വിവാഹത്തിന് മാസങ്ങൾക്ക് മുമ്പേ പെൺകുട്ടി സ്വന്തം വീട്ടിലും യുവാവുമായി കാക്കനാടിലെ ഫ്ലാറ്റിലുമാണ് താമസിക്കുന്നത്. പെൺകുട്ടിക്ക് ലഭിച്ച പണം ഉപയോഗിച്ചാണ് യുവാവിന് വീട് വെച്ചതെന്നും വിവരമുണ്ട്.

പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് ഒരു ലക്ഷം രൂപയ്ക്ക് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിലയ്ക്ക് വാങ്ങി പെൺവാണിഭത്തിന് ഉപയോഗിക്കുകയായിരുന്നു. പൊലീസാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും, വിലയ്ക്ക് വാങ്ങിയ പെൺകുട്ടിയെ വാണിഭത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്നും കണ്ടെത്തിയത്.

 

യെമനില്‍ തീവ്രവാദികളുടെ പിടിയില്‍ നിന്നും മോചിതനായ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി പരിശ്രമിച്ചവരുടെ അവകാശ വാദങ്ങള്‍ ഉച്ചത്തില്‍ ഉയരുമ്പോഴും എങ്ങനെ മോചനം സാധ്യമായെന്നോ മോചിതനായ വൈദികന്‍ എങ്ങോട്ട് പോയെന്നോ പോലും പറയാന്‍ അവകാശികള്‍ക്ക് കഴിയുന്നില്ല . മോചനത്തിന് സഹായകമായത് നയതന്ത്ര ഇടപെടലാണോ മോചന ദ്രവ്യമാണോ എന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ് . ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം മോചന ദ്രവ്യം നല്‍കിയാണ്‌ ഫാ . ടോമിനെ മോചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട് . അങ്ങനെയെങ്കില്‍ അതില്‍ നയതന്ത്രം എവിടെ ? ഒരു കാര്യം ഉറപ്പാണ്  ഒമാന്‍ രാജാവാണ് ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിന് നിര്‍ണ്ണായക ഇടപെടല്‍ നടത്തിയത് . അതിനു അദ്ദേഹത്തോട് നന്ദി പറയാതെ വയ്യ . എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അദ്ദേഹത്തിന്‍റെ ഇടപെടലിനെപ്പോലും വിസ്മരിക്കുന്ന തരത്തിലായി മാറുകയാണോ എന്ന്‍ സംശയിക്കേണ്ടി വരും .

കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം ഉള്‍പ്പെടെയുള്ളവരുടെ ചില പ്രതികരണങ്ങള്‍ അത്തരം സംശയങ്ങള്‍ ജനിപ്പിക്കുന്നതുമാണ്‌ . ഫാ . ടോമിനെ തട്ടിക്കൊണ്ടു പോയ ഭീകരരുടെ ആവശ്യം മോചനദ്രവമായിരുന്നു . തീവ്രവാദികള്‍ മോചനദ്രവമായി ആവശ്യപ്പെട്ടത് ഏകദേശം 240 കോടി രൂപയാണ് . ഇതിൽ 64 കോടി രൂപ തീവ്രവാദികൾക്ക് ഒമാൻ സർക്കാർ വഴി കൈമാറിയെന്നാണ് സൂചന. തീവ്രവാദികളുമായി നേരിട്ട് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് ഒമാൻ സർക്കാരായിരുന്നു . എന്നാല്‍ തുക നല്‍കിയത് വത്തിക്കാനാണോ കേന്ദ്ര സർക്കാരാണോ എന്നതില്‍ സ്ഥിരീകരണമില്ല. ഇക്കാര്യം ആരും പുറത്തു പറയുകയുമില്ല. ഏതായാലും വത്തിക്കാന്റെ ഇടപടിലിൽ ഒമാൻ നടത്തിയ നീക്കമാണ് ഫലം കാണുന്നത് എന്ന് തന്നെയാണ് സൂചന .

പണം നല്‍കിയാണ്‌ മോചനമെങ്കില്‍ അതില്‍ നയതന്ത്രം എവിടെ ?  കാരണം ഫാ . ടോം ഉഴുന്നാലില്‍ മോചിതനായ വിവരം ഇന്ത്യന്‍ എംബസി പോലും മോചനത്തിന് ശേഷമാണ് അറിയുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ നയതന്ത്ര ഇടപെടല്‍ വഴിയായിരുന്നു മോചനമെങ്കില്‍ അദ്ദേഹത്തിന്‍റെ മോചനം മുതല്‍ അദ്ദേഹത്തെ നാട്ടില്‍ എത്തിക്കുന്നതുവരെയുള്ള എല്ലാ നിയന്ത്രണങ്ങളും ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തിലാകുമായിരുന്നു . എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ് . സലേഷ്യന്‍ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ . ടോമിനെ കൊണ്ടുപോകുന്നത് വത്തിക്കാനിലേയ്ക്കാണ് എന്ന് പറയുന്നത് വരെ അദ്ദേഹം എവിടേയ്ക്ക് പോകുന്നു എന്ന് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അറിയില്ലായിരുന്നു . വത്തിക്കാനില്‍ സലേഷ്യന്‍ സഭാ ആസ്ഥാനത്ത് എത്തിച്ച ശേഷം വിദഗ്ദ ചികിത്സയ്ക്ക് വിധേയനാക്കിയ ശേഷം മാത്രമേ അദ്ദേഹത്തെ നാട്ടിലേയ്ക്ക് അയക്കൂ എന്നാണു നിലവില്‍ ലഭിക്കുന്ന സൂചന . ഇപ്പോള്‍ അദ്ദേഹത്തിനാവശ്യം ചികിത്സയാണത്രേ.  അതിനാല്‍ തന്നെ രാജ്യത്തിനു നാണക്കേടായി മാറിയ ഒരു തട്ടിക്കൊണ്ടുപോകല്‍ ഇടപാടില്‍ ഫലപ്രദമായി ഇടപെട്ടു ബന്ദിയാക്കപെട്ട ആളെ മോചിപ്പിക്കാന്‍ കഴിയാത്തവര്‍ പിന്നെ അവകാശ വാദങ്ങളുമായി ഇറങ്ങി തിരിച്ചിരിക്കുന്നതില്‍ കാര്യമില്ല എന്നതാണ് വസ്തുത . ബാക്കിയൊക്കെ ഫാ . ടോമിന്‍റെ സഹോദരന്‍റെ പ്രതികരണത്തില്‍ വ്യക്തമാണ് .

പ്രശസ്ത ഗായിക സെലീന ഗോമസ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയായി. ലോകത്തെ ഞെട്ടിപ്പിച്ചുകൊണ്ട് ഈ വിവരം ഇൻസ്റ്റഗ്രാം വഴിയാണ് താരം പുറത്തുവിട്ടത്. കുറേ നാളായി സംഗീത രംഗത്ത് അത്രയ്ക്കു സജീവമല്ലാതിരുന്ന സെലീനയുടെ ജീവിതത്തെ കുറിച്ച് പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. ഇതിനെല്ലാത്തിനുമുള്ള ഉത്തരമാണ് ഈ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. ലൂപ്പസ് രോഗത്തെ തുടർന്നാണ് 25ാം വയസിൽ വൃക്ക മാറ്റിവയ്ക്കലിന് സെലീന വിധേയായത്. സുഹൃത്തും അഭിനേത്രിയുമായ ഫ്രാൻസിയ റൈസയിൽ നിന്നാണ് സെലീന വൃക്ക സ്വീകരിച്ചത്.

മുതിർന്ന നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പൾസർ സുനിക്കു ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് സുനിക്കു ജാമ്യം അനുവദിച്ചത്. അതേസമയം മറ്റു കേസുകളിൽ റിമാൻഡിൽ കഴിയുന്ന സുനിക്ക് ജയിലിൽ തുടരേണ്ടിവരും. 2011 നവംബറിൽ ജോണി സാഗരിക നിർമിച്ച ഓർക്കൂട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മുതിർന്ന നടിയെ ട്രെമ്പോ ട്രാവലറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. റെയിൽവേ സ്റ്റേഷനിലെത്തിയ നടിയെ ആളുമാറി തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്നു അബദ്ധം പറ്റിയെന്നു മനസിലാക്കിയ സംഘം നടിയെ ഒരു ഹോട്ടലിൽ ഇറക്കിവിട്ടശേഷം മുങ്ങുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved