ഒമാനില്‍ ബസ്സപകടത്തില്‍ മലയാളികളടക്കം 25 പേര്‍ക്ക് പരിക്ക്. സലാലയില്‍ നിന്ന് മസ്‌കത്തിലേക്ക് വരികയായിരുന്ന ഗള്‍ഫ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. മസ്‌കത്തില്‍ നിന്ന് 50 കിലോമീറ്ററോളം അകലെ ജിഫൈനില്‍ വെച്ച് ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട ബസ് പ്രധാന റോഡില്‍ നിന്ന് കുറച്ച് അകലെയുള്ള കുന്നിലേക്ക് ഇടിച്ചു നിര്‍ത്തുകയായിരുന്നു. ബസ് ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മസ്‌കത്തില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിക്ക് തലയ്ക്ക് സാരമായ പരിക്കുണ്ട്. ഇയാള്‍ ഖൗല ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. സലാലയില്‍ ജോലി ആവശ്യാര്‍ഥം പോയി മടങ്ങി വരികയായിരുന്നു ഇയാള്‍. അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്തദാനം ചെയ്യുന്നതിനായി ആളുകള്‍ മുന്നോട്ടു വരണമെന്ന് ഒമാന്‍ ബ്ലഡ് ബാങ്ക് അറിയിച്ചു. രക്തദാനം സാധ്യമാകുന്നവര്‍ ബോഷര്‍ ബ്ലഡ് ബാങ്കില്‍ 24591255, 24594255 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് മാതാവ് രംഗത്ത്. മകന്‍ നിരപരാധിയാണെന്നു ചൂണ്ടിക്കാട്ടി ദിലീപിന്റെ അമ്മ സരോജം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കത്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു മുഖ്യമന്ത്രി കൈമാറി. തനിക്കെതിരായി പി.സി.ജോര്‍ജ് എംഎല്‍എ അപകീര്‍ത്തികരമായ പ്രസ്താവന നടത്തുന്നത് തടയണം എന്നാവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്ക് ഞായറാഴ്ച കത്തയച്ചിരുന്നു. ഇതിനു തൊട്ടടുത്ത ദിവസമാണ് ദിലീപിന്റെ അമ്മയും കത്തയച്ചതെന്നത് ശ്രദ്ധേയമാണ്.
ആലുവ സബ് ജയിലിലെത്തി ദിലീപിനെ കഴിഞ്ഞദിവസം അമ്മ സരോജം സന്ദര്‍ശിച്ചിരുന്നു. സഹോദരന്‍ അനൂപിനൊപ്പമായിരുന്നു സരോജത്തിന്റെ സന്ദര്‍ശനം. നേരത്തെ അമ്മയോടും ഭാര്യയോടും മകളോടും ജയിലില്‍ കാണാന്‍ വരരുതെന്ന് ദിലീപ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ജയില്‍വാസം നീണ്ടതോടെയാണ് അമ്മ കാണാനെത്തിയത്. നടന്‍ ദിലീപിന്റെ ആരോഗ്യം മോശമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദിലീപിനെ സന്ദര്‍ശിച്ച നിര്‍മാതാവ് സുരേഷ് കുമാറും ഇക്കാര്യം സ്ഥിരീകരിച്ചു. ചെവിക്കുള്ളിലെ ഫ്‌ലൂയിഡ് കുറയുന്ന അവസ്ഥയാണു ദിലീപിനെന്നും തുടര്‍ച്ചയായി തലകറക്കം അനുഭവപ്പെട്ടിരിന്നുവെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
അതേസമയം, നടിക്കെതിരായ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നു പി.സി.ജോര്‍ജ് എംഎല്‍എ ചൊവ്വാഴ്ച ആവര്‍ത്തിച്ചു. നടി മുഖ്യമന്ത്രിക്കു പരാതി നല്‍കിയതിനു പിന്നാലെയാണു ജോര്‍ജ് ആരോപണങ്ങള്‍ ആവര്‍ത്തിച്ചത്. നടിയുടെ പരാതിയെ താന്‍ ഭയപ്പെടുന്നില്ല. നടിയുടെ പരാതിയോടെ ദിലീപ് നിരപരാധിയെന്നു തെളിഞ്ഞിരിക്കുകയാണ്. പള്‍സര്‍ സുനി പറയുന്നതു വിശ്വസിക്കരുത്. സുനി പിണറായി വിജയന്റെ പേരു പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമോ? വനിതാ കമ്മിഷന്റെ തലപ്പത്തു യോഗ്യതയുള്ളവര്‍ വരണം. പലകുറി തോറ്റവരെയല്ല കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് ഇരുത്തേണ്ടതെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി പിസി ജോര്‍ജ്. തനിക്കെതിരെ കത്തല്ല എന്ത് കുന്തം കൊടുത്താലും പിന്നോട്ടില്ല. നടിയുടെ പരാതിയോടെ ദിലീപ് നിരപരാധിയെന്ന് തെളിഞ്ഞു. അന്വേഷണം ശരിയായ ദിശയിലല്ല മുന്നോട്ട് പോകുന്നത്. ദിലീപ് നിരപരാധിയാണെന്നും പിസി പറഞ്ഞു.
പള്‍സര്‍ സുനി പറയുന്നത് വിശ്വസിക്കേണ്ട കാര്യമില്ല. സുനി പിണറായി വിജയന്റെ പേരു പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമോ. വനിതാ കമ്മീഷന്റെ തലപ്പത്തും യോഗ്യതയുളളവര്‍ വരണം. പരാതിയെ ഭയപ്പെടുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. പിസി ജോര്‍ജ് എംഎല്‍എ നടത്തിക്കൊണ്ടിരിക്കുന്ന അപകീര്‍ത്തിപരമായ സന്ദേശങ്ങള്‍ക്കെതിരെ ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. പിസി ജോര്‍ജിന്റെ അധിക്ഷേപങ്ങള്‍ കേസിനെ ബാധിക്കുമെന്ന് ആശങ്ക രേഖപ്പെടുത്തിയാണ് കത്ത്. വുമണ്‍ ഇന്‍ സിനിമ കളക്ടീവ് കത്ത് പുറത്തുവിട്ടു.
പാലക്കാട്: ജില്ലാ കളക്ടര്‍ നല്‍കിയ വിലക്ക് മറികടന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് പാലക്കാട് എയിഡഡ് സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തി. പാലക്കാട് മുത്താംന്തറ കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. എയിഡഡ് സ്‌കൂളില്‍ രാഷ്ട്രീയ നേതാവ് പതാക ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് കളക്ടര്‍ അറിയിച്ചിരുന്നു. ആര്‍എസ്എസ് ആഭിമുഖ്യമുള്ള മാനേജ്‌മെന്റാണ് സ്‌കൂള്‍ നടത്തുന്നത്. കളക്ടര്‍ വിലക്കിയെങ്കിലും പരിപാടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബിജെപി അറിയിച്ചിരുന്നു.
സ്‌കൂള്‍ മാനേജ്‌മെന്റ് അംഗങ്ങളും പ്രിന്‍സിപ്പലും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. പോലീസിന് കളക്ടര്‍ ഉത്തരവ് നല്‍കിയിരുന്നെങ്കിലും സ്വാതന്ത്ര്യദിനമായതിനാല്‍ സംയമനം പാലിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്‌കൂളില്‍ എത്തിയ ഉടന്‍ മറ്റ് നടപടിക്രമങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ നേരെ എത്തി മോഹന്‍ ഭഗവത് ദേശീയപതാക ഉയര്‍ത്തുകയായിരുന്നു. വിലക്ക് ലംഘിച്ച് പതാക ഉയര്‍ത്തിയതിന് മോഹന്‍ ഭാഗവതിന് എതിരെ നിയമനടപടികള്‍ പൊലീസ് സ്വീകരിക്കും.
എയ്ഡഡ് സ്‌കൂളുകളില്‍ നിലവിലുളള ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോഹന്‍ ഭാഗവതിനെ നേരത്തെ കളക്ടര്‍ വിലക്കിയത്. ജനപ്രതിനിധികള്‍ക്കോ, പ്രധാന അധ്യാപകനോ പതാക ഉയര്‍ത്താമെന്നും രാഷ്ട്രീയ നേതാക്കളെ എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്താന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നുമാണ് കളക്ടര്‍ വ്യക്തമാക്കിയത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സ്‌കൂള്‍ അധികൃതര്‍ക്കും എസ്പിക്കും ആര്‍എസ്എസ് നേതൃത്വത്തിനും കളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു.
അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയ പി സി ജോര്‍ജിനെതിരെ ആക്രമണത്തിനിരയായ നടി മുഖ്യമന്ത്രിയ്‌ക്ക് കത്തയച്ചു. ജോര്‍ജിന്റെ പ്രസ്താവനകള്‍ കേസിന്റെ വിധിയെ ബാധിക്കുമെന്നും മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നുമാണ് നടിയുടെ ആവശ്യം. പി.സി.ജോര്‍ജ് അങ്ങേയറ്റം അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന
പശ്ചാത്തലത്തിലാണ് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തയച്ചത്. ആക്രമിക്കപ്പെട്ടതിന്റെ പിറ്റേനാള്‍ മുതല്‍ തിരിച്ചുവരവിനു ശ്രമിക്കുന്ന തന്നെ ക്കുറിച്ച് പി സി ജോര്‍ജ് പറഞ്ഞ വാക്കുകള്‍ ഏറെ അപമാനിക്കുന്നതാണ്. ഒരാഴ്ചയോളംവീട്ടിലടച്ചിരുന്ന സമയത്ത് സിനിമയുടെ സംവിധായകനും നിര്‍മാതാവും പ്രധാന നടനും സുഹൃത്തുക്കളും മടങ്ങിചെല്ലണമെന്നും ജോലിയില്‍ തുടരണമെന്നും നിരന്തരമായി നിര്‍ബന്ധിച്ചിരുന്നു. ഏകദേശം പത്തു ദിവസം കഴിഞ്ഞാണ് നേരത്തെ ചെയ്യാമെന്ന് ഏറ്റ ആ സിനിമയുടെ രണ്ടു ദിവസത്തെ ഷൂട്ടിന് പോയത്. പി സി ജോര്‍ജിനെ പോലുള്ളവര്‍ താന്‍ എന്തു ചെയ്യണമെന്നാണ് കരുതുന്നത്? ആത്മഹത്യ ചെയ്യണമായിരുന്നോ? അതോ മനോനില തെറ്റി ഏതെങ്കിലും മാനസിക രോഗകേന്ദ്രത്തിലോ വീടിന്റെ പിന്നാമ്പുറങ്ങളിലോ ഒടുങ്ങണമായിരുന്നോ? അതോ സമൂഹ മധ്യത്തില്‍ പ്രത്യക്ഷപ്പെടാതെ എവിടേക്കെങ്കിലും ഓടിയൊളിക്കണമായിരുന്നോ?.
പി.സി.ജോര്‍ജ് നടത്തിയ പ്രസ്താവനകളെ തുടര്‍ന്ന് രാഷ്‌ട്രീയ സമുദായ നേതാക്കന്മാരും പ്രതിക്ക് അനുകൂലമെന്നോണമുള്ള പ്രസ്താവനകള്‍ പുറപ്പെടുവിച്ചതും നടി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുന്നു. ജോര്‍ജ്ജിനെ പോലുളള ജനപ്രതിനിധികള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പൊതു ബോധത്തെ കുറിച്ച് ഈ നാട്ടിലെ സ്‌ത്രീകള്‍ പേടിക്കേണ്ടതുണ്ട്.ഇതുണ്ടാക്കുന്ന പൊതുബോധം എങ്ങനെ പൊതു സമ്മതിയായി മാറുന്നുവെന്നും അതെങ്ങനെ സ്‌ത്രീത്വത്തിന് നേരെ ഉപയോഗിക്കപ്പെടുന്നുവെന്നും നടി ആശങ്കപ്പെടുന്നു.
കോടതിയുടെ മുന്നിലിരിക്കുന്ന കേസിനെ കുറിച്ച് ജനപ്രതിനിധിയടക്കമുള്ളവര്‍ ചേര്‍ന്ന് രൂപീകരിക്കുന്ന അഭിപ്രായം കേസിന്റെ വിധിയെ ബാധിക്കുമെന്നും ആശങ്കയുണ്ട്. ആക്രമിക്കപ്പെട്ട ഒരു സ്‌ത്രീയും ഇതുപോലെ ജനമധ്യത്തില്‍ വീണ്ടും വീണ്ടും അപമാനിതയാകരുത്.. ഏത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിലായാലും മൂക്കരിയാന്‍ വന്നാല്‍ മറ്റ് പലതും അരിഞ്ഞുകളയുമെന്ന് ഒരു ജനപ്രതിനിധിയും പറയാനിടവരരുതെന്നും മുഖ്യമന്ത്രിയ്‌ക്കയച്ച കത്തില്‍ നടി പറയുന്നു.
വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്‌റ്റില്‍. തെക്കേക്കര ഉമ്പര്‍നാട് സരസമ്മ വിലാസത്തില്‍ ബിനേഷ് കുമാറി(40)നെ കുറത്തികാട് പോലീസാണ് അറസ്‌റ്റിലായത്.
ബിനേഷിന്റെ ഭാര്യ ലിജിമോളെ (30) കഴിഞ്ഞ 11-ന് ബിനേഷിന്റെ മാതൃസഹോദരിയുടെ പൊന്നേഴ പുല്ലേലില്‍ വീട്ടിലെ കിണറ്റിലാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലു മാസം പ്രായമുള്ള മകള്‍ക്കു പാല്‍ നല്‍കിയ ശേഷം രാവിലെ ഏഴരയോടെ തുണി കഴുകാനായി കിണറിനു സമീപത്തേക്കു പോയ ലിജിമോളെ ഏറെനേരമായിട്ടും കാണാതിരുന്നതോടെ അന്വേഷിച്ചപ്പോഴാണു മൃതദേഹം കണ്ടെത്തിയത്.
ലിജിമോള്‍ ബന്ധുക്കളെ കാണാന്‍ ബിനീഷ് അനുവദിക്കാറില്ലായിരുന്നുവെന്നും
ലിജിമോളുടെ ബന്ധുക്കള്‍ ബുധനാഴ്‌ച പൊന്നേഴയിലെ വീട്ടില്‍ വന്നപ്പോഴും ബിനേഷ് മോശമായി പെരുമാറിയിരുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.
ആത്മഹത്യാ പ്രേരണ, സ്‌ത്രീധനപീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ബിനേഷിനെതിരെ കേസെടുത്തിരിക്കുന്നതന്ന് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി: കെ.ആര്‍. ശിവസുതന്‍ പിള്ള, മാവേലിക്കര സി.ഐ: പി. ശ്രീകുമാര്‍, കുറത്തികാട് എസ്.ഐ: എ.സി. വിപിന്‍, മാവേലിക്കര എസ്.ഐ: എസ്. ശ്രീകുമാര്‍ എന്നിവര്‍ അറിയിച്ചു. പ്രതിയെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
നടിയെ ആക്രമിച്ച കേസില്‍ പരാമര്‍ശിക്കപ്പെടുന്ന ‘മാഡം’ കെട്ടുകഥയല്ലെന്നു സൂചന. ഇവരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും വിവരമുണ്ട്. കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനു മുന്‍പേ മാഡത്തിന്റെ അറസ്റ്റ് നടത്താനും അന്വേഷണ സംഘം നീക്കം തുടങ്ങി. എന്നാല്‍ വാര്‍ത്തകളില്‍ പ്രചരിക്കുന്നതു പോലെ കാവ്യാ മാധവനോ കാവ്യയുടെ അമ്മയോ അല്ല മാഡമെന്ന സൂചനകളാണ് പുറത്തു വരുന്നത്.
കേസില്‍ ആദ്യ ഘട്ടം മുതല്‍ സംശയ നിഴലില്‍ നില്‍ക്കുന്ന സംവിധായകന്റെ ഭാര്യയാണ് മാഡമെന്ന് പൊലീസ് ഏറെ കുറെ ഉറപ്പിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി സിനിമാ രംഗത്ത് നിരവധി ക്വട്ടേഷന്‍ കൊടുത്തിട്ടുള്ള ഇവര്‍ പോലീസിന്റെ നോട്ടപ്പുള്ളിയാണ്. ആഡംബര ജീവിതം നയിക്കുന്ന മാഡവും ദിലീപും തമ്മിലുള്ള ബന്ധം കോര്‍ത്തിണക്കാനുള്ള ശ്രമങ്ങളും പൊലീസ് അരംഭിച്ചിട്ടുണ്ട്.
ദിലീപ് കാവ്യ, പള്‍സര്‍ സുനി എന്നിവരുമായി നേരിട്ട് ബന്ധമുള്ള ഇവര്‍ സിനിമാ രംഗത്തെ നിരവധി പേരുമായി ബന്ധം പുലര്‍ത്തിയിരുന്നുവത്രേ. ദിലീപിന്റെ വിദേശ പര്യടനങ്ങളില്‍ ഇവരുടെ സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് നേരത്തെ ട്രൂപ്പിലെ നിരവധി പേരെ ചോദ്യം ചെയ്തതെന്നും സൂചനകളുണ്ട്. അതേസമയം ഇവരെ സംരക്ഷിക്കാന്‍ സംവിധായകനായ ഭര്‍ത്താവ് കിണഞ്ഞു പരിശ്രമിക്കുകയാണെന്നാണ് വിവരം. രാഷ്ട്രീയത്തിലും ഉന്നത തലങ്ങളിലും പിടിപാടുള്ള സംവിധായകന്‍ ഇതിനായി പലരെയും കണ്ടതായും സൂചനയുണ്ട്. തൃക്കാക്കര എംഎല്‍എ പി.ടി. തോമസാണ് യഥാര്‍ഥ മാഡത്തെ കുറിച്ച് സൂചനകള്‍ നല്‍കിയതെന്നും വിവരമുണ്ട്.
ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ പി.സി.ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ വനിത കമ്മിഷന്‍ കേസെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കമ്മീഷന്‍ നോട്ടീസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകുമെന്ന് പറഞ്ഞ പി.സി ജോര്‍ജ് തന്നെ തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷനാകിലല്ലോ എന്നും പരിഹസിച്ചിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തില്‍ പി.സി ജോര്‍ജിനെതിരെ നടി സജിത മഠത്തില്‍ രംഗത്തെത്തി. ഈ ദിവസങ്ങളില്‍ അവള്‍ പൊഴിക്കുന്ന കണ്ണനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരുമെന്നും ഇനിയും അവളെ വേദനിപ്പിക്കരുതെന്നും സജിത പറയുന്നു.
സജിതയുടെ കുറിപ്പ് വായിക്കാം
എനിക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ് ഈ പ്രസ്താവനകള്‍ എന്നവള്‍ പറയുമ്പോള്‍ വേദനിക്കുന്നത് ആത്മാഭിമാനമുള്ള സ്ത്രീകളുടെ മനസ്സുകൂടിയാണ്. ഇരയായി നിശ്ശബ്ദമായി കരഞ്ഞു തീര്‍ക്കാനുള്ളതല്ല അവളുടെ ജീവിതം. സ്ത്രീ കരുത്തിന്റെ പ്രതീകമായാണ് ഞങ്ങളവളെ കാണുന്നത്. ഈ ദിവസങ്ങളില്‍ അവള്‍ പൊഴിക്കുന്ന കണ്ണീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും പി.സി.ജോര്‍ജ്ജ് ! അവളുടെ ഇച്ഛാശക്തിയെ തകര്‍ക്കാന്‍ ഇനി ഞങ്ങള്‍ അനുവദിക്കില്ല. സുഹൃത്തുക്കളെ ഏറെ വേദനയോടെയാണ് ഞാനിത് എഴുതുന്നത്. അവളെ ഇനിയും വേദനിപ്പിക്കരുത് , ഞങ്ങള്‍ കൂടെ ഉണ്ട് എന്നു പറയേണ്ട സമയമാണിത്. ടീച്ചര്‍ക്ക്, ഈ കുറിപ്പിന് ഏറെ നന്ദി!
സംഭവത്തില്‍ എഴുത്തുകാരി ശാരദക്കുട്ടിയും തന്റെ നിലപാട് വ്യക്തമാക്കി.
ആക്രമിക്കപ്പെട്ട ഒരു പെണ്‍കുട്ടിയോട് അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പോലീസിനോ കോടതിക്കോ ഒക്കെ പല തരം ചോദ്യങ്ങള്‍ ചോദിക്കേണ്ടി വരും.
അത് ചിലപ്പോള്‍ അവള്‍ക്കു ഒരിക്കല്‍ നേരിട്ട പീഡാനുഭവത്തെ മുഴുവന്‍ വീണ്ടും അനുഭവിക്കുന്ന അതേ വേദന ഉളവാക്കുകയും ചെയ്യും.ഇതെല്ലാം അറിഞ്ഞു കൊണ്ട് തന്നെ ധൈര്യത്തോടെ ഒരു പെണ്‍കുട്ടി, കേസ് കൊടുക്കാന്‍ തയ്യാറായപ്പോള്‍ പ്രബുദ്ധമായ കേരളസമൂഹം അവള്‍ക്കു സകല പിന്തുണയും കൊടുത്ത് കൂടെ നിന്നു.
കോടതി ചോദിക്കേണ്ട ചോദ്യങ്ങള്‍ നിരന്തരം ഇങ്ങനെ ചോദിക്കാന്‍, മിസ്റ്റര്‍ പി സി ജോര്‍ജ്ജ്, നിങ്ങള്‍ക്ക് അവകാശമില്ല. പക്ഷെ, നിങ്ങള്‍ക്ക് മാത്രം ഇതൊന്നും മനസ്സിലാകില്ല. കാരണം ഒരു ചികിത്സക്കും വശംവദമാകാന്‍ കൂട്ടാക്കാത്ത ഒരു സ്ഥൂലരോഗപിണ്ഡമായി മാറിക്കഴിഞ്ഞിരിക്കുന്നു നിങ്ങളുടെ മനസ്സും ബോധവും.
പറഞ്ഞിട്ട് കാര്യമില്ല, സ്വയം പ്രഖ്യാപിത കോടതിയണല്ലോ നിങ്ങള്‍. തളയ്ക്കാന്‍ ആരുമില്ലാത്ത. മദയാന. തെറ്റ് ചെയ്തവര്‍ ആരായാലും, നിയമപരമായി ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും, അവള്‍ സമൂഹത്തിനു നല്‍കിയ ഒരു സന്ദേശം ഉണ്ട്. ഭാവിയിലെ പെണ്‍കുട്ടികള്‍ക്കും ഞങ്ങളെ പോലെ ഉള്ള മുതിര്‍ന്ന സ്ത്രീകള്‍ക്കും പകര്‍ന്നു തന്ന ഒരു കരുത്തുണ്ട്.അത് ഇത്രയും കാലത്തെ നിങ്ങളുടെ ‘പൊതുപ്രവര്‍ത്തന’ത്തില്‍ നിന്ന് , അതിനു അവസരം തന്നെ ജനതയോടുള്ള കടപ്പാടായി പോലും തിരിയെ നല്‍കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. നിങ്ങളുടെ വ്യര്‍ഥതയെ ആണ് അത് സൂചിപ്പിക്കുന്നത്. വിഫലമീ യാത്ര എന്ന് കാലം നിങ്ങളെ വിലയിരുത്തും, മിസ്റ്റര്‍ പി സി ജോര്‍ജ്.
ദുരൂഹ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി മാസിന്‍(17) വെടിയേറ്റു മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മാനത്ത്മംഗലം സ്വദേശി മുസമ്മില്‍ ആണ് അറസ്റ്റിലായത്. തോക്കു ചൂണ്ടി ഫോട്ടോയെടുക്കുന്നതിനിടെ മാസിന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അതേസമയം, മാസിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ് വെടിയേറ്റ് ചോരയില്‍ കുളിച്ച നിലയില്‍ യുവാവിനെ രണ്ട് സുഹൃത്തുക്കള്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. സ്‌കൂട്ടറിന്റെ നടുവില്‍ ഇരുത്തിയാണ് മാസിനെ ആശുപത്രിയില്‍ എത്തിച്ചത്. അത്യാഹിത വിഭാഗത്തിനു മുന്നിലെത്തിയപ്പോള്‍ പിന്നിലിരുന്ന യുവാവ് എഴുന്നേല്‍ക്കുമ്പോള്‍ യുവാവ് പിന്നോട്ട് വീഴാന്‍ പോകുന്നതായി ദൃശ്യത്തില്‍ കാണാം.
മാസിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കഴുത്തിന്റെ ഒരുവശത്തു വെടിയേറ്റ മാസിന്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു. ആശുപത്രിയിലെത്തിച്ച ഈ യുവാക്കള്‍ ഡോക്ടര്‍മാരെയും പൊലീസിനെയും വിവരമറിയിക്കാതെ കടന്നു കളഞ്ഞിരുന്നു. മരിച്ച യുവാവിന്റെ ഇടതുകാലിലെ വിരലുകളില്‍ റോഡിലുരഞ്ഞ മുറിവുണ്ട്. നഗരത്തിനടുത്തു പൂപ്പലം നിരപ്പിലെ ഒഴിഞ്ഞ സ്ഥലത്താണു സംഭവം നടന്നതെന്നും എയര്‍ഗണ്ണില്‍നിന്നുള്ള വെടിയാകാമെന്നും പൊലീസ് കണ്ടെത്തി. മാസിന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഈ ഭാഗത്ത് എത്തിയതായി പറയുന്നു. തോക്ക് ആരുടേതെന്നു വ്യക്തമല്ല. കോഴിക്കോട്ട് താമസിച്ചുപഠിക്കുന്ന മാസിന്‍ വെള്ളിയാഴ്ചയാണു വീട്ടിലെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്കു രണ്ടോടെയാണു വീട്ടില്‍നിന്നിറങ്ങിയത്. പിന്നീട് വീട്ടുകാര്‍ അറിയുന്നതു മരണവാര്‍ത്തയാണ്.
[ot-video][/ot-video]
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിലുള്ള മാഡം സിനിമ നടിയെന്ന് പള്‍സര്‍സുനി. നടിയുടെ പേര് പതിനാറാം തിയതി വെളിപ്പെടുത്തുമെന്നും സുനി ആവര്‍ത്തിച്ചു. കോട്ടയത്ത് മറ്റൊരു കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.
മാഡം എന്നത് സാങ്കല്‍പ്പിക കഥാപാത്രമാണെന്നായിരുന്നു അന്വേഷണസംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പോലീസിനെ തള്ളികൊണ്ട് അങ്ങനെയൊരു വ്യക്തിയുണ്ടെന്നും, ഈ വരുന്ന പതിനാറാം തിയതി പ്രമുഖന്‍ വെളിപ്പെടുത്തിയാലും ഇല്ലെങ്കിലും മാഡത്തിന്റെ പേര് വെളിപ്പെടുത്തുമെന്നും പള്‍സര്‍ സുനി ആവര്‍ത്തിച്ചു.
കഴിഞ്ഞ ദിവസം ബൈക്ക് മോഷണകേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോഴും മാഡം ഒരു കെട്ടുകഥയല്ലെന്നും സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖയായ ആളാണെന്നും പള്‍സര്‍ സുനി വ്യക്തമാക്കിയിരുന്നു. അതാരാണെന്ന് വിഐപി തന്നെ പറയട്ടെയെന്നും സിനി പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച വേളയില്‍ ക്വട്ടേഷന് പിന്നില്‍ മാഡമാണെന്ന് പള്‍സര്‍ സുനി നടിയോട് പറഞ്ഞിരുന്നു. നടി നല്‍കിയ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. പള്‍സര്‍ സുനി പോലീസിന് നല്‍കിയ മൊഴിയിലും മാഡത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇത് ദിലീപിനെ രക്ഷിക്കാനുള്ള തന്ത്രമാണിതെന്നും അന്വേഷണം ദിലീപിലേക്ക് എത്താതിരിക്കാന്‍ സുനി സാങ്കല്‍പ്പികമായി സൃഷ്ടിച്ച കഥാപാത്രമാണ് മാഡമെന്നുമുള്ള നിഗമനത്തിലായിരുന്നു പോലീസ് ഇതുവരെ.