ഇന്ന് അഭിഭാഷകന്‍ മുഖേന സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളി. ചീഫ് ജസ്റ്റിസ് അടക്കമുള്ള ഏഴംഗ ബഞ്ചാണ് ശിക്ഷ വിധിച്ചതെന്നും ഇനി പ്രത്യേക ബഞ്ചിന് മാത്രമെ ഹർജി പരിഗണിക്കാൻ സാധിക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി.

കര്‍ണനെ ഇന്ന് കൊല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലിലേയ്ക്ക് മാറ്റും. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഇന്ന് രാവിലെയാണ് കര്‍ണനെ കൊല്‍ക്കത്തയിലെത്തിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ജസ്റ്റിസ് കര്‍ണനെ തമിഴ്നാട് പോലീസിന്റെ സഹായത്തോടെ കൊല്‍ക്കത്ത പോലീസ് അറസ്റ്റു ചെയ്തത്. പോലീസിനെ കണ്ട ജസ്റ്റിസ് കര്‍ണന്‍ അവരുമായി രൂക്ഷമായ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതിനുശേഷമാണ് വഴങ്ങിയത്.

മേയ് ഒമ്പതിനാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ബെഞ്ച് ജസ്റ്റിസ് കര്‍ണനെ ശിക്ഷിച്ചത്. തുടര്‍ന്ന് പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ പോകുകയായിരുന്നു.

മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കെ, സഹജഡ്ജിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് ജസ്റ്റിസ് കര്‍ണനെ കല്‍ക്കത്ത ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റുകയായിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ ശിക്ഷവിധിച്ചതാണ് കോടതിയലക്ഷ്യ നടപടിയിലെത്തിച്ചത്. ഇതിനിടെ ശിക്ഷ റദ്ദാക്കാനാവശ്യപ്പെട്ട് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ജസ്റ്റിസ് കര്‍ണനെ അറസ്റ്റുചെയ്യുന്ന വിഷയത്തില്‍ സഹകരിക്കുന്നില്ലെന്നുപറഞ്ഞ് ബംഗാള്‍ ഡി.ജി.പി. തമിഴ്നാട് പോലീസിനെ നേരത്തേ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.