കാസര്‍ഗോഡ് ചെമ്മട്ടംവയല്‍ പള്ളി സെമിത്തേരിയില്‍ ദുരൂഹ സാഹചര്യത്തില്‍ കുഴിമാടം കണ്ടെത്തി. കണ്ണൂര്‍ ബിഷപ്പ് ഹൗസിന്റെ പരാതിയില്‍ കുഴിമാടം പൊലീസ് തുറന്ന് പരിശോധിക്കും. പള്ളി സെമിത്തേരിയില്‍ വികാരി അടക്കമുള്ള പള്ളി അധികാരികള്‍ അറിയാതെ മൃതദേഹം അടക്കം ചെയ്തതായാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസാണ് നാളെ കുഴിമാടം തുറന്ന് പരിശോധിക്കുന്നത്.

കഴിഞ്ഞ ദിവസം സെമിത്തേരിയില്‍ മറ്റൊരു സംസ്‌ക്കാര ചടങ്ങ് നടക്കവെയാണ് സംഭവം ശ്രദ്ധയില്‍ പെടുന്നത്. ഇതോടെ പള്ളി കമ്മിറ്റി ഭാരവാഹികള്‍ ഹോസ്ദുര്‍ഗ്ഗ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കണ്ണൂര്‍ രൂപതയുടെ കീഴിലുള്ളതാണ് ചെമ്മട്ടംവയല്‍ പള്ളി. അഞ്ച് ഇടവകകളിലെ മരിച്ചവരെ അടക്കാന്‍ ഉപയോഗിക്കുന്നതാണ് ചെമ്മട്ടംവയല്‍ പള്ളി സെമിത്തേരി. കണ്ണൂര്‍ ബിഷപ്പ് ഹൗസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വികാരി ഫാദര്‍ മാര്‍ട്ടിന്‍ രാജപ്പന്റ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

മൃതദേഹം അടക്കം ചെയ്തതായി സംശയം ഉള്ളതിനാല്‍ ആര്‍ഡിഒ യുടെ സാന്നിധ്യത്തില്‍ മാത്രമേ കുഴിമാടം തുറന്ന് പരിശോധിക്കാനാകൂ. ഇതിനായി ഹോസ്ദുര്‍ഗ്ഗ് പോലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പള്ളി കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തില്‍ നാളെ കഴിമാടം തുറക്കും. സ്ഥലത്ത് പൊലീസ് കാവലും ഏര്‍പ്പടുത്തിയിട്ടുണ്ട്.