Latest News

‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ചത് സഭയുടെ മുന്‍നിലപാടുകളുടെ തുടര്‍ച്ചയെന്ന് വിലയിരുത്തല്‍. നര്‍ക്കോട്ടിക് ജിഹാദ് നിലവിലുണ്ടെന്ന് കഴിഞ്ഞവര്‍ഷം പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട് നിലപാടെടുത്തിരുന്നു. ലവ് ജിഹാദ് വഴി കത്തോലിക്കാ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി ഇടുക്കി മുന്‍ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ 2015-ല്‍ നടത്തിയ പ്രസംഗം വലിയ വിവാദമായിരുന്നു. ഇപ്പോള്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിന് തിരഞ്ഞെടുപ്പു രാഷ്ട്രീയവുമായി ബന്ധമില്ലെന്നാണ് വാദം.

സിനിമ പ്രദര്‍ശിപ്പിച്ചതില്‍ അനൗചിത്യം ഉണ്ടാകാമെങ്കിലും അതില്‍ തെറ്റുണ്ടെന്നു പറയാനാകില്ലെന്ന് സഭയുടെ ഔദ്യോഗികപക്ഷത്തുള്ളവര്‍ പറഞ്ഞു. ഇതില്‍ ഒരു രാഷ്ട്രീയവുമില്ല. ഏതെങ്കിലും കക്ഷിക്ക് വോട്ടുചെയ്യാന്‍ മെത്രാന്മാര്‍ പറഞ്ഞാല്‍ വിശ്വാസികള്‍ വോട്ടുചെയ്യുന്ന കാലമൊക്കെ പോയി. മണിപ്പുര്‍ വിഷയമൊക്കെ വിശ്വാസികളുടെ മനസ്സിലുണ്ട് -മുതിര്‍ന്ന വൈദികന്‍ പറഞ്ഞു.

അതേസമയം, സിനിമാപ്രദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് സിറോ മലബാര്‍സഭ മുന്‍വക്താവ് ഫാ. പോള്‍ തേലക്കാട്ട് രംഗത്തെത്തി. ഇന്ത്യയില്‍ ഇപ്പോഴെന്താണ് നടക്കുന്നതെന്നറിയാത്ത അപക്വമതികളുടെ അവിവേകവും ആത്മഹത്യാപരവുമായ നടപടിയാണ് ഇതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിഷയത്തില്‍ കാര്യമായി പ്രതികരിച്ചിട്ടില്ല. സഭയ്ക്ക് നിര്‍ണായകസ്വാധീനമുള്ള മണ്ഡലമാണ് ഇടുക്കി. 2014-ല്‍ കോണ്‍ഗ്രസ് അവിടെ പരാജയപ്പെടാനുള്ള ഒരു കാരണവും അന്ന് എം.പി.യായിരുന്ന പി.ടി. തോമസ് രൂപതയ്ക്കെതിരേ സ്വീകരിച്ച നിലപാടുകളായിരുന്നു. സിനിമാ പ്രദര്‍ശനത്തെ അപലപിച്ച പ്രതിപക്ഷനേതാവിനെ കെ.സി.ബി.സി. വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി രൂക്ഷമായി വിമര്‍ശിച്ചു. പള്ളിപ്പറമ്പില്‍ക്കയറി സതീശന്‍ അഭിപ്രായം പറയേണ്ടെന്ന് അദ്ദേഹം ‘മാതൃഭൂമി’യോടു പറഞ്ഞു.

സംസ്ഥാനത്ത് ഇന്നും വേനല്‍മഴയെത്തും. ആറ് ജില്ലകളില്‍ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ജില്ലകളിലാണ് ഇന്ന് മഴമുന്നറിയിപ്പുള്ളത്.

നാളെ ആലപ്പുഴ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലും മഴ ലഭിക്കും. വെള്ളിയാഴ്ച മുഴുവൻ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന സൂചന.

അതേസമയം, സംസ്ഥാനത്ത് ഇന്നലെയും ഏറ്റവും കൂടുതല്‍ ചൂട് പാലക്കാട് രേഖപ്പെടുത്തി. ഔദ്യോഗികമായി സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ചൂട് ആണ് ഇന്നലെ പാലക്കാട്‌ ( 40.6 ഡിഗ്രി സെല്‍ഷ്യസ്) രേഖപെടുത്തിയത്. തുടർച്ചയായി അഞ്ചാം ദിവസമാണ് പാലക്കാട്‌ 40ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപെടുത്തുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് സജീവ അംഗവും ചെസ്റ്റർട്ടൺ വാട്ടർഹേസിൽ താമസിക്കുകയും ചെയ്യുന്ന സന്തോഷ് അബ്രഹാമിന്റെ മാതാവ് ലിസിയമ്മ എബ്രഹാം ( 76 ) നിര്യാതയായി .

ശവസംസ്‌കാര ചടങ്ങുകൾ വ്യാഴാഴ്ച്ച (11/ 04 / 2024 ) തീക്കോയി സെന്റ് മേരീസ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. വ്യാഴാഴ്ച നാല് മണിയോടെ സ്വഭവനത്തിൽ ചടങ്ങുകൾ ആരംഭിക്കും .
മക്കൾ: ഓമന എബ്രഹാം , ചാർളി എബ്രഹാം, സന്തോഷ് എബ്രഹാം, ജോർജ്‌ലാൽ എബ്രഹാം .

സന്തോഷ് അബ്രഹാമിന്റെ മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സെന്‍സെക്‌സും നിഫ്റ്റിയും പുതിയ ഉയരം കുറിച്ചതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുടെ സംയോജിത വിപണി മൂല്യം 1.3 ലക്ഷം കോടി രൂപ ഉയര്‍ന്ന ഇതാദ്യമായി 400 ലക്ഷം കോടി കടന്നു. സെന്‍സെക്‌സിലെ നേട്ടം 600 പോയന്റാണ്. റെക്കോഡ് നിലവാരമായ 74,869ലാണ് വ്യാപാരം നടന്നത്. നിഫ്റ്റിയാകട്ടെ 22,700 എന്ന നാഴികക്കല്ല് പിന്നിടുകയും ചെയ്തു.

കടപ്പത്ര ആദായം കൂടുമ്പോള്‍ ഓഹരികള്‍ തിരിച്ചടിനേരിടുമെന്ന പരമ്പരാഗത സിദ്ധാന്തത്തെ അവഗണിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് വിപണിയിലുണ്ടായത്. നാല് മാസത്തെ ഉയര്‍ന്ന നിലവാരമായ 4.44 ശതമാനത്തിലെത്തിയിരിക്കുന്നു യുഎസിലെ പത്ത് വര്‍ഷത്തെ കടപ്പത്ര ആദായം. പത്ത് വര്‍ഷത്തെ ഇന്ത്യയിലെ കടപ്പത്ര ആദായമാകട്ടെ 7.1438 ശതമാനമായും ഉയര്‍ന്നു.

ഓട്ടോ, മെറ്റല്‍ ഓഹരികളാണ് വിപണിയെ ചലിപ്പിച്ചത്. അതേസമയം മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ തിരിച്ചടി നേരിടുകയും ചെയ്തു. ഐഷര്‍ മോട്ടോഴ്‌സ്, മാരുതി സുസുകി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ മൂന്നു മുതല്‍ അഞ്ച് ശതമാനംവരെ നേട്ടമുണ്ടാക്കി.

തൊഴിലവസരങ്ങള്‍ വര്‍ധിച്ചത് യുഎസ് സൂചികകള്‍ നേട്ടമാക്കി. നാസ്ദാക്കും എസ്ആന്‍ഡ്പി 500 സൂചികയും വെള്ളിയാഴ്ച ഒരു ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. പണനയ ചാലകങ്ങള്‍ക്കുപകരം സമ്പദ്‌വ്യവസ്ഥയുടെ മുന്നേറ്റ സാധ്യതകളാണ് ഇത്തവണ നിക്ഷേപകര്‍ പരിഗണിച്ചത്. ഹോങ്കോങ്, ടോക്കിയോ, സിഡ്‌നി, സിംഗപൂര്‍, തായ്‌പേയ് എന്നിവിടങ്ങളിലെ വിപണികളിലും അതിന്റെ പ്രതിഫലനമുണ്ടായി.

തെക്കന്‍ ഗാസയില്‍നിന്ന് കൂടുതല്‍ സൈനികരെ ഇസ്രായേല്‍ പിന്‍വലിക്കുകയും വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയും ചെയ്തതോടെ അസംസ്‌കൃത എണ്ണവിലയില്‍ നേരിയതോതിലെങ്കിലും കുറവുണ്ടായി. ബ്രന്റ് ക്രൂഡ് വില ബാരലിന് 90 ഡോളറില്‍ താഴെയെത്തി.

വിദേശ നിക്ഷേപകര്‍ വന്‍കിട ഓഹരികള്‍ വാങ്ങിക്കൂട്ടിയതാണ് നിഫ്റ്റിയിലെ മുന്നേറ്റത്തിന്റെ പ്രധാന ഘടകം. 35,000 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് കഴിഞ്ഞ മാസം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വാങ്ങിക്കൂട്ടിയത്. വെള്ളിയാഴ്ചയകാട്ടെ 1,700 കോടി രൂപയുടെ അറ്റ നിക്ഷേപകരുമായി. റീട്ടെയില്‍ നിക്ഷേപകരും വിപണിയുടെ കരുത്തിനൊപ്പം നീങ്ങി.

പാദഫലങ്ങള്‍ പുറത്തുവരുന്നതിന് മുന്നോടിയായി വരുമാന സൂചനകള്‍ കമ്പനികള്‍ പുറത്തുവിടാന്‍ തുടങ്ങിയത് വിപണി നേട്ടമാക്കി. 2023-24 സാമ്പത്തിക വര്‍ഷം 20 ലക്ഷം യൂണിറ്റ് എയര്‍കണ്ടീഷണറുകള്‍ വിറ്റഴിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ വോള്‍ട്ടാസിന്റെ ഓഹരി വില ഏഴ്‌ ശതമാനത്തോളം ഉയര്‍ന്നു. മികച്ച വരുമാന വളര്‍ച്ച പ്രതീക്ഷിക്കാമെന്ന നൈകയുടെ അവകാശവാദവും തുണച്ചു. ഓഹരി വില ആറ് ശതമാനത്തോളം ഉയരാന്‍ അതിടയാക്കി.

മാര്‍ച്ച് 12ന് ടിസിഎസിന്റെ പ്രവര്‍ത്തന ഫലം പുറത്തുവരുന്നതോടെ നാലാം പാദത്തിലെ വരുമാന സീസണ് തുടക്കമാകും. അത് മുന്നില്‍കണ്ടാണ് നിക്ഷേപകരുടെ ഇപ്പോഴത്തെ നീക്കം. ഓട്ടോ, ധനകാര്യ സേവനം തുടങ്ങിയ മേഖലകള്‍ ശരാശരി 15 ശതമാനത്തിന് മുകളില്‍ വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചു. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി ആകെ 194 സ്ഥാനാര്‍ഥികളാണുള്ളത്.

ഏറ്റവും അധികം സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുള്ളത് കോട്ടയത്താണ്, 14 പേര്‍. അഞ്ചുപേര്‍ മത്സരിക്കുന്ന ആലത്തൂരാണ് ഏറ്റവും കുറച്ച് സ്ഥാനാര്‍ഥികളുള്ളത്. കോട്ടയത്തിന് തൊട്ടുപിന്നിലായി 13 സ്ഥാനാര്‍ഥികളുമായി കോഴിക്കോടാണുള്ളത്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ 12 പേര്‍ വീതവും മത്സര രംഗത്തുണ്ട്.

ആകെ 290 പേരായിരുന്നു പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും സൂക്ഷ്മപരിശോധനയില്‍ അപാകതകള്‍ ചൂണ്ടിക്കാട്ടി 86 പേരുടെ പത്രിക തള്ളി. തുടര്‍ന്ന് 204 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് (തിങ്കളാഴ്ച) പത്തുപേര്‍ പത്രിക പിന്‍വലിച്ചതോടെ സ്ഥാനാര്‍ഥികളുടെ എണ്ണം 194 ആയി. ഏപ്രില്‍ 26-നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ജൂണ്‍ നാലിന് വോട്ടെണ്ണല്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടികയും തയ്യാറായിട്ടുണ്ട്. 2.77 കോടി (2,77,49,159) വോട്ടര്‍മാരാണ് ഈ അവസാന വോട്ടര്‍പട്ടികയില്‍ സംസ്ഥാനത്താകെയുള്ളത്. ജനുവരി 22-ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍നിന്ന് 6.49 ലക്ഷം (6,49,833) വോട്ടര്‍മാരുടെ വര്‍ധനവുണ്ട്. അതേസമയം വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 2,01,417 പേര്‍ ഒഴിവായി.

പതിനേഴുകാരനായ വിദ്യാര്‍ത്ഥി ഓടിച്ച ബൈക്കിടിച്ച്‌ കേടുപാടുണ്ടായ കാറിന്റെ ഉടമയായ ഡോക്ടറിന് ഒന്നര ലക്ഷം രൂപ നഷ്ട പരിഹാരം വിദ്യാര്‍ത്ഥിയുടെ പിതാവില്‍ നിന്ന് ഈടാക്കി നല്‍കാന്‍ കോട്ടയം മോട്ടോര്‍ ആക്‌സിഡന്റ് ട്രിബ്യൂണല്‍ കെന്നത്ത് ജോര്‍ജ് വിധിച്ചു.

2018 ഒക്ടോബര്‍ 20ന് അരയന്‍ കാവ് കാഞ്ഞിരമറ്റം റോഡില്‍ സെന്റ് ജോര്‍ജ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. അമിത വേഗത്തില്‍ മറ്റൊരു കാറിനെ അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാറില്‍ ഇടിക്കുകയായിരുന്നു.

45 ദിവസത്തിനകം തുക ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്നും കമ്പനി പിന്നീട് പിതാവില്‍ നിന്ന് ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജിക്കാരിക്ക് വേണ്ടി അഡ്വക്കേറ്റ് പി.രാജീവ് കോടതിയില്‍ ഹാജരായി.

ഡോൺബോസ്കോ ഐ.ഡി.യിൽനിന്ന് ആര്യയ്ക്ക് ആരാണ് മെയിൽ അയച്ചതെന്ന വിവരങ്ങൾ പോലീസിന് തിങ്കളാഴ്ച ലഭിക്കും. ഏത് സെർവറിൽനിന്നാണ് ഇവ വന്നതെന്ന വിവരം ഗൂഗിൾ കൈമാറും. ഈ വിവരങ്ങൾ ലഭിക്കുന്നതോടെ ആരുടെ പ്രേരണയിലാണ് ഇവർ ഈ ജീവിതം തിരഞ്ഞെടുത്തതെന്ന്‌ മനസ്സിലാകുമെന്ന് പോലീസ് പറഞ്ഞു. നവീൻതന്നെയാണ് ഡോൺബോസ്കോ എന്ന വ്യാജ ഇ-മെയിൽ ഐ.ഡി. കൈകാര്യംചെയ്തിരുന്നതെന്ന നിഗമനത്തിലാണ് നിലവിൽ പോലീസ് സംഘം.

അതിനിടെ വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന നവീന്റെ കാറിൽനിന്ന് പ്രത്യേകതരത്തിലുള്ള കല്ലുകളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആളുകൾ അണിയുന്ന ഷാളുകളും കണ്ടെത്തി. കത്തികളും അന്യഗ്രഹജീവിയുടെ ചിത്രങ്ങളും കാറിലുണ്ടായിരുന്നു.

ലോകത്ത് വൻവെള്ളപ്പൊക്കമുണ്ടാകുമെന്നും എല്ലാവരും മരിക്കുമെന്നും സമുദ്രനിരപ്പിൽനിന്ന് ഉയർന്ന പ്രദേശങ്ങൾ തിരഞ്ഞെടുത്താൽ രക്ഷപ്പെട്ട് അന്യഗ്രഹത്തിലെത്താമെന്നും ഇവർ വിശ്വസിച്ചെന്നാണ് പോലീസ് നിഗമനം. ഇങ്ങനെയാവാം അരുണാചലിലെ സിറോ തിരഞ്ഞെടുത്തത്‌.

നവീനാണ് കടുത്ത അന്ധവിശ്വാസം പിന്തുടർന്നത്. പിന്നീട് ദേവിയും ആര്യയും ഇയാൾ പറയുന്നത് വിശ്വസിക്കുകയായിരുന്നു. മറ്റു ഗ്രഹങ്ങളെ സംബന്ധിച്ച് കൂടുതൽ പഠിക്കുന്ന വ്യക്തിയായിരുന്നു ആര്യ. ഇതാകാം നവീന് തുണയായതെന്നാണ് പോലീസ് പറയുന്നത്. മരിച്ചവരുടെ വീടുകൾ പോലീസ് പരിശോധിച്ചെന്നും മെയിൽ വിവരങ്ങൾ ലഭ്യമാകുന്നതോടെ അന്വേഷണം അവസാനഘട്ടത്തിലെത്തിയെന്നും ഡി.സി.പി. പി. നിധിൻരാജ് പറഞ്ഞു.

നവവധുവിനെ കോട്ടയം നഗരത്തിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മുണ്ടക്കയം ഇളംകാട് വലിയപുരയ്ക്കല്‍ ശ്രുതിമോള്‍(26) ആണ് മരിച്ചത്. സി.എ.വിദ്യാര്‍ഥിനിയായിരുന്നു.

ഫെബ്രുവരി പത്തിനായിരുന്നു കിടങ്ങൂര്‍ സ്വദേശിയുമായുള്ള ശ്രുതിയുടെ വിവാഹം. പ്രണയവിവാഹമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവാഹശേഷം ജോലിക്കായി ബെംഗളൂരുവിലേക്ക് പോയ ഭര്‍ത്താവ് കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്.

ഒരുമാസം മുന്‍പാണ്, ഓണ്‍ലൈന്‍ പഠനത്തിനായി യുവതി കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ഹോസ്റ്റലില്‍ മുറിയെടുത്തത്. വെള്ളിയാഴ്ച രാവിലെ പലതവണ വിളിച്ചിട്ടും ഫോണെടുക്കാതെവന്നതോടെ ഭര്‍ത്താവ് ഹോസ്റ്റലിലെത്തിയപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

കോട്ടയം വെസ്റ്റ് പോലീസെത്തി, യുവതി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. കത്തില്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അസ്വാഭാവികമരണത്തിന് കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു. മൃതദേഹപരിശോധനയ്ക്കുശേഷം ഇളംകാട്ടിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

വേനൽ ചൂടിന് ആശ്വാസമായി വീണ്ടും മഴയെത്തുന്നു. സംസ്ഥാനത്ത് അഞ്ച് ദിവസം വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് ഒൻപത് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ നാല് ജില്ലകളിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലാണ് മഴ സാധ്യത.

അതേസമയം എട്ടാം തീയതി ഒൻപത് ജില്ലകളിൽ മഴ പെയ്യുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ ലഭിക്കുക. ഒൻപതാം തീയതി കേരളത്തിലെ 14 ജില്ലകളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. 10ന് എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്.

അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20 cm നും 40 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വടക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20 cm നും 90 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ബിനോയ് എം. ജെ.

ജീവിതത്തെ ഗൗരവത്തിൽ എടുക്കുന്നവരാണ് നമ്മിൽ എല്ലാവരും തന്നെ. ചെറിയ കാര്യങ്ങൾക്കുപൊലും നാം അർഹിക്കാത്ത ഗൗരവം കൊടുക്കുന്നു. അത് ജീവിതവിജയത്തിന് അത്യാവശ്യമാണെന്ന് നാം കരുതുകയും ചെയ്യുന്നു. ഇപ്രകാരം ജീവിതത്തിനും അതിലെ സംഭവങ്ങൾക്കും ആവശ്യമില്ലാതെ ഗൗരവം കൊടുക്കുമ്പോൾ നാം മനോസംഘർഷങ്ങളിലേക്ക് വഴുതി വീഴുന്നു. ഇതാണ് നമ്മുടെ ജീവിതത്തിലെ എല്ലാ പ്രക്ഷുബ്‌ധതകൾക്കും കാരണം. മറിച്ച് ഒരു തമാശയോ ഫലിതമോ കേൾക്കുമ്പോൾ നമ്മുടെ മനസ്സ് സന്തോഷിക്കുന്നത് എന്തുകൊണ്ട്? ഗൗരവമുള്ള ഒരു കാര്യത്തിന് പൊടുന്നനവേ അതിന്റെ ഗൗരവം നഷ്ടപ്പെടുമ്പോഴാണ് ഒരു ഫലിതം ജനിക്കുന്നത്. ഇപ്രകാരം എത്ര ഗൗരവമുള്ള വിഷയത്തെയും നമുക്ക് നിസ്സാരമായി ചിരിച്ചു തള്ളാവുന്നതേയുള്ളൂ.

ജനനം, മരണം, വിജയം, പരാജയം, സുഖം, ദുഃഖം എല്ലാം നമുക്ക് ഗൗരവമുള്ള കാര്യങ്ങൾ തന്നെ. എന്താണിവയ്ക്ക് ഗൗരവം കൊടുക്കുന്നത്? നമ്മുടെ ആഗ്രഹങ്ങളും നമ്മുടെ നിലനിൽപും തന്നെ. ഒരുപക്ഷേ മരണം അവിടെ ഇല്ലായിരുന്നുവെങ്കിൽ ജീവിതത്തിന് ഇത്രയും ഗൗരവം സിദ്ധിക്കുമായിരുന്നില്ല. താനീ കാണുന്ന ശരീരമാണെന്ന് ചിന്തിക്കുമ്പോൾ അതിനെ സംരക്ഷിക്കേണ്ടത് അനുപേക്ഷണീയമാവുകയും ജീവിതം നിലനിൽപ്പിനുവേണ്ടിയുള്ള ഒരു സമരമായി അധ:പതിക്കുകയും ചെയ്യുന്നു. മരണം നമ്മുടെ പടിവാതിൽക്കൽ മുട്ടിവിളിക്കുമ്പോൾ നമുക്ക് ജീവിതം എങ്ങനെ ആസ്വദിക്കുവാൻ കഴിയും? അതിനാൽ തന്നെ ജീവിതം ആസ്വദിക്കണമെന്ന് ആഗ്രഹം ഉള്ളവർ താനീകാണുന്ന ശരീരമല്ലെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ജനന മരണങ്ങൾ തനിക്കൊരു നേരമ്പോക്ക് മാത്രമാണെന്ന് ചിന്തിച്ച് തുടങ്ങുമ്പോൾ താനീശരീരത്തിനും ഉപരിയായ മറ്റെന്തോ ആണെന്ന ബോദ്ധ്യം മനസ്സിൽ പൊട്ടിമുളക്കുന്നു. അഥവാ താൻ സർവ്വവ്യാപിയാണെന്ന ചിന്ത മനസ്സിൽ രൂഢമൂലമാവണമെങ്കിൽ താൻ അൽപമായ ഈ ശരീരമാണെന്ന ചിന്തയെ പരിത്യജിക്കേണ്ടിയിരിക്കുന്നു. ഒരേസമയം താനീ ശരീരവും പരബ്രഹ്മവും ആണെന്ന് ചിന്തിക്കുവാൻ ആർക്കും കഴിയുകയില്ല. താനീ ശരീരമാണെന്ന് ചിന്തിക്കുമ്പോൾ താൻ ബ്രഹ്മമാണെന്ന സത്യത്തെ നാം മറക്കുന്നു. താനാബ്രഹ്മമാണെന്ന് ചിന്തിക്കുമ്പോൾ ശരീരാവബോധവും തിരോഭവിക്കുന്നു. ഞാനീ കാണുന്ന ശരീരമാണെങ്കിൽ, കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളും നിറഞ്ഞ അനന്തമായ ഈ പ്രപഞ്ചത്തിൽ അതിൽ കേവലം ഒരു നക്ഷത്രമായ സൂര്യനു ചുറ്റും തിരിയുന്ന മൺതരിപോലെയുള്ള ഈ ഭൂമിയിലെ നമ്മുടെ ഈ കൊച്ചു ജീവിതത്തിലെ ജനന മരണങ്ങൾക്കും സുഖദു:ഖങ്ങൾക്കും എന്തു പ്രാധാന്യമാണ് നമുക്കവകാശപ്പെടുവാനുള്ളത്? ഈ നഗ്നസത്യത്തെ നാം സമ്മതിച്ചു കൊടുക്കുമ്പോൾ നാമീ ശരീരമല്ലെന്നും മറിച്ച് ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന സത്തയാണെന്നുമുള്ള ബോധ്യം മനസ്സിൽ വേരോടുന്നു.

അതിനാൽ തന്നെ നാം കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത് ഈ കാണുന്ന ശരീരത്തേക്കാൾ ഉപരിയായി ഈ കാണുന്ന ബാഹ്യലോകത്തിനാണ്. നാമീ ശരീരത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുമ്പോൾ നമ്മിൽ സ്വാത്ഥത വളരുന്നു. വാസ്തവത്തിൽ നമ്മെ കൂടുതൽ സന്തോഷിക്കുന്നത് ഈ ശരീരത്തേക്കാൾ ഉപരിയായി ഈ ബാഹ്യപ്രപഞ്ചമല്ലേ? അതിൽ നിന്നും മനസ്സിലാക്കേണ്ടത് നാമീ ശരീരമല്ലെന്നും മറിച്ച് ബാഹ്യപ്രപഞ്ചം തന്നെ ആണെന്നുമാണ്. ഈ ശരീരത്തെ ഉപേക്ഷിക്കുവാൻ മടിയുള്ളതുകൊണ്ടല്ല നമുക്ക് മരണഭയം അനുഭവപ്പെടുന്നത്, മറിച്ച് ഈ പ്രപഞ്ചത്തെ ഉപേക്ഷിക്കുവാൻ മടിയുള്ളതുകൊണ്ടാണ്. ഈ ശരീരം പോയാൽ കൂട്ടത്തിൽ പ്രപഞ്ചവും തിരോഭവിക്കുമെന്ന് നാം മൂഢമായി വിചാരിക്കുന്നു. അതിനാൽ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുവിൻ! മൂഢമായ ഓരോ ചിന്തയും ദുഃഖത്തെ ജനിപ്പിക്കുക തന്നെ ചെയ്യും. നിങ്ങൾക്ക് ഈ പ്രപഞ്ചത്തോട് അനുരാഗം തോന്നുന്നതിൽ തെറ്റില്ല. കാരണം നിങ്ങൾ ഈ പ്രപഞ്ചം തന്നെയാണ്. അതിനാൽ തന്നെ ഈ ശരീരം പോയാലും അതിനെ ഗൗനിക്കേണ്ട കാര്യമില്ല. കാരണം അപ്പോൾ മാത്രമേ നമുക്ക് ഈ പ്രപഞ്ചത്തോട് വേണ്ടവണ്ണം താദാത്മ്യം പ്രാപിക്കുവാനാകൂ. ഈ ശരീരം പോയാൽ അത് നമ്മുടെ തലയിലെ ഒരു മുടി കൊഴിയുന്നപോലേ ഉള്ളൂ. ഈ ശരീരത്തെ സംരക്ഷിക്കുവാനായി പാടുപെടേണ്ട ആവശ്യവുമില്ല. അവിടെ ഭയവും അൽപത്വവും നമ്മെ വിട്ടു പിരിയുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

Copyright © . All rights reserved