സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി കൊല്ലപ്പെട്ടത് വിവാഹിതരായ രണ്ട് യുവതികൾ. പത്തനംതിട്ട അടൂരിൽ കാർ ട്രക്കിൽ ഇടിച്ചു കയറ്റി അധ്യാപികയും സുഹൃത്തും മരണപ്പെട്ടതിൻ്റെ ഞെട്ടൽ മാറും മുൻപാണ് ഇന്നലെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ രോഗിയായ പിതാവിനെ കാണാനെത്തിയ യുവതിയെ സുഹൃത്ത് കുത്തി കൊലപ്പെടുത്തിയത്.
മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി പുന്നമറ്റം സ്വദേശി ഷാഹുല്‍ അലിയെ പൊലീസ് പിടികൂടി.ഇന്നലെ വെകിട്ട് മൂന്നു മണിയോടെയാണ് സംഭവമുണ്ടായത്. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തില്‍ വെച്ചാണ് ആക്രമണമുണ്ടായത്. സിംനയുടെ പിതാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇദ്ദേഹത്തെ കാണാൻ എത്തിയതായിരുന്നു സിംന. ഈ സമയത്ത് ഇവിടെയെത്തിയ പ്രതി കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. ഇരുവരും വിവാഹിതരും പരിചയക്കാരുമായിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രതി ബൈക്കില്‍ കയറി രക്ഷപ്പെട്ടുവെങ്കിലും പിന്നാലെയെത്തിയ പൊലീസ് ബസ് സ്റ്റാന്റിലിട്ട് ഇയാളെ പിടികൂടുകയായിരുന്നു.
അടൂരിലും സമാന സംഭവമാണ് നടന്നത്, ദീര്‍ഘകാലമായി ഒരു വ്യക്തിയുമായുള്ള ബന്ധം വിവാഹിതയായ സ്‌കൂള്‍ അധ്യാപികയ്ക്ക് സമ്മാനിച്ചത് ദാരുണമായ അന്ത്യമായിരുന്നു. വിനോദയാത്ര കഴിഞ്ഞുവരവെ അനുജയെന്ന അധ്യാപികയെ സുഹൃത്ത് ഹാഷിം ബലമായി വാഹനത്തില്‍ കൊണ്ടുപോവുകയും പിന്നീട് വാഹനം ട്രക്കിനിടിച്ച് കയറ്റി ഇരുവരും മരിക്കുകയുമായിരുന്നു. ദൃക്‌സാക്ഷികളുടെ മൊഴിയില്‍ യുവതി പലവട്ടം കാറില്‍ നിന്നും ചാടാന്‍ ശ്രമിച്ചിരുന്നെന്നാണ്. വാഹനമിടിപ്പിക്കാന്‍ പോവുകയാണെന്ന തോന്നലിനെ തുടർന്നാണ് അവര്‍ ചാടാന്‍ ശ്രമിച്ചിരുന്നതെന്നാണ് സൂചന.
അനുജയുടെ ഭർത്താവ് പുതുതായി പണികഴിപ്പിച്ച വീട്ടിലേക്ക് താമസം മാറാനിരിക്കവെയാണ് ദാരുണ സംഭവം ഉണ്ടായത്. നൂറനാട് മറ്റപ്പള്ളിയിലുള്ള കുടുംബ വീട്ടില്‍ താമസിച്ചിരുന്ന അനുജ കായംകുളത്തേക്ക് താമസം മറിയാല്‍ തനിക്ക് നഷ്ടമാകുമെന്ന ഹാഷിമിന്റെ ചിന്തയാകാം കൊടുംക്രൂരതയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകള്‍, ഹാഷിമിന്റെയും അനുജയുടെയും സൗഹൃദത്തെ കുറിച്ച് ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. പന്തളം- പത്തനംതിട്ട വഴി ഓടുന്ന ബസിലാണു ഹാഷിം ആദ്യം ജോലി ചെയ്തിരുന്നത്. അനുജ സ്കൂളില്‍ പോയിരുന്നത് ഈ ബസിലായിരുന്നു. അപ്പോഴാകും ഇരുവരും പരിചയപ്പെട്ടതെന്നാണു നാട്ടുകാർ പറയുന്നത്.
അനുജയുടേയും ഹാഷിമിന്റേയും ജീവിതം പലര്‍ക്കും പാഠമാകേണ്ടതാണ്. തന്നില്‍ നിന്നും അകലുകയാണെന്ന് തോന്നിയാല്‍ പങ്കാളിയെ നിഷ്‌കരുണം ഇല്ലാതാക്കുന്ന രീതിയില്‍ മാനസിക വൈകൃതത്തിന് അടിമകളാകുന്ന ഒരു സമൂഹമായി മലയാളി മാറുകയാണോ എന്ന് സംശയിക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.
കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ മുതൽ നാട്ടുകാർ നടത്തിവന്ന ജനകീയ പ്രതിഷേധം അവസാനിപ്പിച്ചു. മരിച്ച ബിജുവിന്റെ കുടുംബത്തിന് ഇന്ന് തന്നെ പത്ത് ലക്ഷം രൂപ കൈമാറും. കളക്ടറും ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് തീരുമാനമുണ്ടായത്. ബിജുവിനെ കൊന്ന ഒറ്റയാനെ വെടിവച്ചുകൊല്ലാൻ ശുപാർശ നൽകാനും യോഗത്തിൽ തീരുമാനമായി. ചർച്ചയ്‌ക്ക് ശേഷം ആന്റോ ആന്റണി എംപിയും വിഷയത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
‘നഷ്ടപരിഹാര തുകയായ പത്ത് ലക്ഷം ഇന്ന് തന്നെ കുടുംബത്തിന് നൽകും. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന കമ്മിറ്റിയുടെ ശുപാർശ, കളക്ടർ സർക്കാരിന് സമർപ്പിക്കും. മരിച്ച വ്യക്തിയുടെ കുടുംബത്തിലൊരാൾക്ക് എത്രയും വേഗം ജോലി നൽകും. ഇപ്പോൾ താൽക്കാലികമാണ്. പിന്നീടിത് സ്ഥിരമാക്കാനുള്ള ശുപാർശ സർക്കാരിന് നൽകും. വനമേഖലയും നാടും തമ്മിൽ വേർതിരിച്ച് സോളാർ ഫെൻസിംഗ് പോലുള്ള സംവിധാനങ്ങൾ വയ്‌ക്കുന്നതിനുള്ള നടപടി എത്രയും വേഗം ആരംഭിക്കും. ‘ – ആന്റോ ആന്റണി പറഞ്ഞു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടുകൂടിയാണ് കാട്ടാനയുടെ ആക്രമണത്തിൽ ബിജു കൊല്ലപ്പെട്ടത്. കാട്ടാനയെ തുരത്തുന്നതിനായി ഹെഡ്‌ലൈറ്റ് വച്ച് വീടിന് പുറത്തിറങ്ങിയപ്പോഴാണ് ബിജുവിന് നേരെ കാട്ടാന പാഞ്ഞടുത്തത്. ആനയെ ഓടിക്കുന്നതിന് താനും ഭർത്താവും ഒരുമിച്ചാണ് പുറത്തിറങ്ങിയതെന്ന് ഭാര്യ ഡെയ്‌സി മാധ്യമങ്ങളോട് പറഞ്ഞു.
വീട്ടിൽ നിന്നും 50 മീറ്റർ അകലെയാണ് ബിജുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം സ്ഥലത്തുനിന്ന് മാറ്റാൻ നാട്ടുകാർ അനുവദിച്ചിരുന്നില്ല. ജില്ലാ കളക്ടർ പ്രേം കൃഷ്ണ എത്താതെ മൃതദേഹം നീക്കാൻ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാർ അറിയിച്ചത്.
മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ഡോ. കെ.ഇ. ഫെലിസ് നസീർ (31) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ് .
ആശുപത്രി ക്യാമ്പസിലെ വസതിയിലാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജനറൽ സർജറി വിഭാഗം അസിസ്റ്റൻറ് പ്രഫസറാണ്. വൈകിട്ട് അത്യാഹിത വിഭാഗത്തിൽ കൊണ്ടുവന്നെങ്കിലും അഞ്ചരയോടെ മരണം സ്ഥിരീകരിച്ചു.
കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഫെലിസ് ഡോക്ടർമാർക്കിടയിലെ ആത്മഹത്യാ പ്രവണത കുറയ്ക്കാനും സമ്മർദ്ദം കുറയ്ക്കാനുമായി പ്രവർത്തിക്കുന്ന അസോസിയേഷനിലെ കൗണ്‍സിലറും ആയിരുന്നു.
ആഗോളതലത്തില്‍ വെറും നാലുദിവസംകൊണ്ട് ആടുജീവിതം 50 കോടി ക്ലബ്ബില്‍ ഇടംനേടി. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ എത്തിയ മലയാള സിനിമ എന്ന റെക്കോര്‍ഡും ആടുജീവിതത്തിന് സ്വന്തം. പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിന്റെ റെക്കോര്‍ഡാണ് ആടുജീവിതം തകര്‍ത്തത്. ലൂസിഫറും വെറും നാലുദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ എത്തിയിരുന്നു.
എന്നാല്‍ ആടുജീവിതം അഡ്വാന്‍സ് ടിക്കറ്റ് വില്‍പനയുടെ കണക്കുകള്‍ വ്യക്തമായപ്പോഴേ 50 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 5.83 കോടി നേടി എന്നാണ് ബോക്‌സ് ഓഫീസ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
പൃഥ്വിരാജിനൊപ്പം ഹക്കിം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കെ.ആര്‍. ഗോകുലും കൈയടിയും പ്രശസ്തിയും ഏറ്റുവാങ്ങുന്നു. കോഴിക്കോടന്‍ നാടക വേദിയുടെ പുതിയ സംഭാവനയാണ് കെ.ആര്‍. ഗോകുല്‍. സൈനു എന്ന നായിക കഥാപാത്രമായി എത്തി അമലപോളും മികച്ച പ്രകടനം കാഴ്ചവച്ചു.
പ്രമുഖ കവിയും സാമൂഹിക സാംസ്കാരിക പ്രവർത്തകനും സിവിൽ എൻജിനീയറുമായിരുന്ന ആറ്റിങ്ങൽ സി ദിവാകരൻ (92) നിര്യാതനായി. ഇന്ത്യയിലും വിദേശത്തും നിരവധി കമ്പനികളിലും വിവിധ പ്രോജക്ടുകളിലും ചീഫ് എൻജിനീയറായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുള്ള ആറ്റിങ്ങൽ ദിവാകരൻ, കേരളത്തിൽ ജനകീയ ആസൂത്രണ പദ്ധതി നടപ്പിലാക്കുന്ന വേളയിൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റിക്ക് കീഴിൽ നടപ്പിലാക്കിയ വിവിധ നിർമ്മാണ പദ്ധതികളുടെ ആദ്യചെയർമാനായി രുന്നു.
ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ദീർഘകാലം വിദേശത്ത് കഴിഞ്ഞിരുന്ന വേളയിൽ, കലാസാഹിത്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. ഇക്കാലയാളവിൽ തന്നെ സാമൂഹിക പ്രതിബദ്ധതയോടു കൂടി ധാരാളം കവിതകൾ രചിക്കുകയുണ്ടായിട്ടുണ്ട്. “തീരാക്കടം”, “ശ്രീനാരായണ ഗുരുവിൻറെ ദർശനമാല – മലയാള ഭഷാ വിപിലീകരണം”, “ഹംസ ഗാനം”, “ഋതുഭേദങ്ങൾ”, “മാറ്റത്തിന്റെ മാറ്റൊലികൾ”, തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങൾ.
കേരളത്തിലെ കാവ്യ വേദികളിലും, സാഹിത്യ കൂട്ടായ്‌മകളിലും നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ, സാഹിത്യ സംഭാവനകൾ പരിഗണിച്ച് നിരവധി പുരസ്കാരങ്ങളും ലഭിക്കുകയുണ്ടായി. ശ്രീനാരായണ കവി ശ്രേഷ്ഠ അവാർഡ്, തിക്കുറിശ്ശി ഫൌണ്ടേഷൻ ഫെല്ലോഷിപ്പ്, ശാസ്ത്ര സാഹിത്യ പരിഷത് അവാർഡ്, ശ്രീനാരായണ സാഹിത്യ പരിഷത് അവാർഡ്, ഗുരു നിത്യ ചൈതന്യയതി അവാർഡ് തുടങ്ങിയവ അവയിൽ ചിലതാണ്.
യശശരീരയായ എൻ. അംബുജാക്ഷിയാണ് ഭാര്യ. മക്കൾ, ലാലി, രേഖ, രശ്മി, ഛായ. മരുമക്കൾ, സുധാകരൻ ( DGM, BSNL Rtd) ഡോ. ആർ രാജീവ് ( VSSC Rtd) സുനിൽ കുമാർ ( KAL Rtd), ജഗന്നാഥ് ( BPCL Rtd). സംസ്കാര ചടങ്ങുകൾ ആറ്റിങ്ങൽ പൂവമ്പാറ പാലത്തിന് സമീപമുള്ള വീട്ടുവളപ്പിൽ,( റോസ് ഗാർഡൻ ) ബന്ധുമിത്രാദികളുടെയും, സാഹിത്യ കാവ്യലോകത്തെ ഒട്ടേറെ പ്രമുഖരുടെയും സാന്നിധ്യത്തിൽ നടന്നു.
ലണ്ടൻ : ചെസ്റ്റർഫീൽഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റി (CMCC)യുടെ നേതൃത്വത്തിൽ “ചങ്കിനകത്തൊരു നോവുണ്ടേ “എന്ന ഹൃദയസ്പർശിയായ ഗാനം റിലീസ് ചെയ്തു.
മകളെ നഷ്ടപ്പെട്ട പിതാവിന്റെ ഓർമ്മകളിലുടെ കടന്നുപോകുന്ന ചിത്രീകരണവും, സൂര്യനാരായണന്റെ വ്യത്യസ്ഥമായ ആലാപനവും ഈ വീഡിയോ സോങ്ങിനെ കുടുതൽ മനോഹരമാക്കാൻ സാധിച്ചു. ഷിജോ സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ഈ ഗാനത്തിന് സഗീതം നൽകിയത് ജോജി ജോൺസ്, ലിറിക്‌സ് ജോബി കാവാലം, ക്യാമറ ജയിബിൻ തോളത്ത്, എഡിറ്റിങ് അനിൽ പോൾ എന്നിവരാണ്.
ഷൈൻ മാത്യു, ഏബിൾ എൽദോസ്, ജിയോ ജോസഫ്, ഷിജോ ജോസ്, റോയ് കെ ആൻന്ററുസ്, സന്തോഷ് പി ജോർജ്, സിനിഷ് ജോയ്, ഹർഷ റോയ്, ഇന്ദു സന്തോഷ്, ഷോൺ സന്തോഷ്, ജെസ്സിക്ക ബോസ്‌കോ, അന്ന ജോസഫ് കുന്നേൽ, ഐവാന നിജോ, എലിസബത്ത് ഷിജോ തുടങ്ങി നിരവധിപേർ ഈ ഗാനത്തിൽ അഭിനയിച്ചു.
ഈ സംരംബത്തിന് നേതൃത്വം കൊടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നതോടൊപ്പം ഇത്തരത്തിളുള്ള കൂട്ടായ പ്രവർത്തനങ്ങൾ എന്നും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.
കെ.പി.റോഡില്‍ കാര്‍ കണ്ടയ്‌നര്‍ ലോറിയിലിടിച്ച് അധ്യാപികയും സ്വകാര്യ ബസ് ഡ്രൈവറും മരിച്ച സംഭവത്തില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍ പോലീസ്. ഇവരുടെ അടുപ്പത്തെപ്പറ്റി ബന്ധുക്കള്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ ആര്‍ക്കും ഒരു വിവരവുമില്ല. എത്ര നാള്‍ മുതല്‍ ഇവര്‍ തമ്മില്‍ പരിചയമുണ്ട്, അപകടമുണ്ടായ ദിവസം ഇവര്‍ തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നോ, എന്തെങ്കിലും തരത്തില്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ അയച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാകും പോലീസ് പരിശോധിക്കുക.
വെള്ളിയാഴ്ച പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.അജിത്ത് അപകട സ്ഥലം സന്ദര്‍ശിക്കുകയും അപകടത്തില്‍ തകര്‍ന്ന കാര്‍ പരിശോധിക്കുകയും ചെയ്തു. അപകട സ്ഥലത്ത് ആദ്യം എത്തിയ എസ്.ഐയോടും മറ്റ് ഉദ്യോഗസ്ഥരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അപകടത്തില്‍ തകര്‍ന്ന കാര്‍ ഫൊറന്‍സിക് വിഭാഗം പരിശോധിച്ചു.
വ്യാഴാഴ്ച രാത്രിയാണ് കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റിയുണ്ടാക്കിയ അപകടത്തില്‍ കാര്‍ യാത്രക്കാരായ ഹാഷിം(31) അനുജ രവീന്ദ്രന്‍(37) എന്നിവര്‍ മരിച്ചത്. ചാരുംമൂട് സ്വദേശിയായ ഹാഷിം സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. നൂറനാട് മറ്റപ്പിള്ളി സ്വദേശിനിയായ അനുജ തുമ്പമണ്‍ നോര്‍ത്ത് ഹൈസ്‌കൂളിലെ അധ്യാപികയാണ്. വ്യാഴാഴ്ച രാത്രി സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിനോദയാത്ര പോയ അനുജയെ ഹാഷിം കാറിലെത്തി വാഹനം തടഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിനുപിന്നാലെയാണ് അടൂര്‍ കെ.പി. റോഡില്‍ പട്ടാഴിമുക്കില്‍ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റി അപകടമുണ്ടാക്കിയത്.
അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും പാതി ഉപയോഗിച്ച മദ്യക്കുപ്പി കണ്ടെത്തി. അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയ പോലീസാണ് കാറില്‍ നിന്നും മദ്യ കുപ്പി കണ്ടെത്തിയത്. നാട്ടുകാരാണ് മദ്യ കുപ്പി കാറില്‍ ഉണ്ടെന്ന വിവരം പോലീസിനോട് പറഞ്ഞത്. ഒരു കുപ്പി ഗ്ലാസും ഉണ്ടായിരുന്നു.
രാജേഷ് ജോസഫ് ലെസ്റ്റർ
നല്ല വെള്ളിയുടെ പ്രഭാതത്തിന്റ നിശബ്ദതയിൽ, ഇതാ വലിയ ത്യാഗത്തിന്റ കഥ വീണ്ടും പറഞ്ഞു തുടങ്ങുന്നു. സമർപ്പണത്തിന്റെ, ഉപാധികളില്ലാത്ത സ്നേഹത്തിന്റ മനുഷ്യന് സങ്കല്പിക്കാവുന്നതിലും അപ്പുറമുള്ള ധീരതയുടെ കഥ.
കൂരിരുൾ വീണ ഹൃദയങ്ങളെ ആർദ്രമാക്കിയ സായംസന്ധ്യയിൽ അങ്ങ് അകലെ നിശബ്ദമായ ഒരു കുരിശ് ഉയരത്തിൽ കുന്നിൻ മുകളിൽ മാനവ രാശിയുടെ പ്രശ്നങ്ങൾ പേറി നിലനിൽക്കുന്നു. കൃപയുടെ പ്രതീകമായ കുരിശ് . രക്ഷകൻ ജീവൻ നൽകി നമുക്കുവേണ്ടി, വീണ്ടെടുക്കാനും രക്ഷിക്കാനും.
പ്രതീക്ഷകൾ വീണ്ടും വാനോളം ഉയർത്തിയ ഉയിർപ്പിന്റെ പുതിയ പുലരി നയനങ്ങൾക്ക് കുളിർമയും മനസിന് സന്തോഷവും നൽകുന്നു. ആ കല്ല് അവിടെ ഇനി ഇല്ല , കല്ലറ ഇപ്പോൾ ശൂന്യമായി , ഈ സുദിനത്തിൽ ഹൃദയ വയലുകളിലെ കല്ലുകൾ ഉരുട്ടിമാറ്റി മാറ്റി ശൂന്യമാക്കാം. ഉത്തരം ഇല്ലാത്ത കഥയിലെ വലിയ ചോദ്യം തുടരുന്നു അവൻ മരണത്തെ കീഴടക്കി ഉയിർത്തെഴുന്നേറ്റ് വിജയശ്രീ ലാളിതനായി. സന്തോഷത്തോടെയും സ്നേഹത്തോടെയും ഒത്തുകൂടാം. ത്യാഗത്തിലും മരണത്തിനുമപ്പുറം ജീവിത്തിന് പ്രത്യാശ ഉണ്ടെന്ന് പഠിപ്പിച്ച പുതിയ കഥ.
വസന്തം അതിന്റ വർണ വൈവിധ്യ നിറ ചാർത്തു പെയുന്ന ഈ ഈസ്റ്റർ ദിനത്തിൽ വിശ്വാസത്തിൽ നവീകരിക്കപ്പെട്ടു രക്ഷകന്റ ശുദ്ധമായ സ്നേഹത്തിൽ പ്രതീക്ഷയോടെ നടന്നു നീങ്ങാം. ഈ അനുഗ്രഹീത ദിനത്തെ നന്ദിസൂചകമായി വിലമതിക്കാം. നമ്മുടെ ഹൃദയങ്ങൾ സന്തോഷിക്കട്ടെ. ദുഃഖവെള്ളിയാഴ്ചയുടെ വേദനയ്ക്കുമപ്പുറം ഈസ്റ്ററിൻ കൃപ നമ്മളിലെ നമ്മെ കണ്ടെത്താൻ സഹായിക്കട്ടെ. കൃപ, ക്ഷമ, പ്രതീക്ഷ, അതിരുകളില്ലാത്ത സ്നേഹം. ഉയിർപ്പ് നല്കന്ന പുതിയ പ്രഭാതത്തിന്റ കഥ തുടരുന്നു…..
മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തിങ്കളാഴ്ച വരെ ഇ.ഡി കസ്റ്റഡിയിൽ തുടരും. നാലു ദിവസത്തേക്ക് കൂടിയാണ് കേജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി ഡൽഹി റൗസ് അവന്യു കോടതി നീട്ടിയത്. ഏപ്രിൽ ഒന്നിന് രാവിലെ 11.30നു മുൻപായി കേജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കണമെന്നാണ് നിർദേശം.
അതേസമയം, കേജ്‌രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം. കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ കോടതി ഇടപെടൽ സാധ്യമല്ലെന്നു ജഡ്‌ജി പറഞ്ഞു. കേസിന്റെ മെറിറ്റിലേക്കു കടക്കാതെയാണു ഹർജി തള്ളിയത്.
കേജ്‍രിവാളിന്റെ ഭാര്യ സുനിത, മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരും കോടതിയിൽ എത്തിയിരുന്നു. തന്റെ അറസ്റ്റിനു പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നു കോടതിയിലേക്കു കൊണ്ടുപോകുന്നതിനിടെ കേജ്‍രിവാൾ മാധ്യമങ്ങളോടു പറഞ്ഞു. കേജ്‍രിവാള്‍ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നും ഏഴുദിവസം കസ്റ്റഡിയിൽ വേണമെന്നും ഇ.ഡി കോടതിയിൽ വാദിച്ചു. കേസിലെ മറ്റു പ്രതികൾക്കൊപ്പമിരുത്തി കേജ്‍രിവാളിനെ ചോദ്യം ചെയ്യണമെന്നും പഞ്ചാബിലെ മുതിർന്ന എക്സൈസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യണമെന്നും ഇ.ഡി വ്യക്തമാക്കി.
കോടതിയിൽ സംസാരിക്കണമെന്നു കേജ്‍രിവാൾ ആവശ്യപ്പെട്ടു. പറയാനുള്ളത് എഴുതിത്തന്നുകൂടെയെന്ന കോടതിയുടെ ചോദ്യത്തിനു സംസാരിക്കുക തന്നെ വേണമെന്നു കേജ്‍രിവാൾ പറഞ്ഞു. എന്നാൽ അഞ്ചുമിനിറ്റിൽ കൂടുതൽ സംസാരിക്കാൻ കേജ്‍രിവാളിന് അനുമതിയില്ലെന്നു കോടതി അറിയിച്ചു. തനിക്കെതിരായ കുറ്റം തെളിഞ്ഞിട്ടില്ല, സിബിഐ 31,000 പേജുകളുള്ള കുറ്റപത്രവും ഇഡി 25,000 പേജുള്ള കുറ്റപത്രവും സമർപ്പിച്ചു. അവ ഒന്നിച്ചു വായിച്ചാലും എന്തിനാണ് എന്നെ അറസ്റ്റ് ചെയ്തതെന്ന ചോദ്യം അവിടെത്തന്നെ നിൽക്കുന്നു? ഈ മൊഴികൾ ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ പര്യാപ്തമാണോ? തന്റെ വസതിയിൽ മന്ത്രിമാർ എത്തിയെന്ന് പറഞ്ഞുകൊണ്ട് അറസ്റ്റ് ചെയ്യാമോ എന്നും കേജ്‍രിവാൾ ചോദിച്ചു.
നേരത്തേ അറസ്റ്റിലായവർക്കുമേൽ തന്റെ പേരു പറയാൻ സമ്മർദമുണ്ടായി. ഇ.ഡിക്കു തന്റെ അറസ്റ്റ് രേഖപ്പെടുത്താൻ നേരത്തേ പദ്ധതിയുണ്ടായിരുന്നു. മദ്യനയ അഴിമതിയിലെ ഇ.ഡി പറയുന്ന 100 കോടി എവിടെ എന്നും കേജ്‍രിവാൾ ചോദിച്ചു. ബിജെപി പണം വാങ്ങിയെന്നു കേജ്‍രിവാൾ പറഞ്ഞു. പി.ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് 55 കോടി നൽകിയെന്നു കേജ്‍രിവാൾ പറഞ്ഞു. 50 കോടി നൽകിയതു താൻ അറസ്റ്റിലായതിനു ശേഷമാണെന്നും ഇതിന്റെ തെളിവുകൾ ഉണ്ടെന്നും കേജ്‌രിവാൾ പറഞ്ഞു.
സൗത്ത് ഗ്രൂപ്പിൽനിന്ന് 100 കോടി രൂപ എഎപി കോഴ വാങ്ങിയെന്ന് ഇ.ഡി കോടതിയിൽ പറഞ്ഞു. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനായില്ലെന്നും കേജ്‍രിവാൾ പാസ്‍വേഡ് നൽകുന്നില്ലെന്നും ഇ.ഡി പറഞ്ഞു. എന്നാൽ അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നു കേജ്‍രിവാൾ പറഞ്ഞു. റോസ് അവന്യു കോടതിക്ക് പുറത്ത് കേജ്‍രിവാളിന് എതിരെ അഭിഭാഷകർ പ്രതിഷേധിച്ചു. കേജ്‍രിവാളിന്റെ ചിത്രത്തിൽ ബീയർ ഒഴിച്ച് പ്രതിഷേധിച്ച അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കോടതിയിൽ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ വെളിപ്പെടുത്തുമെന്നു കഴിഞ്ഞ ദിവസം കേജ്‌രിവാളിന്റെ ഭാര്യ സുനിത പ്രഖ്യാപിച്ചിരുന്നു. മദ്യനയ അഴിമതിയുടെ പിന്നിലെ പണത്തിന്റെ സ്രോതസ്സ് എവിടെനിന്നാണെന്ന് അദ്ദേഹം വെളിപ്പെടുത്തുമെന്നും സുനിത പറഞ്ഞു. ഡൽഹി ജനതയെ കഷ്ടപ്പെടുത്തുകയാണു ചെയ്യുന്നത് എന്നാരോപിച്ചു ബിജെപിയെയും അവർ കുറ്റപ്പെടുത്തി. ജയിലിൽ ഇരുന്നുകൊണ്ടു രണ്ട് ഉത്തരവുകളാണു കേജ്‌രിവാൾ പുറപ്പെടുവിച്ചത്.
കേജ‍്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു പ്രസ്താവനകളുമായി യുഎസും ജർമനിയും രംഗത്തുവന്നിരുന്നു. സംഭവത്തിൽ സുതാര്യമായ അന്വേഷണം നടത്തണമെന്ന് അവർ ഇന്ത്യയോട് ആവശ്യപ്പെട്ടു. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് കേജ്‌രിവാളിനെ ഇഡി അറസ്റ്റുചെയ്തത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കേജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷ കോടതി തള്ളിയിരുന്നു. ഇതുസംബന്ധിച്ചു വിശദമായ റിപ്പോർട്ട് നൽകാൻ ഏപ്രിൽ രണ്ടുവരെ ഇ.ഡിക്ക് കോടതി സമയം നൽകിയിരുന്നു.