അനധികൃതമായി ബെംഗളൂരുവില്‍ തങ്ങിയ മുന്ന് പാക് പൗരന്‍മാരും ഒപ്പമുണ്ടായിരുന്ന മലയാളി യുവാവും അറസ്റ്റില്‍. ബെംഗളൂരു കുമാരസ്വാമി ലേഒൗട്ടില്‍ നിന്ന് ഇന്നലെ രാത്രിയാണ് സിറ്റി ക്രൈം ബ്രാഞ്ച് പ്രതികളെ പിടികൂടിയത്. ഇവര്‍ക്ക് തീവ്രവാദബന്ധമില്ല എന്നാണ് പ്രാഥമിക നിഗമനം. വ്യാജ ആധാര്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ഇവരില്‍ നിന്ന് കണ്ടെടുത്തു
മലയാളിയായ മുഹമ്മദ് ഷിഹാബ് ഭാര്യയും കറാച്ചി സ്വദേശിയുമായ സമീറ സുഹൃത്തുക്കളായ കിരണ്‍ , ഷംസുദ്ദീന്‍ എന്നിവരെയാണ് ബെംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് പിടികൂടിയത്. ഒന്‍പത് മാസമായി വ്യാജ പേരുകളിലാണ് ഇവര്‍ ബെംഗളുരുവില്‍ കഴിഞ്ഞിരുന്നത്. വ്യാജ ആധാര്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ഇവരില്‍ നിന്ന് കണ്ടെടുത്തു. ഖത്തറിലെ ജോലിസ്ഥത്തുവെച്ചാണ് മുഹമ്മദ് ഷിഹാബും സമീറയും അടുപ്പത്തിലാകുന്നത്. വിവാഹിതരായെങ്കിലും വീട്ടുകാരുടെ എതിര്‍പ്പിനെ തുടന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഇന്ത്യയിലേയ്ക്ക് വരുകയായിരുന്നുവെന്ന് പ്രതികള്‍ മൊഴി നല്‍കി.
മസ്ക്കറ്റില്‍ നിന്ന് കാഠ്മണ്ഡുവില്‍ വന്ന് തുടര്‍ന്ന് റോഡ് മാര്‍ഗമാണ് ബെംഗളൂരുവില്‍ എത്തിയത്. പ്രാഥിമിക അന്വേഷണത്തില്‍ പിടിയിലായവര്‍ക്ക് തീവ്രവാദബന്ധമില്ലെന്നാണ് സൂചന. എങ്കിലും സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.
അസമിൽ കാണാതായ വ്യോമസേനയുടെ സുഖോയ് വിമാനം പറത്തിയത് കോഴിക്കോട് സ്വദേശി. പന്തീരാങ്കാവ് പന്നീയൂർകുളം സ്വദേശിയായ അച്ചുദേവ്(25) ആണ് കണാതായവരിലൊരാൾ. തേസ്പൂരില്‍ നിന്നും പുറപ്പെട്ട വിമാനവുമായുള്ള റഡാര്‍ ബന്ധം നഷ്ടമായിരുന്നു. രണ്ട് പൈലറ്റുകളാണ് വിമാനത്തിലുണ്ടായിരുന്നത്. ഉത്തരേന്ത്യക്കാരനായ സ്‌ക്വാഡ്രന്‍ ലീഡറാണ് മറ്റെയാള്‍. വനപ്രദേശത്ത് അപ്രത്യക്ഷമായ വിമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈന്യം.
അച്ചുദേവിനെ കാണാനില്ലെന്ന് അറിഞ്ഞതോടെ രക്ഷിതാക്കൾ അസമിലേക്ക് തിരിച്ചിട്ടുണ്ട്. പന്നീയൂർകുളം വള്ളിക്കുന്ന് പറമ്പിൽ സഹദേവന്റെയും ജയശ്രീയുടെയും മകനാണ് അച്ചുദേവ്. ഇവർ തിരുവനന്തപുരത്താണ് സ്ഥിരതാമസം.
ചൈന അതിര്‍ത്തിക്ക് സമീപത്ത് വെച്ചാണ് റഡാര്‍ ബന്ധം നഷ്ടപ്പെട്ടതെന്നാണ് വിവരം. മാര്‍ച്ചില്‍ സുഖോയ്-30എംകെഐ ജെറ്റ് വിമാനം രാജസ്ഥാനിലെ ബര്‍മറില്‍ തകര്‍ന്ന് വീണിരുന്നു. വിമാനം നിലംപതിക്കും മുമ്പ് രണ്ട് പൈലറ്റുകളും സാഹസികമായി രക്ഷപ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി.
ഹിന്ദുനസ്ഥാന്‍ എയറോനോട്ടിക്സിന്റെ ലൈസന്‍സോടെ റഷ്യയുടെ സുഖോയ് ആണ് വിമാനം നിര്‍മ്മിക്കുന്നത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അടിയന്തര സാഹചര്യത്തെ തുടർന്നു ഇടിച്ചിറക്കി. മുഖ്യമന്ത്രിയും ഒപ്പമുണ്ടായിരുന്നവരും അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ ലാത്തുരിൽ വച്ചാണ് അപകടമുണ്ടായത്. മുഖ്യമന്ത്രിയുൾപ്പെടെ നാല് പേർ ഹെലികോപ്റ്ററിലുണ്ടായിരുന്നു. സാങ്കേതിക തകരാറ് മൂലമാണ് ഹെലികോപ്റ്റർ ഇടിച്ചിറക്കിയത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

തങ്ങൾ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അപകടത്തിൽ പെട്ടെന്നും താനുൾപ്പെടെ എല്ലാവരും സുരക്ഷിതരാണെന്നും ഫഡ്നാവിസ് ട്വീറ്റ് ചെയ്തു. തനിക്ക് മഹാരാഷ്ട്രയിലെ 11 കോടി ജനങ്ങളുടെ പ്രാർഥനയുണ്ടെന്നും അതിനാലാണ് യാതൊരു പരുക്കുകളും കൂടാതെ രക്ഷപ്പെട്ടതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സംഭവത്തിൽ ഡിജിസിഎ അന്വേഷണം നടത്തുമെന്നും ഫഡ്നാവിസ് കൂട്ടിച്ചേർത്തു.
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ 40 കുട്ടികളുമായി പോയ സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു. പൂഞ്ചിലെ മുഗള്‍ റോഡില്‍ നിന്നുമാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്. കുട്ടികള്‍ അടക്കം 38 പേര്‍ മരിച്ചതായാണ് പ്രാഥമിക നിഗമനം.
രജൗരിയിലെ ഒരു സ്വകാര്യ സ്കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍ പെട്ടത്. ബസ് നിയന്ത്രണം വിട്ടാണ് കൊക്കയിലേക്ക് മറിഞ്ഞത്. അപകടം ഉണ്ടാകാന്‍ ഇടായായ കാരണം വ്യക്തമായിട്ടില്ല.
ഇന്ത്യയ്ക്ക് വേണ്ടി ടീമംഗങ്ങളെ തിരഞ്ഞെടുക്കുമ്പോൾ എം.എസ്.ധോണിക്ക് നൽകുന്നതുപോലെയുളള പരിഗണന തനിക്ക് നൽകുന്നില്ലെന്ന് ഹർഭജൻ സിങ്. ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ധോണിയെ ഉൾപ്പെടുത്തിയതിനെക്കുറിച്ചായിരുന്നു ഹർഭജന്റെ പരാമർശം. ധോണിയെപോലെ തന്നെ താനും മുതിർന്ന കളിക്കാരനാണെന്നും പക്ഷേ തന്റെ കാര്യം വരുമ്പോൾ ഇതൊന്നും പരിഗണിക്കുന്നില്ലെന്നും ഹർഭജൻ എൻഡിടിവിയോട് പറഞ്ഞു. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയിട്ടും ഹർഭജൻ സിങ്ങിന്റെയോ ഗൗതം ഗംഭീറിന്റെയോ പേരുകൾ ചാമ്പ്യൻസ് ട്രോഫിക്കായുളള ടീം സെലക്ഷൻ സമയത്ത് പരാമർശിച്ചിരുന്നില്ല.
”ബാറ്റിങ്ങിനു പുറമേ മറ്റു തരത്തിലും ധോണി ടീമിനുവേണ്ടി നിരവധി ചെയ്തിട്ടുണ്ടെന്നതിൽ ഒരു സംശയവുമില്ല. അത് ഫോമിലാണെങ്കിലും അല്ലെങ്കിലും. ധോണി ക്യാപ്റ്റനാണ്. ധോണിക്ക് കളിയെക്കുറിച്ച് നന്നായി അറിയാം. ചില സമയത്ത് പല യുവതാരങ്ങൾക്കും ധോണിയുടെ പിന്തുണ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. എന്നാൽ ധോണിക്ക് ലഭിക്കുന്നതുപോലെയുളള പ്രത്യേക പരിഗണന എന്നെ പോലുളളവർക്ക് നൽകുന്നില്ല”.
”ഞാനും വർഷങ്ങളായി ക്രിക്കറ്റ് കളിക്കുന്നു. ചില മൽസരങ്ങൾ വിജയിക്കുകയും ചിലത് പരാജയപ്പെടുകയും ചെയ്തു. രണ്ടു ലോകകപ്പുകൾ നേടിയതിൽ എനിക്കും പങ്കുണ്ട്. അങ്ങനെയെങ്കിൽ ചിലർക്കു മാത്രമല്ലാതെ മറ്റു ചില കളിക്കാർക്കും ആനുകൂല്യം നൽകണം. അതർഹിക്കുന്നവരിൽ ഒരാൾ ഞാനാണ്. പക്ഷേ എന്നിട്ടും കിട്ടാത്തതെന്താണെന്ന് മനസ്സിലാകുന്നില്ല. ഇതിനു മറുപടി നൽകേണ്ടത് സെലക്ടർമാരാണ്. അവർ ടീം ഇന്ത്യയ്ക്കു നൽകുന്നതുപോലെയുളള സംഭാവനകൾ ഞങ്ങളും നൽകുന്നുണ്ട്. ഞങ്ങളും രാജ്യത്തിനുവേണ്ടി കളിക്കണമെന്നാണ് ആഗ്രഹിക്കുന്നത്”.
”ഒരാൾ നന്നായി കളിക്കുന്നുണ്ടെങ്കിൽ അയാൾക്ക് അർഹമായ പരിഗണന നൽകണം. ഒന്നുകില്ലെങ്കിലും ടീം സെലക്ട് ചെയ്യുമ്പോൾ അയാളെ പരിഗണിക്കുകയെങ്കിലും ചെയ്യണം. രണ്ടു വ്യക്തികൾക്ക് രണ്ടു നിയമങ്ങൾ വയ്ക്കുന്നത് എന്തിനാണ്?. ഈ കാരണങ്ങൾകൊണ്ടാണ് നിങ്ങളെ തിരഞ്ഞെടുക്കാത്തതെന്നു പറഞ്ഞാൽ നമുക്ക് മനസ്സിലാകും. എന്നാൽ അങ്ങനെ ഒന്നും ഉണ്ടായില്ല. നിങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നു പറഞ്ഞാൽ എനിക്ക് അതിന് അനുസരിച്ച് കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും”- ഹർഭജൻ പറഞ്ഞു.
ഇന്ത്യൻ ടീമിന്റെ വിലമതിക്കാനാവാത്ത സ്വത്താണ് ധോണിയെന്നായിരുന്നു ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിനായുളള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്ന അവസരത്തിൽ ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ എംഎസ്കെ പ്രസാദ് പറഞ്ഞത്. കളിയിൽ നിർണായകമായ പല സന്ദർഭങ്ങളിലും ധോണിയുടെ ഉപദേശം ടീമിന് ഏറെ ഗുണകരമായിട്ടുണ്ട്. വിരാട് കോഹ്‌ലിയെ നല്ല രീതിയിൽ നയിക്കാൻ പറ്റിയ വ്യക്തി ധോണിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ദുബായിലെ ഇന്ത്യക്കാരെ മുഴുവന്‍ ഞെട്ടിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം നടന്നിരിക്കുന്നത്. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന എമിറേറ്റ്സ് ഹില്ലിലാണ് നടുക്കുന്ന കൊലപാതകം അരങ്ങേറിയത്. ഇന്ത്യന്‍ കുടുംബം താമസിക്കുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. ദുബായിലെ എമിറ്റേറ്റ്സ് ഹില്ലില്‍ നിരവധി ഇന്ത്യന്‍ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവിടുത്തെ ഒരു ഇന്ത്യന്‍ കുടുംബത്തിന്റെ വില്ലയിലാണ് യുവതിയെ കൊലപ്പെടുത്തിയത്. നേപ്പാള്‍ സ്വദേശിനിയാണ് കൊല്ലപ്പെട്ട യുവതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വില്ലയിലെ ശുചീകരണത്തൊഴിലാളിയായ യുവാവാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ വീടിനകത്ത് വെച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുറത്തുള്ള കാട്ടില്‍ ഒളിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ട നേപ്പാളി യുവതിയെ ഇയാള്‍ ഇന്ത്യന്‍ കുടുംബത്തിന്റെ വീട്ടില്‍ രാത്രി എത്തിച്ചതായിരുന്നു. ഇരുവരും ഒരുമിച്ച് രാത്രി ചിലവഴിച്ചു. ഒരു ടാക്സിയില്‍ യുവതി വന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഇരുപത്തിയൊന്നാം തിയ്യതിയാണ് കൊലപാതകം നടന്നത്. സംഭവ ദിവസം പ്രതിയും യുവതിയും തമ്മില്‍ നടന്ന തര്‍ക്കത്തിനൊടുവിലാകാം കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊല നടത്തിയത് എങ്ങനെയെന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. കാട്ടിലൊളിപ്പിച്ച യുവതിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ ഏഴുമണിയോടെ മറ്റു തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ ഉടന്‍ തന്നെ വിവരം പോലീസില്‍ അറിയിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ ജോലി ചെയ്യുന്ന വീട്ടില്‍ നിന്നും പോലീസ് പിടികൂടി.
കോര്‍പ്പറേഷന്‍ നല്‍കിയ സ്‌റ്റോപ്പ് മെമ്മോ അവഗണിച്ച് പ്രവര്‍ത്തിച്ചിരുന്ന ഒബ്‌റോണ്‍ മാള്‍ അധികൃതര്‍ അടച്ചു പൂട്ടി. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതിനെത്തുടര്‍ന്നാണ് മാള്‍ അടച്ചു പൂട്ടിയത്. കഴിഞ്ഞയാഴ്ചയുണ്ടായ അഗ്‌നിബാധയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാളില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് കോര്‍പ്പറേഷന്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്. കൊച്ചിയില്‍ ഏറ്റവും കൂടുതല്‍ തിരക്കുകളുള്ള മാളുകളിലൊന്നായിരുന്നു ഒബ്‌റോണ്‍ മാള്‍. കോര്‍പ്പറേഷന്‍ നല്‍കിയ സ്‌റ്റോപ്പ് മെമ്മോ അവഗണിച്ചും മാള്‍ അധികൃതര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇത് വാര്‍ത്തയായതിനെത്തുടര്‍ന്ന വിഷയത്തില്‍ ഇടപെട്ട ഹൈക്കോടതി കോര്‍പ്പറേഷനില്‍ നിന്നും വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ നേരിട്ടെത്തി മാള്‍ അടപ്പിച്ചത്. മാള്‍ പൂട്ടിച്ചതടക്കമുള്ള മുഴുവന്‍ നടപടികളും കോര്‍പ്പറേഷന്‍ സെക്രട്ടറി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരിക്കുകയും ചെയ്തു. സുരക്ഷാ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കണമെന്ന് ഹൈക്കോടതി മാള്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോര്‍പ്പറേഷന്‍ അധികൃതരും അഗ്‌നിശമനസേനയും മാളില്‍ സുരക്ഷാ പരിശോധന നടത്തണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രഞ്ജിനി ഹരിദാസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികള്‍ക്ക് ഓര്‍മ്മ വരിക ആ മംഗ്ലീഷും, പിന്നെ ആ അട്ടഹാസചിരിയുമാണ്. പക്ഷെ അവതാരകകലയെ ഇത്രത്തോളം പ്രശസ്തമാക്കിയ ഒരു അവതാരിക മുന്പ് മലയാളത്തില്‍ ഉണ്ടായിട്ടില്ല. അതാണ് രഞ്ജിനിയുടെ വിജയം. പക്ഷെ ഒരുകാലത്ത് മിനിസ്ക്രീനിലും അവാര്‍ഡ് വേദികളിലും കത്തിനിന്ന രഞ്ജിനിയെ ഇപ്പോള്‍ ടിവി ഷോകളില്‍ ഒന്നും കാണാനില്ല. പുതിയ താരങ്ങള്‍ വന്നപ്പോള്‍ രഞ്ജിനി ഒഴിയാക്കപ്പെട്ടോ?, അതോ രഞ്ജിനിയ്ക്ക് വല്ല വിലക്കും ഉണ്ടോ ?, രഞ്ജിനി എവിടെ?.
1982, ഏപ്രില്‍ 23 ന് കൊച്ചിയിലാണ് രഞ്ജിനിയുടെ ജനനം. ഗിരിനഗറിലെ കേന്ദ്രവിദ്യാലയത്തില്‍ പ്രഥമിക വിദ്യാഭ്യാസം നേടിയ രഞ്ജിനി സെന്റ് തെരേസ കോളേജില്‍ നിന്ന് ബിരുദം നേടി. യുകെയില്‍ പോയി എംബിഎ ചെയ്തു. അമ്മയായിരുന്നു എന്നും രഞ്ജിനിയ്ക്ക് പിന്തുണ. ചെറിയ പ്രായം മുതലേ താന്‍ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു എന്ന് മുമ്പൊരു അഭിമുഖത്തില്‍ രഞ്ജിനി പറഞ്ഞിരുന്നു. യുകെയില്‍ പഠിക്കുമ്പോഴാണ് രഞ്ജിനി മോഡലിങ് രംഗത്തെ സാധ്യതകളെ കുറിച്ച് അറിഞ്ഞത്. പിന്നീട് ആ രംഗത്ത് ഭാഗ്യ പരീക്ഷണം നടത്തി. 2000 ല്‍ ഫെമിന മിസ് കേരളയായി രഞ്ജിനി ഹരിദാസ് തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയാണ് രഞ്ജിനിയെ പ്രശസ്തിയാക്കിയത്. വളരെ എനര്‍ജറ്റിക്കായ, ഇംഗ്ലീഷും മലയാളവും കൂടിക്കലര്‍ന്ന സംസാരവും രഞ്ജിനിയെ വ്യത്യസ്തയാക്കി.
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്നാര്‍ രഞ്ജിനി ഹരിദാസ്, രഞ്ജിനി ഹരിദാസ് എന്നാല്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്നും പറയുന്ന ഒരു ചെറിയ കാലമുണ്ടായിരുന്നു. കേരളത്തില്‍ റിയാലിറ്റി ഷോകള്‍ ശ്രദ്ധിക്കപ്പെട്ടത് രഞ്ജിനിയിലൂടെയാണെന്ന് പറഞ്ഞാലും തെറ്റില്ല. പിന്നെ അവതാരക ലോകത്ത് രഞ്ജിനി ഹരിദാസ് യുഗമായിരുന്നു. എവിടെ സ്‌റ്റേഡ് ഷോ നടത്തിയാലും റിയാലിറ്റി ഷോ നടത്തിയാലും അവാര്‍ഡ് ദാനം നടത്തിയാലും രഞ്ജിനി ഹരിദാസ് അവതാരകയായി എത്തും. ഏഷ്യനെറ്റ് ഫിലിം അവാര്‍ഡ്, ഏഷ്യവിഷന്‍ ഫിലിം അവാര്‍ഡ്, അമൃത ടിവി ഫിലിം അവാര്‍ഡ്, സൈമ.. അങ്ങനെ രഞ്ജിനി മുന്നില്‍ നിന്ന് നടത്തിയ അവാര്‍ഡ് നൈറ്റുകള്‍ക്ക് കൈയ്യും കണക്കുമില്ല.
നടുവിരലിൽ വോട്ട് ചെയ്തതും അത് ഉയർത്തി പിടിച്ച് സെൽഫി എടുത്തതിന്റെ പേരിലും രഞ്ജിനി പഴികേട്ടു. കേരളത്തിൽ പട്ടികളെ സംരക്ഷിക്കണം എന്ന് പറഞ്ഞ് രംഗത്തെത്തിയതിനായിരുന്നു ഒടുവിലത്തെ പ്രശ്നം. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിരന്തരം വിമർശനങ്ങളും രഞ്ജിനിക്കെതിരെ ഉയർന്നു.
പ്രശസ്തിയിലേക്ക് കയറുമ്പോല്‍ രഞ്ജിനിയ്‌ക്കൊപ്പം വിവാദങ്ങളും ഉണ്ടായിരുന്നു. സ്വന്തം അഭിപ്രായം എവിടെയും വെട്ടി തുറന്ന് പറയുന്ന രഞ്ജിനിയുടെ സ്വഭാവവും വസ്ത്രധാരണ രീതിയും കുറച്ചൊന്നുമല്ല താരത്തെ വിവാദത്തിലാക്കിയത്. മലയാള ഭാഷയെ രഞ്ജിനി കൊല്ലുകയാണ് എന്ന ആരോപണവും ഉണ്ടായിരുന്നു. ഗീതം എന്ന ചിത്രത്തില്‍ ബാലതാരമായാണ് രഞ്ജിനി സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്.
ഒരു സ്റ്റേജ് പരിപാടിയ്ക്ക് ഇടയില്‍ നടന്‍ ജഗതി ശ്രീകുമാര്‍ രഞ്ജിനിയുടെ അവതരണത്തെ കളിയാക്കിയ സംഭവം കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്പ് വലിയ പ്രാധാന്യം നേടിയിരുന്നു. ബോബി ചെമ്മണ്ണൂറിന്റെ ബ്രാന്റ് ഈവന്റിന് വേണ്ടി കേരളത്തിലെത്തിയ മറഡോണയുമായി രഞ്ജിനിക്ക് വഴിവിട്ട ബന്ധമുണ്ട് എന്നായിരുന്നു മറ്റൊരു വാര്‍ത്ത. എയർപോർട്ടിൽ ക്യൂ തെറ്റിച്ചതിന് ഉണ്ടായ തർക്കവും പൊലീസും കേസുമൊക്കെ പല വിവാദങ്ങള്‍ ഉണ്ടാക്കി.
1986 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം സാജന എന്ന കൊച്ചുകുട്ടിയായെത്തി. മോഹന്‍ലാലും, ദിലീപും, ജയറാമും മുഖ്യ വേഷത്തിലെത്തിയ ചൈന ടൌണില്‍ ഐഡിയ സ്റ്റാര്‍ സിംഗറിന്റെ അവതാരകയായ രഞ്ജി ഹരിദാസായി തന്നെ രഞ്ജിനി എത്തി. തുടര്‍ന്ന് തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിലും അവതാരകയുടെ വേഷത്തിലെത്തി.ഒരിക്കല്‍ ഐഡിയ സ്റ്റാര്‍ സിംഗറിന്റെ വേദിയില്‍ വച്ച് ദിലീപ് അഭിനയ മോഹമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഹേയ് ഇല്ല എന്നായിരുന്നു രഞ്ജിനിയുടെ മറുപടി. അങ്ങനെ ഒരു പ്ലാനേ ഇല്ല എന്ന് പറഞ്ഞപ്പോള്‍ ആ പരസരത്തേക്ക് കാണരുത് എന്ന് ദിലീപും പറഞ്ഞു.
എന്നാല്‍ സിനിമ വേണ്ട എന്ന് പറഞ്ഞു നടന്ന രഞ്ജിനി ഹരിദാസ് എന്‍ട്രി എന്ന ചിത്രത്തിലൂടെ നായികയായി എന്‍ട്രി ചെയ്തു. ബാബുരാജിനൊപ്പം എസിപി ശ്രയ എന്ന കഥാപാത്രത്തെയാണ് രഞ്ജിനി അവതരിപ്പിച്ചത്. പക്ഷെ സിനിമ എട്ടുനിലയില്‍ പൊട്ടുകയും ചെയ്തു. ഇപ്പോള്‍ രഞ്ജിനി ചാനലില്‍ സജീവമല്ല. ഒരു അവാര്‍ഡ് നൈറ്റിലും കാണുന്നില്ല. രഞ്ജിനി എവിടെയെന്നു ആര്‍ക്കും അത്ര പിടിയില്ല എന്നതാണ് സത്യം.
ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ സന്തോഷത്തിലായിരുന്നു മാലി ലൈറ്റ്‌നിങ് വില്ലയില്‍ കെ. മെയില്‍ മുഹമ്മദ് അസ്സമിന്റെ ഭാര്യ ഐഷത്ത് റൈഹ (25). പക്ഷെ ആ സന്തോഷത്തിനു ആയുസ്സ് വെറും പത്തു മിനിറ്റ് മാത്രമായിരുന്നു. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സബൈന്‍സ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു ഐഷത്ത്. മൂന്നു മാസത്തെ ചികിത്സയ്‌ക്കൊടുവില്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ് പള്ളിച്ചിറങ്ങരയിലെ വാടക വീട്ടിലേക്ക് പോകാനായി ആശുപത്രിക്ക് മുന്നില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറിയ ഐഷത്ത് പത്ത് മിനിറ്റിനകം വാഹനാപകടത്തില്‍ മരിക്കുകയായിരുന്നു.
ഓട്ടോയിലേക്ക് നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ചായിരുന്നു അപകടം. ചൊവ്വാഴ്ച രാത്രി 12.50ഓടെയാണ് അപകടം. ഓട്ടോറിക്ഷയിലേക്ക് ആദ്യം ഐഷത്തും പിന്നാലെ ബന്ധുവായ സ്ത്രീയും കയറിയപ്പോഴേയ്ക്കും എതിരെ വന്ന കാര്‍ നിയന്ത്രണം വിട്ട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോയുമായി മുന്നോട്ടു കുതിച്ച കാറ് പോസ്റ്റിലിടിച്ചാണ് നിന്നത്. ഉടന്‍ സബൈന്‍സ് ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളേജിലും എത്തിച്ചങ്കിലും ഐഷത്തിനെ രക്ഷിക്കാനായില്ല. ഓട്ടോഡ്രൈവര്‍ മൂവാറ്റുപുഴ പായിപ്ര ചെളിക്കണ്ടത്തില്‍ മുഹമ്മദിനും കാര്‍യാത്രക്കാരായ രണ്ട് പേര്‍ക്കും പരിക്കുണ്ട്. മൃതദേഹം കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് കേസെടുത്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്.
മൂന്നു വര്‍ഷം മുമ്പായിരുന്നു മാലി സ്വദേശികളായ ഐഷത്ത് റൈഹയുടെയും അസം മുഹമ്മദിന്റെയും വിവാഹം. കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്ന് മൂന്നു മാസം മുമ്പാണ് മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിലെ സബൈന്‍ ആശുപത്രിയില്‍ ചികിത്സക്കെത്തുന്നത്. വന്ധ്യതാ ചികിത്സാരംഗത്തെ അറിയപ്പെടുന്ന ഡോക്ടറായ എസ്. സബൈന്റെ ചികിത്സയിലായിരുന്നു മൂന്നു മാസവും. മൂവാറ്റുപുഴ പള്ളിച്ചിറങ്ങരയില്‍ വാടകയ്ക്ക് താമസിച്ചായിരുന്നു ചികിത്സ. ചൊവ്വാഴ്ച രാത്രിയോടെ പരിശോധനാ ഫലം വന്നപ്പോഴാണ് ഐഷത്ത് ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചത്. ഈ സന്തോഷം ഡോക്ടര്‍ തന്നെയാണ് ഇവരെ അറിയിച്ചതും. വിവരം അറിഞ്ഞ നിമിഷത്തില്‍ നിറഞ്ഞ സന്തോഷത്തോടെ ഐഷത്തും അസം മുഹമ്മദും കെട്ടിപ്പിടിച്ചു.
സന്തോഷം പങ്കിടാന്‍ മധുരപലഹാരങ്ങളും വാങ്ങിയാണ് ഇവര്‍ പുറത്തേക്ക് പോയത്. ആശുപത്രിയുടെ മുന്നിലെ ഓട്ടോ സ്റ്റാന്‍ഡില്‍ നിന്ന് താമസ സ്ഥലത്തേക്ക് പോകാന്‍ ഓട്ടോറിക്ഷയില്‍ കയറി. ആദ്യം ഐഷത്തും പിന്നാലെ ബന്ധു ഐഷത്ത് അബ്ദുള്ളയും കയറി. അതിനു പിറകില്‍ ഭര്‍ത്താവ് അസം മുഹമ്മദ് വണ്ടിയിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ ആണ് പാഞ്ഞെത്തിയ കാര്‍ ഓട്ടോയെ ഇടിച്ച് തെറിപ്പിച്ച് ഇലക്ട്രിക് പോസ്റ്റിലേക്ക് ഞെരുക്കിയത്. ഐഷത്തിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയ കുന്നമംഗലത്തെ വീട്ടമ്മയുടെത് കൊലപാതകമാണെന്ന് സൂചന. ഇവരുടെ ഒന്നര വയസുകാരി മകളുടെ മൃതദേഹം സരോവരത്തിന് സമീപമുള്ള കനാലില്‍ നിന്ന് കണ്ടെത്തി. വീട്ടമ്മയെയും മകളെയും കൊന്നത് ഒരാളാണ് എന്നാണ് അനുമാനം.
38 കാരിയായ ഷാഹിദയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം മകളെയും ഭര്‍ത്താവ് ബഷീറിനെയും കാണാനില്ലായിരുന്നു. കുട്ടിയുടെ മൃതദേഹമാണ് ഇപ്പോള്‍ കനാലില്‍ നിന്നു കണ്ടെത്തിയത്. ഷാഹിദയെയും മകളെയും ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് ബഷീര്‍ മൊഴി നല്‍കിയെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് കാരണം വ്യക്തമായിട്ടില്ല. പണം നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് കരുതുന്നു. കുന്നമംഗലം കളരിക്കണ്ടിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ഷാഹിദയെ കൊന്നതാണെന്ന് നേരത്തെ സംശയമുണ്ടായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷാഹിദയെ മരിച്ച നിലയില്‍ കണ്ടത്. ഈ സമയം ബഷീറിനെയും കുട്ടിയെയും കാണാതായിരുന്നു. ക്രൂരമായി പീഡിപ്പിച്ച ശേഷമാണ് ഷാഹിദയെ കൊന്നതെന്ന് കരുതുന്നു. യുവതിയുടെ കാലുകള്‍ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച നിലയിലായിരുന്നു. ഒന്നര വയസുള്ള മകളെ അന്ന് തന്നെ കാണാതായി. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയിരിക്കുന്നത്.
ഷാഹിദ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോലീസ് ഇന്‍ക്വസ്റ്റില്‍ തന്നെ ബോധ്യപ്പെട്ടിരുന്നു. ക്രൂരമായ മര്‍ദ്ദനമേറ്റ പാടുകളും ശരീരത്തിലുണ്ടായിരുന്നു. മുറിവുകള്‍ പുതിയതാണെന്ന് പോലീസ് ഇന്‍ക്വസ്റ്റില്‍ വ്യക്തമായി. മരണത്തിന് തൊട്ടുമുമ്പുണ്ടായ മുറിവാണിതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റം മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു. ഷാഹിദയുടെ രണ്ടാം ഭര്‍ത്താവാണ് ബഷീര്‍.
ഷാഹിദയുടെ ആദ്യ ഭര്‍ത്താവില്‍ അവര്‍ക്ക് രണ്ടു മക്കളുണ്ട്. ഇവര്‍ രണ്ടുപേരും ആദ്യ ഭര്‍ത്താവിന് ഒപ്പമാണ് താമസം. വിവാഹ മോചന സമയത്ത് ലഭിച്ച നഷ്ടപരിഹാര തുകയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇപ്പോഴത്തെ കൊലപാതകത്തിന് കാരണമെന്ന് പറയപ്പെടുന്നു. നഷ്ടപരിഹാരമായി കിട്ടിയ പണം ഉപയോഗിച്ച് ചെറിയ വീട് വച്ചായിരുന്നു ഷാഹിദയുടെ താമസം. ബാക്കി വന്ന കുറച്ച് സംഖ്യ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഈ സംഖ്യ കിട്ടണമെന്ന് ബഷീര്‍ ഇടയ്ക്കിടെ ആവശ്യപ്പെടാറുണ്ടായിരുന്നു എന്നാണ് വിവരം. ഷാഹിദ മരിച്ച ദിവസം വീടിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വീട്ടില്‍ എത്തിയ ബന്ധുവാണ് ഷാഹിദ മരിച്ച് കിടക്കുന്നത് ആദ്യം കണ്ടത്. വിളിച്ചിട്ട് ആരും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് മൃതദേഹം കിടക്കുന്നത് കണ്ടത്. പിന്നീട് ബഷീറിനെയും മകളെയും കണ്ടെത്താന്‍ പോലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്തിയിരുന്നില്ല. കുട്ടിയുടെ മൃതദേഹം സരോവരത്തിന് അടുത്ത കനാലില്‍ നിന്നാണ് ലഭിച്ചത്.