Latest News

കൗമാരത്തെ മരണകെണിയിലേക്ക് നയിക്കുന്ന ബ്ലൂവെയിൽഗെയിം കേരളത്തിൽ വരില്ല എന്നു പരിഹസിച്ചവർ ഈ അമ്മയുടെ വാക്കുകൾ കേൾക്കാതെ പോകരുത്. ബ്ലൂ വെയ്‍ൽ എന്ന കൊലയാളിക്കളി കേരളത്തെയും നടുക്കിയിരിക്കുകയാണ് ‍. തിരുവനന്തപുരത്ത് ആത്മഹത്യചെയ്ത പതിനാറുകാരന് മനോജിനെ മരണത്തിലേക്ക് തള്ളിവിട്ടത് ബ്ലൂ വെയ്ല്‍ ഗെയിം ആണെന്ന് അമ്മ അനു കേരളത്തിലെ പ്രമുഖ ന്യൂസ് ചാനലിനോട് പറഞ്ഞിരുന്നു. മരണത്തിന് മുമ്പ് മകനിൽ വന്ന മാറ്റങ്ങളെക്കുറിച്ച് വിശദമായി അനു സംസാരിക്കുന്നു.

ബ്ലൂവെയിൽ ഗെയിം കളിക്കുന്നതിന് മുമ്പ് മനോജിന്റെ സ്വഭാവം എങ്ങനെയായിരുന്നു?

മനുവിനെക്കുറിച്ച് ആർക്കും ഒരു പരാതിയുമില്ലായിരുന്നു. നന്നായി പഠിക്കുന്ന, എല്ലാവരോടും അടുപ്പവും ബഹുമാനവുമുള്ള കുട്ടിയായിരുന്നു. ഞങ്ങൾക്ക് മനുവിനെക്കൂടാതെ ഒരു മകളുമുണ്ട്. മക്കളുടെ അച്ഛൻ ഗൾഫിലായതുകൊണ്ട് അവരെ തനിച്ചുവളർത്തിക്കൊണ്ടുവരുകയായിരുന്നു. ആരെക്കൊണ്ടും മോശം പറയിപ്പിക്കരുതെന്ന നിർബന്ധം ഉണ്ടായിരുന്നു. ബന്ധുക്കൾക്കും അധ്യാപകർക്കും അവനെക്കുറിച്ച് നല്ലത് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. എന്തു ചെറിയകാര്യവും അവന് എന്നോട് പറയാറുണ്ടായിരുന്നു.

പതിനാറ് വയസുണ്ടെങ്കിലും ചെറിയ കുട്ടികളുടെ മനസായിരുന്നു. ആരെങ്കിലും എന്തെങ്കിലും ചെറുതായി വഴക്കുപറഞ്ഞാൽ തന്നെ അവൻ കരയും. കരഞ്ഞ് പിറ്റേന്ന് പനിയൊക്കെ വരുത്തിവയ്ക്കും. അതുകൊണ്ട് ആരും അവനെ വഴക്കൊന്നും പറയാറില്ലായിരുന്നു. പറയേണ്ട ആവശ്യങ്ങളും വന്നിട്ടില്ല. പൊന്നുപോലെയാണ് വളർത്തിക്കൊണ്ടുവന്നത്.

എപ്പോഴാണ് മകനിൽ മാറ്റങ്ങൾ പ്രകടമായത്?

നവംബറിലാണ് ആദ്യമായിട്ട് അവന് എന്നോട് ബ്ലൂവെയിൽ എന്ന ഗെയിമിനെക്കുറിച്ച് പറയുന്നത്. തിമിംഗലത്തിന്റെ ഒരു കളിയുണ്ട് അമ്മേ, അത് കളിച്ച് അതിന്റെ അവസാനം ആരെയെങ്കിലും കൊല്ലേണ്ടിവരും അത് അല്ലെങ്കിൽ ആത്മഹത്യചെയ്യും എന്ന് പറഞ്ഞിരുന്നു. അന്ന് അത് ഞാൻ തമാശയായിട്ടാണ് കണ്ടത്, ഓ പിന്നെ തിമിംഗലം വന്നുപറഞ്ഞാൽ ആരേലും മരിക്കുമോ എന്ന് ചോദിച്ചു? പിന്നെയും അവന് ഈ കളിയെക്കുറിച്ച് ആവർത്തിച്ചപ്പോൾ പേടിയായി. ഇത് കളിക്കില്ലെന്ന് മുത്ത് അമ്മയുടെ കൈയിൽ തൊട്ട് സത്യം ചെയ്യണമെന്ന് പറഞ്ഞു. അവന് സത്യവും ചെയ്തു. പക്ഷെ….

പതിയെ പതിയെയാണ് മകനിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയത്. എല്ലാവരോടും അടുപ്പമുണ്ടായിരുന്ന കുട്ടി ആരോടും സംസാരിക്കാതെയായി.തനിച്ചിരിക്കാൻ ഇഷ്ടപ്പെട്ടു. എന്തെങ്കിലും ചോദിച്ചു കഴിഞ്ഞാൽ ഉടനെ അവന് പൊട്ടിത്തെറിക്കാൻ തുടങ്ങി. അവന് അവന്റേതായ ലോകത്തേക്ക് ചുരുങ്ങുകയായിരുന്നു. സ്ക്കൂളിൽ നിന്നും തിരിച്ചുവന്നാലുടൻ ഫോണും എടുത്ത് മുറിയുടെ വാതിലടയ്ക്കും, ചാർജ്ചെയ്യാൻവച്ച് പുറത്തിറങ്ങിയാലും ഇടയ്ക്ക് ഫോണിന്റെ അടുത്തേയ്ക്ക് ഓടും. രാത്രി രണ്ടുമണിക്കൊക്കെ അവന് കംപ്യൂട്ടറും ഫോണുമായി ഇരിക്കുമായിരുന്നു. ഭക്ഷണത്തോടുപോലുമുള്ള താൽപര്യം കുറഞ്ഞു. ഇടയ്ക്കവൻ മരണത്തെക്കുറിച്ച് പറയുമായിരുന്നു. ഞാൻ പോയാൽ അമ്മയ്ക്ക് വിഷമം ആകുമോ? അമ്മ അത് തരണം ചെയ്യണം, എനിക്ക് തരുന്ന സ്നേഹം കൂടി അനിയത്തിക്ക് കൊടുക്കണം എന്നൊക്കെ പറഞ്ഞു. അന്ന് ഞാൻ അവനെ വിളിച്ച് അടുത്തിരുത്തി മോൻ അങ്ങനെയൊന്നു പറയരുത്. അമ്മയെവിട്ട് പോകരുതെന്ന് നൂറുവട്ടം പറഞ്ഞു. അപ്പോഴൊന്നും മകൻ ഈ ഗെയിമിന്റെ പിടിയിലാണെന്ന് എനിക്ക് മനസിലായില്ല.

എന്തെങ്കിലും അസ്വഭാവിക പ്രവർത്തികൾ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നോ?

തനിയെ ഒരു സ്ഥലത്ത് പോകാൻ പോലും പേടിച്ചിരുന്ന കുട്ടി വളരെപെട്ടന്നാണ് ധൈര്യശാലിയായത്. സാഹസികതകളൊക്കെ പ്രവർത്തിക്കാൻ തുടങ്ങി. ഒരു ദിവസം കൂട്ടുകാരന്റെ കുടുംബത്തോടൊപ്പം മ്യൂസിക്ക്പ്രോഗ്രാമിന് പോകണമെന്നു പറഞ്ഞ് പോയി. പക്ഷെ അവന് അവരോടൊപ്പം പോകുന്നതിന് പകരം ശംഖുമുഖം കടപ്പുറത്ത് പോയി തനിയെ ഇരുന്നു. നേരം നന്നായി ഇരുട്ടിക്കഴിഞ്ഞാണ് തിരികെ വന്നത്. രണ്ടുദിവസം കഴിഞ്ഞപ്പോൾ അവന് എന്നോടത് പറയുകയും ചെയ്തു. ഒരു ദിവസം കൈയിൽ കോമ്പസ് കൊണ്ടുവരഞ്ഞ പാടുകണ്ടു. എന്താണെന്ന് ചോദിച്ചപ്പോൾ ഫുട്ബോൾ കളിച്ചപ്പോൾ താഴെ വീണു മുറിഞ്ഞതാണെന്ന് പറഞ്ഞു. കൂട്ടുകാരോട് വീട്ടിൽവച്ച് ഗ്ലാസ്കൊണ്ടുമുറിഞ്ഞതാണെന്നും പറഞ്ഞു. വീട്ടിൽ നിന്നു തന്നെ മുറിവുണ്ടാക്കിയിട്ട് ഫുൾകൈ ബനിയനിട്ട് പോവുകയായിരുന്നുവെന്ന് പിന്നീട് മനസിലായി. പിന്നപ്പിന്നെ കൂട്ടുകാരുടെ വീട്ടിൽ ചെന്നാലും ഒരുമൂലയ്ക്ക് ഒറ്റയ്ക്ക് മാറി ഇരിക്കാൻ തുടങ്ങി. പരീക്ഷയ്ക്കുമുമ്പ് എനിക്ക് ഇന്ത്യ മുഴുവൻ സഞ്ചരിക്കണമെന്നു പറഞ്ഞ് വാശിപിടിച്ചു. വെക്കേഷനായതോടെ അത് പറയാതെയായി. സിനിമയോടൊന്നും താൽപര്യമില്ലായിരുന്നു അവന്. പക്ഷെ മരണത്തിന് മുമ്പ് സ്ഥിരമായി ഇംഗ്ലീഷ് സിനിമകൾ കാണുമായിരുന്നു. ഞങ്ങൾ അന്ന് കളിയാക്കുകയും ചെയ്തിരുന്നു. നിനക്കെന്താടാ തമിഴും തെലുങ്കും ഒന്നും വേണ്ടേ എന്ന്.
മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് അവന് അച്ഛനോട് സെക്കൻഡ്ഷോ കാണണമെന്ന് ആവശ്യപ്പെട്ടു. വീടിനടുത്താണ് തീയറ്റർ. സിനിമ കാണാൻ താൽപര്യമില്ലാതിരുന്നതുകൊണ്ട് അവനെ അവിടെയാക്കിയിട്ട് അദ്ദേഹം തിരിച്ചുപോന്നു. മോന് സിനിമ കാണാതെ അടുത്തുള്ള സെമിത്തേരിയിൽ പോയിരുന്നു. അതിനും മുമ്പ് ഒരു ദിവസം നന്തൻകോട്ട് കൂട്ടകൊലപാതകം നടത്തിയ കേഡൽ ജെൻസൻ രാജയുടെ വീടിന്റെ മതിൽചാടി, പൊലീസിന്റെ പ്രവേശനാനുമതിയില്ലാത്ത സ്ഥലത്തും പോയി. ഇതുവന്ന് പറഞ്ഞപ്പോൾ ഞാൻ അവനെ വിലക്കിയിരുന്നു, പൊലീസ് പിടിച്ചാൽ പ്രശ്നമാണെന്നൊക്കെ ഉപദേശിച്ചു. അന്നവൻ പറഞ്ഞത് അവിടെയ നെഗറ്റീവ് എനർജിയാണോ പൊസിറ്റീവ് എനർജിയാണോ എന്ന് അറിയാനാണ് പോയതെന്നാണ്. നീന്തൽപോലും അറിയാത്ത കുട്ടി ആഴമുള്ള പുഴയിൽ എടുത്തുചാടുക വരെ ചെയ്തു.

മകന്റെ മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വേണ്ടപ്പെട്ടവരുമായി പങ്കുവച്ചിരുന്നോ?

ഞാൻ എന്റെ കൂട്ടുകാരോടും ബന്ധുക്കളോടുമൊക്കെ പറഞ്ഞിരുന്നു. പക്ഷെ അവരൊക്കെ കൗമാരത്തിലെ ഹോർമോൺവ്യതിയാനമാണ്, കുട്ടികൾ ഇങ്ങനെ പെരുമാറുന്നത് സ്വാഭാവികമാണ്. അതൊന്നും അത്ര കാര്യമാക്കേണ്ട എന്നു പറഞ്ഞു. ഞാനും അപ്പോൾ കരുതി ശരിയായിരിക്കും കൗമാരത്തിന്റെ പ്രശ്നങ്ങളായിരിക്കും മകന് കാണിക്കുന്നതെന്ന്. കൂട്ടൂകാർ മോന്റെ മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഞാൻ വേണ്ടപ്പെട്ടവരുടെ നിർദേശമനുസരിച്ചാണ് ചെയ്യുന്നതെന്നായിരുന്നു മറുപടി.

മകന്റെ മൊബൈൽഫോൺ ഉപയോഗം നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നില്ലേ?

മോന് പണ്ടുതൊട്ടേ സോഫ്റ്റ്‌വയറുകളെക്കുറിച്ചും പ്രോഗ്രാമുകളെക്കുറിച്ചും അറിയാമായിരുന്നു. ഞാനും ഒരു സോഫ്റ്റ്‌വയർ എൻജിനിയറാണ്. അവന് പ്രോഗ്രാമുകളെക്കുറിച്ചൊക്കെ ഞാനും പറഞ്ഞുകൊടുത്തിട്ടുണ്ട്. ഫോണും കമ്പ്യൂട്ടറും ഏഴാംക്ലാസ് മുതൽ അവന് ഉപയോഗിക്കാറുണ്ടായിരുന്നു. അതുകൊണ്ട് കൂടുതൽ നിയന്ത്രണത്തിന് പോയിരുന്നില്ല. ഇത്തരമൊരു അപകടക്കളിയിൽചെന്ന് ചാടുമെന്ന് വിചാരിച്ചിരുന്നില്ല.

എങ്ങനെയാണ് മകന്റെ മരണത്തിന് കാരണം ബ്ലൂവെയിലാണെന്ന് മനസിലാകുന്നത്?

ഈയിടെയായിട്ട് വരുന്ന വാർത്തകൾ കണ്ട് ഞാൻ ഞെട്ടിപ്പോയി. വാർത്തകളിൽ പറയുന്ന എല്ലാപ്രവർത്തിയും എന്റെ മകൻ ചെയ്തിട്ടുണ്ടായിരുന്നു. എന്റെ മകന് ആത്മഹത്യചെയ്തതിന്റെ കാരണം എനിക്ക് അറിയണമായിരുന്നു. കുഞ്ഞിന്റെ ഫോട്ടോയും വീഡിയോയും ഒന്നും വീണ്ടും കാണാനുള്ള മാനസികാവസ്ഥ ഇല്ലാതിരുന്നിട്ടുപോലും ഞാൻ ഫോൺ പരിശോധിച്ചു. അപ്പോഴാണ് വെള്ളത്തിൽ ചാടുന്ന വീഡിയോയും ചില ഫോട്ടോസുമൊക്കെ കാണുന്നത്. അതിന് ബ്ലൂവെയിൽ കളിയുമായി സാദൃശ്യമുണ്ടായിരുന്നു. ഫോണിൽ നിന്ന് കളി അവന് ഡിലീറ്റ് ചെയ്തിരുന്നു. പാസ്‌വേർഡ് പ്രൊട്ടക്ഷനിലൂടെ ഫോൺ ലോക്ക് ചെയ്തിരിക്കുകയായിരുന്നു. സംശയം ബലപ്പെട്ടതോടെ സൈബർസെല്ലിലും പരാതിനൽകുകയായിരുന്നു. എന്റെ മകന്റെ മരണത്തിന്റെ വേദന മാറുന്നതിന് മുമ്പ് ഈ കാര്യങ്ങൾ തുറന്നുപറയുന്നത് ഇനിയുമൊരു ജീവൻ നഷ്ടപ്പെടരുതെന്നുള്ളത് കൊണ്ടാണ്.

ഒമാനില്‍ ബസ്സപകടത്തില്‍ മലയാളികളടക്കം 25 പേര്‍ക്ക് പരിക്ക്. സലാലയില്‍ നിന്ന് മസ്‌കത്തിലേക്ക് വരികയായിരുന്ന ഗള്‍ഫ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. മസ്‌കത്തില്‍ നിന്ന് 50 കിലോമീറ്ററോളം അകലെ ജിഫൈനില്‍ വെച്ച് ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട ബസ് പ്രധാന റോഡില്‍ നിന്ന് കുറച്ച് അകലെയുള്ള കുന്നിലേക്ക് ഇടിച്ചു നിര്‍ത്തുകയായിരുന്നു. ബസ് ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മസ്‌കത്തില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിക്ക് തലയ്ക്ക് സാരമായ പരിക്കുണ്ട്. ഇയാള്‍ ഖൗല ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. സലാലയില്‍ ജോലി ആവശ്യാര്‍ഥം പോയി മടങ്ങി വരികയായിരുന്നു ഇയാള്‍. അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്തദാനം ചെയ്യുന്നതിനായി ആളുകള്‍ മുന്നോട്ടു വരണമെന്ന് ഒമാന്‍ ബ്ലഡ് ബാങ്ക് അറിയിച്ചു. രക്തദാനം സാധ്യമാകുന്നവര്‍ ബോഷര്‍ ബ്ലഡ് ബാങ്കില്‍ 24591255, 24594255 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് മാതാവ് രംഗത്ത്. മകന്‍ നിരപരാധിയാണെന്നു ചൂണ്ടിക്കാട്ടി ദിലീപിന്റെ അമ്മ സരോജം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കത്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു മുഖ്യമന്ത്രി കൈമാറി. തനിക്കെതിരായി പി.സി.ജോര്‍ജ് എംഎല്‍എ അപകീര്‍ത്തികരമായ പ്രസ്താവന നടത്തുന്നത് തടയണം എന്നാവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്ക് ഞായറാഴ്ച കത്തയച്ചിരുന്നു. ഇതിനു തൊട്ടടുത്ത ദിവസമാണ് ദിലീപിന്റെ അമ്മയും കത്തയച്ചതെന്നത് ശ്രദ്ധേയമാണ്.

ആലുവ സബ് ജയിലിലെത്തി ദിലീപിനെ കഴിഞ്ഞദിവസം അമ്മ സരോജം സന്ദര്‍ശിച്ചിരുന്നു. സഹോദരന്‍ അനൂപിനൊപ്പമായിരുന്നു സരോജത്തിന്റെ സന്ദര്‍ശനം. നേരത്തെ അമ്മയോടും ഭാര്യയോടും മകളോടും ജയിലില്‍ കാണാന്‍ വരരുതെന്ന് ദിലീപ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ജയില്‍വാസം നീണ്ടതോടെയാണ് അമ്മ കാണാനെത്തിയത്. നടന്‍ ദിലീപിന്റെ ആരോഗ്യം മോശമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദിലീപിനെ സന്ദര്‍ശിച്ച നിര്‍മാതാവ് സുരേഷ് കുമാറും ഇക്കാര്യം സ്ഥിരീകരിച്ചു. ചെവിക്കുള്ളിലെ ഫ്‌ലൂയിഡ് കുറയുന്ന അവസ്ഥയാണു ദിലീപിനെന്നും തുടര്‍ച്ചയായി തലകറക്കം അനുഭവപ്പെട്ടിരിന്നുവെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

അതേസമയം, നടിക്കെതിരായ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നു പി.സി.ജോര്‍ജ് എംഎല്‍എ ചൊവ്വാഴ്ച ആവര്‍ത്തിച്ചു. നടി മുഖ്യമന്ത്രിക്കു പരാതി നല്‍കിയതിനു പിന്നാലെയാണു ജോര്‍ജ് ആരോപണങ്ങള്‍ ആവര്‍ത്തിച്ചത്. നടിയുടെ പരാതിയെ താന്‍ ഭയപ്പെടുന്നില്ല. നടിയുടെ പരാതിയോടെ ദിലീപ് നിരപരാധിയെന്നു തെളിഞ്ഞിരിക്കുകയാണ്. പള്‍സര്‍ സുനി പറയുന്നതു വിശ്വസിക്കരുത്. സുനി പിണറായി വിജയന്റെ പേരു പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമോ? വനിതാ കമ്മിഷന്റെ തലപ്പത്തു യോഗ്യതയുള്ളവര്‍ വരണം. പലകുറി തോറ്റവരെയല്ല കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് ഇരുത്തേണ്ടതെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി പിസി ജോര്‍ജ്. തനിക്കെതിരെ കത്തല്ല എന്ത് കുന്തം കൊടുത്താലും പിന്നോട്ടില്ല. നടിയുടെ പരാതിയോടെ ദിലീപ് നിരപരാധിയെന്ന് തെളിഞ്ഞു. അന്വേഷണം ശരിയായ ദിശയിലല്ല മുന്നോട്ട് പോകുന്നത്. ദിലീപ് നിരപരാധിയാണെന്നും പിസി പറഞ്ഞു.

പള്‍സര്‍ സുനി പറയുന്നത് വിശ്വസിക്കേണ്ട കാര്യമില്ല. സുനി പിണറായി വിജയന്റെ പേരു പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമോ. വനിതാ കമ്മീഷന്റെ തലപ്പത്തും യോഗ്യതയുളളവര്‍ വരണം. പരാതിയെ ഭയപ്പെടുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. പിസി ജോര്‍ജ് എംഎല്‍എ നടത്തിക്കൊണ്ടിരിക്കുന്ന അപകീര്‍ത്തിപരമായ സന്ദേശങ്ങള്‍ക്കെതിരെ ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. പിസി ജോര്‍ജിന്റെ അധിക്ഷേപങ്ങള്‍ കേസിനെ ബാധിക്കുമെന്ന് ആശങ്ക രേഖപ്പെടുത്തിയാണ് കത്ത്. വുമണ്‍ ഇന്‍ സിനിമ കളക്ടീവ് കത്ത് പുറത്തുവിട്ടു.

പാലക്കാട്: ജില്ലാ കളക്ടര്‍ നല്‍കിയ വിലക്ക് മറികടന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് പാലക്കാട് എയിഡഡ് സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തി. പാലക്കാട് മുത്താംന്തറ കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. എയിഡഡ് സ്‌കൂളില്‍ രാഷ്ട്രീയ നേതാവ് പതാക ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് കളക്ടര്‍ അറിയിച്ചിരുന്നു. ആര്‍എസ്എസ് ആഭിമുഖ്യമുള്ള മാനേജ്‌മെന്റാണ് സ്‌കൂള്‍ നടത്തുന്നത്. കളക്ടര്‍ വിലക്കിയെങ്കിലും പരിപാടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബിജെപി അറിയിച്ചിരുന്നു.

സ്‌കൂള്‍ മാനേജ്‌മെന്റ് അംഗങ്ങളും പ്രിന്‍സിപ്പലും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. പോലീസിന് കളക്ടര്‍ ഉത്തരവ് നല്‍കിയിരുന്നെങ്കിലും സ്വാതന്ത്ര്യദിനമായതിനാല്‍ സംയമനം പാലിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്‌കൂളില്‍ എത്തിയ ഉടന്‍ മറ്റ് നടപടിക്രമങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ നേരെ എത്തി മോഹന്‍ ഭഗവത് ദേശീയപതാക ഉയര്‍ത്തുകയായിരുന്നു. വിലക്ക് ലംഘിച്ച് പതാക ഉയര്‍ത്തിയതിന് മോഹന്‍ ഭാഗവതിന് എതിരെ നിയമനടപടികള്‍ പൊലീസ് സ്വീകരിക്കും.

എയ്ഡഡ് സ്‌കൂളുകളില്‍ നിലവിലുളള ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോഹന്‍ ഭാഗവതിനെ നേരത്തെ കളക്ടര്‍ വിലക്കിയത്. ജനപ്രതിനിധികള്‍ക്കോ, പ്രധാന അധ്യാപകനോ പതാക ഉയര്‍ത്താമെന്നും രാഷ്ട്രീയ നേതാക്കളെ എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്താന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നുമാണ് കളക്ടര്‍ വ്യക്തമാക്കിയത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സ്‌കൂള്‍ അധികൃതര്‍ക്കും എസ്പിക്കും ആര്‍എസ്എസ് നേതൃത്വത്തിനും കളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു.

അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയ  പി സി ജോര്‍ജിനെതിരെ  ആക്രമണത്തിനിരയായ നടി മുഖ്യമന്ത്രിയ്‌ക്ക് കത്തയച്ചു. ജോര്‍ജിന്റെ  പ്രസ്താവനകള്‍ കേസിന്റെ വിധിയെ ബാധിക്കുമെന്നും മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നുമാണ് നടിയുടെ ആവശ്യം. പി.സി.ജോര്‍ജ് അങ്ങേയറ്റം അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന

പശ്ചാത്തലത്തിലാണ് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തയച്ചത്. ആക്രമിക്കപ്പെട്ടതിന്റെ പിറ്റേനാള്‍ മുതല്‍ തിരിച്ചുവരവിനു ശ്രമിക്കുന്ന തന്നെ ക്കുറിച്ച് പി സി ജോര്‍ജ് പറഞ്ഞ വാക്കുകള്‍ ഏറെ അപമാനിക്കുന്നതാണ്. ഒരാഴ്ചയോളംവീട്ടിലടച്ചിരുന്ന സമയത്ത് സിനിമയുടെ സംവിധായകനും നിര്‍മാതാവും പ്രധാന നടനും സുഹൃത്തുക്കളും മടങ്ങിചെല്ലണമെന്നും ജോലിയില്‍ തുടരണമെന്നും നിരന്തരമായി നിര്‍ബന്ധിച്ചിരുന്നു. ഏകദേശം പത്തു ദിവസം കഴിഞ്ഞാണ് നേരത്തെ ചെയ്യാമെന്ന് ഏറ്റ ആ സിനിമയുടെ രണ്ടു ദിവസത്തെ ഷൂട്ടിന് പോയത്. പി സി ജോര്‍ജിനെ പോലുള്ളവര്‍ താന്‍ എന്തു ചെയ്യണമെന്നാണ് കരുതുന്നത്? ആത്മഹത്യ ചെയ്യണമായിരുന്നോ? അതോ മനോനില തെറ്റി ഏതെങ്കിലും മാനസിക രോഗകേന്ദ്രത്തിലോ വീടിന്റെ പിന്നാമ്പുറങ്ങളിലോ ഒടുങ്ങണമായിരുന്നോ? അതോ സമൂഹ മധ്യത്തില്‍ പ്രത്യക്ഷപ്പെടാതെ എവിടേക്കെങ്കിലും ഓടിയൊളിക്കണമായിരുന്നോ?.

പി.സി.ജോര്‍ജ് നടത്തിയ പ്രസ്താവനകളെ തുടര്‍ന്ന് രാഷ്‌ട്രീയ സമുദായ നേതാക്കന്മാരും പ്രതിക്ക് അനുകൂലമെന്നോണമുള്ള പ്രസ്താവനകള്‍ പുറപ്പെടുവിച്ചതും നടി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുന്നു. ജോര്‍ജ്ജിനെ പോലുളള ജനപ്രതിനിധികള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പൊതു ബോധത്തെ കുറിച്ച് ഈ നാട്ടിലെ സ്‌ത്രീകള്‍ പേടിക്കേണ്ടതുണ്ട്.ഇതുണ്ടാക്കുന്ന പൊതുബോധം എങ്ങനെ പൊതു സമ്മതിയായി മാറുന്നുവെന്നും അതെങ്ങനെ സ്‌ത്രീത്വത്തിന് നേരെ ഉപയോഗിക്കപ്പെടുന്നുവെന്നും നടി ആശങ്കപ്പെടുന്നു.

കോടതിയുടെ മുന്നിലിരിക്കുന്ന കേസിനെ കുറിച്ച് ജനപ്രതിനിധിയടക്കമുള്ളവര്‍ ചേര്‍ന്ന് രൂപീകരിക്കുന്ന അഭിപ്രായം കേസിന്റെ വിധിയെ ബാധിക്കുമെന്നും ആശങ്കയുണ്ട്. ആക്രമിക്കപ്പെട്ട ഒരു സ്‌ത്രീയും ഇതുപോലെ ജനമധ്യത്തില്‍ വീണ്ടും വീണ്ടും അപമാനിതയാകരുത്.. ഏത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിലായാലും മൂക്കരിയാന്‍ വന്നാല്‍ മറ്റ് പലതും അരിഞ്ഞുകളയുമെന്ന് ഒരു ജനപ്രതിനിധിയും പറയാനിടവരരുതെന്നും മുഖ്യമന്ത്രിയ്‌ക്കയച്ച കത്തില്‍ നടി  പറയുന്നു.

വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ്‌ അറസ്‌റ്റില്‍. തെക്കേക്കര ഉമ്പര്‍നാട്‌ സരസമ്മ വിലാസത്തില്‍ ബിനേഷ്‌ കുമാറി(40)നെ കുറത്തികാട്‌ പോലീസാണ്‌ അറസ്‌റ്റിലായത്‌.

ബിനേഷിന്റെ ഭാര്യ ലിജിമോളെ (30) കഴിഞ്ഞ 11-ന്‌ ബിനേഷിന്റെ മാതൃസഹോദരിയുടെ പൊന്നേഴ പുല്ലേലില്‍ വീട്ടിലെ കിണറ്റിലാണു മരിച്ച നിലയില്‍ കണ്ടെത്തിയത്‌. നാലു മാസം പ്രായമുള്ള മകള്‍ക്കു പാല്‍ നല്‍കിയ ശേഷം രാവിലെ ഏഴരയോടെ തുണി കഴുകാനായി കിണറിനു സമീപത്തേക്കു പോയ ലിജിമോളെ ഏറെനേരമായിട്ടും കാണാതിരുന്നതോടെ അന്വേഷിച്ചപ്പോഴാണു മൃതദേഹം കണ്ടെത്തിയത്‌.

ലിജിമോള്‍ ബന്ധുക്കളെ കാണാന്‍ ബിനീഷ്‌ അനുവദിക്കാറില്ലായിരുന്നുവെന്നും
ലിജിമോളുടെ ബന്ധുക്കള്‍ ബുധനാഴ്‌ച പൊന്നേഴയിലെ വീട്ടില്‍ വന്നപ്പോഴും ബിനേഷ്‌ മോശമായി പെരുമാറിയിരുന്നുവെന്നും റിപ്പോര്‍ട്ട്  ഉണ്ട്.

ആത്മഹത്യാ പ്രേരണ, സ്‌ത്രീധനപീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ്‌ ബിനേഷിനെതിരെ കേസെടുത്തിരിക്കുന്നതന്ന്‌ ചെങ്ങന്നൂര്‍ ഡിവൈ.എസ്‌.പി: കെ.ആര്‍. ശിവസുതന്‍ പിള്ള, മാവേലിക്കര സി.ഐ: പി. ശ്രീകുമാര്‍, കുറത്തികാട്‌ എസ്‌.ഐ: എ.സി. വിപിന്‍, മാവേലിക്കര എസ്‌.ഐ: എസ്‌. ശ്രീകുമാര്‍ എന്നിവര്‍ അറിയിച്ചു. പ്രതിയെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

നടിയെ ആക്രമിച്ച കേസില്‍ പരാമര്‍ശിക്കപ്പെടുന്ന ‘മാഡം’ കെട്ടുകഥയല്ലെന്നു സൂചന. ഇവരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും വിവരമുണ്ട്. കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനു മുന്‍പേ മാഡത്തിന്റെ അറസ്റ്റ് നടത്താനും അന്വേഷണ സംഘം നീക്കം തുടങ്ങി. എന്നാല്‍ വാര്‍ത്തകളില്‍ പ്രചരിക്കുന്നതു പോലെ കാവ്യാ മാധവനോ കാവ്യയുടെ അമ്മയോ അല്ല മാഡമെന്ന സൂചനകളാണ് പുറത്തു വരുന്നത്.

കേസില്‍ ആദ്യ ഘട്ടം മുതല്‍ സംശയ നിഴലില്‍ നില്‍ക്കുന്ന സംവിധായകന്റെ ഭാര്യയാണ് മാഡമെന്ന് പൊലീസ് ഏറെ കുറെ ഉറപ്പിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി സിനിമാ രംഗത്ത് നിരവധി ക്വട്ടേഷന്‍ കൊടുത്തിട്ടുള്ള ഇവര്‍ പോലീസിന്റെ നോട്ടപ്പുള്ളിയാണ്. ആഡംബര ജീവിതം നയിക്കുന്ന മാഡവും ദിലീപും തമ്മിലുള്ള ബന്ധം കോര്‍ത്തിണക്കാനുള്ള ശ്രമങ്ങളും പൊലീസ് അരംഭിച്ചിട്ടുണ്ട്.

ദിലീപ് കാവ്യ, പള്‍സര്‍ സുനി എന്നിവരുമായി നേരിട്ട് ബന്ധമുള്ള ഇവര്‍ സിനിമാ രംഗത്തെ നിരവധി പേരുമായി ബന്ധം പുലര്‍ത്തിയിരുന്നുവത്രേ. ദിലീപിന്റെ വിദേശ പര്യടനങ്ങളില്‍ ഇവരുടെ സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് നേരത്തെ ട്രൂപ്പിലെ നിരവധി പേരെ ചോദ്യം ചെയ്തതെന്നും സൂചനകളുണ്ട്. അതേസമയം ഇവരെ സംരക്ഷിക്കാന്‍ സംവിധായകനായ ഭര്‍ത്താവ് കിണഞ്ഞു പരിശ്രമിക്കുകയാണെന്നാണ് വിവരം. രാഷ്ട്രീയത്തിലും ഉന്നത തലങ്ങളിലും പിടിപാടുള്ള സംവിധായകന്‍ ഇതിനായി പലരെയും കണ്ടതായും സൂചനയുണ്ട്. തൃക്കാക്കര എംഎല്‍എ പി.ടി. തോമസാണ് യഥാര്‍ഥ മാഡത്തെ കുറിച്ച് സൂചനകള്‍ നല്‍കിയതെന്നും വിവരമുണ്ട്.

ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ പി.സി.ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ വനിത കമ്മിഷന്‍ കേസെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കമ്മീഷന്‍ നോട്ടീസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകുമെന്ന് പറഞ്ഞ പി.സി ജോര്‍ജ് തന്നെ തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷനാകിലല്ലോ എന്നും പരിഹസിച്ചിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തില്‍ പി.സി ജോര്‍ജിനെതിരെ നടി സജിത മഠത്തില്‍ രംഗത്തെത്തി. ഈ ദിവസങ്ങളില്‍ അവള്‍ പൊഴിക്കുന്ന കണ്ണനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരുമെന്നും ഇനിയും അവളെ വേദനിപ്പിക്കരുതെന്നും സജിത പറയുന്നു.

സജിതയുടെ കുറിപ്പ് വായിക്കാം

എനിക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ് ഈ പ്രസ്താവനകള്‍ എന്നവള്‍ പറയുമ്പോള്‍ വേദനിക്കുന്നത് ആത്മാഭിമാനമുള്ള സ്ത്രീകളുടെ മനസ്സുകൂടിയാണ്. ഇരയായി നിശ്ശബ്ദമായി കരഞ്ഞു തീര്‍ക്കാനുള്ളതല്ല അവളുടെ ജീവിതം. സ്ത്രീ കരുത്തിന്റെ പ്രതീകമായാണ് ഞങ്ങളവളെ കാണുന്നത്. ഈ ദിവസങ്ങളില്‍ അവള്‍ പൊഴിക്കുന്ന കണ്ണീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും പി.സി.ജോര്‍ജ്ജ് ! അവളുടെ ഇച്ഛാശക്തിയെ തകര്‍ക്കാന്‍ ഇനി ഞങ്ങള്‍ അനുവദിക്കില്ല. സുഹൃത്തുക്കളെ ഏറെ വേദനയോടെയാണ് ഞാനിത് എഴുതുന്നത്. അവളെ ഇനിയും വേദനിപ്പിക്കരുത് , ഞങ്ങള്‍ കൂടെ ഉണ്ട് എന്നു പറയേണ്ട സമയമാണിത്. ടീച്ചര്‍ക്ക്, ഈ കുറിപ്പിന് ഏറെ നന്ദി!

സംഭവത്തില്‍ എഴുത്തുകാരി ശാരദക്കുട്ടിയും തന്റെ നിലപാട് വ്യക്തമാക്കി.

ആക്രമിക്കപ്പെട്ട ഒരു പെണ്‍കുട്ടിയോട് അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പോലീസിനോ കോടതിക്കോ ഒക്കെ പല തരം ചോദ്യങ്ങള്‍ ചോദിക്കേണ്ടി വരും.

അത് ചിലപ്പോള്‍ അവള്‍ക്കു ഒരിക്കല്‍ നേരിട്ട പീഡാനുഭവത്തെ മുഴുവന്‍ വീണ്ടും അനുഭവിക്കുന്ന അതേ വേദന ഉളവാക്കുകയും ചെയ്യും.ഇതെല്ലാം അറിഞ്ഞു കൊണ്ട് തന്നെ ധൈര്യത്തോടെ ഒരു പെണ്‍കുട്ടി, കേസ് കൊടുക്കാന്‍ തയ്യാറായപ്പോള്‍ പ്രബുദ്ധമായ കേരളസമൂഹം അവള്‍ക്കു സകല പിന്തുണയും കൊടുത്ത് കൂടെ നിന്നു.

കോടതി ചോദിക്കേണ്ട ചോദ്യങ്ങള്‍ നിരന്തരം ഇങ്ങനെ ചോദിക്കാന്‍, മിസ്റ്റര്‍ പി സി ജോര്‍ജ്ജ്, നിങ്ങള്‍ക്ക് അവകാശമില്ല. പക്ഷെ, നിങ്ങള്‍ക്ക് മാത്രം ഇതൊന്നും മനസ്സിലാകില്ല. കാരണം ഒരു ചികിത്സക്കും വശംവദമാകാന്‍ കൂട്ടാക്കാത്ത ഒരു സ്ഥൂലരോഗപിണ്ഡമായി മാറിക്കഴിഞ്ഞിരിക്കുന്നു നിങ്ങളുടെ മനസ്സും ബോധവും.

പറഞ്ഞിട്ട് കാര്യമില്ല, സ്വയം പ്രഖ്യാപിത കോടതിയണല്ലോ നിങ്ങള്‍. തളയ്ക്കാന്‍ ആരുമില്ലാത്ത. മദയാന. തെറ്റ് ചെയ്തവര്‍ ആരായാലും, നിയമപരമായി ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും, അവള്‍ സമൂഹത്തിനു നല്‍കിയ ഒരു സന്ദേശം ഉണ്ട്. ഭാവിയിലെ പെണ്‍കുട്ടികള്‍ക്കും ഞങ്ങളെ പോലെ ഉള്ള മുതിര്‍ന്ന സ്ത്രീകള്‍ക്കും പകര്‍ന്നു തന്ന ഒരു കരുത്തുണ്ട്.അത് ഇത്രയും കാലത്തെ നിങ്ങളുടെ ‘പൊതുപ്രവര്‍ത്തന’ത്തില്‍ നിന്ന് , അതിനു അവസരം തന്നെ ജനതയോടുള്ള കടപ്പാടായി പോലും തിരിയെ നല്‍കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. നിങ്ങളുടെ വ്യര്‍ഥതയെ ആണ് അത് സൂചിപ്പിക്കുന്നത്. വിഫലമീ യാത്ര എന്ന് കാലം നിങ്ങളെ വിലയിരുത്തും, മിസ്റ്റര്‍ പി സി ജോര്‍ജ്.

ദുരൂഹ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി മാസിന്‍(17) വെടിയേറ്റു മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മാനത്ത്മംഗലം സ്വദേശി മുസമ്മില്‍ ആണ് അറസ്റ്റിലായത്. തോക്കു ചൂണ്ടി ഫോട്ടോയെടുക്കുന്നതിനിടെ മാസിന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അതേസമയം, മാസിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ് വെടിയേറ്റ് ചോരയില്‍ കുളിച്ച നിലയില്‍ യുവാവിനെ രണ്ട് സുഹൃത്തുക്കള്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. സ്‌കൂട്ടറിന്റെ നടുവില്‍ ഇരുത്തിയാണ് മാസിനെ ആശുപത്രിയില്‍ എത്തിച്ചത്. അത്യാഹിത വിഭാഗത്തിനു മുന്നിലെത്തിയപ്പോള്‍ പിന്നിലിരുന്ന യുവാവ് എഴുന്നേല്‍ക്കുമ്പോള്‍ യുവാവ് പിന്നോട്ട് വീഴാന്‍ പോകുന്നതായി ദൃശ്യത്തില്‍ കാണാം.

മാസിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കഴുത്തിന്റെ ഒരുവശത്തു വെടിയേറ്റ മാസിന്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു. ആശുപത്രിയിലെത്തിച്ച ഈ യുവാക്കള്‍ ഡോക്ടര്‍മാരെയും പൊലീസിനെയും വിവരമറിയിക്കാതെ കടന്നു കളഞ്ഞിരുന്നു. മരിച്ച യുവാവിന്റെ ഇടതുകാലിലെ വിരലുകളില്‍ റോഡിലുരഞ്ഞ മുറിവുണ്ട്. നഗരത്തിനടുത്തു പൂപ്പലം നിരപ്പിലെ ഒഴിഞ്ഞ സ്ഥലത്താണു സംഭവം നടന്നതെന്നും എയര്‍ഗണ്ണില്‍നിന്നുള്ള വെടിയാകാമെന്നും പൊലീസ് കണ്ടെത്തി. മാസിന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഈ ഭാഗത്ത് എത്തിയതായി പറയുന്നു. തോക്ക് ആരുടേതെന്നു വ്യക്തമല്ല. കോഴിക്കോട്ട് താമസിച്ചുപഠിക്കുന്ന മാസിന്‍ വെള്ളിയാഴ്ചയാണു വീട്ടിലെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്കു രണ്ടോടെയാണു വീട്ടില്‍നിന്നിറങ്ങിയത്. പിന്നീട് വീട്ടുകാര്‍ അറിയുന്നതു മരണവാര്‍ത്തയാണ്.

[ot-video][/ot-video]

RECENT POSTS
Copyright © . All rights reserved