Latest News

യുവതിയെ കഴുത്തറുത്ത് കൊന്നശേഷം ഭർതൃപിതാവ് തൂങ്ങിമരിച്ചു. കുടുംബ വഴക്കിനെ തുടർന്നാണു സംഭവം. വടക്കൻ പറവൂർ ചേന്ദമംഗലം പഞ്ചായത്തിലെ വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളി സെബാസ്റ്റ്യൻ (64) ആണ് മകൻ സിനോജിന്റെ ഭാര്യ ഷാനു (34) വിനെ കഴുത്തറുത്ത് കൊന്നശേഷം തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാവിലെ 11നാണ് സംഭവം.

തന്റെ ഭാര്യയും പിതാവും തമ്മിൽ വഴക്കു പതിവായിരുന്നെന്നു ഷാനുവിന്റെ ഭർത്താവ് സിനോജ് പറഞ്ഞു. ഭക്ഷണകാര്യങ്ങളെച്ചൊല്ലി ആറു മാസം മുൻപു വഴക്ക് രൂക്ഷമായെന്നും ഇതിനുശേഷം പിതാവിനോടു ഷാനു സംസാരിക്കാറില്ലെന്നും സിനോജ് പറഞ്ഞു. ഫാക്ടിലെ കരാർ ജീവനക്കാരനാണു സിനോജ്. രാവിലെ ജോലിക്കുപോയ ശേഷം എട്ടു മണിക്ക് ഷാനുവിനെ വിളിച്ചിരുന്നെന്നും അപ്പോൾ പ്രശ്നങ്ങളൊന്നും പറഞ്ഞിരുന്നില്ലെന്നും സിനോജ് പറഞ്ഞു.

പിതാവുമായി യോജിച്ചു പോകാൻ കഴിയാത്തതിനെ തുടർന്ന് സിനോജിന്റെ സഹോദരൻ കൊടുങ്ങല്ലൂർ കോട്ടപ്പുറത്താണു താമസം. ഇവരുടെ മാതാവ് രണ്ട് ദിവസം മുൻപ് സഹോദരന്റെ വീട്ടിലായിരുന്നു. സിനോജിന്റെയും ഷാനുവിന്റെയും എൽകെജിയിൽ പഠിക്കുന്ന ഇരട്ടക്കുട്ടികളായ ഇമയും ഇവാനും സ്കൂളിൽപോയശേഷം ഷാനു വീട്ടിൽ ഒറ്റക്കുള്ളപ്പോഴായിരുന്നു സെബാസ്റ്റ്യന്റെ ആക്രമണം. തുടർന്ന് ഇയാൾ തൂങ്ങിമരിക്കുകയായിരുന്നു.

ഇരുവരുടെയും മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിൽ. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചശേഷം കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തും.

പ്രിയ വർഗീസ് ഉൾപ്പെട്ട കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമന പട്ടികയിലെ റാങ്കുകാർക്ക് കേസിന് പോകാതിരിക്കാൻ ഉന്നതപദവികൾ നൽകിയെന്ന് ആരോപണം. കേസിലെ ഹർജിക്കാരനായ ജോസഫ് സ്കറിയ ആണ് ആരോപണം ഉന്നയിച്ചുകൊണ്ടുള്ള സത്യവാങ്‌മൂലം സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.

പട്ടികയിൽ മൂന്നാം റാങ്കുകാരനായിരുന്ന സി. ഗണേശനും നാലാം റാങ്കുകാരനായിരുന്ന പി.പി. പ്രകാശനുമാണ് ഉന്നതപദവികൾ നൽകിയത് എന്നാണ് ആരോപണം. ഇരുവരും പ്രിയ വർഗീസിന്റെ നിയമനം നിയമപരമായി ചോദ്യം ചെയ്യാൻ ആലോചിച്ചിരുന്നുവെന്ന് അക്കാദമിക ലോകത്തുള്ള പലർക്കും അറിയാമായിരുന്നുവെന്നും ജോസഫ് സ്കറിയ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു.

കേരളത്തിലെ മറ്റൊരു സർവ്വകലാശാലയിലെ പരീക്ഷ കമ്മിഷണർ ആയാണ് സി. ഗണേശന് നിയമനം നൽകിയെന്നാണ് സത്യവാങ്മൂലത്തിൽ വിശദീകരിച്ചിരിക്കുന്നത്. ഈ പദവി സർവ്വകലാശാല പ്രൊഫസർ പദവിക്ക് തുല്യമാണെന്നും ജോസഫ് സ്കറിയ ചൂണ്ടിക്കാട്ടുന്നു. നാലാം റാങ്കുകാരനായ പി.പി. പ്രകാശനെ പി.എസ്.സി. അംഗമാക്കി. ഈ പദവി സംസ്ഥാന ചീഫ് സെക്രട്ടറിയുടെ റാങ്കിന് തുല്യമാണെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മറ്റൊരു സർവ്വകലാശാലയുടെ പ്രൊഫസർ തസ്തികയിലേക്ക് നടന്ന അഭിമുഖത്തിൽ താൻ പങ്കെടുത്തിരുന്നു. 2022 ജനുവരിയിൽ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയ്യാറായെങ്കിലും ഇതുവരെയും അത് പ്രസിദ്ധീകരിച്ചിട്ടില്ല. പ്രിയ വർഗീസിനെതിരെ കേസ് നടത്തുന്നതിനാലാണ് ഇത്തരം ഒരു നടപടിയെന്നും ജോസഫ് സ്‌കറിയ സത്യവാങ്മൂലത്തിലൂടെ ആരോപിക്കുന്നു.

അഭിഭാഷകൻ അതുൽ ശങ്കർ വിനോദ് ആണ് ജോസഫ് സ്‌കറിയയുടെ സത്യവാങ്മൂലം സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.

ഇന്ത്യൻ വിദ്യാർത്ഥിയെ യുഎസില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ 12 ദിവസമായി യുവാവിനെ കാണാനില്ലായിരുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ട് ഹൈദരാബാദിലെ മാതാപിതാക്കള്‍ക്ക് കോള്‍ വന്നതോടെയാണ് തട്ടിക്കൊണ്ടുപോയത് ആണെന്ന് വ്യക്തമായത്. ഒരു ലക്ഷം രൂപയോളമാണ് (1200 യുഎസ് ഡോളർ) മോചനദ്രവ്യം ആവശ്യപ്പെട്ടത്.

മകനെ തട്ടിയെടുത്തെന്നും പണം തന്നില്ലെങ്കില്‍ കിഡ്‌നി വില്‍ക്കുമെന്നും മാതാപിതാക്കളെ സംഘാംഗം ഭീഷണിപ്പെടുത്തി. ഒഹായോയിലെ ക്ലീവ്‌ലൻഡ് സർവകലാശാലയില്‍ ഐടിയില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണ് ഹൈദരാബാദ് സ്വദേശിയായ അബ്ദുള്‍ മുഹമ്മദ്(25). കഴിഞ്ഞ മെയിലാണ് യുവാവ് പഠനത്തിനായി യുഎസിലേക്ക് പോയത്. മാർച്ച്‌ 7 ന് ശേഷം മകൻ തങ്ങളോട് സംസാരിച്ചിട്ടില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

ക്ലീവ്‌ലൻഡില്‍ മയക്കുമരുന്ന് മാഫിയ സംഘമാണ് മകനെ തട്ടിക്കൊണ്ടുപോയതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. അജ്ഞാത നമ്ബറില്‍ നിന്നാണ് അബ്ദുള്‍ മുഹമ്മദിന്റെ അച്ഛൻ മുഹമ്മദ് സലീമിന് കഴിഞ്ഞാഴ്ച വിളി വന്നത്. എങ്ങനെയാണ് തുക നല്‍കേണ്ടെതെന്ന് വിളിച്ചയാള്‍ പറഞ്ഞില്ല. യുഎസിലെ ബന്ധുക്കളെ മുഹമ്മദ് സലീം വിവരമറിയിച്ചു. അവർ ക്ലീവ്‌ലൻഡ് പൊലീസ് മിസിങ് കേസായി പരാതി നല്‍കി. കാണാതാകുമ്ബോള്‍ അബ്ദുള്‍ മുഹമ്മദ് ഒരു വെള്ള ടി ഷർട്ടും, ചുവപ്പ് ജാക്കറ്റും, നീല ജീൻസുമാണ് ധരിച്ചിരുന്നതെന്ന് ക്ലീവലൻഡ് പൊലീസ് അറിയിപ്പില്‍ പറഞ്ഞു.

ഷിക്കാഗോയിലെ ഇന്ത്യൻ കൗണ്‍സിലിനെയും സഹായം തേടി കുടുംബം വിവരം ധരിപ്പിച്ചു. നേരത്തെ അഭിജിത്ത് പരുചുരു( 20) എന്ന എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ബോസ്റ്റണിലെ കാട്ടില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മൂന്നുമാസത്തിനിടെ യുഎസില്‍ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒൻപതാമത്തെ സംഭവമാണിത്.

മയക്കുമരുന്ന് മാഫിയ സംഘം തന്റെ മകൻ അവരുടെ പക്കല്‍ ഉണ്ടെന്നതിന് തെളിവൊന്നും നല്‍കിയില്ലെന്ന് മുഹമ്മദ് സലിം പറഞ്ഞു. നിർദ്ദേശങ്ങള്‍ പാലിക്കാമെന്ന് മറുപടി പറഞ്ഞെങ്കിലും, അയാള്‍ ദേഷ്യപ്പെട്ട് ഫോണ്‍ വയ്ക്കുകയായിരുന്നു. കെട്ടിടനിർമ്മാണ സൈറ്റുകളിലെ സൂപ്പർവൈസറാണ് മുഹമ്മദ് സലിം.

സംഘാംഗം വിളിച്ചപ്പോള്‍ സംസാരിക്കുന്നതിന് തൊട്ടുമുമ്ബായി ഒരാള്‍ കരയുന്നതിന്റെ നേരിയ ശബ്ദം കേള്‍ക്കാമായിരുന്നു. അതുഞങ്ങളുടെ മകനാണോ എന്ന് വ്യക്തമല്ല, അച്ഛൻ മുഹമ്മദ് സലിം പറഞ്ഞു. മകൻ വലിയ കുഴപ്പത്തിലാണ് പെട്ടിരിക്കുന്നതെന്നും 30 മിനിറ്റിനകം പണം കിട്ടിയില്ലെങ്കില്‍ തനിക്ക് സഹായിക്കാനാവില്ലെന്നുമാണ് വിളിച്ചയാള്‍ പറഞ്ഞത്.

സൗഹൃദത്തിലായ യുവതിയുടെ നഗ്‌നവീഡിയോ പകര്‍ത്തിയശേഷം വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും 30 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന പ്രതി 13 വര്‍ഷങ്ങള്‍ക്കുശേഷം പൊലീസിന്റെ പിടിയിലായി. മലപ്പുറം മൂത്തേടം വില്ലേജില്‍ തച്ചേടത്ത് വീട്ടില്‍ സുരേഷ് കെ.നായര്‍ (54) ആണ് പിടിയിലായത്.

2011ലാണ് കേസിനാസ്പദമായ സംഭവം. 2009 കാലഘട്ടത്തില്‍ തിരുവല്ലയിലെ തോട്ടഭാഗത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലെത്തിയ സുരേഷ്, അയല്‍വാസിയായ യുവതിയുമായി സൗഹൃദത്തിലാവുകയായിരുന്നു. ഭര്‍ത്താവ് വിദേശത്തുള്ള യുവതിയുമായി അടുപ്പത്തിലായ സുരേഷ് അവരറിയാതെ നഗ്‌നവീഡിയോ പകര്‍ത്തി.

തുടര്‍ന്ന് പകര്‍ത്തിയ വീഡിയോ യുവതിക്ക് അയച്ചുകൊടുത്തു. ഈ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ചു പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തു.

വിദേശത്തു നിന്ന് അവധിക്ക് നാട്ടിലെത്തിയ ഭര്‍ത്താവ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഇതോടെ പ്രതി സുരേഷ് മുംബൈയിലെ വിവിധ സ്ഥലങ്ങളില്‍ വ്യാജ മേല്‍വിലാസത്തില്‍ ഒളിവില്‍ പോയി.

പഴയ കേസുകളുടെ അന്വേഷണം നടക്കുന്നതിനിടെ ഡിവൈ.എസ്.പി എസ്. അഷാദ്, സി.ഐ ബി. സുനില്‍ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സുരേഷിനെ എറണാകുളത്ത് നിന്നും കണ്ടെത്തിയത്. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സ്വന്തം വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് ആൺ സുഹൃത്തിനൊപ്പം കണ്ട മകളെ അമ്മ കഴുത്തു ‍ഞെരിച്ചു കൊന്നു. ഇബ്രാഹിംപട്ടണം സ്വദേശിയായ ജൻഗമ്മയാണ് 19കാരിയായ മകൾ ഭാർഗവിയെ ബുധനാഴ്ച കൊലപ്പെടുത്തിയത്. ഭാർഗവിക്ക് വിവാഹാലോചനകൾ നടത്തുന്നതിനിടെയാണ് സംഭവം. പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി ജോലി സ്ഥലത്തുനിന്ന് വീട്ടിലെത്തിയ ജൻഗമ്മ മകളെ ആൺ സുഹൃത്തിനൊപ്പം കാണുകയായിരുന്നു. പിന്നാലെ ഇയാളെ വീടിനു പുറത്താക്കിയ ജൻഗമ്മ സാരി ഉപയോഗിച്ച് മകളുടെ കഴുത്തിൽ കുരുക്കിടുകയും കൊലപ്പെടുത്തുകയും ചെയ്തു. ഭാർഗവിയുടെ ഇളയ സഹോദരൻ സംഭവങ്ങളുടെ ദൃക്സാക്ഷിയാണെന്ന് പൊലീസ് പറഞ്ഞു. ഭാർഗവിക്കു നേരെ അമ്മ അക്രമം നടത്തുന്നത് ജനാലവഴി കണ്ട സഹോദരൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പുല്‍പ്പള്ളി താന്നിതെരുവ് സ്വദേശിയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ ശേഷം മുങ്ങിയ നടന്‍ കലാഭവന്‍ സോബി ജോര്‍ജ് (56) പൊലീസിന്റെ പിടിയിലായി. എറണാകുളം സ്വദേശിയായ നെല്ലിമറ്റം കാക്കനാട് വീട്ടില്‍ സോബി ജോര്‍ജിനെ കൊല്ലം ചാത്തന്നൂരിൽ വച്ചാണ് ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ കേസുകളുണ്ട്.

2021 സെപ്റ്റംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് പുല്‍പ്പള്ളി സ്വദേശിയില്‍നിന്ന് പല തവണകളിലായി 3,04,200 രൂപ വാങ്ങിയത്. ബാങ്ക് അക്കൗണ്ട് മുഖാന്തരമായിരുന്നു ഇടപാട്. വീസ നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാത്തതിനെ തുടര്‍ന്ന് 2023 ലാണ് പരാതി നല്‍കിയത്. എസ്ഐ ശശികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ അരുണ്‍ജിത്ത്, പി.കെ്. സുമേഷ് തുടങ്ങിയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

പതിനേഴ് വയസ്സ് മാത്രമുള്ളപ്പോള്‍ ഈ ലോകത്ത് നിന്നും സ്വയം വിടപറഞ്ഞ താരമാണ് പ്രിന്‍സ്. പ്രിന്‍സ് എന്ന മാത്രം പറയുമ്ബോള്‍ പലർക്കും അത്രപെട്ടെന്ന് ആ നടന്റെ മുഖം ഓർമ്മവരില്ലെങ്കിലും ഉർവശിയുടെ സഹോദരന്‍ എന്ന് പറഞ്ഞാല്‍ ലയനം എന്ന സിനിമയിലെ ആ നടനെ പലരും ഓർക്കും.

പ്രിന്‍സിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്ന് ലയനം സിനിമക്കെതിരേയും ചില ആരോപണങ്ങള്‍ അന്ന് ഉയർന്നിരുന്നു. എന്നാല്‍ യഥാർത്ഥത്തില്‍ സംഭവിച്ചത് അങ്ങനെ ഒന്നുമല്ലെന്നാണ് സംവിധായകന്‍ തുളസീദാസ് വ്യക്തമാക്കുന്നത്. കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്റെ കൊച്ച്‌ അനുജനെ പോലെ ഞാന്‍ കണ്ട് വ്യക്തിയായിരുന്നു പ്രിന്‍സ്. ലയനം സിനിമയെ തുടർന്നുണ്ടായ ഡിപ്രഷനാണ് അവന്റെ മരണത്തിന് കാരണം എന്ന പ്രചരണം തെറ്റാണ്. ആ ചിത്രത്തിലേക്ക് അഭിനയിക്കാന്‍ വരുന്നിതിന് മുമ്ബ് തന്നെ ഡ്രിങ്ക്സൊക്കെ കഴിക്കുന്ന സ്വഭാവം അവനുണ്ടായിരുന്നു. ഒരിക്കല്‍ സെറ്റില്‍ വെച്ച്‌ അവനെ പിടിച്ചിട്ടുണ്ട്.

ഒരു ദിവസം മറ്റൊരു പയ്യനുമായി ചേർന്ന് ടെറസില്‍ പോയി ടാങ്കില്‍ നിന്ന് വെള്ളമെടുത്ത് കഴിച്ചിരുന്നു. പഠിച്ചുകൊണ്ടിരുന്ന സമയത്താണ് പ്രേമം തുടങ്ങിയത്. അത് വീട്ടില്‍ ശരിയാകില്ലെന്ന് മനസ്സിലാക്കിയാണ് രണ്ടുപേരും ഒരുമിച്ച്‌ ആത്മഹത്യ ചെയ്യുന്നത്. സിനിമ കാരണമാണ് മരിച്ചതെന്നുള്ള പ്രചരണമൊക്കെ തെറ്റാണെന്നും തുളസീദാസ് പറയുന്നു.

പ്രിന്‍സിന്റെ മരണം ഇന്നും എനിക്ക് വല്ലാത്ത വേദനയാണ്. അന്ന് വീട്ടിലേക്ക് പോകാന്‍ സാധിച്ചിട്ടില്ല. വിളിച്ച്‌ സംസാരിച്ചിരുന്നു. ലയനം വന്‍ ഹിറ്റായിരുന്നു. ഇതോടെ അതുപോലുള്ള നിരവധി സിനിമകള്‍ പല ഭാഷകളില്‍ നിന്നും വന്നു. എന്നാല്‍ അത്തരം സിനിമകള്‍ ചെയ്യാന്‍ പിന്നീട് തയ്യാറായിരുന്നില്ല. പിന്നീട് ചെയ്യുന്ന പടമാണ് കൌതുക വാർത്തകളെന്നും തുളസീദാസ് വ്യക്തമാക്കുന്നു.

അതേസമയം, പതിനേഴ് വയസുള്ളപ്പോള്‍ ആത്മഹത്യ ചെയ്തതുകൊണ്ട് എന്തായിരുന്നു അതിന്റെ കാരണമെന്നും മറ്റും അറിയില്ലെന്നായിരുന്നു ഉർവശി നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. അനിയന്റെ മരണ ശേഷം അവന്റെ ക്ലാസിലെ ആറോളം സഹപാഠികള്‍ ആത്മഹത്യ ചെയ്തതായും ഉർവശി മുമ്ബ് പറഞ്ഞിരുന്നു.

“ആത്മഹത്യ ചെയുമ്ബോള്‍ പതിനേഴ് വയസായിരുന്നു അവന്റെ പ്രായം. അത് വല്ലാത്തൊരു പ്രായമാണല്ലോ. എനിക്ക് അധികാരം സ്ഥാപിക്കാനും എന്റെ മോനെപ്പോലെ നോക്കാൻ കിട്ടിയതും ഏറ്റവും ഇളയ അനിയനെയാണ്. ബാക്കി രണ്ട് ചേച്ചിമാരും മൂത്തതാണ്. എന്റെ ആദ്യത്തെ മകനും അവനാണ്. എങ്ങനെയാണ് അത്തരും മരണം ഉണ്ടായതെന്ന് ഇപ്പോഴും നമുക്ക് വലിയ ധാരണ ഇല്ല. എന്നെ മാത്രമല്ല, കുടുംബത്തിലെ എല്ലാവരെയും ബാധിച്ചു.” എന്നും ഉർവശി പറഞ്ഞു.

അവന്റെ മരണ സമയത്ത് കല ചേച്ചി ഏഴ് മാസം ഗർഭിണിയായിരുന്നു. എന്തോ ഒന്നില്‍ അവർ പെട്ടിരിക്കാമെന്ന് ഊഹിക്കുന്നു. അവരുടെ വിഷമം തിരിച്ചറിഞ്ഞിരുന്നെങ്കില്‍ പരിഹരിക്കാൻ പറ്റുമായിരുന്നിരിക്കാം.പ്രിൻസിന്റെ മരണം കഴിഞ്ഞ് 41 പോലും കഴിയാതെ പത്തിരുപത് ദിവസത്തിനുള്ളില്‍ സ്റ്റേജ് ഷോയ്ക്ക് ഗള്‍ഫില്‍ പോവേണ്ടി വന്നിരുന്നെന്നും തുളസീദാസ് പറഞ്ഞിരുന്നു.

മലയാള സിനിമയിൽ പുതുചരിത്രം കുറിച്ച് ചിദംബരം പൊതുവാൾ ഒരുക്കിയ ‘മഞ്ഞുമ്മൽ ബോയ്സ്’. 200 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി ‘മഞ്ഞുമ്മൽ ബോയ്സ്’ മാറിയിരിക്കുകയാണ്. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് കേരളത്തിന് പുറത്തും ​ഗംഭീര സ്വീകരണമാണ് ലഭിച്ചത്. യുകെയിലെ മലയാളികൾക്കിടയിലും ചിത്രത്തിലെ വൻ സ്വീകാര്യതയാണ് ലഭിച്ചത്

റിലീസ് ചെയ്ത് ഒരുമാസം പിന്നിടും മുന്നെയാണ് ആ​ഗോളതലത്തിൽ ചിത്രം 200 കോടി പിന്നിടുന്നത്. ഡബ്ബ് വേർഷനില്ലാതെ തമിഴ്നാട്ടിൽ നിന്നും 50 കോടി കളക്ഷൻ നേടുന്ന ആദ്യ അന്യഭാഷ ചിത്രം എന്ന നേട്ടവും ‘മഞ്ഞുമ്മൽ ബോയ്സ്’ സ്വന്തമാക്കിക്കഴിഞ്ഞു. ആ​ഗോളതലത്തിൽ ഏറ്റവുമധികം കളക്ഷൻ നേടിയ മലയാള ചിത്രവും ‘മഞ്ഞുമ്മൽ ബോയ്സ്’ ആണ്.

ഫെബ്രുവരി 22-ന് തിയേറ്ററുകളിലെത്തിയ ചിത്രം ‘ഗുണാ കേവ്സ്’ ഉം അതിനോടനുബന്ധിച്ച് നടന്ന യഥാർഥ സംഭവത്തെയും ആസ്പദമാക്കി ഒരുക്കിയ ‌ഒരു സർവൈവൽ ത്രില്ലറാണ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് ചിത്രികരിച്ചത്.

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെ വേൾഡ് വൈഡ് ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് നിർമ്മാതാക്കൾ.

വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആത്മീയ യാത്രയിൽ നവീകരണവും, അനുതാപവും, അനുരഞ്ജനവും പ്രാപിച്ച്‌ ഉദ്ധിതനായ ക്രിസ്തുവിനെ ഹൃദയത്തിലും ഭവനത്തിലും സ്വീകരിക്കുവാൻ വിശ്വാസികളെ ഒരുക്കുന്നതിന്റെ ഭാഗമായി ബര്മിങ്ഹാം സെന്റ് . ബെനഡിക് മിഷന്റെ നേതൃത്വത്തിൽ ത്രിദിന നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ വലിയ നോമ്പുകാലത്തിൽ ക്രമീകരിച്ചിരിക്കുന്ന ‘ഗ്രാൻഡ് മിഷൻ 2024’ ന്റെ ശുശ്രുഷകളുടെ ഭാഗമായാണ് ലൂട്ടനിലും സ്റ്റീവനേജിലും ധ്യാനങ്ങൾ ക്രമീകരിക്കുന്നത്.

തിരുവചന പ്രഘോഷങ്ങളിലൂടെയും ആത്മീയ ശുശ്രുഷകളിലൂടെയും ദൈവാരാജ്യത്തിനായി ആഗോളതലത്തിൽത്തന്നെ ശുശ്രുഷകൾ നയിക്കുന്ന രാജ്യാന്തര തലങ്ങളിലും വിശ്വാസത്തിന്റെ ചൈതന്യവും, രക്ഷയുടെ മാർഗ്ഗവും അനേകായിരങ്ങൾക്ക് പകർന്നു നൽകി വരുന്ന അഭിഷിക്തധ്യാന ഗുരുവും, അനുഗ്രഹീത കൗൺസിലറും, യുവജന ശുശ്രുഷകളിലൂടെ ഏറെ ശ്രദ്ധേയനുമായിട്ടുള്ള ഫാ. ടോണി കട്ടക്കയമാണ് ത്രിദിന ധ്യാനത്തിന് നേതൃത്വം നൽകുക.

വലിയനോമ്പുകാല നവീകരണ ധ്യാനത്തിലും, തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷകളിലും പങ്കു ചേർന്ന്, ഗാഗുൽത്താ വീഥിയിൽ യേശു സമർപ്പിച്ച ത്യാഗബലി പൂർണ്ണ ഹൃദയത്തോടെ വിചിന്തനം ചെയ്‌ത്‌ , അനുതാപത്തിലൂന്നിയ നവീകരണത്തിലൂടെ അനുരഞ്ജനത്തിന്റെയും സ്നേഹത്തിന്റെയും കരുണയുടെയും അനന്ത കൃപകൾ ആർജ്ജിക്കുവാൻ ടോണി അച്ചന്റെ ധ്യാനം ഏറെ അനുഗ്രഹദായകമാവും.


വലിയ നോമ്പിന്റെ ചൈതന്യത്തിൽ, ക്രിസ്തുവിന്റെ രക്ഷാകര യാത്രയുടെ അനുസ്മരണയോടൊപ്പം, പ്രത്യാശയും പ്രതീക്ഷയും നൽകി മരണത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ രക്ഷകനെ വരവേൽക്കുവാനും അവിടുത്തെ കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി ബർമിങ്ഹാം സെൻ്റ് ബെനഡിക് മിഷൻ വികാരി ഫാ . ടെറിൻ മുല്ലക്കര അറിയിച്ചു

മെഡിക്കല്‍ വിദ്യാര്‍ഥിനിയെ സീനിയര്‍ വിദ്യാര്‍ഥി പീഡിപ്പിച്ചതായി പരാതി. വഡോദര ഗോത്രി മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ് അവസാനവര്‍ഷ വിദ്യാര്‍ഥിക്കെതിരേ പീഡനപരാതി നല്‍കിയത്. സംഭവത്തില്‍ പ്രതിയായ വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.

സീനിയര്‍ വിദ്യാര്‍ഥി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മുകള്‍നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം പീഡനത്തിനിരയാക്കിയെന്നാണ് പരാതിയിലെ ആരോപണം. മെഡിക്കല്‍ കോളേജില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനിടെയാണ് പരാതിക്കാരിയെ സീനിയര്‍ വിദ്യാര്‍ഥി പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും സൗഹൃദത്തിലായെങ്കിലും പിന്നീട് ബന്ധത്തില്‍ വിള്ളലുണ്ടായി. എന്നാല്‍, ഇതിനുപിന്നാലെ സീനിയര്‍ വിദ്യാര്‍ഥി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. ഫോണ്‍കോള്‍ റെക്കോഡിങ്ങുകള്‍ തന്റെ കൈവശമുണ്ടെന്ന് പറഞ്ഞാണ് വിദ്യാര്‍ഥി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ഇവയെല്ലാം ഫോണില്‍നിന്ന് നീക്കംചെയ്യാമെന്ന് ഉറപ്പുനല്‍കി പെണ്‍കുട്ടിയെ ആശുപത്രിയുടെ മുകള്‍നിലയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. എന്നാല്‍, ഇവിടെവെച്ച് സീനിയര്‍ വിദ്യാര്‍ഥി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

സംഭവം നടന്നതിന്റെ പിറ്റേദിവസം തന്നെ പെണ്‍കുട്ടി നേരിട്ടെത്തി പരാതി നല്‍കിയതായി പോലീസ് പറഞ്ഞു. കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved