സ്വന്തം ലേഖകൻ
നോർത്താംപ്ടൻ : എം എസ് ധോണി ബ്രാൻഡ് അംബാസിഡറായ സിംഗിൾ ഐഡി എന്ന ഗ്ലോബൽ ബ്രാൻഡിന്റെ കോ ഫൗണ്ടറും, ടെക്ക് ബാങ്ക് മൂവീസ് ലണ്ടന്റെ ഡയറക്ടറുമായ അഡ്വ : സുഭാഷ് ജോർജ്ജ് മാനുവലിന്റെ BMW സ്പെഷ്യൽ എഡിഷൻ 7 സീരിസ് മോഷ്ടിക്കപ്പെട്ടതും , മോഷ്ടാക്കൾ പിടിക്കപ്പെട്ടതും , കാർ മോഷണ മാഫിയയെ തകർത്തതും യുകെ നിവാസികൾക്ക് ആശ്വാസമായി മാറുന്നു.
നോർതാംടണിലുള്ള തന്റെ വീട്ട് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന റോൾസ് റോയിസ് , റേഞ്ച് റോവർ വോഗ് , ബി എം ഡബ്ലി 7 സീരിസ് എന്നീ വണ്ടികളിൽ നിന്ന് ബി എം ഡബ്ലി 7 സീരിസ് കാർ മാത്രം ഇന്നലെ രാവിലെ 5:30 ന് മോഷ്‌ടിക്കപ്പെട്ടു. ഈ കാർ ഡ്രൈവർ ഇല്ലാതെ റിമോർട്ടിൽ ഓടുന്നതും ടെസ്‌ല പോലെ സെൽഫ് ഡ്രൈവുമായിരുന്നു. ഇത് ബിൽഡ് യുവർ ബി എം ഡബ്ളിയു എന്ന ഓപ്‌ഷനിലൂടെ അദ്ദേഹം കാസ്റ്റമൈസ് ചെയ്ത് നിർമ്മിച്ച കാറായിരുന്നു. എന്നിട്ടു പോലും ഇതിന്റെ എല്ലാ സെക്യൂരിറ്റി സംവിധാനങ്ങളെയും നിർവീര്യമാക്കികൊണ്ടായിരുന്നു മോഷ്‌ടാക്കൾ കാർ കടത്തിയത്.
ഇന്നലെ വെളുപ്പിനെ 4:44 ഓടുകൂടി വീട്ടിലേയ്ക്ക് പോലും നോക്കാതെ മോഷ്‌ടാക്കളായ മൂന്ന് പേർ റോഡിലൂടെ നടന്നു പോകുന്നതായി സുഭാഷിന്റെ വീട്ടിലെ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ നിമിഷങ്ങൾക്ക് ശേഷം സുഭാഷിന്റെയും അടുത്തുള്ള വീടുകളിലെയും ഡോർ ബെൽ ക്യാമറകൾ ഉൾപ്പെടെ അതിനൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പ്രവർത്തന രഹിതമാക്കികൊണ്ട് അവർ കാർ മോഷ്‌ടിക്കുകയായിരുന്നു.
കാറിനുള്ളിൽ കമ്പനി ഇൻസ്റ്റോൾ ചെയ്തിരുന്ന എല്ലാവിധ സുരക്ഷാ സംവിധാനങ്ങളെയും, സോഫ്‌റ്റെവെയറിനെയും പൂർണ്ണമായും പ്രവർത്തന രഹിതമാക്കികൊണ്ടാണ് അവർ കാറിനെ കടത്തികൊണ്ട് പോയത്. എന്നാൽ സുഭാഷ് പ്രത്യേകം ഇൻസ്റ്റോൾ ചെയ്ത ആപ്പിൾ എയർ ടാഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഐഫോണിലൂടെ സുഭാഷ് ഈ കാർ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു.
മമ്മൂട്ടി ഫിലിംസിന്റെ ഡി എൻ എഫ് റ്റി റൈറ്റസ് വാങ്ങിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ പോയിരുന്ന സുഭാഷ് ജോർജ്ജ് ഹീത്രോ എയർപോർട്ടിൽ നിന്ന് മടങ്ങി എത്തിയത് മിനിഞ്ഞാന്ന് വൈകിട്ട് ആറു മണിയോട് കൂടിയായിരുന്നു. എയർ പോർട്ടിൽ നിന്ന് യൂബറിന്റെ പ്രീമിയം സർവീസ് ഉപയോഗപ്പെടുത്തിയാണ് സുഭാഷ് നോർത്താംടണിൽ എത്തിയത്. വീട്ടിൽ എത്തിച്ച യൂബർ ഡ്രൈവറിന്റെ ശ്രദ്ധയും പെരുമാറ്റവും സംശയം ഉളവാക്കിയിരുന്നുവെന്ന് സുഭാഷ് പറയുന്നു.
ഇന്നലെ രാവിലെ അഞ്ച് മണിക്ക് മോഷ്‌ടിക്കപ്പെട്ട വാഹനത്തെ രാവിലെ 7 മണിയോട് കൂടി തന്നെ മോഷ്‌ടാക്കൾ ഹണ്ടിങ്ടണിലെ ടി സി ഹാരിസൺ എന്ന ഗാരേജിലെത്തിച്ചു. സുഭാഷ് അപ്പോൾ തന്നെ പോലീസിനെ വിവരം അറിയിക്കുകയും , പോലീസ് ആ ഗാരേജിൽ പോയി അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാൽ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് പോലീസ് സുഭാഷിനെ അറിയിക്കുകയായിരുന്നു. മോഷണശേഷം വണ്ടി വഴിയിൽ വച്ച് ഒരു ട്രക്കിൽ ഒളിപ്പിച്ചായിരിക്കും മോഷ്ടാക്കൾ കാർ ഗാരേജിൽ എത്തിച്ചത്.
അവിടെ നിന്ന് ഇന്നലെ വൈകുന്നേരം 5:21 ഓടുകൂടി മോഷ്‌ടാക്കൾ കാറിനെ കെയിംബ്രിഡ്ജ് ഷെയറിലെ ഡോഡിങ്ടൺ റോഡിലുള്ള റിവർ സൈഡിന് അടുത്തുള്ള ഒരു ഗോഡൗണിൽ എത്തിച്ചു. അവിടെ പാർക്ക് ചെയ്തിരുന്ന ബോട്ടുകളിലൂടെ കാറിനെ കടൽമാർഗം മറ്റ് രാജ്യങ്ങളിലേക്ക് കടത്തുകയായിരുന്നു മോഷ്‌ടാക്കളുടെ ലക്ഷ്യം.
ഹണ്ടിങ്ടണിൽ നിന്ന് പുറപ്പെട്ട് തുടങ്ങിയ കാറിനെ ട്രാക്ക് ചെയ്ത സുഭാഷ് ഹോട്ട് ലൈനിൽ ലൈവായി പോലീസിന് വഴികാട്ടികൊണ്ടിരുന്നു. അങ്ങനെ കെയിംബ്രിഡ്ജിലെ ഗോഡൗണിലേയ്ക്ക് ആംഡ് പോലീസ് ഉൾപ്പെടെ ഇരച്ചു കയറുകയും ഗോഡൗൺ ഉടമ ഉൾപ്പടെയുള്ള മാഫിയ സംഘത്തെ കുടുക്കുകയുമായിരുന്നു. അവിടെ എത്തിയ പോലീസ് കണ്ടത് ഇതുപോലെ മോഷ്‌ടിക്കപ്പെട്ട അനേകം കാറുകൾ കഷ്ണങ്ങളാക്കി മാറ്റി കടത്താൻ തയ്യാറാക്കി വച്ചിരിക്കുന്ന കാഴ്ച്ചയാണ്. പോലീസ് നൽകിയ വിവരം അനുസരിച്ച് ഓർഡർ ലഭിക്കുന്നതനുസരിച്ച് കാറുകൾ മോഷ്‌ടിക്കുന്ന ഒരു അന്താരാഷ്ട്ര ഓർഗനൈസ്ഡ് ക്രൈം ശൃഖലയായിരുന്നു ഈ മോഷ്‌ടാക്കൾ. ഇവരെ പിടിക്കാൻ സഹായിച്ചതിന് പോലീസ് സുഭാഷിന് പ്രത്യേകം നന്ദി അറിയിച്ചു. ഈ ഗ്രുപ്പിന്റെ എല്ലാ കണ്ണികളിലേയ്ക്കുമുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ഈ മാഫിയ തകർക്കപ്പെട്ടത് വാഹനമോഷണത്തെ ഭയന്ന് ജീവിക്കുന്ന യുകെ സമൂഹത്തിന് പ്രത്യേകിച്ച് മലയാളി സമൂഹത്തിന് ഒരു ആശ്വാസം കൂടിയാണ്. ഈ കാറ് പാർട്സുകളായി മാറ്റപ്പെട്ടതിനാൽ ഇൻഷ്വറൻസുകാർ വണ്ടി എഴുതി തള്ളും. എന്നിരുന്നാലും തെഫ്റ്റ് ഇൻഷ്വറൻസും , ഗ്യാപ്പ് ഇൻഷ്വറൻസുമുള്ളതിനാൽ വണ്ടിയുടെ മുഴുവൻ തുകയും അദ്ദേഹത്തിന് ലഭിക്കും.
അതുകൊണ്ട് തന്നെ എല്ലാവരും തെഫ്റ്റ് ഇൻഷ്വറൻസും , ഗ്യാപ്പ് ഇൻഷ്വറൻസും കൃത്യമായി എടുക്കുകയും ആപ്പിൾ എയർ ടാഗ് പോലെയുള്ള എക്സ്ട്രാ ട്രാക്കിങ്ങ് ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്‌താൽ കഷ്ണങ്ങൾ ആക്കിയാലും വാഹനത്തെ കണ്ടുപിടിക്കുവാൻ അവ നിങ്ങളെ സഹായിക്കും. ഇങ്ങനെയുള്ള മുൻകരുതലുകൾ എടുക്കാൻ സാധിച്ചാൽ എല്ലാതരം മാഫിയകളെയും നിയമത്തിന് മുൻപിൽ കൊണ്ടുവരുവാനും , അവർ ശിക്ഷിക്കപ്പെടുവാനും , അങ്ങനെ അത് ഒരു സമൂഹനന്മയ്ക്ക് കാരണമായി മാറുകയും ചെയ്യും.
ഡോ. മായാഗോപിനാഥ്
ട്രെയിനിൽ തനിക്കഭിമുഖമായിരിക്കുന്ന ഉമയുടെ മുഖത്തെ കൗതുകം ശ്രദ്ധിച്ചിരുന്നു അയാൾ. ഓടുന്ന ട്രെയിനിന്റെ പിന്നീലേക്ക് പായുന്ന മരങ്ങളും കെട്ടിടങ്ങളുമൊക്കെ ഒരു കുഞ്ഞിന്റെ കൗതുകത്തോടെ ആസ്വദിക്കുകയാണവൾ
.മുഖത്തേക്ക് വീണ് കിടക്കുന്ന പാറിയ നരമുടികളും വലതു കവിളിൽ പടർന്ന കരിമംഗല്യവും ഒഴിച്ചാൽ പണ്ടത്തെ ആ മെല്ലിച്ച പെൺകുട്ടി തന്നെ ഇന്നും…നിറഞ്ഞ ചിരിയുള്ള സ്നേഹത്തിന്റെ നിറകുടമായ തന്റെ ഉമ.
ചുറ്റിലുമുള്ള ചെറിയ സുഖങ്ങളിൽ അലിഞ്ഞു ചേർന്നു സന്തോഷിക്കാൻ അവൾക്ക് പണ്ടേ നല്ല കഴിവാണ്. തനിക്കാകട്ടെ സുഖ സൗകര്യങ്ങൾ ആസ്വദിക്കാൻ അവസരം ഉണ്ടായാലും പിശുക്കി സന്തോഷിക്കുന്ന ശീലമാണ്.
സമ്പാദിക്കുന്നതൊക്കെ ചുരുക്കി ചിലവാക്കിയും മിച്ചം പിടിച്ചും കണക്ക് കൂട്ടി വീടുവച്ചും മക്കൾക്ക് വേണ്ടി നിക്ഷേപിച്ചും ഒക്കെയാണ് താൻ സന്തോഷിക്കുക.
ഉമയും താനും ഒരുമിച്ചുള്ള ജീവിതം തുടങ്ങിയിട്ടു ഇരുപത്തഞ്ചു വർഷം കഴിഞ്ഞു. തന്റെ കഷ്ടപാടുകളിൽ ക്ഷമയോടെ കൂടെ നിന്നവളാണ്. സ്വകാര്യമായ ഒരാവശ്യവും കൊണ്ട് തന്നെ ഒരിക്കലും ബുദ്ധിമുട്ടിക്കാത്തവൾ
ഉമയെ പെണ്ണ് കാണാൻ പോയ ദിവസം ഓർത്തുപോയി.
സർക്കാർ ജോലി ഉള്ളത് കൊണ്ട് സാമാന്യം സ്ത്രീധനമൊക്കെ ഉറപ്പാക്കിയാണ് അമ്മാവൻ
തന്നെ അവളുടെ വീട്ടിലേക്കു കൂട്ടികൊണ്ട് പോയത്.
തലേന്നത്തെ മഴയിൽ അടർന്നു വീണ് കിടന്ന മാമ്പൂക്കൾ മണക്കുന്ന മാവിന് കീഴെ ചമയങ്ങളില്ലാതെ നിറം കുറഞ്ഞ സാരി ചുറ്റി ഇതാണ് ഞാൻ എന്ന തുറന്ന ചിരിയോടെ നിന്ന പെൺകുട്ടിയുടെ കണ്ണുകളിൽ വിടർന്നു നിന്ന കൗതുകം തന്നെ വല്ലാതെ ആകർഷിച്ചു. നഷ്ട പ്രണയത്തിന്റെ ഗൃഹാതുരതകളൊന്നും രണ്ട് പേർക്കും ഇല്ലാഞ്ഞത് കൊണ്ട് തന്നെ ഊഷ്മളമായ ഒരു പെണ്ണ് കാണൽ തന്നെ ആയിരുന്നു അത്.
ഉമാ മഹേശ്വരി എന്ന പേരും ആളും അന്നേ തന്റെ മനസ്സിൽ ഇടം പിടിച്ചു.
ഇന്നത്തെ പോലെ ഇവന്റ് മാനേജ്മെന്റ് ഒന്നുമില്ലാത്ത അന്ന് വെറും പത്തോ അമ്പതോ പേർക്ക് സദ്യ വിളമ്പിയ സാധാരണ കല്യാണമായിരുന്നു തന്റേതും.
ഉള്ള പുരയിടത്തിന്റ മുക്കാൽ പങ്കും പത്തു മുപ്പത് പവനും ഒക്കെ തന്ന് അവളുടെ അച്ഛൻ പൊന്നു പോലെ നോക്കണം എന്ന് പറഞ്ഞാണ് തന്റെ വലം കൈ അവളുടേതിനോട് ചേർത്തു വച്ചത്.
വിവാഹ വിരുന്നു നാളുകളിൽ മിക്കപ്പോഴും പാടവരമ്പിലൂടെ കൈകോർത്തു പിടിച്ച് സംസാരിച്ചു നടന്നിട്ടുണ്ട് തങ്ങൾ. വയൽപ്പൂക്കൾക്കിടെ മറ്റൊരു പൂവിന്റെ കാന്തിയിൽ തുടുത്ത മുഖത്തോടെ അന്നൊരിക്കൽ ഉമ പറഞ്ഞ മോഹമാണ് വൃന്ദാവനം കാണണമെന്നും യമുനയുടെ കരയിൽ ഒന്നു നിൽക്കണമെന്നുമൊക്കെ .
അടങ്ങാത്ത കൃഷ്ണഭക്തിയാണുമയ്ക്ക്.
അതിനാൽ തന്നെ ഭഗവാന്റെ പാദം പതിഞ്ഞ മണ്ണും ആ ജീവിതത്തിന് സാക്ഷിയായ യമുനാദേവിയും അവളെ വല്ലാതെ മോഹിപ്പിച്ചു
അതിരില്ലാത്ത മോഹങ്ങൾ അവൾ ഒരിക്കലും കാത്തു വച്ചില്ല. ബന്ധുക്കൾക്കോ കൂട്ടുകാർക്കോ ഒപ്പം വക്കാനാവും വിധം അവൾ ഒന്നും തന്നെ ആഗ്രഹിച്ചതുമില്ല
ജീവിത പ്രാരാബ്ദങ്ങൾക്കിടെ അവളുടെ പല ചെറിയ ആഗ്രഹങ്ങളും അവൾ പോലും ഓർത്തതുമില്ല. തന്റെ സ്കൂട്ടറിന്റെ പിന്നിലിരുന്നു വല്ലപ്പോഴും ഒന്ന് അമ്പലത്തിൽ പോവുന്നതല്ലാതെ അവളെയും കൂട്ടി താൻ ഒരു പാർക്കിലും കടലോരത്തും പോയതുമില്ല. എങ്കിലും തങ്ങൾക്കിടയിൽ പരസ്പരമുള്ള ഇഷ്ടം ആഴത്തിൽ വേരു പടർത്തി നിന്നു.
മക്കളുണ്ടായതിൽ പിന്നെ അവൾ എപ്പോഴും അവരുടെ ലോകത്തായിരുന്നു. അവരുടെ കളികളും ചിരിയും കുറുമ്പും മാത്രമായി അവളുടെ ലോകം. ബാലരമയും പൂമ്പാറ്റയുമൊക്കെ വായിച്ച് അവളും പൊട്ടിച്ചിരിക്കുമായിരുന്നു. മിക്കപ്പോഴും അമ്മയുടെ അടുത്തേക്ക് പോകാൻ കുഞ്ഞു മൃഗങ്ങളെ വഴികണ്ടു പിടിക്കുന്ന കളി മക്കൾക്ക് വേണ്ടി അവളാണ് വരയ്ക്കുമായിരുന്നത്.
പദപ്രശ്നം പൂരിപ്പിക്കാനോ ക്ലാസ്സിൽ കണക്കിന് ഉത്തരം കണ്ടുപിടിക്കാനോ ഒന്നും മക്കൾ തന്നെ ആശ്രയിച്ചില്ല.
ഉമയുടെ വിഷയം ജിയോഗ്രാഫി ആയത് കൊണ്ട് ഇന്ത്യയിലെ തന്നെ പല സ്ഥലങ്ങളെയും നദികളെയും കുറിച്ചും മറ്റും അവൾക്ക് നല്ല അറിവുമുണ്ടായിരുന്നു.
മക്കളെ പഠിപ്പിക്കുമ്പോൾ ഉത്തരെന്ത്യൻ രേഖാചിത്രം വരച്ചു യമുനോത്രി മുതൽ എങ്ങനെ ഹരിയാന വഴി ഉത്തർപ്രദേശിലൂടെ ഒഴുകി അല്ലഹബാദിൽ വച്ച് യമുന ഗംഗയിൽ ലയിക്കുന്നു എന്നൊക്കെ അവൾ പഠിപ്പിക്കുന്നത് താൻ സാകൂതം നോക്കി നിന്നിട്ടുണ്ട്.
സൂര്യ പുത്രിയായി സങ്കല്പിക്കപ്പെടുന്ന യമുനയുടെ തപസ്സിന്റെ പുണ്യത്താൽ നദിയായി മാറിയ കഥയൊക്കെ താൻ ഉമയിൽ നിന്നാണറിഞ്ഞത്.
ഇനി ഒരു ജന്മമുണ്ടെങ്കിൽ ഒരു നദിയായി ജനിക്കാനാണ് അവളാഗ്രഹിക്കുന്നതെന്നു പലപ്പോഴും പറഞ്ഞതോർത്തു അയാൾ.
പൊതുവെ മിതഭാഷിയായ ഉമ നദികളെ കുറിച്ചു പറഞ്ഞാൽ വാചാലയാവും.
പർവതം മുതൽ സമുദ്രം വരെ ഒഴുകുന്നതിനിടെ തനിക്ക് ചുറ്റിലുമുള്ള സകല ജീവജാലങ്ങളുടെയും ജീവനാഡിയാണ് നദി.
ഓരോ നദിക്കും മിടിക്കുന്ന ഒരു ഹൃദയമുണ്ടെന്നവൾ പറയുന്നത് ശരിയാണെന്നു തനിക്കും തോന്നിയിട്ടുണ്ട്.
ഒരു നദിക്കും മുന്നോട്ടോഴുകേണ്ട വഴി ആരും പറഞ്ഞു കൊടുക്കേണ്ടതില്ല.
നേരിന്റെ വിശുദ്ധിയാണ് മനുഷ്യന്റെ സ്വാർത്ഥതയിലും നദികളെ വരണ്ട് പോകാതെ കാക്കുന്നതെനാണവളുടെ പക്ഷം.
നേരിന്റെ വിശുദ്ധി പകർന്നു കൊടുത്തു തന്നെയാണ് ഉമ മക്കളെ കൈപിടിച്ച് മുന്നോട്ടു നടത്തിയതും.
അവർ രണ്ട് പേരും ഉപരിപഠനവും ജോലിയും തേടി യൂ കെ യ്ക്ക് പോകും വരെ അവൾ ഓടി നടന്ന് എല്ലാ കാര്യങ്ങളും ചെയ്യുമായിരുന്നു.
ഒരിക്കലും വയ്യെന്ന് പറഞ്ഞു ഒതുങ്ങിയിരിക്കാൻ ഇഷ്ടപെടാത്ത ഉമ മക്കൾ പോയശേഷം ചിറകൊടിഞ്ഞ പക്ഷിക്കുഞ്ഞിനെ പോലെയായി.
ഉത്സാഹമൊക്കെ നശിച്ച് പെട്ടെന്നു വാടിപ്പോയി. പറക്കമുറ്റുമ്പോൾ പുതിയ ചില്ലകൾ തേടി പറന്നു പോകുന്ന കിളികുഞ്ഞുങ്ങളെ ആർക്കാണ് തടയാനാവുക?
ഉമയുടെ അച്ഛൻ തന്ന പറമ്പും വീടിരിക്കുന്നത് ഒഴികെയുള്ള തന്റെ മുഴുവൻ പറമ്പും വിറ്റാണ് കുട്ടികൾക്ക് വേണ്ടി പത്തു നാൽപതു ലക്ഷം ഉണ്ടാക്കിയത്..
ഓരോന്നോർത്തിരിക്കെ ഉമ പിന്നിലേക്ക് ചാരി കണ്ണടച്ചിരിക്കുന്നത് കണ്ടു.
യാത്ര പല സ്റ്റേഷനുകൾ പിന്നീട്ടിരുന്നു.
ഉമയുടെ ആഗ്രഹം പോലെ യമുന കാണാൻ, ദില്ലി കാണാൻ പിന്നെ എയിംസ് ലെ ന്യൂറോസർജനെ കാണാൻ.
ഉത്സാഹം നശിച്ചതിനൊപ്പം വഴികൾ തിരിച്ചറിയാൻ അവൾക്ക് ബുദ്ധിമുട്ട് തുടങ്ങി.
പെട്ടെന്നൊരു നാൾ മാർക്കറ്റിൽ പോയി വന്ന ഉമ ഓട്ടോയിൽ വീടിന് മുന്നിലെ വഴിയിൽ ഇറങ്ങി വീട് കണ്ടു പിടിക്കാനാവാതെ പലവുരു നടന്നു എന്ന് പറഞ്ഞത് തന്നെ വല്ലാതെ അസ്വസ്ഥാനക്കി.
അന്ന് കനത്തു പെയ്ത മഴയിൽ അവൾ വേദന മറച്ചു പിടിച്ചു പുലരുവോളം തേങ്ങിയത് മുഖം തിരിഞ്ഞു കിടന്നാണ്.തന്റെ ഉള്ളിളും വല്ലാത്തൊരു കാളൽ ആയിരുന്നു.
മാസത്തിലെ രണ്ട് ഞായറാഴ്ച വീടിനടുത്തുള്ള സർക്കാർ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കുറച്ച് ചോറുപൊതികൾ കൊടുക്കുന്ന ഒരു ശീലം അവൾക്കുണ്ടായിരുന്നു. മറ്റെന്തു ജോലിയുണ്ടായാലും കൊല്ലങ്ങളോളം മുടങ്ങാതെ തുടർന്ന ഒരു ശീലം
എന്നാൽ പിന്നീട് വന്ന ഞായറാഴ്ച ദിവസം അവിടേക്കു പോകാൻ ഇറങ്ങി വഴി മറന്നു ഇടവഴികളിലൂടെ ചുറ്റിതിരിഞ്ഞ ഉമയ്ക്ക് കരച്ചിൽ വന്ന് തന്നെ ഫോൺ ചെയ്തു വിളിച്ചു വരുത്തി.
അവൾക്കെന്തോ സാരമായ അസുഖം ഉണ്ടെന്നു അവൾ ഉറപ്പിച്ചിരുന്നു.
അങ്ങനെയാണ് ഡോക്ടർ ബ്രെയിൻ സ്കാൻ നിർദേശിച്ചത്…
സ്ഥലങ്ങളും ദിക്കും തിരിച്ചറിയുന്ന മസ്തിഷ്ക ഭാഗത്താണ് ഒരു മുഴ രൂപപ്പെട്ടത്.
റിപ്പോർട്ട് അറിഞ്ഞ നാൾ മുതൽ ഒന്നും മക്കളെ അറിയിച്ചു വേദനിപ്പിക്കരുതെന്നു ഉമ നിർബന്ധം പിടിച്ചു.
ദില്ലി യാത്രയെ കുറിച്ച് പറഞ്ഞപ്പോൾ അച്ഛനും അമ്മയും ഒത്ത് കാണാത്ത നാടുകളിൽ യാത്ര പോകുന്നതോർത്തു മക്കൾ സന്തോഷിക്കട്ടെ എന്നാണ് ഉമ പറഞ്ഞത്.
ഏത് പ്രതിസന്ധിയിലും സാരമില്ല നന്ദേട്ടാ ഞാനില്ലേ കൂടെ എന്ന് പറയുന്ന ഉമ…
ദാമ്പത്യത്തിൽ അതിനപ്പുറം എന്താണ് വേണ്ടത് എന്നോർത്തുപോയി അയാൾ..
ഒപ്പം നടന്ന് നെഞ്ചിലെ നോവറിഞ്ഞു സാരമില്ലെന്നു പറയാൻ ഒരാൾ. ഒരുമിച്ചിരുന്നു പൊട്ടിച്ചിരിക്കാനും ആയാസപ്പെടുമ്പോൾ തോളിലേക്കൊന്നു ചായാനും ഒരാൾ.. പരസ്പരം മടുക്കാതെ, വെറുക്കാതെ കൈപിടിച്ച് കൂടെ നടക്കാൻ ഒരാൾ…
തന്റെ അർദ്ധനാരീശ്വരി
ഉമ…
ഒരു രോഗത്തിനും വിട്ട് കൊടുക്കാനാവില്ല തന്റെ ഉമയെ.
യമുന മാത്രമല്ല അവളുടെ ആഗ്രഹം പോലെ തന്നെ കൊണ്ടാവുന്നിടത്തൊക്കെ കൊണ്ട് പോകണം..ഒരു കുഞ്ഞിനെ എന്ന വണ്ണം കൈപിടിച്ച് കൂടെ കൊണ്ട് നടക്കണം..അവൾക്ക് പ്രിയപ്പെട്ട കുപ്പിവളകളും കരിമണി മാലയും വാങ്ങി കൊടുക്കണം..
വിവാഹ നാളുകളിലേതു പോലെ കനകാംബരവും മുല്ലയും അടുക്കി കെട്ടിയ പൂമാല മുടിയിൽ തിരുകി കൊടുക്കണം…
ബെർത്തിൽ വിരിപ്പ് വിരിച്ചു അയാൾ സീറ്റിൽ ചാരി യിരുന്ന ഉമയെ വിളിച്ചു. പിന്നെ അവിടേക്കു അവരെ താങ്ങി കിടത്തി.
ഉമ മെല്ലെ മയക്കത്തിലേക്കു വഴുതി വീഴുന്നത് അയാൾ നോക്കിയിരുന്നു.
യമുന അയാളുടെ കണ്ണുകളിൽ നീലച്ചു നീലച്ചു കിടന്നു ..ഉത്തര
മഥുരാപുരിയും യമുനയുടെ പുളിനങ്ങളും സ്വപ്നം കണ്ടു ഉമ ട്രെയിനിന്റെ താളത്തിൽ ലയിച്ചുറങ്ങി.
യമുനയൊഴുകും വഴി മനസ്സിൽ ഒരു ചിത്രം പോലെ സൂക്ഷിച്ചു വച്ച ഉമ തന്റെ പുളിനങ്ങളെ തലോടാൻ വരുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞ യമുനയുടെ നെഞ്ചു മിടിച്ചു. നേരിന്റെ ഹൃദയതാളം യമുനയോളം മറ്റാരാണറിയുക?
ഡോ. മായാഗോപിനാഥ്: തിരുവനന്തപുരം സ്വദേശി . പ്രമുഖസാഹിത്യകാരിയും തിരുവനന്തപുരം ധര്‍മ്മ ആയുര്‍വേദ സെന്‍റര്‍ ചീഫ് മെഡിക്കല്‍ ഓഫീസറുമാണ്. പ്രസിദ്ധീകരിച്ച സാഹിത്യകൃതികള്‍: മരുഭൂമിയിൽ മഴ പെയ്യുമ്പോൾ, തളിർ മരം , ഇതെന്‍റെ ജാലകം, ഇതളുകൾ പൂക്കളാവുമ്പോൾ, മഴ നനച്ച വെയിൽ,
നിത്യകല്യാണി തുടങ്ങിയ ആറോളം കഥാസമാഹാരങ്ങളും അർദ്ധനാരി എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നയിച്ച ‘സമരാഗ്നി’ പ്രക്ഷോഭയാത്രയുടെ സമാപന സമ്മേളനത്തിൽ ദേശീയഗാനം തെറ്റിച്ച് പാടി ഡിസിസി അധ്യക്ഷൻ പാലോട് രവി. അമളി പറ്റിയത് തിരിച്ചറിഞ്ഞ ടി. സിദ്ദിഖ് എം.എൽ.എ ഉടൻ തന്നെ ഇടപെട്ട് ‘പാടല്ലേ’ എന്ന് പറഞ്ഞു. തിരുവനന്തപുരത്ത് ഇന്നലെ വൈകീട്ട് നടന്ന ചടങ്ങിലായിരുന്നു സംഭവം.
മൈക്കിനടുത്തേക്ക് വന്ന് ദേശീയഗാനം തെറ്റിച്ച് പാടുന്ന പാലോട് രവിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. തെറ്റിയെന്ന് മനസ്സിലായതോടെ ടി സിദ്ദിഖ് ഇടപെടുകയും സി.ഡി. ഇടാമെന്ന് പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. പിന്നാലെ, ആലിപ്പറ്റ ജമീല വന്ന് ദേശീയഗാനം തിരുത്തിപാടുകയായിരുന്നു.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാലോട് രവി ദേശീയഗാനം തെറ്റിച്ചുപാടിയത്. നേതാക്കളായ ശശി തരൂർ എം.പി., രമേശ് ചെന്നിത്തല, ദീപ ദാസ് മുൻഷി, കെ. സുധാകരൻ, വി.ഡി. സതീശൻ എന്നിവരും സന്നിഹിതരായിരുന്നു.
അതേസമയം, സമരാഗ്നി സമാപന വേദിയില്‍ നിന്നും പ്രവര്‍ത്തകര്‍ നേരത്തെ പിരിഞ്ഞതില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സാധാകരന്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി. മുഴുവന്‍ സമയം ഇരിക്കാനാകുന്നില്ലെങ്കില്‍ എന്തിനാണ് വരുന്നതെന്ന് അദ്ദേഹം ചോദിച്ചു. എന്നാല്‍, പ്രവര്‍ത്തകര്‍ ക്ഷീണിതരാണെന്നും പ്രസിഡന്റിന് അക്കാര്യത്തില്‍ ഒരു വിഷമം വേണ്ടെന്നും വി.ഡി. സതീശന്‍ സുധാകരനെ തിരുത്തി. നമ്മുടെ പ്രവര്‍ത്തകരല്ലേയെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ചില സ്ത്രീകള്‍ മീടൂ ആരോപണം ഉന്നയിച്ചെന്ന സുപ്രീംകോടതി അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായിയുടെ വെളിപ്പെടുത്തലിന് മറുപടിയുമായി ശശി തരൂർ എംപി.
ദിവസവും നൂറ് കണക്കിന് സ്ത്രീകളുമായി ഫോട്ടോ എടുക്കുന്ന വ്യക്തിയാണ് താനെന്നായിരുന്നു തരൂരിന്റെ പ്രതികരണം. ഇതുവരെയും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും തരൂർ പറയുന്നു.
“ഞാൻ എല്ലാ ദിവസവും നൂറ് കണക്കിന് സ്ത്രീകളെ കാണുകയും അവർക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്യുന്നുണ്ട്. അത് അവർ ആവശ്യപ്പെട്ടിട്ടാണ്. ഞാൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ഇതുവരെ എനിക്കെതിരെ ഒരു ആരോപണം എതെങ്കിലും മഹിള പറഞ്ഞിട്ടുണ്ടോ. അങ്ങനെയുണ്ടെങ്കില്‍ ഞാൻ കേള്‍ക്കാൻ തയ്യാറാണ്. എന്റെ ജീവിതത്തില്‍ ഞാൻ ഇത്തരത്തില്‍ ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല”.
“സ്ത്രീകളെ ബഹുമാനിക്കുകയും അവരോട് നല്ല രീതിയില്‍ പെരമാറുകയും ചെയ്യുന്ന ആളാണ് ഞാൻ. അമേരിക്കയിലോ, സിംഗപ്പൂരിലോ, ഇന്ത്യയിലോ ജീവിക്കുന്നത് വ്യത്യാസമായല്ല.
എനിക്കെതിരെ ഒരു ആരോപണവും ഉണ്ടായിട്ടില്ല. എന്റെ നോട്ടം ഇഷ്ടപ്പെട്ടില്ല എന്നാണ് അവർ പറഞ്ഞിരിക്കുന്നത്. രാവിലെ മുതല്‍ വൈകുന്നരം വരെ ആള്‍ക്കാരെ എനിക്ക് നോക്കണ്ടേ. എനിക്ക് നോക്കി സംസാരിക്കാനൊന്നും സമയം കിട്ടാറില്ല. ആരോപണം ഉന്നയിക്കുന്ന വ്യക്തിക്ക് അവരുടെ ജീവിതത്തില്‍ എന്തോ പ്രശ്നമുണ്ടായിട്ടുണ്ട്, അതാണ്”- ശശി തരൂർ എംപി പറഞ്ഞു.
റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി കഴിഞ്ഞ എട്ടു വർഷക്കാലമായി നടത്തി വരുന്ന യേശുവിന്റെ പീഡാനുഭവ സ്മരണയുടെ ഓർമ പുതുക്കുന്ന ദുഃ വെള്ളിയാഴ്ച കുരിശിന്റെ വഴി മാർച്ച് 29-ാം തീയതി 10 – മണിക്ക് നോർത്ത് വെയിൽസിലെ പ്രശസ്ത തീർഥാടന കേന്ദ്രമായ പന്താസഫ് കുരിശുമാലയിലേക്ക് നടത്തപ്പെടുന്നു .കുരിശിൻറെ വഴി പ്രാർഥനകൾക്ക് ഫാ. എബ്രഹാം സി.എം .ഐ നേതൃത്വം നൽകുന്നതും നോർത്ത് വെയിൽസിലും പരിസര പ്രദേശത്തുമുള്ള മറ്റു വൈദികരും പങ്കെടുക്കുന്നതാണ് .
കുരിശിൻറെ വഴി സമാപന ശേഷം ക്രൂശിതനായ ഈശോയുടെ തിരുരൂപം വണക്കവും . കയ്പ്പുനീർ രുചിക്കലും, നേർച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ് .നേർച്ച കഞ്ഞി കൊണ്ടുവരാൻ താല്പര്യം ഉള്ളവർ നേരത്തെ അറിയിക്കുമല്ലോ.
നമ്മുടെ രക്ഷകനായ യേശുവിന്റെ പീഡാനുഭവ യാത്രയുടെ ഓർമ്മ മനസ്സിൽ ധ്യാനിച്ച് കൊണ്ട് ഈ നോയമ്പുകാലം പ്രാർത്ഥനാ പൂർവം ആചരിക്കാൻ നോർത്ത് വെയിൽസിലും പരിസര പ്രദേശത്തുമുള്ള എല്ലാ ക്രിസ്തീയ വിശ്വാസികളെയും പന്താസഫ് കുരിശുമലയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു .
കുരിശു മലയുടെ വിലാസം –
FRACISCAN FRIARY MONASTERY ROAD ,PANTASAPH . CH 88 PE .
കൂടുതൽ വിവരത്തിന്.
Manoj Chacko – 07714282764
Benny Thomas -07889971259
Jaison Raphel -07723926806
Timi Mathew – 07846339927
Johnny – 07828624951
Biju Jacob – 07868385430
Ajo V Joseph – 07481097316
കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ ഗഗൻയാൻ സംഘത്തെ പ്രശാന്ത് ബാലകൃഷ്ണൻ നായർ നയിക്കുമെന്ന് ഐ എസ് ആർ ഒ പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെയാണ് പ്രശാന്ത് തന്റെ ഭർത്താവാണെന്നും ജനുവരി 17ന് പ്രശാന്തിനെ പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചെന്നും നടി ലെന വെളിപ്പെടുത്തിയത്.
നിരവധി ട്രോളുകൾ വന്ന തന്റെ പഴയ വീഡിയോയാണ് വിവാഹത്തിലേക്ക് എത്തിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോൾ. ആത്മീയതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ലെന തുറന്നുപറഞ്ഞിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി ട്രോളുകളും ഉണ്ടായി. വീഡിയോ കണ്ട് പ്രശാന്ത് തന്നെ വിളിച്ചു. പരിചയപ്പെട്ടപ്പോൾ രണ്ടാളും ഒരു വൈബാണെന്ന് മനസിലായി. അങ്ങനെ വിവാഹത്തിലെത്തിയെന്ന് താരം വ്യക്തമാക്കി.
ഇരുകുടുംബങ്ങളും ആലോചിച്ചാണ് വിവാഹം നടത്തിയത്. ജാതകം നോക്കിയപ്പോൾ നല്ല ചേർച്ചയുണ്ടായിരുന്നു. അങ്ങനെ ബംഗളൂരു മല്ലേശ്വരം ക്ഷേത്രത്തിൽവച്ച് വിവാഹിതരായെന്ന് നടി കൂട്ടിച്ചേർത്തു.
ലെനയുടെയും തന്റെയും ജീവിതത്തിലെ രണ്ടാം ഇന്നിംഗ്സാണിതെന്നായിരുന്നു വിവാഹ റിസപ്ഷനിൽ പ്രശാന്ത് പറഞ്ഞത്. എല്ലാവരെയും ഒരുമിച്ച് കാണുമ്പോൾ ഇത് ജീവിതകാലം മുഴുവനുള്ള ഇന്നിംഗ്സാണെന്ന് തന്നെ പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് നെന്മാറ തിരുവഴിയാട് വിളമ്പിൽ ബാലകൃഷ്ണന്റെയും കൂളങ്ങാട്ട് പ്രമീളയുടെയും നാലുമക്കളിൽ രണ്ടാമനാണ് പ്രശാന്ത്.
ആള്‍ക്കൂട്ട വിചാരണയ്ക്ക് പിന്നാലെ വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രധാനപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ ഒന്നാംപ്രതിയും വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയുമായ പാലക്കാട് സ്വദേശി അഖിലിനെയാണ് വ്യാഴാഴ്ച വൈകിട്ടോടെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. എസ്.എഫ്.ഐ. നേതാക്കളടക്കം കേസില്‍ ആകെ 18 പ്രതികളാണുള്ളത്. ഇവരില്‍ 11 പേര്‍ ഇപ്പോഴും ഒളിവിലാണ്.
അതിനിടെ, വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ ബി.വി.എസ്.സി. വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ മുഴുവന്‍പ്രതികളെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി.യും കെ.എസ്.യുവും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതികളായ എസ്.എഫ്.ഐ. പ്രവര്‍ത്തകരെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് പൂക്കോട് വെറ്ററിനറി സര്‍വകലാശാല കാമ്പസിന് മുന്നില്‍ ഇരുസംഘടനകളും സമരം നടത്തുന്നത്. എ.ബി.വി.പി.യുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ ഉപവാസസമരമാണ് സംഘടിപ്പിച്ചിരിക്കുന്നത്. കെ.എസ്.യുവിന്റെ അനിശ്ചിതകാല നിരാഹാര സമരത്തിനും വ്യാഴാഴ്ച വൈകിട്ട് തുടക്കമായി. വെള്ളിയാഴ്ച സര്‍വകലാശാലയിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
ബി.വി.എസ്.സി. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥ(21)നെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രണയദിനത്തില്‍ കോളേജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജില്‍വെച്ച് സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നിരുന്നു.
മൂന്നുദിവസം ഭക്ഷണംപോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചു. നിലത്തിട്ട് നെഞ്ചിലും വയറ്റിലുമെല്ലാം ചവിട്ടിയതിന്റെ പാടുകള്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. ദേഹമാസകലം ബെല്‍റ്റ് കൊണ്ടടിച്ചതിന്റേയും അടയാളങ്ങളുണ്ടായിരുന്നു. ഇലട്രിക് വയറുകൊണ്ട് കഴുത്തില്‍ കുരുക്കിട്ടതായും മൃതദേഹപരിശോധനയില്‍ കണ്ടെത്തി. സംഭവത്തില്‍ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അടക്കം 18 പേരെ പ്രതിചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം, മരണം നടന്ന് ഇത്രയുംദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധവും ശക്തമാണ്. സിദ്ധാര്‍ഥനെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.
ലീഡ്സ്: വിശുദ്ധവാരത്തിനായി ആത്മീയമായി ഒരുങ്ങാനുള്ള തയ്യാറെടുപ്പിലാണ് സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലെ ഇടവകാംഗങ്ങളായ വിശ്വാസ സമൂഹം. ഇതിൻറെ ഭാഗമായി ആത്മശുദ്ധീകരണത്തിനായുള്ള വാർഷിക ധ്യാനം മാർച്ച് 22 ,23 ,24 തീയതികളിൽ ലീഡ്സിലെ ഇടവക ദേവാലയമായ സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലും മാർച്ച് 18, 19, 20 തീയതികളിൽ കീത്തിലി സെൻറ് ജോസഫ് ദേവാലയത്തിൽ വച്ചും നടത്തപ്പെടും.
പ്രമുഖ വചനപ്രഘോഷകനായ ഫാ. ജിൻസ് ചെൻങ്കല്ലിൽ HGN ലീഡ്സിലും ഫാ. ടോണി CSSR കീത്തിലിയിലും വാർഷിക ധ്യാനത്തിന് നേതൃത്വം നൽകും. വാർഷിക ധ്യാനത്തിൽ പങ്കെടുത്ത് വ്യക്തികളും കുടുംബങ്ങളും ആത്മ വിശുദ്ധീകരണം പ്രാപിക്കാൻ ഇടവക വികാരി ഫാ.ജോസ് അന്ത്യാംകുളം വിശ്വാസ സമൂഹത്തോട് ആഹ്വാനം ചെയ്തു .വാർഷിക ധ്യാനത്തിന്റെ വിശദമായ സമയക്രമം താഴെ പറയും പ്രകാരം ആയിരിക്കും.
ലീഡ്സ്
22/03/24 – വെള്ളി – 4.30 PM to 9 PM
23103/24 – ശനി – 9.30 AM to 5 PM
24103124- ഞായർ – 10.00 AM to 5 PM
കീത്തിലി
മാർച്ച് 18 19 20 തീയതികളിൽ 4 . 30 PM To 9 PM
ലണ്ടൻ: ലണ്ടനിലെ ഹൈന്ദവ ആരാധന കേന്ദ്രങ്ങളിൽ പ്രമുഖമായ ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ നൂറു കണക്കിന് ഭഗവതി ഭക്തരുടെ പങ്കാളിത്തത്തോടെ നടത്തിയ ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി. ലണ്ടനിൽ നടന്ന പതിനേഴാമത് പൊങ്കാല ഈസ്റ്റ്ഹാം പാർലിമെന്റ് മെംബർ സർ സ്റ്റീഫൻ ടിംസ്, ന്യൂഹാം ബോറോ കൗൺസിൽ അദ്ധ്യക്ഷ കൗൺസിലർ റോഹിനാ റെഹ്മാൻ, ന്യൂഹാം കൗൺസിൽ മുൻ ചെയർ ലാക്മിനി ഷാ അടക്കം നേതാക്കളുടെ മഹനീയ സാന്നിദ്ധ്യം ശ്രീ മുരുകൻ ക്ഷേത്ര പൊങ്കാല മതസൗഹാർദ്ധ വേദിയാക്കി.
ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് (മുൻ ആറ്റുകാല്‍ സിസ്റ്റേഴ്സ്) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാൽ പൊങ്കാലക്ക് തുടക്കം കുറിച്ച് നാളിതു വരെയായി നേതൃത്വം നൽകിപോരുന്നത്.
രാവിലെ ഒമ്പതരക്ക് ശ്രീ മുരുകൻ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുടെ നേതൃത്വത്തിൽ പൂജാദികർമ്മങ്ങൾ ആരംഭിച്ച പൊങ്കാലക്ക് സ്ഥല പരിമിതിയും, സുരക്ഷയും കണക്കിലെടുത്ത് പഞ്ച നൈവേദ്യങ്ങൾ ഒറ്റ പാത്രത്തിലാണ് പാകം ചെയ്തത്. നൈവേദ്യം തയ്യാറായ ശേഷം ഭക്ത ജനങ്ങൾക്ക് വിളമ്പി നൽകി. ഊണും പച്ചക്കറികളും അടങ്ങിയ സദ്യയും സംഘാടകർ ഒരുക്കിയിരുന്നു.
സ്റ്റീഫൻ ടിംസ് എംപി, മേയർ രോഹിന, കൗൺസിലർ ഷാ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ഡോ. ഓമന ഗംഗാധരൻ നന്ദി പ്രകാശിപ്പിച്ചു.
നവാഗതരായ നിരവധി ആറ്റുകാൽ ഭഗവതി ഭക്തരുടെ സാന്നിദ്ധ്യവും, ഒഴിവു ദിവസം പൊങ്കാല നടന്നതിനാലും ന്യുഹാമിലെ ശ്രീ മുരുകൻ ക്ഷേത്രത്തിൽ വലിയ ഭക്തജന പങ്കാളിത്തമാണ് ഉണ്ടായത്.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക്, ലണ്ടൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന ഒരു വേദി എന്ന നിലയിൽ ശ്രീ മുരുകൻ ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.