ലണ്ടൻ: കോൺഗ്രസിന്റെ മുതിർന്ന നേതാവും, വയനാട് എംപിയുമായ രാഹുൽ ഗാന്ധി കേംബ്രിഡ്ജ് സർവകലാശാല സന്ദർശിച്ച് രണ്ടു ദിവസങ്ങളിലായി നടത്തിയ പ്രഭാഷണങ്ങൾക്കു ശേഷം ഇന്ത്യയിലേക്ക് തിരിച്ചു. ലണ്ടനിൽ ഐഒസി നേതാക്കളുമായി ഹൃസ്യമായ കൂടിക്കാഴ്ച നടത്തിയ ശേഷം ഡൽഹിക്കു മടങ്ങിയ  രാഹുൽ അവിടെ  തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രണ്ട് സുപ്രധാന മീറ്റിങ്ങുകളിൽ പങ്കെടുക്കും. തുടർന്ന് മാർച്ച്‌ 2 ന് ഭാരത് ജോഡോ ന്യായ് യാത്ര പുനരാരംഭിക്കും.
ലോകത്തിലെ തന്നെ പുരാതന സർവകലാശാലകളിൽ ഒന്നായ കേംബ്രിഡ്ജിലെ പൂർവ വിദ്യാർത്ഥി കൂടിയായ രാഹുൽ ഇതിന് മുൻപും അവിടെ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ പ്രഭാഷണ ശൈലിയും, വിജ്ഞാനവും, ഗാന്ധിയൻ നിലപാടുകളും, ദർശനമൂല്യങ്ങളും അടിസ്ഥാനമാക്കി അദ്ദേഹത്തെ വിവിധ വിദേശ സർവകലാശാലകളിൽ  സന്ദർശകനും വാഗ്മിയുമായി ക്ഷണിക്കാറുണ്ട് .
കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ ട്രിനിറ്റി കോളേജിലെ വിദ്യാർത്ഥിയായിരുന്ന രാഹുൽ ഗാന്ധി അവിടെ നിന്നും ഡെവലപ്‌മെൻ്റ് സ്റ്റഡീസിൽ എംഫിൽ കരസ്ഥമാക്കിയിരുന്നു. കേംബ്രിഡ്ജ്  ബിസിനസ് സ്‌കൂളിലെ വിസിറ്റിംഗ് ഫെലോ ആയ രാഹുൽ കഴിഞ്ഞ വർഷം മാർച്ചിൽ ‘Learning to Listen in the 21st Century’ എന്ന വിഷയത്തിൽ സർവകലാശാലയിലെ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നടത്തിയിരുന്നു.
ഭാരതത്തിൽ വൻ തരംഗം സൃഷ്ടിച്ചു കൊണ്ട് മുന്നേറുന്ന ‘ഭാരത് ജോഡോ  ന്യായ് യാത്ര’ യിൽ നിന്നും 5 ദിവസത്തെ ഇടവേളയെടുത്താണ് കേംബ്രിഡ്ജ് സർവകലാശാലയിൽ രാഹുൽ ഗാന്ധി എത്തിയത്. രാഹുലിൻ്റെ പിതാവ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും രാജീവിന്റെ മുത്തശ്ശനുമായ  ജവഹർലാൽ നെഹ്‌റു എന്നിവരും കേംബ്രിഡ്ജ് സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.
ലണ്ടനിൽ നിന്നും മടങ്ങുന്നതിന് മുൻപ് യുകെയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ നേതാക്കളുമായി രാഹുൽ ഗാന്ധി ഹൃസ്യമായ കൂടിക്കാഴ്ച നടത്തി. ഐഒസി യുകെ നാഷണൽ കമ്മിറ്റി പ്രസിഡന്റ് കമൽ ദലിവാൾ, വൈസ് പ്രസിഡന്റുമാരായ ഗുരുമിന്തർ റാന്തവ, സുധാകർ ഗൗഡ, ജനറൽ സെക്രട്ടറി ഗമ്പ വേണുഗോപാൽ, വക്താവ് അജിത് മുതയിൽ, വനിത വിഭാഗം ജനറൽ സെക്രട്ടറി അശ്വതി നായർ, ഐഒസി കേരളം ഘടകം കോർഡിനേറ്റർ ബോബിൻ ഫിലിപ്പ്  എന്നിവർ കൂടിക്കാഴ്ചയിൽ ഭാഗഭാക്കായി. രാഹുൽ ഗാന്ധിക്ക് ഒപ്പം യുകെ സന്ദർശനത്തിൽ, ഇന്ത്യൻ ഓവർസീസ് ഗ്ലോബൽ ചെയർമാൻ സാം പിത്രോഡയും പങ്കുചേർന്നു.
മാതൃരാജ്യ വിഷയങ്ങളിൽ വളരെ തീക്ഷ്ണത പുലർത്തുന്നതോടൊപ്പം കുടുംബാംഗങ്ങളുമായും, നാടുമായും അഭേദ്യ ബന്ധവും കരുതലും സൂക്ഷിക്കുന്നവരെന്ന നിലയിൽ പ്രവാസി ഇൻഡ്യാക്കാരോട് വലിയ സ്നേഹവും ബഹുമാനവും ഉണ്ടെന്നു പറഞ്ഞ രാഹുൽ, ജനാധിപത്യവും മതേതരത്വവും കാത്തു സൂക്ഷിക്കുന്നതിനായി, ഭാരതത്തിന്റെ ആസന്നമായ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ, പ്രവാസികളുടെ നിർണ്ണായക ഇടപെടലും പങ്കാളിത്തവും ഉണ്ടാവണമെന്ന് അഭ്യർത്ഥിച്ചു.
ഭാരത് ജോഡോ ന്യായ്  യാത്ര നടത്തുന്നത്, ജനങ്ങളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും കേൾക്കുവാനും, അതിന്റെ വെളിച്ചത്തിൽ, അവർക്കായുള്ള പദ്ധതികളുടെ ആവിഷ്ക്കാരങ്ങൾ ലക്‌ഷ്യം വെച്ചാണ് .  രാജ്യത്തിന്റെ നേതാക്കൾ തങ്ങളുടെ ജനങ്ങളെ കേൾക്കുവാനും അറിയുവാനും ബാദ്ധ്യസ്ഥരാണ്. രാജ്യത്തിന്റെ സുസ്ഥിരത ഭദ്രമാക്കുവാൻ ഇതനിവാര്യമാണെന്നാണ് താൻ കരുതുന്നതെന്നും കൂടിക്കാഴ്ചയിൽ രാഹുൽ അഭിപ്രായപ്പെട്ടു.
ഡൽഹിക്കു തിരിച്ച രാഹുൽ ഗാന്ധിയെ ഹീത്രൂ വിമാനത്താവളത്തിലേക്ക്  അനുഗമിച്ച  ഐഒസി നേതാക്കൾ, ആശംസകൾ നേർന്നു യാത്രയയച്ചു.