Latest News

വയനാട്ടിലെ വന്യജീവി ആക്രമണത്തിന് പരിഹാരം കാണാന്‍ സലിം അലി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്.

വന്യജീവി സംരക്ഷണവും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കലും ഒരുപോലെ പ്രധാനമാണ്. പ്രശ്‌നക്കാരായ വന്യമൃഗങ്ങളെ പിടികൂടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരമുണ്ടെന്നും വയനാട്ടില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം കേന്ദ്രമന്ത്രി പറഞ്ഞു.

ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ വന്യജീവികളെ കൊല്ലാന്‍ ഉത്തരവിടാം. ഇതിന് നിയമഭേദഗതി ആവശ്യമില്ല. കേരളത്തിന് 2022-23 ല്‍ 15.82 കോടി രൂപ നല്‍കിയിരുന്നു. ഈ തുക ഉപയോഗിച്ച്‌ ജനങ്ങളെ സംരക്ഷിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. വന്യജീവി ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് കേന്ദ്രം 10 ലക്ഷം രൂപ വീതം നല്‍കുന്നുണ്ട്. വന്യജീവികളെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്കാകുമെന്നും ഭൂപേന്ദര്‍ യാദവ് പറഞ്ഞു.

ആളെക്കൊല്ലി കാട്ടാനയായ ബേലൂര്‍ മഖ്‌നയുടെ ലൊക്കേഷന്‍ ജനങ്ങളെ അപ്പപ്പോള്‍ അറിയിക്കാന്‍ സംവിധാനം ഒരുക്കണം. വന്യജീവി പ്രതിരോധത്തിന് പദ്ധതി സമര്‍പ്പിച്ചാല്‍ കൂടുതല്‍ തുക അനുവദിക്കുന്നത് പരിഗണിക്കും. കേരളവും തമിഴ്‌നാടും കര്‍ണാടകവും തമ്മിലുള്ള ഏകോപനം ഉറപ്പാക്കാന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം മുന്‍കൈ എടുക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
പദയാത്രയിലെ ‘പാട്ടു’ വിവാദം; ബിജെപി ഐടി സെല്‍ ചെയര്‍മാനെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രന്‍

വയനാട്ടിലെത്തിയ കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കലക്ടറേറ്റിന് മുന്നില്‍ വെച്ച്‌ കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ സാധിച്ച കെ എസ് യു പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കെ എസ് യു ജില്ലാ പ്രസിഡന്റ് അടക്കമുള്ളവരാണ് അറസ്റ്റിലായത്.

സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിച്ചു.ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഈ ജില്ലകളിൽ താപനില ഉയരാനുള്ള സാധ്യത കൂടുതലാണെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. നിലവിലുള്ളവയേക്കാൾ 2 ഡിഗ്രി മുതൽ 3 ഡിഗ്രി വരെയാണ് താപനില ഉയരാനാണ് സാധ്യത.

കൊല്ലം ജില്ലയിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, തൃശൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയുമായി താപനില ഉയരാമെന്ന് കാലവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

പകൽ 11 മണി മുതൽ 3 മണി വരെ സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ തട്ടുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും നിർജ്ജലീകരണം തടയുന്നതിനായി ആവശ്യമായ ശുദ്ധജലം കുടിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇടുക്കി നെടുംകണ്ടത്ത് പതിനേഴുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ചില്ലുപാറ കപ്പിത്താൻപറമ്പിൽ അശ്വതിയെയാണ് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾ ജോലിക്കുപോയ സമയത്താണ് മരണം സംഭവിച്ചത്.

വീട്ടിൽ ഒറ്റയ്ക്കായിരുന്ന അശ്വതിയെ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്നു ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നെടുങ്കണ്ടത്തെ സ്വകാര്യ കോളജിലെ പ്ലസ് ടു വിദ്യാർഥിനിയാണ് അശ്വതി.

സിപിഐ ലോക്‌സഭാ സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ത്തിയായി. 26-ാം തീയതിയായിരിക്കും ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടാവുക.

തിരുവനന്തപുരം ജില്ലാ കമ്മിറ്റി പന്ന്യന്‍ രവീന്ദ്രനെ മത്സരിപ്പിക്കണം എന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. മന്ത്രി ജി.ആര്‍. അനിലിന്റെ പേരും ഉണ്ടായിരുന്നുവെങ്കിലും പന്ന്യന്‍ രവീന്ദ്രനാണ് വിജയസാധ്യതയെന്നും വിജയസാധ്യത മാത്രം പരിഗണിച്ചാല്‍ മതി എന്നതിന്റെ അടിസ്ഥാനത്തിലാണ് പന്ന്യനെ വീണ്ടും തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ തീരുമാനമായത്.

തൃശ്ശൂര്‍- വി.എസ്. സുനില്‍കുമാര്‍, വയനാട്- ആനി രാജ, മാവേലിക്കര- സി.എ. അരുണ്‍കുമാര്‍ എന്നിവരെയും കളത്തിലിറക്കാനാണ് തീരുമാനമായിരിക്കുന്നത്. ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച തീരുമാനമായത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ദേശീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകും.

തിരുവനന്തപുരത്ത് ഇന്നുചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് ജില്ലകളില്‍ നിന്നും അതാത് സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് ആവശ്യപ്പെടുകയായിരുന്നു. അതിനനുസരിച്ച് ജില്ലാ കമ്മറ്റികള്‍ മുന്നോട്ടുവെച്ച് ലിസ്റ്റില്‍ നിന്നാണ് അന്തിമപട്ടിക ഉണ്ടാക്കിയിരിക്കുന്നത്.

ആരോഗ്യം, സേവനം, സൗഹൃദം എന്നീ ആശയങ്ങളെ മുൻനിർത്തി 2023-ൽ ആരംഭിച്ച ഒരു സൗഹൃദ കൂട്ടായ്മയാണ് കേരള സൂപ്പർ കിങ്‌സ് സ്പോർട്സ് ക്ലബ്, മാഞ്ചസ്റ്റർ. ഈ കൂട്ടായ്മയിൽ ഏകദേശം 25 അംഗങ്ങൾ ഒരേ മനസോടും ചിന്താഗതിയോടും കൂടെ പ്രവർത്തിച്ചുവരുന്നു. കേവലം ഒരു സൗഹൃദ കൂട്ടായ്മയിൽ ആരംഭിച്ചു ഇന്ന് മാഞ്ചസ്റ്ററിലേ എല്ലാ മേഖലകളിലും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞിരിക്കയാണ് കെ.എസ്.കെ.

കെ.എസ്.കെ- യെ സംബന്ധിച്ചു അഭിമാന വർഷം ആയിരുന്നു കടന്നു പോയ 2023. ആദ്യമായി പങ്കെടുത്ത ക്രിക്കറ്റ്‌ ടൂർണമെന്റിൽ തിളക്കമാർന്ന വിജയം കാഴ്ച വെക്കാൻ അവർക്ക് കഴിഞ്ഞു. ശക്തരായ 7 ടീമുകളെ പിന്തള്ളി ലീഗ് മത്സരങ്ങളിൽ മൂന്നാമതായും പിന്നീട് ലീഗ് മത്സരങ്ങളിൽ ഒന്നാമത്തെത്തിയവരെ വെറും കാഴ്ചക്കാർ ആക്കി ആ ട്രോഫി ക്ലബ്ബിൽ എത്തിച്ചപ്പോൾ ആ വിജയത്തിന്റെ മധുരം പത്തിരട്ടിയായീ.

BUT ITS JUST THE BEGINNING……
കേവലം 10 അംഗങ്ങൾ ആയി തുടങ്ങിയ കൂട്ടായ്മ അങ്ങ് വളർന്നു, ഇന്ന് 25 അംഗങ്ങളോട് കൂടിയ ഒരു ശക്തമായ ഗ്രൂപ്പ്‌ ആയീ അതു മാറി. ജനുവരി 27,2024 ൽ ഒരു ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് എന്നൊരു ആശയം ടീം അംഗങ്ങളുടെ ഇടയിൽ നിന്ന് വരുകയും, അതു നടത്താൻ ടീം തീരുമാനിക്കുകയും ചെയ്തു. 30- ൽ പരം ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് ഒരു വിജയമാക്കാൻ ടീമിലെ എല്ലാ അംഗങ്ങളും തോളോട് തോൾ ചേർന്ന് പരിശ്രമിച്ചു.

കായികം, സൗഹൃദം എന്നീ മേഖലകളിൽ ഒതുങ്ങി നിൽക്കാതെ സേവന രംഗത്തേക്ക് കൂടി തിരിയാൻ ടീമും ടീം മാനേജ്മെന്റ് കൂടെ ചിന്തിക്കുകയും, അതിനപ്രകാരം മാഞ്ചേസ്റ്ററിലേ മറ്റു സംഘടനകളുമായി ചേർന്ന് പല സേവന പ്രവർത്തനങ്ങളും ചെയ്യാൻ കെ.എസ്.കെ- ക്കു കഴിഞ്ഞു. അതു വഴി പലർക്കും ഒരു കൈത്താങ്ങായി കെ.എസ്.കെ മാറി.

സേവന രംഗത്ത് ഒരു പുത്തൻ ചുവടു വേപ്പിന് ഒരുങ്ങുകയാണ് കെ.എസ്.കെ. “Grateful Giving ” എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി വളരെ പ്രതീക്ഷയോടെ ആണ് കെ.എസ്.കെ നോക്കികാണുന്നത്. ഈ പദ്ധതിയിലൂടെ സമാഹരിക്കുന്ന മുഴുവൻ തുകയും “, Alder Hey Children’s Hospital” നു നൽകാനാണ് ടീം തീരുമാനിച്ചിരിക്കുന്നത്. ഏകദേശം 1000 പൗണ്ട് കണ്ടെത്താൻ ആണ് ടീം ശ്രമിക്കുന്നത്.

https://www.justgiving.com/page/keralasuperkings

[email protected]
Contact.-07712803434

നോര്‍ക്ക റൂട്ട്സ് എറണാകുളം മേഖലാ ഓഫീസിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനുവേണ്ടി മാര്‍ച്ച് 07ന് കോട്ടയത്ത് ജില്ലാക്യാമ്പ് സംഘടിപ്പിക്കുന്നു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ്‌ ഹാളില്‍ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നടക്കുന്ന ക്യാമ്പില്‍ മുന്‍കൂട്ടി രജിസ്റ്റർ ചെയ്യുന്നവര്‍ക്കാണ് അവസരം ലഭിക്കുക. ഇതിനായി നോര്‍ക്ക റൂട്ട്സിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

അപേക്ഷയുടെ പ്രിന്‍റ് ഔട്ട്, പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകൾ, മാര്‍ക്ക് ലിസ്റ്റുകളുടെ (ഇംപ്രൂവ്മെന്റ്‌, സപ്ലി ഉള്‍പ്പടെ) അസ്ലലും പകര്‍പ്പുകളും അറ്റസ്റ്റേഷനായി ഹാജരാക്കണം. മെഡിക്കല്‍ ഡിഗ്രി/ഡിപ്പോമ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനായി അസ്സല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്‌. അപേക്ഷകനു പകരം ഒരേ അഡ്രസ്സിലുള്ള നോമിനിക്ക്‌ ഫോട്ടോ ഐഡി പ്രൂഫുമായി ഹാജരാകാം. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍/ഇ -പെയ്മെന്റ്, യു.പി.ഐ അധിഷ്ഠിത മൊബൈല്‍ ആപ്പുകള്‍ മുഖേന മാത്രമേ ഫീസ്‌ ഒടുക്കാന്‍ കഴിയൂ.

വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ (Personal Documents) അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാമ്പില്‍ സ്വീകരിക്കും.ക്യാമ്പ് നടക്കുന്ന ദിവസങ്ങളില്‍ നോര്‍ക്ക റൂട്ട്സിന്‍റെ എറണാകുളം സെന്ററിൽ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല.

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അധികാരപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്‌സ്. വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്‌റ്റേഷന്‍, എം.ഇ.എ, അപ്പോസ്റ്റില്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവ നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാണ്.

കേരളത്തില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ നോര്‍ക്കാ റൂട്ട്‌സ് വഴി അറ്റസ്‌റ്റേഷനു നല്‍കാന്‍ കഴിയൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2371810/2371830 നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിലോ 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ്‌ കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അൽ സലാം ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്ത് വന്ന കണ്ണൂർ ഇരട്ടി സ്വദേശിനി കച്ചേരിക്കടവ് ചക്കാനിക്കുന്നേൽ ശ്രീ മാത്യുവിന്റെയും ശ്രീമതി ഷൈനി മാത്യുവിന്റയും മകൾ ശ്രീമതി ദീപ്തി ജോമേഷാണ് (33 വയസ്സ്) ഫെബ്രുവരി 19 തിങ്കളാഴ്ച്ച വൈകിട്ട് ഹോസ്പിറ്റലിന്റെ താമസ സ്ഥലത്തിന് അടുത്തുള്ള റോഡ് മുറിച്ച് കടക്കവേ വാഹനം ഇടിച്ച് മരണമടഞ്ഞത്.

ഭർത്താവ് : ശ്രീ ജോമേഷ് വെളിയത്ത് ജോസഫ് (ഓൾഡ് ഏജ്, സോഷ്യൽ അഫൈർസ് കുവൈറ്റ്‌ ജീവനക്കാരൻ). സഹോദരൻ : ദീക്ഷിത്ത് (ഓൾഡ് ഏജ്, സോഷ്യൽ അഫൈർസ് കുവൈറ്റ്‌ ജീവനക്കാരൻ).

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്ത് വരുന്നു.

ദീപ്തി ജോമേഷിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെസ്റ്റ് യോര്‍ക്ക് ഷെയറിലെ വേക്ക് ഫീൽഡിൽ താമസിക്കുന്ന ജോയിസ് ജോസ് മാത്യുവിന്റെ പിതാവ് തിരുവമ്പാടി കാഞ്ഞിരക്കാട്ടുതൊട്ടിയിൽ ജോസ് മാത്യു (64) നിര്യാതനായി. ഭാര്യ കുപ്പായക്കോട് കുളത്തിങ്കൽ കുടുംബാംഗം ചിന്നമ്മ ജോസ്. മക്കൾ: ജോയിസ് ജോസ് മാത്യു , ജെറി ജോസ് മാത്യു. മരുമക്കൾ: വേക്ക് ഫീൽഡിലെ ആദ്യകാല മലയാളി കുടുംബമായ ജോസ് റോസി ദമ്പതികളുടെ മകൾ രേഷ്മ ജോസ്. കൊച്ചുമകൻ: എഡ്വിൻ ജോയിസ്. മൃതസംസ്കാര ശുശ്രൂഷകൾ സേക്രഡ് ഹാർട്ട് ചർച്ച് തിരുവമ്പാടിയിൽ വച്ച് നടത്തുന്നതായിരിക്കും. സമയക്രമം പിന്നീട് അറിയിക്കുന്നതായിരിക്കും.

ജോയിസ് ജോസ് മാത്യുവിൻെറ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു

ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ച “തിരുമുഖം കാണുമ്പോൾ” എന്ന നോമ്പ്കാല പീഡാനുഭവം ഗാനമാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത് .

പ്രശസ്ത പിന്നണി ഗായകൻ ശ്രീ മധു ബാലകൃഷ്ണൻ ആലപിച്ച ഈ ഗാനത്തിന്റെ വരികളും ഈണവും ഇതിനോടകം വളരെയേറെ ശ്രദ്ധേയമായിരിക്കുന്നു .

“തൂവെള്ള അപ്പം” എന്ന ഹിറ്റ് ഗാനത്തിനുശേഷം

സാനു സാജൻ അവറാച്ചൻ രചനയും സംഗീതവും നൽകിയ ഗാനമാണ് തിരുമുഖം കാണുമ്പോൾ .

ഈ 50 നോയമ്പ് കാലത്ത് ഇറങ്ങിയിരിക്കുന്ന ഹൃദയസ്പർശിയായ ഈ ഗാനം വളരെ നല്ല അഭിപ്രായത്തോടെ മുന്നേറുകയാണ് .

എൽഡ്രോയ് (ELROY PRODUCTION’S) പ്രൊഡക്ഷൻസിന്റെ ബാനറിൽ മെയ്ഡ് ഫോർ മെമ്മറീസ്.( MADE 4MEMORIES) എന്ന യൂട്യൂബ് ചാനലിൽ ആണ് ഈ ഗാനം റിലീസ് ആയിരിക്കുന്നത് .

സംഗീത ലോകത്തെ പ്രഗൽഭരായ ഒട്ടേറെ ആർട്ടിസ്റ്റുകൾ ഈ ഗാനത്തിൽ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നു നെൽസൺ പീറ്റർ ആണ് ഇതിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത് .

സംഗീത സംവിധായകനായ സാനു സാജൻ അവറാച്ചൻ യുകെയിൽ വിവിധ സ്റ്റേജുകളിൽ ഗായകനായും ആങ്കറിങ് മേഖലയിലും ശ്രദ്ധ നേടി വരുന്ന ഒരു കലാകാരനാണ്.

ചികിത്സ ലഭിക്കാതെ വീട്ടിൽ നടന്ന പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു. വെള്ളായണി തിരുമംഗലം ലെയ്‌നിൽ വാടകയ്ക്കു താമസിക്കുന്ന ഷമീറ(36)യും നവജാതശിശുവുമാണ് മരിച്ചത്. ആശുപത്രിയിൽ ശുശ്രൂഷയ്ക്കു കൊണ്ടുപോകാതെ വീട്ടിൽത്തന്നെ പ്രസവത്തിനു പ്രേരിപ്പിച്ച ഭർത്താവ് നയാസിനെ നേമം പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് ഷമീറയ്ക്കു പ്രസവവേദനയുണ്ടായത്. തുടർന്ന് അമിതരക്തസ്രാവമുണ്ടായി ഷമീറ ബോധരഹിതയായി. തുടർന്ന് ഭർത്താവ് ആംബുലൻസ് വിളിച്ച് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേതന്നെ അമ്മയും കുഞ്ഞും മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

പാലക്കാട് സ്വദേശിനിയായ ഷമീറയുടെയും പൂന്തുറ സ്വദേശിയായ നയാസിന്റെയും രണ്ടാംവിവാഹമാണിത്. ഷമീറയ്ക്കും നയാസിനും രണ്ട് കുഞ്ഞുങ്ങളുണ്ട്. ഷമീറ പൂർണഗർഭിണിയായപ്പോൾത്തന്നെ ആരോഗ്യവകുപ്പ് അധികൃതരും ഡോക്ടറും, ആശുപത്രിയിലെത്തിച്ച് വിദഗ്‌ധ ചികിത്സ നൽകണമെന്ന് പലവട്ടം ആവശ്യപ്പെട്ടിരുന്നു. നയാസ് ഇതിനു തയ്യാറാകാതെവന്നപ്പോൾ പോലീസ്‌ ഇടപെട്ടിട്ടും പ്രസവം വീട്ടിൽ മതിയെന്ന് നയാസ് വാശിപിടിക്കുകയായിരുന്നു.

സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവസമയത്ത് നയാസിന്റെ ബന്ധുക്കളായ ചിലരും വീട്ടിലുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതൽ പരിശോധനകൾക്കായി പോലീസ് വീട് സീൽ ചെയ്തിട്ടുണ്ട്. അക്യുപങ്ചർ ചികിത്സയ്ക്കു യുവതി വിധേയയായിരുന്നുവെന്ന് സംശയമുണ്ട്. ഇരുവർക്കും ആദ്യവിവാഹത്തിലും മക്കളുണ്ട്.

RECENT POSTS
Copyright © . All rights reserved