സിദ്ധാര്‍ത്ഥ് ആനന്ദിന്റെ സംവിധാനത്തിലെത്തിയ ‘ഫൈറ്റര്‍’ സിനിമക്കെതിരെ വക്കീല്‍ നോട്ടീസ്. ഹൃത്വിക് റോഷന്റെയും ദീപിക പദുക്കോണിന്റെയും കഥാപാത്രങ്ങള്‍ യൂണിഫോമില്‍ ചുംബിക്കുന്ന രംഗം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അസം സ്വദേശിയും വ്യോമസേനാ വിംഗ് കമാന്ററുമായ സൗമ്യ ദീപ് ദാസാണ് സിനിമക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. യൂണിഫോം ധരിച്ച് ചുംബിക്കുന്ന രംഗത്തിലൂടെ വ്യോമസേനയെ അപമാനിക്കുന്നുവെന്നാണ് ആരോപണം.
ഇന്ത്യന്‍ വ്യോമസേനയുടെ യൂണിഫോം വെറും വസ്ത്രമല്ല. ദേശ സുരക്ഷയുടെയും നിസ്വാര്‍ഥ സേവനത്തിന്റെയും ധീരതയുടെയും അച്ചടക്കത്തിന്റെയും ത്യാഗത്തിന്റെയും അടയാളമാണിത്. ഫൈറ്ററിലെ ചുംബനരംഗം വ്യോമസേനയ്ക്ക് അപമാനമാണ്. ദേശത്തെ സ്‌നേഹിക്കുന്ന തങ്ങളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നു. യൂണിഫോം ധരിച്ചുകൊണ്ട് നടത്തുന്ന ഇത്തരം ചെയ്തിങ്ങള്‍ മൂല്യത്തിന് നിരക്കാത്തതാണ്- നോട്ടീസില്‍ പറയുന്നു.
വ്യോമസേനാ സംഘം ഭീകരാക്രമണത്തെ നേരിടുന്നതാണ് സിനിമയുടെ ഇതിവൃത്തം. യുദ്ധ വിമാനത്തിന്റെ പൈലറ്റുമാരായ ഷംഷേര്‍ പത്താനിയ, മിനാല്‍ റാത്തോഡ് എന്നീ കഥാപാത്രങ്ങളെ യഥാക്രമം ഹൃത്വിക് റോഷനും ദീപിക പദുക്കോണും അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ ടീസര്‍ ഇറങ്ങിയപ്പോഴും വ്യോമസേനയെ അപമാനിച്ചുവെന്നാരോപിച്ച് ചിലര്‍ രംഗത്ത് വന്നിരുന്നു. ഹൃത്വികിന്റെയും ദീപികയുടെയും കഥാപാത്രങ്ങളുടെ ഒരു ഇന്റിമേറ്റ് രംഗത്തില്‍ ദീപിക മോണോക്കിനിയാണ് ധരിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് ഒരു വിഭാഗം രംഗത്ത് വന്നത്.
ഷാരൂഖ് ഖാന്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ‘പഠാന്’ ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഫൈറ്റര്‍’. ജനുവരി 25 ന് റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ 300 കോടി പിന്നിട്ടു കഴിഞ്ഞു. ഹൃത്വിക്, ദീപിക എന്നിവരെക്കൂടാതെ അനില്‍ കപൂര്‍, കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
രമോണ്‍ ചിബ്, സിദ്ധാര്‍ഥ് ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. വിയാകോം 18 സ്റ്റുഡിയോസും മര്‍ഫ്ലിക്സ് പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മാണം. വിശാല്‍-ശേഖര്‍ കോമ്പോയാണ് സംഗീതം. മലയാളിയായ സത്ചിത് പൗലോസാണ് ഛായാഗ്രഹണം. ഷാരൂഖ് ഖാന്റെ ‘പഠാന്റെ’യും ഛായാഗ്രാഹകന്‍ സത്ചിതായിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ അതിജീവിത ഹൈക്കോടതിയില്‍. നിയമവിരുദ്ധമായി മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു.
വിചാരണ കോടതി അന്വേഷണം പൂർത്തിയാക്കിയിട്ടും റിപ്പോർട്ടിലെ കണ്ടെത്തല്‍ എന്തെന്ന് അറിയിച്ചില്ലെന്നും പകർപ്പ് ഹർജിയില്‍ പറയുന്നു. അന്വേഷണം നടത്തിയ ജില്ലാ സെഷൻസ്‍ ജഡ്ജിക്ക് ഈ റിപ്പോർട്ടിന്റെ പകർപ്പ് കൈമാറാൻ നിർദേശം നല്‍കണം എന്നാണ് അതിജീവിതയുടെ ആവശ്യം.
ജനുവരി തുടക്കത്തില്‍ തന്നെ ഈ വിഷയത്തില്‍ അന്വേഷണം പൂർത്തിയായിരുന്നു. അന്വേഷണത്തില്‍ പരാതിയുണ്ടെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്ന് ഹർജിക്കാരിയായ അതിജീവിതയോട് കോടതി നിർദ്ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹർജി.
ശ്രീകുമാരി അശോകൻ
പുഴവന്നു മാടിവിളിക്കുന്നു വീണ്ടുമാ
പഴയ ഓർമ്മതൻ കൂട്ടിലേക്കെന്തിന്
കുഞ്ഞുറുമ്പ് വരിവച്ചു പോകുമാ
പൂഴിമണ്ണിന്റെ മാറിലേക്കിന്നിതാ
മഞ്ചാടി വാരിയെറിഞ്ഞു കളിച്ചയാ
കരിവളയിട്ട നനുത്ത കരങ്ങളെ
കൈതോലത്തുമ്പിന്റെ കെട്ടഴിച്ചീടുമ്പോൾ
ചോര പൊടിഞ്ഞൊരാ തളിരണി വിരലിനെ
മഞ്ഞമന്ദാര ചോട്ടിലെന്നോരത്ത്
ചാഞ്ഞിരുന്നൊരാ പാവാടക്കാരിയെ
ആറ്റുവഞ്ചി പൂവുമായ് വന്നെന്റെ
കവിളിൽ പ്രണയം വരച്ച നിമിഷങ്ങളെ
പുഴയരികിലെ കുളമാവിൻ ചോട്ടിലെൻ
ഹൃദയം കവരുവാനെത്തിയ പെണ്ണിനെ
പ്രണയമെത്ര നനുത്ത വികാരമെന്നെന്റെ
ചെവിയിൽ നുള്ളി പതിയെ പറഞ്ഞോളെ
ഇനിയുമെത്ര ജന്മമെടുത്താലും ഞാൻ
നിന്റേതുമാത്രമെന്നോതി മറഞ്ഞോളെ
ഇന്നീ തീരത്ത് കാണുവാനാകുമോ
ഇനിയും സ്വപ്‌നങ്ങൾ പങ്കിടാനാകുമോ
മറവി വന്നു മറച്ച നിമിഷങ്ങളെ
വിരലു തൊട്ടോന്നുണർത്തുവാനാകുമോ
പഴകി പോയൊരെൻ ഓർമചെരാതിൽ
പ്രത്യാശതൻ തിരിതെളിക്കുവാനാകുമോ.
വിവാഹം കഴിഞ്ഞ് 11-ാം ദിവസം ഭര്‍ത്താവിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ ഭാവ്നഗര്‍ ജെസാര്‍ സ്വദേശി വാജു ഗോഹില്‍(33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ വാജു ഗോഹിലിന്റെ ഭാര്യ ദീപിക വാസവയെ വീട്ടില്‍നിന്ന് കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ഞായറാഴ്ച രാത്രിയാണ് വാജു ഗോഹിലിനെ വീടിന് മുന്നിലെ കട്ടിലില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വാജുവിന്റെ ഭാര്യ ദീപികയാണ് കൃത്യം നടത്തിയതെന്നാണ് ബന്ധുക്കളുടെ പരാതി. സംഭവത്തിന് പിന്നാലെ യുവതിയെ വീട്ടില്‍നിന്ന് കാണാതായിട്ടുണ്ട്.
ഉച്ഛല്‍ സ്വദേശിയായ ദീപികയും വാജു ഗോഹിലും ജനുവരി 25-നാണ് വിവാഹിതരായത്. ജെസാര്‍ ഗാവനിലെ വീട്ടിലായിരുന്നു ഇവരുടെ താമസം. ഞായറാഴ്ച രാത്രിയാണ് ദീപിക ഭര്‍ത്താവിനെ ആക്രമിച്ചശേഷം വീട്ടില്‍നിന്ന് കടന്നുകളഞ്ഞത്. വിവരമറിഞ്ഞ് സഹോദരന്‍ പ്രവീണ്‍ ഗോഹില്‍ വീട്ടിലെത്തിയപ്പോള്‍ മരത്തിന് ചുവട്ടിലെ കട്ടിലില്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് വാജു ഗോഹിലിനെ കണ്ടെത്തിയത്.
വിവാഹം കഴിഞ്ഞ ആദ്യദിവസം മുതല്‍ ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നതായാണ് സഹോദരന്‍ പ്രവീണ്‍ പോലീസിന് നല്‍കിയ മൊഴി. തര്‍ക്കത്തിനിടെ ദീപിക തന്റെ സഹോദരനെ ആക്രമിച്ചെന്നാണ് സംശയിക്കുന്നതെന്നും തലയ്ക്ക് പരിക്കേറ്റാണ് സഹോദരന്‍ മരിച്ചതെന്നും ഇദ്ദേഹം പറഞ്ഞു.
കോട്ടയം: മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിന് വെന്റിലേറ്ററും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി പിസിഎൽ) സിഎസ്ആർ ഫണ്ടിൽ നിന്ന് 68.45 ലക്ഷം അനുവദിച്ചതായി തോമസ് ചാഴികാടൻ എം പി അറിയിച്ചു. ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തോമസ് ചാഴികാടൻ എംപി ബിപിസിഎൽ കോർപ്പറേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അഭയരാജ് സിംഗ് ഭണ്ഡാരിക്ക് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പണം അനുവദിച്ചത്.
തീവ്ര പരിചരണ വിഭാഗത്തിന് അടിയന്തിരമായി 5 വെന്റിലേറ്ററുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എംപിക്ക് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. പി. കെ ജയകുമാർ നിവേദനം നൽകിയിരുന്നു. 5 പുതിയ വെന്റിലേറ്ററുകൾ കൂടി സ്ഥാപിക്കുന്നതോടെ മെഡിക്കൽ കോളേജിൽ എത്തുന്ന ആയിരക്കണക്കിന് രോഗികൾക്ക് പ്രയോജനകരമാകും. വെന്റിലേറ്റർ ക്ഷാമം മൂലം പലർക്കും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നതും കുറയ്ക്കാൻ കഴിയും എന്ന് തോമസ് ചാഴികാടൻ അറിയിച്ചു.
നേരത്തെ എം പി യുടെ പരിശ്രമഫലമായി സെൻട്രൽ വെയർഹൗസിഗ് കോർപ്പറേഷന്റെ CSR ഫണ്ടിൽനിന്നും അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ വെരിക്കോസ് ലേസർ സർജറി മെഷീനും സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിൽ ഈ സംവിധാനം ഉള്ള ഏക മെഡിക്കൽ കോളേജ് ആണ് കോട്ടയത്തേത്. പുറത്ത് 3 ലക്ഷം വരെ ചെലവ് വരുന്ന ലേസർ ശസ്ത്രക്രിയ ഇവിടെ സൗജന്യം ആയാണ് നടത്തുന്നത്.
മികച്ച പാര്‍ലമെന്റേറിയനുള്ള 2023-ലെ ലോക്മത് പുരസ്‌കാരം ജോണ്‍ ബ്രിട്ടാസ് എം.പി.ക്ക്. പാര്‍ലമെന്റ് ചര്‍ച്ചകളിലെ പങ്കാളിത്തം, ചോദ്യങ്ങള്‍, സ്വകാര്യ ബില്ലുകള്‍, ഇടപെടല്‍ തുടങ്ങി സഭാനടപടികളില്‍ പ്രകടിപ്പിച്ച പ്രാഗത്ഭ്യം മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നത്.
സീതാറാം യെച്ചൂരിക്ക് ശേഷം ഒരു സി.പി.എം. പാര്‍ലമെന്റേറിയനു കിട്ടുന്ന രണ്ടാമത്തെ പുരസ്‌കാരമാണിത്. എന്‍.കെ. പ്രേമചന്ദ്രനു ശേഷം രണ്ടാമത്തെ മലയാളിക്കും.
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ശരദ് പവാര്‍, മുലായം സിങ് യാദവ്, ശരദ് യാദവ്, ജയ ബച്ചന്‍, സുപ്രിയ സുലെ, എന്‍ഷികാന്ത് ദുബെ, ഹേമ മാലിനി, ഭാരതി പവാര്‍ തുടങ്ങിയവര്‍ക്കാണ് മുമ്പ് ലോക്മത് പുരസ്‌കാരം ലഭിച്ചിട്ടുള്ളത്,
ലോക്സഭാ മുന്‍ സെക്രട്ടറി ജനറല്‍ ഡോ. സുഭാഷ് സി. കശ്യപ്, മുന്‍ കേന്ദ്ര മന്ത്രി പ്രഫുല്‍ പട്ടേല്‍ തുടങ്ങിയവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പുരസ്‌കാരം സമ്മാനിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഫ്രാന്‍സിസ് ജോര്‍ജ് വരുമെന്ന് ഏതാണ്ട് ഉറപ്പായി. യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തീകരിച്ച ശേഷം മാത്രമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. ലീഗുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമാകും കോണ്‍ഗ്രസ് നേതൃത്വം കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ച പൂര്‍ത്തീകരിക്കുക. ഈ മാസം പകുതിയോടെ സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുന്നതില്‍ യുഡിഎഫില്‍ കാര്യമായ തര്‍ക്കങ്ങളില്ല. ഇടുക്കി സീറ്റുമായി വെച്ച് മാറണമെന്ന് നേരത്തെ കോണ്‍ഗ്രസില്‍ ആവശ്യമുയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ അത്തരം ചര്‍ച്ചകളില്ല. ഫ്രാന്‍സിസ് ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കാനാണ് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ.ജോസഫിന് താത്പര്യം. എന്നാല്‍ പാര്‍ട്ടിയിലെ മറ്റു ചില നേതാക്കള്‍ക്കും സീറ്റില്‍ താത്പര്യമുണ്ട്. കോട്ടയം ജില്ലാ സെക്രട്ടറി സജി മഞ്ഞക്കടമ്പന്‍ തനിക്ക് മത്സരിക്കാനുള്ള താത്പര്യം പരസ്യമാക്കുകയും ചെയ്തിരുന്നു.
മുതിര്‍ന്ന നേതാവ് പി.സി.തോമസിനും മത്സരിക്കാന്‍ താത്പര്യമുണ്ടെങ്കിലും അദ്ദേഹം പരസ്യമായി അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാമെന്ന നിലപാടിലാണ് അദ്ദേഹം. കടത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫിനെ മത്സരിപ്പിക്കുന്നത് വിജയ സാധ്യത വര്‍ധിപ്പിക്കുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പി.ജെ.ജോസഫിനോട് നിര്‍ദേശിച്ചതായും വിവരമുണ്ട്. എന്നാല്‍ മോന്‍സ് ജോസഫ് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല. ഈ സാഹചര്യങ്ങളിലാണ് ഫ്രാന്‍സിസ് ജോര്‍ജിന് സാധ്യത വര്‍ധിപ്പിക്കുന്നത്.
കോട്ടയം സീറ്റ് ജോസഫ് വിഭാഗത്തിന് യുഡിഎഫ് നല്‍കുന്നതോടെ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാകും നടക്കാന്‍ പോകുന്നത്. എല്‍ഡിഎഫിലുള്ള കേരള കോണ്‍ഗ്രസ് (എം) ന്റെ സിറ്റിങ് സീറ്റാണിത്. സിറ്റിങ് എംപി തോമസ് ചാഴിക്കാടന്‍ വീണ്ടും മത്സരിച്ചേക്കും. യുഡിഎഫിന്റെ ഭാഗമായാണ് കഴിഞ്ഞ തവണ തോമസ് ചാഴിക്കാടന്‍ കോട്ടയത്ത് നിന്ന് വിജയിച്ചത്. സിപിഎം സ്ഥാനാര്‍ഥിയായിരുന്ന വി.എന്‍.വാസവനെ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ചാഴിക്കാടന്‍ പരാജയപ്പെടുത്തിയത്. മാറിയും മറഞ്ഞും മുന്നണികളെ വിജയിപ്പിച്ചിട്ടുള്ള കോട്ടയത്ത് ഇത്തവണ തീപാറും പോരാട്ടമാകും നടക്കാനിരിക്കുന്നത്.
ഇടുക്കിയില്‍ നിന്ന് രണ്ട് തവണ ലോക്‌സഭയിലേക്ക് വിജയിച്ച ചരിത്രം ഫ്രാന്‍സിസ് ജോര്‍ജിനുണ്ട്. എന്നാല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി മഞ്ഞക്കടമ്പന്‍ തന്റെ സ്ഥാനാര്‍ഥിത്വത്തിന് വിലങ്ങുതടിയാകുമോ എന്ന ആശങ്ക ഫ്രാന്‍സിസ് ജോര്‍ജിനുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ മഞ്ഞക്കടമ്പന് കാര്യമായ പിന്തുണയില്ലെന്നതാണ് ഫ്രാന്‍സിസ് ജോര്‍ജിന് ആശ്വാസം.
ലണ്ടൻ :എന്റെ ജീവൻ്റെ വിലയായ ദൈവമേ എന്ന സംഗീത ആൽബം ചെസ്റ്റർഫീൽഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ റിലീസ് ചെയ്തു. ഒരു മദ്യപാനിയുടെ മാനസന്തരം എന്ന വിഷയത്തെ ആസ്പദമാക്കികൊണ്ട് പൂർണമായും യുകെ യിൽ ചിത്രികരിച്ച ഈ വീഡിയോ ആൽബം ഇതിനോടകം തന്നെ എല്ലാവരുടെയും മനസ്സിൽ ഇടം നേടാൻ കഴിഞ്ഞു. സമൂഹത്തിൽ നല്ല സന്ദേശം നൽകാൻ കഴിയുന്ന ഇത്തരം ഗാനങ്ങൾ ഇനിയും ഉണ്ടാകെട്ടെ എന്ന് ആശംസിക്കുന്നു.
കേംബ്രിഡ്ജ്: എൻ എം സി മാനദണ്ഡമനുസരിച്ചുള്ള ‘പെരുമാറ്റച്ചട്ടം, അച്ചടക്ക നിയമങ്ങൾ, നേഴ്‌സിങ് പ്രൊഫഷണലിസം’ എന്നീ വിഷയങ്ങളിൽ യുകെയിലെ നേഴ്‌സിങ്, മിഡ്‌വൈഫറി പ്രൊഫഷനുകൾക്ക് ഏറെ വിജ്ഞാനപ്രദമായ ഓൺലൈൻ ചർച്ചകളും, സെമിനാറും ‘സൂം’ വെബ്ബിനാറിലൂടെ ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ സംഘടിപ്പിക്കുന്നു. യു കെ യിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ തൊഴിലാളികൾക്ക് അവരുടെ ജോലിസ്ഥലത്തും, ഹൗസിങ് മേഖലയിലും നേരിടുന്ന പ്രശ്നങ്ങളിൽ സൗജന്യ നിയമ സഹായവും, ഗൈഡൻസും നൽകുവാൻ രൂപീകരിക്കപ്പെട്ട സംഘടനയാണ് ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ.
യു കെയിലെ നേഴ്‌സിങ്, മിഡ്‌വൈഫറി പ്രൊഫഷനുകളുടെ റെഗുലേറ്ററി ബോഡിയായ നേഴ്സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി), വിദ്യാഭ്യാസം, പരിശീലനം, പെരുമാറ്റം,പരിചരണം എന്നിവയുടെ മാനദണ്ഡങ്ങൾ അവരുടെ പരിശീലനത്തിലൂടെ പ്രാപ്യമാക്കുന്നതിനായി പ്രൊഫഷണൽ രൂപരേഖ നൽകുകയും, ഈ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സന്ദർഭങ്ങളിൽ, അന്വേഷിക്കാനും അച്ചടക്ക നടപടി സ്വീകരിക്കാനും അധികാരമുള്ള ഓർഗനൈസേഷൻ ആണ്. നേഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും പെരുമാറ്റം നിയന്ത്രിക്കുന്നതിൽ അതിന്റെ പങ്കും, ജോലിയിൽ തങ്ങളുടെ പ്രൊഫഷണൽ നിലവാരം ഉയർത്തിപ്പിടിക്കുന്നതിൽ, നിയമങ്ങളുടെ പ്രാധാന്യവും ആഴത്തിൽ പ്രതിബാധിക്കും. .
ആളുകൾക്ക് മുൻഗണന നൽകൽ, ഫലപ്രദമായ പരിശീലനം, പ്രൈവസി സംരക്ഷണം, പ്രൊഫഷണലിസവും, ആല്മ വിശ്വാസവും പ്രോത്സാഹിപ്പിക്കൽ, വ്യക്തി കേന്ദ്രീകൃതമായ പരിചരണം, ഉത്തരവാദിത്ത ബോധം, നേഴ്സിങ് പരിചരണത്തിൽ മികവും കഴിവും നിലനിർത്തൽ, സത്യസന്ധതയോടുകൂടി പ്രവർത്തിക്കൽ എന്നിവയുടെ പ്രാധാന്യം കോഡ് ഊന്നിപ്പറയുമ്പോൾ, ഉയർന്ന നിലവാരമുള്ള പരിചരണം ഉറപ്പാക്കാൻ സഹപ്രവർത്തകരുമായി സഹകരിച്ച് പ്രവർത്തിക്കുവാനും, ആശങ്കകൾ ഉന്നയിക്കുവാനും, നേഴ്സുമാരുടെയും മിഡ്‌വൈഫുമാരുടെയും ഉത്തരവാദിത്വവും മറ്റും വെബ്ബിനറിലൂടെ ബോധവൽക്കരിക്കും. രോഗികൾക്ക് സുരക്ഷിതവും അനുകമ്പയും ധാർമ്മികവുമായ പരിചരണം നൽകുക, നഴ്‌സിംഗ്, മിഡ്‌വൈഫറി പ്രൊഫഷനുകളുടെ സേവനത്തിനുള്ള സ്റ്റാൻഡേർഡ് നിലനിർത്തുക, സേവന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക, പ്രതിബദ്ധത പ്രകടിപ്പിക്കുക എന്നിവയിൽ വെബ്ബിനാർ ശ്രദ്ധ ഊന്നും.
ഇന്ത്യൻ വർക്കേഴ്‌സ് യൂണിയന്റെ ലീഗൽ ടീമായ കൗൺസിലർ ബൈജു തിട്ടാല, ഷിന്റോ പൗലോസ്, ജിയോ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന പാനൽ, അനുബന്ധമായ വിലപ്പെട്ട വിവരങ്ങൾ നൽകുവാനും, പങ്കെടുക്കുന്നവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുവാനും, സമാനമായ മേഖലകളിൽ നേടിയ തങ്ങളുടെ അനുഭവ സമ്പത്തും, നിയമ പാണ്ഡിത്യവും, അച്ചടക്ക നിയമങ്ങളുടെയും, മാനദണ്ഡങ്ങളെക്കുറിച്ചുള്ള ഗ്രാഹ്യവും അമൂല്യമായ മാർഗ്ഗനിർദ്ദേശം നൽകാനുതകും.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിയമ വിദഗ്ധരെയും പ്രാക്ടീഷണർമാരെയും ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ, ആഗോളതലത്തിലുള്ള പഠന പരിശീലന കൈമാറ്റം ചെയ്യുന്നതിനുമുള്ള ഒരു പ്ലാറ്റ് ഫോം സൃഷ്ടിക്കുവാൻ വെബ്ബിനാർ ലക്ഷ്യമിടുന്നു. യു കെ യിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ജോലിചെയ്യുന്ന മേഖലയായ നേഴ്സിങ്, മിഡ്‌വൈഫറി ജോലിക്കാർക്കും, അതിലൂടെ അവർ സേവിക്കുന്ന രോഗികൾക്കും ഈ ക്ലാസ്സുകളിലൂടെ പ്രയോജനം ലഭിക്കും.
യുകെയിൽ രജിസ്റ്റർ ചെയ്ത നേഴ്‌സുമാർക്കായി 2024 ഫെബ്രുവരി 20-ന് ചൊവാഴ്ച നടത്തുന്ന വെബ്ബിനാർ വൈകുന്നേരം എട്ടു മണിക്ക് ആരംഭിക്കും. യു കെ യിൽ നഴ്സിംഗ് മേഖലയിൽ ജോലിചെയ്യുന്ന ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.
ചോദ്യങ്ങളും സംശയങ്ങളും മുൻകൂട്ടി +447398968487 എന്ന വാട്സാപ്പ് നമ്പറിൽ അയച്ചു കൊടുക്കുന്നത് കൂടുതൽ ഉപകാരപ്രദമാകും.
Zoom Meeting ID: 834 9877 5945
Pass Code: 944847
ഉണ്ണികൃഷ്ണൻ ബാലൻ
യുകെയിലെ പുരോഗമന കലാ-സാംസ്കാരിക സംഘടനയായ സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിന് കെറ്ററിംഗിൽ തുടക്കമായി. വിവിധയിടങ്ങളിൽ നിന്നുമെത്തിയ പതിനാലോളം ടീമുകൾ പങ്കെടുത്ത റീജിയണൽ മത്സരം കെറ്ററിംഗ് മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ബെന്നി മത്തായി, സെക്രട്ടറി അരുൺ സെബാസ്റ്യൻ എന്നിവർ ചേർന്ന് ഉത്‌ഘാടനം ചെയ്തു. യുകെ യുടെ പൊതുമണ്ഡലത്തിൽ സമീക്ഷ നടത്തുന്ന കലാ-സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകയാണെന്ന് കെ.എം.ഡബ്ല്യു.എ പ്രസിഡന്റ് ബെന്നി മത്തായി അഭിപ്രായപ്പെട്ടു.
മാർലോയിൽ നിന്നെത്തിയ സുദീപ്, രോഹിത് സഖ്യം ടൂർണമെന്റിൽ വിജയികളായി. ജോബി, സന്തോഷ് രണ്ടും, ബർമിങ്ഹാമിൽ നിന്നെത്തിയ ജെർമി കുരിയൻ, ബെൻസൺ ബെന്നി കൂട്ടുകെട്ട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് കൗൺസിലർ അനൂപ് പാണ്ഡെ സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സ്ഥാനക്കാർക്ക് ഗുഡീസ് സ്പോൺസർ ചെയ്ത 151 പൗണ്ടും ട്രോഫിയും, രണ്ടാമതെത്തിയവർക്ക് സ്കൈ ഷോപ്പേഴ്‌സ് സ്പോൺസർ ചെയ്ത 101 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് ബ്രദേഴ്സ് ഗ്രോസറി സ്പോൺസർ ചെയ്ത 51 പൗണ്ടും സമ്മാനമായി ലഭിച്ചു. കൂടാതെ റീജിയണൽ മത്സരവിജയികൾക്ക് കോവൻട്രിയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.
18 റീജിയനുകളിലായി നടക്കുന്ന മത്സരങ്ങളിൽ മുന്നൂറോളം ടീമുകൾ ഏറ്റുമുട്ടും. മാർച്ച് 24ന് കൊവൻട്രിയിലാണ് ഗ്രാൻറ് ഫിനാലെ. ഒന്നാം സമ്മാനം £1001ഉം സമീക്ഷയുകെ എവറോളിങ്ങ് ട്രോഫിയും, രണ്ടാം സമ്മാനം £501ഉം ഗ്രോഫിയും, മൂന്നും നാലും സ്ഥാനകാർക്ക് യഥാക്രമം £201ഉം ട്രോഫിയും £101ഉം ട്രോഫിയും ലഭിക്കും. കഴിഞ്ഞ വർഷം 12 റീജീയണലുകളിലായി 210 ടീമുകളാണ് ടൂർണ്ണമെൻറിൽ പങ്കെടുത്തത്. വ്യക്തമായ ആസൂത്രണവും വിപുലമായ തയ്യാറെടുപ്പുകപ്പകളുമായി ടൂർണ്ണമെൻറിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുകയാണ് എന്ന് സംഘാടകർ അറിയിച്ചു.