ജിജോ വാലിപ്ലാക്കീൽ
എസക്‌സ്: കോള്‍ചെസ്റ്റെര്‍ മലയാളി കമ്മ്യൂണിറ്റി ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി. ജനൂവരി ആറാം തീയതി കോള്‍ചെസ്റ്ററിന് സമീപമുള്ള നൈലന്റ് വില്ലേജ് ഹാളില്‍ വെച്ച് നടന്ന ക്രിസ്തുമസ് ആഘോഷത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ സ്റ്റേജില്‍ അരങ്ങേറി. മുന്‍ നിശ്ചയിച്ച പ്രകാരം കൃത്യം അഞ്ചരമണിക്ക് തന്നെ കുട്ടികളുടെ നേറ്റിവിറ്റിയോടു കൂടി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഇടവേളകളില്ലാതെ വിവിധ കലാരൂപങ്ങള്‍ ഒന്നിടവിട്ട് അരങ്ങ് തകര്‍ത്തപ്പോള്‍ ക്രിസ്തുമസ് ആഘോഷങ്ങളുടെ നേര്‍ക്കാഴ്ചയാണ് കോള്‍ചെസ്റ്റര്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്.
കൊച്ചുകുട്ടികളുടെ ക്രിസ്തുമസ് ഡാന്‍സുകള്‍ ഉള്‍പ്പടെ വിവിധ കലാപരിപാടികളുടെ ദൃശ്യ വിരുന്ന് കാണികളുടെ മനം കുളിര്‍ത്തു. ഭദ്രം സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിച്ച ‘ചിലപ്പതികാരം’ ഡാന്‍സ് ഡ്രാമ മുതല്‍ തമിഴ് ഇതിഹാസ കഥയുടെ ചുവടുപിടിച്ചുള്ള ‘പൊന്നിയിന്‍ സെല്‍വം’ വരെയുള്ള നൃത്ത രൂപങ്ങള്‍ കാണികള്‍ക്ക് നവ്യാനൂഭവമായി. കൂടാതെ കോള്‍ചെസ്റ്റര്‍ സീനിയര്‍ ടീം അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സും ആഘോഷത്തിന്റെ മാറ്റ് കൂട്ടി. ആഘോഷങ്ങള്‍ക്കിടയിലും കമ്മ്യൂണിറ്റിയുടെ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ചു. യുക്മ കലാമേളയില്‍ സമ്മാനര്‍ഹരായ കുട്ടികളെ ആദരിക്കുകയും കോള്‍ചെസ്റ്റര്‍ കമ്മ്യൂണിറ്റിലെ സുപരിചിതനായ ഉണ്ണി പിള്ളയുടെ നിര്യാണത്തില്‍ ഒരു മിനിട്ട് നിശബ്ദത പാലിച്ച് അനുസ്മരണവും രേഖപ്പെടുത്തി. യുക്മ കലാമേളയിലെ വിജയികള്‍ യുകെയിലെ പ്രശസ്ത റോബോട്ടിക് സര്‍ജനൂം കോള്‍ചെസ്റ്റര്‍ മലയാളിയുമായ സുഭാഷ് വാസുദേവനില്‍ നിന്നൂം സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.
വിഭവ സമൃദ്ധമായ ക്രിസ്തുമസ് വിരുന്ന് ഏവരും ആസ്വദിച്ചു. രാത്രി പത്തര മണിയോടുകൂടി ആഘോഷ പരിപാടികള്‍ക്ക് തിരശ്ശീല വീണൂ. പ്രസിഡന്റ് ഷനില്‍ അരങ്ങത്ത് സ്വാഗതവും സെക്രട്ടറി തോമസ് മാറാട്ടുകളം നന്ദിയും പറഞ്ഞു. കമ്മ്യൂണിറ്റി അംഗമായ മാത്യൂ വര്‍ഗ്ഗീസ് ക്രിസ്തുമസ് സന്ദേശം നല്കി. കമ്മറ്റി അംഗങ്ങളായ സുമേഷ് മേനോന്‍, അജയ്, സീന ജിജോ, ആദര്‍ശ് കുര്യന്‍, ഷാജി പോള്‍, തോമസ് രാജന്‍, റീജ, ടോമി പാറയ്ക്കല്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
നോട്ടിംങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA) നടത്തിയ ക്രിസ്തുമസ് ന്യൂ ഇയർ പ്രോഗ്രാം മഞ്ഞു പെയ്യും രാവിൽ മലയാളികൾക്കിടയിൽ വേറിട്ട അനുഭവമായിരുന്നു. മുഖ്യ ഉദ്ഘാടകനായി മലയാളികളുടെ സ്വന്തം ഡയറക്ടർ ശ്രീ ജയരാജ് തിരി തെളിയിച്ചു തുടങ്ങിയ പ്രോഗ്രാമിൽ, സെക്രട്ടറി അഷ്വിൻ കെ ജോസ് സ്വാഗതം ആശംസിച്ചു. പ്രസിഡൻറ് സാവിയോ ജോസിന്റെ നേതൃത്വത്തിൽ മനോഹരമായി നടന്ന പ്രോഗ്രാമിൽ ശ്രീ. ശ്രീകുമാർ സദാനന്ദനും (ആനന്ദ് ടി.വി, ആനന്ദ് ട്രാവൽസ്, ഏഷ്യാനെറ്റ് യൂറോപ്പ്), യുക്മ കൺവീനിയർ ജയകുമാർ നായരും, റവ. ഫാദർ ജോബി ഇടവഴിയിൽ, റവ. ഫാദർ വിൽഫ്രഡ് പെരപ്പാടൻ എന്നിവരും വിശിഷ്ടാഥികളായെത്തി.
നാടക രംഗത്ത് കഴിവ് തെളിയിച്ച ശ്രീജിഷ്മോൻ സംവിധാനം ചെയ്ത ഏദൻ മുതൽ ബേത്ലഹേം വഴി വെളിപാട് വരെ എന്ന നേറ്റിവിറ്റി സ്കിറ്റ് പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു. കൊച്ചിൻ ഗോൾഡൻഹിറ്റിന്റെ ഗാനമേള കൂടിയായപ്പോൾ പരുപാടി അരങ്ങു തകർത്തു. സിറിയക്ക് മെമ്മോറിയൽ ജംഗിൾബെൽസ് കരോൾ കോംപറ്റീഷൻ മഞ്ഞു പെയ്യും രാവിന്റെ മറ്റൊരു ഹൈലൈറ്റ്സ് ആയിരുന്നു. നോട്ടിങ്ങാമിലെ മറ്റു കലാകാരൻമാരും, കലാകാരികളും ,വിഭവ സമൃദ്ദമായ സദ്യയും കൂടിയായപ്പോൾ പരിപാടി പറഞ്ഞറിയിക്കാൻ പറ്റാത്ത തരത്തിലുള്ള ഒരനുഭവമായി . പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും NMCA യുടെ എല്ലാ കമ്മറ്റി മെംബേഴ്സും നന്ദി രേഖപ്പെടുത്തുകയുണ്ടായി.
ന്യൂസ് ഡെസ്ക്. മലയാളം യുകെ
യോർക്ഷയറിലെ ആദ്യകാല അസ്സോസിയേഷനുകളിലൊന്നായ മലയാളി കമ്മ്യൂണിറ്റി ഓഫ് ബ്രാഡ്ഫോർഡിൻ്റെ കിസ്തുമസ്സ് പുതുവത്സരാഘോഷം ജനുവരി ആറിന് ബ്രാഡ്ഫോർഡിൽ നടന്നു. ബ്രാഡ്ഫോർഡ് സെൻ്റ് വിനിഫ്രെഡ്സ് ചർച്ച് ഹാളിൽ അസ്സോസിയേഷൻ പ്രസിഡൻ്റ് വിഷ്ണു സുഗുണനും സെക്രട്ടറി അപർണ്ണ ജിപിനും അസ്സോസിയേഷനിലെ എല്ലാ കുടുംബങ്ങൾക്കും സ്വാഗതമരുളി ക്രിസ്തുമസ്സ് പുതുവത്സര ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക പരിപാടികൾ നടന്നു. അസ്സോസിയേഷനിലെ അംഗങ്ങൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. നൂറിലധികം പേർ പങ്കെടുത്ത ആഘോഷ പരിപാടികളിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുമിച്ചാസ്വദിക്കാൻ തക്കവണ്ണമുള്ള കൊച്ചു കൊച്ചു മത്സരങ്ങളും കുശൃതി ചോദ്യങ്ങളും ശ്രദ്ധേയമായി.
ഷൈൻ കള്ളിക്കടവിലിൻ്റെ നേതൃത്വത്തിലുള്ള സിംഫണി ഓർക്കസ്ട്ര കീത്തിലിയുടെ ഗാനമേള ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി. പ്രേക്ഷക മനസ്സുകളിൽ പുതു പുലരിയിലെ കുളിർമഴയായി ആസ്വാദനസുഖം പകർന്ന ഗാനവുമായി എത്തിയ ശ്രീമതി ഭാഗ്യലക്ഷ്മിയമ്മ കൈയ്യടി നേടി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു. വിഭവ സമൃദ്ധമായ ഭക്ഷണത്തിനു ശേഷം പത്ത് മണിയോടെ കിസ്തുമസ്സ് പുതുവത്സരാഘോഷ പരിപാടികൾ അവസാനിച്ചു.
കോട്ടയം : പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പുതുവത്സര സമ്മാനമായി നൽകുമെന്ന് പറഞ്ഞ വാക്ക് പാലിക്കാനായതിൽ ഏറെ സന്തോഷമെന്ന് തോമസ് ചാഴികാടൻ എംപി. കഴിഞ്ഞ 10 മാസമായി ഇതിനായുള്ള പ്രവർത്തനത്തിലായിരുന്നെന്നും ഇക്കാര്യത്തിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു എംപിയുടെ പ്രതികരണം.
കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറെ നേരിൽ കണ്ടു. ചീഫ് പാസ്പോർട്ട് ഓഫീസറുമായി പലവട്ടം സംസാരിച്ചു. പാർലമെന്റിൽ മൂന്നു തവണ സബ്മിഷനായി വിഷയം ഉന്നയിച്ചു. എല്ലാത്തിനുമൊടുവിൽ പാസ്പോർട്ട് കേന്ദ്രത്തിനായി കണ്ടെത്തിയ കെട്ടിടത്തിന്റെ ഇലക്ട്രിക്കൽ ജോലികളുടെ തടസ്സം നീക്കാൻ വരെ ഇടപെട്ടുവെന്നും എംപി പറഞ്ഞു.
ഒടുവിൽ ഇക്കാര്യത്തില്‍ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ നീക്കം നടത്തുന്നുണ്ടെന്നും വാസ്തവമറിയുന്ന ജനത്തിന് മുന്നില്‍ അവര്‍ പരിഹാസ്യരാകുമെന്നും തോമസ് ചാഴികാടൻ എം പി പറഞ്ഞു. ഈ മാസം 12നാണ് പാസ്പോർട്ട് സേവാ കേന്ദ്രം വീണ്ടും പ്രവർത്തനം തുടങ്ങുന്നത്
കുടിയേറ്റത്തിന്റെയും അതീജീവനത്തിന്റെയും ചരിത്രമുള്ള ഇടുക്കിയുടെ ഇംഗ്ലണ്ടിലെ പിൻതുടർച്ചക്കാർ കോവിഡാനന്തരം കവന്ററിയിൽ വീണ്ടും ഒത്തു ചേർന്നപ്പോൾ 2024-25 വർഷങ്ങളിൽ കൂട്ടായ്മയുടെ കൂടുതൽ കരുത്തോടെയുള്ള മുന്നേറ്റത്തിനു തുടക്കമിടാൻ പുതിയ നേതൃത്വത്തെ അംഗങ്ങൾ ചുമതലപ്പെടുത്തിയിരിയ്ക്കുകയാണ്. മുൻ കാലങ്ങളിൽ നിന്നും വിത്യസ്തമായി കൺവീനറും കമ്മറ്റിയംഗങ്ങൾക്കും പകരമായി പ്രസിഡൻഷ്യൽ രീതിയിലുള്ള ഭരണ സമിതിയാണ് തെരെഞ്ഞെടുക്കപ്പെട്ടത്.
പ്രസിഡന്റായി സിബി ജോസഫും (ബാസിൽഡൺ) വൈസ് പ്രസിഡന്റായി വിൻസി വിനോദിനെയുമാണ് (മാൻഞ്ചസ്റ്റർ), ഇടുക്കി ജില്ലാ സംഗമം യുകെയുടെ രക്ഷാധികാരിയായി ഫ്രാൻസിസ് കവളക്കാടിനെയും ഇംഗ്ലണ്ടിലെ ഇടുക്കിയുടെ മക്കളെ ഒത്തുരുമയോടെ ഒരു കുടുംബമായി മുന്നോട്ട് കൊണ്ടു പോകുവാൻ തെരെഞ്ഞെടുത്തിരിക്കുന്നത്. ഭരണസമിതിയുടെ പ്രവർത്തനങ്ങളെ ശക്തമായി മുന്നോട്ടു കൊണ്ടുപോകുവാൻ സെക്രട്ടറി ഈസ്റ്റ് ബോണിൽ നിന്നുള്ള ജോമോൻ ചെറിയാൻ ആണ്. സാമ്പത്തിക ഭദ്രതയോടെ സംഘടനെയെ ചലിപ്പിക്കേണ്ട ഉത്തരവാദിത്വം റോയി ജോസഫ് (പീറ്റർബ്രോ) ആണ്. ജോയ്ന്റ് സെക്രട്ടറിയായി ജിന്റോ ജോസഫ് മാഞ്ചസ്റ്ററും, ജോയന്റ് ട്രഷററായി സാജു ജോസഫ് (കവൻറി ) തെരെത്തെടുത്തു. പബ്ലിക് റിലേഷൻ എക്സിറ്ററിൽ നിന്നുള്ള വിൽസൺ പുന്നോലിയുമാണ്. അതോടൊപ്പം യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 22 അംഗ കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
ഉച്ച കഴിഞ്ഞു നടന്ന സംസ്കാരിക പരിപാടിയിൽ മുഖ്യ പ്രഭാക്ഷണം നടത്തിയ പ്രമുഖ സാംസ്കാരിക – കാരുണ്യ പ്രവർത്തകനുമായ അസ്സി ചേട്ടൻ (ഫ്രാൻസിസ് കവളകാട്ടിൽ) ഇടുക്കി സംഗമത്തിന്റെ പ്രഥമ ലക്ഷ്യമായ കാരുണ്യ പ്രവർത്തനങ്ങളെ ഓർമ്മിച്ചു കൊണ്ട് ഇടുക്കിയുടെ മക്കൾ അവരുടെ വ്യക്തിത്വം മറ്റുള്ളവരുടെ മുമ്പിൽ വൃക്തമാക്കേണ്ടത് സഹജീവികളോടുള്ള ദയയും കാരണ്യവും പ്രകടമാക്കി കൊണ്ടായിരിക്കണം എന്നു നിരദേശിയ്ക്കുകയുണ്ടായി. ദാനം കൊടുക്കുന്നവർക്ക് ദാനം കൊടുക്കുവാനുള്ളത് ലഭ്യമായി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
കൺവീനർ ജിമ്മി ജോസഫിന്റെ (കവന്റി) അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിൻസി സ്വാഗതവും, ജിമ്മി അധ്യക്ഷ പ്രസംഗവും, ജസ്റ്റ്യൻ എബ്രാഹം ( റോതർഹാം) മുൻ വർഷങ്ങളിലെ കണക്കുകളും അവതരിപ്പിച്ചൂ. മുൻ കൺവീനർ പീറ്റർ താണോലി കൃതജ്ഞതയും പറഞ്ഞു.
പുതിയതായി തിരെഞ്ഞടുത്ത പ്രസിഡന്റ് സിബി ജോസഫ് കോവിഡു കാലത്ത് സംഘടനാ പ്രവർത്തനങ്ങളും കാരുണ്യ പ്രവർത്തനങ്ങളും ശക്തമായി മുന്നോട്ട് കൊണ്ടുപോയ ജിമ്മിയുടെ നേതൃത്വത്തിലുള്ള കമ്മറ്റി അംഗങ്ങളുടെ പ്രവർത്തനങ്ങളെ പ്രത്യേകം ശ്ലാഹിക്കുകയും അത്തരം പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടു പോകാൻ പ്രയ്ത്നിക്കുകയും ചെയ്യുമെന്ന് ഉറപ്പ് നല്കി. ഇംഗ്ലണ്ടിൽ എത്തിയിട്ടുള്ള എല്ലാം ഇടുക്കിക്കാരെയും സംഗമത്തിൽ അംഗങ്ങളാക്കുവാൻ ശ്രമിക്കുമെന്നു അങ്ങനെ സംഘടനയെ ശക്തിപ്പെടുത്തുമെന്ന് സെക്രട്ടറി ജോമോൻ ചെറിയാൻ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
സ്റ്റീവനേജ് : പ്രമുഖ മലയാളി കൂട്ടായ്മ്മയായ സർഗം സ്റ്റീവനേജ് സംഘടിപ്പിക്കുന്ന ക്രിസ്തുമസ്-ന്യൂ ഇയർ ആഘോഷം ശനിയാഴ്ച്ച നടത്തപ്പെടും. രണ്ടു പതിറ്റാണ്ട് പിന്നിടുന്ന മലയാളി കൂട്ടായ്മയുടെ ഏറ്റവും വർണ്ണാഭമായ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സർഗം ഭാരവാഹികൾ അറിയിച്ചു.
തിരുപ്പിറവിയോട് അനുബന്ധിച്ച് മലയാളി കൂട്ടായ്മയെ ആവേശഭരതമാക്കിയ ക്രിസ്തുമസ് കരോളിന്റെയും, കൂടാതെ പുൽക്കൂട്, ക്രിസ്തുമസ് ട്രീ, വീടലങ്കാരം എന്നീ വിഭാഗങ്ങളിലെ മത്സര ജ്വരം പകർന്ന ദിനങ്ങളുടെയും പിന്നാലെ ആഘോഷത്തിന്റെ കലാശക്കൊട്ടിന് വേദിയുയരുകയാണ്.
സർഗം സ്റ്റീവനേജ് സംഘടിപ്പിക്കുന്ന തിരുപ്പിറവി-നവവത്സര ആഘോഷം ജനുവരി 13 ന് ശനിയാഴ്ച്, സ്റ്റീവനെജ് ബാൺവെൽ അപ്പർ സ്കൂൾ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആരംഭിച്ച് വൈകുന്നേരം എട്ടു മണി വരെ നീണ്ടു നിൽക്കും.
മാസ്മരികത വിരിയുന്ന എൽ ഇ ഡി സ്ക്രീനുകളാലും, അത്യാധുനിക സൗണ്ട് ലൈറ്റിങ് സംവിധാനത്തിന്റെ പ്രഭയിലും, നേറ്റിവിറ്റിയും, കരോളും, കലാ പ്രതിഭകളുടെ വിസ്മയം തീർക്കുന്ന നൃത്ത-സംഗീത അവതരണങ്ങളും, ഹാസ്യരസം തുളുമ്പുന്ന സ്കിറ്റുകളും, വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഗ്രാൻഡ് ഡിന്നറും അടക്കം ആഘോഷ രാവിനെ വർണ്ണാഭമാക്കുവാൻ വൈവിദ്ധ്യമായ ക്രമീകരണങ്ങളാണ് സർഗം കമ്മിറ്റി ഒരുക്കിയിരിക്കുന്നത്.
സർഗം സ്റ്റീവനേജ് ക്രിസ്തുമസ് ആഘോഷത്തിൽ പങ്ക് ചേരുവാൻ ആഗ്രഹിക്കുന്നവർ ഈ-മെയിൽ വഴിയോ സെക്രട്ടറിയുമായി നേരിട്ടോ ബന്ധപ്പെടുവാൻ താൽപ്പര്യപ്പെടുന്നു.
[email protected]
ആദിർശ് പീതാംബരൻ-
07429178994
Venue: Barnwell Upper School, Barnwell, SG2 9SW, Stevenage
ഇപ്സ്വിച്ച്: ക്രിസ്തുമസും പുതുവത്സരവും പ്രൗഢ ഗംഭീര ആഘോഷമാക്കി ഇപ്സ്വിച്ചിലെ മലയാളികൾ. ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ മലയാളി കൂട്ടായ്മ്മകളിൽ ഒന്നായ ഇപ്സ്വിച് കേരളാ കൾച്ചറൽ അസോസിയേഷന്റെ (കെസിഎ) നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് മലയാളികളാണ് പങ്കെടുത്തത്. കെസിഎയുടെ രക്ഷാധികാരി ഡോ. അനൂപ് ഉദ്ഘാടനം ചെയ്ത തിരുപ്പിറവി-നവവത്സര ആഘോഷത്തിൽ ഫാ. ടോമി മണവാളൻ ക്രിസ്മസ് സന്ദേശം നൽകി.
ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ അണിനിരന്ന കലാസന്ധ്യ വേദിയിൽ ആവേശത്തിരയിളക്കിയ ദൃശ്യ-ശ്രവണ വിരുന്നാണ് സമ്മാനിച്ചത്. വിവിധ മ്യൂസിക് വേദികളിലൂടെ യുകെ മലയാളികൾക്കിടയിൽ ശ്രദ്ധേയനായ അഭിജിത് യോഗിയുടെ സംഗീത വിരുന്ന് ആഘോഷത്തിന് ഇരട്ടി മധുരമാണ് പകർന്നത്. അഭിജിത്തിനൊപ്പം പ്രശസ്ത ഗായിക രേഷ്മയും കൂടി ചേർന്നപ്പോൾ ആഘോഷരാവ് സംഗീതസാന്ദ്രമായി.
ക്രിസ്തുമസ് ആഘോഷത്തിൽ ആടിയും പാടിയും സമ്മാനങ്ങളും ആശംസകളുമായി സാന്താക്ലോസും, ഇപ്സ്വിച് മലയാളികളുടെ കരോൾ സംഘത്തിന്റെ ഭക്തിസാന്ദ്രമായ കരോൾ ഗാനങ്ങളും, ഒപ്പം താളം പിടിച്ചും നൃത്തം ചെയ്തും സദസ്സും ചേർന്നപ്പോൾ ക്രിസ്തുമസ് ആഘോഷം വർണ്ണാഭമായി. ക്രിസ്തുമസ് ആഘോഷത്തിനിടെ സംഘടിപ്പിച്ച നറുക്കെടുപ്പിലൂടെ വിജയികളായവർക്കുള്ള വിവിധ ഹോം അപ്ലയൻസസും, ട്രാവൽ വൗച്ചറും സമ്മാനമായി നൽകി.
കെസിഎ സംഘടിപ്പിച്ച കേക്ക് ബേക്കിങ് പരിശീലനത്തിൽ തയ്യാറാക്കിയ കേക്ക് മിക്സ് ഉപയോഗിച്ചുണ്ടാക്കിയ കേക്ക് മുറിച്ചായിരുന്നു തിരുപ്പിറവി ആഘോഷത്തിന് നാന്ദി കുറിച്ചത്. കേക്ക് മുറിച്ചു മധുരം വിളമ്പിക്കൊണ്ട് തങ്ങളുടെ സ്നേഹ സൗഹൃദം ഊട്ടിയുറപ്പിക്കുന്ന വേദികൂടിയാവുകയായിരുന്നു ആഘോഷം.
കെസിഎ ഒരുക്കിയ ഫൈവ് കോഴ്സ് ക്രിസ്തുമസ് ഡിന്നർ ആഘോഷരാവിലെ ഹൈലൈറ്റായി. മാസ്മരികത നിറഞ്ഞ കലാസന്ധ്യയും, ഭക്തിസാന്ദ്രമായ ക്രിസ്തുമസ് കരോളും, സംഗീത വിരുന്നും, വിഭവ സമൃദ്ധമായ ഗ്രാൻഡ് ഡിന്നറും, ഡിസ്‌ക്കോയും അടക്കം വേദിയെ കോരിത്തരിപ്പിച്ച ആഘോഷ രാവ് ഇപ്സ്വിച് മലയാളി കൂട്ടായ്‌മ്മയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷത്തെ അവിസ്മരണീയമാക്കി.
കെസിഎ പ്രസിഡൻ്റ് ജോബി ജേക്കബ്, വൈസ് പ്രസിഡൻ്റ് സിജോ, സെക്രട്ടറി ജുനോ ജോൺ, ജോയിൻ്റ് സെക്രട്ടറി ബിലു, ട്രഷറർ ടോംജോ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റബറിന് 250 രൂപയെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. റബറിന് 250 രൂപ എന്ന ആവശ്യത്തിൽ നിന്ന് കർഷകർ പിന്നോട്ടില്ലെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. ആവശ്യം നിറവേറ്റിയെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ ഭരണകൂടത്തിന്റെ ഉത്തുംഗ ശൃംഗങ്ങളിൽ ഇരിക്കുന്നവരെ താഴെയിറക്കാനും കർഷകർ തന്നെ മുന്നോട്ടു വരും.
മലയോര കർഷകരോട് മുഖ്യമന്ത്രി പറഞ്ഞ വാഗ്ദാനം പാലിച്ചിട്ടില്ല. അത് പാലിക്കണം. റബറിന് 250 രൂപയെന്ന തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ വാഗ്ദാനം നിറവേറ്റി തരാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും പാംപ്ലാനി പറഞ്ഞു. നവ കേരള സദസ്സ് കണ്ണൂരിൽ വന്നപ്പോൾ മുഖ്യമന്ത്രി എന്നെയും ക്ഷണിച്ചു .ഞാനവിടെ ചെന്നത് കാപ്പിയും ചായയും കുടിക്കാനല്ല . വാഗ്ദാനങ്ങൾ നിറവേറ്റുന്ന സർക്കാരാണ് ഞങ്ങളുടെ സർക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങ് വാഗ്ദാനങ്ങൾ നിറവേറ്റിയെന്ന് അവകാശപ്പെടുമ്പോഴും ഞങ്ങൾ മലയോര കർഷകരോട് പറഞ്ഞൊരു വാക്കുണ്ട്. അതിതുവരെയും പാലിച്ചിട്ടില്ലെന്ന് ഞാൻ മുഖ്യമന്ത്രിയോട് ആ വേദിയിൽ പറഞ്ഞു.
പറഞ്ഞ വാക്ക് പാലിക്കണം. നിങ്ങളുടെ വാക്ക് വിശ്വസിച്ച് വോട്ട് ചെയ്ത ജനതയാണ് നിങ്ങളോട് പറയുന്നത്. പണമില്ലെന്നാണ് സർക്കാർ പറയുന്നത്. കർഷകന്റെ കാര്യം വരുമ്പോൾ മാത്രം പണമില്ലെന്ന വാക്കു കൊണ്ട് സർക്കാർ നമ്മുടെ വായടയ്ക്കാൻ ശ്രമിക്കുന്നു. കർഷകന്റെ കുടിശ്ശിക തീർത്ത ശേഷം മതി അടുത്തമാസം സർക്കാർ ജീവനക്കാരുടെ ശമ്പളം കൊടുക്കാൻ സർക്കാർ മുന്നോട്ടു വരേണ്ടതെന്നും ജോസഫ് പാംപ്ലാനി ഓർമ്മിപ്പിച്ചു.
ജോർജ് മാത്യു
സംഘര്ഷഭരിതമായ ലോകത്തിലെ പ്രതീക്ഷനിർഭരമായ വേളയാണ് ക്രിസ്തുമസ്സ് എന്ന് ഒരിക്കൽ കൂടി ഉൽഘോഷിച്ചുകൊണ്ട് ,എഡിങ്ടൺ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്തുമസ്സ് പുതുവത്സരാഘോഷം വർണ്ണാഭമായി പര്യവസാനിച്ചു.
ബിജു കൊച്ചുതെള്ളിയിലിന്റെ പ്രാർത്ഥന ഗാനത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി.വൈവിധ്യമാർന്ന കല,സാസ്കാരിക പരിപാടികളായ നേറ്റിവിറ്റി (കിഡ്സ് ),മാർഗ്ഗംകളി,സിനിമാറ്റിക് ഡാൻസ് ,ഇ,എം ,എ അംഗങ്ങൾ അവതരിപ്പിച്ച ഗാനമേള,ലേഡീസ് ഡാൻസ്,ഉല്ലാസ് പന്തളത്തിന്റെ നേതൃത്വത്തിൽ നടന്ന കോമഡി ഷോയും,അമൽ അവതരിപ്പിച്ച ഡി .ജെ യും കാണികളുടെ പ്രശംസ പിടിച്ചുപറ്റി.
കമ്മിറ്റി അംഗങ്ങൾ അവതരിപ്പിച്ച കോമഡി സ്കിറ്റ് വേറിട്ട ഒരു അനുഭമായി മാറി .
വർണ്ണശബളമായ ചടങ്ങിൽ EMA പ്രസിഡന്റ് മോനി ഷിജോ അധ്യക്ഷത വഹിച്ചു.മുഖ്യാതിഥി ഫാ.ജോബിൻ കൊല്ലപ്പള്ളിൽ (വാൽസാൽ കാത്തോലിക് പള്ളി )ക്രിസ്തുമസ്സ് സന്ദേശം നൽകി.മുഖ്യഅഥിതിയും,ക്രിസ്തുമസ്സ് സാന്റായും,കമ്മിറ്റി അംഗങ്ങളും ചേർന്ന് നിലവിളക്കിൽ തിരി തെളിയിച്ചു യോഗം ഔപചാരികമായി ഉത്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ജോർജ് മാത്യു സ്വാഗതവും,സെക്രട്ടറി അനിത സേവ്യർ നന്ദിയും രേഖപ്പെടുത്തി.
പുൽക്കൂട് ,ഹൗസ് ഡെക്കറേഷൻ മത്സരത്തിൽ ,ബെന്നി പൗലോ,ബിജു കട്ടച്ചിറ എന്നിവർ യഥാക്രമം ഒന്നും,രണ്ടും സ്ഥാനങ്ങളും, റേച്ചൽ ഡൊമിനിക്,ബെസ്ററ് ക്രീയേറ്റീവിറ്റി അവാർഡും കരസ്ഥമാക്കി.
കരോൾ ഗാന ഏരിയ തിരിച്ചുള്ള മത്സരത്തിൽ,എഡിങ്ടൺ സെൻട്രൽ ,കിങ്‌സ്‌ബെറി ,പെരി കോമൺ എന്നിവർ ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.
യുക്മ കലാമേള വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.എയ്ഞ്ചൽ കുര്യന് പ്രോഹത്സാഹന സമ്മാനം നൽകി.
വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നർ ഒരുക്കിയിരുന്നു.
ഫോക്കസ് ഫിൻഷുർ,ഗൾഫ് മോട്ടോർസ് ,ഡെയിലി ഡിലൈറ്റ് ,ഫൈൻ കെയർ 24/7,ലോ &ലോയേഴ്സ് സോളിസിറ്റേഴ്‌സ് എന്നിവർ ആഘോഷ പരിപാടിയുടെ സ്പൊൺസേഴ്സ് ആയിരുന്നു.
ഒരു പുതിയ വർഷത്തിലേക്ക് ചുവട് വയ്ക്കുബോൾ,ഇ.എം.എ അംഗങ്ങൾ തമ്മിലുള്ള ഒത്തൊരുമ മികവുറ്റതായി മാറുന്നുവെന്ന് വിജയകരമായ ആഘോഷങ്ങൾ തെളിയിച്ചു.
ആഘോഷ പരിപാടികൾക്ക് കമ്മിറ്റി ട്രഷർ ജെയ്സൺ തോമസ്,ജോയിന്റ് ട്രഷർ ജെൻസ് ജോർജ്,ജോയിന്റ് സെക്രെട്ടറി ഡിജോ ജോൺ,കൾച്ചറൽ കോഓർഡിനേറ്റർ കാർത്തിക ശ്രീനിവാസൻ,ഏരിയ കോഓർഡിനേറ്റർ മാരായ കുഞ്ഞുമോൻ ജോർജ് ,മേരി ജോയി,അശോകൻ മണ്ണിൽ എന്നിവർ നേതൃത്വം നൽകി.
ക്രിസ്മസ്-ന്യൂഇയര്‍ രാവ് ആഘോഷപൂര്‍വ്വം കൊണ്ടാടി ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്‍. ആഘോഷങ്ങളെ പുതിയ തലത്തിലേക്ക് എത്തിച്ച് കൊണ്ടാണ് പങ്കെടുത്ത എല്ലാവരെയും ഒരുപോലെ, പ്രായഭേദമെന്യേ ആസ്വദിക്കാവുന്ന അവസരമാക്കി ആഘോഷങ്ങള്‍ മാറ്റിയത്. മുപ്പതോളം കുട്ടികള്‍ പങ്കെടുത്ത നേറ്റിവിറ്റി പ്രോഗ്രാമുകളോടെയാണ് പരിപാടിക്ക് തുടക്കമായത്.
ജിഎംഎ ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങള്‍ പ്രസിഡന്റ് അനില്‍ തോമസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടിറി ബിസ്‌പോള്‍ മണവാളന്‍ സ്വാഗത പ്രസംഗവും, ട്രഷറര്‍ അരുണ്‍കുമാര്‍ പിള്ള നന്ദിയും അറിയിച്ചു. ഇതിന് ശേഷമായിരുന്നു ആഘോഷങ്ങളുടെ നിര വേദിയിലേക്ക് ഒഴുകിയെത്തിയത്.
ജിഎംഎ വേദിയെ ഭക്തിസാന്ദ്രമാക്കി നടത്തിയ കരോള്‍ ആലാപനമായിരുന്നു ആദ്യമെത്തിയത്. മികവേറിയ രണ്ട് ടീമുകള്‍ മത്സരങ്ങള്‍ ഒഴിവാക്കി ഹൃദ്യമായ രീതിയില്‍ കരോള്‍ ആലപിച്ച് സദസ്സിന്റെ ഹൃദയം കീഴടക്കി. ഇതിന് ശേഷമായിരുന്നു ഡ്രംസ് വായിച്ചും, കുട്ടികളുടെ അകമ്പടിയുമായി ക്രിസ്മസ് സാന്റ രംഗപ്രവേശം ചെയ്ത് ആവേശം ഇരട്ടിയാക്കിയത്.
വേദിയിലെത്തിയ സാന്റ കേക്ക് മുറിച്ച് ക്രിസ്മസ് മധുരം പങ്കുവെച്ചു. പിന്നാലെ ജിഎംഎ അംഗങ്ങള്‍ കോര്‍ത്തിണക്കിയ വൈവിധ്യമാര്‍ന്ന നൃത്ത, സംഗീത പരിപാടികള്‍ അരങ്ങേറി. കൃത്യതയോടെ തയ്യാറാക്കിയ നൃത്തച്ചുവടുകള്‍ സദസ്സിനെ ഒന്നടങ്കം ആഹ്ളാദിപ്പിച്ചു. ജിഎംഎയുടെ കുട്ടികള്‍ നടത്തിയ വിശാലമായ തയ്യാറെടുപ്പ് വേദിയില്‍ പ്രതിഫലിക്കുകയും ചെയ്തു.
ചടങ്ങില്‍ വെച്ച് ജിഎംഎ ലക്കി ബംബര്‍ റാഫിള്‍ ഡ്രോയിലെ ജേതാവ് മാത്യൂ ഇടിക്കുളയ്ക്ക് ജെകെവി ഓഫര്‍ ചെയ്യുന്ന 1 എയര്‍കണ്ടീഷണറും സമ്മാനിച്ചു. ഇന്‍സ്റ്റലേഷന്‍ ഉള്‍പ്പെടെ സൗജന്യമായാണ് സമ്മാനം എത്തിക്കുക. ഇക്കുറി ജിഎംഎ ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങളിലെ മറ്റൊരു പ്രധാന ആകര്‍ഷണമായിരുന്നു സ്‌പെഷ്യല്‍ വയലിന്‍ പ്രോഗ്രാമും, ഡിജെയും. അസീര്‍ മുഹമ്മദാണ് സദസ്സിനെ ഇളക്കിമറിച്ച ഈ സംഗീത നിമിഷങ്ങള്‍ നയിച്ചത്.
ഇതിന് പുറമെ ജിഎംഎയുടെ നേതൃത്വത്തില്‍ മറ്റൊരു ഗംഭീര പരിപാടിക്കുള്ള ഒരുക്കങ്ങള്‍ക്കും തുടക്കം കുറിച്ചു. 2024 ഏപ്രില്‍ 20ന് ഈസ്റ്റര്‍-വിഷു മെഗാ ഷോ നടത്തുമെന്ന് ഭാരവാഹികള്‍ പ്രഖ്യാപിച്ചു. 500-ലേറെ പേരാണ് ജിഎംഎ ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷരാവില്‍ പങ്കെടുക്കാനായി ഒഴുകിയെത്തിയത്. വൈകുന്നേരം 4.30 ആരംഭിച്ച പരിപാടികള്‍ക്ക് രാത്രി 11 മണിയോടെ സമാപനമായി. ജിഎംഎ അംഗങ്ങളുടെ നേതൃത്വത്തില്‍ ഒരുക്കിയ രുചിയേറിയ ഭക്ഷ്യവിഭവങ്ങളും ആസ്വാദ്യകരമായി.
ഒരു പുതിയ വര്‍ഷത്തിലേക്ക് ചുവടുവെയ്ക്കുമ്പോള്‍ ഗോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷനിലെ അംഗങ്ങള്‍ തമ്മിലുള്ള ഒത്തൊരുമ കൂടുതല്‍ മികവുറ്റതായി മാറുന്നുവെന്ന് വിജയകരമായ ആഘോഷങ്ങള്‍ തെളിവാകുന്നു.