സ്വന്തം ലേഖകൻ
അസോസിയേഷനുകളുടെ കൂട്ടായ്മ ഒരുക്കുന്നതിൽ ചരിത്രം കുറിച്ച് യോർക്ക് ഷയർ ആൻഡ് ഹംബറിലെ ഇന്ത്യൻ കമ്യൂണിറ്റി. ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയർ സംഘടിപ്പിച്ച ടെപ്സികോർ 2024 ആണ് അസോസിയേഷനുകളുടെ ഒത്തൊരുമയുടെ വേദിയായത്. നവംബർ 30 ന് ന്യൂലൈഫ് ചർച്ച് ഹാളിലാണ് അവാർഡ് നൈറ്റും ഫെസ്റ്റിവൽ ഓഫ് ടാലൻറ്സും ഒരുക്കപ്പെട്ടത്. ഇന്ത്യൻ കൾച്ചറൽ അസോസിയേഷനും ഈസ്റ്റ് യോർക്ക് ഷയർ കൾച്ചറൽ ഓർഗനൈസേഷനും ഹൾ ഇന്ത്യൻ മലയാളി അസോസിയേഷനും യോർക്ക് ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ളബ്ബും സംയുക്തമായി ഒരുക്കിയ ഇവൻറ് ജനപങ്കാളിത്തം കൊണ്ടും ഓർഗനൈസിംഗ് മികവിലും ശ്രദ്ധേയമായി.

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള ഐസിഎഎൻഎൽ എക്സലൻസ് അവാർഡുകൾ ഇവൻറിൽ സമ്മാനിച്ചു. വിജോ മാത്യു ഹൾ ( ദി എക്സലൻസ് ഇൻ കമ്യൂണിറ്റി ലീഡർഷിപ്പ്), ജെന്നി ജോൺ ഹൾ ( ദി ഇൻസ്പിരേഷണൽ യൂത്ത് അവാർഡ്), ഡോ. മിറിയം ഐസക് യോർക്ക് ( ദി എക്സലൻസ് ഇൻ ഹെൽത്ത് കെയർ), മിജോസ് സേവ്യർ വിഗൻ ( ദി എക്സലൻസ് ഇൻ അക്കൗണ്ടിംഗ്), പ്രവീൺ രാമൻകുട്ടി റെറ്റ്ഫോർഡ് ( ദി ബിസിനസ് ബ്രില്യൻസ് അവാർഡ്), ജേക്കബ് കളപ്പുരയ്ക്കൽ പീറ്റർ ലീഡ്സ് ( കണക്ടിംഗ് കമ്യൂണിറ്റീസ് അവാർഡ്) എന്നിവർ പ്രൗഡഗംഭീരമായ ചടങ്ങിൽ വിശിഷ്ട വ്യക്തികളും അസോസിയേഷൻ മെമ്പേഴ്സും അടങ്ങിയ സദസിനെ സാക്ഷിയാക്കി ലോക കേരള സഭാ മെമ്പർ ഡോ. ജോജി കുര്യാക്കോസിൽ നിന്നും അവാർഡുകൾ ഏറ്റുവാങ്ങി. യുക്മ നാഷണൽ കലാ കലാമേളയിൽ നാട്യമയൂരം നേടിയ ഇവാ മരിയ കുരിയാക്കോസ് (ഹൾ), റീജിയണൽ കലാമേള സബ് ജൂണിയർ ചാമ്പ്യൻ ഫ്രേയ ബോസ് (ഹൾ), റീജിയണൽ കലാമേള ഭാഷാ കേസരി റിജിൽ റോസ് റിജോ ( ഗ്രിംസ്ബി) എന്നിവരും പുരസ്കാരങ്ങൾക്ക് അർഹരായി.

ടെപ് സികോർ 2024 ൽ ഒരുക്കിയ നാലു മണിക്കൂർ നീണ്ട കലാസന്ധ്യ കാണികളുടെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി. സ്കൻതോർപ്പ്, ഹൾ, യോർക്ക്, ലീഡ്സ്, ഹാരോഗേറ്റ്, ഗ്രിംസ്ബി, ഗെയിൻസ്ബറോ എന്നീ സ്ഥലങ്ങളിൽ നിന്നുള്ള കലാപ്രകടനങ്ങൾ സ്റ്റേജിൽ അവതരിപ്പിക്കപ്പെട്ടു. ക്ളാസിക്കൽ ഡാൻസുകൾക്ക് പ്രാമുഖ്യം നല്കിയ പ്രകടനങ്ങൾ ഇവൻ്റിൻ്റെ സവിശേഷതയായി. നയന മനോഹരവും ചടുലവുമായ ചുവടുകളോടെയുള്ള സിനിമാറ്റിക് ഡാൻസുകളും സംഗീതവും ഇവൻറിനു മാറ്റു കൂട്ടി. ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിൻ്റെ രണ്ടാമത് അവാർഡ് നൈറ്റാണ് സ്കൻതോർപ്പിൽ നടന്നത്. 20 ഇനങ്ങളിലായി 60 ലധികം കലാകാരന്മാരും കലാകാരികളും സ്റ്റേജിലെത്തിയത് അവിസ്മരണീയമായ അനുഭവമാണ് കാണികൾക്ക് സമ്മാനിച്ചത്.

ഈസ്റ്റ് യോർക്ക് ഷയർ കൾച്ചറൽ ഓർഗനൈസേഷനെ പ്രതിനിധീകരിച്ച് ബോർഡ് മെമ്പർ ഡോ. ദീപ ജേക്കബ് സദസിനെ അഭിസംബോധന ചെയ്തു. കമ്യൂണിറ്റിയിലെ കുടുംബങ്ങൾക്ക് തികച്ചും പ്രയോജനകരമാവുന്ന രീതിയിൽ അസോസിയേഷനുകൾ നടത്തുന്ന പ്രവർത്തനങ്ങളുടെ പ്രധാന്യം എടുത്ത പറഞ്ഞ ഡോ. ദീപ, പ്രത്യേകിച്ച് കുട്ടികളുടെ വ്യക്തിത്വ വികസനത്തിലും ആത്മവിശ്വാസം വളർത്തുന്നതിലും ഇതിൻ്റെ ആവശ്യകത എന്തെന്ന് വ്യക്തമായി വിശദീകരിച്ചു. ഹൾ ഇന്ത്യൻ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് സെക്രട്ടറി ജോഗേഷ് ജോസഫ് സംസാരിച്ചു. കമ്യൂണിറ്റിയിലെ വിവിധ അസോസിയേഷനുകളെ കോർത്തിണക്കി ഇവൻ്റുകൾ സംഘടിപ്പിക്കുന്ന ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ്റെ സമീപനം തികച്ചും അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഈസ്റ്റ് യോർക്ക് ഷയർ കൾച്ചറൽ ഓർഗനൈസേഷൻ പ്രസിഡൻറ് നീനു ആൽവിൻ യുക്മ കലാമേളയിൽ പങ്കെടുത്ത കുട്ടികൾക്ക് മെഡലുകൾ സമ്മാനിച്ചു.

സോണ ക്ളൈറ്റസ്, ലിയാ ബിനോയി, ഹേസൽ അജേഷ്, ശ്രീലക്ഷ്മി രാകേഷ്, ഡോ. അഞ്ജു ഡാനിയേൽ എന്നിവരടങ്ങുന്ന ടീം ഇവൻറ് കോമ്പയറിംഗ് മനോഹരമാക്കി. ബിൽഹ ഏലിയാസ്, ദിയാ മറിയം ജോർജ്, കാരിൻ ഒലിവ്, അനു മാത്യു, അമേലിയ ഇസബെൽ ആൻറണി, ജൊഹാന്ന സിജോ, ജൊവാക്കിം മുണ്ടയ്ക്കൽ, ലൂസിൻ്റ സെബാസ്റ്റ്യൻ, ഹന്നാ തോപ്പിൽ വർഗീസ്, ജൊവാന കരേടൻ, ഫ്രേയ ബോസ്, റിജിൽ റോസ് റിജോ, അമിത് വിശ്വനാഥ്, ഡോ. മിറിയം ഐസക് എന്നിവർ മനോഹരമായ നൃത്തവും ഗാനങ്ങളും സ്റ്റേജിൽ എത്തിച്ചു.

ഹള്ളിൽ നിന്നും എത്തിയ ബോബി തോമസ്, മഞ്ജുള വൈകുന്ത്, ഗീതാഞ്ജലി ഡേ എന്നിവരുടെ ടീം മനോഹരമായ ഭരതനാട്യം അവതരിപ്പിച്ചു. ജൊഹാന സിജോ, ഫ്രേയ ബോസ്, തിയാ വിൻസൻ്റ്, നൈനാ കുമാർ, ജിയാ മരിയ ജെയിംസ്, ഈഥൻ ദീപു, റയൻ ചക്കരായൻ എന്നിവർ അടങ്ങിയ ഹൾ സബ് ജൂണിയേഴ്സ് മനോഹരമായ സിനിമാറ്റിക് ഡാൻസ് സ്റ്റേജിലെത്തിച്ചു. യുക്മ നാഷണൽ കലാമേളയിൽ ഒന്നാം സ്ഥാനം നേടിയ സബ് ജൂണിയർ ക്ളാസിക്കൽ ഡാൻസേഴ്സായ ഗബ്രിയേല ബിനോയി, തിയാ വിൻസൻ്റ്, ജിയാ മരിയ ജെയിംസ് അടങ്ങുന്ന ടീമിൻ്റെ നൃത്തം അവിസ്മരണീയമായിരുന്നു.

ഹൾ കിഡ്സ് സിനിമാറ്റിക് ഗ്രൂപ്പ് ഡാൻസിൽ അഡോറ ആൻറണി, ഇനാരാ സൂസൻ ആൽവിൻ, ഇസബെൽ റോസ് ബേസിൽ, നിസര നൈസ്, ജിസ് മരിയ ജെയിംസ്, ആൻഡ്രിയ വിജോ മാത്യു എന്നിവർ പങ്കെടുത്തു. കിഡ്സ് ഫാഷൻഷോയിൽ സ്കൻതോർപ്പിൽ നിന്നും ആൽഡ്രിൻ സാൻ്റി ലിബിൻ, ജുവാനാ മേരി ജിമ്മി, ദേവാൻഷ് ദിൽ, ദക്ഷിൺ ദിൽ, ആരവ് ഉമേഷ്, ആദിത്യ ഉമേഷ്, അവന്തി മനോജ്, ഹാദിയ ദിനേഷ് കുമാർ, കെസിയ ലോറാ ബിജോ, ലൂവിസ് ബിജോ, ജൊവാന്ന ഗ്രേസ് മാത്യൂ, സൂസൻ റോസ് മാത്യു എന്നീ കുട്ടികൾ ചുവടുകൾ വച്ചു. കലാഭവൻ നൈസിൻ്റെ ശിക്ഷണത്തിൽ കരോൾ ചിൻസ് ബ്ളെസൻ, ദേവസൂര്യ സജീഷ്, ഗബ്രിയേല ബിനോയി, ലിയാൻ ബ്ളെസൻ, ഇവാനാ ബിനു വർഗീസ്, ഇവാ അജേഷ്, ഇഷാൻ സുരാജ്, അഡ്വിക് മനോജ്, ഇവാനിയ എൽസ ജോർജ്, ജെസാ മേരി ജിമ്മി, ജിയാ മേരി ജിമ്മി, സിയോണ എൽസ പ്രിൻസ് എന്നിവരടങ്ങിയ ഐസിഎഎൻഎൽ റിഥമിക് കിഡ്സ് ഡാൻസ് ടീം തകർപ്പൻ പ്രകടനം കാഴ്ചവച്ചു.

ജിഎംപി ഫാർമസ്യൂട്ടിക്കൽസ് ഹൾ, ലാഭം ജനറൽ സ്റ്റോഴ്സ്, ലോയൽറ്റി മോർട്ട്ഗേജ് ആൻഡ് ഇൻഷുറൻസ് എന്നീ സ്ഥാപനങ്ങൾ ടെപ് സികോർ 2024 ൻ്റെ മുഖ്യ സ്പോൺസർമാർ ആയിരുന്നു. നോർത്ത് ലിങ്കൺ ഷയറിലെ ഇന്ത്യൻ കമ്യൂണിറ്റിയ്ക്ക് ഒത്തുചേരാനുള്ള മികച്ച നിലവാരമുള്ള വേദിയായി ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ്റെ ഇവൻ്റുകൾ മാറുന്നതിൽ ടെപ് സികോർ 2024 ൽ പങ്കെടുത്തവർ സന്തോഷം പങ്കുവച്ചു. ഇവൻറിൻ്റെ ഓർഗനൈസിംഗിൽ സഹകരിച്ച യോർക്ക് ഷയർ കൾച്ചറൽ ഓർഗനൈസേഷനും ഹൾ ഇന്ത്യൻ മലയാളി അസോസിയേഷനും യോർക്ക് ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ളബിനും ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിൻ്റെ സെക്രട്ടറി ബിനോയി ജോസഫ് നന്ദി പ്രകാശിപ്പിച്ചു.

നേഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ പുതിയ പരാതി നൽകി കുടുംബം. ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ സൈക്യാട്രി വിഭാഗം അദ്ധ്യാപകൻ സജിക്കെതിരെയാണ് അമ്മുവിന്റെ അച്ഛൻ സജീവ് പരാതി നൽകിയത്. ലോഗ് ബുക്ക് കാണാതായെന്ന് പറഞ്ഞ് അമ്മുവിനെ അദ്ധ്യാപകൻ സജിയും കേസിൽ പ്രതികളായ വിദ്യാർത്ഥികളും ചേർന്ന് മാനസികമായി പീഡിപ്പിച്ചെന്നാണ് അച്ഛൻ സജീവ് ആരോപിക്കുന്നത്.
പ്രതികളായ വിദ്യാർത്ഥിനികളെ ഒരു വശത്തും അമ്മുവിനെ മറ്റൊരു വശത്തും നിർത്തിക്കൊണ്ട് കൗൺസിലിംഗ് എന്ന പേരിൽ കുറ്റവിചാരണ നടത്തുകയായിരുന്നു. രണ്ട് മണിക്കൂറിൽ കൂടുതലാണ് അദ്ധ്യാപകൻ അമ്മുവിനെ കുറ്റ വിചാരണ ചെയ്തത്. ഇതിന് ശേഷമാണ് അമ്മു ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചതെന്നും സജീവ് പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും സജീവ് പറഞ്ഞു. പ്രിൻസിപ്പൽ ഒരിക്കൽ പറയുന്ന കാര്യമല്ല, പിന്നീട് പറയുന്നതെന്നും അച്ഛൻ സജീവ് ആരോപിച്ചു.
ചുട്ടിപ്പാറ എസ്എംഇ നഴ്സിംഗ് കോളജിലെ ബിഎസ്സി നഴ്സിംഗ് അവസാന വർഷ വിദ്യാർത്ഥിനി തിരുവനന്തപുരം സ്വദേശി അമ്മു എ സജീവ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിക്കാൻ കാരണം മാനസിക പീഡനമെന്ന് സൂചന നേരത്തെ പുറത്തുവന്നിരുന്നു. രാത്രി ഏഴിനാണ് വെട്ടിപ്രത്തുള്ള സ്വകാര്യ ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്നു വീണ നിലയിൽ അമ്മു സജീവിനെ സഹപാഠികൾ കണ്ടെത്തുന്നത്. ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ പത്തനംതിട്ട പൊലീസ് പ്രാഥമികാന്വേഷണം നടത്തി.
സഹപാഠികളിൽ ചിലർ അമ്മുവിനെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പിതാവ് സജീവ് നേരത്തേ നഴ്സിംഗ് കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നതായി പത്തനംതിട്ട പൊലീസ് പറഞ്ഞിരുന്നു. അമ്മുവിന്റെ ജീവന് ഭീഷണിയുണ്ടെന്ന് പരാതിയിൽ പറഞ്ഞിരുന്നു. പിതാവ് സജീവ് കോളേജിലെത്തിയാണ് പരാതി നൽകിയത്. എന്നാൽ, കോളേജ് അധികൃതർ പരാതി ഗൗരവത്തിലെടുത്തില്ലെന്ന് ആക്ഷേപമുണ്ട്.
മൈഗ്രേൻ പോലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അമ്മുവിനെ അലട്ടിയിരുന്നു. കോളേജിൽ നിന്ന് സ്റ്റഡിടൂറിന് പോകാൻ താൽപ്പര്യം പ്രകടിപ്പിക്കാതിരുന്ന അമ്മുവിനെ ടൂർ കോഓർഡിനേറ്ററാക്കി. പ്രഖ്യാപനം വരുമ്പോഴാണ് അമ്മു ഇക്കാര്യം അറിഞ്ഞതെന്നും പിതാവിന്റെ പരാതിയിലുണ്ടായിരുന്നു. ഹോസ്റ്റലിലെ അമ്മുവിന്റെ മുറിയിൽ പൊലീസ് പരിശോധന നടത്തി. ഡയറിയുടെ താളിൽ ‘ഐ ക്വിറ്റ്’ (ഞാൻ പോകുന്നു) എന്നൊരു വാചകം എഴുതിയിട്ടുണ്ട്. മൊബൈൽ ഫോണും കണ്ടെടുത്തു. പത്തനംതിട്ട ഡിവൈ.എസ്.പി എസ്.നന്ദകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
സംവിധായകൻ രഞ്ജിത്തിന് എതിരായ ലെെംഗിക പീഡനക്കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്തു. കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പരാതിയിലാണ് നടപടി. രഞ്ജിത്ത് നൽകിയ ഹർജിയിലാണ് കർണാടക ഹെെക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചാണ് സ്റ്റേ നൽകിയത്. സംവിധായകൻ രഞ്ജിത്ത് പീഡനത്തിനിരയാക്കിയെന്നാണ് യുവാവിന്റെ പരാതിയിൽ പറയുന്നത്. യുവാവിന്റെ പരാതിയിൽ കോഴിക്കോട് കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. ബംഗളൂരുവിൽ വച്ച് നടന്ന സംഭവം ആയതിനാൽ തുടർനടപടി അവിടേക്ക് മാറ്റുകയായിരുന്നു.
അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയ തനിക്ക് രഞ്ജിത്ത് ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നുവെന്നും അതില്‍ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്. ബെംഗളൂരു താജ് ഹോട്ടലില്‍ രണ്ട് ദിവസത്തിന് ശേഷം എത്താന്‍ ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലില്‍ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താന്‍ സംവിധായകന്‍ നിര്‍ദ്ദേശിച്ചു, മുറിയിലെത്തിയപ്പോള്‍ മദ്യം നല്‍കി കുടിക്കാന്‍ നിര്‍ബന്ധിച്ചു, പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവ് ആരോപിച്ചത്.
ന്യൂസ് ഡെസ്ക്. മലയാളം യുകെ
വ്രതശുദ്ധിയുടെ പുണ്യദിനങ്ങളാൽ അനുഗ്രഹിക്കപ്പെട്ട ഒരു മണ്ഡലകാലം കൂടി ആഗതമായിരിക്കുകയാണ്. കീത്ത്‌ലി മലയാളി ഹിന്ദു സമാജത്തിന്റ അയ്യപ്പ വിളക്ക് മഹോത്സവം 2025 ജനുവരി 2നു ഫെൽ ലൈൻ സ്കൗട്ട് ഹട്ടിൽ വച്ചു ആഘോഷിക്കുവാൻ ഒരുങ്ങുകയാണ്.
മനസിൽ അയ്യപ്പ ചൈതന്യം നിറയ്ക്കാനും അയ്യപ്പ സ്വാമിയുടെ അനുഗ്രഹത്തിന് പാത്രീഭൂതരാകുവാനും ജാതി മത ഭേദമന്യേ ഏവരേയും മഹോത്സവത്തിലേക്ക് സാദരം ക്ഷണിക്കുന്നു.
നിങ്ങൾ ഓരോരുത്തരുടെയും മഹനീയ സാന്നിദ്ധ്യവും സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നതോടൊപ്പം പ്രാർത്ഥനയോടെ ഈ വർഷത്തെ മകരവിളക്ക് മഹോത്സവ പരിപാടികൾ ഭക്തിപുരസരം ഭക്തജനങ്ങളുടെ മുന്നിൽ സമർപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപെടുക.
അരുൺ : 07423135533
അവിനാഷ് : 07553807999
യദു : 07880110082
ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ Terminally Ill Adults (End of Life) ബില്ലിനെ പറ്റിയും, അത് മലയാളി നേഴ്സിംഗ് സമൂഹം എങ്ങനെ നോക്കി കാണുന്നു എന്നതിനെ കുറിച്ചും ലിവർപൂളിലെ മലയാളി സമൂഹം വളരെ വിശദമായി ചർച്ച നടത്തി . ബില്ലിലെ നിയമപരവും സാങ്കേതികകവു൦ ധാർമികവുമായ തലങ്ങളെ കുറിച്ച് വിഷയ൦ അവതരിപ്പിച്ചുകൊണ്ടു സംസാരിച്ച അഡ്വക്കേറ്റ് ഡൊമിനിക് കാർത്തികപ്പള്ളി വളരെ വിശദമായി വിശദീകരിച്ചു . ഈ ബിൽ വ്യക്തി സ്വാതന്ത്ര്യം എന്ന ജനാധിപത്യത്തിന്റെ ഉന്നതമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതിൽ ബ്രിട്ടീഷ് പാർലമെന്റ് കാണിക്കുന്ന ഉത്സാഹം ലോകത്തിനു തന്നെ മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പിന്നീട് സംസാരിച്ച ശ്രീ തമ്പി ജോസ് ഇവിടുത്തെ മലയാളികളായ നേഴ്സിംഗ് സമൂഹം കൊലപാതകത്തിന് കൂട്ടുനിൽക്കേണ്ടിവരും എന്ന ആശങ്കകൾക്ക് ഒരു കാരണവും ഇല്ലെന്നും, ഈ നിയമത്തിൽ നേഴ്സിന് ഒരു റോളും ഇല്ലെന്നു നിയമം വിശദീകരിച്ചുകൊണ്ടു ചൂണ്ടിക്കാട്ടി, തുടർന്ന് സംസാരിച്ച ശ്രീ ബിജു ജോർജ് ഈ ബില്ല് ഈശ്വര വിശ്വാസവുമായി ഒരു വിരുദ്ധതയും ഇല്ലെന്നും, തിരഞ്ഞെടുക്കാനുള്ള അവകാശം മാത്രമാണ് ബില്ലിൽ ഉള്ളെതെന്നും അഭിപ്രായപ്പെട്ടു.

ബില്ലിനെപ്പറ്റി സമഗ്രമായ ചർച്ച 3 മണിക്കൂർ നീണ്ടുനിന്നു പങ്കെടുത്ത എല്ലാവർക്കും ധാരാളം അറിവിന്റെ മണിചെപ്പ് നിറക്കുന്ന പുതിയ നിരവധി വിവരങ്ങളാണ് ലഭിച്ചത് .. സ്വയം മരിക്കാനുള്ള അവകാശം തീരാ വേദനയിൽ കഴിയുന്നവർക്ക് അനുവദിക്കുന്ന ബില്ല് ആവശ്യം തന്നെയാണ് എന്നായിരുന്നു ബഹു ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. പ്രായമായവർ വീട്ടിൽ ഒരു ബാധ്യതയായി വരുമ്പോൾ അവരെ സ്വയം മരിക്കാൻ ഭയപ്പെടുത്തി സമ്മതിപ്പിക്കുമോ എന്ന് പലരും ചർച്ചയിൽ സംശയം ഉന്നയിച്ചു . അത്തരം വിഷയങ്ങൾ പരിഹരിക്കാൻ കഴിയുന്ന പഴുതകൾ അടച്ചുള്ള നിയമമായിരിക്കും നടപ്പിലാക്കുക എന്ന് ശ്രീ റോയ് മാത്യു അഭിപ്രായപ്പെട്ടു.

മത സംഘടനകൾ ഈ ബില്ലിനെതിരെ പ്രചരണം നടത്തിയിരുന്നത് ദൈവമാണ് ജീവൻ നൽകുന്നത് അതുകൊണ്ടു ദൈവത്തിനു മാത്രമാണ് ജീവൻ എടുക്കാൻ അവകാശമുള്ളൂ എന്ന വിശ്വാസത്തിൽ നിന്നാണ് അത് കാലഹരണപ്പെട്ട കാഴ്ചപ്പാടാണ് എന്നാണ് ചർച്ചയിൽ ഉയർന്നുവന്നത് . പങ്കെടുത്ത 13 പേർ ബില്ലിനെ അനുകൂലിക്കുകയും 3 പേർ എതിർക്കുകയും ചെയ്തു . ശ്രീ എൽദോസ് സണ്ണി സംവാദത്തിന്റെ അധ്യക്ഷനായിരുന്നു. ശ്രീ ജോയി അഗസ്തി സ്വാഗതം ആശ്വംസിച്ചു. ശ്രീ ടോം ജോസ് തടിയംപാട് പരിപാടിക്കു നന്ദി പ്രകാശിപ്പിച്ചു .

എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരിക്കെ, അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നെന്ന ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തുവന്നു. നവീനിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്നാണ് കുടുംബം വിശ്വസിക്കുന്നത്. ഇൻക്വസ്റ്റ് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
ഒക്ടോബർ 15ന് രാവിലെ കണ്ണൂർ ടൗൺ പൊലീസ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് സംഭവത്തിൽ വഴിത്തിരിവാകാവുന്ന പരാമർശം. എന്നാൽ എഫ്.ഐ.ആറിലും ഹൈക്കോടതിയിൽ ഹാജരാക്കിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ഇക്കാര്യമില്ല. ചാരനിറത്തിലുള്ള അടിവസ്ത്രമാണ് നവീൻ ധരിച്ചിരുന്നത്. തുടകൾ, കണങ്കാലുകൾ, പാദങ്ങൾ എന്നിവ സാധാരണനിലയിലാണെന്നും റിപ്പോർട്ടിലുണ്ട്. ഇൻക്വസ്റ്റ് നടക്കുമ്പോൾ ബന്ധുക്കൾ സ്ഥലത്തില്ലാത്തതിനാൽ മൊഴി രേഖപ്പെടുത്തിയില്ല. രാവിലെ 10.15ന് തുടങ്ങി 11.45നാണ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയത്.
പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട ബന്ധുക്കൾ കണ്ണൂർ പൊലീസ് ഡെപ്യൂട്ടി കമ്മിഷണറെ വിളിച്ചപ്പോഴാണ് ഇൻക്വസ്റ്റ് കഴിഞ്ഞവിവരം അറിയുന്നത്. മൃതദേഹ പരിശോധന പരിയാരം മെഡിക്കൽ കോളേജിൽ നടത്തുന്നതിൽ വിയോജിപ്പുണ്ടെന്നും കോഴിക്കോട്ടേക്ക് മാറ്റണമെന്നും ബന്ധുക്കൾ കമ്മിഷണറോട് ആവശ്യപ്പെട്ടു. കളക്ടർ അരുണിനെ വിളിച്ചപ്പോൾ ഒന്നും പേടിക്കാനില്ലെന്നും പൊലീസ് സർജ്ജനാണ് നേതൃത്വം നൽകുന്നതെന്നുമാണ് ബന്ധുക്കളോട് പറഞ്ഞത്.
രക്തസാന്നിദ്ധ്യം എഫ്.ഐ.ആറിലോ പോസ്റ്റുമോർട്ടം റിപ്പോർട്ടിലോ പരാമർശിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് നവീൻ ബാബുവിന്റെ ബന്ധുക്കൾ പറഞ്ഞു. ഇൻക്വസ്റ്റ് റിപ്പോർട്ട് സർജ്ജന് പൊലീസ് നൽകിയില്ലെന്ന സംശയമുണ്ട്. ആന്തരികാവയവങ്ങൾക്ക് പരിക്കില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുമ്പോൾ പിന്നെങ്ങനെ അടിവസ്ത്രത്തിൽ രക്തക്കറ വരും. പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഇൻക്വസ്റ്റ് റിപ്പോർട്ട് വായിച്ചു നോക്കിയില്ലേ. രക്തസ്രാവം ഉണ്ടായിട്ടുണ്ട്. അതിനർത്ഥം ഒരു മുറിവ് ശരീരത്തിൽ എവിടെയോ ഉണ്ടായിട്ടുണ്ടെന്നാണെന്നും ബന്ധുക്കൾ പറഞ്ഞു. അതേസമയം, തൂങ്ങിമരണം തന്നെയാണെന്നും രക്തംവരുന്നത് സ്വാഭാവികമാണെന്നുമാണ് പൊലീസ് വാദം.
വെറും 0.5 സെന്റിമീറ്റർ വ്യാസമുള്ള പ്ലാസ്റ്റിക് കയർ കഴുത്തിൽ കെട്ടിയാണ് അത്മഹത്യയെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടോ എന്നും റിപ്പോർട്ടിൽ സൂചനയില്ല. അതേസമയം, നവീൻ ബാബുവിന്റെ ശരീരത്തിൽ പരിക്കുകളില്ലെന്ന് പറയുന്നു. തലയോട്ടിക്കോ വാരിയെല്ലുകൾക്കോ ക്ഷതമില്ല. ഇടത് ശ്വാസകോശത്തിന്റെ മുകൾഭാഗം നെഞ്ചിന്റെ ഭിത്തയോട് ചേർന്ന നിലയിലാണ്. പേശികൾ, പ്രധാന രക്തക്കുഴലുകൾ, തരുണാസ്ഥി, കശേരുക്കൾ, സുഷുമ്നാ നാഡി എന്നിവയ്ക്കും പരിക്കില്ല. നാവ് കടിച്ചിരുന്നു. ശരീരം അഴുകിയതിന്റെ ലക്ഷണങ്ങളില്ല.
അധികാരം നഷ്ടപ്പെട്ട് സിറിയ വിട്ട ബാഷര്‍ അല്‍ അസദും കുടുംബവും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ എത്തിയതായി റിപ്പോര്‍ട്ട്. അസദിനും കുടുംബത്തിനും മോസ്‌കോ അഭയം നല്‍കിയതായി റഷ്യന്‍ സ്‌റ്റേറ്റ് മീഡിയയാണ് റിപ്പോര്‍ട്ട് ചെയ്തത്. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസ് വിമത സംഘമായ ഹയാത്ത് തഹ്‌രീര്‍ അല്‍ ഷാം (എച്ച്.ടി.എസ്.) പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അസദ് രാജ്യംവിട്ടത്.
മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് റഷ്യ അഭയം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിറിയയുടെ നിയന്ത്രണം പൂര്‍ണതോതില്‍ വിമതരുടെ കൈയിലാവുന്നതിന് മുന്‍പ് അസദ് ഐ.എല്‍.-76 എയര്‍ക്രാഫ്റ്റില്‍ രക്ഷപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 3,650 മീറ്ററിലധികം ഉയരത്തില്‍ സഞ്ചരിച്ച വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായിരുന്നു.
തുടക്കത്തില്‍ അസദിന്റെ ശക്തികേന്ദ്രമായ സിറിയയുടെ തീരപ്രദേശത്തേക്കാണ് വിമാനം പറന്നിരുന്നത്. എന്നാല്‍ പെട്ടെന്ന് ഒരു യുടേണ്‍ എടുത്ത് എതിര്‍ദിശയിലേക്ക് പറന്നു. ഇതിനിടെ റഡാറില്‍നിന്ന് വിമാനം അപ്രത്യക്ഷമാവുകയും ചെയ്തു. വിമാനത്തിന്റെ പെട്ടെന്നുള്ള തിരിച്ചിലും റഡാറില്‍നിന്നുള്ള അപ്രത്യക്ഷമാവലും വെടിവെച്ചിട്ടതാവാമെന്ന വിലയിരുത്തലിലേക്കും നയിച്ചിരുന്നു.
നവംബര്‍ 27-നാണ് സിറിയയില്‍ സര്‍ക്കാര്‍ വിരുദ്ധ ആക്രമണം തുടങ്ങിയത്. 11 ദിവസം പിന്നിടുമ്പോഴാണ് അസദ് രാജ്യംവിടുന്നത്. അസദിനെ അട്ടിമറിച്ചെന്ന് ഞായറാഴ്ച ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെയാണ് വിമതര്‍ അറിയിച്ചത്. അസദ് കുടുംബം നേതൃത്വം നല്‍കുന്ന ബാത്ത് പാര്‍ട്ടിയാണ് അര നൂറ്റാണ്ടിലധികമായി സിറിയ ഭരിക്കുന്നത്.
മുനമ്പം വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അഭിപ്രായത്തെ തളളി മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും വി.ഡി സതീശന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും കെ.എം ഷാജി പറഞ്ഞു.
പെരുവള്ളൂര്‍ പഞ്ചായത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് കെ.എം ഷാജി തന്റെ നിലപാട് തുറന്ന് പറഞ്ഞത്.
മുനമ്പം വിഷയം വലിയ പ്രശ്‌നമാണ്. നിങ്ങള്‍ വിചാരിക്കുന്ന പോലെ നിസ്സാരമല്ല. പ്രതിപക്ഷ നേതാവ് പറഞ്ഞു, അത് വഖഫ് ഭൂമിയല്ലെന്ന്. മുസ്ലീം ലീഗിന് അങ്ങനെ ഒരു അഭിപ്രായം ഇല്ല. അത് വഖഫ് ഭൂമിയല്ലെന്ന് പറനായാകില്ല. ഫാറൂഖ് കോളേജിന്റെ അധികൃതര്‍ പറയുന്നത് അത് വഖഫ് ഭൂമിയല്ലെന്നാണ്. അങ്ങനെ പറയാന്‍ അവര്‍ക്ക് എന്ത് അവകാശമാണുള്ളത്. വഖഫ് ചെയ്യപ്പെട്ട ഭൂമി ആരാണ് അവര്‍ക്ക് വിട്ടുകൊടുത്തത്. ആരാണ് അതിന് രേഖയുണ്ടാക്കിയത്. അവരെ പിടിക്കേണ്ടത് മുസ്ലീംലീഗാണോ? ഭരണകൂടമല്ലേ ചെയ്യേണ്ടത്-കെ.എം ഷാജി പറഞ്ഞു.
ന്യൂയോർക്ക് : പ്രീമിയസ് അമേരിക്കൻ ഗ്ലോബൽ അച്ചീവ്‌മെൻ്റ് അവാർഡിൽ ആദ്യമായി ഇന്ത്യയിൽ നിന്നും അവാർഡ് കരസ്ഥമാക്കിയിരിക്കുകയാണ് അതും ഒരു മലയാളി ബെസ്റ്റ് അച്ചീവ്മെൻറ് അവാർഡ് കരസ്ഥമാക്കിയിരിക്കുന്നത് ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് പള്ളിപ്പാട് ഉഷ രാജൻ ദമ്പതികളുടെ മകൻ അരുൺ രാജ് ആണ് ഈ അഭിമാന നേട്ടം കരസ്ഥമാക്കിയിരിക്കുന്നത് .
ഒരുപാട് കഷ്ടതകളുടെ പടപൊരുതി വിജയിച്ച് സമൂഹത്തിന് മാതൃകയായ വ്യക്തിക്കാണ് ഈ അവാർഡ് നൽകുന്നത് . തൻറെ സ്വപ്നങ്ങൾക്ക് വേണ്ടി ഒരുപാട് അനുഭവ സമ്പത്ത് നേടുകയും കൂടാതെ ഇപ്പോഴത്തെ തലമുറയ്ക്ക് മാതൃകയാക്കുകയും ചെയ്യുകയും ചെയ്ത അരുൺരാജ് ചലച്ചിത്ര സംവിധായകനും ഛായാഗ്രഹനും കൂടിയാണ് . ഇന്ത്യക്കും മലയാളികൾക്കും അഭിമാനമായ ഈ നേട്ടം വരും തലമുറയ്ക്കും ഒരു പ്രചോദനമാണ്.
ഫാ. ഹാപ്പി ജേക്കബ്ബ്
അലങ്കാരങ്ങളും, അലങ്കരിക്കപ്പെട്ട മരങ്ങളും പൊതിയപ്പെട്ട സമ്മാനങ്ങളും സന്തോഷത്തിന്റെയും ഭംഗിയുടെയും നിറങ്ങളും നമ്മുടെ ഭവനങ്ങളെയും, തെരുവുകളെയും മനസ്സുകളെയും ഈ ദിനങ്ങളിൽ കീഴ്പെടുത്തി കളഞ്ഞു. കാരൾ ഗാനങ്ങൾ അലയടിക്കുന്ന ഇടങ്ങളായി നമ്മുടെ ഇടവകകൾ മാറ്റപ്പെട്ടു കഴിഞ്ഞു. യഥാർത്ഥമായും എന്താണ് ഈ ദിനങ്ങളിൽ നാം ആഗ്രഹിക്കുന്നത്. പങ്കുവയ്ക്കലും, ആശംസകളും സന്തോഷ അനുഭവങ്ങളും മാത്രമാണോ? എല്ലാവർക്കും ഒരുപോലെ ഇത് പ്രാപ്യമാണോ?
യെശയ്യാ പ്രവചനം 52: 7 -10 വാക്യങ്ങൾ. ദൈവത്തിൻറെ ശക്തിയും മഹത്വവും വെളിപ്പെട്ട അവസരം ആണ് ക്രിസ്തുമസ് . സമ്മാനമായി ലഭിച്ചത് രാജാധി രാജാവായ ക്രിസ്തുവിനെയാണ്. സർവ്വ അലങ്കാരങ്ങളും വർണ്ണങ്ങളും ആ രാജകീയ പ്രൗഢിയാണ് വെളിപ്പെടുത്തുന്നത്. എന്നാൽ ആഘോഷ തിമിർപ്പിനിടയിൽ വെളിപ്പെട്ട സമ്മാനം നാം സ്വീകരിക്കുന്നുണ്ടോ? ഈ ചിന്തയാണ് ഇന്നത്തെ സന്ദേശത്തിന്റെ പ്രധാന അംശം .
1 . ക്രിസ്തുമസ് – ഒന്നുമില്ലാത്ത ജനതയ്ക്ക് ലഭിച്ച സമ്മാനം
ചിതറി പാർക്കുകയും, ദൈവം ചിതറിക്കുകയും പാലായനം ചെയ്യുകയും കാലാകാലങ്ങളിൽ കാലാവസ്ഥയും സാഹചര്യങ്ങളും അനുസരിച്ച് ജീവിതങ്ങളിൽ മാറുന്ന ഒരു സമൂഹം ആയി ആണല്ലോ വിശുദ്ധ ഗ്രന്ഥങ്ങളിൽ നാം ദൈവജനത്തെ കാണുന്നത്. എന്നാൽ മാറാത്തവനായ ഒരു ദൈവം രാവിലും പകലിലും എല്ലാ കാലങ്ങളിലും അവരോടൊപ്പം ഉണ്ടായിരുന്നു. വാഗ്ദത്തം നൽകുന്നവനായിട്ടല്ല വാഗ്ദത്തം നിറവേറ്റുന്നവനായി തന്നെ അവരോടു കൂടെ നടന്നു. അവൻ വിശ്വസ്തനാണ്. ഇന്നും പരദേശികളായി, നഷ്ടപ്പെട്ടവരായി, പാപത്തിന്റെ അടിമത്വത്തിൽ കഴിയുന്നവരായി, സർവ്വ പ്രതീക്ഷകളും കെട്ടവരായി, പാലായനം ചെയ്യപ്പെട്ടവരായി, ഒന്നുമില്ലാത്തവരായി നാം ആയിത്തീരുമ്പോൾ ഈ ക്രിസ്തുമസ് നമുക്കുള്ളതാണ്. നാം നഷ്ടമാക്കിയതൊക്കെ വീണ്ടെടുക്കാനുള്ള സമ്മാനമാണ് ഈ ക്രിസ്തുമസ് . അലങ്കാരങ്ങളുടെയും സമ്മാന പൊതികളുടെയും നൈമാഷിക സ്വപ്നങ്ങളും സന്തോഷവും അല്ല ; എൻറെ കുറവുകൾക്കുള്ള സമ്മാനം , എൻറെ പുതുജീവിതത്തിനുള്ള സമ്മാനം, എൻറെ ജീവിത യാത്രയ്ക്കുള്ള സമ്മാനം ആകണം ഈ ക്രിസ്തുമസ് .
2 . ക്രിസ്തുമസ് – എല്ലാം ആഗ്രഹിക്കുന്നവർക്ക് ഒരുക്കപ്പെട്ട സമ്മാനം
കഴിഞ്ഞ കാലങ്ങളിൽ നമ്മുടെ എല്ലാ ജീവിത വ്യാപാരങ്ങളിലും ദൈവിക ഇടപെടലുകൾ ദർശിക്കുവാൻ നമുക്ക് കഴിഞ്ഞു. സമാധാനവും, സന്തോഷവും, കൃപകളും ധാരാളം നമുക്ക് നൽകി. ദൂതന്മാരെ അയച്ചു. സന്ദേശങ്ങൾ നൽകി. ഭൂമിയിൽ ദൈവപ്രീതി ഉള്ളവർക്ക് സമാധാനം ആശംസിച്ചു; അത് മാത്രമല്ല ഇതൊക്കെ സ്വീകരിക്കാനും നമുക്ക് കൃപ തന്നു. നമുക്ക് വേണ്ടുന്ന സകലവും , അർഹിക്കുന്നതിന് മുൻപേ തന്ന് പരിപാലിച്ചു . ഇങ്ങനെ ഒക്കെ എന്തെങ്കിലും ലഭിച്ച ക്രിസ്തുമസ് സമ്മാനത്തെ നാം തിരിച്ചറിഞ്ഞോ? വീണ്ടും സദ് വാർത്ത ഇക്കൊല്ലവും ദൈവം നമുക്ക് നൽകുന്നു. മാലാഖമാരാൽ ദൈവകീർത്തനം പാടുന്നു. പാപം , മരണം, പിശാച് , തിന്മ ഇവയിൽ നിന്നെല്ലാം വിടുതൽ വേണമെന്ന് നാം ആഗ്രഹിക്കുന്നു. എന്നിട്ടും എത്രമാത്രം ആത്മാർത്ഥമായി ഈ സമ്മാനം നാം സ്വീകരിച്ചു. ബേതലഹേമിൽ ദൈവപുത്രൻ ജാതനാവുമ്പോൾ അത് നിത്യമായ വീണ്ടെടുപ്പിന്റെ സമ്മാനം എന്ന് നാം മനസ്സിലാക്കിയോ? ഈ ചിന്തയിലേയ്ക്ക് നാം ഒരുങ്ങുക. ചിന്തിക്കുക, തീരുമാനിക്കുക. നാം ഒരുക്കുന്ന വർണ്ണങ്ങളും അലങ്കാരങ്ങളും പ്രതീകങ്ങളും അല്ല ക്രിസ്തുമസ് . അതെല്ലാം പ്രതീകങ്ങൾ മാത്രം. മഹത്തരമായ ദാനങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്ന പ്രതീകങ്ങൾ. ഒന്നുമില്ലാത്തവർക്കും എല്ലാം ഉള്ളവർക്കും വേണ്ടിയാണ് ക്രിസ്തുമസ് . സർവ്വ ജനത്തിനും ഉണ്ടാകുവാനുള്ള മഹാ സന്തോഷം. ദാവീദിൻ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ ജനിച്ചിരിക്കുന്നു. അതാണ് ക്രിസ്തുമസ് . അത് തന്നെയാണ് ക്രിസ്തുമസ് സമ്മാനവും ‘
സ്നേഹപൂർവ്വം
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907