ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: അസാധാരണമായ ചൂടും മഴക്കുറവും മൂലം ഇംഗ്ലണ്ടിന്റെ പകുതിയോളം പ്രദേശങ്ങൾ ഔദ്യോഗികമായി കടുത്ത വരൾച്ച മേഖലയായി പ്രഖ്യാപിച്ചു. ഈസ്റ്റ് ആംഗ്ലിയ, ലണ്ടൻ ഉൾപ്പെടെയുള്ള തേംസ് താഴ്വര, ഹാംപ്‍ഷയർ, ഡെവൺ – കോർൺവാൾ, വെസ്റ്റ് മിഡ്‌ലാൻഡ്സ്, വെസെക്സ് തുടങ്ങിയ ഏഴ് മേഖലകളെയാണ് എൻവയോൺമെന്റ് ഏജൻസി വരൾച്ച ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചത്. തുടർച്ചയായ രണ്ടാം വർഷവും വേനൽക്കാല വരൾച്ച നേരിടുന്നത് പരിസ്ഥിതിക്കും വന്യജീവികൾക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

ജൂലൈ മാസത്തിൽ സാധാരണ ലഭിക്കേണ്ട മഴയുടെ വെറും 7 ശതമാനം മാത്രമാണ് ലഭിച്ചത്. ദക്ഷിണ ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളിൽ ഇത് 1 ശതമാനമായി ചുരുങ്ങി. ഡെവണിലെ ചില പ്രദേശങ്ങളിൽ 50 ദിവസത്തിലേറെയായി കാര്യമായ മഴ ലഭിച്ചിട്ടില്ല. രാജ്യത്തെ ജലസംഭരണികളിലെ ജലനിരപ്പ് ഈ സമയത്തെ ശരാശരിയേക്കാൾ 7.4 ശതമാനം താഴെയാണെന്നും, ഏകദേശം പകുതിയോളം റിസർവോയറുകൾ സാധാരണ നിലയിൽ താഴെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

മഴക്കുറവിന്റെ ആഘാതം നദികളിലും പ്രകടമാണ്. ഇംഗ്ലണ്ടിലെ 78 ശതമാനം നദികളിലും ജലനിരപ്പ് സാധാരണയേക്കാൾ താഴെയായപ്പോൾ 17 ശതമാനം നദികൾ അതീവ ഗുരുതര നിലയിലാണ്. ഇതിനിടെ രാജ്യത്ത് ഈ വേനലിലെ നാലാമത്തെ ഉഷ്ണതരംഗവും അനുഭവപ്പെടുകയാണ്. ചില പ്രദേശങ്ങളിൽ താപനില 35 ഡിഗ്രി സെൽഷ്യസിലെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മൂലം ഇത്തരം കടുത്ത വരൾച്ചകളും ചൂട് തരംഗങ്ങളും കൂടുതൽ രൂക്ഷമാകുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.











Leave a Reply