ഡോ. ഐഷ വി
വിവാഹത്തിന് മുമ്പ് എന്റെ ഭർത്താവ് നൽകിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു കൊടൈക്കനാലിൽ കൊണ്ടുപോകാമെന്നത് . അങ്ങനെ ഈ വർഷം ജൂൺ രണ്ടാം തീയതി രാത്രി അദ്ദേഹം എന്നോട് പറഞ്ഞു. “നാളെ വെളുപ്പിനേ തന്നെ തയ്യാറാകുക. നമ്മൾ നാളെ കൊടൈക്കനാലിന് പോകുന്നു.”
” എങ്ങിനെയാണ് യാത്ര ? മഴ കാണില്ലേ?” ഞാൻ ചോദിച്ചു.
“മഴയൊന്നും സാരമില്ല. മഴ അധികം പെയ്ത് തുടങ്ങിയില്ലല്ലോ. നമുക്ക് കാറിൽ വടക്കഞ്ചേരിയിൽ നിന്നും പാലക്കാട് പോയി പൊള്ളാച്ചി വഴി കൊടൈക്കനാലിന് പോകാം . ഹൈറേഞ്ചിൽ ഏതാണ്ട് എറണാകുളത്തിന് കിഴക്ക് ഭാഗത്തായി വരുന്ന സ്ഥലമാണ് കൊടൈക്കനാൽ . നമ്മുടെ യാത്ര തമിഴ്നാട്ടിൽ കൂടിയായിരിക്കുമെന്ന് മാത്രം. നാളെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാനൊന്നും നിൽക്കേണ്ട. നമുക്ക് പോകുന്ന വഴിക്ക് കഴിക്കാം. വെളുപ്പിന് 5 മണിയ്ക്ക് ഇവിടെ നിന്നും തിരിക്കാം. നാളെത്തന്നെ തിരികെ വരാം”
ഒറ്റ ദിവസത്തെ യാത്രയായതു കൊണ്ട് പ്രത്യേകിച്ച് പാക്കിംഗിന്റെ ആവശ്യമൊന്നുമില്ല. കുടിവെള്ളം കരുതാം. പിന്നെ വീട്ടിലിരിയ്ക്കുന്ന പഴങ്ങളും കരുതാം. അങ്ങനെ യാത്രയെ കുറിച്ച് വലിയ മുന്നൊരുക്കങ്ങളൊന്നും കൂട്ടാതെ ഞാൻ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റ് ചായയും മുട്ട പുഴുങ്ങിയതും കഴിച്ച് ഞങ്ങൾ യാത്ര തുടങ്ങി. നാഷണൽ ഹൈവേ 544 നല്ല കണ്ടീഷനിലുള്ള പുതിയ റോഡായതിനാൽ പാലക്കാട് വരെയുള്ള യാത്ര സുഖം. പൊള്ളാച്ചിയിലേയ്ക്ക് കടന്നപ്പോൾ ഹൈവേ യാത്ര കുഴപ്പമില്ല. ചില ഭാഗത്ത് റോഡുപണി നടക്കുന്നതിനാൽ ഡീവിയേഷൻ എടുക്കണമെന്ന ഗൂഗിൾ മാപ്പിലെ മദാമ്മയുടെ നിർദ്ദേശം അനുസരിച്ച് ഞങ്ങൾ യാത്ര തുടർന്നു. പൊള്ളാച്ചിയിൽ റോഡിനിരുവശത്തും വൻ പുളിമരങ്ങൾ തണൽ വൃക്ഷങ്ങളായി നട്ടുപിടിപ്പിച്ചിരുന്നു. പുളിയിൽ നിന്നുള്ള തണലും ആദായവും ഓക്സിജനും കിട്ടും. ആ വഴിയിലെ മറ്റൊരു പ്രത്യേകത എങ്ങും സ്റ്റ്രീറ്റ് ലൈറ്റില്ല എന്നതാണ്. ഉദയമൊക്കെ ആസ്വദിച്ച് നല്ല കാറ്റുള്ള കാറ്റാടിപ്പാടത്തു കൂടെ യാത്ര തുടർന്നപ്പോൾ ഭർത്താവ് വണ്ടി നിർത്തി. നമുക്കിവിടെ നിന്നും കുറച്ച് ഫോട്ടോകളെടുക്കാം. ഞങ്ങളങ്ങനെ അവിടെയിറങ്ങി. ആ പശ്ചാതലത്തിൽ കുറച്ച് ഫോട്ടോകൾ എടുത്തു.
തമിഴ് നാടിന്റെ പ്രത്യേക പോളിസിയാണത്. വർഷത്തിൽ ആറുമാസത്തിലധികം കാറ്റ് ലഭിക്കുന്ന സ്ഥലത്ത് കാറ്റാടി യന്ത്രങ്ങൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുക എന്നത്. ആര് വൻ വ്യവസായങ്ങൾ തുടങ്ങിയാലും കാറ്റാടി യന്ത്രങ്ങൾ വഴി വൈദ്യുതി കൂടി ഉത്പാദിപ്പിക്കണം മിച്ചമുള്ള വൈദ്യുതി തമിഴ് നാട് ഇലക്ട്രിസിറ്റി ബോർഡിന് കൈമാറണം. വ്യവസായവും പച്ചപിടിയ്ക്കും വൈദ്യുതിയും ലഭിക്കും. അങ്ങനെ ചുരങ്ങളിലൂടെ വീശുന്ന കാറ്റിന്റെ ഊർജ്ജത്തെ അവർ വൈദ്യുതിയാക്കി മാറ്റും. ഓരോ സാധ്യതകളും അവസരങ്ങളായി മാറ്റുന്നവർക്കാണ് വിജയം.
സമീപത്തുള്ള ഹോട്ടലിൽ നിന്നും ആവി പറക്കുന്ന ഇഢലിയും ഉഴുന്നുവടയും ചായയും കഴിച്ച് ഞങ്ങൾ യാത്ര തുടർന്നു.
ഗൂഗിൾ മദാമ്മ പറഞ്ഞ വഴികളിലൂടെ കുറേ ദൂരം യാത്ര തുടർന്നപ്പോൾ പളനി മല ദൃശ്യമായി. പിന്നേയും മുന്നാട്ട് പോയി വലത്തോട്ട് തിരിഞ്ഞ് പുളിമരങ്ങൾ അതിരിടുന്ന വഴികളിലൂടെ ഞങ്ങൾ യാത്ര ചെയ്തു. റോഡിനിരുവശത്തും മാന്തോപ്പുകൾ കാണാമായിരുന്നു. ആകെ മൊത്തം തണലുള്ള പ്രദേശം. റോഡരികിൽ പലയിടത്തായി സ്ത്രീകളും പുരുഷന്മാരും നല്ല മാമ്പഴങ്ങൾ വിൽക്കുന്നു. തിരികെ വരുമ്പോൾ കുറച്ച് മാമ്പഴം വാങ്ങിക്കൊണ്ടുവരുവാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ മാന്തോപ്പുകൾക്ക് നടുവിലുള്ള റോഡിലൂടെ വീണ്ടും മുന്നോട്ട് . കൊടൈക്കനാനിലിലേയ്ക്ക് സ്വാഗതം ചെയ്യുന്ന സൈൻ ബോർഡ് കണ്ടു. ഹൈറേഞ്ച് കയറാനുള്ള സമയമടുത്തു എന്ന് ഞങ്ങൾക്ക് മനസ്സിലായി. തമിഴ് നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലെ ഒരു ടൂറിസ്റ്റ് സ്പോട്ടാണ് കൊടൈക്കനാൽ . മലകയറുമ്പോൾ റോഡിനിരുവശത്തും വിവിധ വർണ്ണങ്ങളിലുള്ള പൂക്കൾ പിടിക്കുന്ന ചെടികൾ പ്രകൃത്യാ തന്നെ കാണാമായിരുന്നു.
ചെങ്കുത്തായ കയറ്റങ്ങളും 17 ഓളം ഹെയർ പിൻ വളവുകളുമുള്ള മലകയറി 12 കിലോ മീറ്ററോളം ആ മല മുകളിലൂടെ മുന്നോട്ട് പോയി പെരുമാൾ മലൈ എന്ന ജങ്ഷനിലെത്തി. ഞങ്ങളവിടെ വണ്ടി നിർത്തി അടുത്തു കണ്ട ചായക്കടയിൽ നിന്നും ചായയും ഉന്നക്ക പോലെ ഒരു കടിയും കഴിച്ചു. ഞങ്ങൾ വന്നതിന്റെ എതിർ ദിശയിൽ അടുത്ത മലമുകളിലൂടെ 12 കിലോമീറ്ററോളം മുന്നോട്ട് പോയാലേ കൊടൈക്കനാലിൽ എത്താനാകൂ എന്ന് മനസ്സിലായി. ആ വഴി കുറേ ദൂരം പിന്നിട്ട് കഴിഞ്ഞപ്പോൾ ഒരു ടോൾ ബൂത്ത് കാണാനിടയായി. കൊടൈക്കനാലിലേയ്ക്ക് പ്രവേശിക്കുമെങ്കിൽ നമ്മൾ എത്ര സമയം അവിടെ തങ്ങുന്നുവോ അതിനനുമ്പരിച്ച് പാസ്സെടുക്കണമായിരുന്നു. ഞങ്ങൾക്ക് കിട്ടിയ പാസ്സ് 24 മണിക്കൂർ സമയത്തേയ്ക്കുള്ളതായിരുന്നു.
പിറ്റേന്ന് 10.30 am വരെ അവിടെ തങ്ങാം എന്ന് സൂചന. കുറച്ച് മുന്നോട്ട് പോയപ്പോൾ അതുവരെ കാണാത്തത്രയും വാഹനങ്ങളുടെ ക്യൂ കാന്നാനിടയായി. ഞങ്ങളെത്തുന്നതിന് വളരെ മുന്നയെത്തി ക്യൂവിൽ കിടക്കുന്നവർ. ആ ക്യൂവിൽ ഒരു മണിക്കൂറിലധികം ത്തങ്ങളും പെട്ടു. മലമുകളിലെ ഇടുങ്ങിയ വഴികളിൽ ഇരുവശത്തേയ്ക്കും വണ്ടികൾ കടന്നുപോവുക പ്രയാസമുള്ള കാര്യമായിരുന്നു. ഇതിനിടയിൽ ഒരു വെള്ളച്ചാട്ടവും കണ്ടു.
അങ്ങനെ മുന്നോട്ട് പോയപ്പോൾ കൊടൈ തടാകം കാണായി. 5 കിലോമീറ്ററിലധികം നീളത്തിൽ ഇംഗ്ലീഷിലെ വല്യക്ഷരം എച്ച് ആകൃതിയിലുള്ള തടാകം. താടകത്തിന് ചുറ്റും വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള പാതയും മനുഷ്യർക്ക് നടക്കാനുള്ള നടപ്പാതയമുണ്ട്. അവിടെ ബോട്ടിംഗിനുള്ള സൗകര്യമുണ്ട്. ഞങ്ങൾ ക്യൂവിൽ പെട്ടു പോയതു കൊണ്ട് മുന്നോട്ടു തന്നെ പോകുവാനും തിരികെ വരുമ്പോൾ തടാകം കാണുവാനും തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ മല കയറി റോസ് ഗാർഡനിലെത്തി. ടിക്കറ്റെടുത്ത് വണ്ടി പാർക്ക് ചെയ്ത് ഞങ്ങൾ ഉദ്യാനത്തിൽ പ്രവേശിച്ചു. മല കയറി വന്നപ്പോൾ ഓക്സിജന്റെ കുറവുണ്ടായതിനാലാകാം ഞങ്ങൾക്ക് രണ്ട് പേർക്ക് ഒരു ചെറിയ തലകറക്കം അനുഭവപ്പെട്ടു. ഉദ്യാനത്തിലെ പുൽത്തകിടിയിലിരുന്ന് കുറച്ച് വിശ്രമിച്ച് കഴിഞ്ഞപ്പോൾ ആ പ്രശ്നം മാറി. പിന്നെ ഞങ്ങൾ അവിടൊക്കെ നടന്നു കണ്ടു. അവിടത്തെ നേഴ്സറിയിൽ നിന്നും കുറച്ച് തൈകൾ വാങ്ങി. കേരളത്തിൽ കാണാത്ത വ്യത്യസ്ഥ ഇലയുള്ള പാഷൻ ഫ്രൂട്ട് തൈയ്യും അവിടെ ലഭ്യമായിരുന്നു.
കാലാവസ്ഥ മാറുമ്പോൾ വേരു പിടിക്കുമോ എന്ന സംശയമുണ്ടായിരുന്നു. പകുതിയോളം പിടിച്ചു കിട്ടി. പിന്നെ ഞങ്ങൾ മലയിറങ്ങി തടാകം കാണാനുള്ള വ്യൂ പോയിന്റിലെത്തി. സമതലത്തിൽ നിന്നും രണ്ടു കിലോമീറ്ററിലധികം ഉയരമുള്ള മലമുകളിലെ മഴ വെള്ള സംഭരണിയാണ് ഈ തടാകമെന്ന് നമുക്ക് വിശേഷിപ്പിക്കാം. തടാകത്തിന് ചുറ്റുമുള്ള മലമുകളിൽ നിന്നും ഒഴുകി വരുന്ന വെള്ളത്തെ മുഴുവൻ ഈ തടാകം സംഭരിക്കുന്നു എന്ന് പറയാം. കൊടൈ നിവാസികളുടെ വറ്റാത്ത നീരുറവ കൂടിയാണിത്. തടാകം ഈ വെള്ളമത്രയും സംഭരിച്ചില്ലെങ്കിൽ ആ ചെങ്കുത്തായ മലമുകളിൽ ഒരു തുള്ളി വെള്ളവും ലഭിക്കില്ലായിരുന്നു എന്ന് പറയാം.
വ്യൂ പോയിന്റിൽ നിന്നും കോഫി കഴിച്ചു ഞങ്ങൾ തടാകം ചുറ്റിവരുന്ന ഉയർന്ന പാതയിലൂടെ ഞങ്ങൾ മലയിറങ്ങി തടാകത്തിനടുത്തെത്തി. കോക്കേഴ്സ് വാക്കും , ബൈഡൻസ് പാർക്കും അത്രയും നേരം ഡ്രൈവ് ചെയ്ത ഭർത്താവ് ഒന്ന് വിശ്രമിച്ച ശേഷം കാണാമെന്ന് തീരുമാനിച്ചു. ഞങ്ങൾ മലയിറങ്ങി തടാകത്തിനടുത്തെത്തി. വഴിയോര കച്ചവടക്കാരിൽ നിന്നും നിലക്കടല ഉപ്പിട്ട് പുഴുങ്ങിയതും പൈനാപ്പിളും വാങ്ങിക്കഴിച്ച് ഞങ്ങൾ മുന്നോട്ട്. കാറൊതുക്കിയിടാൻ പറ്റിയ സ്ഥലത്തെത്തിയപ്പോൾ ഭർത്താവ് കാറിലിരുന്നുറങ്ങി. ഞാൻ പുറത്തിറങ്ങി നടന്നു. തടാകത്തിലെ ബോട്ടിംഗും , തടാകത്തിനു ചുറ്റും മുതിർന്നവരും കുട്ടികളും നടത്തുന്ന സൈക്ലിങ്ങും കണ്ട് ഒറ്റയ്ക്കു നടന്നു. ഉച്ചയ്ക്ക് ശേഷം രണ്ട് മണിയായപ്പോൾ ശക്തിയായ മഴയും കാറ്റും തുടങ്ങി. ഞാൻ കുട നിവർത്തിപിടിച്ച് നടന്ന് കാറിനടുത്തെത്തി. മഴ പെയ്യുന്നതിനാൽ തിരികെപ്പോരാൻ രണ്ടു പേരും കൂടി തീരുമാനിച്ചു.
പഴങ്ങൾ ധാരാളം വിൽക്കുന്ന തെരുവിലെത്തിയപ്പോൾ ഞങ്ങൾ കോളേജിലും വീട്ടിലുമുള്ളവർക്ക് കൊടുക്കാനായി കുറേ ചോക്ക്ലേറ്റ് , മരത്തക്കാളി , ലോങ്ങൻ, മങ്കോസ്റ്റിൻ എന്നിവ വാങ്ങി. കാറിന് പെട്രോളടിച്ചു. അങ്ങനെ ഞങ്ങൾ കൊടൈ യാത്ര അപൂർണ്ണമാക്കി പെരുമാൾ മലൈയിലെത്തി അടുത്ത മലമ്പാതയിലൂടെ മുന്നോട്ട് പന്ത്രണ്ട് കിലോമീറ്റർ പിന്നിട്ട് മലയിറങ്ങാൻ തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. പലയിടത്തും മരങ്ങൾ വീണ് ഗതാഗത തടസ്സം നേരിട്ടിരിക്കുകയാണ്. പ്രദേശവാസികളും വനം വകുപ്പുകാരും ചേർന്ന് കത്താൾ കോടാലി എന്നിവ ഉപയോഗിച്ച് മരങ്ങൾ വെട്ടിമാറ്റാനും വഴിയിൽ നിന്നും നീക്കം ചെയ്തു തടസങ്ങൾ മാറ്റാനും നിരന്തരം പരിശ്രമിച്ചു കൊണ്ടിരിയ്ക്കുകയാണ്.
മലയടിവാരം വരെ കണക്കാക്കിയാൽ ഇരുപതോളം മരങ്ങൾ വീണിട്ടുണ്ട്. മഷീൻ കട്ടർ ഒന്നേയുള്ളൂ. ഒരു വനം വകുപ്പദ്യോഗസ്ഥൻ സ്കൂട്ടറിൽ കൊണ്ടുപോയി കട്ടർ പല സ്ഥലങ്ങളിലും എത്തിക്കുന്നുണ്ട്. മരങ്ങൾ മുറിച്ചു മാറ്റിയപ്പോൾ കിട്ടിയ വഴിയിലൂടെ ഞങ്ങൾ മുന്നോട്ട് മലയിറങ്ങി. മരങ്ങൾ വീണു കിടക്കുന്ന സ്ഥലമെത്തുമ്പോൾ വീണ്ടും വണ്ടി നിർത്തും. ഇതിനിടെ തമിഴ്നാട് വനം വകുപ്പ് ഓഫീസർമാർ വീണ മരങ്ങൾ കാണാനെത്തിയതിനാൽ അവർക്ക് വഴിയൊഴിഞ്ഞ് കൊടുക്കുന്നത് ചെങ്കുത്തായ താഴ്‌വര വരുന്ന ഭാഗത്തു വച്ച് പ്രയാസമുള്ള കാര്യമായിരുന്നു. എന്നിരുന്നാലും സന്നദ്ധരായ യുവാക്കൾ വനം വകുപ്പിനോട് സഹകരിച്ച് ഗതാഗതം നിയന്ത്രിച്ച് അവരെ സഹായിച്ചു.
വനം വകുപ്പ് മൂന്ന് മണിയ്ക്ക് ശേഷം മലമുകളിലേയ്ക്കുള്ള യാത്ര നിരോധിച്ചതിനാൽ മലയിറങ്ങുന്നവരുടെ ട്രാഫിക്ക് പ്രശ്നം മാത്രം പരിഹരിച്ചാൽ മതിയായിരുന്നു. അങ്ങനെ ഊർജ്ജ്വസ്വലരായ വനം വകുപ്പുദ്യോഗസ്ഥരും പ്രദേശത്തെ സന്നദ്ധ സംഘടനയിലെ യുവാക്കളും നന്നായി പണിപ്പെട്ട് മരങ്ങൾ മുറിച്ച് മാറ്റിയപ്പോൾ ഞങ്ങൾക്ക് മലയിറങ്ങാൻ സാധിച്ചു. വഴിയിലെല്ലാം കുറ്റാക്കറ്റിരുട്ടായിരുന്നു. രാത്രി ഏഴര മണി കഴിഞ്ഞപ്പോൾ ഞങ്ങൾ താഴ് വാരത്തെത്തി. പിന്നെ മാമ്പഴത്തോട്ടങ്ങൾക്കും പുളിമരങ്ങൾക്കും ഇടയിലൂടെ ഞങ്ങൾ തിരികെയുള്ള യാത്ര തുടർന്നു. വഴിയിൽ മാമ്പഴക്കച്ചവടക്കാരെ ആരേയും കാണാനില്ലല്ലോ എന്നു കരുതിയിരിയ്ക്കുമ്പോഴാണ് ദൂരെ ഒരു റാന്താൻ വെളിച്ചം കാണുന്നത്. അടുത്ത് ചെന്ന് നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരിയാണ്. വഴിയോര വിളക്കുകളില്ലാത്ത ആ പാതയിൽ കുറ്റാകുറ്റിരുട്ടിൽ മാമ്പഴ കച്ചവടം നടത്തുകയാണവർ .
മലയിറങ്ങി വന്നവർ വേഗം വീടുപിടിയ്ക്കാനുള്ള ധൃതിയിലാകണം. ഞങ്ങൾ മാത്രമേ അവിടെ വണ്ടി നിർത്തി മാമ്പഴം വാങ്ങാൻ തയ്യാറായുള്ളൂ. ഞങ്ങൾ റോഡ് മുറിച്ച് കടന്ന് റാന്തൽ വെളിച്ചത്തിനരികിലെത്തി. ആ യുവതി ഞങ്ങളെ സ്വാഗതം ചെയ്ത് എന്തൊക്കെ മാമ്പഴം വേണമന്ന് തമിഴിൽ ചോദിച്ചു. ഞങ്ങൾ ഇംഗ്ലീഷിൽ സംസാരിച്ചു തുടങ്ങിയപ്പോൾ അവർ ഇംഗ്ലീഷിൽ നന്നായി സംസാരിക്കാൻ തുടങ്ങി. ഒരു മാമ്പഴ കച്ചവടക്കാരി അങ്ങനെ സംസാരിക്കുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് കൗതുകമായി. അവരുടെ പേരെന്തെന്നും എന്തു വരെ പഠിച്ചിട്ടുണ്ടെന്നും ഞങ്ങൾ ചോദിച്ചു. ഗൗരി എന്നാണ് പേരെന്നും എം എസ്സി മൈക്രോ ബയോളജിയാണ് ക്വാളിഫിക്കേഷനെന്നും അവർ പറഞ്ഞു. കുറച്ചു കാലം ഒരു കോളേജിൽ ഗസ്റ്റ് ലക്ചറർ ആയി ജോലി നോക്കിയിട്ടുണ്ടത്രേ. ഭർത്താവ് സുബ്രമണ്യന് 12 ഏക്കറോളം കൃഷിയുണ്ട് . അതിലെ ഉത്പന്നങ്ങൾ വിൽപന നടത്തി ഗൗരി ഭർത്താവിനെ സഹായിക്കുന്നു. ഭർത്താവും മക്കളും ഗൗരി ചൂണ്ടിക്കാണിച്ച ദിശയിലുള്ള വീട്ടിലുണ്ടെന്ന് പറഞ്ഞു. നല്ല ഇരുട്ടാണല്ലോ , സ്ട്രീറ്റ് ലൈറ്റില്ലല്ലോ എന്ന് ഞങ്ങൾ പറഞ്ഞപ്പോൾ അവിടെങ്ങും സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലെന്നും ആന ഇറങ്ങുന്ന സ്ഥലമാണെന്നും ഗൗരി സൂചിപ്പിച്ചു. അരശി കൊമ്പൻ ( നമ്മുടെ അരിക്കൊമ്പൻ) അവിടെ ഇറങ്ങുമത്രേ.
ഗൗരിയുടെ പക്കൽ നിന്നും മല്ലിക, ഉദുമ, മൽഗോവ എന്നീ മാമ്പഴങ്ങളും നല്ല മധുരമുള്ള കൊടൈ പാഷൻ ഫ്രൂട്ടും വാങ്ങി ഗൗരിയുടെ ഭർത്താവ് സുബ്രഹ്മണ്യന്റെ പേരിൽ ഗൂഗിൾ പേ ചെയ്ത് കൊടുത്ത് ഞങ്ങൾ ഗൗരിയോട് യാത്ര പറഞ്ഞ് വണ്ടിയിൽ കയറി.
പൊള്ളാച്ചിയിലെത്തിയപ്പോൾ അത്താഴം കഴിച്ച് ഞങ്ങൾ തിരികെ പോകുന്ന വഴിയൊന്നു മാറ്റി ഗോവിന്ദാപുരം, കൊല്ലംങ്കോട് , നെമ്മാറ, ചിറ്റിലം ഞ്ചേരി , മുടപ്പല്ലൂർ, വള്ളിയോട് വഴി വടക്കഞ്ചേരിക്കാക്കി . രാത്രി 2 മണിയോടുകൂടി ഞങ്ങൾ വീട്ടിലെത്തി.
മരം വീണ് ഗതാഗതം തടസ്സമുണ്ടായി എന്നറിഞ്ഞപ്പോൾ ഞങ്ങളുടെ മകൾ പറഞ്ഞു. മഴക്കാലത്ത് യാത്ര വേണ്ടിയിരുന്നില്ല. നവംബർ ഡിസംബർ മാസങ്ങളാണ് കൊടൈക്കനാലിലെ സീസൺ 16-17 ഡിഗ്രി സെന്റിഗ്രേഡായിരിയ്ക്കും. ഇനിയൊരു കൊടൈ യാത്ര മക്കളേയും കൂട്ടി ആ സീസണിലാക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
യുകെയിലെ ടാംസൈഡ് (TAMESIDE) കൗൺസിൽ താമസിക്കുന്ന 200 മലയാളി ഫാമിലികൾ സംഘടിച്ചു ടാംസൈഡ് മലയാളി അസോസിയേഷന് എന്ന പേരില് സംഘടന രൂപീകരിച്ചു. കൗൺസിൽ അംഗങ്ങൾക്കിടയിൽ പരസ്പര സഹകരണം ഉറപ്പുവരുത്തുന്നതിനും കലാ കായിക സാമൂഹ്യ സാംസ്‌കാരിക ഉന്നമനത്തിനും ആരോഗ്യ ബോധവല്ക്കരണം, കുട്ടികളുടെ വിദ്യാഭ്യാസ പ്രോല്സാഹനം, വിവിധ ക്ഷേമ പ്രവര്ത്തനങ്ങള് തുടങ്ങിയവ നടത്തുന്നതിനുമാണ് സംഘടന രൂപീകരിച്ചത്. നൂറില്പരം വീടുകളിലെ അംഗങ്ങള് യോഗത്തില് പങ്കെടുത്തു.
അരുൺ ബേബി സ്വാഗതവും മാർട്ടീന മിൽടൺ നന്ദിയും പറഞ്ഞു. യോഗത്തിൽ അസോസിയേഷൻ ലോഗോ പ്രകാശനവും സോഷ്യൽ മീഡിയ സൈറ്റുകളുടെ വിക്ഷേപണവും നടത്തി. 2023 /20025 കാല എക്സിക്യൂട്ടീവ് കമ്മിറ്റയെയും ഇലക്ഷൻെറ തദവസരത്തിൽ നടന്നു. അനീഷ് ചാക്കോ പ്രസിഡന്റായും, സിനി സാബു വൈസ് പ്രസിഡന്റായും ബ്രിട്ടോ പരപ്പിൽ ജനറൽ സെക്രട്ടറിയായും റീജോയ്‌സ് മുല്ലശേരി, ചിക്കു ബെന്നി എന്നിവർ ജോയിന്റ് സെക്രട്ടറിയായും സുജാദ് കരീം ട്രഷററായും നിതിൻ ഷാജു സ്പോർട്സ് സെക്രട്ടറിയായും മാർട്ടീന മിൽടൺ ആർട്സ് സെക്രട്ടറിയായും സുധീവ് എബ്രഹാം സ്വീറ്റി ഡേവിസ് ആക്ഷിത ബ്ലെസ്സൺ നോബി വിജയൻ നിതിൻ ഫ്രാൻസിസ് പ്രിൻസ് ജോസഫ് കമ്മിറ്റി അംഗങ്ങളും, ജിബിൻ പോൾ അരുൺ രാജ് അരുൺ ബേബി എന്നിവരെ ബിനോയ് സെബാസ്റ്റ്യൻ ഉപദേഷ്ട അംഗമായും തെരഞ്ഞെടുത്തു.
മാസങ്ങളോളം നീണ്ടു നിൽക്കുന്ന ആഘോ ഷ പരിപാടികളോടെയാണ് യു.കെ. മലയാളികൾ എന്നും ഓണത്തെ വരവേൽക്കാറ്. ഓഗസ്റ്റ് – സെപ്തംബർ മാസത്തോടെ ആരംഭിക്കുന്ന ആഘോഷപാടികൾ ഒക്ടോബർ – നവംബർ വരെ നീണ്ടു നിൽക്കാറുണ്ട്.
പിറന്ന നാടിനോടുള്ള ആത്മബന്ധവും, കലാ-കായിക-സാംസ്കാരിക പ്രവർത്തനങ്ങളോടുള്ള ആഭിമുഖ്യവും, ഒരു ദേശീയോത്സവമായി നെഞ്ചിലേറ്റിയ ഓണത്തിനോടുള്ള വൈകാരികതയുമാണ് മാസങ്ങളോളം നീണ്ടു നിൽക്കുന്ന ആഘോഷ മായി ഓണാഘോഷത്തെ മാറ്റുന്നത്.
ഓക്ടോബർ 22 ന് സമീക്ഷ യു.കെ യുടെ ആഭിമുഖ്യത്തിൽ ചെംസ്ഫോർഡിൽ സംഘടിപ്പിച്ചിട്ടുള്ള വിപുലമായ ആഘോഷ പരിപാടികളോടെയായിരിക്കും യു.കെ. മലയളികളുടെ ഈ വർഷത്തെ ഓണാഘോഷം കൊടിയിറങ്ങുന്നത്. സെപ്തംബർ 9 ന് നടത്താനിരുന്ന ഓണാഘോഷം ചില സാങ്കേതിക കാരണങ്ങളാൽ ഒക്ടോബർ 22 ലേക്ക് മാറ്റുകയായിരുന്നു. കേരളത്തിന്റെ സാംസ്കാരികത്തനിമയും, കലാ സൗന്ദര്യവും ഒത്തുചരുന്ന വൈവിധ്യമാർന്ന പരിപാടികളുടെ സമ്മേളനം കൂടിയായി ‘ഓണഗ്രാമം 23’ മാറ്റുവാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.
സമീക്ഷ യു.കെ യുടെ മേൽനോട്ടത്തിൽ വിപുലമായ സ്വാഗത സംഘവും അനുബന്ധ കമ്മറ്റികളും രൂപീകരിച്ച് ആഘോഷത്തിന്റെ ഒരുക്കങ്ങളാരംഭിച്ചു കഴിഞ്ഞു. യു.കെ. യിലെ പ്രഗത്ഭ ടീമുകള അണിനിരത്തിക്കൊണ്ടുള്ള വടംവലി മത്സരവും, തിരുവാതിര മത്സരവുമാണ് ആഘോഷത്തെ ഏറെ ശ്രദ്ധേയമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ടീം റജിസ്ട്രേഷൻ നടപടികൾ പുരോഗമിച്ചു വരികയാണ്.
വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികൾ ആഘോഷവേദിയിൽ അരങ്ങേറും. രുചിയൂറുന്ന വൈവിധ്യമാർന്ന കേരള വിഭങ്ങളോടു കൂടിയ ഫുഡ്കോർട്ടും ഉണ്ടാകും.
യു.കെ. മലയാളികളുടെ ഓണാഘോഷ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും ചെംസ്ഫോർഡിൽ നടക്കുന്ന ‘ഓണഗ്രാമം 23’ എന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു. ഒക്ടോബർ 22 ന് ചെംസ് ഫോർഡ് ഓണ ഗ്രാമത്തിലേക്ക് ഏവരേയും ഹൃദയം പൂർവം സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.
വാർത്ത :
ഉണ്ണികൃഷ്ണൻ ബാലൻ
ന്യൂസ് ഡെസ്ക്. മലയാളം യുകെ
ഒക്ടോബർ 28 -ന് സ്കോട്ട് ലാൻ്റിൽ നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിൻ്റെയും യുസ്മ നാഷണൽ കലാമേളയുടെയും ലോഗോ പ്രകാശനം മലയാളം യുകെ ന്യൂസ് ചീഫ് എഡിറ്റർ ബിൻസു ജോണിൻ്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവ്വഹിക്കും.
കോട്ടയം ജില്ലയിലെ കോതനല്ലൂരിലുള്ള വിജയാ പാർക്ക് ഹോട്ടലിൽ വരുന്ന ഞായറാഴ്ച്ച പന്ത്രണ്ട് മണിക്ക് ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ നടക്കുന്ന പ്രകാശന കർമ്മത്തിൽ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് സജി തടത്തിൽ, കാണക്കാരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിജു പഴയപുരയ്ക്കൽ , തിരുവല്ല മാർ അത്തനേഷ്യസ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൻ്റെ കമ്പ്യൂട്ടർ സയൻസ് വകുപ്പു മേധാവിയും 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവുമായ പ്രൊഫ. റ്റിജി തോമസ് എന്നിവർ സന്നിഹിതരാകും.
യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവരാണ്. മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നതിനെ യുകെ മലയാളി സമൂഹം ആവേശത്തോടെയാണ്ഏറ്റെടുത്തിരിക്കുന്നത്. കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ലീഡ് നേഴ്സായി സേവനം ചെയ്യുന്ന മിനിജാ ജോസഫിനൊപ്പം എൻഎച്ച്എസ്സിന്റെ നേതൃത്വ പദവികൾ അലങ്കരിച്ച ജെനി കാഗുയോവ , കെറി വാൾട്ടേഴ്സ് എന്നിവരടങ്ങിയ ജൂറി ആണ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്. .
സ്കോട്ട് ലാൻ്റിലെ അസ്സോസിയേഷനുകളുടെ അസ്സോസിയേഷനായ യുണൈറ്റഡ് സ്കോട്ട് ലാൻ്റ് മലയാളി അസോസിയേഷൻ്റെ (USMA) നാഷണൽ കലാമേളയും മലയാളം യുകെ അവാർഡ് നൈറ്റിനോടൊപ്പമാണ് നടത്തപ്പെടുന്നത്. സ്കോട്ട് ലാൻ്റ് കണ്ടതിൽ വെച്ചേറ്റവും വലിയ കലാ മാമാങ്കത്തിനാണ് കളമൊരുങ്ങുന്നത്.
പ്രവാസി മലയാളികൾ ആകാംക്ഷയോടെ കാണുന്ന മലയാളം യുകെ ന്യൂസിൻ്റെ അവാർഡ് നൈറ്റിൻ്റെ തൽസമയ സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
സ്വന്തം ലേഖകൻ
ഭൂട്ടാൻ : ഹിമാലയൻ കിംഗ്ഡം ഓഫ് ഭൂട്ടാനും അതിന്റെ പങ്കാളിയായ ബിറ്റ്ഡീർ ടെക്നോളജീസ് ഗ്രൂപ്പും ചേർന്ന് 600 മെഗാവാട്ട് ക്രിപ്റ്റോ മൈനിംഗ് പ്ലാന്റ് നിർമ്മിക്കുവാനുള്ള പദ്ധതികൾ ആരംഭിച്ചു. രാജ്യത്തിന്റെ ബിറ്റ്കോയിൻ ഖനനം ഭൂട്ടാനിൽ നിന്ന് ആധുനിക ആഗോള സമ്പദ്‌വ്യവസ്ഥയിൽ പങ്കാളികളാകുവാൻ പൗരന്മാരെ സജ്ജമാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അവർ പറയുന്നു. നിക്കി ഏഷ്യ റിപ്പോർട്ട് അനുസരിച്ച് ആഗോള നിക്ഷേപകരിൽ നിന്ന് 500 മില്യൺ ഡോളർ മൂലധനം സമാഹരിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചതായി ബിറ്റ്ഡീർ ടെക്നോളജീസ് ഗ്രൂപ്പ് സ്ഥിരീകരിച്ചു.
ഭൂട്ടാൻ ബിറ്റ്‌കോയിൻ ഖനനത്തിന് അനുയോജ്യമായ രാജ്യമാണെന്ന് ഡ്രക് ഹോൾഡിംഗ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് സിഇഒ ഉജ്ജ്വല് ദീപ് ദഹലിൽ പറയുന്നു. ഭൂട്ടാൻ ഭൂമിശാസ്ത്രപരമായ പരിമിതികളും കണക്ടിവിറ്റി വെല്ലുവിളികളും അഭിമുഖീകരിക്കുമ്പോൾ തന്നെ, ഭൂട്ടാൻ ഒരു പർവതപ്രദേശമായതിനാൽ, അവയിലൂടെ ലഭിക്കുന്ന ഹരിതവും താരതമ്യേന വിലകുറഞ്ഞതുമായ ഊർജ്ജം ബിറ്റ്‌കോയിൻ മൈനിങ്ങിന് ഉപയോഗപ്പെടുത്തി കൂടുതൽ സുസ്ഥിരമായ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് അവസരമൊരുക്കുന്നുവെന്ന് ദഹലിൽ വിശദീകരിച്ചു.
ബിറ്റ് കോയിനിനുവേണ്ടിയുള്ള ക്രിപ്‌റ്റോ ഖനനം പ്രദേശവാസികൾക്ക് ക്രിപ്റ്റോ കറൻസികളെപ്പറ്റിയുള്ള അറിവ് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും , അങ്ങനെ ഭൂട്ടാനിൽ നിന്ന് ആധുനിക ആഗോള സമ്പദ്‌വ്യവസ്ഥയിൽ പങ്കാളികളാകുവാൻ പൗരന്മാരെ സജ്ജരാക്കുന്നതിന് രാജ്യത്തിന്റെ ബിറ്റ്കോയിൻ ഖനനം പ്രത്യക്ഷത്തിൽ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആദ്യത്തെ 100 മെഗാവാട്ടിന്റെ ക്രിപ്‌റ്റോ ഖനന പ്രവർത്തനങ്ങൾ സെപ്റ്റംബറിൽ ആരംഭിച്ചുവെന്നും , അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഈ കണക്ക് 600 മെഗാവാട്ടായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ഭൂട്ടാൻ അധികൃതർ പറഞ്ഞു. എല്ലാ ലോകരാജ്യങ്ങളും ക്രിപ്റ്റോ കറൻസികളുടെ സാധ്യത മനസ്സിലാക്കി , അവയെ ഉപയോഗപ്പെടുത്തികൊണ്ട് സാമ്പത്തിക നേട്ടം കൈവരിക്കുവാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.
ക്രിപ്റ്റോ കറൻസികളെപ്പറ്റി കൂടുതൽ മനസ്സിലാക്കുവാനും അവ ഉപയോഗപ്പെടുത്തി ഒരു നിശ്ചിത വരുമാനം നേടുവാനും ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ശ്രീകുമാർ ഉള്ളപ്പിള്ളി
നോർത്താംപ്ടൻ : കഴിഞ്ഞ ഞായറാഴ്ച്ച (17/09/23) നോർത്താംപ്ടനിലെ ഓവർസ്റ്റോൺ പാർക്ക് ഗ്രൗണ്ടിൽ നടന്ന ജി പി എൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ടൂർണമെന്റ് പുതിയ ചരിത്രം എഴുതി. ഓഗസ്റ്റ് ഇരുപതിന് സമീക്ഷയുകെയുമായി ചേർന്ന് നടത്തിയ ജി പി എൽ T 10 ടൂർണമെന്റിന്റെ വലിയ വിജയത്തിന്റെ ആവേശത്തിൽ നിന്നാണ് ജി പി എൽ ഫീനിക്സ് നോർത്താംപടണുമായി ചേർന്ന് മാസ്റ്റേഴ്‌സ് ടൂർണമെന്റ് സംഘടിപ്പിച്ചത്. വരുന്ന വർഷം പത്തോളം രാജ്യങ്ങളിൽ ജി പി എൽ മത്സരങ്ങൾ സംഘടിപ്പിച്ചുകൊണ്ട് ജി പി എൽ വേൾഡ് കപ്പ് നടത്തുക എന്ന ലക്ഷ്യം മുൻ നിർത്തി നടത്തിയ ഈ ടൂർണമെന്റ് ഗംഭീര വിജയമായിരുന്നു. എട്ടോളം ടീമുകളായിരുന്നു ടൂർണമെന്റിൽ പങ്കെടുത്തത്.
യുകെയുടെ വിവിധ സ്ഥലങ്ങളിൽ നിന്ന് വന്ന ടീമുകളോടൊപ്പം മാസ്റ്റേഴ്‌സ് ടൂർണമെന്റ് കാണുവാനും ടീമുകളെ പ്രോത്സാഹിപ്പിക്കുവാനും നൂറ് കണക്കിന് ക്രിക്കറ്റ് പ്രേമികളും എത്തിചേർന്നതോടെ അക്ഷരർത്ഥത്തിൽ ജി പി എൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ഒരു ഉത്സവമായി മാറി. ജി പി എൽ മാസ്റ്റേഴ്‌സ് സ്പോൺസർ ചെയ്തത് എം സ് ധോണിയും, സഞ്ജു സാംസണും, ബേസിൽ തമ്പിയും ബ്രാൻഡ് അംബാസിഡർമാരായിട്ടുള്ള സിംഗിൾ ഐഡിയും, ടെക് ബാങ്കും അതോടൊപ്പം ജി പി എൽ ഇന്റർനാഷണൽ സ്പോൺസർ ശ്രീ സെബാസ്റ്റ്യൻ എബ്രഹാം ഡയറക്ടർ ആയിട്ടുള്ള മലയാളികളുടെ പ്രിയപ്പെട്ട ബ്രാന്റായ ഡെയിലി ഡിലൈറ്റ് ഫുഡ്സാണ്.
യുകെയിലെ പ്രമുഖ വ്യക്തിത്വങ്ങളിൽ ഒരാളായ ശ്രീ ജെഗ്ഗി ജോസഫിന്റെ ഇൻഫിനിറ്റി മോർട്ഗേജ് & ഇൻഷുറൻസാണ് ജി പി എൽ മാസ്റ്റേഴ്സിന്റെ യുകെയിലെ പ്രധാന സ്പോൺസർ. അതോടൊപ്പം ഫസ്റ്റ് പ്രൈസ് സ്പോൺസർ ചെയ്തത് അഡ്വ: അരവിന്ദ് ശ്രീവത്സത്തിന്റെ ലെജൻഡ് സോളിസിറ്റഴ്‌സും, സെക്കന്റ് പ്രൈസ് നൽകിയത് യുകെയിലെ പ്രധാന എഡ്യൂക്കേഷണൽ കൺസൽട്ടൻസിയായ ഗ്ലോബൽ സ്റ്റഡി ലിങ്കുമാണ്. കേരള ഹട്ട് നൽകിയ രുചികരമായ ഭക്ഷണം കളി കാണാനെത്തിയവർക്ക് രുചിയുടെ വിരുന്നായി മാറി.
വരുന്ന വർഷം മുപ്പത്തിയഞ്ച് എത്തിയ സീനിയർ ക്രിക്കറ്റ് പ്ലയേഴ്‌സിന് ഗ്ലോബൽ ക്രിക്കറ്റിന്റെ ഭാഗമാകാൻ പറ്റുന്ന വേൾഡ് കപ്പ് കളിക്കാൻ പറ്റും എന്ന ആവേശത്തിൽ എത്തിച്ചേർന്ന എട്ടു ടീമുകൾ വാശിയോടെ ഏറ്റുമുട്ടിയപ്പോൾ മത്സരങ്ങൾ കാണികൾക്ക് വിരുന്നായി മാറി. ആദ്യ സെമി ഫൈനലിൽ എസ് എം 24 വാവേർലി സി സി യും ഏറ്റുമുട്ടുകയും എസ് എം 24 ഫൈനലിൽ എത്തുകയും ചെയ്തു. ക്രിക്കറ്റിന്റെ എല്ലാ ആവേശവും കണ്ട രണ്ടാം സെമിയിൽ കൊമ്പൻസ് ഇലവനും ഫിനിക്സ് ലെജന്ഡ്സും ഏറ്റുമുട്ടി ജയ പരാജയങ്ങൾ മറിഞ്ഞ മത്സരത്തിൽ കൊമ്പൻസിനെ പരാജയപ്പെടുത്തി ഫിനിക്സ് ലെജന്ഡ്സ് ഫൈനലിൽ എത്തി.
അത്യധികം ആവേശകരമായ ഫൈനലിൽ ഫിനിക്സ് ലെജൻഡസിനെ പരാജയപ്പെടുത്തി എസ് എം 24 ആദ്യ ജി പി എൽ മാസ്റ്റേഴ്‌സ് ടൂർണമെന്റ് ചാമ്പ്യൻമാരായി. വിജയികൾക്ക് ജി പി എൽ ഡയറക്ടറായ അഡ്വ:സുഭാഷ് മാനുവൽ ജോർജ്ജും, ശ്രീകുമാർ ഉള്ളപ്പിള്ളിലും, പ്രബിൻ ബഹുലേയനും ചേർന്ന് 1001 പൗണ്ടും ട്രോഫിയും നൽകി. രണ്ടാം സ്ഥാനക്കാർക്ക് 501 പൗണ്ടും ട്രോഫിയും സെമി ഫൈനലിസ്റ്റുകളായ കൊമ്പൻസ് ഇലവനും, വാവേർലി സി സി ക്കും 101 പൗണ്ടും ട്രോഫിയും ലഭിച്ചു. അത് കൂടാതെ ബെസ്റ്റ് ബാറ്റർ, ബൗളർ, ഫീൽഡർ, കീപ്പർ, എല്ലാ കലിയിലെ മാൻ ഓഫ് ദി മാച്ച് അവാർഡുകളും, ഫെയർ പ്ലേ ടീം അവാർഡും അതോടൊപ്പം അമ്പയർമാർക്കും സംഘടകർക്കും മോമെന്റൊസും സമ്മാനദന ചടങ്ങിൽ വച്ച് നൽകുകയുണ്ടായി.
ഗ്ലോബൽ പ്രീമിയർ ലീഗ് വരുന്ന വർഷം സംഘടിപ്പിക്കുന്ന മാസ്റ്റേഴ്‌സ് ലീഗിനും, വേൾഡ് കപ്പിനും, ടൂർണമെന്റുകൾക്കും മുഴുവൻ ടീമുകളുടെയും, ക്രിക്കറ്റ് പ്രേമികളുടെയും പുന്തുണ അഭ്യർത്ഥിച്ചു. അതോടൊപ്പം മാസ്റ്റേഴ്‌സ് ടൂർണമെന്റ് ചുക്കാൻ പിടിച്ച ഫിനിക്സ് ക്ലബ്ബിനും എത്തിച്ചേർന്ന ടീമുകൾക്കും കാണാനെത്തിയ മുഴുവൻ പേർക്കും നന്ദി അറിയിക്കുകയും ചെയ്തു.
സ്റ്റോക്ക് ഓൺ ട്രെൻഡ് ഓൾഫ് മിഷൻ മെൻസ് ആൻഡ് വുമൺസ് ഫോറം ഒരുക്കിയ കേരളോത്സവം 2023 അക്ഷരാർത്ഥത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റിനെ ഒരു ഉത്സവ രാവാക്കി മാറ്റി . സ്റ്റോക്ക് ഓൺ ട്രെന്റിലെ മലയാളികൾ ജാതിമത ഭേതമെന്യേ ഒത്തൊരുമിച്ച കലാ സന്ധ്യയായിരുന്നു കേരളോത്സവം 2023 . സ്റ്റോക്ക് ഓൺ ട്രെന്റ് കിങ്‌സ് ഹാളിൽ കലാ സാംസ്ക്കാരിക സമ്മേളനങ്ങൾക്ക് രണ്ടുമണിക്ക് തിരി തെളിഞ്ഞു. കലാകാരന്മാരുടെയും കലാകാരികളുടെയും കലാ പ്രകടനങ്ങൾ അരങ്ങേറി.
സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷൻ ഇടവക വികാരി ഫാദർജോർജ് എട്ടു പറയലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ ലോഡ് മേയർ മജീദ് ഖാൻ , സ്റ്റോക്ക് സൗത്ത് സെൻട്രൽ എംപി ജോ ജൈടെൻ ,സ്റ്റോക്ക് സൗത്ത് എംപി ജാക്ക് ബർട്ടോൺ , ഫോർമർ സ്റ്റോക്ക് മേയർചന്ദ്രാ കനകണ്ടീ , സ്റ്റോക്ക് കൗൺസിലർമാരായ ഡോവ് ഈവാൻ , ഡാൻ ജെല്ലിമാൻ ,സ്റ്റോക്ക് കൺസർവേറ്ററിചെയർമാൻ ഡീൻ റിച്ചാർഡ്സൺ ,ബിർമിങ്ഹാം ആർച്ച്ബിഷപ് ബെനാർഡ് ലോങ്‌ലി , ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവരും പങ്കെടുത്തു, സ്റ്റോക്ക് എൻ എച്ച് എസ് ചീഫ് ട്രെസിബുള്ളോക് വീഡിയോ സന്ദേശം നൽകി.
പൊതുയോഗത്തിന് ശേഷം വിഭവസമൃദ്ധമായ ഭക്ഷണവും നൽകുകയുണ്ടായി,തുടർന്ന് കേരളത്തിൽ നിന്നും എത്തിയ പ്രശസ്ത സിനിമ പിന്നണിഗായകൻ ബിജുനാരായണന്റെ നേതൃത്വത്തിൽ ഗാനമേളയും , കോമഡി ആർട്ടിസ്റ്റുകളായ കലാഭവൻ ജോഷി, ബൈജു ജോസ്എന്നിവർ മാറ്റുരച്ച കോമഡി സ്കിറ്റും ഡ്രീം യുകെയുടെ നേതൃത്വത്തിലുള്ള ബോളിവുഡ് ഡാൻസുംപരിപാടികൾക്ക് കൂടുതൽ ആസ്വാദന മികവ് നൽകി.
കേരളത്തിന്റെ കലയും സംസ്കാരത്തെക്കുറിച്ചും യുകെ മലയാളികളുടെ പ്രധാന തൊഴിൽ മേഖലയായ ഹെൽത്ത് കെയർ ,ബിസിനസ് മറ്റ് തൊഴിൽ മേഖലകളിൽപ്രവർത്തിക്കുന്നവരെയും കുറിച്ചുള്ള ഡോക്യുമെൻ്ററിയുടെ പ്രദർശനവും നടന്നു.
ചലച്ചിത്ര പിന്നണി ഗാനരംഗത്ത് 30 വർഷം പിന്നിട്ട ബിജു നാരായണനെ സ്റ്റോക്ക് ഓൺ ട്രെൻഡ് മെൻസ് ഫോറംപ്രസിഡൻറ് ജിജോമോൻ ജോർജ് സെക്രട്ടറി ബെന്നി പാലാട്ടി വുമൺസ് ഫോറം പ്രസിഡണ്ട് സിനി വിൻസെന്റ്സെക്രട്ടറി ജിഷ അനൂജ് പ്രോഗ്രാം ജനറൽ കോഡിനേറ്റർ ജിജോ ജോസഫ് എന്നിവരും ചേർന്ന് പൊന്നാടയുംഉപഹാരവും നൽകി ആദരിച്ചു.
ജീസൺ പിട്ടാപ്പിള്ളിൽ , PRO,ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷൻ
വെയിൽസിലെ പ്രഥമ കത്തോലിക്കാ കമ്മ്യൂണിറ്റിയായ ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷൻ തുടർച്ചയായി രണ്ടാം തവണയും ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ ബൈബിൾകലോത്സവത്തിനു ആതിഥേയത്വം വഹിക്കുന്നു. ഒക്ടോബർ 21 നു നടത്തപ്പെടുന്ന റീജിയണൽ ബൈബിൾകലോത്സവത്തിന്റെ നടത്തിപ്പിനായി, ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ കോർഡിനേറ്റർ : ഫാ.രാജേഷ് എബ്രഹാം ആനത്തിൽ, ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷൻ ഡയറക്ടർ ഫാ.മാത്യു പാലറകരോട്ട് CRM, ബ്രിസ്റ്റോൾ കാർഡിഫ് റീജണൽ ഡയറകടർ ഫാ. ജിബിൻ വാമറ്റത്തിൽ, ബ്രിസ്റ്റോൾ സെൻ്റ് തോമസ് മിഷൻ ഡയറക്ടർ ഫാ.പോൾ വെട്ടിക്കാട്ട് , ഫാ. ബിനോയ് മണ്ഡപത്തിൽ, ബൈബിൾകലോത്സവം റീജിയൺ കോർഡിനേറ്റർസ് ആയ ജോബി പിച്ചപ്പിള്ളിയുടെയും , തോമസ് ചൂരപൊയ്കയുടെയും നേതൃത്വത്തിലും ബ്രിസ്റ്റോൾ കാർഡിഫ് മിഷൻ/പ്രോപോസ്ഡ് ട്രസ്റ്റിമാർ, മതബോധന ഹെഡ് ടീച്ചേഴ്സ് , വിവിധ സബ് കമ്മിറ്റികളുടെയും ന്യൂപോർട്ടിലെ കത്തോലിക്കാ വിശ്വാസിസമൂഹ ത്തിൻ്റെയും സഹകരണത്തോടെയും ഒരുക്കങ്ങൾ നടത്തി വരുന്നു.
ബൈബിൾകലോത്സവത്തിനു ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചുകഴിഞ്ഞു . അവസാന ഓൺലൈൻ രജിസ്ട്രേഷൻ ദിവസം ഒക്ടോബര് 10 നു ആയിരിക്കും. എട്ടു മിഷൻകളിൽ നിന്നും നിരവധിയായ മത്സരാത്ഥികളെയാണ് പ്രതീഷിക്കുന്നത്.
റീജിയണൽ മത്സരങ്ങളിൽ വിജയികൾ ആയവരാണ് നാഷണൽ ലെവൽ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
സിംഗിൾ ഐറ്റങ്ങളിലും ഗ്രൂപ്പ് ഐറ്റങ്ങളിലും ഒന്നാം സ്ഥാനം നേടിയവർ ആണ് രൂപത മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹരാകുന്നത് .
ഒക്ടോബർ 21 ന് രാവിലെ 09:30 ന് ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിച്ച് , പത്തോളം സ്റ്റേജ് കളിൽ ഒരേസമയം വിവിധ മത്സരങ്ങൾക്കു ശേഷം വൈകിട്ട് 07:30 നു സമ്മാനദാനത്തോടുകൂടെ 09:00 PM ബൈബിൾകലോത്സവം സമാപിക്കും . മിതമായ നിരക്കിൽ തനിനാടൻ ഭക്ഷണങ്ങളും , ധാരാളം ഫ്രീ കാർ പാർക്കിംഗ് സൗകര്യവും ക്രമീകരിച്ചിട്ടുള്ളതായി സംഘടകർ അറിയിച്ചിട്ടുണ്ട് . ബൈബിൾകലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയന്റസ് കരസ്ഥമാക്കുന്ന ഒന്നും, രണ്ടും , മൂന്നും സ്ഥാനം നേടുന്ന മിഷന് ഈ വർഷം മുതൽ റോളിങ് ട്രോഫി നൽകി ആദരിക്കുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടനിൽ , സൗത്ത് വെയിൽസിൽ , ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ബൈബിൾകലോത്സവത്തിലും അനുബന്ധ പരിപാടികളിലും പങ്കുചേർന്നു കത്തോലിക്കാ സഭയോട് ചേർന്ന് നിന്ന് കൊണ്ട് വിശ്വാസത്തിൽ ആഴപ്പെടുവാനും വരും തലമുറയിലേക്കു ദൈവികവിശ്വാസം പകർന്നുനൽകുവാനും വിശ്വാസികൾ എല്ലാവരെയും ഒക്ടോബർ മാസം 21 ന് ന്യൂപോർട്ടിലേക്കു ക്ഷണിക്കുന്നു.
ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷൻ ട്രസ്റ്റീസ് : പ്രിൻസ് ജോർജ് മാങ്കുടിയിൽ, റെജി ജോസഫ് വെള്ളച്ചാലിൽ.
ബൈബിൾകലോത്സവമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് കോ ഓർഡിനേറ്റർസ് ആയ ( ജോബി പിച്ചാപ്പിള്ളിൽ- 07460 329660, തോമസ് ചൂരപൊയ്കയിൽ- 07853 907429) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
ബൈബിൾകലോത്സവവേദി :
St. Julian’s High School
Heather Road,
Newport
NP19 7XU
ന്യൂസ് ഡെസ്ക് മലയാളം യുകെ
സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ജേഷ്ഠ സഹോദര പുത്രൻ സോമു അഗസ്റ്റിൻ ആലഞ്ചേരി(54) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ തുരുത്തി യൂദാപുരം സെൻറ് ജൂഡ് പള്ളിയിൽ . പിതൃ സഹോദരന്മാരായ മാർ ജോർജ് ആലഞ്ചേരി, ഫാ. ജോസ് ആലഞ്ചേരി, ഫാ. ഫ്രാൻസിസ് ആലഞ്ചേരി എന്നിവരുടെ കാർമികത്വത്തിൽ 21 – 9 – 2023 വ്യാഴാഴ്ച വൈകുന്നേരം 4 -ന് . ആലഞ്ചേരി പരേതരായ എപി അഗസ്റ്റിൻ കുഞ്ഞമ്മ അഗസ്റ്റിൻ ദമ്പതികളുടെ മകനാണ് പരേതൻ .
ഭാര്യ ബിനു സോം ചങ്ങനാശ്ശേരി പ്ലാവേലിക്കടവിൽ കുടുംബാംഗമാണ്. മക്കൾ : എബിൻ സോം (അക്സെഞ്ചർ ബാംഗ്ലൂർ ), രേഷ്മ സോം (വിദ്യാർത്ഥിനി, എസ് ബി കോളേജ്, ചങ്ങനാശ്ശേരി ), ആൻമേരി സോം ( വിദ്യാർഥിനി സെൻറ് ഗിറ്റ്സ് എൻജിനീയറിങ് കോളേജ്, പാത്താമുട്ടം). സഹോദരങ്ങൾ: അഡ്വ. സോണു അഗസ്റ്റിൻ (കേരള ഹൈക്കോർട്ട് ), സുമി അഗസ്റ്റിൻ (സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂൾ , കുര്യനാട് ) . സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി, ഡോ. ജോസ് ആലഞ്ചേരി, ഡോ. ഫ്രാൻസിസ് ആലഞ്ചേരി , സിസ്റ്റർ ചെറുപുഷ്പം എസ്ബിഎസ് എന്നിവർ പരേതന്റെ പിത്യസഹോദരങ്ങളാണ്. മൃതദേഹം നാളെ രാവിലെ 9 -ന് ഭവനത്തിൽ കൊണ്ടുവരും.
കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സഹോദരപുത്രൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു
യു കെ മലയാളി സാജൻ ജോസഫ് മാടമനയുടെ പിതാവ് ജോസഫ് ജോൺ മാടമന നാട്ടിൽ അന്തരിച്ചു. രോഗ ബാധിതനായി ഒരാഴ്ചയായി ലേക്‌ഷോർ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് വൈകിട്ട് 4.30 ന് മൃതശരീരം വീട്ടിലെത്തിക്കും . തുടർന്ന് സംസ്കാരം നാളെ(20/09/23) ഉച്ചതിരിഞ്ഞ് 3 മണിക്ക് മാടയ്‌ക്കൽ സെൻറ് ജോസഫ് ദേവാലയത്തിൽ വെച്ചു നടക്കും.
മെട്രോ മലയാളം യു കെ ടിവിയുടെയും കെയർ സ്റ്റോക് ഹെൽത്ത് കെയർ ലിമിറ്റഡിന്റെയും ഡയറക്ടർ കൂടി ആയ സാജൻ ജോസഫിന്റെ പിതാവിന്റെ നിര്യാണത്തിൽ,പ്രസ്തുത സ്ഥാപനങ്ങൾ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേർന്ന് അനുശോചനം രേഖപ്പെടുത്തി.
സാജൻ ജോസഫ് മാടമനയുടെ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.