രാഷ്ട്രീയ കേരളത്തിന് തീരാ നഷ്ടം സൃഷ്ടിച്ചുകൊണ്ട് വേർപിരിഞ്ഞു പോയ ജനപ്രിയ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മാഞ്ചസ്റ്ററിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകർ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
മാഞ്ചസ്റ്റർ കത്തീഡ്രൽ യാർഡിലെ മഹാത്മാ ഗാന്ധി സ്തൂപത്തിന് മുന്നിൽ വെച്ചു നടത്തിയ അനുസ്മരണ
യോഗത്തിൽ ഐഒസി ((യു കെ) ഭാരവാഹി റോമി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.
‘രാഷ്ട്രീയ എതിരാളികളാൽ ഇത്രയേറെ വേട്ടയാടപ്പെട്ടിട്ടും അവരോട് ക്ഷമിച്ചും പരിഭവങ്ങളില്ലാതെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത ശ്രീ. ഉമ്മൻ ചാണ്ടിയോടുള്ള ആദരവ് പ്രകടമാക്കാൻ, അഹിംസയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായ മഹാത്മാജിയുടെ സ്തൂപം ഉൾക്കൊള്ളുന്ന പരിപാവനമായ ഇടം തന്നെ വേദിയായി തെരഞ്ഞെടുത്തത് ഏറ്റവും ഉചിതമായെന്ന് റോമി കുര്യാക്കോസ് അഭിപ്രായപ്പെട്ടു.
മൗന പ്രാർത്ഥയോടെ ആരംഭിച്ച അനുസ്മരണ ചടങ്ങിൽ അംഗങ്ങൾ ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.
വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ച് സോണി ചാക്കോ, ജിപ്സൺ ഫിലിപ്പ് ജോർജ്, ബേബി ലൂക്കോസ്, അഖിൽ ജോസ്, സച്ചിൻ സണ്ണി, ഹരികൃഷ്ണൻ, സോണി പിടിവീട്ടിൽ, നെബു എബ്രഹാം, മിഥുൻ, ജിക്‌സൺ, ആദിൽ, മുഹമ്മദ് റസാഖ് എന്നിവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.
ബിനോയ് എം. ജെ.
പുറമേനിന്ന് നോക്കിയാൽ മനുഷ്യൻ പരിമിതനാണ്. താനീകാണുന്ന ശരീരവും അതിനെചുറ്റിപ്പറ്റിയുള്ള മനസ്സുമാണെന്ന ചിന്തയാണ് പരിമിതികളുടെയെല്ലാം അടിസ്ഥാനം. പാശ്ചാത്യ ചിന്താപദ്ധതി ഈ മനോഭാവത്തെ ഊട്ടിയുറപ്പിക്കുന്നു. എന്നാൽ മനുഷ്യന് ഈ പരിമിതിയിൽ ഒതുങ്ങുവാനാവില്ല. അവൻ സദാ അന്വേഷണത്തിലാണ്. അവൻ അനന്തതയെ എത്തിപിടിക്കുവാൻ ശ്രമിക്കുന്നു. ഈ പ്രപഞ്ചത്തെ മഴുവൻ കീഴടക്കിയാലും അവൻ തുടർന്നും വളരുവാൻ ശ്രമിക്കും. എന്താണിതിന്റെ മനശ്ശാസ്ത്രം? തന്റെയുള്ളിലെ അനന്തസത്തയെക്കുറിച്ചുള്ള അവബോധമാവണം ഈ പരിശ്രമത്തിന്റെ പിറകിലത്തെ പ്രചോദനം.
സ്വാർത്ഥതയും, വ്യക്തിബോധവും, മരണഭയവും, ആധിയും പരിമിതമായ ആനന്ദവുമാണ് മനുഷ്യന്റെ പ്രശ്നങ്ങൾ. ഇവയെ പ്രശ്നങ്ങളായി നാമെണ്ണുന്നത് തന്നെ ഇവയ്ക്ക് ഒരു പരിഹാരം ഉണ്ടെന്നുള്ളത് കൊണ്ടാണ്. ഈ പരിമിതിയിൽ മനുഷ്യൻ അസന്തുഷ്ടനാണ്. താനോ ബദ്ധനും, പരിമിതനും, ദുഃഖിതനുമാണ്. അതിനാൽ തന്നെ സ്വതന്ത്രവും, അനന്തവും, ആനന്ദസ്വരൂപവുമായ ഒരു സത്തയെ മനുഷ്യൻ മനസ്സിൽ സങ്കല്പിക്കുന്നു. ഈ അനന്തസത്തയാണ് എന്നും മനുഷ്യന്റെ ആത്യന്തികമായ ലക്ഷ്യവും പ്രചോദനവും. അതിൽ എത്തിച്ചേരുവാനുള്ള പരിശ്രമമാണ് മനുഷ്യപുരോഗതിയുടെയെല്ലാം അടിസ്ഥാനം.
അൽപത്വത്തിൽ അൽപാനന്ദവും അനന്തതയിൽ അനന്താനന്ദവും കിടക്കുന്നു. താനീ കാണുന്ന ചെറിയ ശരീരമാണെന്ന ചിന്തയാണ് അൽപത്വത്തിന്റെ അടിസ്ഥാനം. ഇതാണ് മനുഷ്യന്റെ എല്ലാ ക്ലേശങ്ങളുടെയും കാരണവും. അതിനാൽ തന്നെ വളരുവാനും വികസിക്കുവാനും ഉള്ള ആഗ്രഹം അവനിൽ രൂഡമൂലമാണ്. പ്രത്യക്ഷത്തിൽ നോക്കിയാൽ ഇതിൽ തെറ്റില്ലായിരിക്കാം. എന്നാൽ ഇത് മനുഷ്യമനസ്സുകളിൽ സൃഷ്ടിക്കുന്ന പ്രക്ഷുബ്‌ധതയും പ്രശ്നങ്ങളും ഊഹിക്കാവുന്നതേയുള്ളൂ. മനുഷ്യജീവിതം ഒരു സമരമോ സംഘർഷമോ ആയി അധ:പതിക്കുന്നു. പരമമായ ശാന്തി അവന് അന്യമാകുന്നു. അശാന്തമായ മനസ്സിൽ എങ്ങനെയാണ് ആനന്ദം ജനിക്കുക? വാസ്തവത്തിൽ ഇതെല്ലാം അനാവശ്യങ്ങളാണ്. ഇവിടെയാണ് അനന്തസത്തയുമായി താദാത്മ്യം പ്രാപിക്കേണ്ടതിന്റെ ആവശ്യകത ഉദിക്കുന്നത്. തന്റെ അജ്ഞതയും പരിമിതികളും വെറും മിഥ്യയാണെന്നും ഈ പ്രപഞ്ചത്തെ ചലിപ്പിക്കുന്ന സത്ത താൻതന്നെയാണെന്നും ഉള്ള ബോധ്യം ഉദിക്കുമ്പോൾ ഈ കഷ്ടപ്പാടുകൾ എല്ലാം തിരോഭവിക്കുന്നു. അതോടൊപ്പം അനന്താനന്ദവും വന്നുചേരുന്നു.
ലോകത്തിലുള്ള എല്ലാ ജനപഥങ്ങളും ഈശ്വരനെ അന്വേഷിക്കുന്നു. ‘ഈശ്വര’നെന്ന സങ്കൽപം എവിടെ നിന്നും വരുന്നു. തന്റെ ഉള്ളിൽ ഈശ്വരൻ ഉറങ്ങുന്നുവെന്ന അവബോധം അവനുണ്ടാവണം. പക്ഷേ ആ ഈശ്വരൻ താൻ തന്നെ എന്ന് ചിന്തിക്കുവാനുള്ള മന:ക്കരുത്ത് അവനില്ലാതെ പോയി. നമുക്ക് ചെറുപ്പം മുതലേ ലഭിക്കുന്ന വിദ്യാഭ്യാസവും ഈശ്വരനെ നമ്മിൽ നിന്നും ഭിന്നമായി കാണുവാൻ നമ്മെ പഠിപ്പിക്കുന്നു. അത് നമ്മിൽ നിന്നും ഭിന്നമാണെങ്കിൽ തീർച്ചയായും അത് നമുക്ക് പുറത്താവണം. നാമീശ്വരനെ ബാഹ്യലോകത്ത് അന്വേഷിക്കുന്നു. പലപ്പോഴും നാമിത് അബോധപൂർവ്വമാണ് ചെയ്യുന്നത്.
ഈ പ്രശ്നത്തിന്റെ ഏക പരിഹാരം ഈശ്വരനെ ഉള്ളിൽ അന്വേഷിച്ചുതുടങ്ങുക എന്നതാണ്. നമ്മുടെ ഉള്ളിൽ വസിക്കുന്ന ഈശ്വരനെ നമുക്ക് എത്തിപ്പിടിക്കുവാൻ സാധിക്കും. അല്ല അത് ഞാൻ തന്നെയാണ്. അവിടെ ഒരന്വേഷണത്തിന്റെ പോലും ആവശ്യമില്ല. ആത്മസാക്ഷാത്കാരം, അത് ഈ നിമിഷത്തിൽ തന്നെ സാധ്യമാണ്. ബാഹ്യലോകത്ത് എന്തിനുവേണ്ടി ഈശ്വരനെ അന്വേഷിക്കണം. ആ പരിശ്രമം എന്നും ഒരു പരാജയമാകുവാനേ വഴിയുള്ളൂ. പരാജയപ്പടുന്തോറും നാം വീണ്ടും വീണ്ടും പരിശ്രമിക്കുന്നു. ഇതനന്തമായി നീളുന്നു. നിരീശ്വരവാദികൾ പോലും അറിയാതെ ഈശ്വരനെയാണന്വേഷിക്കുന്നത്.
സദാ പുരോഗമിച്ചുകൊണ്ടിരിക്കുക, എന്നാൽ ഒരിക്കലും ലക്ഷ്യത്തിലെത്താതിരിക്കുക. ഇതാണ് മനുഷ്യന്റെ വിധിയെന്ന് പരക്കെ ഒരു ധാരണയുണ്ട്. മാനവരാശി സഹസ്രാബ്ദങ്ങളിലൂടെ അന്വേഷിക്കുന്നു എന്നാലവൻ ലക്ഷ്യത്തിലെത്തിയിട്ടില്ല. എത്തിച്ചേരുമെന്നൊട്ട് പ്രതീക്ഷിക്കുകയും വേണ്ട. ഇത് ശരിയാണെങ്കിൽ മനുഷ്യൻ ഒരു ദൂഷിതവലയത്തിൽ പെട്ടിരിക്കയാണെന്നുള്ളതും ശരിയെന്ന് സമ്മതിച്ചേ തീരൂ. ഒരു വൃത്തത്തിലൂടെ എത്ര കറങ്ങിയാലും ആ കറക്കം അവസാനിക്കുന്നില്ല. നാമെത്തിപ്പിടിക്കുവാനാവാത്ത എന്തിലോ ആണ് എത്തിപ്പിടിക്കുവാൻ ശ്രമിക്കുന്നത്. നാം മുന്നോട്ട് നീങ്ങും തോറും നമ്മുടെ ലക്ഷ്യവും നമ്മോടൊപ്പം മുന്നോട്ട് തന്നെ നീങ്ങുന്നു. അതിനാൽ നാമൊരിക്കലും ആ ലക്ഷ്യത്തിൽ എത്തിച്ചേരുന്നില്ല. പറ്റിപ്പോയ മഢയത്തത്തെകുറിച്ച് ബോധവാന്മാരാകുവിൻ. എത്രതന്നെ പുറത്തന്വേഷിച്ചാലും നമ്മുടെ ആത്മസത്തയെ പുറത്ത് കണ്ടെത്തുവാനാവില്ല. കാരണം അത് നമ്മുടെ ഉള്ളിലാണ് കുടികൊള്ളുന്നത്. ഉള്ളിലുള്ളതിനെ പുറത്തന്വേഷിച്ചാൽ ആ അന്വേഷണം എന്നും ഒരു പരാജയമായിരിക്കും. നാമൊരു മായാവലയത്തിൽ പെട്ടുപോകുന്നു. ഇതിൽനിന്ന് പുറത്തു കടക്കുക എന്നതാവുന്നു നമ്മുടെ ഏറ്റവും വലിയ വെല്ലുവിളി. അവിടെ അസാദ്ധ്യമായത് സാധിക്കുന്നു. നാം അത്ഭുതകരമായി ലക്ഷ്യത്തിലെത്തിച്ചേരുകയും ചെയ്യുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
കേരളത്തിൻറെ മുൻമുഖ്യമന്ത്രി ബഹു : ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനയോഗം കൂടുകയും പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. ജീവിതത്തിൻറെ നാനാ തുറയിലുള്ള വിവിധങ്ങളായ ആളുകളുടെ ക്ഷേമത്തിനു വേണ്ടി പ്രയത്നിച്ച അദ്ദേഹത്തിൻറെ ഓർമ്മകൾ തികച്ചും വികാര നിർഭരമായ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
അതിനുശേഷം അസോസിയേഷൻറെ ഈ വർഷത്തെ സ്പോർട്സ് ഡേ , സൗത്താംപ്ടൺ സ്പോർട്സ് സെന്ററിൽ വച്ച് നടത്തപ്പെടുകയുണ്ടായി. അംഗങ്ങളെ രണ്ടായി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. ജോസ് പോൾ ക്യാപ്റ്റൻ ആയ WARRIORS ഉം ജിനോ സെബാസ്റ്റ്യൻ ക്യാപ്റ്റനായ COMBANS ഉം വളരെ ആവേശോജ്വലമായ പ്രകടനം ആണ് കാഴ്ചവച്ചത്.
സ്പോർട്സിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഇന്ത്യയുടെ അഭിമാനമായ മിഡിൽ ഡിസ്റ്റൻസ് റണ്ണർ മോളി ചാക്കോ നിർവഹിച്ചു. നിരവധി റെക്കോർഡുകൾക്ക് ഉടമയായ അവർ ഹിരോഷിമ ഏഷ്യൻ ഗെയിംസിൽ 1994 -ൽ സ്ഥാപിച്ച 3000 മീറ്റർ ദേശീയ റെക്കോർഡ് ഇതുവരെ ആർക്കും മറികടക്കാൻ സാധിച്ചിട്ടില്ല.
അവസാന നിമിഷം വരെയും ഇഞ്ചോട്ഇഞ്ച് പോരാട്ടം നടന്ന മത്സരത്തിൽ അംഗങ്ങളുടെ സമ്പൂർണ്ണ പങ്കാളിത്തവും ഭാരവാഹികളുടെ ചിട്ടയായ ഏകോപനവും ആവേശം വാനോളം ഉയർത്തി. അന്നേദിവസം വൈകിട്ട് നടത്തിയ സൗഹൃദ കൂട്ടായ്മ മറ്റൊരു അവിസ്മരണീയ നിമിഷത്തിനാണ് സാക്ഷ്യം വഹിച്ചത്.
രാഷ്ട്രീയ കേരളത്തിന് തീരാ നഷ്ടം സൃഷ്ടിച്ചുകൊണ്ട് വേർപിരിഞ്ഞു പോയ ജനപ്രിയ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മാഞ്ചസ്റ്ററിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകർ അനുസ്മരണ യോഗം സംഘടുപ്പിച്ചു.
മാഞ്ചസ്റ്റർ കത്തീഡ്രൽ യാർഡിലെ മഹാത്മാ ഗാന്ധി സ്തൂപത്തിന് മുന്നിലാണ് ചടങ്ങ് സംഘടുപ്പിച്ചത്.
രാഷ്ട്രീയ എതിരാളികളാൽ ഇത്രയേറെ വേട്ടയാടപ്പെട്ടിട്ടും അവരോട് ക്ഷമിച്ചും പരിഭവങ്ങളില്ലാതെ സ്നേഹിക്കുകയും ചെയ്ത ശ്രീ. ഉമ്മൻ ചാണ്ടിയോടുള്ള ആദരവ് പ്രകടമാക്കാൻ, അഹിംസ വാദിയായ മഹാത്മാജിയുടെ സ്തൂപം ഉൾകൊള്ളുന്ന ഇടമാണ് അനുസ്മരണ യോഗ വേദിയായി തിരഞ്ഞെടുത്തതെന്ന് ചടങ്ങുകൾക്ക് നേതൃത്വo നൽകിയ IOC (UK) കേരള ചാപ്റ്റർ ഭാരവാഹി ശ്രീ. റോമി കുര്യാക്കോസ് പറഞ്ഞു.
മൗന പ്രാർത്ഥയോടെ ആരംഭിച്ച അനുസ്മരണ ചടങ്ങിൽ അംഗങ്ങൾ ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ച നടത്തി.
വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ച് സോണി ചാക്കോ, ജിപ്സൺ ഫിലിപ്പ് ജോർജ്, ബേബി ലൂക്കോസ്, അഖിൽ ജോസ്, സച്ചിൻ സണ്ണി, ഹരികൃഷ്ണൻ, സോണി പിടിവീട്ടിൽ, നെബു എബ്രഹാം, മിഥുൻ, ജിക്‌സൺ, ആദിൽ, മുഹമ്മദ് റസാഖ് എന്നിവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.
പ്രിയ സുഹൃത്തുക്കളെ, സഹപ്രവർത്തകരെ ….നമ്മുടെ മുൻ മുഖ്യമന്ത്രിയും പ്രിയങ്കരനായ ജനനേതാവുമായിരുന്ന ബഹു: ഉമ്മൻ ചാണ്ടി സാറിന്റെ ദേഹവിയോഗത്തിൽ 27/7/2023 വ്യാഴാഴ്ച 7പിഎം ന് Wednesbury Cricket Club Hall Wood Green Rd, Wednesbury WS10 9TX വച്ച് സംഘടിപ്പിക്കുന്ന മൗനപ്രാർത്ഥനയിലും പുഷ്പാർച്ചനയിലും, അനുശോചന മീറ്റിംഗിലും പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ബോബിൻ ഫിലിപ്പ്
സ്വന്തം ലേഖകൻ
ഗ്ലോസ്റ്റർ : ഗ്ലോസ്റ്ററിൽ വച്ച് നടന്ന പതിനാലാമത് കുട്ടനാട് സംഗമം മാറ്റത്തിന് തുടക്കം കുറിക്കുന്ന വേദിയായി മാറി. പതിവിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ സംഘടിപ്പിക്കപ്പെട്ട യുകെയിലെ കുട്ടനാട്ടുകാരുടെ ഇപ്രാവശ്യത്തെ സംഗമം വളരെയേറെ പ്രതീക്ഷകൾക്ക് ഇടം നൽകുന്ന ഒരു സംഗമമായിരുന്നു . കോവിഡിന് ശേഷം നടന്ന സംഗമത്തിന് വരുത്തിയ മാറ്റങ്ങളെ എല്ലാ അംഗങ്ങളും ഒരേ മനസ്സോടെയാണ് ഉൾക്കൊണ്ടത്.
സിൻഡർ ഫോർഡിലെ സ്‌നൂക്കർ ക്ലബ്ബിൽ മനോഹരമായി അണിയിച്ചൊരുക്കിയ വേദിയിൽ ജൂൺ 24 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ വൈകിട്ട് ആറ് മണിവരെ നടന്ന പതിനാലാമത് കുട്ടനാട് സംഗമത്തിൽ വർഷങ്ങളായി പങ്കെടുത്തിരുന്ന സജീവ അംഗങ്ങളിൽ ഭൂരിഭാഗം പേരും എത്തിചേർന്നിരുന്നു . പതിവിൽ കവിഞ്ഞ സഹകരണവും ഒത്തൊരുമയും ഈ സംഗമത്തിന്റെ വലിയൊരു പ്രത്യേകതയായിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം നടന്ന സംഗമത്തിൽ പതിവ് കുട്ടനാടൻ കലാരുപങ്ങൾക്കൊപ്പം കുട്ടനാടിന്റെയും , സംഗമത്തിന്റെയും വളർച്ചയ്ക്കായി അവതരിപ്പിക്കപ്പെട്ട പുതിയ ആശയങ്ങൾക്ക് ഒരേ മനസ്സോടെ അംഗീകാരവും കൈയ്യടിയും നേടി.
പ്രാദേശിയ വ്യത്യാസങ്ങളിലാതെ കുട്ടനാടിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള അംഗങ്ങൾ പങ്കെടുത്ത ഈ സംഗമം ആഴമേറിയെ സാഹോദര്യ ബന്ധത്തിനും, മനസ്സറിഞ്ഞ സഹകരണത്തിനും നേർകാഴ്ചയായി മാറി. ഓരോ കുട്ടനാടൻ മക്കളും പൂർണ്ണ സംതൃപ്തിയോടെ മടങ്ങിയ സംഗമമായിരുന്നു പതിനാലാമത് കുട്ടനാട് സംഗമം . കുട്ടനാടിൻറെ തനതായ ഉത്സവങ്ങളെയും, സംഗീതത്തെയും , മനോഹരമായി ഒരുക്കിയ വേദിയിൽ , നൂതന സാങ്കേതിക വിദ്യകളാൽ ശ്രവിക്കാനും , കാണുവാനും അവയെ രുചിയേറും വിഭവങ്ങൾക്കൊപ്പം ആസ്വദിക്കാനും കഴിഞ്ഞ സംഗമമായിരുന്നു ഗ്ലോസ്റ്ററിൽ നടന്നത്.
പുളിങ്കുന്ന് സെന്റ് : ജോസഫ് സ്കൂളിലെ പ്രിൻസിപ്പാൾ ആയിരുന്ന പി റ്റി ജോസഫ് സാറിന്റെയും , ഫാദർ ജോ മുലേശ്ശേരിയുടെയും കുട്ടനാടൻ ചരിത്രത്തെ വ്യക്തമാക്കി തന്ന പ്രഭാഷണങ്ങൾ വളരെയധികം അറിവും , ആവേശവും പകർന്നു. അതോടൊപ്പം പ്രായോഗികമായി യുകെയിലെ കുട്ടനാട് സംഗമം എങ്ങനെ കുട്ടനാടിന്റെ വളർച്ചയ്ക്കായി ഉപയോഗപ്പെടുത്താമെന്ന കൺവീനർ ടോമി കൊച്ചുതെള്ളിയിൽ അവതരിപ്പിച്ച ഡോക്കുമെന്ററി വരും വർഷങ്ങളിൽ യുകെയിലെ കുട്ടനാട് സംഗമങ്ങൾ കൂടുതൽ ക്രിയാത്മക തലത്തിലേയ്ക്ക് നീങ്ങുവാനും കാരണമായി മാറും .
പതിവിൽ നിന്ന് വിപരീതമായി അടുത്ത കുട്ടനാട് സംഗമവേദി കണ്ടെത്തുവാൻ വേണ്ടി ചർച്ചകൾ പോലും നടത്താതെ ഞങ്ങൾ നടത്തിക്കൊള്ളാം എന്ന് ഏറ്റു പറഞ്ഞുകൊണ്ട് ലിവർപൂളിൽ നിന്നുള്ള കുട്ടനാട്ടുകാർ മുന്നോട്ട് വന്നത് ഈ സംഗമത്തിന്റെ ഏറ്റവും വലിയ വലിയൊരു പ്രത്യേകതയായിരുന്നു. ആവേശപൂർവ്വം പങ്കായം ഏറ്റുവാങ്ങിയ ആന്റണി പുറവടി , റോയി മൂലംകുന്നം , ജോർജ്ജ് കാവാലം , വിനോദ് മാലിയിൽ, ജെസ്സി വിനോദ് എന്നിവർ അടങ്ങിയ ടീം അടുത്ത സംഗമ വേദിയും മറ്റ് വിവരങ്ങളും ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.
ഐ.ടി.ഉദ്യോഗസ്ഥരായ റൂബിൻ – സ്നേഹ ദമ്പതിമാരുടെ ഞെട്ടിപ്പിക്കുന്ന മരണത്തിൻ്റെ ചുരുളുകൾ നിവർത്തുന്ന ചിത്രമാണ് കുരുക്ക്. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രമുഖ ചലച്ചിത്ര താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടേയും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു. കേന്ദ്ര കഥാപാത്രമായ സി.ഐ. സാജൻ ഫിലിപ്പിനെ അവതരിപ്പിക്കുന്ന അനിൽ ആൻ്റോയുടെ ഔദ്യോഗിക വേഷത്തിലുള്ള ഫോട്ടോയോടെയാണ് പോസ്റ്റർ ഇറങ്ങിയിരിക്കുന്നത്.
പൂർണ്ണമായും ക്രൈം ത്രില്ലർ വിഭാഗത്തിലുള്ള ഈ ചിത്രം കുറ്റാന്വേഷണ വിഭാഗത്തിൽ തികച്ചും വ്യത്യസ്ഥമായ അനുഭവം നൽകുന്ന ചിത്രമായിരിക്കും. നവാഗതനായ അഭിജിത്ത് നൂറണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. നിഷാ ഫിലിംസിൻ്റെ ബാനറിൽ ഷാജി പുനലാലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സെക്കൻ്റ് ഷോ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടനാണ് അനിൽ ആൻ്റോ. തുടർന്ന് ഇമ്മാനുവൽ, ആർ.ജെ. മഡോണ, നാലാംമുറ, ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.
ബാലാജി ശർമ്മ, മീരാ പ്രദീപ്, മഹേഷ്, ശ്രീജിത്ത് ശീകാന്ത്, സുബിൻ, ടാർസൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഗാനങ്ങൾ – രാജേഷ്, നീണ്ടകര ഷാനി ഭുവൻ സംഗീതം – യു.എസ്. ദീക്ഷിത്. ഛായാഗ്രഹണം -റെജിൻ സാൻ്റോ. കലാസംവിധാനം – രതീഷ് വലിയ കളങ്ങര. കോ-റൈറ്റർ & ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ – ജിംഷാർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുഹാസ് അശോകൻ. പ്രൊജക്റ്റ് ഡിസൈനർ – അഖിൽ അനിരുദ്ധ്. ഫിനാൻസ് മാനേജർ – അക്ഷയ് .ജെ. ഫിനാൻസ് കൺട്രോളർ-സന്തോഷ് ബാലരാമപുരം. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് കുര്യൻ ജോസഫ്. പ്രൊഡക്ഷൻ കൺട്രോളർ- മുരുകൻ.എസ്. പി.ആർ.ഓ -വാഴൂർ ജോസ്, ശിവപ്രസാദ്
മെട്രിസ് ഫിലിപ്പ്
“ആ ഫോൺ ഒന്ന് താത്തു വെച്ച്, പോയി പഠിക്കു മക്കളെ…”
ഇന്ന് ഓരോ കുടുംബങ്ങളിൽനിന്നും, ഉയർന്നു വരുന്ന വാക്കുകൾ ആണ് “ആ ഫോൺ താത്തു വെക്കു മക്കളെന്ന്…” കോവിഡ് എന്ന മഹാമാരികൊണ്ട്, സ്കൂളുകൾ അടച്ചു പൂട്ടി കിടന്നപ്പോൾ, “ചക്കി പൂച്ചയുടെ കഥകൾ” കേൾക്കാൻ, നമ്മുടെ എല്ലാം, മക്കൾ മൊബൈൽ ഫോണിലോ, കമ്പ്യൂട്ടറിന്റെ മുന്നിലോ ഇരുന്ന് കൊടുക്കേണ്ടി വന്നു. നമ്മൾ അറിഞ്ഞോ അറിയാതെയോ, നമ്മുടെ കുട്ടികളെ( എല്ലാവരും ഉൾപ്പെടും) മൊബൈൽ ഫോണിന്റെ അടിമകൾ ആക്കി മാറ്റിയിരിക്കുന്നു. തല കുമ്പിട്ടിരിക്കുന്ന മനുഷ്യകോലങ്ങൾ ആയി മാറിയിരിക്കുന്നു. ഒരു സെക്കന്റ് സമയം പോലും, ഈ കുഞ്ഞു വസ്തു ഇല്ലാതിരിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക്, ലോകത്തിലെ മനുഷ്യരേ മാറ്റികളഞ്ഞു.
ലോകം ഇന്ന് മൊബൈൽ ഫോൺ കൊണ്ട് കൈപിടിയിൽ ഒതുക്കി തീർത്തു. ലോകത്തിൽ നടക്കുന്ന വാർത്തകളും വിശേഷങ്ങളും, നിമിഷനേരം കൊണ്ട് നമുക്ക് ലഭ്യമാകുന്നു. സോഷ്യൽ മീഡിയായുടെ കടന്നുവരവുകൊണ്ട്, ഒരുപാട് ഗുണങ്ങളും ദോഷങ്ങളും ഉണ്ടായി. കുട്ടികളുടെ കളികൂട്ടുകാരനായി “ഗൂഗിൾ” വന്നു . എന്ത് സംശയങ്ങളും, അറിവുകളും ഗൂഗിൾ വഴി ലഭ്യമാകുന്നു. വാട്‌സപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെയൊക്കെ, നമുക്കെല്ലാം പുതിയ പഴയ കൂട്ടുകാരെ കിട്ടി. അങ്ങനെ, സ്കൂൾ കാലഘട്ടങ്ങളിൽ ഒന്നിച്ചു പഠിച്ചവരെ കണ്ടുകിട്ടി. അങ്ങനെ ജീവിതത്തിന്, പുതിയ വർണ്ണങ്ങൾ നൽകി. ഒരിക്കലും, നേരിട്ട് കാണുവാൻ പറ്റാത്തവർ വരെ, നമ്മുടെ കൂട്ടുകാരായി. “പാൽ അടുപ്പത്ത് വെച്ചിട്ട് തിളച്ചോ”, എന്ന് എപ്പോഴും നോക്കുന്നപോലെ, വാട്‌സപ്പ് നോക്കികൊണ്ടെയിരിക്കണം. വാട്‌സപ്പ് സ്റ്റാറ്റസ് നോക്കിയാൽ, ആള് ജീവനോടെ ഉണ്ടോ എന്ന് മനസിലാക്കാം. സ്കൂൾ, കോളേജുകളിലെ പ്ലേ ഗ്രൗണ്ടുകൾ കാട് പിടിച്ചു കിടക്കുന്നു. ആർക്കും, കളിക്കേണ്ട, ഫോണിലും, പ്രേമ സല്ലാപത്തിൽ ഏർപ്പെടുകയോ, മയക്കുമരുന്നുകൾ ഉപയോഗിക്കുകയോ ചെയ്ത് ജീവിതം നശിപ്പിക്കുന്നു.
കൈ വിരൽ, കണ്ണ്, നമ്പർ എന്നിങ്ങനെയുള്ള പാസ്സ്‌വേർഡുകൾ കൊണ്ട്, ആരും കാണാതിരിക്കാൻ, നമ്മുടെയൊക്കെ ഫോണുകൾ, ഒരു അസറ്റ് (പ്രൈവറ്റ് പ്രോപ്പർട്ടി) ആക്കി മാറ്റിയിരിക്കുന്നു. എല്ലാവർക്കും എന്റെ സ്വന്തം എന്ന ലേബലിൽ ആയിരിക്കുന്നു മൊബൈൽ ഫോൺ.
മൊബൈൽ ഫോൺ ഉപയോഗം കൊണ്ട്, സ്കൂൾ കുട്ടികളുടെ പഠനത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും നിമിഷനേരം കൊണ്ട് ലഭിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഇവ കൊണ്ട് ഒട്ടേറെ ഗുണവും ദോഷവും ഉണ്ടാക്കുന്നു. കാലത്തിന് അനുസരിച്ചു മാറിയേ പറ്റു എന്നല്ലേ പറയാറ്. എന്നാൽ അധികമായാൽ അമൃതും വിഷമാണ് താനും. വീടുകളിൽ നിന്നും ലാൻഡ്ഫോൺ മാറ്റിക്കഴിഞ്ഞിരിക്കുന്നു. ആ പഴയ nokiya ഫോൺ മതിയായിരുന്നു എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്. ഇന്ന് ബന്ധങ്ങൾ കുറഞ്ഞു. സംസാരവും. വ്യക്തമായി ആശയങ്ങൾ പങ്ക് വെക്കാതെ, ഷോർട് ലെറ്റർ കൊണ്ട് മെസ്സേജുകൾ പങ്കു വെക്കുന്നു. ഇന്നത്തെ കുട്ടികൾ ഏറ്റവും അധികമായി ഉപയോഗിക്കുന്ന വാക്ക് IDK ( I don’t know) ആണ്. അവരുടെ ചിന്തകൾ മാഞ്ഞുപോയിരിക്കുന്നു. ഇപ്പോൾ, ഈ നിമിഷത്തേക്കുള്ള, കാര്യങ്ങൾകായി മാത്രം ജീവിക്കുന്നു എന്ന് തോന്നി പോകും.
മൊബൈൽ ഫോൺന്റെ ഉപയോഗം കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും…
ആധുനിക ലോകത്തിൽ, ഏതു കാര്യങ്ങൾക്കും ഉണ്ടാകും ഗുണദോഷ വശങ്ങൾ. അതിൽ ഗുണങ്ങൾ അറിയുവാൻ ആണ് എല്ലാവർക്കും താൽപ്പര്യവും.
പ്രയോജനം…
1. വിവരങ്ങളുടെയും ആശയവിനിമയത്തിന്റെയും ഉറവിടം
2. വിനോദം
3. ചെറുതും പോർട്ടബിൾ
4. ക്യാമറ
5. അടിയന്തരാവസ്ഥയിൽ ജീവൻ രക്ഷിക്കുക
6. കാലാവസ്ഥാ അപ്ഡേറ്റ് പരിശോധിക്കുക
7. പണം ലാഭിക്കുക
8. ജിപിഎസ് സ്ഥാനം
9. മൊബൈൽ ഫോൺ വഴിയുള്ള ഇന്റർനെറ്റ് ആക്സസ്
10. അലാറവും ഓർമ്മപ്പെടുത്തലുകളും
11. നമ്മുടെ ആരോഗ്യം ട്രാക്ക് ചെയ്ത് മെച്ചപ്പെടുത്തുക
12. വിലാസ പുസ്തകവും കോൺടാക്റ്റുകളും, കാൽക്കുലേറ്ററും ഫ്ലാഷ് ലൈറ്റും
13. ഓൺലൈൻ ബാങ്കിംഗും സാമ്പത്തികവും
14. വലിയ സംഭരണവും മൊബൈൽ ഫോണിലൂടെ എളുപ്പത്തിൽ ഡാറ്റ പങ്കിടലും കൈമാറലും
15. ഓൺലൈൻ ഷോപ്പിംഗ്
16. എല്ലാത്തിനും ആപ്പുകൾ
17. ലോക ഇവന്റുകളുടെ മുകളിൽ ബന്ധം നിലനിർത്തുക
18. പഠനവും ഗവേഷണവും
ദോഷകരമായ ഫലങ്ങൾ…
1. അസ്വസ്ഥമായ ബ്രെയിൻ പ്രവർത്തനം
2. പഠനത്തിൽ നിന്നുള്ള ശ്രദ്ധ
3. അനുചിതമായ ഉള്ളടക്കത്തിലേക്കുള്ള ആദ്യകാല എക്സ്പോഷർ
4. പൊണ്ണത്തടിയും മറ്റ് അസുഖങ്ങളും ഉണ്ടാകാനുള്ള സാധ്യത
5. ഉറക്കം തടസ്സപ്പെടുത്തൽ
6. മുഴകൾ
7. ” ടെക്സ്റ്റ് നെക്ക്”. ദിവസത്തിൽ മണിക്കൂറുകളോളം നിങ്ങളുടെ ഫോണിലേക്ക് നോക്കുന്നത് നിങ്ങളുടെ കഴുത്തിൽ ഗുരുതരമായ സമ്മർദ്ദം ചെലുത്തും
8. കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങൾ
9. അപകടങ്ങൾ ഉണ്ടാക്കുക
10. ബന്ധുക്കളിൽ നിന്നുള്ള അകലം
11. സെൽ ഫോണുകളിൽ തട്ടിപ്പ്
12. സമയനഷ്ടം
13. ആരോഗ്യ പ്രശ്നം (ശാരീരികവും മാനസികവും)
14. സാമൂഹിക ഒറ്റപ്പെടൽ
15. പണം പാഴാക്കൽ
16. സൈബർ ഭീഷണിയും ആസക്തിയും
17. സുരക്ഷാ പ്രശ്നങ്ങൾ
18. ബാറ്ററി പൊട്ടിത്തെറിക്കാം
19. മീറ്റിംഗ് കുറയ്ക്കുക
20. പ്രവൃത്തിദിനങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല
21. തെറ്റായ കോളുകളും സന്ദേശങ്ങളും
22. അധാർമിക പ്രവർത്തനങ്ങൾ
23. യുവാക്കളുടെ കുറ്റകൃത്യം
ഇനിയും ഒട്ടേറെ ഗുണദോഷങ്ങൾ ഉണ്ടാകും. മുതിർന്നവർ ഉൾപ്പടെ, ഇന്ന് മൊബൈൽ ഫോണിൽ, ആണ് സമയം ചിലവഴിക്കുന്നത്. വിവിധ ഗെയിംകളിൽ മുഴുകിയിരിക്കുന്നു. അത് വഴി പണം നക്ഷ്ട്ടപ്പെടുന്നു. മുതിർന്നവർ ഇപ്പോൾ കൃഷികാര്യങ്ങളിൽ പോലും ശ്രദ്ധവെക്കാറില്ല. ആഹാരത്തിന് പ്രാധാന്ന്യം നൽകുന്നില്ല. എല്ലാവരും മൊബൈൽ ഫോണിൽ തല കുമ്പിട്ടിരിക്കുന്നു. പ്രകൃതിയെ അറിയുന്നില്ല. വായന കുറഞ്ഞു. ക്യാപ്സ്യൂൾകൾക്കു വേണ്ടി പരതുന്നു. ശരിക്കും , മൊബൈൽ ഫോൺ ഉപയോഗം കൊണ്ട് ഒരു നേട്ടവും ഇല്ല. ദോഷങ്ങൾ മാത്രം. എന്തോ നമുക് ലഭിക്കും എന്നുള്ള മൂഡ വിചാരത്തിൽ നമ്മളൊക്കെ മൊബൈൽ ഫോണിൽ കുട്ടികളോടൊപ്പം മുങ്ങിയിരിക്കുന്നു. ഫോൺ ഇല്ലാത്തവനെ കളിയാക്കുന്നു. അവനെ ഒറ്റപ്പെടുത്തുന്നു. വെറും വിരൽ തുമ്പിൽ നമ്മളെ പൂട്ടപ്പെടുത്തിയിരിക്കുന്നു.
കുട്ടികളിൽ, കണ്ണാടി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി വരുന്നു. ഈ ലോകത്തിലേക് ഇനിയും ഇനിയും പുതിയ അപ്പ്ളിക്കേഷൻസുമായി ഓരോ മൊബൈൽ കമ്പനികളും വന്നു കൊണ്ടേയിരിക്കും. അതിന്റെ പിന്നിലായി നമ്മളൊക്കെ അണിചേരും. മൊബൈൽ ഫോൺ ആവശ്യത്തിനായി ഉപയോഗിക്കാം. ഒരു നിമിഷം ആ ഫോൺ താഴെവെച്ച്, സ്‌നേഹത്തോടെ ഒരു പുഞ്ചിരി നൽകാം. സ്നേഹിക്കാം, ആത്മാർത്ഥയോടെ. ആശംസകൾ.
മെട്രിസ് ഫിലിപ്പ്
കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ”, “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നി ലേഖന സമാഹാരങ്ങൾ, സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളാ പ്രവാസി കോൺഗ്രസ് അവാർഡ്, സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഈ കോവിഡ് കാലത്ത് അടുത്ത പുസ്‌തകം എഴുതി കൊണ്ടിരിക്കുന്നു. കലാ, വായന, എഴുത്ത്, സാമൂഹ്യപ്രവർത്തനം, എന്നിവ ചെയ്യുന്നു.
ഭാര്യ മജു മെട്രീസ്, മക്കൾ: മിഖായേൽ, നഥാനിയേൽ, ഗബ്രിയേൽ.
[email protected]
+6597526403
Singapore
പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് വൻ മോഷണം. തെള്ളകം പഴയാറ്റ് ജേക്കബ് ഏബ്രഹാമിന്റെ വീട്ടിലാണ് ശനിയാഴ്ച പകൽ മോഷണം നടന്നത്. മാല, വള, കമ്മൽ തുടങ്ങി 40 പവനിലധികം വരുന്ന സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളുമാണ് കവർന്നത്.
രാവിലെ 10ന് വീടുപൂട്ടി പുറത്തു പോയ കുടുംബാംഗങ്ങൾ രാത്രി എട്ടിന് തിരികെ എത്തുമ്പോഴാണ് വിവരം അറിയുന്നത്. അലമാര പൂട്ടി ബെഡിന് അടിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ തപ്പിയെടുത്താണ് ആഭരണങ്ങൾ കവർന്നത്.
മോഷണത്തിനു ശേഷം താക്കോൽ സെറ്റിയിൽ വച്ചിട്ടാണ് പോയത്. വീടിന്റെ പിൻവാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ വീടിനുള്ളിൽ പ്രവേശിച്ചത്. സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന അലമാര മാത്രമേ മോഷ്ടാക്കൾ പരിശോധിച്ചിട്ടുള്ളൂ.
സ്വർണാഭരണങ്ങൾക്കൊപ്പം ഇമിറ്റേഷൻ ആഭരണങ്ങളും ഉണ്ടായിരുന്നെങ്കിലും സ്വർണ, വജ്ര ആഭരണങ്ങൾ മാത്രമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്.
ജേക്കബിന്റെ കാനഡയിൽ ജോലി ചെയ്യുന്ന മകൻ അഭി ജേക്കബിന്റെ വിവാഹം അഞ്ചുമാസം മുമ്പായിരുന്നു. ജേക്കബിന്റെ ഭാര്യ ലില്ലിക്കുട്ടിയുടെയും മകന്റെ ഭാര്യ അലീനയുടെയും സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
ജേക്കബും ഭാര്യയും അടുത്ത മാസം ആദ്യം ഓസ്ട്രേലിയയിൽ താമസിക്കുന്ന മകളുടെ അടുത്തേക്ക് പോകുന്നതിനാൽ ഇവരുടെ സ്വർണാഭരണങ്ങൾ മറ്റൊരു ലോക്കറിൽ വയ്ക്കുന്നതിനു വേണ്ടി കഴിഞ്ഞദിവസം ലോക്കറിൽ നിന്നെടുത്ത് വീട്ടിൽ സൂക്ഷിക്കുകയായിരുന്നു.
ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ഫോറൻസിക് വിഭാഗം ഇന്ന് പരിശോധന നടത്തും. കാര്യമായി വിരലടയാളങ്ങൾ ലഭിച്ചിട്ടില്ല. അന്വേഷണത്തിന് സഹായകമായ രീതിയിൽ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടില്ല. സമാന രീതിയിൽ കവർച്ച നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, ഡിവൈഎസ്പി കെ.ജി. അനീഷ് എന്നിവർ സ്ഥലം സന്ദർശിച്ചു. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രസാദ് ഏബ്രഹാം വർഗീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.