വടക്കൻ യൂറോപ്പിലെ ലാത്വിയയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഹൗസിൽ ആൽബിൻ ഷിന്റോ എന്ന 19 കാരനാണ് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസങ്ങൾ നടത്തിയ തിരച്ചിലിനൊടുവിൽ ലാത്വിയൻ സ്വദേശിയാണ് മൃതദേഹം കണ്ടെത്തിയത്. ആൽബിൻറെ ബന്ധുവായ ഡോ. ജെയ്സൺ സ്ഥലത്തെത്തി. ഇന്ത്യൻ കൗൺസിലുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.
സുഹൃത്തുക്കൾക്കൊപ്പം തടാകത്തിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. മറൈൻ എൻജിനീയറിങ് കോഴ്സിനായി എട്ട് മാസം മുമ്പാണ് ആൽബിൻ ലാത്വിയയിലേക്ക് പോയത്. കൂടെയുണ്ടായിരുന്ന വിദ്യാർഥികളാണ് ആൽബിൻറെ വീട്ടുകാരെ വിവരമറിയിച്ചത്. ഇതിന് പിന്നാലെ കേന്ദ്ര മന്ത്രി ജോർജ് കുര്യനടക്കം വിഷയത്തിൽ ഇടപെട്ടിരുന്നു. ആൽബിന്റെ മാതാവ് റീന വെള്ളത്തൂവൽ എല്ലക്കൽ എൽപി സ്കൂൾ ടീച്ചറാണ്. സഹോദരി ആഡ്രിയ.
നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശേരി സ്വദേശിയായ പതിനാലുകാരനാണ് മരിച്ചത്. വൈറസ് ബാധ ഉണ്ടായതെങ്ങനെയെന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. കുട്ടി ഏതാനും ദിവസം മുമ്പ് അമ്പഴങ്ങ കഴിച്ചുവെന്ന് സംശയമുണ്ട്.
പത്താം തിയതി പനി ബാധിച്ച കുട്ടിക്ക് 12 ന് പാണ്ടിക്കാടുള്ള സ്വകാര്യ ക്ലിനിക്കിലും 13 ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. 15 ന് ഇതേ ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ചു. പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും 19ന് രാത്രി കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇവിടെ ശേഖരിച്ച സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
246 പേരാണ് 14 കാരന്റെ സമ്പർക്ക പട്ടികയിലുളളത്. അവരിൽ 63 പേർ ഹൈറിസ്കിലാണുള്ളത്. ഹൈ റിസ്ക് പട്ടികയിലസുള്ള രോഗ ലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകൾ ആദ്യം പരിശോധനക്ക് അയക്കും. പൂനെയിൽ നിന്നും മൊബൈൽ ലാബ് കൂടി എത്തും. പാണ്ടിക്കാട് പഞ്ചായത്തിലും ആനക്കയം പഞ്ചായത്തിലും വീടുകൾ കയറി സർവ്വേ നടത്തും.
അഞ്ചാം തവണയാണ് കേരളത്തിൽ നിപ്പ റിപ്പോർട്ട് ചെയ്യുന്നത്. 2018 ലും 2021 ലും 2023 ലും കോഴിക്കോട്ടും 2019 ൽ എറണാകുളത്തും മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിപ്പ സംശയിച്ച സാഹചര്യത്തിൽ ഇന്നലെ പുലർച്ചെ തന്നെ പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾക്ക് ആരോഗ്യവകുപ്പ് തുടക്കമിട്ടിരുന്നു.
ലിജി എബ്രഹാം
കാലത്തെ ഉടുത്തൊരുങ്ങുമ്പോൾ പതിവിൽ കവിഞ്ഞൊരു ഉത്സാഹം തോന്നിയോ ? ഉടുപ്പുകൾ മാറിമാറി ധരിച്ചുനോക്കുമ്പോൾ ഒന്നും ചേരാത്തപോലെ . ആ പഴയ ഞാനല്ലല്ലോ ഇപ്പോ. കാലങ്ങൾ കഴിഞ്ഞുപോയതെത്രവേഗം. യൗ വ്വനകാലത്തിലെ പ്രസരിപ്പിനും സൗന്ദര്യത്തിനും മങ്ങലേറ്റോ. കണ്ടാൽ തിരിച്ചറിഞ്ഞില്ലെങ്കിലോ ???…..
ഒരു നൂറായിരം ചിന്തകൾ ……എത്ര ഒരുങ്ങിയിട്ടും മുഖത്തെ ചുളിവുകൾ മറയ്ക്കാനാവുന്നില്ല. കാലം നമ്മേ ഒത്തിരി മാറ്റിയിരിക്കുന്നു. തലേദിവസം രാത്രിയിൽ ഉറങ്ങാത്തതിന്റെ ക്ഷീണം, കൺതടങ്ങൾ കൂടുതൽ തൂങ്ങിപോയി. എങ്ങനെ ഉറങ്ങാനാകും ? നേരിട്ടു കാണുവാൻ പോകുന്ന കൂട്ടുകാർ വെറും കൂട്ടുകാർ മാത്രമല്ലല്ലോ …… എന്തിനും ഏതിനും കൂടെ നിന്നവർ , മുന്നോട്ടു വളർന്നു ജീവിതത്തിലെ ഓരോ സ്ഥാനമാനങ്ങൾ നേടുവാൻ കൂടെയുണ്ടായിരുന്നവർ . സഹോദരങ്ങളെക്കാൾ അടുപ്പമുള്ളവർ . ആരൊക്കെയോ ആണവർ ഇപ്പഴും. വാർദ്ധക്യത്തിന്റെ വാതുക്കൽ നിൽക്കുമ്പഴും തമ്മിൽ കാണുകയോ , വിളിച്ചു സംസാരിക്കുകയോ നന്നേ കുറവ്. എന്നാലും ഈ ജീവിതത്തിലെ പ്രധാന കണ്ണികളാണവർ അല്ലേ ?
ഓർക്കാനൊത്തിരി മധുരനൊമ്പരങ്ങൾ കൂടി ഉണ്ടല്ലോ. തേങ്ങുന്ന ഹ്രൃദയത്തോടെ , ഒരിക്കലും മനസ് തുറന്നൊന്നു സംസാരിക്കാതെ പരസ്പരം പങ്കുവെക്കാത്ത സ്നേഹത്തിന്റെ അണയാത്ത ഓർമ്മകൾ. പുറകോട്ടു തിരിഞ്ഞുനോക്കിയാൽ ഒരു തീരുമാനങ്ങളുമില്ലാത്ത ഒരു ഉറപ്പും ഇല്ലാത്ത ജീവിതത്തിലൂടെ വഴിപിരിഞ്ഞു ജീവിതം നയിക്കുന്നവർ. അത്രയ്ക്കു തിരക്കുപിടിച്ച ജീവിതം ആയിരുന്നോ ? ……ആവോ ?….,.ഇതാകും അല്ലേ ജീവിതം എന്നൊക്കെ പറഞ്ഞാൽ. അറിയില്ല. എന്തിനൊക്കെയോ വേണ്ടി എന്തൊക്കെയോ വേണ്ടാന്ന് വെച്ച് എവിടെയൊക്കെയോ എത്തിപ്പെട്ടുകൊണ്ടിരിക്കുന്നു …,….മനസിനെ തണുപ്പിക്കുവാനായ് നനുനനുത്ത് പുഞ്ചിരി തൂകി തണുത്ത കാറ്റ് വീശിയടിക്കുമ്പഴും മനസ് മന്ത്രിച്ചുവോ ? …….. ആ പഴയകാലം ……തിരിച്ചുവന്നിരുന്നെങ്കിൽ …….
ലിജി എബ്രഹാം : എറണാകുളം സ്വദേശി. സ്കൂളുകളിൽ കൗൺസിലിംഗ് ക്ലാസുകൾ നടത്തുന്നു. കൂടാതെ ജനറലായി കൗൺസിലിംഗ് ക്ലാസുകൾ എടുക്കുന്നു. ആശ്വാസ് എന്ന പേരിലുള്ള ലേഡീസ് എംപവർമെൻറ് എന്ന സംഘടനയുടെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു . ഹ്യൂമൻ റൈറ്റ്സ് മിഷൻ എന്ന സംഘടനയുടെ ഓൾ കേരള വൈസ് പ്രസിഡൻ്റാണ്. കവിതകളും കഥകളും ലേഖനങ്ങളും എഴുതാറുണ്ട് . കോളേജിൽ പഠിച്ച കാലം തൊട്ട് സ്പോർട്സിൽ സജീവമാണ് .
ചിന്നക്കനാലിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു ചിന്നക്കനാൽ ടാങ്ക് കുടി സ്വദേശി കണ്ണൻ (47) ആണ് മരിച്ചത് . ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു ആക്രമണം. ചിന്നക്കനാൽ വണ്ണാത്തിപ്പാറയിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന കൂട്ടത്തെ തുരത്തുന്നതിനിടയിലാണ് കണ്ണൻ ആനക്കൂട്ടത്തിന്റെ ഇടയിൽപെട്ടത്.
ഒൻപത് പിടിയാനകൾ അടങ്ങുന്ന ആന കൂട്ടമാണ് കണ്ണനെ ആക്രമിച്ചത് .
കാട്ടാനയുടെ ആക്രമണത്തില്‍ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് രണ്ടാമത്തെ മരണമാണിത്. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ച് ദിവസം മുമ്പ് ഒരാള്‍ മരിച്ചിരുന്നു.
ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനടക്കമുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ നദിയിലേക്ക് മാറ്റുമെന്ന് കർണാടക റെവന്യു മന്ത്രി കൃഷ്ണ ബൈരഗൗഡ. നദിയിലുള്ള മണ്‍കൂനകളിൽ പരിശോധന നടത്തും. റോഡില്‍ വീണ മണ്ണ് പൂര്‍ണമായും നീക്കംചെയ്തു. റോഡിന് മുകളിലായി ലോറിയോ മനുഷ്യനെയോ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇത്രയും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും രക്ഷാദൗത്യം തുടരുകയാണ്. ആരെങ്കിലും പുഴയിലേക്ക് വീണിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഇക്കാര്യത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് കരസേനയോടും നേവിയോടും ചോദിച്ചിട്ടുണ്ട്’ അദ്ദേഹം പറഞ്ഞു.
ജി.പി.എസ് ട്രാക്ക് ചെയ്ത് കൈമാറിയ സ്ഥലത്ത് ലോറിയില്ലെന്നാണ് ഇപ്പോൾ മന്ത്രി പറയുന്നത്. അതിനിടെ, അര്‍ജുന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നതിനിടെ സ്ഥലം സന്ദർശിച്ച് മടങ്ങി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കോഴിക്കോട് എം.പി എം.കെ രാഘവനും സ്ഥലത്തുണ്ട്. എന്‍.ഡി.ആര്‍.എഫ്, ദേശീയ പാത അതോറിറ്റിയുടെ സംഘം, നാവികസേന, കോസ്റ്റ് ഗാര്‍ഡ്, അഗ്നിരക്ഷാസേന, ലോക്കല്‍ പോലീസ് എന്നിവരുടെ ഏകോപനത്തിലാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ജൂലായ് 16-ന് രാവിലെ കർണാടക-ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ (30) അപകടത്തിൽപ്പെട്ടത്. അപകടശേഷം പ്രവർത്തനരഹിതമായിരുന്ന അർജുന്റെ ഫോൺ മൂന്നു ദിവസത്തിനു ശേഷം വെള്ളിയാഴ്ച എട്ടു മണിയോടെ റിങ് ചെയ്തതും ലോറിയുടെ എൻജിൻ ഓണായെന്ന വിവരവും പ്രതീക്ഷ നൽകി.
മണ്ണിടിച്ചിലിൽ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേർ മരിച്ച സ്ഥലത്താണ് ലോറിയുടെ ജി.പി.എസ്. ലൊക്കേഷൻ അവസാനമായി കണ്ടെത്തിയത്. ലോറിയുണ്ടെന്ന് സംശയിക്കുന്നയിടത്ത് 10 മീറ്ററോളം ഉയരത്തിൽ മണ്ണ് മൂടിക്കിടക്കുകയാണ്. മണ്ണുമാറ്റാൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശ്രമം തുടങ്ങിയെങ്കിലും തൊട്ടടുത്ത് വീണ്ടും കുന്നിടിഞ്ഞതോടെ നിർത്തിവെച്ചു. വൈകീട്ട് വീണ്ടും മണ്ണുമാറ്റാൻ ശ്രമം തുടങ്ങി. നേവി സംഘമെത്തി തൊട്ടടുത്ത ഗംഗാവാലി നദിയിൽ മെറ്റൽ ഡിറ്റക്ടറും തെർമൽ ക്യാമറയും ഉപയോഗിച്ച് പരിശോധിച്ചിട്ടും ലോറി കണ്ടെത്താനായിരുന്നില്ല.
സണ്ണിമോൻ മത്തായി
വാറ്റ്ഫോർഡ്: പൊതുജന സേവകനും, മികച്ച ഭരണാധികാരിയും, കാരുണ്യനിധിയുമായിരുന്ന അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ വേർപാടിന്റെ ഒന്നാം വാർഷിക ദിനത്തിൽ അനുസ്മരണവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു കൊണ്ട് ഒഐസിസി വാട്‌ഫോർഡ്. വാട്‌ഫോർഡിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണം അദ്ദേഹത്തിന്റെ സ്നേഹ-കാരുണ്യ-കരുതലിന്റെയും, പൊതുജന സേവനത്തിന്റെയും, ഭരണ തന്ത്രജ്ഞതയുടെയും, മഹത്തായ രാഷ്ട്രീയ നേതൃത്വത്തിന്റെയും അനുസ്മരണകൾ പങ്കു വെക്കുന്നതായി.
ഒഐസിസി വാറ്റ്ഫോർഡ് യുണിറ്റ് പ്രസിഡന്റും, യുക്മ ലീഡറുമായ സണ്ണിമോൻ മത്തായി ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ അധ്യക്ഷം വഹിച്ചു സംസാരിച്ചു. ഉമ്മൻ ചാണ്ടിയുടെ ഫോട്ടോക്ക് മുമ്പിൽ തിരി തെളിച്ച് ബൈബിൾ വായിച്ചു കൊണ്ട് ജോൺ തോമസ് നടത്തിയ ആമുഖ പ്രാർത്ഥന ഉമ്മൻ ചാണ്ടിയുടെ സ്മൃതിമണ്ഡപത്തിൽ നിത്യേന എത്തുന്ന ജനസമൂഹം മെഴുതിരികൾ കത്തിച്ചും, കരഞ്ഞും ഒരു പുണ്യാത്മാവിനോട് പ്രാർത്ഥനകൾ അർപ്പിക്കുവാൻ എത്തുന്ന അതേ ഓർമ്മ ഉണർത്തുന്നതായി.

ഒഐസിസി നാഷണൽ വർക്കിങ് പ്രസിഡണ്ട് സുജു കെ ഡാനിയേൽ സ്വാഗതം ആശംസിക്കുകയും ഉമ്മൻചാണ്ടി സാറിന്റെ നേതൃത്വ പാടവവും ,നിശ്ചയ ദാർഢ്യതയും എടുത്തു പറയുകയും ചെയ്തു. ഒഐസിസി നാഷണൽ പ്രസിഡന്റ് മോഹൻദാസ് ഭദ്രദീപം തെളിച്ചു കൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു. ഉമ്മൻ ചാണ്ടി സാറുമായി കണ്ടു മുട്ടിയ വിവരങ്ങൾ പങ്കുവെക്കുകയും ,അദ്ദേഹത്തിന്റെ സ്നേഹാർദ്രമായ കരുതലിന്റെ അനുഭവം എടുത്തു പറയുകയും ചെയ്തു.
ഉമ്മൻ ചാണ്ടിയുടെ ഫോട്ടോക്ക് മുമ്പിൽ ആദരവർപ്പിച്ചുകൊണ്ട് സൂരജ് കൃഷ്ണന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. കണ്ണീരണിഞ്ഞു പൂക്കളുമായി വഴിയോരങ്ങൾ ഉമ്മൻ ചാണ്ടി സാറിന്റെ ഭൗതീക ശരീരം ഒരു നോക്ക് കാണുവാൻ നിരന്ന ജന വികാരം സൂരജ് കൃഷ്ണൻ അനുസ്മരിച്ചപ്പോൾ സദസ്സിൽ വേദന പൊടിക്കുന്നതായി. വാറ്റ്ഫോഡിലെ സംസ്കാരിക നായകനും പെയ്തൊഴിയാത്ത മഴ എന്ന നോവലിന്റെ ഗ്രന്ഥകർത്താവും മായ കെ പി മനോജ്കുമാർ പുഷ്പാ അർച്ചനക്ക് തുടക്കം കുറിച്ചു. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യ മന്ത്രിയും, വികസനോന്മുഖനും, അന്താരാഷ്ട്ര തലത്തിൽ അംഗീകാരം കിട്ടിയിട്ടുള്ള ജനനായകനുമായിരുന്നു അന്തരിച്ച ഉമ്മൻചാണ്ടിയെന്നും, മഹാബലി യുഗം പോലെ തന്നെ കാലം ഉമ്മൻചാണ്ടി യുഗവും അനുസ്മരിക്കുന്ന കാലം വരുമെന്ന് അപ്പച്ചൻ കണ്ണഞ്ചിറ അഭിപ്രായപ്പെട്ടു. കവിയത്രിയും പൊതുപ്രവർത്തകയുമായ റാണി സുനിൽ ഉമ്മൻ ചാണ്ടി സാറിന്റെ വേർപ്പാടിലൂടെ ഉണ്ടായ നഷ്‌ടബോധത്തിന്റെയും, സമൂഹം അദ്ദേഹത്തെ മാതൃകയാക്കേണ്ടതിന്റെ ആവശ്യകതയും പരാമർശിച്ചു.

ഒഐസിസി നാഷണൽ വൈസ് പ്രസിഡന്റ് അൻസാർ അലി, മുൻ ആലപ്പുഴ ഡിസിസി മെമ്പർ റോജിൻ സാഹാ, അനഘ സുരാജ്, കൊച്ചുമോൻ പീറ്റർ, ലിബിൻ കൈതമറ്റം, ജോൺ പീറ്റർ, എന്നിവർ അനുസ്മരണങ്ങൾ നടത്തി.
ബിജു മാത്യുവിന്റെ നന്ദി പ്രകാശനത്തിന് ശേഷം യോഗം പിരിഞ്ഞു. സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.

കര്‍ണാടക ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള ശനിയാഴ്ചത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. മോശം കാലാവസ്ഥയെത്തുടര്‍ന്നാണ് തിരച്ചില്‍ അവസാനിപ്പിച്ചത്.
നിലവില്‍ ഷിരൂരില്‍ കോരിച്ചൊരിയുന്ന മഴയാണ്. നേരത്തെ, പത്ത് മണിവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്നായിരുന്നു അറിയിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചേക്കും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഇപ്പോള്‍ തിരച്ചില്‍ നടത്തുന്ന ഭാഗത്ത് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി ഉണ്ടാവാന്‍ 70% സാധ്യതയുണ്ടെന്ന് രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രയേല്‍ പറഞ്ഞു. അതിനനുസരിച്ച് രക്ഷാപ്രവര്‍ത്തനത്തിന്റെ രീതി മാറ്റിയിട്ടുണ്ട്. ഈ ഭാഗത്ത് റഡാറില്‍ ചില സിഗ്നലുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇത് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടേതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഊര്‍ജിതമാക്കി. ആനക്കയം, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളിൽ നിയന്ത്രണമേര്‍പ്പെടുത്തി.
മലപ്പുറം ജില്ലയിലുള്ളവർ എല്ലാവരും മാസ്ക്ക് ധരിക്കണം. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ ആൾക്കൂട്ടം ഒഴിവാക്കണം. കടകൾ രാവിലെ 10 മുതൽ 5 മണി വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാൻ പാടുളളു. മദ്രസ, ട്യൂഷൻ സെൻ്റർ നാളെ പ്രവർത്തിക്കരുത്. മുൻകൂട്ടി തീരുമാനിച്ച പരിപാടികൾക്ക് ആൾകൂട്ടം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു.
നിലവിൽ 214 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരിൽ 60 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. നിപ സ്ഥിരീകരിച്ച കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മാവൻ എന്നിവര്‍ ക്വാറൻ്റീനിലാണ്. നേരത്തെ ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ക്വാറന്റീനിലാണ്. കുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു കുട്ടിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈ കുട്ടിക്ക് പനിബാധയുളളതിനാൽ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.
ജൂലൈ 10 നാണ് പാണ്ടിക്കാട് സ്വദേശിയായ 14 കാരന് പനി ബാധിച്ചത്. 12 ന് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. ഭേദമാകാതിരുന്നതോടെ 13 ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. 15 ന് ഇതേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റിയിരിക്കുകയാണ്.
സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയിലും പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലത്തിലും നിപ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ആറ് ബെഡുള്ള ഐ.സി.യുവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
രോഗ ബാധ സംശയത്തെ തുടര്‍ന്ന നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ് ഒ പി. അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ ജില്ലയിൽ അടിയന്തരമായി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. രോഗചികിത്സയ്ക്കാവശ്യമായ മോണോക്ലോണൽ ആന്റി ബോഡി പൂനെ വൈറോളജി ലാബില്‍ നിന്നും അയച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ ഇത് കേരളത്തിലെത്തും. മറ്റു മരുന്നുകളും മാസ്ക്, പി.പി.ഇ കിറ്റ്, പരിശോധനാ കിറ്റുകൾ തുടങ്ങിയവ എത്തിക്കുന്നതിനായി കെ.എം. എസ്.സി.എല്ലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു. ആലപ്പുഴ തലവടി നീരേറ്റുപുറം മുളയ്ക്കലിൽ മാത്യൂസ് മുളയ്ക്കൽ (ജിജോ- 40 ), ഭാര്യ ലിനി ഏബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരാണ് മരിച്ചത്. നാട്ടിൽ അവധി ആഘോഷിക്കാനെത്തിയ ഇവർ വ്യാഴാഴ്ച വൈകിട്ടാണ് മടങ്ങി പോയത്. രാത്രി എട്ടു മണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതെന്നാണ് വിവരം.
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം. മലയാളികൾ തിങ്ങിപാർക്കുന്ന മേഖലയാണിത്. അഗ്നിരക്ഷാ സേനയെത്തി കുടംബത്തെ പുറത്തെത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അപ്പോഴേക്കും നാലുപേരുടെയും ജീവൻ നഷ്ടമായിരുന്നു. തീപിടിത്തം സംബന്ധിച്ച് കുവൈത്ത് അഗ്നിരക്ഷാ സേന കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കാട്ടാക്കടയിൽ യുവതിയെയും സുഹൃത്തിനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കാട്ടാക്കട കുരുതംകോട് സ്വദേശിനി റീജയെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പ്രമോദിനെ ഇതേ മുറിയിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.
യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. എട്ടുവർഷമായി ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന റീജയുടെ കൂടെയായിരുന്നു പ്രമോദിന്റെ താമസം. റീജക്ക് രണ്ട് കുട്ടികൾ ഉണ്ട്.